ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഒരു ഫാക്ടറി പോലെയാണ് വീടുകളിലെ അടുക്കള. വീട്ടകങ്ങളിലെ ഏറ്റവും ആകര്‍ഷകമല്ലാത്ത ഇടം. ആരെയും ആകര്‍ഷിക്കത്തക്കതായി യാതൊന്നും അവിടെയുണ്ടാകാറില്ല. പലപ്പോഴും പുറത്തുനിന്നു ള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രുചി ഉല്‍പ്പാദിപ്പി ക്കുന്ന, അവിടെ പണിയെടുക്കുന്ന സ്ത്രീകളുടെ ചോരയും കണ്ണുനീരും വീണുണങ്ങിയ മരുഭൂമി. പല സ്ത്രീകളുടെയും സ്വപ്നങ്ങള്‍ വീണുടഞ്ഞുപോയ അരങ്ങായും, ബന്ധങ്ങള്‍ക്ക് വിള്ളലേല്‍പ്പിച്ച ഭൂകമ്പമായുമൊക്കെ രൂപം മാറുന്ന തൊഴിലിടം. മറിച്ചുള്ള അനുഭവങ്ങളും പലര്‍ക്കും പറയാനാ യേക്കും. അടുക്കളയുടെ പൊതുധാരണയെ തകിടംമറിക്കുന്ന ചലച്ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'.
ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ആദ്യസിനിമയായ രണ്ട് പെണ്‍കുട്ടികള്‍ മുതലിങ്ങോട്ടുള്ള എല്ലാ ചിത്രങ്ങ ളിലും പൊതുവേ സ്ത്രീപക്ഷ സമീപനമാണ് ജിയോ സ്വീകരിച്ചിട്ടുള്ളത്. ഈ സിനിമയും അതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല എന്നുമാത്രമല്ല പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്ത്രീപക്ഷത്തുനിന്നും ആദിയോടന്തം സംസാരിക്കുകയും ചെയ്യുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ഭക്ഷണവും അടുക്കളയും കൊതിപ്പിക്കുന്ന കാഴ്ച നല്‍കുന്ന മുന്‍കാല അടുക്കള ചിത്രങ്ങളെയാകമാനം തിരസ്കരിച്ചുകൊണ്ടാണ് ചിത്രം നമ്മോട് അടുക്കള കഥകള്‍ പറയുന്നത്. ഭൂരിഭാഗം ആളുകള്‍ക്കും തികച്ചും പരിചിതമാണ് സിനിമ ചിത്രീകരിച്ചിട്ടുള്ള ഇടങ്ങള്‍. നമ്മള്‍ തീരെ ശ്രദ്ധിക്കാത്തതോ, അവഗ ണിച്ചതോ ആയ രുചിഫാക്ടറിയുടെ രുചികരമല്ലാത്ത യഥാര്‍ത്ഥ ഇടം എന്ന രീതിയില്‍ തന്നെയായിരി ക്കണം സിനിമയ്ക്ക് മഹത്തായ ഭാരതീയ അടുക്കള എന്ന പേരും നല്‍കിയിട്ടുള്ളത് എന്ന് നിരീക്ഷിക്കാ വുന്നതാണ്.
അടുക്കളയിലേക്ക് പുതുതായി എത്തിയ പെണ്‍കുട്ടിക്ക് ഒട്ടും അപരിചിതത്വം തോന്നാത്ത സ്വീകരണമാണ് ലഭിക്കുന്നത്. പഴയമാതൃകയിലുള്ള വീടും പരിസരവും. എല്ലാ ദിവസവും മുടങ്ങാതെ വിളക്ക് വെക്കുന്ന തുളസിത്തറ. മറ്റെല്ലായിടങ്ങളും ആ വീട്ടില്‍ വൃത്തിയായി സൂക്ഷിച്ചിട്ടണ്ട്. അടുക്കള യൊഴികെ. മധുവിധുവിന്‍റെ ആദ്യദിനങ്ങളില്‍ അവള്‍ക്ക് ഒന്നും അറിയേണ്ടിവരുന്നില്ല. ഭര്‍ത്താ വിന്‍റെ അമ്മയുടെ വിശ്രമരഹിതമായ ഓട്ടങ്ങളാണ് ആ വീട്ടിലുള്ളവരുടെ വയര്‍ നിറച്ചിരുന്നത്. അവര്‍ക്ക് പരിഭവങ്ങളില്ല-അതിനു സമയമില്ല എന്നതാണ് ശരി. അമ്മ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് കണ്ടെത്തുന്നതിനുപോലും അവള്‍ക്ക് കഴിഞ്ഞിരു ന്നില്ല. രാവിലെ യോഗയില്‍ ദിവസം ആരംഭിക്കുന്ന ഭര്‍ത്താവും, ഉറക്കവും, മൊബൈല്‍ഫോണുമായി ദിവസം തള്ളിനീക്കുന്ന ഭര്‍തൃപിതാവും ഒരുക്കപ്പെട്ട ഊണുമേശയില്‍ കൃത്യമായി ഹാജരാകുന്നത് ഉടമ-അടിമബന്ധം പോലെയാണെന്ന് മനസിലാക്കു ന്നതിന് അവള്‍ക്ക് ആദ്യമൊന്നും കഴിഞ്ഞിരുന്നില്ല. ചവച്ചുതുപ്പിയ ഭക്ഷണാവശിഷ്ടങ്ങള്‍ പൂക്കളം തീര്‍ത്ത ഊണുമേശ അമ്മ തുടച്ചുനീക്കുന്നത് ആദ്യമൊന്നും അവള്‍ ശ്രദ്ധിച്ചിരുന്നില്ല. തങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കുകയും വിളമ്പിത്തരുകയും ചെയ്യുന്ന കൈകളുടെ ഉടമകള്‍ ഭക്ഷണം കഴിക്കു ന്നുണ്ടോ എന്നുപോലും ആ വീട്ടിലെ ആണുങ്ങള്‍ തിരക്കിയിരുന്നില്ല.
മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭര്‍ത്താ വിന്‍റെ അമ്മക്ക് ദൂരേക്ക് പോകേണ്ടിവരുമ്പോഴാണ് അവള്‍ പൂര്‍ണ്ണമായും ആ വീട്ടിലെ അടുക്കള ജോലികള്‍ ഏറ്റെടുക്കുന്നത്. ആദ്യദിനങ്ങളില വള്‍ക്ക് പകപ്പാണ്. ഉണ്ടാക്കിവെയ്ക്കുന്ന ഭക്ഷണ ത്തിന് ലഭിക്കുന്ന അഭിനന്ദനങ്ങള്‍ അവളെ തൃപ്തി പ്പെടുത്തിയിരുന്നു. അമ്മയുടെ അസാന്നിദ്ധ്യം നല്‍കിയ അടിയന്തരസാഹചര്യം മറികടക്കുന്നതിന് അവള്‍ക്ക് കഴിയുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവി ന്‍റെയും ഭര്‍തൃപിതാവിന്‍റെയും ഊണുമേശ ശീലങ്ങള്‍ പതിയെ അവളില്‍ സംഘര്‍ഷം നിറയ്ക്കാന്‍ ആരംഭിച്ചു. വളരെ നിഷ്കളങ്കമായാണ് ഭര്‍തൃപിതാവിന്‍റെ മാനസിക പീഡനങ്ങള്‍ അവള്‍ക്ക് നേരിടേണ്ടിവരുന്നത്. കേള്‍ക്കുന്ന ഒരാള്‍ ക്കുപോലും അത് ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങളായോ, വഴക്കുകളായോ തോന്നുകയില്ല. രുചി കൂടുന്നത് അമ്മിയിലരച്ച ഭക്ഷണത്തിനാ ണെന്നും, തനിക്കുള്ള ചോറ് വിറകടുപ്പില്‍ വേവി ച്ചാല്‍ മതിയെന്നും, വാഷിങ്ങ് മെഷീനില്‍ അലക്കിയാല്‍ തന്‍റെ തുണികള്‍ പൊടിഞ്ഞുപോകു മെന്നും വളരെ നിഷ്കളങ്കമായി, ചിരിയോടെ മരുമ കളോട് പറയുന്ന അയാളുടെ മനസ്സ് അടിമയെ സാവധാനം വിഷം നല്‍കി കൊല്ലുന്ന സാഡിസ്റ്റ് മനസ്ഥിതിയുടെ ഏറ്റവും ഉയര്‍ന്ന ഉദാഹരണമാണ്.
അമ്മയുണ്ടായിരുന്ന ദിവസങ്ങളില്‍ അവള്‍ക്ക് അടുക്കളയിലെ ജോലികള്‍ക്കുശേഷം കിടക്കയിലേ ക്കെത്തുവാനും ഭര്‍ത്താവിന്‍റെ കിടപ്പറതാല്‍പ്പ ര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള ഊര്‍ജ്ജവും മാനസികാവസ്ഥയും കൈവശമുണ്ടായിരുന്നു. അമ്മയുടെ അസാന്നിദ്ധ്യം സൃഷ്ടിച്ച വിടവ് നികത്തുന്നതിനായി അധികമായി മനസും ശരീരവും കൊടുക്കേണ്ടിവന്ന അവള്‍ക്ക് കിടക്ക യിലെ രതിവേളകള്‍ പീഡനങ്ങളായി മാറുകയാ യിരുന്നു. മാനസികമായ പിന്തുണയില്ലായ്മയുടെ കൂടെ ശാരീരികമായ വേദനകൂടി സഹിക്കേണ്ടിവന്ന അവള്‍ക്ക് നിവൃത്തിയില്ലാതെ വേഴ്ചക്കുമുമ്പുള്ള പരിലാളനരീതികളെക്കുറിച്ച് ഭര്‍ത്താവിനോട് അഭ്യര്‍ ഥിക്കേണ്ടി വരുന്നു. എന്നാല്‍ അദ്ധ്യാപകനെന്ന നിലയില്‍ മാത്രം മാനസിക പക്വതയാര്‍ജ്ജിച്ച അയാള്‍ അവളുടെ അഭ്യര്‍ത്ഥനയെ കീഴ്മേല്‍ ചവിട്ടിമറിച്ചു കളയുകയായിരുന്നു. അവള്‍ക്ക് പിന്നേയും കൂടുതല്‍ വേദനിക്കേണ്ടിവന്നു എന്നുള്ള താണ് അതുകൊണ്ടുണ്ടായ ഏകഗുണം.
ആര്‍ത്തവ ദിനങ്ങളില്‍ മറ്റൊരിടത്തേക്ക് മാറ്റ പ്പെട്ട അവള്‍ തികച്ചും ഏകാന്തവാസത്തിന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അതിവേദനയുടെയും, അസഹ്യതയുടെയും, ഏകാന്തത സൃഷ്ടിച്ച കടുത്ത മാനസികവ്യഥയുടെയും ആ നാലഞ്ച് ദിനങ്ങളില്‍ അവളെ അന്വേഷിക്കാനോ ആശ്വസിപ്പിക്കാനോ ഭര്‍ത്താവ് തയ്യാറാകുന്നുമില്ല. അരുതുകളുടെ കൂട നിറച്ചു അവള്‍ക്കു നേരെ നീട്ടപ്പെട്ട ദിവസങ്ങളില്‍ ആര്‍ത്തവത്തെക്കുറിച്ച് തീരെ ചിന്തിക്കാത്ത കീഴ് ജാതിയില്‍പെട്ട ജോലിക്കാരി മാത്രമായിരുന്നു അവള്‍ക്ക് കൂട്ട്. അവള്‍ തന്‍റെ വംശത്തിന്‍റെ ചൂര് നിറയുന്ന അക്ഷരങ്ങളില്ലാപ്പാട്ട് പാടി. അവളുടെ ചിന്തകള്‍ പങ്കുവെച്ചു. ഇല്ലായ്മകളെ മറികടക്കുന്ന തന്‍റെ സ്ഥൈര്യത്തെക്കുറിച്ച് പുഞ്ചിരിയോടെ വിശേഷങ്ങള്‍ പങ്കുവെച്ചു. ആര്‍ത്തവത്തിന്‍റെ അതിവേദനകള്‍ മറ്റൊരു സ്ത്രീക്കും, അടിച്ചമര്‍ത്ത ലിന്‍റെയും, ഒഴിവാക്കലുകളുടെയും, പീഡനങ്ങളു ടെയും നോവുന്ന കഥകള്‍ ഒരു കീഴാളജീവിത ത്തിനും മാത്രമെ ശരിയായി അവതരിപ്പിക്കാന്‍ കഴിയൂ.
തന്‍റെ കുടുംബത്തില്‍ താന്‍ ശീലിച്ചുവന്ന ഭക്ഷണശീലങ്ങളുടെ നേര്‍വിപരീതമായിരുന്നു ഓരോ ഊണുനേരങ്ങളും അവള്‍ക്ക് സമ്മാനിച്ചത്. ചവച്ചുതുപ്പിയ തീറ്റബാക്കികളും കടവായില്‍ നിന്നും ഒലിച്ചിറങ്ങിയ ഉമിനീരുവീണു നനഞ്ഞ മേശപ്പു റവും അവളില്‍ ഓക്കാനമുണ്ടാക്കി. തിന്നുതീര്‍ത്തു ബാക്കിയാക്കിയ ഭക്ഷണവും വിളമ്പുപാത്രങ്ങളും കഴുകിവൃത്തിയാക്കി അടുക്കളയടച്ച് മുറിയിലെ ത്തുന്ന ഓരോ പാതിരാത്രികളിലും അതിവേദനയി ലാകും അവസാനിച്ചിരുന്നത്. ഊണുമേശയിലെ അപരിഷ്കൃത ശീലങ്ങളെക്കുറിച്ച് പരാതി പറഞ്ഞ അവളെ വാക്കുകള്‍ കൊണ്ട് മര്‍ദ്ദിച്ച് നിശബ്ദയാ ക്കുന്ന ശൈലിയായിരുന്നു അയാള്‍ സ്വീകരിച്ചത്. തൊട്ടടുത്ത ദിവസങ്ങളില്‍ നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍ അയാള്‍ കാണിച്ച മേശമര്യാദ കണ്ട് അവള്‍ക്കത്ഭുതമാകുകയും അതേചൊല്ലിയുള്ള അവളുടെ തമാശ കലര്‍ന്ന പ്രതികരണം പ്രതികാരമനോഭാവത്തോടെയാണ് അയാള്‍ സ്വീകരിച്ചത്. വൃത്തിഹീനമായ പാത്രങ്ങള്‍ കഴുകുന്നതിനുള്ള പാത്രത്തൊട്ടിയുടെ പൈപ്പിലു ണ്ടാകുന്ന പൊട്ടല്‍ മാറ്റിനല്‍കുന്നതിനുപകരം തന്‍റെ ചര്യകള്‍ക്ക് മുടക്കം വരാതിരിക്കാനാണ് അയാള്‍ ശ്രമിച്ചത്.
തന്‍റെ കുടുംബത്തില്‍ തീരെ നടപ്പാക്കാതിരുന്ന സ്നേഹവും ഇടപെടലുകളും അയാള്‍ ജോലിയുടെ ഭാഗമായി വിദ്യാലയത്തില്‍ പഠിപ്പിക്കുന്നത് വളരെ ആധികാരികമായാണ്. സ്വന്തം കഴിവില്‍ വിശ്വസി ക്കുന്ന അവള്‍ ജോലി നേടണമെന്ന ആഗ്രഹത്തെ ഭര്‍തൃവീട്ടുകാര്‍ക്കു മുമ്പില്‍ വെക്കുകയും ജോലി യുടെ ആവശ്യം ഇപ്പോഴില്ല പിന്നീടാകാം എന്ന പതിവുപല്ലവിയില്‍ പെട്ടുപോകുകയും ചെയ്യു ന്നുണ്ട്. എന്നാല്‍ ഭര്‍തൃമാതാവിന്‍റെ നിര്‍ദ്ദേശ പ്രകാരം അവള്‍ ജോലിക്ക് അപേക്ഷ അയക്കു കയും ചെയ്യുന്നു. ശബരിമല ദര്‍ശനത്തിനായി വ്രതമെടുത്ത ഭര്‍ത്താവും പിതാവും വ്രതം സംബന്ധിച്ച ചിട്ടവട്ടങ്ങളില്‍ വീഴ്ച വരുത്തുന്ന അവളെ അതിമൃദുലമായി ശകാരിക്കുന്നുണ്ട്. വീണ്ടും ആര്‍ത്തവപ്രശ്നങ്ങളിലേക്ക് പോയ അവള്‍ക്ക് ഇക്കുറി അനുഭവിക്കേണ്ടി വരുന്നത് കടുത്ത മാനസിക പീഡനങ്ങളാണ്. ഇക്കുറി ജോലിക്കാരിക്ക് പകരം അമ്മായിയാണ് വീട്ടിലേക്ക് വന്നത്. വീടുമായി ബന്ധപ്പെട്ട അധികാരസ്വഭാവം കൂടിയുണ്ടായിരുന്ന അവര്‍ അവളുടെ എല്ലാ നിമിഷ ങ്ങളിലും ഇടപെടുന്നുണ്ട്. കിടന്നുറങ്ങാന്‍ കിടക്ക നിഷേധിക്കുന്നു, പകരം പായനല്‍കി വ്യഥകൂട്ടുന്നു. സ്ത്രീക്കു കൂട്ടായിരിക്കേണ്ടവര്‍തന്നെ അവരുടെ ജീവിതങ്ങളെ ഞെരുക്കിക്കളയുന്ന അതിവേദന യുടെ അനുഭവങ്ങളാണ് അവള്‍ക്ക് നേരിടേണ്ടി വന്നത്. ആര്‍ത്തവമൊഴിഞ്ഞ അന്നുതന്നെ അവളെ വീണ്ടും അടുക്കളയുടെ മടുപ്പിടത്തിലേക്ക് തള്ളി വിട്ടുകൊണ്ട് അമ്മായി വീടുവിട്ടുപോകുന്നുമുണ്ട്.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അവള്‍പങ്കു വെച്ച കുറിപ്പ് നീക്കംചെയ്യണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് നാട്ടിലെ ചിലയാളുകള്‍ വീട്ടിലെത്തു കയും,അവളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. ചെയ്തത് ശരിയെന്ന ഉത്തമബോദ്ധ്യം അവളെ വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിക്കുന്നു. തിരികെ വീട്ടിലെത്തിയ അവളെ അനുരഞ്ജനത്തിനാണ് വീട്ടുകാര്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ അത്തരം എല്ലാ ചര്‍ച്ചകളെയും നിരാകരിച്ചുകൊണ്ട് അവള്‍ തന്‍റെ ജീവിതം തുടരുകയും ചെയ്യുന്നു.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രം ഒരു കഥാപരിസരമല്ല പറഞ്ഞുപോകുന്നത്. പൊതു സമൂഹത്തില്‍ അവള്‍ അനുഭവിക്കുന്ന നിരവധി തിക്താനുഭവങ്ങളെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ സംയോജിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അടുക്കള ഏറ്റവും ഭീകരമായ ഒരു ജോലിപരിസരമാണെന്നും മുഴുവന്‍ സമയവും മടുപ്പ് നിറയ്ക്കുന്ന അനുഭവം ഉളവാക്കുന്ന ഒരു ഇടമാണെന്നും ചിത്രം വെളിവാ ക്കുന്നു. അഴുക്കും എച്ചിലും നിറഞ്ഞ പാത്രങ്ങളും സോപ്പും കരിയും നിറംപൂശിയ തറയുമെല്ലാം ഒരു സ്ത്രീയുടെ ആഗ്രഹങ്ങളെ കെടുത്തിക്കളയുന്ന ഒന്നായി മാറുകയാണ്. അടുക്കളയുടെ മടുപ്പ് പ്രേക്ഷകനിലേക്കും പകര്‍ന്നുതരുന്നരീതിയില്‍ ചിലയിടങ്ങളില്‍ ദൈര്‍ഘ്യമേറിയ സീനുകളാണ് നല്‍കിയിട്ടുള്ളത്. ഏതെങ്കിലും തരത്തിലുള്ള പശ്ചാത്തല സംഗീതം ചിത്രത്തില്‍ ഉപയോഗി ച്ചിട്ടില്ല. പകരം അടുക്കളയിലെ പാത്രങ്ങളുടെ സ്വാഭാവിക ശബ്ദവും, പ്രകൃതിയിലെ ശബ്ദങ്ങളും മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ സംഗീത ത്തിന്‍റെ യാതൊരു അധികബാധ്യതയുമില്ലാ തെയുള്ള സ്വാഭാവിക ആസ്വാദനം ചിത്രം പ്രദാനം ചെയ്യുന്നുമുണ്ട്. വളരെ മികച്ചരീതിയില്‍ ചെയ്ത എഡിറ്റിങ്ങും ചിത്രത്തിന്‍റെ നിലവാരം ഉയര്‍ത്തു ന്നുണ്ട്. കഥാപാത്രങ്ങളുടെ മാനസിക ഭാവഭേദങ്ങള്‍ അവര്‍ ഇടപെടുന്ന വസ്തുക്കളുടെ ശബ്ദവുമായി ചേര്‍ന്നു നില്‍ക്കുന്നുണ്ട്. അതിസൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതും, വൈകാരികവുമായ മതപരമായ ഒരു പ്രതിസന്ധിയും ചിത്രം പരാമര്‍ ശിക്കുന്നുണ്ട്. പൊതുസമൂഹത്തില്‍ ശബരിമല യുമായി ബന്ധപ്പെട്ട കോടതിവിധി സൃഷ്ടിച്ച അനുരണനങ്ങള്‍ കേരളസമൂഹം കണ്ടതുമാണ്. അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ ചിലത് ചിത്രത്തിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
വീടിന്‍റെ അകത്തളത്തില്‍ സ്ത്രീകള്‍ അനുഭവി ക്കുന്ന പൊതു പ്രശ്നങ്ങള്‍, അതിജീവിക്കാനാ കാതെ ക്ഷമയുടെയും സഹനത്തിന്‍റെയും പേരില്‍ ജീവിച്ചുതീര്‍ക്കുന്ന ധാരാളം ആളുകളുണ്ട്. ഇറങ്ങി പ്പോകലിന്‍റെ സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ട വരാണവര്‍. ലിംഗസമത്വത്തിന്‍റെ ബാലപാഠങ്ങള്‍ പഠിക്കേണ്ട കുടുംബത്തില്‍തന്നെ ഇരട്ടനീതിയില്‍ ജീവിക്കേണ്ടിവരുന്ന ആളുകളുണ്ട്. തങ്ങളുടെ സുരക്ഷക്ക് ഒട്ടനവധി നിയമങ്ങളുടെ പിന്‍ബലമു ണ്ടെങ്കിലും ഇരുട്ടില്‍തപ്പേണ്ടി വരുന്നവരുണ്ട്. സര്‍വ്വോപരി അടുക്കള പെണ്ണിടം മാത്രമാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ആണ്‍കോയ്മയുടെ കൊടി ക്കൂറ പേറുന്ന ആളുകളുണ്ട്. ഉടുത്തൊരുക്കി പ്രദര്‍ ശിപ്പിക്കാനും, അന്തിമയങ്ങുമ്പോള്‍ കിടക്കയില്‍ തൃഷ്ണകെടുത്താനുമുള്ള ഒരുപകരണമായി പെണ്ണിനെ കാണുന്ന നിരവധി ആണുങ്ങള്‍ ജീവിക്കുന്ന ഇടത്താണ് സമത്വത്തിന്‍റെ ഇത്തരം സന്ദേശങ്ങള്‍ ഉയരേണ്ടത്.
ഏറെ പ്രസക്തമായ സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്നു എന്നതില്‍ മാത്രമല്ല പറ യുന്ന കാര്യങ്ങള്‍ സത്യസന്ധമായി ആവിഷ്കരി ക്കുന്നു എന്നതും ഈ ചിത്രത്തിന്‍റെ മേന്‍മയാണ്. ഏറെ പുനര്‍വായനവേണ്ട ചിത്രങ്ങളിലൊന്നാണിത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ സാമൂഹിക ഇടങ്ങളും തുറന്നുകൊടുക്കപ്പെടുന്നതിലൂടെയും, അടുക്കളയിലെ നരകജീവിതം വിഭജിക്കപ്പെട്ടു നല്‍കുന്നതിലുടെയുമൊക്കെ നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന അവഗണനയുടെ ചരിത്രം തിരുത്തുന്നതിന് ഈ ചിത്രത്തിന്‍റെ കാഴ്ചകൊണ്ട് കഴിയുമെങ്കില്‍ അത് കല സമൂഹത്തോട് ചെയ്യുന്ന ഉത്തരവാദിത്തത്തിന്‍റെ പൂര്‍ത്തീകരണമാണെന്ന് നിസംശയം പറയാന്‍ കഴിയും. കുടുംബമായിട്ടാണ് ഈ സിനിമ കാണേണ്ടത്. അത് പ്രേക്ഷകന്‍റെ ഉത്തരവാദിത്തവുമാണ്. സിനിമ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്. ബാക്കി കാണുന്നവരുടേതാണ്.