news-details
കവർ സ്റ്റോറി

കുടിയേറ്റ തൊഴിലാളികളും നിയമവ്യവസ്ഥയും

വേലയ്ക്കൊത്ത കൂലിക്ക് അര്‍ഹരാണെങ്കിലും അതു നിഷേധിക്കപ്പെട്ടവര്‍, തൊഴിലെടുക്കുന്ന പ്രദേശത്ത് അധിവസിക്കുന്നെങ്കിലും പൗരരല്ലാത്തവര്‍, വോട്ടു ചെയ്യാന്‍ അവസരമില്ലാത്തവര്‍, ആരോഗ്യ പരിരക്ഷയ്ക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സൗജന്യ ശുശ്രൂഷയ്ക്ക് അര്‍ഹതയില്ലാത്തവര്‍, പൊതുവിതരണ സമ്പ്രദായത്തിലെ യാതൊരു ആനുകൂല്യങ്ങളും കൈപ്പറ്റാന്‍ യോഗ്യതയില്ലാത്തവര്‍ ഇങ്ങനെയൊരു വിഭാഗം നമ്മുടെ കേരളത്തിലുണ്ട് - കുടിയേറ്റ തൊഴിലാളികള്‍.

സമ്പദ്ഘടനയുടെ ഭാഗമാണെങ്കിലും ഇക്കൂട്ടര്‍ സമൂഹത്തിന്‍റെ പാര്‍ശ്വങ്ങളിലേക്ക് തഴയപ്പെട്ടിരിക്കുകയാണ്. സൗജന്യപ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങള്‍പോലും ഇത്തരക്കാരുടെ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല അഥവാ നല്കുന്നില്ല. കുടിയേറ്റ തൊഴിലാളികള്‍ പണിയെടുക്കുന്നു, കൂലി വാങ്ങിക്കുന്നു. അതിനപ്പുറം അവരിവിടെ അംഗീകൃത തൊഴിലാളികളോ, സമൂഹത്തിലെ അംഗങ്ങളോ അല്ല. അങ്ങനെ അംഗീകരിക്കാന്‍ ആരും തയ്യാറാകുന്നില്ല. അതിനാല്‍ത്തന്നെ അവര്‍ തൊഴിലാളി ക്ഷേമപദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. യാതൊരു വിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാകുന്നില്ല. ആരും അവരെ അര്‍ഹരാക്കുന്നുമില്ല.

അപകട സാധ്യതയേറെയുള്ളതും എന്നാല്‍ ആവശ്യത്തിനു സുരക്ഷാ സംവിധാനങ്ങളില്ലാത്തതുമായ തൊഴിലിടങ്ങളില്‍ നീണ്ട മണിക്കൂറുകള്‍ പണിയെടുക്കാന്‍ കുടിയേറ്റ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നു. അവര്‍ക്കു ലഭിക്കുന്ന ജീവിത സാഹചര്യങ്ങള്‍ ഏറ്റവും ശോചനീയമാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുപോലുമുള്ള സംവിധാനങ്ങള്‍ അവര്‍ക്കായി ഒരുക്കപ്പെടുന്നില്ല. ആരോഗ്യപരിരക്ഷയുടെ കാര്യത്തില്‍ ഇവരെ ആരും ബോധവത്കരിക്കുന്നില്ല. മുന്‍കരുതലുകളെപ്പറ്റി ഇക്കൂട്ടര്‍ തീര്‍ത്തും അജ്ഞരായതുകൊണ്ട് ഇവരില്‍ പലരും എച്ച്. ഐ. വി./ എയ്ഡ്സ് വാഹകരാണ്.

ബംഗാള്‍, ബീഹാര്‍, ഒറീസ, ആസാം എന്നിവിടങ്ങളില്‍ നിന്നായി വര്‍ഷംതോറും ആയിരക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍തേടി കേരളത്തിലെത്തുന്നു. മലയാളികള്‍ ഗള്‍ഫിലേക്ക് പോകുന്നതുപോലെയാണ് ഇക്കൂട്ടര്‍ കേരളത്തിലെത്തുന്നത്. കേരളത്തിന്‍റെ തൊഴില്‍മേഖല ഇക്കൂട്ടരെ പലവിധത്തില്‍ ചൂഷണം ചെയ്യുന്നുണ്ട്. കുടിയേറ്റത്തൊഴിലാളികള്‍ ഒരുപക്ഷേ കേരളത്തിലെത്തുന്നത് അംഗീകൃത കോണ്‍ട്രാക്ടറന്മാര്‍ വഴിയോ, എജന്‍റുമാര്‍ വഴിയോ ആകാം. ഇങ്ങനെ എത്തുന്ന തൊഴിലാളികളുടെ പേരും മറ്റു വിവരങ്ങളും ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു രജിസ്ട്രേഷന്‍ നടപടി ഇവിടെ നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇടനിലക്കാരില്ലാതെ നേരിട്ടെത്തുന്ന തൊഴിലാളികളുടെ അവസ്ഥ തികച്ചും ദയനീയമാണ്. കാലിച്ചന്തയില്‍ വില്‍ക്കപ്പെടുന്ന മാടുകളെപ്പോലെ 'തൊഴിലാളി ചന്ത' (Labour Market) യില്‍ അവര്‍ വില്‍ക്കപ്പെടുന്നു. ഇത്തരം ചന്തകളില്‍നിന്ന് മനുഷ്യന്‍  മനുഷ്യനെ വിലയ്ക്കുവാങ്ങുന്നു. ഇങ്ങനെ വില്‍ക്കപ്പെടുന്ന തൊഴിലാളികളുടെ എണ്ണമോ മറ്റു വിവരങ്ങളോ രേഖപ്പെടുത്തപ്പെടുന്നില്ല. കേരളത്തില്‍ തൊഴിലെടുക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ സ്ഥിതിവിവരക്കണക്ക് ഒരിക്കലും പൂര്‍ണമല്ല എന്നതാണ് ഇത്തരം തൊഴിലാളി ചന്തകളുടെ ദൂഷിതഫലം. ഇവരുടെ സംഖ്യ ഒരിക്കലും തിട്ടപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ഇവിടെ രൂപപ്പെട്ടിട്ടില്ല. കെട്ടിടനിര്‍മ്മാണ മേഖലയിലുള്‍പ്പെടെ ഏകദേശം അഞ്ചുലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നു എന്നാണ് ഏകദേശ കണക്ക്. വളരെ ചുരുങ്ങിയ എണ്ണം തൊഴിലാളികളെ ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളൂ. മെച്ചപ്പെട്ട തൊഴിലന്തരീക്ഷം, ഏകീകൃതമായ വേതനം, ആവശ്യമായ സുരക്ഷ ഇവയൊക്കെ നിഷേധിക്കപ്പെടുന്നതിനുള്ള ഒരു കാരണം നിയമാനുസൃത രേഖകള്‍ കൂടാതെ തൊഴിലില്‍ പ്രവേശിക്കുന്നതാണ്.

ഇവര്‍ക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചു കഴിഞ്ഞാല്‍  ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തൊഴില്‍ ദാതാക്കളാരും സന്നദ്ധരാകുന്നില്ല. ഒറീസ, തമിഴ്നാട്, ആസാം എന്നിവിടങ്ങളില്‍ നിന്നും എത്തിയ കുടിയേറ്റ തൊഴിലാളികളില്‍ ഏതാനുംപേര്‍ വ്യത്യസ്ത തൊഴിലിടങ്ങളില്‍ നടന്ന അപകടങ്ങളില്‍പെട്ട് മരണമടഞ്ഞതും അവര്‍ക്കാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ വന്ന കാലതാമസവും കേരളത്തിലെ മാധ്യമങ്ങളിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ചെങ്കിലും ഇന്നും ഇത്തരം തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ക്ക് ആവശ്യമായ നിയമങ്ങളോ, നടപടിക്രമങ്ങളോ രൂപപ്പെട്ടിട്ടില്ല. മറുനാടന്‍ തൊഴിലാളികളോടും നാടന്‍ തൊഴിലാളികളോടും ഇവിടുത്തെ തൊഴിലാളി സംഘടനകള്‍പോലും രണ്ടുതരത്തിലുള്ള നയങ്ങളാണ് സ്വീകരിക്കുന്നത്. നാടന്‍ തൊഴിലാളികളുടെ അവകാശപ്രശ്നങ്ങള്‍ ഈ തൊഴിലാളി യൂണിയനുകള്‍ക്കു സ്വീകാര്യവും മറുനാടന്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അസ്വീകാര്യവുമാണ്. മാധ്യമങ്ങളുടെ ഇടപെടലിലൂടെ പല സന്ദര്‍ഭങ്ങളിലും കുടിയേറ്റ തൊഴിലാളികളുടെ ചൂഷിതാവസ്ഥ വെളിച്ചത്തുവരാറുണ്ട്.

തൊഴില്‍ സാഹചര്യങ്ങള്‍, തൊഴിലിനുള്ള അവകാശം, വിവേചനരാഹിത്യത്തിനെതിരെയുള്ള സംരക്ഷണം എന്നിങ്ങനെ തൊഴിലാളിയുടെ സമഗ്ര പുരോഗതിയെ ലക്ഷ്യംവച്ചുകൊണ്ടുള്ള നിരവധി നിയമവ്യവസ്ഥകള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഇന്ത്യയില്‍ തൊഴിലെടുക്കുന്ന ഏതൊരു തൊഴിലാളിക്കും ബാധകവുമാണ്. പക്ഷെ പണിയെടുക്കേണ്ട സമയവും, മിനിമം വേതനവും, ബാലവേല നിരോധനവുമൊന്നും കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ ഇവിടെ പാലിക്കപ്പെടുന്നില്ല.

കുടിയേറ്റ തൊഴിലാളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചൂഷണങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും പ്രതിവിധിയായി ഇന്ത്യയില്‍ The Inter-State Migrant Workmen Act-1979 രൂപം കൊണ്ടിട്ടുണ്ട്. ഈ നിയമം അനുസരിച്ച് മിനിമം വേതനമോ അതില്‍ കൂടുതലോ, പാര്‍പ്പിട സൗകര്യം, ചികിത്സാ സഹായം, വസ്ത്രം, അത്യാഹിതങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് പരിഹാരങ്ങള്‍ തേടുക എന്നിവയൊക്കെ ഒരു തൊഴിലുടമ തന്‍റെ കീഴിലുള്ള കുടിയേറ്റ തൊഴിലാളിക്ക് നല്‍കേണ്ട ആനുകൂല്യങ്ങളാണ്. തൊഴില്‍ തര്‍ക്കങ്ങളില്‍ പരിഹാരം തേടുന്നതിനായി അതതു പ്രദേശത്തിന്‍റെ പരിധിയിലുള്ള നിയമപാലക സംവിധാനങ്ങളെ ഈ ആക്ട് അനുസരിച്ച് തൊഴിലാളിക്ക് സമീപിക്കാവുന്നതാണ്. നിയമലംഘനം നടന്നിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ ഈ ആക്ട് അനുസരിച്ച് തടവുശിക്ഷ വരെ വിധിക്കപ്പെടാം. പക്ഷേ, തന്‍റെ അറിവോടെയല്ല ആനുകൂല്യലംഘനം നടന്നതെന്ന് തെളിയിച്ചാല്‍ തൊഴിലുടമയ്ക്ക് നിയമനടപടികളില്‍നിന്ന് രക്ഷനേടാനും സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ The Inter-State Migrant Workmen Act കേവലമൊരു ആക്ട് മാത്രമാണ്; കടലാസില്‍ ഒതുങ്ങുന്ന അക്ഷരങ്ങള്‍ക്കപ്പുറം അത് പ്രാവര്‍ത്തികമാകുന്നില്ല. പ്രാവര്‍ത്തികമായ ചരിത്രവുമില്ല.

ഒരു സംഘടിതശക്തിയായി കുടിയേറ്റ തൊഴിലാളികള്‍ ഇവിടെ സംഘടിക്കുന്നില്ല. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നുമില്ല.  രാഷ്ട്രീയപാര്‍ട്ടികളെ സ്വാധീനിക്കാനുള്ള യാതൊരു കരുത്തും അവര്‍ക്കിവിടെയില്ല. കാരണം അവരിവിടുത്തെ വോട്ടര്‍പട്ടികയിലെ അംഗങ്ങളല്ലല്ലോ. ഇവിടെ നിലനില്‍ക്കുന്ന സമൂഹം ഇവരെ ഒരിക്കലും അംഗീകരിക്കുകയോ, പിന്‍തുണയ്ക്കുകയോ ചെയ്യുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമായ കാര്യം. ഇടപെടാന്‍ കൊള്ളാത്ത, സംസ്കാരശൂന്യരായ ഒരു വിഭാഗമായിട്ടാണ് ഇവരെ കരുതുന്നത്.

കേരള ഗവണ്‍മെന്‍റ് കുടിയേറ്റ തൊഴിലാളികളെ പൂര്‍ണ്ണമായും അവഗണിച്ചുവെന്നു പറയാനും വയ്യ. കുടിയേറ്റ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയ ആദ്യസംസ്ഥാനം കേരളംതന്നെ. കുടിയേറ്റ തൊഴിലാളിക്ഷേമപദ്ധതിയും ഗവണ്‍മെന്‍റിന്‍റെ പരിഗണനയിലുണ്ട്. പദ്ധതിയില്‍ പറഞ്ഞിരിക്കുന്ന യോഗ്യതയുള്ള ഏതൊരു കുടിയേറ്റ തൊഴിലാളിക്കും വര്‍ഷം മുപ്പതു രൂപവീതം നല്കി ഈ ക്ഷേമനിധിയില്‍ അംഗമാകാം. ഈ തുകയുടെ മൂന്നിരട്ടി ഗവണ്‍മെന്‍റും കേരള കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡും നിധിയിലേക്ക് അടയ്ക്കും.

ഇതിലെ അംഗങ്ങള്‍ക്ക് ലഭിക്കുന്ന പ്രധാന ആനൂകൂല്യങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. ക്ഷേമനിധിയില്‍ അംഗമായ തൊഴിലാളി മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് അന്‍പതിനായിരം രൂപവരെ ധനസഹായം ലഭിക്കും.

2. ആറുമാസക്കാലമെങ്കിലും തൊഴില്‍ചെയ്ത ഒരുവന് തൊഴിലിടത്തു വച്ചുണ്ടായ ഏതെങ്കിലും ഒരു അപകടത്തെ തുടര്‍ന്നോ, രോഗത്താലോ പണിയെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ടാല്‍ പതിനായിരം രൂപയില്‍ കുറയാത്ത ധനസഹായം നല്കും.

3. താല്‍ക്കാലിക അസുഖങ്ങള്‍ക്ക് ചികിത്സിക്കുന്നതിനായി പതിനായിരം രൂപവരെ ധനസഹായം നല്‍കും. നിശ്ചിത ആശുപത്രികളില്‍ കിടന്നു ചികിത്സയ്ക്കു വിധേയമാകുന്ന അംഗത്തിന് ദിവസം അന്‍പതു രൂപ നല്‍കും. രണ്ടായിരം രൂപ വരെ ഈയിനത്തില്‍ നല്‍കുന്നതാണ്.

4. അഞ്ചു വര്‍ഷക്കാലം ക്ഷേമനിധിയില്‍ പണം അടച്ച ഒരു അംഗം ജോലിയില്‍ നിന്നു പിരിഞ്ഞുപോകാന്‍ തീരുമാനിച്ചാല്‍ 5000-15,000 രൂപ വരെ ആനുകൂല്യം നല്‍കും.

5. ക്ഷേമനിധിയിലെ അംഗം മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റുമുള്ള സാമ്പത്തിക സഹായം നല്‍കും.

വളരെ പ്രശംസനീയമായ ഒരു പദ്ധതിയാണിത്. നിര്‍ഭാഗ്യമെന്നു പറയട്ടെ, സഹകരണക്കുറവും നടത്തിപ്പിലുള്ള അപാകതയും കാരണം പല പദ്ധതികളും പരാജയപ്പെടുന്നു.

കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വളരെ രൂക്ഷമാണ്. ഭരണസംവിധാനങ്ങളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സമൂഹത്തിന്‍റെയും തൊഴിലാളി സംഘടനകളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. ക്രമസമാധാനത്തിനും പൊതുആരോഗ്യത്തിനും നേരെ ഉരുത്തിരിയുന്ന ഭീകരാവസ്ഥ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം, നീതി, അന്തസ് എന്നീ അടിസ്ഥാന മൂല്യങ്ങളെതന്നെ തകിടം മറിക്കുന്നതാണ്. ഇന്ന് കേരളത്തിലെ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കു നേരെ ഇനിയും കണ്ണടച്ചിരുന്നാല്‍ അതിന്‍റെ ഭവിഷ്യത്തുകള്‍ ഭീകരമായിരിക്കും. ഈ ചൂഷണത്തിനെതിരെ ദേശീയതലത്തില്‍ പദ്ധതികള്‍ രൂപപ്പെടുത്തി പ്രവര്‍ത്തനമാരംഭിക്കേണ്ടിയിരിക്കുന്നു.

 

പരിഭാഷ: ലിസി നീണ്ടൂര്‍

You can share this post!

രണ്ടുവഴിക്കു പോയി ഒരുമിച്ചവര്‍

ജോര്‍ജ്ജ് വലിയപാടത്ത് കപ്പൂച്ചിന്‍
അടുത്ത രചന

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
Related Posts