news-details
മറ്റുലേഖനങ്ങൾ

തിരഞ്ഞെടുപ്പ് മണ്ണിനും മനുഷ്യനും വേണ്ടിയാവണം

കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്. പലര്‍ക്കും ഇതൊരു ചാകരയാണ്. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ കക്ഷികളിലെ ചെറുകിട ഇടത്തര നേതാക്കള്‍ക്കും ഇത് നല്ല അവസരമാണ്. എല്ലാവരും അതു പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. തിരഞ്ഞെടുപ്പുകള്‍ ഒരുതരം ഷോപ്പിംഗ് ഫെസ്റ്റിവല്‍ പോലെയായിട്ടുണ്ട്. ആയിരക്കണക്കിന് കോടി ഉറുപ്പിക ഒരു ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെലവഴിക്കപ്പെടുന്ന തിരഞ്ഞെടുപ്പവസരങ്ങള്‍ സാമ്പത്തികമേഖലയില്‍പ്പോലും ചെറിയ ഉണര്‍വുണ്ടാക്കും. ടാക്സിക്കാര്‍, ഉച്ചഭാഷിണിക്കാര്‍, പ്രസ്സുടമകള്‍, ഹോട്ടലുടമകള്‍, ബാറുടമകള്‍ തുടങ്ങിയവര്‍ക്ക് നേരിട്ടുതന്നെ സാമ്പത്തികമെച്ചമുണ്ടാകുന്ന അവസരമാണ് തിരഞ്ഞെടുപ്പ്. ഇങ്ങനെ പുറമെ കാണുന്നതും കാണാത്തതുമായ ഒട്ടനവധി കച്ചവടങ്ങള്‍ക്കുള്ള സാധ്യതകള്‍ തുറക്കുന്ന ഈ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ജനങ്ങള്‍ക്ക് ലാഭമോ നഷ്ടമോ? യഥാര്‍ത്ഥത്തില്‍ ഇവിടെ എന്താണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്? പ്രത്യക്ഷത്തില്‍ തോന്നുക, സ്ഥാനാര്‍ത്ഥികളും അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളുടെ പ്രകടനപത്രികകളുമാണ് ഒന്നിനൊന്നു മേന്മ അവകാശപ്പെട്ടുകൊണ്ട് തങ്ങളെ സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയോടെ സ്വയം വില്പനയ്ക്ക് വച്ചിരിക്കുന്നതെന്നാണ്. എന്നാല്‍  അല്പമൊന്നാലോചിച്ചാല്‍ മനസ്സിലാവും ഈ ഫെസ്റ്റിവലില്‍ വില്പനയ്ക്ക് വച്ചിരിക്കുന്നത് ജനങ്ങളെത്തന്നെയാണ്. ഇതാണ് ഈ ഉത്സവത്തിന്‍റെ സവിശേഷത. പുറത്തു കാണുന്നതല്ല അകത്തെ സത്യം.

ശരിയായ ജനാധിപത്യ വ്യവസ്ഥിയില്‍ രാഷ്ട്രീയാധികാരത്തിന്‍റെ പ്രഭവകേന്ദ്രം പൗരന്മാരാണ്. ജനാധിപത്യ ഭരണം പൗരന്മാരെ കൂടുതല്‍ക്കൂടുതല്‍ സ്വതന്ത്രരാക്കാന്‍ ലക്ഷ്യംവച്ചുള്ളതാവണം. കൂടുതല്‍ സ്വതന്ത്രരാവുക എന്നുപറഞ്ഞാല്‍ യഥേഷ്ടം അഴിഞ്ഞാടാന്‍ അവസരം ലഭിക്കുന്ന എന്നതല്ല, മറിച്ച് പൗരസമൂഹത്തെ കൂടുതല്‍ ഐക്യപ്പെടുത്താനും ആ ഐക്യത്തിലൂടെ, ആ ഐക്യം നല്‍കുന്ന പരസ്പര കരുതല്‍ മനോഭാവത്തിലൂടെ, അതു നല്‍കുന്ന സുരക്ഷിതത്വബോധത്തിലൂടെ, ബാഹ്യസ്വാധീനങ്ങള്‍ പരമാവധി ഒഴിവാക്കിക്കൊണ്ട് കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നവരും കൂടുതല്‍ സംസ്കാര സമ്പന്നരും ജീവിതത്തിന്‍റെ പൊരുള്‍ അറിയാന്‍ ശ്രമിക്കുന്നവരുമാകുക എന്നതാണ്. എന്നാല്‍ ഇന്നത്തെ തിരഞ്ഞെടുപ്പുകളും ഭരണപ്രക്രിയകളും സമൂഹത്തില്‍ ഭിന്നിപ്പും സംഘര്‍ഷവും വളര്‍ത്തുകയും എന്തിനും ഏതിനും ഭരണകൂട ഇടപെടല്‍ അനിവാര്യമാക്കുകയും ചെയ്യുന്നു. ഭരണകൂടങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ അത്രകണ്ട് അസ്വതന്ത്രരാകുന്നു. ഏറ്റവും കുറച്ചു ഭരിക്കുന്ന സര്‍ക്കാരാണ് നല്ല സര്‍ക്കാര്‍ എന്ന തോറോയുടെ അഭിപ്രായം ഇവിടെ പ്രസക്തമാണ്. ആ കുറഞ്ഞ ഭരണം തന്നെ ജനകീയ നിയന്ത്രണത്തോടെയായിരിക്കണം. കൂടുതല്‍ ഭരണവും ജനങ്ങളുടെമേലുള്ള കൂടുതല്‍ നിയന്ത്രണവുമാണിന്നത്തെ തെരഞ്ഞെടുപ്പും ഭരണവുമെല്ലാം ലക്ഷ്യംവയ്ക്കുന്നതെന്ന് മനസ്സിലാക്കാന്‍ പ്രകടനപത്രികകളും പ്രചരണങ്ങളും ശ്രദ്ധിച്ചാല്‍ മതി. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നല്‍കാന്‍ പോകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളെക്കുറിച്ചുമാണ് എല്ലാവരും പറയുന്നത്. കൂടുതല്‍ ഭരണകൂടാനുകൂല്യങ്ങള്‍ പറ്റുന്നവരും കൂടുതല്‍ ഭരണകൂടപദ്ധതികളുടെ ഗുണഭോക്താക്കളുമാക്കി നമ്മെ മാറ്റാമെന്നാണ് എല്ലാകക്ഷികളും സ്ഥാനാര്‍ത്ഥികളും വാഗ്ദാനം ചെയ്യുന്നത്. പോയകാലത്തെ ഇത്തരം വാഗ്ദാനങ്ങള്‍ പാലിച്ചതിന്‍റെയും പാലിക്കപ്പെടാത്തതിന്‍റെയും കണക്കുകളും വാദപ്രതിവാദങ്ങളുമാണ് പ്രചാരണരംഗത്ത് മുഴങ്ങിക്കേള്‍ക്കുന്നത്. ഭരണകൂടത്തിന്‍റെ ആനുകൂല്യങ്ങള്‍ പറ്റുന്ന പ്രജകളായി മാറാതെ ഭരണവ്യവസ്ഥയുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന പൗരന്മാരായി മാറുന്ന ഒരു വ്യവസ്ഥിതിയല്ലിവിടെ ലക്ഷ്യംവയ്ക്കുന്നത്.

ജനങ്ങളെ സ്വാശ്രയത്വത്തിലേക്കും സ്വാഭിമാനത്തിലേക്കും നയിക്കുന്ന പദ്ധതികള്‍ക്കുപകരം ജനങ്ങളെ ഗുണഭോക്താക്കളോ ആശ്രിതരോ ഇരകളോ ആക്കുന്ന പദ്ധതികളാണ് വികസനമെന്നപേരില്‍ എല്ലാ കക്ഷികളും മുന്നോട്ടുവയ്ക്കുന്നത്. വികസനം എന്നാല്‍ അത് വന്‍കിടമാവണമെന്നാണ് എല്ലാ കക്ഷികളും പറയുന്നത്. നമുക്കാവശ്യമുളള സോപ്പുല്പന്നങ്ങള്‍ അവരവരുടെ വീടുകളില്‍ ഉല്പാദിപ്പിക്കാനുള്ള പരിശീലനവും അസംസ്കൃത വസ്തുക്കളും കൊടുക്കുകയും ഈ വിധത്തില്‍ ഒരു ഉല്പാദന ഉപഭോഗ ശൈലി സോപ്പുല്പന്നങ്ങളുടെ കാര്യത്തില്‍ ഒരു നാട്ടില്‍ നിലവില്‍ വരികയും ചെയ്താല്‍ അതിനെയാരും വികസനപദ്ധതി എന്നു വിളിക്കില്ല. ഒരു വന്‍കിട സോപ്പുഫാക്ടറി അത് സ്വകാര്യ ഉമടസ്ഥതയിലോ പൊതുഉടമസ്ഥതയിലോ ആകട്ടെ, ഒരു സ്ഥലത്ത് സ്ഥാപിക്കപ്പെട്ടാല്‍ അതിനെ ഒരു വികസന പദ്ധതിയായി വിശേഷിപ്പിക്കുന്നു. ഈ വിചിത്ര വികസന സമീപനമാണ് ലോകമെങ്ങും നിലനില്‍ക്കുന്നത്. ഈ വികസന സമീപനത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഇവിടുത്തെ രാഷ്ട്രീയപ്രക്രിയകള്‍. അതിന്‍റെ ഭാഗമായുള്ള തിരഞ്ഞെടുപ്പുകളാണ് നടക്കുന്നതെന്നതിനാലാണ് തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളായി വന്‍കിട പദ്ധതികള്‍ പ്രകടനപത്രികയില്‍ സ്ഥാനംപിടിക്കുന്നത്.

ജനാധിപത്യം ഒരു ഭരണസമ്പ്രദായത്തെക്കാളുപരി ഒരു ജീവിതസമ്പ്രദായമാണ്. ഇവിടെ ജനങ്ങളാവണം സാമൂഹിക ചലനങ്ങളുടെ കേന്ദ്രബിന്ദു. പലരും ജനാധിപത്യത്തെ ഒരു ഭരണസമ്പ്രദായമായി ചുരുക്കിക്കാണുന്നു. അവര്‍ പറയുകയാണ്, ഇന്ന് കാണുന്ന തെരഞ്ഞെടുപ്പുസംവിധാനത്തില്‍ ഏതെങ്കിലും ഒരു പക്ഷത്ത് നിലയുറപ്പിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാണ് എന്ന്. ഈ വാദഗതിയാണ് ജനങ്ങളെ വഴിതെറ്റിക്കുന്നത്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്‍റെ എല്ലാ കാപട്യങ്ങളുമറിയാവുന്ന ജനങ്ങള്‍ ആദ്യഘട്ടത്തില്‍ തികച്ചും നിസ്സംഗരായിരിക്കും. ആരു ജയിച്ചാലും ഒന്നും സംഭവിക്കാനില്ല എന്നതാവും അവരുടെ പ്രതികരണം.

എന്നാല്‍ പ്രചരണം കൊഴുക്കുമ്പോള്‍ ജനങ്ങള്‍ക്കും മത്സരത്തില്‍ കമ്പം കയറും. മാധ്യമങ്ങള്‍ പ്രസരിപ്പിക്കുന്ന തിരഞ്ഞെടുപ്പു പനിയില്‍ ജനങ്ങളും ചൂടുപിടിക്കും. അവര്‍ സാവധാനം പോളിംഗ് ദിനത്തില്‍ ക്യൂവില്‍ സ്ഥാനംപിടിക്കും. മതി, ഇതു മതി, ഇതിനുമപ്പുറം വേണ്ടതാനും. ജനങ്ങള്‍ ഇതല്ലാതെ മറ്റെന്തുചെയ്യാന്‍ എന്നു പരിതപിക്കലുകൊണ്ടുദ്ദേശിക്കുന്നത് ഇതു തന്നെയാണ്.

ജനങ്ങള്‍ക്കു വേണ്ടിയാണ് ഈ തിരഞ്ഞെടുപ്പു പ്രക്രിയകളും വിക്രിയകളുമെല്ലാം നടക്കുന്നതെങ്കില്‍ ഇതൊന്നും ഇങ്ങനെയല്ല നടക്കേണ്ടത്. ജനങ്ങളുടെ സ്ഥാനാര്‍ത്ഥികളും, ജനങ്ങളുടെ പൊതുവികാരം  സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളുമില്ലാതെ പ്രകടിപ്പിക്കാനുള്ള അവസരവും, ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ ജനകീയ ഇച്ഛകള്‍ക്കു വിധേയനായി പ്രവര്‍ത്തിക്കുന്ന സാഹചര്യവും, ജനങ്ങളില്‍ നിന്നകന്നാല്‍ അയാളെ തിരികെ വിളിക്കാനുള്ള സംവിധാനവും വേണം. ഇന്നത്തെ തിരഞ്ഞെടുപ്പു സമ്പ്രദായത്തില്‍ നമ്മുടെ മുന്നില്‍ വരുന്നവരില്‍ നിന്നൊരാളെ തിരഞ്ഞെടുത്തയയ്ക്കുകയല്ലാതെ വേറെ വഴിയില്ല എന്നു പരിതപിച്ചുകൊണ്ട് ജനങ്ങളെ നിസ്സഹായരാക്കുന്നവര്‍ മേല്‍ സൂചിപ്പിച്ച നാലുകാര്യവും പ്രായോഗികമല്ല എന്നാവും പറയുക. എന്നാല്‍ നമ്മുടെ നാട്ടിലെ ചെറുതും വലുതുമായ എത്രയോ സംഘടനകളില്‍ വ്യത്യസ്തമായ ഒരു ജനാധിപത്യശൈലി നിലനില്‍ക്കുന്നു. സംഘടനകളുടെ ഭാഗഭാഗിത്വം ഏറ്റെടുക്കാന്‍ പൊതുവില്‍ സ്വീകാര്യരായ വ്യക്തികളെ നിര്‍ബന്ധിക്കുകയും അങ്ങനെ ഭാരവാഹികളാവുന്നവര്‍ സംഘടനാംഗങ്ങളുടെ കൂട്ടായ്മയുടെ കരുത്തിലും വിശ്വാസത്തിലും സംഘടനയെ നയിക്കുകയും ചെയ്യുന്നത് എത്രയോ സാധാരണമാണ്. സംഘടനാ ഭാരവാഹികള്‍ അംഗങ്ങളുടെ പൊതുവികാരത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവരെ അവിശ്വാസപ്രമേയം പാസ്സാക്കി തിരികെ വിളിക്കാനും കഴിയുന്നു. ഇതെല്ലാം സാധാരണയായി നാട്ടില്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിന് വലിയ വാര്‍ത്താമൂല്യവുമില്ല. തികച്ചും പ്രായോഗികമായി കാലങ്ങളായി നിലനില്‍ക്കുന്ന ഈ ജനാധിപത്യ ശൈലി എങ്ങനെ നമ്മുടെ രാഷ്ട്രത്തിന്‍റെ വിവിധ ഭരണതലങ്ങളില്‍ പ്രായോഗികമാകും എന്ന ആശങ്കയാവും ഇനിയുണ്ടാവുക. അതിനും ഉത്തരമുണ്ട്. എന്തിനാണ് ഇത്ര വലിയ നിയോജകമണ്ഡലങ്ങള്‍. നമ്മുടെ അയല്‍വക്കത്തുള്ള പത്തിരുപത് കുടുംബങ്ങള്‍ ചേര്‍ന്ന ഒരു ചെറിയ നിയോജകമണ്ഡലത്തെക്കുറിച്ച് സങ്കല്‍പ്പിച്ചു നോക്കൂ. ആ ചെറിയ നിയോജക മണ്ഡലത്തില്‍നിന്ന് ഒരു പുരുഷനും സ്ത്രീയും അഭിപ്രായസമന്വയത്തിലൂടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നത് തികച്ചും പ്രായോഗികമല്ലെ. അതിന് ഹൈക്കമാന്‍റില്‍നിന്നും പോളിറ്റ് ബ്യൂറോയില്‍നിന്നും സ്ഥാനാര്‍ത്ഥിപട്ടിക വേണ്ടല്ലോ. പോസ്റ്ററും ചുവരെഴുത്തും അനൗണ്‍സുമെന്‍റും മദ്യവും പണവും ബൂത്തുപിടിത്തവും ആവശ്യമില്ല.

അങ്ങനെ അഭിപ്രായസമന്വയത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ചെറിയ നിയോജകമണ്ഡലത്തിലെ  പ്രതിനിധികളിലൂടെ ഈ രാജ്യത്തെ ഏതു ഭരണരംഗത്തേക്കുമുള്ള തിരഞ്ഞെടുപ്പുകളും ലളിതമായും ജനകീയ ഇച്ഛ പ്രതിഫലിപ്പിച്ചുകൊണ്ടും നടത്താനാവുമല്ലോ. അടിസ്ഥാന നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ഏതവസരത്തിലും യോഗം ചേരാമല്ലോ. ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റിലേക്കുവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണം ആര്‍ക്ക് വോട്ടുചെയ്യണം എന്നു തുടങ്ങി എല്ലാ കാര്യങ്ങളും അവിടെ ചര്‍ച്ച ചെയ്യാവുന്നതും പൊതുസമ്മതപ്രകാരം തീരുമാനമെടുക്കാനും കഴിയുമല്ലോ. ആ തീരുമാനമനുസരിച്ച് രഹസ്യ ബാലറ്റിലൂടെയല്ലാതെ തുറന്ന വോട്ടിലൂടെ ഏതു ഭരണരംഗത്തേക്കുമുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനും നിയന്ത്രിക്കാനും വേണ്ടിവന്നാല്‍ തിരികെ വിളിക്കാനും അടിസ്ഥാന നിയോജകമണ്ഡലത്തിലെ പ്രതിനിധികളായ പുരുഷനും സ്ത്രീക്കും കഴിയുമല്ലോ. തുറന്ന വോട്ട് അടിസ്ഥാന നിയോജകമണ്ഡലത്തിലെ പ്രതിനിധികള്‍ വഴിതെറ്റുന്നില്ല എന്നുറപ്പുവരുത്താനാണ്. ഇന്നത്തെ തിരഞ്ഞെടുപ്പു രീതികളല്ലാതെ വേറെ വഴിയില്ലാ എന്ന് പരിതപിക്കുന്നവര്‍ക്ക് മുമ്പില്‍ ഈ ലേഖകന് ചൂണ്ടിക്കാണിക്കാനുള്ള ഒരു വഴിയാണിത്. മറ്റ് പലര്‍ക്കും പലവഴികളും ചൂണ്ടിക്കാണിക്കാനുണ്ടാവും.

ഒഴുക്കു നിലച്ച മലിനജലാശമായി ഇന്നത്തെ തിരഞ്ഞെടുപ്പു സമ്പ്രദായം നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. ഇത് കൂടുതല്‍ മലീമസമാകുമെന്നുറപ്പാണ്. ഇതില്‍ ഒരു ഒഴുക്കുണ്ടാക്കാതെ ഇത് ശുദ്ധീകരിക്കപ്പെടില്ല. കുറെ ശുദ്ധജലംകൂടി ഈ ജലാശയത്തില്‍ എത്തിച്ചാലും ഇത് ശുദ്ധീകരിക്കപ്പെടില്ല. ഒരു പക്ഷേ താല്‍ക്കാലികമായി മാലിന്യ സാന്ദ്രത കുറയുമായിരിക്കും. ശുദ്ധീകരണം വേണമെങ്കില്‍ ഒഴുക്കുണ്ടാകണം. ഒഴുകാനുളള കൈത്തോടുകള്‍ വെട്ടുകതന്നെ വേണം. ഏതു പുതിയ കൈത്തോട് വെട്ടുമ്പോഴും അതില്‍ അപ്രായോഗികത കാണുന്നവര്‍ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. അവര്‍ ചോദിക്കുന്ന പൊതുവായ ഒരു ചോദ്യമുണ്ട്. ചരിത്രത്തില്‍ എവിടെയെങ്കിലും ഇതുപോലെയൊന്ന് നടന്നിട്ടുണ്ടോ എന്നതാവും ആ ചോദ്യം. സ്വപ്നം കാണാനുളള കഴിവ് നഷ്ടപ്പെട്ടവരാവും അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുക. അത്തരക്കാര്‍ക്കുള്ള മറുപടി ഹിന്ദ് സ്വരാജില്‍ ഗാന്ധിജി നല്‍കുന്നുണ്ട്. അതിങ്ങനെയാണ്, "ചരിത്രത്തില്‍ ഇന്നുവരെ സംഭവിക്കാത്തത് ഇനിയും സംഭവിക്കില്ലെന്ന് കരുതുന്നത് മനുഷ്യന്‍റെ അന്തസ്സിലുള്ള അവിശ്വാസം തന്നെയാണ്".

അന്തസ്സിലാത്ത ഇന്നത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങള്‍ക്കും രാഷ്ട്രീയ അധികാരവ്യവസ്ഥയ്ക്കും  പകരം വഴിയുണ്ടോ എന്ന് മനുഷ്യന്‍റെ അന്തസ്സില്‍ വിശ്വാസമുള്ളവര്‍ ആലോചിക്കേണ്ട സമയമായിരിക്കുന്നു. ഇതുവരെ കേരളം കണ്ടതില്‍ ഏറ്റവും നിലവാരം കുറഞ്ഞ ഇത്തവണത്തെ തിരഞ്ഞെടുപ്പു യുദ്ധം അത്തരമൊരു അന്വേഷണത്തിനുളള പ്രകോപനമാകട്ടെ.

You can share this post!

പത്ത് കൗമാരപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts