news-details
മറ്റുലേഖനങ്ങൾ

വാഷിംഗ്ടണിലെ മഹാമൂപ്പന്,

വാഷിംഗ്ടണിലെ മഹാമൂപ്പനായ താങ്കള്‍, ഞങ്ങളുടെ മണ്ണ് വാങ്ങാന്‍ ആഗ്രഹിക്കുന്നുവല്ലോ. അതു താങ്കള്‍ ഉറക്കെപ്പറയുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു ഞങ്ങളോടു സൗഹൃദവും ഞങ്ങളുടെ ക്ഷേമകാര്യങ്ങളില്‍ താത്പര്യവുമുണ്ടെന്നും താങ്കള്‍ പറഞ്ഞല്ലോ. പക്ഷേ ഞങ്ങള്‍ക്കറിയാം, ഞങ്ങളുടെ ചങ്ങാത്തം ഒട്ടുമേതന്നെ താങ്കള്‍ ആഗ്രഹിക്കുന്നുമില്ല, ഇഷ്ടപ്പെടുന്നുമില്ലായെന്ന്. എങ്കിലും താങ്കള്‍ മുന്നോട്ടുവയ്ക്കുന്ന വ്യവഹാരത്തെ അനുസരിക്കുകയും ചെയ്യും; അല്ലാത്തപക്ഷം വെള്ളക്കാര്‍ തോക്കുമായി ഞങ്ങളുടെ മണ്ണിലേക്ക് ഇരച്ചുകയറി അതു പിടിച്ചെടുക്കുമെന്നു ഞങ്ങള്‍ക്കറിയാം. ഈ സിയാറ്റിന്‍ മൂപ്പന്‍ പറയുന്ന വാക്കുകള്‍, എന്‍റെ വെള്ളക്കാര്‍ സഹോദരന്മാര്‍ക്ക് ഋതുഭേദങ്ങളുടെ കൃത്യതയില്‍ നിങ്ങള്‍ വിശ്വസിക്കുന്നതുപോലെ വിശ്വസിക്കാം. ആകാശത്ത് തെന്നിത്തെറിച്ചു നടക്കുന്ന നക്ഷത്രങ്ങള്‍പ്പോലെയാണ് എന്‍റെ വാക്കുകള്‍.

ഞങ്ങളുടെ മണ്ണും ആകാശവുമൊക്കെ അങ്ങേയ്ക്കെങ്ങനെയാണ് വാങ്ങാനും വില്‍ക്കാനുമൊക്കെ ആകുന്നത്? ആ ഒരു സങ്കല്പത്തെ ഞങ്ങള്‍ക്കു പിടികിട്ടുന്നതേയില്ല. ഇവിടുത്തെ നിര്‍മ്മലമായ അന്തരീക്ഷവും പതഞ്ഞൊഴുകുന്ന അരുവികളും ഞങ്ങളുടെ സ്വന്തമല്ല. അപ്പോള്‍പ്പിന്നെ ഞങ്ങളില്‍നിന്ന് അതെങ്ങനെ നിങ്ങള്‍ക്കു വാങ്ങിക്കാനാവും? കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ നമുക്കതു തീരുമാനിക്കാം. ഈ ഭൂമിയുടെ എല്ലായിടവും ഞങ്ങളുടെ ജനതയ്ക്കു വളരെ പരിശുദ്ധമാണ്. കാറ്റുവീശുന്ന മരങ്ങളും മണല്‍ത്തിട്ടയും മരത്തില്‍നിന്നു പൊഴിയുന്ന മഞ്ഞും മൂളിപ്പറന്നു നടക്കുന്ന ചെറുജീവജാലങ്ങളുമെല്ലാം ഞങ്ങളുടെ ഓര്‍മ്മയിലും അനുഭവത്തിലും എത്ര പരിശുദ്ധമാണ്!

ഇമ്മാതിരിയുള്ള ഞങ്ങളുടെ ചിന്തകളൊന്നും വെള്ളക്കാര്‍ക്കു മനസ്സിലാകില്ലെന്നറിയാം. നിങ്ങള്‍ക്ക് എല്ലാ മണ്ണും ഒരുപോലെയാണ്. ആവശ്യാനുസരണം നിങ്ങള്‍ മണ്ണിനെ വെട്ടിപ്പിടിച്ച് കീഴടക്കി മുന്നേറുന്നു. മണ്ണ് നിങ്ങള്‍ക്ക് കീഴ്പ്പെടുത്തേണ്ട ശത്രുവാണ്, സഹോദരനല്ല. പിതാമഹന്മാരുടെ കുഴിമാടങ്ങളും വരുംതലമുറയുടെ ജന്മാവകാശവും നിങ്ങള്‍ മറന്നുപോകുന്നു. പട്ടണങ്ങളിലെ കാഴ്ചകള്‍ ഞങ്ങളുടെ കൂട്ടര്‍ക്കു നല്‍കുന്നതു വേദനയാണ്. ഞങ്ങള്‍ റെഡ് ഇന്ത്യാക്കാര്‍.... അപരിഷ്കൃതര്‍... ആദിവാസികള്‍... എങ്ങനെ ഇതൊക്കെ മനസ്സിലാക്കാന്‍!!!

നിങ്ങളുടെ പട്ടണങ്ങളില്‍ ശാന്തമായ ഒരിടംപോലുമില്ല. ഒരിടത്തും വസന്തത്തിന്‍റെ ദലമര്‍മ്മരങ്ങളോ പറവകളുടെ കളകൂജനങ്ങളോ ചിറകടി ശബ്ദമോ ഇല്ല. അവിടെനിന്നു മുഴങ്ങികേള്‍ക്കുന്ന ഘടഘടാരവം എന്‍റെ കാതുകളെ പരിഹസിക്കുകയാണ്. ഞാനൊരു ആദിവാസി... എനിക്കിതൊക്കെ മനസ്സിലാക്കാനാവുമോ!

രാപ്പാടിയുടെ പാട്ടും പൊട്ടക്കിണറ്റിലെ തവളയുടെ കരച്ചിലും കേള്‍ക്കുന്നില്ലായെങ്കില്‍ ഒരാള്‍ക്ക് ജീവിതത്തിലെന്തുണ്ട്? തടാകങ്ങളെ തഴുകി വരുന്ന കാറ്റിന്‍റെ ശ്രുതിയേയും മദ്ധ്യാഹ്നത്തിലെ മഴയോ, പൈന്‍മരങ്ങളോ ശുദ്ധീകരിച്ച് സുഗന്ധപൂരിതമാക്കിയ വായുവിനെയും ഞങ്ങള്‍ റെഡ് ഇന്‍ഡ്യാക്കാര്‍ പ്രണയിക്കുന്നു. വായു റെഡ് ഇന്‍ഡ്യാക്കാരന് അമൂല്യമാണ്, കാരണം എല്ലാ വസ്തുക്കളും എല്ലാ സസ്യങ്ങളും മനുഷ്യരും ഒരേ വായു പങ്കിടുന്നു. പൂമരങ്ങളിലെ സുഗന്ധമടിക്കാത്ത ഒരു സ്ഥലത്തു ജീവിതമുണ്ടോ? മരങ്ങളും ജീവികളും മനുഷ്യനുമൊക്കെ ശ്വാസമെടുക്കുന്ന വായുവാണ് ഞങ്ങളുടേത്. വെള്ളക്കാരനൊരിക്കലെങ്കിലും താന്‍ ശ്വസിക്കുന്ന വായുവിനെ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല. വളരെ ദിവസങ്ങള്‍കൊണ്ടു മരിക്കുന്ന മനുഷ്യനെപ്പോലെ, അവന്‍ മരവിച്ചു ജീവിക്കുന്നു.

അല്ലയോ മഹാമൂപ്പാ, ഈ മണ്ണ് വിട്ടുതരാന്‍ തീരുമാനിക്കുമ്പോള്‍, ഒരു വ്യവസ്ഥകൂടി ഞാന്‍ പറഞ്ഞോട്ടെ. ഈ മണ്ണിലെ എല്ലാ ജീവികളെയും വെള്ളക്കാര്‍ തങ്ങളുടെ സഹോദരന്മാരായി കണക്കാക്കണം. ഈ അപരിഷ്കൃതനു മറ്റൊരുതരത്തില്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ അറിയില്ല. ട്രെയിനില്‍ യാത്രചെയ്യുന്ന വെള്ളക്കാര്‍ വെടിവച്ചിട്ട അനേകം പോത്തുകളുടെ ശവം പുല്‍മൈതാനത്തു കിടക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ഉപജീവനത്തിന് അത്യാവശ്യമാകുമ്പോള്‍ മാത്രമേ ഞങ്ങള്‍ ഇത്തരം മൃഗങ്ങളെ കൊല്ലുകയുള്ളൂ. നിങ്ങള്‍ക്ക് ഈ പുകതുപ്പുന്ന ഇരുമ്പുകുതിര(ട്രെയിന്‍) ഈ പോത്തുകളെക്കാള്‍ വലിയ സംഗതിയാകുന്നതെങ്ങനെയെന്ന് എനിക്കു മനസ്സിലാകുന്നില്ല.  ജന്തുജാലങ്ങളില്ലാതെ മനുഷ്യജീവിതമുണ്ടോ? ജന്തുജാലങ്ങളെല്ലാം ചത്തൊടുങ്ങിയാല്‍, മനുഷ്യനും ഏകാന്തതയില്‍ നശിക്കും. ജന്തുക്കൂട്ടങ്ങള്‍ക്ക് എന്തു നാശമാണോ വരുന്നത് ആ നാശംതന്നെ മനുഷ്യനും വരും. എല്ലാം പരസ്പരം ബന്ധിതമാണ്. മണ്ണിനെ ബാധിക്കുന്ന എന്തും മണ്ണിന്‍റെ മക്കളെയും ബാധിക്കും.

ഞങ്ങളുടെ പിതാക്കന്മാര്‍ തോറ്റു പിന്മാറുന്നത് ഞങ്ങളുടെ മക്കള്‍ കണ്ടില്ലേ? ഞങ്ങളുടെ പടയാളികളുടെ മുഖങ്ങള്‍ ലജ്ജയില്‍  കുനിഞ്ഞുപോയിട്ടുണ്ട്. വിജയക്കൊയ്ത്തിനു ശേഷമുള്ള ദിവസങ്ങള്‍ അവര്‍ അലസതയിലും ശരീരത്തെ ദുഷിപ്പിക്കുന്ന ആഹാരപാനീയങ്ങള്‍ തിന്നുകുടിച്ചും ചെലവഴിച്ചു. ഇങ്ങനെ മുന്നോട്ടുപോയാല്‍ അധികകാലം പോകേണ്ടിവരില്ല. ഏതാനും ഋതുക്കളോ മണിക്കൂറുകളോ കഴിയുമ്പോള്‍ എല്ലാം നശിക്കും. നിങ്ങളുടേതുപോലെ അത്ര ശക്തവും വലുതുമായ ഒരു ഗോത്രവര്‍ഗ്ഗം ഇവിടെ ജീവിച്ചിരുന്നുവെന്നും ഈ കാടുകളില്‍ അലഞ്ഞുനടന്നിരുന്നുവെന്നും ഓര്‍മ്മപ്പെടുത്താന്‍ ഞങ്ങളുടെ സന്തതിപരമ്പരകളൊന്നും ഈ ഭൂമുഖത്ത് അവശേഷിക്കാന്‍ പോകുന്നില്ല. മരത്തിലെങ്ങും ഒരു ചെറു പ്രാണിപോലും കാണില്ല. ഒരിക്കല്‍ ശക്തന്മാരായിരുന്ന ഒരു ജനവിഭാഗം ഇവിടെ ജീവിച്ചിരുന്നു എന്ന ഓര്‍മ്മ മാത്രം അവശേഷിക്കും.

ഒരിക്കല്‍ വെള്ളക്കാരന്‍ ആ സത്യം കണ്ടെത്തും- ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരു ദൈവമേ ഉള്ളൂവെന്ന്. ഞങ്ങളുടെ മണ്ണ് സ്വന്തമാക്കുന്നതുപോലെ ദൈവത്തെയും സ്വന്തമാക്കാമെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ നിങ്ങള്‍ക്കതിന് ഒരിക്കലുമാകില്ല. അവന്‍ മനുഷ്യന്‍റെ ശരീരമാണ്. കറുത്തവനോടും വെളുത്തവനോടും അവനുള്ളത് ഒരേ കരുണയാണ്. ഈ മണ്ണ് അവന് അമൂല്യമാണ്. ഈ പ്രപഞ്ചത്തിനു ഹാനി വരുത്തുന്നതു സ്രഷ്ടാവിനെ നിന്ദിക്കലാണ്. മറ്റേതൊരു ഗോത്രത്തേയുംപോലെ വെള്ളക്കാരനും കടന്നുപോകും. അതു നിങ്ങളുടെ കിടക്കയെ നിങ്ങള്‍ത്തന്നെ മലിനപ്പെടുത്തി, അവസാനം ഒരു രാത്രി അതേ മാലിന്യത്തില്‍ ശ്വാസംമുട്ടി മരിക്കുന്നതിനു തുല്യമായിരിക്കും. പോത്തുകളെയെല്ലാം കൊന്നൊടുക്കി കഴിയുമ്പോള്‍, കുതിരകളെയെല്ലാം മെരുക്കിക്കഴിയുമ്പോള്‍, ഘോരവനാന്തര്‍ഭാഗംപോലും മനുഷ്യന്‍റെ രൂക്ഷഗന്ധത്താല്‍ നിറഞ്ഞുകഴിയുമ്പോള്‍, കുന്നുകളെയെല്ലാം ആധുനികതയുടെ ശബ്ദവാഹിനിച്ചരടുകള്‍ ബന്ധിച്ചു കഴിയുമ്പോള്‍ പിന്നെവിടെ കാടുകള്‍? എല്ലാം നശിച്ചിട്ടുണ്ടാവും. പിന്നെവിടെ പരുന്തുകള്‍? നാമാവശേഷമായിട്ടുണ്ടാവും. മഴക്കുരുവികളോടും വേട്ടയോടും വിടചൊല്ലുകയെന്നാല്‍! അത് ജീവിതത്തിന്‍റെ നാശമാണ്, അതിജീവനത്തിന്‍റെ തുടക്കമാണ്.

വെള്ളക്കാരന്‍റെ സ്വപ്നങ്ങള്‍, അവര്‍ മക്കള്‍ക്കു പങ്കിടുന്ന പ്രതീക്ഷകള്‍, നാളയെ വെട്ടിപ്പിടിക്കാന്‍ മനസ്സില്‍ കൊരുക്കുന്ന ഭാവനകള്‍ ഒക്കെ ഞങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ക്കു മനസ്സിലാക്കാനായേനെ. എന്നാല്‍ ഞങ്ങള്‍  വെറും ആദിവാസികള്‍ മാത്രമല്ലേ?  നിങ്ങളുടെ സ്വപ്നങ്ങളൊക്കെ ഞങ്ങളില്‍നിന്ന് ഒളിച്ചുവയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ മുന്നോട്ടുപോകുന്നു. നിങ്ങളുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ഞങ്ങള്‍ ഭൂമി കൈമാറിയാല്‍, ചുരുങ്ങിയൊരു കാലം മാത്രമേ ഞങ്ങള്‍ സുരക്ഷിതരും സംരക്ഷിതരും ആയിരിക്കുകയുള്ളൂ. ഞങ്ങളില്‍ അവസാനത്തവനും ഇല്ലാതായിക്കഴിയുമ്പോള്‍, ഈ മൈതാനത്തിനു മുകളിലൂടെ തെന്നിപ്പോകുന്ന മേഘക്കൂട്ടങ്ങളെപ്പോലെ, ഞങ്ങളുടെ ഓര്‍മ്മകളും ഈ മണ്ണില്‍നിന്നു മറയും. പിറന്നുവീഴുന്ന കുഞ്ഞ് അമ്മയുടെ മടിത്തട്ടിനെ എത്രമാത്രം സ്നേഹിക്കുന്നുവോ അതുപോലെ ഞങ്ങള്‍ സ്നേഹിച്ച ഈ വനവും തീരവുമൊക്കെ ഞങ്ങളുടെ ആത്മാക്കളെ ഓര്‍മ്മിക്കും. ഞങ്ങള്‍ ഈ ഭൂമി അങ്ങേയ്ക്കു വില്‍ക്കുകയാണെങ്കില്‍, ഞങ്ങള്‍ സ്നേഹിച്ചതുപോലെതന്നെ ഈ മണ്ണിനെ സ്നേഹിക്കണം. ഞങ്ങള്‍ പരിപാലിച്ചതുപോലെതന്നെ പരിപാലിക്കണം. ഈ മണ്ണ് സ്വന്തമാക്കിയപ്പോള്‍ ഇതെങ്ങനെയായിരുന്നു എന്ന ചിന്ത എപ്പോഴും നിങ്ങളുടെ മനസ്സിലുണ്ടാകണം. നിങ്ങളുടെ സര്‍വ്വശക്തിയോടും പ്രതാപത്തോടും മുഴുഹൃദയത്തോടും കൂടി ഈ മണ്ണിനെ നിങ്ങളുടെ മക്കള്‍ക്കായി സംരക്ഷിക്കണം. ദൈവം നമ്മെ സ്നേഹിക്കുന്നതുപോലെ തന്നെ ഈ മണ്ണിനെ നിങ്ങള്‍ സ്നേഹിക്കണം.  ഒരു കാര്യം മാത്രം ഞങ്ങള്‍ക്കറിയാം. ദൈവം ഒന്നാണ്; ഞങ്ങളുടെയും നിങ്ങളുടെയും ഈ ഭൂമി അവിടുത്തേയ്ക്കു വിലപ്പെട്ടതാണ്, അമൂല്യമാണ്. മനുഷ്യകുലത്തിന്‍റെ പൊതുനിയതിയില്‍നിന്നും വെള്ളക്കാരനും ഒഴികഴിവില്ലെന്നറിയുക.

You can share this post!

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts