news-details
കവർ സ്റ്റോറി

പശ്ചിമഘട്ടത്തിൻ്റെ മരണമുഖം

ഏകദേശം 120 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഗോണ്ടുവാന എന്ന പുരാതന മഹാഭൂഖണ്ഡത്തില്‍ നിന്നും ഭൂഖണ്ഡാന്തരചലനം (continental drift or plate tectonics)  എന്ന പ്രവര്‍ത്തനം വഴി വേര്‍പെട്ട് വടക്കു-കിഴക്ക് ദിശയിലേയ്ക്ക് നീങ്ങിയ ഉപഭൂഖണ്ഡമാണ് ഇന്ത്യ. ഇതിനും മുമ്പ് ഏതാണ്ട് 200 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് എല്ലാ ഭൂഖണ്ഡങ്ങളും ഒന്നായികിടന്നിരുന്ന അവസ്ഥയുമുണ്ടായിരുന്നു. ആ മഹാഭൂഖണ്ഡമാണ് പാന്‍ജിയ. അന്നത്തെ സമുദ്രത്തെ പാന്‍തലേസിയ എന്നും പറയും. അത് ജൂറാസിക് കാലഘട്ടമാണ്. പാന്‍ജിയ മുറിഞ്ഞ് രണ്ട് ഭൂഖണ്ഡങ്ങളുണ്ടായി. ലോറേഷ്യയും ഗോണ്ടുവാനയും. ഗോണ്ടുവാനയില്‍ നിന്നുമാണ് ഇന്ത്യന്‍ വന്‍കര രൂപംകൊള്ളുന്നതും അത് വടക്കുകിഴക്കായി നീങ്ങി ഒടുവില്‍ ഏഷ്യന്‍ വന്‍കരയില്‍ ചെന്നുചേരുന്നതും. ഇന്ത്യയുടെ ഏഷ്യയിലേക്കുള്ള പ്രയാണത്തിനിടയിലാണ് (ഏതാണ്ട് 15 സെ. മീ. വീതം ഓരോ വര്‍ഷവും) ഭാരതത്തിന്‍റെ അഭിമാനവും ഇന്ത്യന്‍ ജൈവവൈവിധ്യത്തിന്‍റെ ഈറ്റില്ലവുമായ പശ്ചിമഘട്ടം അഥവാ വെസ്റ്റേണ്‍ ഗാട്സ് രൂപം കൊള്ളുന്നത്.

പശ്ചിമഘട്ടത്തിന്‍റെ ആവിര്‍ഭാവം പക്ഷേ വളരെയധികം മാറ്റങ്ങളാണ് ഇന്ത്യന്‍ ജൈവവ്യവസ്ഥയില്‍ വരുത്തിവച്ചത്. പശ്ചിമഘട്ടം ഉയര്‍ന്നുവരുന്നതിനുമുമ്പ് അതായത് ഏകദേശം 65 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ആമസോണ്‍ രീതിയിലുള്ള നിത്യഹരിതവനങ്ങളായിരുന്നു ഇന്ത്യ മുഴുവനും. സസ്യജന്തുതരങ്ങള്‍ ഡൈനോസറുകളും കാര്‍ബോണിഫെറസ് വനങ്ങളും ലൈക്കോവോടുകളും പോലുള്ളതായിരുന്നു എന്നു മാത്രം. പശ്ചിമഘട്ടമലനിരകള്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ പ്രദേശത്തുകൂടി തീരപ്രദേശത്തിന് സമാന്തരമായി ഉയര്‍ന്നുവന്നത് ഇന്ത്യയുടെ തനത് ജൈവവ്യവസ്ഥയേയും വനതരങ്ങളേയും മാറ്റിമറിച്ചുകളഞ്ഞു. പടിഞ്ഞാറുനിന്നും കിഴക്കോട്ടുള്ള കാറ്റിനെ സഹ്യപര്‍വ്വതം തടഞ്ഞുനിര്‍ത്തിയപ്പോള്‍ മലനിരയുടെ പടിഞ്ഞാറ് വശത്ത് നല്ല മഴ കിട്ടുകയും എന്നാല്‍ കിഴക്കു ഭാഗത്ത് മഴ ലഭിക്കാതെ വന്നതിനാല്‍ അവിടുണ്ടായിരുന്ന ആമസോണ്‍ നിത്യഹരിത വനങ്ങള്‍ പാടെ ഉണങ്ങിപ്പോകുകയും ചെയ്തു. ഇതിന്‍റെ കൂടെ അത്യുഗ്രമായ ലാവാപ്രവാഹങ്ങള്‍ മദ്ധ്യേയിന്ത്യയിലുണ്ടാവുകയും ഡെക്കാണ്‍ ഗ്രാവ് എന്ന പേരില്‍ ഡെക്കാണ്‍ പീഠഭൂമി ഉണ്ടാവുകയും ചെയ്തു. ഈ വിധത്തിലുള്ള ഒരു ഒഴിഞ്ഞ പാത്രമെന്ന പശ്ചാത്തലവും കൊണ്ടാണ് ഇന്ത്യന്‍ ഭാഗം ഏഷ്യയില്‍ ചെന്നു ചേരുന്നതും തുടര്‍ന്നുണ്ടായ മര്‍ദ്ദത്തില്‍ അവിടത്തെ ഭൂവിഭാഗം മേലോട്ടുയര്‍ന്ന് ഹിമാലയപര്‍വ്വതം രൂപം കൊണ്ടതും. ചുരുക്കത്തില്‍ പശ്ചിമഘട്ടമാണ് ഹിമാലയ പര്‍വ്വതത്തേക്കാള്‍ പ്രാചീനമായത്. ഇന്ത്യയിലേയ്ക്ക് ഇന്നുള്ള വനങ്ങളും സസ്യജന്തു വൈവിധ്യവും പിന്നീട് ഏഷ്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വന്ന് ഇവിടുള്ള കാലാവസ്ഥയുമായി പ്രതികരിച്ച് ജന്മം കൊണ്ടതാണ്.
ഏഷ്യയില്‍ ചെന്നുചേര്‍ന്ന ഇന്ത്യയിലേയ്ക്ക് പ്രധാനമായും രണ്ട് തരം വനങ്ങളാണ് വന്നത്. ഇന്നത്തെ ഇന്തോ-മലേഷ്യന്‍ വിഭാഗത്തില്‍ പെടുന്ന ആര്‍ദ്ര- നിത്യഹരിത മഴക്കാടുകളും ട്രോപിക്കന്‍ ആഫ്രിക്കന്‍ വിഭാഗത്തില്‍പെടുന്ന ശുഷ്കവനങ്ങളും. ഭൂമിയിലെ രണ്ട് വ്യത്യസ്ത വനവിഭാഗങ്ങള്‍ തമ്മിലുള്ള കൂട്ടിമുട്ടലിന് ഇന്ത്യ ഏഷ്യയില്‍ ചെന്നുചേര്‍ന്നത് കാരണമായി. ഇത് ഭൗമചരിത്രത്തിലെ ഒരു പ്രധാനസംഭവവും ജൈവപരിണാമമേഖലയിലെ ഒരു വലിയ വഴിത്തിരിവുമാണ്. രണ്ടും രണ്ട് തികച്ചും വ്യത്യസ്ത വനവിഭാഗങ്ങളായതിനാല്‍ പ്രാധാന്യവും ഏറെയാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ വേണം ഈയിടെ ലോകപൈതൃക പട്ടികയിലേയ്ക്ക് പരിഗണിക്കപ്പെട്ട പശ്ചിമഘട്ടത്തേക്കുറിച്ച് ചിന്തിക്കുവാന്‍. കന്യാകുമാരി മുതല്‍ ഗുജറാത്തിലെ താപ്തിനദിവരെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തിന് സമാന്തരമായിക്കിടക്കുന്ന നീണ്ട മലനിരയാണ് പശ്ചിമഘട്ടം. ഭൂമുഖത്തെ അതീവജൈവസമ്പന്നമായ 8 പ്രദേശങ്ങളില്‍ ഒന്നാണ് സഹ്യപര്‍വ്വതം. പശ്ചിമഘട്ടത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ആര്‍ദ്ര നിത്യഹരിതവനങ്ങളും കിഴക്കുവശത്തുള്ള ശുഷ്കവനങ്ങളും തമ്മില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി നിരന്തരം ജനിതക കൈമാറ്റം നടന്നുവരികയാണ്. ഇത് കൂടുതലായും നടക്കുന്നത് ഈ നീണ്ട മലനിരയുടെ നിറുകകളില്‍ കൂടിയാണ്. ലോകത്ത് ഇത്രയും നീളത്തില്‍ (ഏതാണ്ട് 1600 കി. മീറ്റര്‍) രണ്ട് വനതരങ്ങള്‍ തമ്മില്‍ അതും രണ്ട് വ്യത്യസ്ത ഭൂവിഭാഗങ്ങളില്‍ നിന്നുള്ളത് നിരന്തര ജൈവകൈമാറ്റം നടക്കുന്ന സ്ഥലം പശ്ചിമഘട്ടത്തിലല്ലാതെ മറ്റൊരു സ്ഥലമില്ല. അതുപോലെതന്നെ 4 തവണ ഭൂമിയെ ആവരണം ചെയ്ത (17 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്) പുരാതന മഞ്ഞുകാലം കൂടിചേര്‍ന്നുണ്ടായ ലക്ഷക്കണക്കിന് സൂക്ഷ്മകാലാവസ്ഥകളുമായി പ്രതികരിച്ച് പശ്ചിമഘട്ടത്തിലെ ജൈവപരിണാമം (Organic Evolution) ഭൗമചരിത്രത്തിലെ ഒരു മഹത്തായ സംഭവം തന്നെയായിരുന്നു. ഇടവപ്പാതിയ്ക്ക് പെയ്തിറങ്ങുന്ന മഴപോലെയായിരുന്നു ഇടതടവില്ലാതെ പുതിയപുതിയ ജീവിതങ്ങളുടെ ഉത്ഭവം. ഇത്തരമൊരു ജൈവവിസ്ഫോടനം (Organic explosion)  ലോകത്ത് മറ്റൊരിടത്തും സംഭവിച്ചിട്ടില്ല. ഈ പ്രാധാന്യമെല്ലാം ഉള്‍ക്കൊണ്ടിട്ടുത്തന്നെയാണോ UNESCO പശ്ചിമഘട്ടത്തെ ലോകപൈതൃകമായി കരുതുന്നതെന്ന് അറിയില്ല. എങ്കിലും ഇത്രയും പൈതൃകഭാവി അവകാശപ്പെടാന്‍ ലോകത്ത് മറ്റൊരു മലനിര ഉണ്ടെന്ന് കരുതാന്‍ വയ്യ.

ജൈവവൈവിധ്യത്തില്‍ ലോകത്ത് ഉള്ള 10 പ്രദേശങ്ങളില്‍ ഒന്നായ പശ്ചിമഘട്ടത്തില്‍ നിന്നും 5,000 തരങ്ങളില്‍ പെട്ട പുഷ്പിത സസ്യങ്ങളും 139 തരം സസ്തനികളും 500 ലധികം പക്ഷികളും 180 തരം ഉരഗങ്ങളും കാണപ്പെടുന്നുണ്ട്. 102 തരം ശുദ്ധജല മത്സ്യങ്ങളും 334 പൂമ്പാറ്റകളും 6000 ലധികം ഷഡ്പദങ്ങളും ഒന്നു ചേര്‍ന്ന് വൈവിധ്യമാര്‍ന്നതാക്കുന്നതാണ് പശ്ചിമഘട്ടത്തിന്‍റെ ജൈവസമൃദ്ധി. അതീവവംശനാശഭീഷണി നേരിടുന്ന 325 ജന്തുതരങ്ങള്‍ പശ്ചിമഘട്ടത്തിന്‍റെ സംഭാവനയായിട്ടുണ്ട്. ഈ ജൈവവൈവിധ്യം പശ്ചിമഘട്ടത്തിന്‍റെ മറ്റ് പ്രത്യേകതകള്‍ വിശകലനം ചെയ്താല്‍ ഒരു അത്ഭുതമേയല്ല. 1600 കി. മീറ്റര്‍ മലനിരയില്‍ 1300 മീറ്ററിന് മേലുള്ള 30-ാളം കൊടുമുടികളും അവയില്‍ നിന്നും ഒഴുകിയെത്തുന്ന നിരവധിനദികളും ഓരോ മലനിരയിലും ഓരോ തരത്തിലുള്ള മണ്ണ്-പാറ ഘടനയും ചേര്‍ന്ന് വിവിധങ്ങളായ കാലാവസ്ഥകളുമായും മഴയുടെ ലഭ്യതാ വ്യതിയാനവുമായും ഏകോപിച്ച് ലക്ഷക്കണക്കിന് സൂക്ഷ്മ കാലാവസ്ഥകള്‍ പശ്ചിമഘട്ടത്തിലുണ്ട്. ഈ സൂക്ഷ്മകാലാവസ്ഥകളുടെ പ്രത്യേകത മുഴുവനുമായും ഉള്‍ക്കൊണ്ട് പുതിയ പുതിയ തരം സസ്യ-ജന്തു തരങ്ങള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇന്ത്യയെ നനയ്ക്കുന്ന, കുളിരണിയിക്കുന്ന ഫലഭൂയിഷ്ഠമാക്കുന്ന 4 നീര്‍മാറി പ്രദേശങ്ങളില്‍ ഒന്നാണ് സഹ്യപര്‍വ്വതം. 40 ശതമാനം ഇന്ത്യന്‍ മണ്ണിനെ പശ്ചിമഘട്ടത്തില്‍ നിന്നുമൊഴുകുന്ന നദികള്‍ നിത്യേനയെന്ന വണ്ണം നനയ്ക്കുന്നുമുണ്ട്. പശ്ചിമഘട്ടത്തില്‍ 40-ാളം സംരക്ഷിതവനങ്ങള്‍ ഉണ്ടെങ്കില്‍ അത് സംരക്ഷിക്കുന്നത് മിക്കവാറും ഏതെങ്കിലും നദിയുടെ വൃഷ്ടിപ്രദേശമായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ പശ്ചിമഘട്ടത്തിന്‍റെ ജലസമൃദ്ധിയെ ഒരു വലിയ അളവുവരെ കാത്തുസൂക്ഷിക്കുന്നത് പശ്ചിമഘട്ടത്തിലെ വനപ്രദേശങ്ങളും വനങ്ങളുമാണ്. നമ്മുടെ ഏതെങ്കിലും പ്രവര്‍ത്തനം മൂലം ഏതെങ്കിലും വനം ശോഷിച്ചു പോയാല്‍, ആരോഗ്യം നഷ്ടപ്പെട്ട് വെള്ളം പിടിച്ചുനിര്‍ത്താന്‍ ശേഷിയില്ലാത്തതായാല്‍ നമ്മുടെ ഭാവിതലമുറയുടെ ശുദ്ധജലത്തെയായിരിക്കും നമ്മള്‍ നശിപ്പിക്കുന്നത്. ഭാവിയിലെ ജീവനും ജീവിതത്തിനുമെതിരെയുള്ള തെറ്റിനെ ആത്മാവിനെതിരെയുള്ള തെറ്റായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അതിന് ശിക്ഷയിളവില്ല.

രാഷ്ട്രീയ നിര്‍വ്വചനം ഒഴിവാക്കിയാല്‍ ഒരു ജീവനും-ജീവനും തമ്മിലുള്ള വടംവലിയാണ് പശ്ചിമഘട്ടത്തിലെ ഏറ്റവും പുരാതനമെന്ന് വിളിക്കപ്പെടാവുന്ന മുല്ലപ്പെരിയാര്‍ ഡാം. മുല്ലപ്പെരിയാര്‍ ഡാമിനെച്ചൊല്ലി പരസ്പരം പോരടിക്കുന്നതിനിടയില്‍ പക്ഷേ പരിസ്ഥിതിയുടെ നിലവിളി ആരും കേള്‍ക്കാതെ പോയി. ഒരു ജനാധിപത്യവ്യവസ്ഥയിലും വോട്ടവകാശമില്ലാത്ത സസ്യജന്തുജാലങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ആരു വിലമതിക്കാന്‍. വംശനാശഭീഷണി നേരിടുന്ന 95 തരം സസ്യജാലങ്ങളുള്ള സഹ്യപര്‍വ്വതനിരകളിലെ ജൈവവൈവിധ്യം ഇന്നൊരു വാണിജ്യവസ്തുവാണ്. ആഗോളതലത്തില്‍ സഹ്യപര്‍വ്വതത്തിനു പ്രാധാന്യം ഏറിവരുമ്പോള്‍ നമ്മള്‍ പ്രാദേശിക തലത്തില്‍ അതില്‍നിന്നും കിട്ടാവുന്ന ക്ഷിപ്രലാഭത്തെ കണക്കുകൂട്ടുന്നു.

കേരളത്തിലെ ഒരുപക്ഷേ പശ്ചിമഘട്ടത്തിലെ തന്നെ നിത്യഹരിതശ്രേണിയില്‍ ഏറ്റവും ബൃഹത്തായതാണ് പെരിയാര്‍ കടുവാ സങ്കേതം. ഏറ്റവും കൂടുതല്‍ സസ്യതരങ്ങളും (2000 സ്പീഷിസുകള്‍) ഇവിടുണ്ട്. ഒരു പക്ഷേ കേരളത്തിലെ സംരക്ഷിതവനങ്ങളാല്‍ ചുറ്റപ്പെട്ട ഏക ഡാമും മുല്ലപ്പെരിയാര്‍ തന്നെയായിരിക്കണം. കേരളത്തിലെ ബാക്കി ഡാമുകളെല്ലാം നേരത്തെ വറ്റി വരളുമ്പോള്‍ മുല്ലപ്പെരിയാര്‍ ജലസമൃദ്ധമായി നിലകൊള്ളുന്നത് ഇക്കാരണത്താലായിരിക്കണം. ഈ ഡാമിലെ ജലനിരപ്പ് തമിഴ്നാട് വാശിപിടിക്കുന്നതുപോലെ ഉയര്‍ത്തിയാലും നമ്മള്‍ പറയുന്നതുപോലെ പുതിയ ഡാം നിര്‍മ്മിച്ചാലും ഫലം ഒന്നുതന്നെയായിരിക്കും. അനേകം സസ്യജന്തുതരങ്ങളുടെ അവസാന അഭയകേന്ദ്രമായ നൂറുകണക്കിന് സൂക്ഷ്മകാലാവസ്ഥകള്‍ എന്നെന്നേക്കുമായി വെള്ളത്തിനടിയാലാകാനും പശ്ചിമഘട്ടത്തിന്‍റെ അഭിമാനമായ വിശാലമായ നിത്യഹരിതവനശ്രേണിക്ക് ഒരു ആഘാതം ഏല്പിക്കാനുമേ ഏതു രീതി അവലംബിച്ചാലും സാധിക്കുകയുള്ളു. നമ്മള്‍ സാങ്കേതിക വിദ്യയില്‍ വളരെയേറെ മുന്‍പിലാണ്. പശ്ചിമഘട്ടത്തിന്‍റെ അപ്പുറവും ഇപ്പുറവും കിടക്കുന്ന നദികള്‍ തമ്മില്‍ യോജിപ്പിക്കുവാന്‍ നമ്മള്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ഇത്തരുണത്തില്‍ ഈ നാടിന്‍റെ ജലനിരപ്പുയര്‍ത്താതെ, ഇനിയുമൊരു ഡാം പണിയാതെ തമിഴ്നാടിനു സ്ഥിരം ജലം നല്കാനുള്ള സാധ്യതകളെക്കുറിച്ചു നമുക്ക് ആലോചിക്കേണ്ടിയിരിക്കുന്നു. ഏതു വിഭാവനം ചെയ്താലും യാഥാര്‍ത്ഥ്യം നമ്മുടെ നൂതന സാങ്കേതിക വിദ്യ കൂടെയുള്ളപ്പോള്‍ ഇത് അസാധ്യമാണെന്നു പറയുക വയ്യ.

രണ്ടിടത്തും ജീവനാണ് പ്രശ്നമെങ്കിലും (തമിഴ്നാട്ടില്‍ ഭൂപ്രദേശത്തിന്‍റെ ജീവന്‍, കേരളത്തില്‍ ജനങ്ങളുടെ ജീവന്‍) നിര്‍ഭാഗ്യമെന്ന് പറയട്ടെ, രണ്ടിടത്തും രാഷ്ട്രീയവും പ്രബലമാണ്. ഇന്ത്യയില്‍ രാഷ്ട്രീയത്തിന്‍റെയും പാര്‍ട്ടികളുടെയും നിലനില്‍പ് പ്രശ്നങ്ങളില്‍ അധിഷ്ഠിതമാണ്. മുല്ലപ്പെരിയാര്‍ പ്രശ്നം അങ്ങിനെതന്നെ നിന്നാല്‍ മാത്രമേ തമിഴ്നാട്ടില്‍ പ്രത്യേകിച്ചും തേനി, രാമനാഥപുരം, മധുര എന്നീ ജില്ലകളില്‍, രാഷ്ട്രീയക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനാവൂ. കേരളത്തിലും സ്ഥിതി വിഭിന്നമല്ല. ഈയടുത്ത കാലത്ത് നടന്ന സംഭവങ്ങളില്‍ മലയാളികളും തമിഴ്നാട്ടുകാരും പരസ്പരം പോരടിക്കാന്‍ തുടങ്ങിയപ്പോള്‍ കമ്പത്തും തേനിയിലുമുള്ള മലയാളികള്‍ സര്‍വ്വതും ഉപേക്ഷിച്ച് കേരളത്തിലേയ്ക്ക് ജീവനുംകൊണ്ട് പലായനം ചെയ്തപ്പോള്‍ മാത്രമാണ് കേരള രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിലെന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കാന്‍ തുടങ്ങിയത്. ഇവിടെയും ചപ്പാത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന സത്യാഗ്രഹപ്പന്തലില്‍ രണ്ട് ദിവസം ചെന്നിരുന്ന് തങ്ങളുടെ പാര്‍ട്ടിയുടെ സാന്നിദ്ധ്യം അറിയിക്കുക എന്നതില്‍ കവിഞ്ഞ് ഒരു പ്രവര്‍ത്തനത്തിന് ഒരു പാര്‍ട്ടിയും തയ്യാറായില്ല. തമിഴ്നാട്ടില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എല്ലാ പാര്‍ട്ടിക്കാരും ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ഇവിടെ പാര്‍ട്ടിക്കാര്‍ പരസ്പരം പഴിചാരാനും കുറ്റം പറയാനുമാണ് മുല്ലപ്പെരിയാന്‍ പ്രശ്നത്തെ ഉപയോഗിച്ചത്. നമ്മുടെ ടിവി ചാനലുകള്‍ ഈ പ്രശ്നം രാഷ്ട്രീയക്കാര്‍ പരസ്പരം ചെളിവാരിയെറിയുന്ന ഒരു സാധാരണ വിഷയമാക്കി മാറ്റിയതും കഷ്ടംതന്നെയാണ്. അവര്‍ അവിടെ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനിന്നപ്പോള്‍ ഇവിടെ നമ്മള്‍ ഇതും എല്ലാത്തിനേയും പോലെ ഒരു രാഷ്ട്രീയ വിഷയമാക്കി മാറ്റി. നമുക്കിവിടെ രാഷ്ട്രീയം മാത്രം വളര്‍ന്നാല്‍ മതിയല്ലോ. ഇടുക്കിജില്ലയില്‍ വള്ളക്കടവിലും വണ്ടിപ്പെരിയാറ്റിലും ചപ്പാത്തിലും അതിന് താഴെയുമുള്ള ജനങ്ങള്‍ ഓരോ ശബ്ദവും ഡാം പൊട്ടുന്ന ശബ്ദമാണെന്ന് തെറ്റിദ്ധരിക്കുമ്പോള്‍ (ആ തെറ്റിദ്ധാരണ ഒരിക്കലും ശരിയാവരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു.) ഇത് അവരുടെ മാത്രം പ്രശ്നമെന്ന് കരുതി  തീരെ ലാഘവത്തോടെ ഇരിക്കുന്ന ജനപ്രതിനിധികള്‍ ഉള്ളിടത്ത് ദൈവം മാത്രമേ നമുക്ക് രക്ഷയായുള്ളൂ. 120 ദശലക്ഷം വര്‍ഷം മുമ്പ് ഗോണ്ടുവാനാ ലാന്‍റില്‍ നിന്നും വേര്‍പെടുത്തി ഏഷ്യയിലേയ്ക്ക് ഇന്ത്യയെ കൊണ്ടുവന്ന പ്രപഞ്ചകര്‍ത്താവ് തീരെ അനായാസേനയല്ലെ ഇന്ത്യയെ ഒരു ജൈവ-സ്വഭാവ-വൈവിധ്യരാഷ്ട്രമായിതീര്‍ത്തത്. ഒട്ടനവധി ഭൗമസംഭവങ്ങള്‍, ആയിരക്കണക്കിന് അഗ്നിപര്‍വ്വതസ്ഫോടനങ്ങള്‍, ഒരു ദിശയുമില്ലാതെയുള്ള ലാവാപ്രവാഹം, നിരന്തരമായുള്ള ഭൂമികുലുക്കങ്ങള്‍ ഇവയെയൊക്കെ ആയുധമാക്കിയാണ് ഇന്ത്യയും ഇന്ത്യയിലൊരു പശ്ചിമഘട്ടവും അതില്‍ എന്നാളും ഒരുപോലെ നിലനില്‍ക്കുമെന്ന് നാം വൃഥാ ചിന്തിച്ചുകൂട്ടുന്ന കാലാവസ്ഥകളും ഉണ്ടായത്. പശ്ചിമഘട്ടത്തിന്‍റെ പടിഞ്ഞാറ് വശത്ത് മഴ ധാരാളം കിട്ടുന്ന സ്ഥലത്ത് മലയാളികളും അപ്പുറത്ത് കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ കുറച്ചുമാത്രം കിട്ടുന്ന സ്ഥലങ്ങളില്‍ തമിഴന്മാരും ആയത് നമ്മുടെയാരുടേയും കുറ്റം കൊണ്ടല്ല. വളരെ നീണ്ടകാലത്തെ ഭൗമപ്രയത്നം കൊണ്ടാണ് ഈ വലിയ മലനിരയുടെ രണ്ടുഭാഗത്തും രണ്ട് വ്യത്യസ്ത കാലാവസ്ഥകള്‍ രൂപംകൊണ്ടത്. അതിന്‍റെ ഫലമാണ് ഇക്കാണുന്ന ജലലഭ്യത കേരളത്തിലും ജലദൗര്‍ലഭ്യം തമിഴ്നാട്ടിലും. ഇത് പങ്കുവച്ചനുഭവിക്കുവാനാണ് ഇത്തരത്തിലൊരു പ്രത്യേകത പശ്ചിമഘട്ടത്തില്‍ ഉണ്ടായതും. പക്ഷേ രാഷ്ട്രീയ  മുതലെടുപ്പിനുവേണ്ടി മാത്രം ഈ പ്രശ്നത്തെ കാണുന്നവര്‍ ഇതിന് ഒരു രമ്യ പരിഹാരം, അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്, കാണുവാന്‍ ശ്രമിക്കില്ല. ഭൂമിയിലുള്ള സകല സ്രോതസ്സുകളും വെള്ളമായാലും ജൈവവൈവിധ്യമാണെങ്കിലും എന്തായാലും പരസ്പരം സ്നേഹത്തോടെ പങ്കുവച്ച് അനുഭവിക്കാനുള്ളതാണ് അതും തീരെ കുറച്ച് ആള്‍ക്കാര്‍ക്ക് കുറച്ച് കാലത്തേയ്ക്കല്ല. ഇനി വരുന്ന തലമുറയ്ക്ക്  ഇനിയുള്ള കാലത്തേയ്ക്ക്.

ഏറ്റവും ഒടുവിലാണ് സുപ്രീംകോടതി നിയമിച്ച അഞ്ചംഗ എംപവര്‍ട് കമ്മിറ്റി (റിട്ട. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആണ് തലവന്‍) 6 മാസത്തെ പഠനത്തിനുശേഷം മുല്ലപ്പെരിയാര്‍ ഡാം ഘടനാപരമായും സംഭരണശേഷിപരമായും ഇനിയുമുള്ള കാലത്തേയ്ക്ക് സുരക്ഷിതമാണെന്നും സംഭരണശേഷി 136 അടിയില്‍നിന്നും ചില മിനുക്കുപണിക്കുശേഷം 142 അടിയിലേയ്ക്ക് ഉയര്‍ത്താമെന്നും ശുപാര്‍ശ ചെയ്തത്. ഇത്രയും ഭൂകമ്പങ്ങള്‍ സംഭവിച്ചുകഴിഞ്ഞിട്ടും ഏത് ഭൂകമ്പത്തേയും അതിജീവിക്കുവാന്‍ 116 വര്‍ഷം പഴക്കമുള്ള ഇഷ്ടികപ്പൊടി (സുര്‍ക്കി)യും കല്ലും ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ഡാമിന് കഴിയുമെന്ന് ആരുടെയൊക്കെ ശാസ്ത്രപഠനങ്ങള്‍ നോക്കിയിട്ടാണ് പറഞ്ഞതെന്ന് അറിയില്ല.

മുല്ലപ്പെരിയാര്‍ പ്രശ്നം വസ്തുതകളില്‍ നിന്നും മാറി രാഷ്ട്രീയമായി മാറിയപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കേരളത്തേക്കാള്‍ നിരവധി മടങ്ങ് പ്രബലന്മാരായ തമിഴ്നാടിന് അനുകൂലമായി തീരുമാനങ്ങള്‍ അടിക്കടി വരുന്നതില്‍ അത്ഭുതമില്ല. ഒരു കാര്യം സ്പഷ്ടമാണ് കേരളമോ കേരളത്തിലെ ഗവണ്‍മെന്‍റിന്‍റെ നിലനില്‍പ്പോ ദേശീയ രാഷ്ട്രീയത്തിന് ഒരു വിഷയമേ അല്ല.

മുല്ലപ്പെരിയാറ്റില്‍ ഒരു പുതിയ ഡാം പണിയും അത് തമിഴ്നാട്ടുകാരായിരിക്കും പണിയുന്നത്, അതും ഇപ്പോഴുള്ള ഡാം പൊട്ടി ലക്ഷക്കണക്കിന് ആള്‍ക്കാര്‍ മരിച്ചതിനു ശേഷം മാത്രം.

മുല്ലപ്പെരിയാര്‍ ഡാം തമിഴ്നാട്ടിലും ജലം കേരളത്തിലുള്ളവര്‍ക്കുമായിരുന്നെങ്കില്‍ അതായത് ഭൗമചരിത്രം ഒന്ന് കീഴ്മേല്‍ മറിഞ്ഞ് തമിഴ്നാട്ടില്‍ ജലസമൃദ്ധിയും നമുക്ക് ജലദൗര്‍ലഭ്യവുമായിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം പണ്ടേ തമിഴ്നാട്ടുകാര്‍ പൊളിച്ച് അവരുടെ ഇഷ്ടത്തിനൊത്ത് പുതിയൊരെണ്ണം പണിയുമായിരുന്നു. നമ്മുടെ കോടതികളെല്ലാം അതിന് നൂറുവട്ടം അനുവാദം കൊടുക്കുമായിരുന്നു.

You can share this post!

ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം

പ്രൊഫ. എം. കെ. സാനു
അടുത്ത രചന

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
Related Posts