ഒരു വീട്ടില്‍ ചെന്നതായിരുന്നു ഞാന്‍. കോളിംഗ്ബെല്‍ അടിച്ചപ്പോള്‍ വയസ്സുചെന്ന ഒരമ്മ ഇറങ്ങിവന്നു. വന്നപാടെ അവര്‍ പറഞ്ഞു: "ഇവിടാരുമില്ല." "അപ്പോള്‍ നിങ്ങളോ?" എന്നു ചോദിക്കാന്‍ ഒരുമ്പെട്ടതാണ്. പക്ഷേ വേണ്ടെന്നുവച്ചു. അവര്‍ അങ്ങനെ പറഞ്ഞതില്‍ തെറ്റെന്താണ്? അവര്‍ക്കറിയാം, വീട്ടില്‍ വരുന്നവരൊന്നും അവരെ കാണാനല്ല വരുന്നത്. അങ്ങനെയൊക്കെയായിത്തീരുകയാണ് നമ്മുടെ പ്രായംചെന്ന അപ്പന്മാരുടെയും അമ്മമാരുടെയും കാര്യങ്ങള്‍. എന്നിട്ടും നാം ഊറ്റം കൊള്ളുന്നുണ്ട്, മനുഷ്യന്‍റെ ആയുര്‍ദൈര്‍ഘ്യം കൂടുന്നുവെന്നതില്‍. അവഗണനയുടെയും അവജ്ഞയുടെയും നാളുകള്‍ നീളുന്നുവെന്നല്ലാതെ അതൊരു വൃദ്ധനെ സംബന്ധിച്ച് മറ്റെന്താണ്? ടി. വി. കൊച്ചുബാവ തന്‍റെ 'വൃദ്ധസദന' ത്തിന്‍റെ ആമുഖത്തില്‍ പറയുന്ന അദ്ദേഹത്തിന്‍റെ അയല്‍പക്കത്തെ വൃദ്ധന്‍ അതുകൊണ്ടാണ് തന്‍റെ ആത്മഹത്യാകുറിപ്പില്‍ ഇങ്ങനെ എഴുതിയത്: "ഇനിയധികം ദൂരമില്ലെന്നറിയാം. എഴുപത്തഞ്ചില്‍നിന്ന് എഴുപത്താറുവരെ, കൂടിയാല്‍. അത്രടം കാത്തിരിക്കാന്‍ വയ്യ. മടുത്തു. പണിയെടുത്ത് ജീവിച്ചിട്ടൊടുവില്‍ മക്കളുടെ ഔദാര്യത്തില്‍ ഭിക്ഷക്കാരനെപ്പോലെ... വയ്യ." ദയാവധത്തിന് ഇവിടെ പ്രായം ചെന്നവരാരെങ്കിലും ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതിനു കാരണം, കൊതിപ്പിക്കുന്ന ഒന്നും അവരുടെ ജീവിതത്തിലില്ലെന്നുള്ളതാണ്. മരണം ഇഷ്ടപ്പെടുന്നതുകൊണ്ടല്ല, ജീവിതം വെറുത്തുപോകുന്നതുകൊണ്ടാണത്. അവരുടെ ചുറ്റുവട്ടത്തുള്ളവരുടെ നോട്ടങ്ങള്‍ അവരെ വല്ലാതെ കുറ്റപ്പെടുത്തുന്നു, മടുപ്പിക്കുന്നു.
പ്രായമായവര്‍ക്കു മിക്കപ്പോഴും പത്ഥ്യം ഭൂതകാലമാണ്. '80 -ലെ വെള്ളപ്പൊക്കത്തെപ്പറ്റിയും '86-ലെ വറുതിയെപ്പറ്റിയും തോരാതെ പറയാന്‍ മാത്രം അവര്‍ക്കുണ്ട്. പഴയമുഖങ്ങള്‍ക്കൊക്കെ അവരുടെ മനസ്സില്‍ നല്ല തെളിമയുമുണ്ട്. പക്ഷേ ഇന്നു രാവിലെ സംഭവിച്ചതുകൂടി അവര്‍ മറന്നുപോകുന്നു. ഓര്‍ത്തിരിക്കാന്‍ മാത്രമുള്ള ഒന്നും വര്‍ത്തമാനകാലം അവര്‍ക്കു കൊടുക്കാത്തതുകൊണ്ടാകുമോ അത്? അവര്‍ക്കിഷ്ടമുള്ള മറ്റൊന്ന് പരലോകമാണ്. മാലാഖമാരുടെ ചിറകടികളും ദൈവത്തിന്‍റെ പതുപതുപ്പുള്ള അങ്കിയും നിനവില്‍ അവരെ പൊതിയുന്നു. ഈ ലോകത്തൊരു സ്വര്‍ഗം നഷ്ടപ്പെട്ടതുകൊണ്ടാകുമോ അങ്ങേ ലോകത്തിലെങ്കിലും അവരതിനെ കാത്തിരിക്കുന്നത്? ഒന്നിടവിട്ട ദിവസങ്ങളില്‍ കുമ്പസാരിക്കുന്ന വൃദ്ധയെ മക്കളും കുമ്പസാരക്കാരനും ഒരുപോലെ ശകാരിക്കുകയാണ്. അവള്‍ക്കുമറിയാം താന്‍ വലിയ പാപിയൊന്നുമല്ലെന്ന്. പക്ഷേ ഉള്ളില്‍ കലപില കൂട്ടുന്ന വാക്കുകളെ എവിടേയ്ക്കെങ്കിലും ഒന്നു തുറന്നുവിടണ്ടേ? ദൈവകാരുണ്യത്തിന്‍റെ കൂടുകൂടി അവളെ ആട്ടിയകറ്റുന്നുണ്ടോ? സന്ന്യാസപരിശീലന നാളുകള്‍ക്കിടയില്‍ ഒരുകൊല്ലം കൂലിപ്പണിയൊക്കെയെടുത്ത് ആലമറ്റം എന്നൊരു ഗ്രാമത്തില്‍ ജീവിച്ചിരുന്നു. ഒരു ദിവസം വൈകുന്നേരം വൃദ്ധയായ ഒരമ്മ വന്ന് ഒരാളെ വീട്ടിലെ പണിക്കു വിളിച്ചു. പിറ്റേദിവസം അയാള്‍ ചെന്നയുടനെ കാപ്പി കുടിക്കാന്‍ കൊടുത്തു. പിന്നെ സംസാരമായി. ഇടയ്ക്കു പ്രഭാതഭക്ഷണം. പണിക്കു ചെന്നയാള്‍ അസ്വസ്ഥനായി. അവള്‍ സംസാരമൊട്ടു നിര്‍ത്തുന്നുമില്ല. സ്നേഹനിര്‍ബന്ധത്തിനു വഴങ്ങി ഉച്ചയൂണുകൂടി കഴിക്കേണ്ടി വന്നു. അതോടെ 'പണി' നിര്‍ത്തി അയാള്‍ ഇറങ്ങിയപ്പോള്‍ കൂലിയായി നൂറ്റമ്പതു രൂപ എടുത്തുകൊടുത്തിട്ട് അവള്‍ പറഞ്ഞു: "നിങ്ങളെ ഞാന്‍ വിളിച്ചത് പണിയിപ്പിക്കാനല്ല, സംസാരിക്കാനാണ്."
ആ അമ്മയുടെ മക്കളില്‍നിന്ന് ഏതെങ്കിലും വിധത്തില്‍ വ്യത്യസ്തനാണോ ദൈവമേ, ഞാന്‍! മക്കള്‍ക്കുവേണ്ടി നാരങ്ങാവെള്ളംപോലും കടയില്‍നിന്നു കുടിക്കാതിരുന്ന അപ്പന്‍, പനിപിടിച്ചു വിറയ്ക്കുന്ന മകന്‍റെ കട്ടിലിനരികെ നനഞ്ഞ തുണി നെറ്റിയിലിട്ടു കൊടുത്ത് ഉറങ്ങാതിരുന്ന അമ്മ. അവര്‍ക്കിരുവര്‍ക്കും പ്രണയിക്കാനും കലഹിക്കാനും സമയമുണ്ടായിരുന്നില്ല. രണ്ടു ലോകത്തിരുന്ന് മക്കള്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കി. ജീവിതം അവര്‍ക്കു കൊടുത്തതു തഴമ്പുവീണ കരങ്ങളും ചുളിവുവീണ മുഖങ്ങളും ഉറങ്ങാത്ത രാത്രികളുമാണ്. തിരികെ അവര്‍ക്കു കിട്ടിയതോ? ഒരു നാരങ്ങാമിഠായിപോലും വാങ്ങികിട്ടിയിട്ടില്ല. വല്യമ്മയുടെ കൂടെ പറമ്പിലേക്കു പോകുമ്പോള്‍, തിരക്കിട്ട പണികള്‍ക്കിടയില്‍ അമ്മ ഓടിവന്നിരുന്നു, വെറുതെ ഒന്നു കാണാന്‍. ഇന്നോ? ഒരാള്‍ അസുഖംവന്നു വീഴുമ്പോള്‍ മറ്റേയാള്‍ക്ക് ആശ്രയം അയല്‍പക്കക്കാരാണ്. ഒരു ഫോണ്‍ വിളിയില്‍ ഒതുക്കുകയാണ് എല്ലാ കടപ്പാടുകളും.
ആറും അറുപതും ഒരുപോലെ എന്നതാണല്ലോ നമ്മുടെ പ്രമാണം. അതുകൊണ്ട് വീട്ടിലെ എല്ലാ ചര്‍ച്ചകളില്‍നിന്നും തീരുമാനങ്ങളില്‍ നിന്നും ആറുവയസ്സുകാരനും അറുപതു വയസ്സുകാരനും ഒഴിവാക്കപ്പെടുകയാണ്. ജോലിയുള്ള അപ്പനു സ്ഥലം മാറ്റമെങ്കില്‍ കുഞ്ഞിനും മാറ്റമാണ്. ഒരു മുന്നറിയിപ്പുമില്ല. തന്‍റെ സൗഹൃദച്ചരടുകള്‍ പൊട്ടിച്ചുകളയേണ്ടിവരുന്ന അവന്‍റെ വേദന ആരുടെയും ശ്രദ്ധയില്‍പ്പെടുന്നില്ല. ഇതുതന്നെയാണ് നരച്ചയാളുടെയും സ്ഥിതി. തന്‍റെ ഭാര്യയുടെ ശവകുടീരത്തിനടുത്തുനിന്ന് എങ്ങോട്ടുമില്ലെന്ന് അയാള്‍ പറയുമ്പോള്‍, നമുക്കത് വെറും ദുശ്ശാഠ്യമാണ്. ആറുവയസ്സുകാരിയുടെ കാര്യത്തിലെന്നതുപോലെ അറുപതുവയസ്സുകാരിയുടെ കാര്യങ്ങളും മറ്റുള്ളവര്‍ നിര്‍ണ്ണയിക്കുന്നു: ചട്ടയും മുണ്ടും മാത്രം ഇഷ്ടമുള്ളവളെ നൈറ്റിയിടുവിക്കുന്നു, മുടി ബോബ് ചെയ്യുന്നു, എപ്പോഴെങ്കിലും കുളിപ്പിക്കുന്നു. ചോദ്യങ്ങളില്ല, പറച്ചിലുകളില്ല. ടി.വി.യില്‍ കുര്‍ബാന കാണുന്നത് പള്ളിയില്‍ പോകുന്നതിനു തുല്യമാണെന്നു കല്പിക്കപ്പെടുന്നു. അവര്‍ ആഗ്രഹിക്കാത്ത ഇടങ്ങളിലേക്ക് അവര്‍ ആഗ്രഹിക്കാത്ത നേരത്ത് നിരന്തരം വലിച്ചുകൊണ്ടുപോകപ്പെടുന്നു. കല്‍പ്പറ്റ നാരായണ്‍ ഉദ്ധരിക്കുന്ന ഷെന്‍സില്‍വെര്‍സ്റ്റീന്‍റെ ഒരു കഥയുണ്ട്: കുട്ടി മുത്തച്ഛനോടു പറയുകയാണ്, "മുത്തച്ഛാ, ഇടയ്ക്കിടെ എന്‍റെ കൈയില്‍നിന്നും സ്പൂണ്‍ താഴെവീണു പോകുന്നു. അപ്പോഴൊക്കെ എനിക്കു ചീത്ത കേള്‍ക്കുന്നു." മുത്തച്ഛന്‍ പറയുന്നു, "എനിക്കും." കുഞ്ഞ് വീണ്ടും, "മുത്തച്ഛാ, ചിലപ്പോഴൊക്കെ ഞാനറിയാതെ കിടക്കയില്‍ മൂത്രമൊഴിച്ചുപോകുന്നു." മുത്തച്ഛന്‍ വീണ്ടും, "ഞാനും." "പക്ഷേ മുത്തച്ഛാ, അതിലൊക്കെ സങ്കടം, ഞാന്‍ പറയുന്നതാരും ശ്രദ്ധിക്കുന്നില്ലെന്നതാണ്." മുത്തച്ഛന്‍ അപ്പോള്‍ പേരക്കുഞ്ഞിന്‍റെ പുറം മെല്ലെ തലോടി: "കുഞ്ഞേ, ഞാന്‍ നിന്നെ മനസ്സിലാക്കുന്നു."
ഒരു വൃദ്ധയും വൃദ്ധനും ഒരുമിച്ചു നടന്നു പോകുകയാണ്. കാല്‍വയ്പുകള്‍ ഇടറുന്നുണ്ട്. പുറകേ വരുന്നവരൊക്കെ അവരെ കടന്നുപോകുന്നു. യാത്രയ്ക്കൊടുവില്‍ അവരിരുവരും ഏറ്റവും അവസാനത്തെത്തിയിരിക്കും. ഒരു ഭയം എപ്പോഴും അവരെ വേട്ടയാടുന്നുണ്ട്: "ആര്‍ തനിച്ചാകും?" എന്നിട്ടും കാരുണ്യവും ആദരവും ആരുമവര്‍ക്കു കൊടുക്കുന്നില്ല. ഉപയോഗമില്ലാത്തതൊക്കെയും വലിച്ചെറിയപ്പെടണമല്ലോ. 'കേരള കഫേ' എന്ന സിനിമയിലെ ഒരു ലഘു ചിത്രീകരണമാണു 'ബ്രിഡ്ജ്'. ഒരു വീട്ടിലെ കുഞ്ഞ് കട്ടിലിനടിയില്‍ ആരും കാണാതെ വളര്‍ത്തുന്ന തെരുവില്‍ നിന്നു കിട്ടിയ പൂച്ചക്കുഞ്ഞിനെ അപ്പന്‍ കണ്ടുപിടിച്ച് നഗരത്തിലെ മാലിന്യക്കൂമ്പാരത്തിലേക്കെറിയുന്നു. മറ്റൊരു വീട്ടിലെ പട്ടിണിക്കാരനായ കുടുംബനാഥന്‍ തന്‍റെ പടുവൃദ്ധയായ അമ്മയെ നഗരത്തിലെ തിയേറ്ററില്‍ കൊണ്ടുപോയി ഇരുത്തിയിട്ട് കടന്നുകളയുന്നു. ഒടുക്കം ആ അമ്മയും ആ പൂച്ചക്കുഞ്ഞും വഴിവക്കില്‍ കാത്തിരിക്കുകയാണ്...
കണ്ണീരും വിയര്‍പ്പുംകൊണ്ടു നനച്ചാണ് അവര്‍ തങ്ങളുടെ കുഞ്ഞിനെ കരുപ്പിടിപ്പിക്കുന്നത്. സനാഥരാണെന്നൊരു തോന്നല്‍ അപ്പോള്‍ അവരുടെ കൂട്ടിനുണ്ടാകും. പക്ഷേ എല്ലാം ഊറ്റിക്കൊടുത്ത് വറ്റിവരളുന്നതോടെ തങ്ങള്‍ തികച്ചും അനാഥരാണെന്ന തിരിച്ചറിവ് അവരിലേക്ക് അരിച്ചിറങ്ങുന്നു.
മാതാപിതാക്കളേ, മാപ്പ്!