news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

തിര തീരത്തേക്കടിച്ചു കയറ്റുന്ന മീന്‍കുഞ്ഞുങ്ങളെ പെറുക്കിയെടുത്തു കടലിലേക്കെറിയുകയാണ് ഒരു കുട്ടി. വഴിപോക്കന്‍ അവനോടു പറഞ്ഞു: "ലോകത്താകമാനം എത്ര മീന്‍കുഞ്ഞുങ്ങള്‍ തീരത്തടിയുന്നുണ്ട്. അവയില്‍ ഒന്നോ രണ്ടോ എണ്ണത്തിനെ മാത്രം രക്ഷിച്ചിട്ടെന്തു കാര്യം?"അതിനു കുട്ടിയുടെ മറുപടി: "വലിയ കാര്യമില്ലെന്നറിയാം. പക്ഷേ, ജീവന്‍ തിരികെക്കിട്ടുന്ന മീന്‍കുഞ്ഞുങ്ങള്‍ക്ക് അതു വലിയ കാര്യമാണ്."

ലോകത്താകമാനം പ്രശ്നങ്ങളാണെന്നാണു നാം പറയുന്നത്. അവയുടെ കാരണവും നമുക്കറിയാം: അനീതി, അഴിമതി, അധികാരക്കിടമത്സരങ്ങള്‍... അവയൊക്കെ നിരത്തിവച്ചിട്ട് നാം ആകുലപ്പെടുന്നു, "നമുക്കെന്തു ചെയ്യാന്‍ പറ്റും?" 'ആശുപത്രിയിലെ വൃത്തികേട്' എന്നപേരില്‍ ഒരു നുറുങ്ങുകഥയുണ്ട്. ഒരാള്‍ സര്‍ക്കാരാശുപത്രിയിലേക്കു ചെല്ലുകയാണ്. അയാള്‍ അവിടെ കാണുന്നതു സഹിക്കാനാവാത്ത വൃത്തികേടുകളാണ് - മുറുക്കാന്‍കറ പറ്റിപ്പിടിച്ച ഭിത്തി, പൊട്ടിയ കുപ്പികള്‍, ഉപേക്ഷിച്ച സിറിഞ്ച്, രക്തംപുരണ്ട പഞ്ഞി... എന്തുചെയ്യാന്‍ പറ്റും? സഹിക്കാനാവുന്നില്ല അയാള്‍ക്കതൊക്കെ. അതുകൊണ്ട് അയാള്‍ അവിടെനിന്നു പോവുകയാണ്, അവിടേക്കു കാര്‍ക്കിച്ചു തുപ്പിയിട്ട്! ചുറ്റുവട്ടത്തെ കൂടുതല്‍ വൃത്തികേടാക്കാതിരിക്കുക എന്ന മിനിമം കാര്യമെങ്കിലും നമുക്കു ചെയ്യാവുന്നതേയുള്ളൂ. അതിനുപോലും പക്ഷേ പലപ്പോഴും ആകുന്നില്ലല്ലോ.

ബൈബിള്‍ തുടങ്ങുന്നത് ആകാശവും ഭൂമിയും ദൈവം സൃഷ്ടിച്ചു എന്നു പറഞ്ഞുകൊണ്ടാണ്. ബൈബിള്‍ അവസാനിക്കുന്നത് ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും സ്വപ്നം കണ്ടുകൊണ്ടുമാണ്. ഈ സ്വപ്നവുമായിട്ടാണു ക്രിസ്തു ഈ മണ്ണില്‍ നടന്നത്. തന്നാലാവും വിധം തന്‍റെ ചുറ്റുവട്ടത്തെ അവന്‍ സുന്ദരമാക്കിക്കൊണ്ടേയിരുന്നു. അവന്‍ ഒരു യുവാവിന്‍റെ പക്കലേക്കു ചെല്ലുകയാണ്. പിശാചുക്കളുടെ കൂട്ടമാണു താനെന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്. അവന്‍റെ മാതാപിതാക്കളും അധ്യാപകരും കൂട്ടുകാരിയും ഒക്കെ ചേര്‍ന്നു ചാര്‍ത്തിക്കൊടുത്ത പേര് അവനിന്നു മുഴുവന്‍ പകയോടെയും ഉപയോഗിക്കുകയാണ്. അവനു പഥ്യം ആളുകളുടെ ഇടമല്ല, മൃതശരീരങ്ങളുടെ ഇടമാണ്. അകത്തും പുറത്തും നിണമിറ്റുന്ന ആ കായേനെ ക്രിസ്തു തൊടുകയാണ്. മതവും മനുഷ്യനും ചേര്‍ന്നു പുറത്താക്കിയവന്‍റെ ശരീരത്തില്‍ ഒരുപാടുനാളുകള്‍ക്കുശേഷം ഒരു മനുഷ്യസ്പര്‍ശം! വാവിട്ടു നിലവിളിച്ചു പോകുന്നു അയാള്‍. തരിശായ മണല്‍ക്കൂനയില്‍നിന്നു മഴപെയ്ത്തില്‍ പുല്‍നാമ്പുണരുന്നതുപോലെ, അയാള്‍ ഉണര്‍ന്നെണീക്കുന്നു. സ്വര്‍ഗത്തിന്‍റെ ഒരു ചീന്ത് മണ്ണിനെ തൊടുന്നു.

ഇത്തരം അനേകം സംഭവങ്ങളുടെ ആകെത്തുകയാണ് ക്രിസ്തുവിന്‍റെ ജീവിതം. വളരെ ലളിതമാണ് ഈ ആത്മീയത എന്നുപറയുന്ന സംഗതി. അസ്തമിക്കാന്‍ പോകുന്ന സൂര്യനോടു നിനക്കുവേണ്ടി ഞാനീ രാത്രയില്‍ കത്തി നില്ക്കാം എന്നുപറയുന്ന മണ്‍ചിരാതിന്‍റേതുപോലുള്ള ഒരു ജീവിതം - അത്രയൊക്കെയേയുള്ളൂ അത്. ക്രിസ്തു തന്‍റെ അനുയായികളെക്കുറിച്ചു കണ്ട സ്വപ്നം അതു മാത്രമാണ്: നിങ്ങള്‍ ഈ മണ്ണിന്‍റെ ഉപ്പാകുക; ഈ ലോകത്തിന്‍റെ പ്രകാശമാകുക. ആര്‍ക്കും സാധ്യമാകുന്ന വളരെ ലളിതമായ കാര്യമാണത്. ഹൈദരാബാദില്‍ നിന്നുള്ള ഒരു ആര്‍മി ക്യാപ്റ്റന്‍ എഴുതിയ കുറിപ്പ് വായിച്ചതോര്‍ക്കുന്നു. തന്‍റെ ഷൂസു നന്നാക്കാന്‍ ഒരു ചെരുപ്പുകുത്തിയുടെ അടുത്തു ചെന്നതാണയാള്‍. കുറെയേറെ വിലപേശലിനൊടുക്കമാണ് ചെരുപ്പുകുത്തി ഷൂസു നന്നാക്കാന്‍ തുടങ്ങിയത്. അപ്പോളതാ, പൊട്ടിയ ചെരുപ്പുമിട്ട് ഒരാള്‍ ഒരുന്തുവണ്ടി വലിച്ചുകൊണ്ടുപോകുന്നു. ഈ ചെരുപ്പുകുത്തി അയാളുടെ അടുത്തുചെന്നങ്ങു ശകാരിക്കുകയാണ്: "ഇതിട്ടു നടന്നിട്ടു വീണുകാലൊടിഞ്ഞാലോ? ചെരുപ്പു നന്നാക്കിയിട്ടു പോടോ." ഉന്തുവണ്ടിക്കാരനാകട്ടെ ആകെ നിസ്സഹായനാണ്. അപ്പോള്‍ ചെരുപ്പുകുത്തി, കാശൊന്നും വാങ്ങാതെ അയാളുടെ ചെരുപ്പു നന്നാക്കികൊടുക്കുകയാണ്. പിന്നെ ഒന്നും സംഭവിക്കാത്ത മട്ടില്‍ ഷൂസിന്‍റെ പണി തുടരുന്നു.

ഒട്ടൊന്നു മനസുവച്ചാല്‍ സ്വന്തം ചുറ്റുവട്ടത്തെ സുന്ദരമാക്കാന്‍ ആര്‍ക്കുമാകും എന്നതാണു സത്യം. ചായ ഇറക്കിവിടാന്‍വേണ്ടി മാത്രം പത്രം വായിക്കുന്ന പതിവു നിര്‍ത്തിയിട്ട് ചുറ്റുവട്ടത്തേയ്ക്ക് ഒന്നു നോക്കുക. കരുവാളിച്ച മുഖവും വിങ്ങുന്ന മനസ്സും വിശക്കുന്ന വയറും ഒക്കെയുണ്ട് തൊട്ടടുത്തുതന്നെ. ഒന്നും നാം കാണുന്നില്ലെന്നേയുള്ളൂ.ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഗാര്‍ഡുകളോടു തടവുപുള്ളികളുടെ കണ്ണുകളിലേക്കു നോക്കരുതെന്നു പ്രത്യേകം കല്പിച്ചിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അറിയാതെയെങ്ങാനും അവരുടെ മനസ്സാക്ഷി ഉണര്‍ന്നുപോയാലോ? അതു തടയാനായിരുന്നു ആ ശാസന. ഹിറ്റ്ലറല്ല, നമ്മള്‍തന്നെ നമ്മോടു കല്പിച്ചിരിക്കുകയാണ് - ആരെയും നോക്കിപ്പോകരുത്. എന്നിട്ട് നാം നമ്മുടെ ആകുലതകളിലും ആഘോഷങ്ങളിലുംപെട്ട് പൊങ്ങുതടിപോലെ ഒഴുകിയൊഴുകി പോകുകയാണ്. ഒരു റിട്ടയേര്‍ഡ് ബാങ്കുദ്യോഗസ്ഥനെ എടുക്കുക. ജോലി ചെയ്തിരുന്ന നാളില്‍ എന്തൊക്കെ ആകുലതകളായിരുന്നു അയാള്‍ക്ക്: വീട്, കാറ്, മകളുടെ കല്യാണം, മകന്‍റെ ജോലി... പെന്‍ഷന്‍ പറ്റിയതിനുശേഷം ഇപ്പോള്‍ പുതിയ ആകുലതകളാണ്: വാതം, പ്രമേഹം, ദഹനക്കേട്... അയാളോടു സംസാരിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം വാതമോ ദഹനക്കേടോ ആണെന്നു തോന്നിപ്പോകും. ക്രിസ്തു രണ്ടാമതൊരിക്കല്‍കൂടി പാലസ്തീനായിലേക്കു വരുന്നതിനെപ്പറ്റി ഒരു കഥയുണ്ട്: സന്ധ്യയാണു സമയം. അവന്‍ തെരുവുകളിലൂടെ നടക്കുന്നു. ഒരു മൂലയില്‍ ഒരാള്‍ പൂസായി കിടക്കുകയാണ്. അടുത്തു ചെന്നപ്പോഴാണ് ക്രിസ്തു അറിഞ്ഞത് - താന്‍ പണ്ടു സുഖപ്പെടുത്തിയ കുഷ്ഠരോഗിയാണത്! കുറച്ചുകൂടി  മുന്നോട്ടു പോയപ്പോള്‍ അവന്‍ കാണുന്നതു ഗണികയുടെ പിറകെപോകുന്ന ഒരാളെയാണ്. അത് അവന്‍ കാഴ്ച കൊടുത്ത അന്ധനായിരുന്നു! കുറെക്കഴിഞ്ഞപ്പോള്‍ നിരത്തിന്‍റെ മൂലയിലിരുന്നു കരയുന്ന ഒരാളെ അവന്‍ കാണുകയാണ്. അതു ലാസറായിരുന്നു. ഇത്തവണ സഹിക്കാനായില്ല ക്രിസ്തുവിന്. അയാളുടെ തോളത്തുപിടിച്ചു കുലുക്കികൊണ്ട് അവന്‍ ചോദിക്കുന്നു: "എന്തേ ലാസര്‍, എന്തേ നീ കരയുന്നു?" അയാള്‍ അപ്പോള്‍ തിരിച്ചുചോദിക്കുകയാണ്: "എന്തിനാണു കര്‍ത്താവേ നീയെന്നെ വീണ്ടും ജീവിപ്പിച്ചത്? ഈ ജീവിതംകൊണ്ടു ഞാനെന്തു ചെയ്യാനാണ്?" ക്രിസ്തുവിനെ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞിട്ടുണ്ടാകണം ആ ചോദ്യം. പല രീതിയില്‍ ഇതേ ചോദ്യം നാമും ആവര്‍ത്തിക്കുന്നു എന്നതല്ലേ സത്യം?

തിരക്കുള്ള ഒരു ബസ്. സീറ്റിലിരിക്കുന്ന പെണ്‍കുട്ടി എപ്പോഴോ തിരിഞ്ഞുനോക്കുമ്പോള്‍ അതാ പിറകില്‍ നില്ക്കുന്നു ഒരു വൃദ്ധ. "അയ്യോ സോറി" എന്നുപറഞ്ഞ് പൊടുന്നനെ എഴുന്നേറ്റ് അവള്‍ അവരെ പിടിച്ചിരുത്തുന്നു. അവളെ നോക്കിക്കൊണ്ടു നില്ക്കുന്ന നിങ്ങള്‍ക്ക് അവളുടെ സൗന്ദര്യം പെട്ടെന്നു വര്‍ദ്ധിച്ചതായി തോന്നുന്നു. ആര്‍ക്കെങ്കിലും വെളിച്ചമായി മാറുന്നവരുടെ ജീവിതത്തിന് അവരറിയാതെതന്നെ മാറ്റുകൂടുന്നുണ്ട്. ദാഹിക്കുന്നവനു വെള്ളം കൊടുത്താല്‍മതി, സ്വര്‍ഗം നിങ്ങളെ സ്പര്‍ശിക്കുമെന്ന വേദവചനം ഈ രീതിയില്‍ വായിച്ചെടുക്കാമെന്നു തോന്നുന്നു. സാധനങ്ങള്‍ വില്ക്കാന്‍വേണ്ടി നിങ്ങളുടെ വീട്ടുമുറ്റത്തെത്തുന്നു, വിയര്‍ത്തൊലിച്ച് ഒരുവള്‍. അവള്‍ക്കിത്തിരി മോരുവെള്ളം കൊടുക്കുക. അവളുടെ കുഞ്ഞിനെക്കുറിച്ച് ആരായുക. അന്നേദിവസം നിങ്ങളായിരിക്കാം ആദ്യമായി അവളോട് ഒരു മനുഷ്യനെന്ന നിലയ്ക്കു പെരുമാറിയത്. വൈകുന്നേരം വീട്ടില്‍ മടങ്ങിയെത്തുന്ന അവള്‍ തന്‍റെ കുഞ്ഞിനോടു നിങ്ങളെക്കുറിച്ച്  പറയുന്നത് ഒന്നോര്‍ത്തു നോക്കൂ. ഉറപ്പായും പുഞ്ചിരിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഉറങ്ങാനാകും.

കുറെനാള്‍ മുമ്പിറങ്ങിയ 'പ്രാഞ്ചിയേട്ടന്‍ & ദ സെയ്ന്‍റ്' എന്ന സിനിമ നമ്മുടെ ചില പരാക്രമങ്ങളെ പരിഹസിക്കുന്നുണ്ട്. നായകന്‍, തനിക്കു പത്മശ്രീ കിട്ടിയാലേ ഉറങ്ങാനാകൂ എന്നു വിചാരിക്കുന്നയാളാണ്. അതിനുവേണ്ടി അയാള്‍ പരക്കംപായുകയാണ്. ഒടുക്കം അയാള്‍ക്കു നിര്‍വൃതിയോടെ ഉറങ്ങാനാകുന്നുണ്ട്, തന്‍റെ ജീവിതത്തില്‍ അവിചാരിതമായെത്തുന്ന ഒരു വികൃതിപ്പയ്യന്‍റെ അപ്പനായിത്തീരുന്ന അന്ന്. ആ പ്രാഞ്ചിയേട്ടനാണ് ഇത്തവണ 'അസ്സീസി'യുടെ കവര്‍ചിത്രം. ജീവിതത്തിനു നിറച്ചാര്‍ത്തേകുന്നത് പത്മശ്രീയല്ലെന്ന് ഈ ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തട്ടെ.

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts