news-details
മറ്റുലേഖനങ്ങൾ

പരസ്പരാനന്ദ ജീവിതം സാധ്യമാണ്

അപരന് അവന്‍റെ ആവശ്യങ്ങളിലും ആകുലതകളിലും തുണയാകുന്നതു സ്വാഭാവികമായ ഒരു സന്നദ്ധ പ്രവര്‍ത്തനമായി കൊണ്ടുനടക്കുന്ന സത്കര്‍മ്മികള്‍ക്കു ക്ഷാമമുള്ള നാടല്ല നമ്മുടേത്. അപരനു തണുത്തുവിറയ്ക്കുമ്പോള്‍ നമുക്കു കിടക്കയില്‍ കമ്പിളി നിവര്‍ക്കാനാവാതെ വരുന്ന മാനസികാവസ്ഥയാണീ സന്നദ്ധബോധത്തിന്‍റെ പ്രേരണ. എന്നെക്കാള്‍ അര്‍ഹരായവര്‍, ഉച്ചയോടെ തീര്‍ന്നുപോയേക്കാവുന്ന വിഭവങ്ങളുള്ള മാവേലിസ്റ്റോറില്‍ പിന്നിലായി ക്യൂ നില്‍ക്കുമ്പോള്‍ എന്‍റെ പിന്മാറ്റം അവര്‍ക്കൊരുക്കുന്ന അവസരമാണീ സന്നദ്ധബോധത്തിന്‍റെ പ്രേരണ. സഹായത്തിനു നീട്ടിയ കൈക്കുമ്പിളില്‍ കാറിത്തുപ്പിയ കച്ചവടക്കാരനോട്, ഒക്കത്ത് പിടിച്ചിരുന്ന അനാഥക്കുഞ്ഞിനെ കൈമാറിപ്പിടിച്ച് "എനിക്കുള്ളതു തന്നു. ഇനി ഈ കുഞ്ഞിനുള്ളതു തരൂ" എന്നു യാചിച്ച മദര്‍ തെരേസയെപ്പോലെ ചുറ്റുപാടുമുള്ള ആളുകള്‍ക്കുവേണ്ടി അവരുടെ ആവശ്യങ്ങളറിഞ്ഞ് ശേഷിയുള്ളവരുടെ മുമ്പില്‍ കൈനീട്ടുവാന്‍, ചിലപ്പോള്‍ (ചിലപ്പോള്‍ മാത്രം) തുപ്പലുകള്‍ സ്വീകരിക്കുവാന്‍ മനസ്സൊരുക്കുന്നിടത്തു രൂപപ്പെടുന്ന പ്രേരണകളാണിതിനു പിന്നില്‍. യാചിക്കാന്‍പോലും അറിയാത്തവര്‍ക്കു വേണ്ടി ഞാന്‍ യാചനയുടെ കല അഭ്യസിക്കുന്നിടത്തു പൂര്‍ത്തിയാകുന്ന ഒരു വിദ്യാഭ്യാസം. നമ്മുടെ ഗ്രാമപരിസരങ്ങളിലും വീട്ടുമുറ്റങ്ങളിലും വ്യക്തികള്‍ പ്രകാശിതമാക്കുന്ന സന്നദ്ധ ബോധത്തെ നാം എത്രയോ തവണ തിരിച്ചറിഞ്ഞിരിക്കുന്നു.

ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച ചില അവശ്യസാധനങ്ങള്‍, നടന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച അനിവാര്യചടങ്ങുകള്‍, സാധിക്കുമോ എന്ന് ഉത്കണ്ഠപ്പെട്ട വിദ്യാഭ്യാസ/ ജോലി അവസരങ്ങള്‍, ചികിത്സ ഇവ ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരു പക്ഷേ ആഗ്രഹങ്ങളായിത്തന്നെ അവശേഷിച്ചേനെ, അതൊക്കെ ചിലയാളുകള്‍ അറിയാതെ പോയിരുന്നെങ്കില്‍. ആ ചിലയാളുകളാണ് ഇനി സമൂഹത്തിന്‍റെ 'റിജുവനേറ്റേഴ്സ്' (ഉത്തേജകങ്ങള്‍). അത്തരമാളുകള്‍ കുരുമുളകു വിറ്റാലും റബ്ബര്‍ വിറ്റാലും കോഴിമുട്ടയും പത്രകടലാസും വില്‍ക്കുമ്പോഴും ശതമാന കണക്കൊപ്പിച്ച് ഒരു തുക മാറ്റിയിടാറുണ്ടെന്നതു വളരെപ്പേരിലൂടെ തിരിച്ചറിയാനായിട്ടുണ്ട്. ചിലരാകട്ടെ അത്തരമൊരു വ്യവസ്ഥയും വയ്ക്കാതെതന്നെ 'പരിക്കുപറ്റുവോളം' (കടപ്പാട്: ബോബി ജോസ് കപ്പൂച്ചിന്‍) നല്‍കുന്നവര്‍. ശതമാനക്കണക്കല്ല കാര്യം അതിനുള്ള സന്നദ്ധതയും സാഹചര്യങ്ങളോടുള്ള പ്രതികരണവുമാണ്. അത്തരമാളുകളെപ്പറ്റി പലരും പറയാറുള്ളത് അവരുടെ വീടുകളില്‍നിന്ന് അധികമാരും ആശുപത്രികളില്‍ കയറേണ്ടി വരാറില്ലെന്നും കുടുംബത്ത് സമാധാനമുണ്ടെന്നുമാണ്. ഇനി അങ്ങനെയൊക്കെ വന്നാല്‍തന്നെ അത്തരം ഒരു 'സ്പെയ്സി'നെ മുറിവുകള്‍ കൂടാതെ സമാധാനപരമായി  അവര്‍ക്കു മറികടക്കാനാവുന്നുമുണ്ടത്രെ.

വളരെ അപ്രതീക്ഷിതമായുണ്ടാകുന്ന ഏതൊരു അധികച്ചെലവും താളം തെറ്റിച്ചേക്കാവുന്ന ജീവിതക്രമമാണ് വലിയൊരുപറ്റം സാധാരണക്കാരുടേത്. ഒരു അപകടം/ മാരകരോഗം/ മാറാവ്യാധി, തൊഴിലിലേര്‍പ്പെടാനാവാത്ത ജീവിത സാഹചര്യങ്ങള്‍, മുന്‍പ് സൂചിപ്പിച്ച സത്കര്‍മ്മികളാല്‍ ചൈതന്യവത്തായിരിക്കുമ്പോള്‍ ഇത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ അവര്‍ക്കും കഴിയുന്നു/ കഴിയേണ്ടതാണ്.

ഇവിടെയാണ് വളരെപ്പേര്‍ അറിഞ്ഞും അറിയാതെയും ചെയ്തുകൊണ്ടിരിക്കുന്ന ആവശ്യക്കാരന്‍റെയും സന്മനസ്സുള്ളവന്‍റെയും മധ്യേ പാലം നിര്‍മ്മിക്കുന്ന (bridge making) പണി ശ്രദ്ധേയമാവുന്നത്. 'ശ്രദ്ധ' യെന്ന സംഘടന അതിനു 'നിങ്ങള്‍'ക്കും 'നിങ്ങള്‍'ക്കും -ആവശ്യക്കാരായ നിങ്ങള്‍ക്കും, സന്മനസുകളായ നിങ്ങള്‍ക്കും-  ഇടയില്‍ ഞങ്ങളുണ്ട് എന്ന മനോഭാവത്തോടെ ചിലതു പ്രവര്‍ത്തിക്കുന്നു. ഈ ലേഖനത്തില്‍ 'നിങ്ങള്‍' എന്നത് 'ഞങ്ങള്‍' തന്നെയാണ്. ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ മധ്യസ്ഥം വഹിക്കുന്നത് ഒരു ആത്മീയ പ്രവര്‍ത്തനമാണ്. എന്നാല്‍ മനുഷ്യനും മനുഷ്യനുമിടയില്‍ മധ്യസ്ഥം വഹിക്കുക എന്ന പ്രവര്‍ത്തനമാകട്ടെ നമ്മുടെ മുന്‍പില്‍ തുറന്നുവയ്ക്കുന്നത് പരസ്പരാനന്ദ ജീവിതമെന്ന സാദ്ധ്യതയെയാണ്. ഈ പാലംപണിയല്‍ പ്രക്രിയ ഓരോരുത്തരും ഏറ്റെടുക്കുകയും അങ്ങനെ ഇല്ലാത്തവരുടെയും ഉള്ളവരുടെയും ഇടയിലുള്ള കൈമാറ്റത്തിന്‍റെ ഗതിവേഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണീ ആശയത്തിന്‍റെ സത്ത. ഇതിന്‍റെയൊക്കെ ഗുണഫലമനുഭവിക്കുന്നവര്‍ മറ്റു പലര്‍ക്കുംവേണ്ടി ഈ കൂട്ടിയിണക്കലില്‍ ഏര്‍പ്പെടണം. ഇങ്ങനെ മറ്റുള്ളവര്‍ക്കുവേണ്ടി യാചിക്കുന്നതും ശുപാര്‍ശ ചെയ്യുന്നതും ശീലമായിത്തീരുന്ന ഒരു സമൂഹം അതിനാല്‍ത്തന്നെ ചൈതന്യവത്തായിത്തീരുമെന്നതില്‍ സംശയമില്ല. മറ്റുള്ളവരുടെ പ്രശ്നങ്ങളെയും ആകുലതകളെയും തിരിച്ചറിയുന്നതിനുള്ള മനസ്സും മനോഭാവവും അവശ്യം വേണ്ടിവരും. എന്നാല്‍ അത് അവരില്‍ അസ്വസ്ഥതയും അസഹിഷ്ണുതയും ഉളവാക്കും വിധമുള്ള ഒളിഞ്ഞുനോട്ടങ്ങളാവുകയുമരുത്. അതു തിരിച്ചറിയാന്‍ ഹൃദയാര്‍ദ്രത നിലനിര്‍ത്തിയാല്‍ മാത്രം മതിയാവും.

പരസ്പരാനന്ദ ജീവിതം എന്ന്, അയല്‍ക്കൂട്ട വിചാരങ്ങളുടെ പ്രവാചകനായിരുന്ന ഡി. പങ്കജാക്ഷക്കുറുപ്പ് വിവക്ഷിച്ചത് ഇത്തരമൊരു സമൂഹക്രമത്തെയാവണം. ഒരാളും പട്ടിണി കിടക്കരുത്. പരിചരിക്കാനാവതില്ലാതെ കിടപ്പുരോഗികളായുണ്ടാവരുത്, വിവാഹം കഴിച്ചയയ്ക്കാനാവാതെ/ ചികിത്സിക്കാനാവാതെ/ പഠിക്കാനാവാതെ എന്‍റെ ഗ്രാമപരിസരങ്ങളിലാരുമുണ്ടാവരുത് എന്ന പാരസ്പര്യ വിചാരം ഓരോരുത്തരും കൊണ്ടുനടക്കുകയും പലതിനും പരിഹാരം കണ്ടെത്താനാവാതെ വരുമ്പോള്‍ അതിനാവതുള്ളവരെ അതേ പ്രശ്നങ്ങളിലേയ്ക്കു കൂട്ടിക്കൊണ്ടുവരുന്ന പ്രവര്‍ത്തനമാണിത്. സ്വസ്ഥരായിരിക്കുന്നവരില്‍ അസ്വസ്ഥത സൃഷ്ടിക്കുകയെന്നും പറയാം. ക്രിയാത്മക സംഘര്‍ഷം എന്ന ഒരു തരം ഗുണപരമായ അച്ചടക്കലംഘനത്തിലേക്ക് അവരെ വലിച്ചിഴയ്ക്കുക എന്നുതന്നെയാണിതിനര്‍ത്ഥം. നമുക്കെല്ലാം സ്വസ്ഥമാണെന്നു തോന്നുമ്പോള്‍ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അസ്വസ്ഥരാകണമെന്നും നമ്മുടെ മക്കള്‍ നേര്‍വഴിക്കായിരിക്കുന്നതില്‍ സ്വസ്ഥരായിരിക്കുമ്പോള്‍ അയല്‍പക്കത്തെ മക്കളുടെ വിപല്‍ജീവിതത്തില്‍ അസ്വസ്ഥരാകണമെന്നുമുള്ള ധ്യാനപ്രസംഗത്തിലെ സൂചനകള്‍ ബന്ധുക്കളിലൊരാള്‍ പങ്കുവച്ചതോര്‍ക്കുന്നു. അപ്പോള്‍ അസ്വസ്ഥരാകുന്നതു സത്കര്‍മ്മം തന്നെ.

എല്ലാവരും സ്വസ്ഥരാകാതെ സ്വസ്ഥത അനുഭവിക്കാനാവാത്ത ചില വ്യക്തികളെ കണ്ടുമുട്ടിയിട്ടുണ്ട്. കുടുംബബോധത്തെ വിപുലമാക്കുന്നവരാണിവര്‍. ഞാനും ഭാര്യയും മക്കളും എന്നതിനപ്പുറത്തേയ്ക്ക്, 'മതിലു'കള്‍ക്കപ്പുറം ('മതി ഇതിലേ') 'വാതിലു'കളാവുന്ന ('വാ ഇതിലേ' ) പൊതുവിചാരത്തിലേയ്ക്കുള്ള വളര്‍ച്ചയാണവരുടേത്. രാജഗിരി കോളേജിന്‍റെ സാമൂഹിക സേവനവിഭാഗമായ 'ഔട്ട് റീചാ'ണ് (മുന്‍പ് 'കാസ്പ്')  'നിങ്ങള്‍'ക്കും 'നിങ്ങള്‍'ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘടന. നിരാലംബരായ കുട്ടികളെ സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയിലേയ്ക്കും മറ്റും പണമേല്‍പ്പിച്ചു കൊടുക്കുന്ന ഒട്ടനവധി വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. തങ്ങളുടെ പണം സുതാര്യമായും നീതിപൂര്‍വ്വകമായും വിനിയോഗിക്കപ്പെടുന്നു എന്നു മാത്രമെ അത്തരമാളുകള്‍ക്ക് ഉറപ്പാകേണ്ടതുള്ളൂ.

ദൃശ്യ-അച്ചടി മാധ്യമങ്ങളും പലപ്പോഴും അവരുടേതായ സാധ്യതകളിലൂടെ 'നിങ്ങള്‍'ക്കും 'നിങ്ങള്‍'ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'കണ്ണാടി' യായും 'വേറിട്ട താളുക'ളായും 'ബോക്സ് ഐറ്റങ്ങ'ളായി അച്ചടി മാധ്യമങ്ങളും നിസ്സഹായരായ ആളുകള്‍ക്കു സന്മനസ്സുള്ള ആളുകളുടെ ശ്രദ്ധയിലേയ്ക്കും അവിടെനിന്ന് ഹൃദയത്തിലേയ്ക്കും വഴികാട്ടുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു കൈമാറുന്നതും ഈ കൂട്ടിയിണക്കല്‍ ശൃംഖലയില്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ തന്നെയാണ്.

മത-സാമുദായിക സംഘടനകള്‍ക്കും വളരെ ക്രിയാത്മകമായി സഹായങ്ങളുടെ 'ചാനലൈസിംഗ്' (തരംതിരിച്ചുവിടല്‍) നടത്താന്‍ കഴിയാറുണ്ട്. പക്ഷേ പലപ്പോഴും നറുക്കിട്ടെടുത്തും, നെല്ലും പതിരും തിരിച്ചും, യോഗ്യത നിശ്ചയിച്ചും (ദുഃശീലങ്ങള്‍, കൂദാശകളുടെ സ്വീകരണം, ഭക്തസംഘടനകളിലെ അംഗത്വം എന്നിങ്ങനെ) ഗുണഭോക്താവിനെ തെരഞ്ഞെടുക്കുമ്പോള്‍ സംഭാവനപ്പെട്ടി നിറഞ്ഞുകിടക്കുകയും വിനിയോഗം പരിമിതമാവുകയും ചെയ്യുമെന്നൊരു വസ്തുതയുണ്ട്. പക്ഷേ മതസംവിധാനങ്ങളിലൂടെ വിസ്തൃതമാക്കപ്പെടുന്നതു  ചാരിറ്റിയുടെ സുപ്രധാനമായ മണ്ഡലമാണ്.

രാഷ്ട്രീയരംഗത്ത് നില്‍ക്കുന്നവര്‍ക്കിടയില്‍ ഈ പാലം നിര്‍മ്മിക്കല്‍ പരിമിതമാണ്. ഒരുപക്ഷേ രക്തസാക്ഷികള്‍ക്കുവേണ്ടി മാത്രമോ, അതല്ലെങ്കില്‍, അപകടത്തില്‍പ്പെട്ട തൊഴിലാളിസംഘടനാ പ്രവര്‍ത്തകനെ സഹായിക്കുന്നതിനുവേണ്ടിയോ പൊതുസമൂഹത്തിനു മുന്‍പില്‍ ശുപാര്‍ശകള്‍ വയ്ക്കാറുണ്ടെങ്കിലും പൊതുവേ, അപേക്ഷാഫാറങ്ങള്‍ പൂരിപ്പിച്ചു നല്‍കി സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുന്നവിധം വ്യവസ്ഥാപിതവും താരതമ്യേന 'സ്ട്രഗിള്‍' കുറഞ്ഞതുമായ ഇടപെടലാണു അവരുടെയിടയില്‍ കണ്ടുവരാറുള്ളത്.

കേരള വികസന മാതൃകയിലെ പ്രധാന ചേരുവകളില്‍ ഒന്നായിരുന്ന സന്നദ്ധ പ്രവര്‍ത്തനത്തിന് ഇന്നും വളക്കൂറും വേരോട്ടവുമുള്ള മണ്ണാണിത്. മാറിയ സാമൂഹിക സാഹചര്യങ്ങള്‍ പിന്നോട്ട് വലിക്കുന്നുണ്ടെങ്കിലും മലയാളിയുടെ അടിസ്ഥാന സ്വഭാവം നിശ്ചയമായും സന്നദ്ധബോധത്തില്‍ അധിഷ്ഠിതമാണ്. വഴിയോരത്ത് നുരയും പതയുമൊഴുക്കി പിടഞ്ഞുവീഴുന്ന ചെറുപ്പക്കാരനെ താങ്ങിയെടുത്ത് പ്രഥമ ശുശ്രൂഷയിലേര്‍പ്പെടുമ്പോള്‍ അയാള്‍ ചാടിയെണീറ്റ് നിങ്ങള്‍ക്കുനേരെ ആക്രോശിക്കുകയും, നന്നായിട്ടൊന്ന് വ്യായാമം ചെയ്യാനുള്ള അയാളുടെ അവകാശം തടസ്സപ്പെടുത്തിയതില്‍ ക്ഷോഭിക്കുകയും ചെയ്യും. ക്ഷണമാത്രയില്‍ ക്യാമറകളുമായി ടെലിവിഷന്‍ ചാനല്‍പ്രവര്‍ത്തകര്‍ കടന്നുവരുകയും 'ഒടിയന്‍' പുരസ്കാരങ്ങള്‍ നല്‍കി നിങ്ങളെ 'അപമാനിക്കുകയും' ചെയ്യും. മുറിവേല്‍ക്കപ്പെട്ട ആത്മാഭിമാനവുമായി നിങ്ങള്‍ അമ്പരന്നു നില്‍ക്കുമ്പോള്‍ അവര്‍, ഇനിയുള്ള മലയാളികളുടെ സന്നദ്ധബോധത്തെ പരീക്ഷിക്കുന്നതിനും പരിഹസിക്കുന്നതിനുമായി നീങ്ങിത്തുടങ്ങിയിട്ടുണ്ടാകും.  ഇതിനൊക്കെയിടയിലാണ് നമ്മുടെ 'വളണ്ടറിസം' വളര്‍ത്താന്‍ ഇടം കണ്ടെത്തേണ്ടത്.

സന്നദ്ധ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീവമാക്കുന്നതിനു കൂട്ടിയിണക്കല്‍ പ്രക്രിയയിലൂടെ കഴിയും. വിനിയോഗിക്കപ്പെടാതെ പോകുന്ന കായികശേഷിയും ക്രയശേഷിയും പതിന്മടങ്ങായി പ്രയോജനപ്പെടുന്നതങ്ങനെയാണ്. അപ്പോഴാണ് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടും അദ്ധ്യാപകരോടും അവധി ദിവസങ്ങളില്‍ പാവപ്പെട്ട കുട്ടികള്‍ക്കു സൗജന്യ ട്യൂഷന്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നത്. രക്തദാനത്തിനു സന്മനസ്സുള്ളവരെ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പിലേയ്ക്കു കൊണ്ടുവരുന്നത്. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു നാട്ടിലെ ചില നിരാശരായ മനുഷ്യരെ ഒരു കത്തിലൂടെ പരിചയപ്പെടുത്തുന്നത്. ക്ലാസ്സ്മുറികളിലെ കൂട്ടായ്മകളോട് അവരുടെ സായാഹ്ന അജണ്ടകളോട് ചില സന്നദ്ധ പ്രവൃത്തികള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നത്. അതിലൊന്നായി, കോളേജ് പരിസരത്തെ കടത്തിണ്ണ  അന്തേവാസികള്‍ക്ക് ഒരു സന്ധ്യയില്‍ അപ്രതീക്ഷിതമായി കമ്പിളിപ്പുതപ്പുകള്‍ സമ്മാനിക്കുന്നത്. മറ്റൊന്നായി സ്കൂള്‍ ജംഗ്ഷനിലെ നാലുമണി തിരക്ക് നിയന്ത്രണം ഏറ്റെടുക്കുന്നത്. ഇതൊക്കെയാണ് നമ്മുടെ ചില ഓര്‍മ്മപ്പെടുത്തലുകള്‍ കൊണ്ടും ശുപാര്‍ശകൊണ്ടും ഈ ചെറുപ്പക്കാക്കു ചെയ്യാനാവുന്നത്. അതായത് ആവശ്യക്കാര്‍ക്കും അവരെ സഹായിക്കാന്‍ സന്മനസുള്ളവര്‍ക്കുമിടയില്‍ ഒരു സൗഹൃദകണ്ണി കൊരുക്കാന്‍ സാധ്യതകളേറെയുണ്ടെന്നു തിരിച്ചറിയുക, ഉണര്‍ന്നു പ്രവര്‍ത്തിക്കുക. 

You can share this post!

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts