news-details
സഞ്ചാരിയുടെ നാൾ വഴി

അല്ല, എല്ലാവര്‍ക്കുമല്ല, നെരിപ്പോടില്‍ പ്രതീക്ഷയുടെ കനല്‍ സൂക്ഷിക്കുന്നവര്‍ക്കും, സ്വയം നവീകരിക്കാന്‍ തയ്യാറാകുന്നവര്‍ക്കും മാത്രമാണ് പുതുവത്സരങ്ങള്‍ പുലരുന്നത്. ഒ. ഹെന്‍റി കഥകളിലെന്നപോലെ കാറ്റിലും മഴയിലും അടരാതെ ചങ്കില്‍ ഒരില വരച്ചുവച്ചവര്‍ക്ക്. മുഴുവന്‍ വേദത്തിലേയ്ക്കും വച്ച് ഏറ്റവും പ്രതീക്ഷ തരുന്ന വാക്കതാണെന്നു തോന്നുന്നു: മൂന്നാം ദിനം.

വരൂ, നമുക്കിനി ഭൂമിയോട് മൂന്നാംപക്കത്തിന്‍റെ സുവിശേഷം വിളിച്ചുപറയാം. ഹോസിയായുടെ പുസ്തകത്തിലാണ് ആ പദം നമ്മള്‍ ആദ്യം ശ്രദ്ധിക്കുന്നത്. അവന്‍ നമ്മളെ മരണത്തിന് വിട്ടുകൊടുത്താലും മൂന്നാം ദിവസം ഉയിര്‍പ്പിക്കും. എന്താണ് ഈ മൂന്നാം ദിനത്തിന്‍റെ പ്രത്യേകത? ഒരാള്‍ മരിച്ചാല്‍ മൂന്നുദിവസം കൂടി അയാളുടെ ആത്മാവ് അയാളോടൊപ്പം ഉണ്ടായിരിക്കുമെന്ന് യഹൂദര്‍ കരുതിയിരുന്നു. അന്നുവരെ തുടര്‍ച്ചയായ പ്രാര്‍ത്ഥന ഉണ്ടായിരുന്നു. എന്നാല്‍ മൂന്നു ദിവസങ്ങള്‍ക്കു ശേഷം ശരീരം ജീര്‍ണ്ണിച്ചു തുടങ്ങും. ഇനി അയാളില്‍നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. അതുകൊണ്ടാണ് മൂന്നു ദിനങ്ങള്‍ക്കുശേഷം സ്നേഹിതന്‍റെ ശവകുടീരത്തിലെത്തിയ യേശുവിനോട് അതുതന്നെ പറഞ്ഞ് ലാസറിന്‍റെ സഹോദരി വാവിട്ടുകരയുന്നത്. ചുരുക്കത്തില്‍ മനുഷ്യന്‍റെ പ്രതീക്ഷകള്‍ തീരുന്നിടത്തുനിന്ന് ദൈവത്തിന്‍റെ ശരിയായ സമയം ആരംഭിക്കുന്നുവെന്നുള്ള വിശ്വാസത്തിന്‍റെ പേരാണ് മൂന്നാം ദിനം.

ക്രിസ്തുവിന്‍റെ പരസ്യജീവിതം ആരംഭിക്കുന്നത് ആ സൂചനയോടുകൂടിയാണ്. മൂന്നാംദിനം കാനായില്‍ ഒരു വിവാഹാഘോഷം നടന്നു. ഇരുളുവീഴാവുന്ന സാഹചര്യത്തിലും പ്രതീക്ഷിക്കാന്‍ എന്തോ ചില കാര്യങ്ങള്‍ കടശ്ശിയില്‍ ഉണ്ടാവും എന്ന പ്രതീക്ഷയാണ് ആ ചെറുപദം വായനക്കാരനു  സമ്മാനിക്കുന്നത്. ഘടികാരമോ കലണ്ടറോ അല്ല മൂന്നാം ദിനത്തെ നിശ്ചയിക്കുന്നത്. ദൈവത്തിന്‍റെ നേരം എന്നു മാത്രമാണ് അര്‍ത്ഥം. അതു പലപ്പോഴും നമ്മുടെ നേരത്തിന്‍റെ അവസാനത്തെ അതിരായിരിക്കും. ചിലര്‍ക്കത് മൂന്നു സെക്കന്‍റും മറ്റു ചിലര്‍ക്കത് മുപ്പതുസംവത്സരങ്ങളും ആയിരിക്കാം.

പുതിയ നിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്ന മൂന്നാം ദിനങ്ങളെല്ലാം തന്നെ ആത്മാവിന് ഊര്‍ജ്ജം തരുന്നവയാണ്. മൂന്നാം ദിവസം കുഞ്ഞിനെ തിരികെ കിട്ടിയ സംഭവത്തില്‍നിന്ന് ആരംഭിക്കുക. ഉത്സവപ്പറമ്പുകളില്‍ കുഞ്ഞുങ്ങളെ കളഞ്ഞുപോയാല്‍ ഇക്കാലങ്ങളില്‍പ്പോലും കിട്ടുമെന്നു തീരെ ഉറപ്പില്ല. ഓരോ കുംഭമേളയ്ക്കു ശേഷവും കുറെയധികം കുഞ്ഞുങ്ങളെ കിട്ടുന്നതിന്‍റെ കണക്ക് വായിച്ചത് ഓര്‍ക്കുന്നു. വെറുതെയല്ല മേരിയിത്രയും പരിഭ്രാന്തയായത്. കളഞ്ഞുപോകുകയോ കൈവിട്ടു പോകുകയോ ചെയ്ത  ബന്ധങ്ങള്‍ തിരികെ പിടിക്കാമെന്നുള്ളതിന്‍റെ സൂചനയാവണം മൂന്നാം ദിനം പള്ളിയില്‍വച്ചു തിരികെ കിട്ടിയ ആ പന്ത്രണ്ടു വയസ്സുകാരന്‍ കുട്ടി. അകന്നുപോയ ബന്ധങ്ങളുടെ കണ്ണികള്‍ ആരെയാണ് നുറുക്കാത്തത്. കളഞ്ഞുപോയിടത്ത് മടങ്ങിപ്പോകാന്‍ നിങ്ങള്‍ തയ്യാറാവുകയാണെങ്കില്‍ നിശ്ചയമായും നിങ്ങള്‍ക്ക് അതൊക്കെ തിരികെ പിടിക്കാവുന്നതേയുള്ളു.

പലപ്പോഴും അങ്ങനെയല്ല നമ്മള്‍ തിരയുന്നത്. അതുകൊണ്ടുകൂടിയാണ് നിങ്ങള്‍ എവിടെ അന്വേഷിച്ചു എന്ന് ജ്ഞാനിയായ ബാലന് അവന്‍റെ മാതാപിതാക്കന്മാരോട് ചോദിക്കേണ്ടതായി വന്നത്. പുരുഷന്മാരും സ്ത്രീകളും രണ്ട് സംഘങ്ങളായിട്ടാണ് തീര്‍ത്ഥയാത്ര ചെയ്തിരുന്നത്. സ്വാഭാവികമായും കുഞ്ഞുങ്ങള്‍ക്ക് എവിടെ വേണമെങ്കിലും ചേരാം. ബാലന്‍ ജോസഫിനോടൊപ്പം ഉണ്ടാവുമെന്ന് മേരിയും മേരിയൊടൊപ്പം ആയിരിക്കുമെന്ന് ജോസഫും കരുതിയിട്ടുണ്ടാവും - സാധാരണ വീടുകളില്‍ സംഭവിക്കുന്നതുപോലെ. കുഞ്ഞിന്‍റെ കാര്യത്തില്‍ അപ്പന്‍ ശ്രദ്ധിക്കുമെന്ന് അമ്മയും അമ്മ കരുതുന്നുണ്ടാവുമെന്ന് അപ്പനും വെറുതെയങ്ങ് ധരിക്കുകയാണ്. അത്തരം ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ കുഞ്ഞ് വിരലുകള്‍ക്കിടയിലൂടെ വഴുതിപ്പോവുന്നു. കുഞ്ഞിനെ നഷ്ടമാകുമ്പോള്‍ നിങ്ങള്‍ എവിടെയാണ് തിരയേണ്ടത്. എവിടെ വച്ചാണ് അവരെ കിട്ടുകയും കളയുകയും ചെയ്തത് അവിടെ തന്നെ. ഉദാഹരണത്തിന് മക്കളെ നമുക്ക് കിട്ടിയത് നമ്മുടെ അഗാധമായ സ്നേഹത്തിന്‍റെയും പ്രണയത്തിന്‍റെയും ഇടങ്ങളില്‍വച്ചായിരുന്നു. ഇനി അവരെ നേടണമെങ്കില്‍ സ്വന്തം പ്രണയത്തിലേക്കും സ്നേഹത്തിലേക്കും മടങ്ങിപ്പോകാതെ തരമില്ല.

മൂന്നാം ദിവസം വീണ്ടെടുക്കാവുന്ന ശരീരത്തിന്‍റെ സ്നിഗ്ദ്ധതകളുമുണ്ട്. ഏതെങ്കിലുമൊക്കെ തരത്തില്‍ ശരീരത്തിന്‍റെ പ്രകാശബോധത്തില്‍ നിഴല്‍ വീഴാത്ത അധികം പേരൊന്നും ഇല്ലെന്നു തോന്നുന്നു. വിശേഷിച്ചും ആണ്‍കുട്ടികളുടെയും പുരുഷന്‍മാരുടെയും കാര്യത്തില്‍. ഒരു പെണ്‍കുട്ടി തിരളുമ്പോള്‍ അവളുടെ അമ്മ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍പോലും ഒരാണ്‍കുട്ടിയുടെ വളര്‍ച്ചയില്‍ അവന്‍റെ അച്ഛന്‍ പറഞ്ഞുകൊടുക്കുന്നില്ല. സ്വാഭാവികമായും ശരീരം തീരെ പ്രഭയില്ലാത്ത ഒന്നായി മാറുന്നു. അതിന്‍റെ ഒരായിരം കൗതുകങ്ങളിലേക്കും ജിജ്ഞാസകളിലേക്കും ജീവിതം പാളുന്നു. കുറച്ചൊക്കെ അറിവും സുരക്ഷിതത്വവും ലഭിക്കുമ്പോള്‍പോലും നിര്‍ഭാഗ്യവശാല്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ കാര്യവും അത്ര ശുഭകരമല്ല. തീരെ പ്രതീക്ഷിക്കാത്ത ചിലയിടങ്ങളില്‍ നിന്നുള്ള മുന്നേറ്റങ്ങള്‍ അവരുടെ ബാല്യകൗമാരങ്ങളെയും കഠിനമാക്കുന്നു. കുറച്ച് ആന്തരികപക്വത ലഭിക്കുമ്പോള്‍ കടന്നുവന്ന കാലം ഓരോരുത്തരെയും കഠിനമായ ലജ്ജയിലേക്കും കുറ്റബോധത്തിലേക്കും തള്ളിയിടുന്നു. അവര്‍ക്കുള്ള സുവിശേഷവും അയാള്‍ മൂന്നാംപക്കമെന്ന പ്രതീകത്തിലൂടെ വച്ചുനീട്ടുന്നുണ്ട്. ഒരു ദേവാലയമുറ്റത്തു നിന്നാണ് അയാള്‍ അതു പറഞ്ഞത്: "ഈ ദേവാലയം തകര്‍ക്കുക, ഞാനതിനെ മൂന്നാം ദിനം പുനര്‍നിര്‍മ്മിക്കാം." അവന്‍റെ കേള്‍വിക്കാര്‍ ആര്‍ത്തു വിളിച്ചു, "നാല്പത്താറു സംവത്സരം കൊണ്ട് ഉയര്‍ത്തിയ ദേവാലയം നീ തകര്‍ത്ത് മൂന്നു നാളുകള്‍ കൊണ്ട് വീണ്ടും പണിയുകയോ?"

തന്‍റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചാണ് അവന്‍ അതു പറഞ്ഞതെന്ന് അവര്‍ക്കു മനസ്സിലായില്ലയെന്ന് യോഹന്നാന്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്വന്തം ഉടലിന്‍റെ നൈര്‍മല്യങ്ങളിലേക്ക് ഒരാള്‍ക്കു മടങ്ങിപ്പോകാന്‍ ആകുമെന്നുള്ളത് നമ്മുടേത് കണക്ക് ഒരു കാലത്തില്‍ എന്തൊരു സുവിശേഷമാണ്. പാനോപചാരങ്ങളിലും മയക്കുമരുന്നിന്‍റെ സൈക്കഡലിക്ക് വര്‍ണ്ണങ്ങളിലും കുരുങ്ങിയവര്‍ക്കും ഈ വചനം സ്വാസ്ഥ്യമേകിയേക്കും.

പഴയ നിയമത്തില്‍നിന്ന് ഒരു മൂന്നാംപക്കം ക്രിസ്തു നമുക്കുവേണ്ടി ആവര്‍ത്തിക്കുന്നുണ്ട്. അത് മൂന്നുനാള്‍ മത്സ്യത്തിന്‍റെ ഉള്ളില്‍ കഴിഞ്ഞ യോനായുടെ കഥയാണ്. ഒരു ദേശത്തേക്ക് കപ്പല്‍ കയറാന്‍ നിയോഗം കിട്ടിയ അയാള്‍ മറ്റൊരു ദേശത്തേക്കുള്ള കപ്പല്‍ കയറി എതിര്‍ദിശയിലേക്കു സഞ്ചരിക്കുന്നു. കപ്പലിലുണ്ടായ ചില അശുഭ ലക്ഷണങ്ങള്‍ അയാളെ കടലില്‍ എറിയുന്നിടത്തോളമെത്തുന്നു. ഒരു തിമിംഗലം അയാളെ വിഴുങ്ങി. മൂന്നുദിവസം തിമിംഗലത്തിനുള്ളില്‍ ഇരിക്കുന്ന ഒരാളെ ഒന്നു സങ്കല്പിച്ചു നോക്കുക. അയാള്‍ പൊതിഞ്ഞു നില്‍ക്കുന്ന ഇരുട്ടിനുള്ളില്‍ പതുക്കെപതുക്കെ ഒരു മുനി പോലുമായേക്കും. മൂന്നു ദിവസം മാറിയിരിക്കാന്‍ ആവുമെങ്കില്‍ എല്ലാം പുതിയൊരു ആന്തരിക പ്രകാശത്തില്‍ പുനര്‍നിര്‍ണ്ണയം ചെയ്യാനാവും. അപ്പോള്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന വിവേകത്തിന്‍റെയും വിനയത്തിന്‍റെയും ആള്‍രൂപമാണ് യോനാ.

കാലം നമ്മളെ എത്ര വിവേകികള്‍ ആക്കുന്നു. പഴയൊരു ബുദ്ധ കഥപോലെ, ഗ്രാമത്തിലെ വയലില്‍ ഒരു പച്ച ഭൂതം പ്രത്യക്ഷപ്പെട്ടു. വരമ്പത്ത് ഭയന്നു നിന്ന ഗ്രാമീണര്‍ക്ക് ചെറുപ്പക്കാരനായ ഒരു രക്ഷകന്‍ വന്നു. അയാള്‍ വാളൂരി അതിനെ നേരിട്ടു. പിന്നെ കുപ്പായം നിറയെ തെറിച്ചുവീണ ചോരയുമായി വരമ്പിലേക്കു കയറി ധാര്‍ഷ്ട്യത്തോടെ നടന്നുപോയി. എന്നാല്‍ പിറ്റേ വര്‍ഷവും അതേ സമയത്തു തന്നെ ആ പച്ചഭൂതം പ്രത്യക്ഷപ്പെട്ടു. അയാള്‍ പറഞ്ഞു: "ഇല്ല ഇത്തവണ ഞാനില്ല." ഒരു വയോധികന്‍ പറഞ്ഞു: "ഞാനൊന്നു നോക്കട്ടെ." പിന്നെ അവരെയും വിളിച്ചു ഭൂതത്തിന്‍റെ അടുത്തുചെന്നു. ഇല്ല, ഭൂതം അനങ്ങുന്നില്ല. അപ്പോള്‍ അയാള്‍ ഒരു കത്തിയെടുത്ത് അതിനെ പല കഷണങ്ങളായി മുറിച്ചു. പിന്നെ ചോരയൊഴുകുന്ന ആ കഷണങ്ങള്‍ ഗ്രാമീണരുടെ കൈവെള്ളയില്‍ വച്ചുകൊടുത്തു: 'തിന്നുക.' അവരത് തിന്നു. തണ്ണിമത്തങ്ങയായിരുന്നു അത്! കാലമാണ് കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ ജീവിതത്തെ നേരിടാന്‍ നമ്മളെ സഹായിക്കുന്നത്. മൂന്നു ദിവസങ്ങള്‍ കാത്തിരിക്കുന്നവര്‍ക്കൊക്കെ കുറെക്കൂടി വ്യക്തത ലഭിക്കുന്നു - എല്ലാത്തിനെക്കുറിച്ചും. പറഞ്ഞുതുടങ്ങിയ യോനായുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ മൂന്നാം ദിവസം തിമിംഗലം അയാളെ, അയാള്‍ അകന്നോടിയ അതേ തീരത്ത് തുപ്പിയിടുന്നു.

ഒടുവിലായി ഹല്ലേലൂയ്യാ ഗീതങ്ങളോടെ ഘോഷിക്കപ്പെടുന്ന ആ മൂന്നാം ദിവസം. ചരിത്രത്തില്‍ ഒരാളെയും അങ്ങനെ സംസ്കരിച്ചിട്ടുണ്ടാവില്ല. മുദ്രവച്ചു കാവലേര്‍പ്പെടുത്തിയ ശവകുടീരം. ആ കല്ല് ആരു നമുക്കുവേണ്ടി മാറ്റിവയ്ക്കും തുടങ്ങിയ സന്ദേഹങ്ങളില്‍ കുരുങ്ങിപ്പോകാതെ ചില സ്ത്രീകള്‍ മൂന്നാം ദിനം പുലരിയിലെ തോട്ടത്തിലേക്കു പോകുകയാണ്. അവിടെ കല്ലറ ശൂന്യമായിരുന്നു. അങ്ങനെ മരണവും പ്രത്യാശയുടെ അനുഭവമായി മാറി. ഏതൊരു നന്മയും മൂന്നുദിവസത്തെ നിദ്രയ്ക്കുശേഷം അതിന്‍റെ വിജയമാഘോഷിക്കും. മണ്ണടരുകളില്‍ വിശ്രമിക്കുന്ന വിത്ത് അതിന്‍റെ പച്ചിലനാമ്പുകളെ ഘോഷിക്കുന്നതുപോലെ. മൂന്നാം ദിവസം എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കും. മനുഷ്യര്‍ മൃതരായി ഗണിക്കപ്പെടുന്ന എല്ലാ ജീവിതസാഹചര്യങ്ങളിലും ജീവന്‍റെ ചടുലനൃത്തങ്ങള്‍ ഉണ്ടാവും. പ്രവാചകന്‍ കണ്ട അസ്ഥികള്‍ പൂക്കുന്ന താഴ്വരയുടെ പേരാണ് മരണം.

ഓരോയിടങ്ങളിലും ഒരു മൂന്നാം പക്കത്തെക്കുറിച്ച് മന്ത്രിക്കുകയാണ് വരും കാലങ്ങളില്‍ പ്രകാശത്തിന്‍റെ പ്രസാദം കിട്ടിയ ഏതൊരാളുടെയും ധര്‍മ്മം. ഒരു ദേവാലയത്തില്‍ ദുഃഖവെള്ളിയിലെ ഉണര്‍വ്വു പ്രസംഗം ഇങ്ങനെയായിരുന്നു. വളരെയധികം തവണ അവരുടെ പുരോഹിതന്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: "ഇന്ന് ദുഃഖവെള്ളി; അയാള്‍ നിലവിളിച്ചു മരിച്ചു." അപ്പോള്‍ ഉപാസകര്‍ ആരവത്തോടെ ഇങ്ങനെ പ്രത്യുത്തരം നല്കും: "മറ്റന്നാള്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും." കുറെക്കൂടി ബലപ്പെട്ടവരായി അവര്‍ ദേവാലയത്തില്‍ നിന്നു മടങ്ങി.

മൂന്നാം പക്കം നല്ലൊരു മലയാളപടത്തിന്‍റെ പേരാണെന്ന് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും, പത്മരാജന്‍റെ. കടപ്പുറത്തെ ഒരു വിശ്വാസമാണ് അതിന്‍റെ ആധാരം. കടലില്‍വച്ച് അപകടം സംഭവിച്ച ഒരാളെ മൂന്നാം നാള്‍ തിര അയാളുടെ തീരത്തേക്ക് കൊണ്ടുവരും. അതത്ര ചെറിയ കാര്യമല്ലെന്ന് ആലോചിച്ചാല്‍ പിടുത്തം കിട്ടാവുന്നതേയുള്ളു.

ചില പ്രതീക്ഷകളുടെ മൂലക്കല്ലിലാണ് ഓരോരുത്തരുടെയും ആന്തരീകനവീകരണം സംഭവിക്കുന്നത്. വീണ്ടും പിറക്കാനുള്ള അയാളുടെ ക്ഷണം അത്തരം പ്രകാശങ്ങളിലേക്ക് മിഴിതുറന്നവര്‍ക്കേ ഗൗരവമായി എടുക്കാനാവൂ. എല്ലായിടത്തും വീണ്ടും പിറക്കേണ്ടതുണ്ട്. സര്‍ഗ്ഗാത്മകജീവിതത്തിലും ഗാര്‍ഹിക തട്ടകങ്ങളിലും സൗഹൃദങ്ങളിലും തൊഴിലിലുമൊക്കെ ഓരോ ദിവസവും വീണ്ടും പിറക്കുന്നവര്‍ എത്ര ചാരുതയുള്ളവരാണ്. ഉപയോഗിക്കാത്ത ഓട്ടുപാത്രങ്ങളെപ്പോലും ഓരോ ദിവസവും കഴുകിവൃത്തിയാക്കി വയ്ക്കുന്ന വീട്ടമ്മമാരെപ്പോലെ ഓരോ ദിവസവും സ്വയം നവീകരിക്കുന്നവര്‍. അവര്‍ക്കൊക്കെയാണ് ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ പുതുവത്സരങ്ങള്‍ സംഭവിക്കുന്നത്. ദൈവം പോലുമത് ചെയ്യുന്നുണ്ട്, അല്ലെങ്കില്‍ ഓരോ പുലരിയിലും അവിടുത്തെ സ്നേഹം പുതിയതാണെന്ന് വേദം സാക്ഷ്യപ്പെടുത്തുന്നത് എന്തുകൊണ്ട്?

You can share this post!

ആനന്ദത്തിലേക്കൊരു ജപവഴി

ഫാ.ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts