news-details
മറ്റുലേഖനങ്ങൾ

എന്തുകൊണ്ടിങ്ങനെ?

നാം വായിക്കുന്ന വാര്‍ത്തകളില്‍ പീഡനകഥകള്‍ ഏറിവരുന്നു. കൊച്ചുകുട്ടികള്‍ക്കുപോലും രക്ഷയില്ലാതാകുന്ന അവസ്ഥയാണിപ്പോള്‍. അച്ഛന്‍, അമ്മ, സഹോദരന്‍, ബന്ധു എന്നിങ്ങനെയുള്ള പദവികള്‍ സംശയാസ്പദമാകുന്നു. ഈ പ്രശ്നപരിസരത്തില്‍ നമ്മുടെ നാടിനെക്കുറിച്ച്, സംസ്കാരത്തെക്കുറിച്ച്, വികസനത്തെക്കുറിച്ച്, വിദ്യാഭ്യാസത്തെക്കുറിച്ച്, മതത്തെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്... എല്ലാം ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. വിവിധ മാനങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന തകര്‍ച്ചയുടെ പ്രതിഫലനമാണോ ഇവിടെ നാം കാണുന്നത്. ജുഗുപ്സാ വഹമായ വേദനിപ്പിക്കുന്ന ദുരന്തചിത്രങ്ങള്‍ക്കു മുന്‍പില്‍ പകച്ചുനില്‍ക്കുന്നവര്‍ ഉള്ളില്‍ത്തട്ടി ചോദിക്കുന്നു: "എന്തുകൊണ്ടിങ്ങനെ?"

ഈ ചോദ്യത്തിന് പെട്ടെന്ന് ഉത്തരം കണ്ടെത്താന്‍ ആര്‍ക്കും കഴിയില്ല. വളരെക്കാലമായി നാം നടന്നുതീര്‍ത്ത വഴികളിലേക്ക് തിരിഞ്ഞുനോക്കുകയും പുതിയ കാല തരംഗവേഗങ്ങളെ തിരിച്ചറിയുകയും ചെയ്യേണ്ടിയിരിക്കുന്നു. നാം വിലപ്പെട്ടതെന്നു കരുതിപ്പോന്ന വിശ്വാസങ്ങള്‍, മൂല്യങ്ങള്‍, സങ്കല്പങ്ങള്‍ എല്ലാം കടപുഴകി വീഴുന്ന വര്‍ത്തമാനകാലത്തിന്‍റെ ചുഴലിയില്‍ ജീവിതചിത്രങ്ങള്‍ പാടേ മാറിമറിയുന്നു. അസാധാരണവും അഭൂതപൂര്‍വവുമായ അനുഭവങ്ങളിലൂടെ, കാഴ്ചകളിലൂടെ, നാം നടന്നുനീങ്ങുന്നു. 'നാം പരാജയപ്പെട്ട ഒരു ജനതയാണ്' എന്നു മുമ്പുതന്നെ കുറിച്ച വിപ്ലവകാരിയെ നാമിവിടെ ഓര്‍ക്കുന്നു. ഈ പരാജയത്തിന് എല്ലാ സാമൂഹ്യസ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നു മറക്കരുത്. മതവും രാഷ്ട്രീയവും സാംസ്കാരികപ്രസ്ഥാനങ്ങളുമെല്ലാം പ്രതിജ്ഞാബദ്ധമായ കര്‍മ്മവീഥിയില്‍നിന്നു വ്യതിചലിച്ചപ്പോള്‍, വിപണിക്കു കീഴടങ്ങിയപ്പോള്‍, എവിടെയാണ് നാം അഭയം കണ്ടെത്തുക?

മാറ്റമാണ് മാറ്റമില്ലാത്ത ഒരേയൊരു സത്യമെന്ന് നാം വിശ്വസിക്കുന്നു. എന്നാല്‍ മാറ്റത്തിന്‍റെ ദിശയെക്കുറിച്ച് നാം അല്പനേരം നിന്ന് ചിന്തിക്കേണ്ടതല്ലേ? മുന്നിലേക്ക് ഇത്ര വേഗത്തില്‍ പാഞ്ഞുപോകുന്നത് മുട്ടിത്തകരാനാണെങ്കില്‍ അല്പം വേഗം കുറയ്ക്കേണ്ടേ? ആഗോളീകരണത്തെയും വിപണിസമ്പദ്വ്യവസ്ഥയെയുമെല്ലാം ഒറ്റപ്പെടുത്തി നമുക്കു രക്ഷപ്പെടാനാവില്ല. 'അരക്കെട്ടിന്‍റെ അശാന്തി'യെന്ന് ഒ. വി. വിജയന്‍ കുറിച്ചത് ഇവിടെ സംഗതമാകുന്നത് നാം ഞെട്ടലോടെ തിരിച്ചറിയുന്നു. ബുദ്ധിയും വിവേകവും ഹൃദയവുമെല്ലാം പിന്‍വാങ്ങുമ്പോള്‍ പ്രധാനമാകുന്നത് ആസക്തികളാകുന്നു. ഇതിനു മുന്‍പില്‍ എല്ലാ വിശുദ്ധ വിചാരങ്ങളും അപ്രസക്തമാകുന്നു. സന്തോഷം, ജീവിതവിജയം എന്നെല്ലാം പറയുന്നത് ആസക്തികളുടെ പൂര്‍ത്തീകരണത്തോട് ബന്ധപ്പെടുത്തിയാണ് നാം കാണുന്നത്. നിയന്ത്രണങ്ങളും മൂല്യവിചാരങ്ങളും ദൗര്‍ബല്യവും പാപവുമാകുന്നതാണ് ഇന്നിന്‍റെ മൂല്യസംഹിത. ശരിതെറ്റുകള്‍ക്കപ്പുറത്ത്, വര്‍ത്തമാനകാലത്തുമാത്രം ജീവിക്കുന്നവന് ശാരീരികമായ ആഘോഷങ്ങളില്‍ മുങ്ങുകയാണ് പ്രധാനം. മാധ്യമങ്ങളും പരസ്യങ്ങളും കുട്ടിക്കാലത്തുതന്നെ ഓരോ വ്യക്തിയെയും ഉത്ബോധിപ്പിക്കുന്നതും അതുതന്നെയാണ്. കച്ചവടമൂല്യം സര്‍വതിനെയും ഗ്രസിക്കുമ്പോള്‍ അച്ഛനും അമ്മയും സഹോദരനും സ്ത്രീശരീരം വില്പനച്ചരക്കാക്കുന്നു. അറിയപ്പെടാത്ത കഥകള്‍കൂടി ചേര്‍ന്നു വരുമ്പോള്‍ നമ്മുടെ പൊങ്ങച്ചത്തിന്‍റെ തിരശ്ശീല നെടുകെ  പിളരും!

എന്തിനെയും ഉന്മാദത്തോളമെത്തുന്ന മനസ്സോടെ ആലിംഗനം ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. ഓണത്തിനും ക്രിസ്തുമസ്സിനും മറ്റാഘോഷങ്ങള്‍ക്കുമെല്ലാം നാം കുടിച്ചുതീര്‍ത്ത മദ്യത്തിന്‍റെ അളവിനെക്കുറിച്ച് വാചാലരായി നാം അഭിമാനം കൊള്ളുന്നു. ബിവറേജസിന്‍റെ മുന്‍പിലെ ക്യൂവിലെ അച്ചടക്കം നമ്മെ കോരിത്തരിപ്പിക്കുന്നു! മദ്യവിഷത്തില്‍ നശിക്കുന്ന വ്യക്തിത്വത്തിന്‍റെ ഭിന്നതലങ്ങളെക്കുറിച്ച്, രോഗികളാകുന്ന, ഉന്മാദികളാകുന്നവരെക്കുറിച്ച് നാം ഓര്‍ക്കുക. ഇതെല്ലാം നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. ഭക്തിയാണെങ്കിലും രാഷ്ട്രീയമാണെങ്കിലും ലൈംഗികതയാണെങ്കിലും ലഹരിയുടെ തലത്തിലേക്കുയര്‍ത്തുന്ന സമൂഹം ഒരിക്കലും സന്തുലിതമായി ചിന്തിക്കുന്നില്ല. ലഹരി നല്‍കുന്ന ഉന്മാദത്തിലാണ് നാം എല്ലാം നോക്കിക്കാണുന്നത്. ഓരോരുത്തര്‍ക്ക് ഓരോ ലഹരിയാണെന്നു മാത്രം. അസന്തുലിതമായ വ്യക്തികളെയാണ് നാം അങ്ങനെ രൂപപ്പെടുത്തുന്നതെന്നറിയുക. വിദ്യാഭ്യാസവും അറിവുമെല്ലാം ഭൗതിക നേട്ടങ്ങള്‍ക്കായുള്ള ചവിട്ടുപടിയാക്കുന്നവരാണ് മൂല്യരഹിതമായ സമൂഹത്തെ വളര്‍ത്തുന്നത്. ലാഭം ആത്യന്തിക ലക്ഷ്യമായി ചിന്തിക്കുന്ന വിപണിക്ക് മൂല്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. നാമിവിടെ പകച്ചുനിന്നുപോവുകയേയുള്ളൂ. സമൂഹത്തെ നിയന്ത്രിക്കുന്നവര്‍ക്ക്, വോട്ടു ബാങ്കുകള്‍ സൃഷ്ടിക്കുന്നവര്‍ക്ക,് സമ്മര്‍ദ്ദം ചെലുത്തി താല്ക്കാലിക നേട്ടങ്ങളുണ്ടാക്കുന്നവര്‍ക്ക് - എല്ലാം സമൂഹത്തിന്‍റെ ഇന്നത്തെ പതനത്തില്‍ ഉത്തരവാദിത്വമുണ്ട്. നാം ഗൗരവമായി ചിന്തിക്കാന്‍ മടിക്കുന്നവരായിരിക്കുന്നു. ജീര്‍ണതയുടെ മുഖം നാം നിറപ്പകിട്ടുകള്‍കൊണ്ട് മൂടിവച്ചിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് പല വാര്‍ത്തകളും വായിക്കുമ്പോള്‍ നാം ഞെട്ടേണ്ടതില്ല. 'കേട്ടവ ഭീകരം, കേള്‍ക്കാത്തവ അതിഭീകരം' എന്നതാണ് യാഥാര്‍ത്ഥ്യം. ഇനിയെങ്കിലും അടിസ്ഥാനപരമായ വസ്തുതകളെക്കുറിച്ച് കൂട്ടായി ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യജീവിതത്തിന്‍റെ അടിത്തറയായി വര്‍ത്തിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് നാം ബോധമുള്ളവരാകണം. കപടസദാചാരവാദികളുടെ, കപടനാട്യക്കാരുടെ സമൂഹം കാപട്യം നിറഞ്ഞ സമൂഹമേ സൃഷ്ടിക്കൂ. സ്വര്‍ണപ്പാത്രംകൊണ്ടു മൂടിവച്ചാലും ഒരിക്കല്‍ എല്ലാം വെളിപ്പെടും. നമ്മുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് നാം കൂട്ടായി ചിന്തിക്കേണ്ടതല്ലേ?

വളരെ കര്‍ശനമായ വിമര്‍ശനത്തിന് നാം സ്വയം വിധേയരാകണം. എന്താണ് അഭികാമ്യം എന്നു നാം അന്വേഷിക്കണം. ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഒരു സൂചനയാണെന്നോര്‍ക്കുക. ആഴത്തില്‍ ബാധിച്ചിരിക്കുന്ന രോഗത്തിന്‍റെ സൂചന. നാം ഇനിയും വൈകിക്കൂടാ. സമൂഹത്തെ നിയന്ത്രിക്കുന്നത് പ്രതിലോമശക്തികളാണെങ്കില്‍ അവരെ തിരസ്കരിക്കാന്‍ തയ്യാറായേ മതിയാകൂ. മനുഷ്യത്വത്തില്‍ നിന്ന് അകറ്റിക്കളയുന്ന എല്ലാറ്റിനെയും തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മനുഷ്യന് അതു പരിഹരിക്കാനും കഴിയും എന്നതാണ് നമ്മുടെ പ്രത്യാശ. എന്തിനെയും ലഹരിയാക്കുന്ന വിപണിയുടെ ആക്രമണത്തിനെതിരെ നൂതനമായ സംസ്കാരത്തിന്‍റെ പരിച എടുത്തണിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അപ്പോഴും ഒരു ചോദ്യം: 'എന്തുകൊണ്ടിങ്ങനെ?'

You can share this post!

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts