news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

നൂറ്റാണ്ടുകളോളം മിശിഹായെ കാത്തിരുന്നവര്‍ നസ്രായനായ യേശുവിനെ തിരസ്കരിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. 'ദൈവം' എന്നു കേള്‍ക്കുമ്പോള്‍തന്നെ നമ്മുടെ മനസ്സില്‍ രൂപപ്പെടുന്ന ചില ചിത്രങ്ങളുണ്ടല്ലോ. അത്തരം ചിത്രങ്ങളൊക്കെത്തന്നെയായിരുന്നു യഹൂദമനസ്സുകളിലും. അവയെയൊക്കെ കാറ്റില്‍ പറത്തിയവന്‍ എങ്ങനെ ദൈവമോ മിശിഹായോ ആകും? അവരുടെ മിശിഹാ അന്ധര്‍ക്കു കാഴ്ചയും ബധിരര്‍ക്കു കേള്‍വിയും കൊടുക്കാന്‍ മാത്രമല്ല, ദൈവത്തിന്‍റെ പ്രതികാരദിനം പ്രഖ്യാപിക്കാന്‍കൂടി വരാനിരിക്കുന്നവനായിരുന്നു (ഏശയ്യ. 61:2). യേശുവാകട്ടെ, പ്രസ്തുതഭാഗം തന്‍റെ മാനിഫെസ്റ്റോ ആയി സിനഗോഗില്‍വച്ച് അവതരിപ്പിച്ചപ്പോള്‍, വളരെ ലാഘവബുദ്ധ്യാ പ്രതികാരദിനത്തെക്കുറിച്ചുള്ള ഭാഗം വെട്ടിനീക്കുകയാണ്(ലൂക്കാ. 4:18). സ്നാപകയോഹന്നാന്‍പോലും അതുകൊണ്ടാണൊന്നു പതറിപ്പോകുന്നത്. പതിരു പാറ്റുന്ന വീശുമുറവുമായി മിശിഹാ വരുമെന്നാണ് അയാള്‍ കരുതിയിരുന്നത്. യേശുവാകട്ടെ, തര്‍ക്കിക്കാനും ബഹളംകൂട്ടാനും നില്ക്കാതെ, ചതഞ്ഞ ഞാങ്ങണ ഒടിക്കാതെയും പുകഞ്ഞ തിരി കെടുത്താതെയും ഈ മണ്ണിലൂടെ നടന്നുനീങ്ങി. സര്‍വ്വശക്തനും സര്‍വ്വസൈന്യാധിപനുമായ ദൈവത്തിന്‍റെ ഉപാസകര്‍ക്ക്, എല്ലാ അധികാരപ്രയോഗങ്ങളോടും അകലം പാലിച്ച അവനെ എങ്ങനെ അംഗീകരിക്കാനാകും?
യേശുവിന്‍റെ ശത്രുക്കള്‍ അവനെ വധിച്ചതേയുള്ളൂ. അവന്‍റെ അനുയായികളാകട്ടെ അവനെ തേജോവധം ചെയ്യുകയാണ്. കേസറിയാ-ഫിലിപ്പി പ്രദേശത്തുവച്ചാണ് പത്രോസ് യേശുവിനെ ദൈവമായി അംഗീകരിക്കുന്നത്. ആ തെരഞ്ഞെടുപ്പ് പക്ഷേ അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. ആ പ്രദേശം റോമാദേവന്മാരുടെ അമ്പലങ്ങള്‍ ഉള്ളയിടമാണ്. റോമാദേവന്മാര്‍ റോമാചക്രവര്‍ത്തിമാരുടെ പകര്‍പ്പുകളാണ്-അതേ പ്രൗഢിയും ധാര്‍ഷ്ട്യവും കരുത്തുമുള്ളവര്‍. അവരുടെ അമ്പലങ്ങള്‍ ഭയവും അമ്പരപ്പും ജനിപ്പിക്കത്തക്കവിധം സംവിധാനം ചെയ്തതും. റോമാദേവന്മാരുടെ നേര്‍വിപരീതമാണ് നസ്രത്തിലെ യേശു -വെറും അശു. എന്നിട്ടും പത്രോസ് അവനു സ്വയം സമര്‍പ്പിക്കുകയാണ്. കാലം കുറേക്കഴിഞ്ഞ് യേശുവിന്‍റെ അനുയായികള്‍ പ്രബലരായപ്പോള്‍, തങ്ങളുടെ ദൈവത്തിനു വേണ്ടത്ര ശക്തിയും പ്രൗഢിയുമില്ലെന്ന് അവര്‍ക്കു തോന്നിയിട്ടുണ്ടാകണം. അതിനവര്‍ പരിഹാരവും കണ്ടു: റോമാദേവന്മാരുടെ വിഗ്രഹങ്ങള്‍ മാറ്റി, തത്സ്ഥാനത്ത് യേശുവിന്‍റെ പ്രതിമകള്‍ വയ്ക്കുക. ദേവന്മാരില്‍ ചാര്‍ത്തിയിരുന്ന ആടയാഭരണങ്ങളെടുത്ത് യേശുവിന്‍റെ പ്രതിമയിലിടുക. രൂപം യേശുവിന്‍റേത്, ഭാവം റോമാ ചക്രവര്‍ത്തിയുടേത്. അങ്ങനെ സീസര്‍ യേശുവിനെ ഹൈജാക്ക് ചെയ്തു.

പിന്നീടിങ്ങോട്ട് ദൈവവും ദൈവികതയും ഒരുപാടു ചെലവുള്ള പരിപാടികളായിത്തീര്‍ന്നു. ഒന്നു 'ദൈവമേ' എന്നു വിളിക്കാന്‍ കോടികളുടെ ദേവാലയങ്ങള്‍ വേണമെന്നായി. ഭയഭക്തിജനകമായ ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളായി. അത്തരമിടങ്ങള്‍ മനുഷ്യരായ നാം എത്രയോ ചെറിയവരാണെന്ന തോന്നലുകളുളവാക്കി. രാജാവായ ദൈവവും കീടങ്ങളായ മനുഷ്യരും.

കാലിത്തൊഴുത്തിലെ കുഞ്ഞ് ഇവയെയൊക്കെ എത്ര സൗമ്യമായാണ് ചിരിച്ചുതള്ളുന്നത്. ഒട്ടുമേ ശങ്കകൂടാതെ സകലര്‍ക്കും കടന്നുചെല്ലാവുന്ന ഇടമാണത്. ഇടയസ്ത്രീകള്‍ക്കും കന്നുകാലികള്‍ക്കും തലയുയര്‍ത്തി നില്ക്കാമായിരുന്നു അവിടെ. അവനെ കണ്ടവരുടെയുള്ളില്‍ നിറഞ്ഞത് അഭിമാനവും ശാന്തിയും മാത്രം. തമിഴ്നാട്ടില്‍ കാണാനിടയായ ഒരു പൂജയെക്കുറിച്ച് സത്യനാഥന്‍ ക്ലാര്‍ക് എഴുതിയിട്ടുണ്ട്: ആ ഗ്രാമത്തില്‍ ഉത്സവമാണ്. മരച്ചുവട്ടില്‍ ഒരു ദേവീവിഗ്രഹം. പൂജയ്ക്കിടെ കുട്ടികളും പട്ടികളുമൊക്കെ ഓടിനടക്കുന്നു. "ഇതെന്തു പൂജ? ഇതെന്തു ദൈവം?" പഠിച്ചുവച്ച ദൈവശാസ്ത്രം അയാളെക്കൊണ്ട് അതു ചോദിപ്പിച്ചു. ദലിതനായ ഒരു ഗ്രാമീണന്‍ മറുപടി പറഞ്ഞു: "പൂജയ്ക്കിടെ ഓടിനടന്നതുകൊണ്ട് എന്താ കുഴപ്പം? അവരതു ചെയ്യുന്നത് അവരുടെ ദൈവത്തിന്‍റെ മുമ്പിലാണ്." ആ ഗ്രാമീണന്‍റെ ആത്മീയദര്‍ശനം കാലിത്തൊഴുത്തിലെ കുഞ്ഞിന്‍റേതിനോട് എത്രയോ ചേര്‍ന്നുനില്ക്കുന്നു. അസ്സീസിയിലെ ഫ്രാന്‍സിസിനും മനസ്സിലായി ആ കുഞ്ഞിനെ. അതുകൊണ്ടാണ് ആടുമാടുകളെയൊക്കെക്കൂട്ടി അയാള്‍ ക്രിസ്മസ് ആഘോഷിച്ചത്.

ബലപ്രയോഗമൊട്ടും കൂടാതെ നന്മയ്ക്കുപോലും ജയിക്കാനാകില്ലെന്നാണു നമ്മുടെ ധാരണ. ചിലപ്പോള്‍ യുദ്ധങ്ങള്‍ ശരിയാകാമെന്ന് (Just War Theory) ചില ദൈവശാസ്ത്രജ്ഞര്‍ പറഞ്ഞുവച്ചിട്ടുണ്ട്. സിനിമയില്‍, വില്ലന്മാരെ ഒതുക്കണമെങ്കില്‍ നായകന്‍ ഇരുകൈകളിലും മെഷീന്‍ഗണ്ണുമായി വന്നേ മതിയാകൂ. ബലപ്രയോഗത്തിലൂടെ നിനക്കു ഭൂമി സ്വന്തമാക്കാനും ആളുകളെ കീഴ്പ്പെടുത്താനും പറ്റും; പക്ഷേ ഹൃദയങ്ങളെ ആകര്‍ഷിക്കാനാകില്ല. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കൊളോണിയല്‍ ഭരണത്തിനുശേഷവും ഏഷ്യക്കാരനായ യേശുവിനെ 97 ശതമാനം ഏഷ്യക്കാരും സ്വന്തമാക്കിയിട്ടില്ലെന്ന് അലോഷ്യസ് പിയെരിസ് നിരീക്ഷിക്കുന്നുണ്ട്.

സകല അധികാരപ്രയോഗവും അതിസ്വാഭാവികതയും യേശു പുല്‍ക്കൂട്ടില്‍ ഉരിഞ്ഞുവച്ചു. അവന്‍ ഹൃദയങ്ങളില്‍ ഇടംനേടിയത് ആരെയും ചെറുതാക്കിയും തോല്പിച്ചുമല്ല, സ്വയം തോറ്റുകൊടുത്താണ്. രാജുവും രാധയും നാലാംക്ലാസില്‍ പഠിക്കുന്ന അയല്‍പക്കക്കാരാണ്. സ്കൂളിലേക്കു പോകുന്നതും തിരികെ വരുന്നതും എന്നും ഒന്നിച്ചാണ്. അന്ന് കണക്കുമാഷ് ചോദിച്ച ചോദ്യത്തിന് ഉത്തരംപറയാതെ നിന്ന രാജുവിനെ 'പൊട്ടന്‍, കഴുത' എന്നൊക്കെ മാഷ് കളിയാക്കി. രാധയാവട്ടെ മണിമണിയായി ഉത്തരം പറഞ്ഞു. സ്കൂള്‍വിട്ടപ്പോള്‍ രാജു രാധയെ കാത്തുനിന്നില്ല. രാധ കുറുക്കുവഴി ചാടി മുന്നിലെത്തി, അവന്‍ വരുന്നതും കാത്തുനില്ക്കുകയാണ്. തലവെട്ടിച്ചുനിന്ന അവനോട് അവള്‍ പറഞ്ഞു: "ശ്ശോ! ഇപ്പോള്‍ തോന്നുന്നു, ഞാനാ ഉത്തരം പറയേണ്ടിയിരുന്നില്ലെന്ന്." ഉത്തരം പറഞ്ഞ് കൂട്ടുകാരനെ തോല്പിച്ചതിന്‍റെ പേരില്‍ ദുഃഖിക്കുന്ന രാധയെപ്പോലെയാണ് യേശു. തന്‍റെ മുമ്പില്‍ ആരും തോല്ക്കാന്‍പാടില്ല - അതവന്‍റെ നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് അവന്‍ എല്ലാവരുടെയും മുമ്പില്‍ തോറ്റുകൊടുത്തു. കാലിത്തൊഴുത്ത് അതിന്‍റെ പ്രതീകമാണ്.

രാഷ്ട്രീയപാര്‍ട്ടികളുടെ ചിഹ്നങ്ങളില്‍ ചിലത് ആനയും അലറുന്ന കടുവയുമൊക്കെയാണല്ലോ. ചിഹ്നങ്ങള്‍ അവയുപയോഗിക്കുന്നവരെക്കുറിച്ച് ചിലതൊക്കെ പറയുന്നുണ്ട്. ഇവിടെ ചിലര്‍ തങ്ങളെക്കുറിച്ചുതന്നെ പറയുന്നത് ലയണ്‍സ് എന്നാണല്ലോ. പുല്‍ക്കൂട്ടിലെ കുഞ്ഞിനെക്കുറിച്ച് സ്നാപകയോഹന്നാന്‍ പറഞ്ഞത് ഇവന്‍ ആടാണെന്നാണ്. കൊലയ്ക്കു കൊണ്ടുപോകപെട്ടപ്പോഴും കുതറാതെനിന്ന ആടിനെപ്പോലെയായിരുന്നു അവന്‍. അത്രയ്ക്കും സൗമ്യമായൊരു ജീവിതം. മണ്ണിനെയും മനുഷ്യനെയും ഒട്ടുമേ ഭാരപ്പെടുത്താത്ത ഒരു ജന്മം. താലപ്പൊലികളും ആനയും അമ്പാരിയും അവനു വേണ്ടിയിരുന്നില്ല. "ഒരു മുയലിനെ ഞാന്‍ ഇരയാക്കുന്നതിനുമുന്‍പ് എന്നെയൊരു സിംഹത്തിന്‍റെ ഇരയാക്കിത്തീര്‍ക്കണേ" എന്ന് ഖലീല്‍ ജിബ്രാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പുല്‍ക്കൂട്ടിലെ പൈതല്‍ ഈ പ്രാര്‍ത്ഥന മാംസംപൂണ്ടതാണ്.

ക്രിസ്തുവുമായി നീ എത്ര ചേര്‍ന്നുനില്ക്കുന്നുവെന്ന് ഈ ക്രിസ്മസ് നാളുകളില്‍ ഒന്നു ചോദിക്കുന്നതു നന്നായിരിക്കും. നിന്നെക്കാണുമ്പോള്‍ ആളുകള്‍ കൈകൂപ്പിപ്പോകുന്നുണ്ടെങ്കില്‍, നീ ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ ആളുകള്‍ കസേര കൊണ്ടുവരാന്‍ പരക്കം പായുന്നുണ്ടെങ്കില്‍, നിന്‍റെ സാന്നിധ്യത്തില്‍ കുട്ടികള്‍ കളിയും ചിരിയും  വേണ്ടെന്നുവയ്ക്കുന്നുണ്ടെങ്കില്‍, ഒരിക്കലും ഒരു ക്യൂവില്‍ നില്ക്കേണ്ടി വന്നിട്ടില്ലെങ്കില്‍, റവറന്‍റും വെരി റവറന്‍റും കൂട്ടാതെ നിന്‍റെ പേരുച്ചരിക്കാന്‍ ആളുകള്‍ ഭയക്കുന്നുണ്ടെങ്കില്‍ കാലിത്തൊഴുത്തിലെ കുഞ്ഞില്‍നിന്ന് നീ അനേകകാതം ദൂരെയാണ്. ക്രിസ്തുവിനെപ്പോലെയാകുന്നവന്‍ ആജ്ഞാപിക്കുന്നതു നിര്‍ത്തുകയും ആളുകളുടെ തോളത്തു കൈയിട്ടു തുടങ്ങുകയും ചെയ്യും.

ക്രിസ്മസ് ആശംസകള്‍...

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts