1. ഈയിടെ ഒരു ശാസ്ത്രജ്ഞനെക്കുറിച്ച് പറഞ്ഞുകേട്ട ഒരു കാര്യം പറയാം. മൂപ്പരുടെ ഭാര്യയും ഒരു ഉയര്‍ന്ന ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥയാണ്. മൂപ്പര്‍ക്കും ഭാര്യക്കും കൂടി കിട്ടുന്ന ശമ്പളം മകന്‍റെ പഠിപ്പിനു തികയുന്നില്ലത്രേ. കുടുംബ ചെലവിന് അമ്മായിയപ്പന്‍റെ കയ്യില്‍നിന്ന് വാങ്ങിയാണ് മാസം അവസാനിക്കുന്നത് എന്ന്! മകന്‍ പ്ലസ് 2 പോലും കഴിഞ്ഞിട്ടില്ലെന്ന് ഓര്‍ക്കണം.
2. നാട്ടിലേക്ക് വരുമ്പോള്‍ ഒരു ഗുജറാത്ത് താമസക്കാരനായ മലയാളിയെ പരിചയപ്പെട്ടു. മൂപ്പര് മകളെ 10 നു ശേഷം ഗുജറാത്തില്‍ പഠിപ്പിക്കുകയാണ്. "ഉന്നത" വിദ്യാഭ്യാസം. ഒരു കൊല്ലം ഒന്നര ലക്ഷം ഫീസ്! അന്തം വിട്ടൊന്നുമില്ല. തിരുവനന്തപുരത്ത് പ്രൈവറ്റ് സ്കൂളില്‍ എല്‍. കെ. ജിയില്‍ ചേര്‍ക്കാന്‍ 20,000 രൂപ കൊടുത്തയാളെ ഞാനറിയും.
3. മറ്റൊരവസരത്തില്‍ ഐ ഐ ടികളെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഭാവി ശാസ്ത്രജ്ഞരുമായാണ് സംസാരം. ഒരു കൊല്ലം ഒരു ലക്ഷം വരെ ഫീസാണ് ഐ ഐ ടി കളില്‍ വാങ്ങുന്നത്...!!! ഇന്ത്യയിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്രയും ഫീസ് എന്ന് ഓര്‍ക്കണം. ഇതിന്‍റെ അന്യായത്തെപ്പറ്റി പറഞ്ഞപ്പോള്‍ എനിക്ക് കിട്ടിയത് എതിര്‍പ്പുകള്‍ മാത്രം. വാദങ്ങള്‍ ഇവയൊക്കെ: "ബാങ്കുകള്‍ ഉണ്ടല്ലോ ലോണ്‍ കൊടുക്കാന്‍," "ഗവണ്‍മെന്‍റിന് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ കഴിയണമെന്നില്ല. അപ്പോള്‍ "ഉപഭോക്താക്കള്‍" പണം കൊടുക്കട്ടെ." "ഈ പഠനം കഴിഞ്ഞാല്‍ ആരും ഗവണ്‍മെന്‍റിനു വേണ്ടി പ്രവര്‍ത്തിക്കില്ല. പ്രൈവറ്റ് മേഖലയില്‍ പോകും. അപ്പൊ അവരുടെ ചെലവെന്തിന് ഗവണ്‍മെന്‍റ് വഹിക്കണം?" "പൈസ കൊടുത്ത് പഠിച്ച് പ്രൈവറ്റ് കമ്പനിയില്‍ ഉന്നത വേതനത്തില്‍ ഇരിക്കണോ അതോ സൗജന്യമായി പഠിച്ചിട്ട് ഗവണ്‍മെന്‍റ് ജോലി (നിര്‍ബന്ധിതമൊ അല്ലാത്തതോ) ചെയ്യണോ" എന്നു ചോദിച്ചാല്‍ ആദ്യത്തേതല്ലേ നല്ലത്. അതിലല്ലേ സ്വാതന്ത്ര്യം?
4. തമിഴ്നാട്ടിലെ ഒരു കോളേജില്‍ നാഷണല്‍ സെമിനാര്‍: "മൂല്യാധിഷ്ഠിത വിദ്യാഭ്യാസം." യോഗപോലെ മൂല്യം പഠിപ്പിക്കാന്‍ പുതിയ ഡിപ്പാര്‍ട്ടുമെന്‍റ്! അതില്‍ ഒരു പേപ്പര്‍ അവതരിപ്പിക്കുന്നത് പ്രശസ്തമായ പി. എസ്. ജി. കോളേജിലെ പ്രിന്‍സിപ്പാള്‍. (ഈ കോളേജിലേക്ക് ഒരു ചടങ്ങിനു വരാനുള്ള ക്ഷണം അബ്ദുള്‍കലാം നിരസിച്ചിട്ടുണ്ട്. നിങ്ങള്‍ അറിവ് വില്ക്കുകയാണ് എന്നായിരുന്നു മുന്‍ രാഷ്ട്രപതിയുടെ കമന്‍റ്). ഒരു കാര്യമില്ലെന്നറിഞ്ഞിട്ടും എവിടെയെങ്കിലും കൊണ്ടാല്‍ കൊള്ളട്ടെ എന്നു വിചാരിച്ച് ഒരു ചോദ്യം ചോദിച്ചു: "ഞങ്ങളുടെ പിന്‍തലമുറക്ക് കുറച്ചെങ്കിലും സാമൂഹ്യബോധവും മൂല്യവും ഉണ്ടാവാന്‍ കാരണം അവരുടെ വിദ്യാലയ/ കലാലയ അന്തരീക്ഷമാണ്. അവരെ പഠിപ്പിച്ചത് സമൂഹമാണ്. അതിനാല്‍ സമൂഹത്തെ സേവിക്കണം എന്ന ബോധം കുറച്ചുപേര്‍ക്കെങ്കിലും ഉണ്ടായി. എന്നാല്‍ വരും തലമുറ പഠിക്കുന്നത് സ്വന്തം (വീട്ടുകാരുടെ അല്ലെങ്കില്‍ വീട്ടുകാരെടുത്ത ലോണിലെ) പണം കൊണ്ടാണ്. അറിവിനുപോലും വില നിശ്ചയിക്കുന്ന ഈ സമൂഹത്തിനെ എന്തിനവന്‍ സേവിക്കണം? വിദ്യാഭ്യാസം കച്ചവടമാക്കിക്കൊണ്ട് മൂല്യ ഡിപ്പാര്‍ട്ട്മെന്‍റ് തുടങ്ങിയിട്ടെന്തു കാര്യം?" ഉത്തരം വളരെ തമാശയായിരുന്നു (ചോദ്യം ചോദിച്ചതിന് എച്ച് ഒ ഡിയുടെ ചീത്ത പിന്നെ കേട്ടു). "മൂല്യം എന്നത് വ്യക്തിപരമാണ്. പൈസകൊടുത്ത് പഠിക്കുന്നവനും മൂല്യമുണ്ടായേക്കാം (!). നല്ലത് കിട്ടാന്‍ നിങ്ങള്‍ നല്ലത് കൊടുക്കുകയും വേണം."
5. ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ ക്ലാസിനു പുറത്ത് പോകാന്‍ പറഞ്ഞ ടീച്ചറോട് കുട്ടി: "എന്‍റച്ഛന്‍ 5 ലക്ഷം കൊടുത്താണ് ഞാനീ സീറ്റിലിരിക്കുന്നത്. വേണമെങ്കില്‍ ടീച്ചര്‍ പുറത്ത് പോയിക്കോ..." ടീച്ചറുടെ മറുപടി: "ഞാനിവിടെ പഠിപ്പിക്കുന്നത് 15 ലക്ഷം കൊടുത്താണ്. അതിനാല്‍ എനിക്ക് നിന്നെ പുറത്താക്കാനുള്ള അവകാശമുണ്ട്."
കഥകള്‍ നീണ്ടുപോകുന്നു. ഒരേ ഇതിവൃത്തം. "സ്വാശ്രയ വിദ്യാഭ്യാസം വാണിജ്യകേന്ദ്രമായി" (30 ഓഗസ്റ്റ് 2010) എന്ന സുപ്രീം കോടതി വിധിയാണ് പെട്ടെന്ന് ഇതെല്ലാം ഓര്‍മ്മിപ്പിച്ചത്.
എന്‍ ഡി എ സര്‍ക്കാരിന്‍റെ കാലത്താണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിടുകയും മാനവ വിഭവശേഷി വകുപ്പ് അതേറ്റെടുക്കുകയും ചെയ്തത്. വിദ്യാഭ്യാസത്തെപ്പറ്റി പഠിക്കാന്‍ അന്നത്തെ ഗവണ്‍മെന്‍റ് ബിര്‍ള - അംബാനിമാരെ ഏല്പ്പിച്ചു. അവരുടെ നിര്‍ദ്ദേശം പ്രൈമറി വിദ്യാഭ്യാസത്തില്‍ മാത്രം ഗവണ്‍മെന്‍റ് ഇടപെട്ടാല്‍ മതി, ബാക്കി ഞങ്ങള്‍ ബിസിനസ്സുകാര്‍ നോക്കിക്കൊള്ളാം എന്നാണ്. വിദ്യാഭ്യാസം മൂല്യമുള്ള ഒരു ചരക്കാണ് എന്ന് തുറന്നുപറയാന്‍ ഈ കമ്മറ്റിക്ക് ഒരു മടിയും ഉണ്ടായില്ല. കേരളം അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും കൂണുകള്‍ പോലെ എന്‍ജിനീറിങ്ങ്/ മെഡിക്കല്‍ കോളേജുകള്‍ പൊങ്ങി വന്നു. ആവശ്യത്തിനും അല്ലാതെയും അനവധി എന്‍ജിനീയര്‍മാര്‍/ ഡോക്ടര്‍മാര്‍. 10 ലക്ഷം മുടക്കി പുറത്തിറങ്ങുന്ന എന്‍ജിനീയറുടേയും, 30-50 ലക്ഷം കൊടുത്ത് ഡോക്ടറാവുന്നവരുടേയും സാമൂഹ്യ പ്രതിപത്തിയെക്കുറിച്ച് ഒന്നാലോചിച്ച് നോക്കൂ. രോഗിയുടെ രോഗം മാറണമെന്നല്ല, അയാളെക്കൊണ്ട് പറ്റുന്നത്ര ടെസ്റ്റുകള്‍ ചെയ്യിപ്പിച്ച് പറ്റുന്നത്ര മരുന്ന് തീറ്റിച്ച് ഈ ലക്ഷങ്ങള്‍ തിരിച്ച് പിടിക്കാനാകും ഈ ഡോക്ടറുടെ ചിന്ത!
ഇതൊന്നും പോരാഞ്ഞ് കോളേജുകളെ മൂല്യനിര്‍ണ്ണയം ചെയ്യാന്‍ (യൂണിവേഴ്സിറ്റികളെയും!) "നാക്" എന്ന ഗവണ്‍മെന്‍റേതര സ്ഥാപനത്തിനെ നിയമിച്ചു. കോളേജുകള്‍ മത്സരത്തിന് ഒരുങ്ങി. ഓരോ കോളേജും പുറമേയ്ക്ക് മോടിപിടിപ്പിച്ചു. കമ്മിറ്റിക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വിരുന്നൊരുക്കി. തമിഴ്നാട്ടില്‍ കമ്മിറ്റിക്കാര്‍ക്കായി വിദ്യാര്‍ത്ഥിനികളെ കാഴ്ചവയ്ക്കുകയടക്കം നടന്നു. ഏറ്റവും "നല്ല" കോളേജിന് "എ+". ബാക്കി താഴോട്ട്. എ+ കിട്ടിയ കോളേജിന് കൂടുതല്‍ പണം. ഡി കിട്ടിയ പാവപ്പെട്ട കോളേജുകള്‍ക്ക് ഏറ്റവും കുറഞ്ഞ പണം. പരിതസ്ഥിതികള്‍ മോശമായ കോളേജിനല്ലേ കൂടുതല്‍ ഫണ്ട് കൊടുക്കേണ്ടത് എന്ന ന്യായമായ ചോദ്യം ആരും ചോദിച്ചില്ല. കോളേജുകളെ കോര്‍പ്പറേറ്റ് മത്സര നിയമങ്ങളിലേക്ക് കൊണ്ടുവരാന്‍ നാക്കിന് എളുപ്പം കഴിഞ്ഞു. രാഷ്ട്രീയം പാടില്ല, പോസ്റ്ററുകള്‍ പാടില്ല എന്നീ ഷണ്ഡീകരണ പ്രവര്‍ത്തനങ്ങള്‍ കോളേജുകളില്‍ നടന്നുവന്നു. ഇടതുപക്ഷ അധ്യാപക സംഘടനകളടക്കം ഇതിനെ എതിര്‍ത്തില്ല, മറിച്ച് സ്വാഗതം ചെയ്തു. ഇതൊരു പ്രധാന വിഷയമായി എസ് എഫ് ഐ യൊ, എ ഐ എസ് എഫ് ഓ കണ്ടില്ല. എസ് എഫ് ഐ സഖാക്കള്‍ നാക് സ്വീകരണക്കമ്മിറ്റികളില്‍ അംഗങ്ങളായി ഞെളിഞ്ഞ് നിന്നു!
സ്വകാര്യവത്കരണം വിദ്യാഭ്യാസ രംഗത്ത് ദ്രുതഗതിയിലാണ് മുന്നേറുന്നത്. വിദ്യാഭ്യാസ രംഗത്തെങ്കിലും ബാക്കിനിന്നിരുന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ ഒരു പതിറ്റാണ്ടുകൊണ്ട് നിലംപൊത്തി. റിലയന്‍സ് യൂണിവേഴ്സിറ്റികള്‍ രാജ്യത്ത് വരാന്‍ പോകുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍ കോളേജിന്‍റെ പേരു ചേര്‍ത്ത് പല കിടയിലുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആവശ്യങ്ങള്‍ക്കായി ഉല്പാദിപ്പിക്കുക എന്നതിനു പകരം ഉല്പാദിപ്പിച്ച് കഴിഞ്ഞ് ആവശ്യങ്ങളുണ്ടാക്കുക എന്ന കാഴ്ചപ്പാടിലാണ് വിദ്യാഭ്യാസ രംഗം ഇന്ന്. ഒരു രാജ്യത്തിന് ഇത്ര ഡോക്ടര്‍, ഇത്ര എന്‍ജിനീയര്‍ വേണം എന്ന ആസൂത്രണം ചിന്തയില്‍ പോലുമില്ല. വികലമായ ഒരു അഭ്യസ്തവിദ്യ സമൂഹമാണ് ഇവര്‍ സൃഷ്ടിചെയ്തുകൊണ്ടിരിക്കുന്നത്.
അവസാനം വന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ പരിഷ്കാരങ്ങള്‍ നോക്കുക. ഭാഷ എന്നത് കമ്യൂണിക്കേഷന്‍ പഠനം മാത്രമാണിപ്പോള്‍ (പുതിയ സെമസ്റ്റര്‍ രീതിയില്‍). സയന്‍സ് പഠിക്കുന്നവന്‍ എന്തിന് ഷേക്സ്പിയറും ഷെല്ലിയും കാളിദാസനെയും ബഷീറിനെയുമെല്ലാം പഠിക്കണം എന്നാണവരുടെ ചോദ്യം. ഇന്ന് കോളേജുകള്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ ട്രെയിനിങ്ങ് സെന്‍റര്‍ ആണ്. (കമ്പനികള്‍ക്ക് ഇനി ട്രെയിനിങ്ങിനായി പണം മുടക്കേണ്ട. കോളേജ് നല്കും അത്). അടിസ്ഥാന വിഷയങ്ങള്‍ക്ക് പ്രാധാന്യം കുറയുകയും കൃത്രിമകോഴ്സുകള്‍ പെരുകുകയും ചെയ്യുന്നു. തമിഴ്നാട്ടില്‍ ഒരു കോളേജില്‍ അപ്ലൈഡ് ഹിസ്റ്ററി എന്നൊരു കോഴ്സ് തുടങ്ങി! 15 കുട്ടികളേയും കിട്ടി. 3 മാസമെടുത്തു കോഴ്സിന്‍റെ മണ്ടത്തരം മനസിലാക്കാന്‍. കോഴ്സ് പിന്‍വലിച്ചു. കുട്ടികള്‍ അവതാളത്തില്‍!
ശാസ്ത്ര സാമൂഹിക രംഗങ്ങളില്‍ നമുക്കുണ്ടായ മുന്നേറ്റത്തെ മുഴുവന്‍ പിറകോട്ടടിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ നയമാണ് ഇന്നു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യപുരോഗതിയെപ്പറ്റി വാതോരാതെ സംസാരിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പേരു പറഞ്ഞ് വിദ്യാഭ്യാസ കച്ചവടത്തെ ന്യായീകരിക്കുകയും ചെയ്യുന്ന ബുദ്ധിജീവികളെ നാം തിരിച്ചറിയേണ്ട കാലം വൈകി. സാമൂഹിക പരിവര്‍ത്തനത്തിനുതകുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനു പകരം സ്വാര്‍ത്ഥ മത്സരാര്‍ത്ഥികളെ സൃഷ്ടിക്കുകയാണിന്ന് വിദ്യാഭ്യാസരംഗം ചെയ്യുന്നത്. 'വികസനം' വരാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കോടിക്കണക്കിന് നികുതിയിളവ് നല്കുന്ന ഒരു ഗവണ്‍മെന്‍റിന് വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാനാവില്ല എന്ന വാദം എത്ര വിരോധാഭാസമാണ്...! ഡെന്‍മാര്‍ക്ക് പോലുള്ള രാജ്യങ്ങള്‍, ക്യൂബ എന്നിവിടങ്ങളിലെല്ലാം വിദ്യാഭ്യാസം മുഴുവനായും സൗജന്യമാണ്. ആണവത്തിനായി ദശലക്ഷം കോടികള്‍ ചെലവാക്കുന്ന ഇന്ത്യക്ക് എന്തുകൊണ്ടിത് സാധ്യമല്ല?