യൗവനത്തിന്‍റെ ആരംഭത്തില്‍ ഏതൊരു ചെറുപ്പക്കാരനെയുംപോലെ പ്രണയത്തിന്‍റെ പൂക്കള്‍തേടി അലഞ്ഞ ഒരു ഭൂതകാലം ഫ്രാന്‍സിസിനുമുണ്ടായിരുന്നു. പക്ഷെ ആ അലച്ചില്‍ അവസാനിച്ചത് ക്രിസ്തുവിന്‍റെ പൂന്തോട്ടത്തില്‍ അയാള്‍ ചുവടുവച്ചതില്‍ പിന്നെയാണ്. അന്നുവരെ അയാള്‍ അനുധാവനം ചെയ്ത ക്ലാര എന്ന സുന്ദരി പിന്നീട് അയാളെയാണ് അനുധാവനം ചെയ്യുന്നത്. അന്നു വരെ അവളെ സംബന്ധിച്ചിടത്തോളം ഫ്രാന്‍സിസ് എന്ന ചെറുപ്പക്കാരന്‍ ആയിരത്തിലൊരുവന്‍ മാത്രമായിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് അവള്‍ കണ്ട ഫ്രാന്‍സിസ്, ആയിരം ആണുങ്ങളില്‍ തിരഞ്ഞാല്‍പോലും കണ്ടുകിട്ടാനില്ലാത്ത ഒരു അപൂര്‍വ്വമനുഷ്യനായി രൂപാന്തരപ്പെട്ടത് അവള്‍ കണ്ടു. പ്രണയം എന്ന പുടവയ്ക്കു ഫ്രാന്‍സിസും ക്ലാരയും ചേര്‍ന്നു തുന്നിയ തൊങ്ങലുകള്‍ക്കു പാരിജാതത്തിന്‍റെ പരിശുദ്ധിയും പവിത്രതയും ഉണ്ടായിരുന്നു. ആ പവിത്രതയും പരിശുദ്ധിയും അതേപടി നിലനില്ക്കാന്‍ ഫ്രാന്‍സിസ് കൈക്കൊണ്ട കരുതലിന്‍റെ പേരാണ് അകലം. ജീവിതത്തിലെ സര്‍വ്വ ദുഃഖകാരണമായി ബുദ്ധന്‍ നിര്‍വചിച്ചത് എല്ലാറ്റിനോടുമുള്ള അമിതമായ അടുപ്പമാണ് (അറ്റാച്ച്മെന്‍റ്). ആ അടുപ്പത്തെയാണ് ഫ്രാന്‍സിസ് ക്രിസ്തുവിനോട് ചേര്‍ന്നുനിന്ന് അകറ്റിയത്. ആ അകലം അയാള്‍ ക്ലാരയോടും സൂക്ഷിച്ചു. അകന്നു നിന്നുകൊണ്ട് ആദരവോടെ പ്രകാശിപ്പിച്ച ആ സ്നേഹം ചരിത്രത്തില്‍ ഇന്നും നിര്‍മ്മലമായി അടയാളപ്പെട്ടിരിക്കുന്നു. പ്രണയം, പവിത്രമാകുന്നത് അതില്‍ ആദരവും അകലവും ഉള്ളപ്പോഴാണ്. എന്തുകൊണ്ടോ പ്രണയകാലത്തിന്‍റെ ആദ്യനാളുകളില്‍ പ്രകടമായ ആദരവും ആത്മാവുമൊക്കെ പിന്നീടങ്ങോട്ട് ആവിപോലെ അപ്രത്യക്ഷമാകുന്നതും ആ ആവിയേറ്റ് പൊള്ളിപ്പോയ ജീവിതങ്ങളെയും നാം കാണുന്നു. ഒന്നുകില്‍ അവര്‍ക്കിടയിലൊക്കെ ഉണ്ടായിരുന്നത് പ്രണയമായിരുന്നില്ല എന്നുവേണം കരുതാന്‍ അല്ലെങ്കില്‍ പ്രണയത്തിന്‍റെ കാക്കപ്പൊന്നു കാട്ടി ഒരാള്‍ മറ്റൊരാളെ കബളിപ്പിക്കുകയായിരുന്നു എന്നര്‍ത്ഥം.
പ്രണയത്തിന്‍റെ പവിത്രതയില്‍ തീറെഴുതി കൊടുത്ത ഒരു പെണ്ണിന്‍റെ തുറന്നുപറച്ചിലുകള്‍ ഉള്ളു പൊള്ളിക്കുന്നതാണ്..
ഒരു രാത്രിയില്‍ പോലും വേദനിക്കാതെ ഞാന്‍ ഉറങ്ങിയിട്ടില്ല.
അതിപ്പോള്‍ ഉടലിന്‍റേതു മാത്രമല്ല, ഉള്ളിലിരിക്കുന്ന ആത്മാവിനുമുണ്ട്.
ദുഃഖമെന്തെന്നറിയാനായുള്ള,
പൊള്ളല്‍ പ്രവേഗങ്ങളുടെ
രാസമാറ്റം മനസ്സിലാക്കാനുള്ള
സംവേദന ശക്തി.
സ്നേഹത്തേക്കാളേറെ കാമത്തിന് തീ പിടിച്ചാല്‍
ഉടലു പൊള്ളുമെന്നല്ലാതെ,
പ്രണയപ്പൊള്ളലിന്നേവരെ
ഏറ്റിട്ടില്ല ഞാന്‍.
അങ്ങനെയൊരു കുറവുള്ളില്‍ കൂടിയത് കൊണ്ടാണോ എന്നറിയില്ല
ഈ നേരം തെറ്റിയ കാലത്തൊരാളോട്
എനിക്ക് പ്രണയം!
കഴുത്തില്‍ ഒരു സ്വര്‍ണ്ണ നൂല്‍ക്കമ്പി ഉരുക്കിച്ചേര്‍ത്ത
ഉടമ്പടി തൂങ്ങിയാടുന്നുണ്ടെന്നറിയാം.
നെഞ്ച് ചുരത്തിയ
സ്നേഹം കുടിച്ചു തെല്ലു വലുതായ
ഒരു കുഞ്ഞെനിക്കുണ്ടെന്നുമറിയാം.
എങ്കിലും,
അതേ നെഞ്ചിലൂടരിച്ചിങ്ങനെയിറങ്ങുന്ന
ഈ പ്രണയവും
സത്യമാണ്.
എന്ത് ചെയ്യണമെന്നെനിക്കിന്നുത്കണ്ഠയുണ്ട്.
സ്വാതന്ത്ര്യത്തിന്‍റെ പെണ്‍ചിറകുകള്‍
എന്‍റെ നെഞ്ചിനു തൊട്ടു താഴെയായുണ്ടെന്നെനിക്കറിയാം.
പക്ഷെ ഭയമുണ്ട്!
ഒന്നാഞ്ഞടിച്ചുയരാന്‍ നേരം
എന്‍റെ കുഞ്ഞെങ്ങാനും അടര്‍ന്നു ഭൂമിയില്‍ പതിച്ചാല്‍
ചിതറിയില്ലാതാകുന്നത്
അതിന്‍റെയുടലും
എന്‍റെ ഉയിരുമായിരിക്കും.
പ്രണയമില്ലാതെപ്രാപിച്ചുണ്ടായവനാണെന്നിരിക്കിലും
അവനെന്നിലേക്കെറിയുന്ന മമത കൊണ്ടെന്‍റെ
ചങ്ക് ചുവക്കുന്നു കണ്ണ് കലങ്ങുന്നു.
ആദ്യരാത്രിയില്‍ തന്നെയുടഞ്ഞ
പളുങ്കു പാത്രമാണെന്‍റെ പരിണയം
ഉടലെന്തെന്നറിയും മുന്‍പേ
പലവുരു പിടഞ്ഞാര്‍ന്നെന്‍
ഇടനെഞ്ചാപുരുഷനാല്‍
കഥ കവിതകളില്‍ കണ്ട
പ്രണയചേഷ്ടകളൊന്നും ആ തിരുവദനത്തില്‍
വന്നു പോയതേയില്ല.
പ്രണയകാവ്യങ്ങളില്‍ വിരചിതമായ
വികാരവായ്പുകളെ കൊന്നുതിന്നിട്ടയാള്‍
എന്‍റെ ഉടലിലവിടവിടെ
കാമസൂത്രത്തിന്‍ വിഷമവൃത്തം കോറിയിട്ടു.
നെറ്റിയുപ്പൂറ്റി വരെ പൊള്ളിപ്പോയ പനി പിടിച്ച
പാതിരാത്രി പോലും
അയാളെന്‍റെയുടലിനൊരു
അവധി പോലും തന്നില്ല.
ചോരയൊഴുകുന്ന ആ നാല് നാളിലും
അയാള്‍ക്കാവശ്യം
ലാവ പോലെയെന്നെ പൊള്ളിക്കുന്ന
കാമപൂരണമായിരുന്നു.
ഉലകത്തിലേറെയുണ്ട് ഇത് പോലോരായിരം,
ഇരുള്‍ പകല്‍ വ്യത്യാസമില്ലാതെ
ഉമിപോലെരിഞ്ഞു തീരുന്ന
പടുജന്മങ്ങള്‍
പാവം! പാവം!
എന്നടക്കം പറഞ്ഞവരെ തളര്‍ത്തി കിടത്തുകയാണ് ഈ ലോകം.
നിലവിളക്കേന്തിക്കയറിയ അതേ വീട്ടു നാട്ടകത്തില്‍
മുടിയഴിച്ചാടുന്ന മുറയെടുക്കാനറിയാഞ്ഞിട്ടല്ല.
അറിയാമെനിക്കിന്ന്,
രുധിരമൊരുനാളുമുത്തരമേകില്ലെന്‍
പ്രണയപരാധീനതകള്‍ക്കെന്ന്.
പകരമൊരു കാര്യം എന്നുമെന്‍റെ കുഞ്ഞിന്‍റെ
കാതിലോതുന്നുണ്ട് നിരന്തരം.
'തൊടരുതൊരു പെണ്ണിനേയും
അവളരുതെന്നു പറയുന്ന നിമിഷം മുതല്‍.
പുണരുക നീ നിന്‍റെ നെഞ്ചില്‍ പടരുന്ന
പ്രണയ പാരിജാത പൂംതളിരുകൊണ്ടവളെ...
നീ അരികിലില്ലാത്ത നേരം പോലുമവള്‍ക്കറിയാം അനുഭവിക്കാം
നിന്‍റെ പാരിജാതഗന്ധം!
അന്ന് നിന്‍റെ നടുമുറ്റത്ത് തളിര്‍ക്കുന്ന തുളസിപ്പൂക്കളില്‍
തേന്‍ കിനിയും
അന്നവള്‍ കൊളുത്തുന്ന കുത്തുവിളക്കിനു
ലക്ഷാര്‍ച്ചനയുടെ പ്രഭയുമുണ്ടാകും'.
പ്രണയം, അതൊരു ഉടമ്പടിയാണ്. ഒടുവിലീ ആയുസ്സ് ഉടയോന്‍റെ അരികില്‍ ചെന്നുചേരും വരെ ഞാന്‍ നിനക്കൊപ്പമുണ്ടാകും എന്ന ഉടമ്പടി. പ്രണയം, അതൊരു ഉറപ്പാണ്, ആരുമില്ലാത്തൊരു അസന്ദിഗ്ദാവസ്ഥയില്‍ ഞാന്‍ നിന്നെ തനിച്ചിരുത്തി കടന്നുകളയില്ല എന്ന ഉറപ്പ്.
അതൊരു കരുതലാണ്, എന്‍റെ പ്രണയത്തിന്‍റെ ശലഭത്തെ ആരും പോറലേല്‍പ്പിക്കാതെ കാക്കുമെന്ന കരുതല്‍.