news-details
കവർ സ്റ്റോറി

മരണത്തിന്‍റെ സുഗന്ധം

ഒന്ന്

'ഞാന്‍' എന്ന ചിന്തയോടെയും അതില്ലാതെയും ഒരു വിഷയം പറയാന്‍ കഴിയും. 'ഞാന്‍' എന്നതു തീര്‍ത്തുമില്ലാതെ ഒരാള്‍ ഒരു വിഷയം പറയുമ്പോള്‍ അയാളുടെ മനസ്സ് പ്രപഞ്ചസത്യം പ്രകടിപ്പിക്കാനുള്ള ഒരു 'വായന'യായി മാറുന്നു. 'ഞാനെന്നചിന്തയില്ല' എന്ന ചിന്തപോലുമില്ലാതെ ഒന്നു പറയാന്‍ കഴിയുമ്പോള്‍ അയാള്‍ക്ക് പരമമായത് പറയാന്‍ കഴിയുന്നു. അത് 'ബുദ്ധാവസ്ഥ'യില്‍നിന്ന് 'രമണാവസ്ഥ'യില്‍ 'കൃഷ്ണമൂര്‍ത്തി അവസ്ഥ'യില്‍ എത്തിയ ഒരു മനസ്സിനേ കഴിയുകയുള്ളൂ. ഏതായാലും ഈയൊരറിവിന്‍റെ വെളിച്ചത്തില്‍ മരണത്തെപ്പറ്റിയുള്ള ചില വിചാരങ്ങള്‍, ഇത്തിരി വെളിച്ചത്തിന്‍റെ തുള്ളികള്‍ വിനയത്തോടെ ഇവിടെവെയ്ക്കുകയാണ്.

വാര്‍ദ്ധക്യം, രോഗം, മരണം - ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യം അതാണ്. ഈ മൂന്നു സാഹചര്യങ്ങളിലൂടെയും ജീവന്‍ കടന്നുപോകുന്നു. വാര്‍ദ്ധക്യം ഇല്ലാതാക്കാനാവില്ല, രോഗം ഇല്ലാതാക്കാനാവില്ല, മരണവും ഇല്ലാതാക്കാനാവില്ല. വാര്‍ദ്ധക്യത്തിലും ജീവിതത്തെ ആദരിച്ചുകൊണ്ട്, അതിന്‍റെ നേരെ കൃതജ്ഞനായിക്കൊണ്ട് ഓരോ ദിവസവും അമൂല്യമാക്കിക്കൊണ്ട് ജീവിക്കാനുകുമോ? രോഗാവസ്ഥയിലും അതിന്‍റെ പ്രയാസങ്ങള്‍ അവനവനും മറ്റുള്ളവര്‍ക്കും ഉണ്ടാക്കാതെ, വേദനയെ, രോഗയാതനയെ മനസ്സിലാക്കിക്കൊണ്ട്, ശാന്തമായൊരു മനസ്സോടെ, സ്നേഹത്തോടെ ജീവിക്കാനാകുമോ? മരണാവസ്ഥയ്ക്കു മുന്‍പും വെപ്രാളങ്ങളില്ലാതെ, ഭയമില്ലാതെ, ഒന്നിച്ചുള്ളവര്‍ക്കു സമാധാനം പകര്‍ന്നുകൊണ്ട്, ചിരിക്കാന്‍ പ്രേരണ കൊടുത്തുകൊണ്ട് ഒരു മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്കു കടന്നുപോകുന്നതുപോലെ മരിക്കാന്‍ ഒരാള്‍ക്കു കഴിയുമോ?

കുറച്ചുവര്‍ഷങ്ങളായി ഇത്തരം ഒരു വിചാരമാണ് ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ബുദ്ധന്‍ മുതല്‍ ഗുര്‍ജിഫ് വരെയുള്ള, ലാവോത്സു മുതല്‍ ജെ. കൃഷ്ണമൂര്‍ത്തിവരെയുള്ള മഹാമനസ്സുകള്‍ മാനവരാശിയെ ഈ സ്വച്ഛജീവിതത്തിന്‍റെ പാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ്. അതിന്‍റെ വെളിച്ചത്തില്‍ ശരീരത്തിലും മനസ്സിലും ആത്മാവിലും ആരോഗ്യത്തോടെ ജീവിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഒരാള്‍ ജീവിക്കുന്നത്. ആര്‍ക്കും ദുഃഖം നല്കാതെ, ഒരു ജീവിയെപ്പോലും വേദനിപ്പിക്കാതെ, അവനവന്‍റെ അന്നന്നത്തെ ജീവിതം കഴിച്ചുകൂട്ടാന്‍ കഴിയുന്ന ഒരാള്‍ക്ക് പുസ്തകങ്ങളില്‍നിന്നു കിട്ടാത്ത വെളിച്ചവും വിവേകവും സാന്ത്വനവും കിട്ടുന്നു.

ഇതിലേക്കൊരാളെ നയിക്കാനാവശ്യമായ ആദ്യത്തെ ഘടകം ആരോഗ്യമുള്ള, സംഘര്‍ഷമില്ലാത്ത, ശാന്തമായ ഒരു ശരീരമാണ്. ശരീരം ശാന്തമാകുമ്പോള്‍, ശീതളമാകുമ്പോള്‍, ശരീരം ആരോഗ്യമുള്ളതാണ്. ശരീരം അശാന്തമാകുമ്പോള്‍, കലുഷമാകുമ്പോള്‍, തപിക്കുമ്പോള്‍, ശരീരം രോഗഗ്രസ്തമാണ്.

ശരീരം അശാന്തമാകുമ്പോള്‍ മനസ്സും സൂക്ഷ്മസത്തയും അശാന്തമാകുന്നു. അത്തരം ഒരു ശരീരം, മനസ്സ്, ജീവിതത്തിന്‍റെ മഹിമ, ആനന്ദം, സ്വച്ഛത ഒന്നും അറിയുന്നില്ല.

ജീവിതത്തെ വന്ദിച്ചുകൊണ്ട്, സൂക്ഷ്മമായി അറിഞ്ഞുകൊണ്ട്, ഉണര്‍ന്ന മനസ്സോടെ ഇതില്‍ ലീനമായിക്കൊണ്ട് ഒരാള്‍ ജീവിക്കുമ്പോള്‍ അയാളുടെ ശരീരം ശാന്തമാകുന്നു, മനസ്സ് ശാന്തമാകുന്നു. ഈ അവസ്ഥയിലെത്തിയ ഒരാള്‍ക്ക് രോഗത്തിലും വാര്‍ദ്ധക്യത്തിലും മരണത്തിലും സംഘര്‍ഷമില്ലാതെ അതിനെ നേരിടാന്‍ കഴിയുന്നു.

മരണത്തോടടുക്കുമ്പോള്‍, പ്രായംകൂടി വരുമ്പോള്‍, പ്രയാസങ്ങളും വേദനകളും നിസ്സഹായതയും വര്‍ദ്ധിക്കുമ്പോള്‍ അനിവാര്യമായത്, മരണം വന്നുകൊണ്ടിരിക്കുന്നത്, ഒരാളറിയുമ്പോള്‍ അയാള്‍ സ്വയം ചോദിച്ചുപോകുന്നു, 'ഇതിനായി എന്തെങ്കിലും തയ്യാറെടുക്കല്‍ ആവശ്യമുണ്ടോ? അജ്ഞാതമായ അതിനെ സന്ധിക്കാന്‍ എന്തെങ്കിലും ഒരുക്കം ആവശ്യമുണ്ടോ?'

യഥാര്‍ത്ഥത്തില്‍ മരണത്തെപ്പറ്റിയുള്ള ഒരു സംഭാഷണം അങ്ങേയറ്റം പ്രയാസകരമാണ്. എന്തെന്നാല്‍ മനുഷ്യന്‍റെ അനുഭവത്തില്‍ അത് അജ്ഞാതമായതാകുന്നു.
'എന്താണ് മരണം' എന്നത് ഉത്തരം കണ്ടെത്താനാവാത്ത ചോദ്യമാണ്. ഒരാള്‍ മരിക്കുന്നതുവരെ അയാള്‍ക്കതറിയാനാവില്ല. മരിച്ചുകഴിഞ്ഞ ശേഷമാകട്ടെ അതെന്താണെന്നറിയിക്കാനുമാവില്ല.

യാജ്ഞവല്‍ക്യന്‍ മൈത്രേയിയുമായി സംസാരിച്ചുകൊണ്ടിരിക്കെ ഒരു ചോദ്യം ഉന്നയിക്കുന്നു:

"മൈത്രേയീ, ഒരാള്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നുവെന്ന് നിനക്കറിയാമോ? അയാളെവിടെപ്പോകുന്നു?"

മൈത്രേയി ആ ചോദ്യത്തിന്‍റെ സത്ത ഉടന്‍ തിരിച്ചറിഞ്ഞു. അവള്‍ മൊഴിഞ്ഞു; "അതേ, എനിക്കതറിയണമെന്നുണ്ട്."

അപ്പോള്‍ യാജ്ഞവല്‍ക്ക്യന്‍ പറഞ്ഞു: "ഈ ചോദ്യത്തിന് തെറ്റായ ഒരു ഉത്തരം നിനക്ക് ഞാന്‍ തരില്ല. മരണത്തിനുശേഷം തുടര്‍ച്ചയാണ്. അതു തുടരുന്നു."

ആ സംഭാഷണം അവിടെ അവസാനിക്കുകയാണ്.

ആധുനിക കാലത്ത് മറ്റൊരു ഗുരു ജിദ്ദു കൃഷ്ണമൂര്‍ത്തിയോട് ഇതേ ചോദ്യം ഒരു ശിഷ്യന്‍ ചോദിക്കുകയുണ്ടായി. "മരണാനന്തര ജീവിതത്തെപ്പറ്റി അങ്ങയുടെ അഭിപ്രായമെന്താണ്?" ഒരു പുഞ്ചിരിയോടെ അദ്ദേഹം അപ്പോള്‍ പറഞ്ഞത് :"സാര്‍, എന്‍റെ വിഷയം മരണത്തിനുശേഷമുള്ള ജീവിതമല്ല. 'മരണത്തിനുമുമ്പുള്ള ജീവിതം' -അതാണെന്‍റെ വിഷയം" എന്നതായിരുന്നു.

വഴിവക്കില്‍ ഉറക്കെയുറക്കെ നിലവിളിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ ഒരു നാള്‍ സൂഫി യതി ഷിസിലി കണ്ടുമുട്ടി. കരയുന്നതിന്‍റെ കാരണം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രിയതമ അപ്പോള്‍ മരിച്ചതേയുള്ളു എന്ന് അറിയിച്ചു. അതു കേട്ട് ഷിസിലി മൊഴിഞ്ഞു: "സഹിക്കുന്നവയുമായുള്ള ബന്ധം ഒടുവില്‍ ദുഃഖത്തിലാണൊടുങ്ങുക. ഒരിക്കലും മരണമില്ലാത്തതിനെ തിരഞ്ഞെടുക്കൂ. സന്തോഷമായിരിക്കൂ."

ആത്മീയമായ ഉള്‍ക്കാഴ്ചയുള്ള വിനോബഭാവയുടെ അമ്മ ഒരിക്കല്‍ വിനോബായോടു പറഞ്ഞത്രേ: "നീയെത്രകാലം ജീവിക്കുന്നുവെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ നിന്‍റെ പേരിലുള്ള ഭക്ഷണം തീരുമാനിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, വേഗം തിന്നുകയാണെങ്കില്‍ വേഗം മരിക്കും. അല്പാല്പം ഭക്ഷിക്കുകയാണെങ്കില്‍ ഏറെ ജീവിക്കും!"

പ്രസിദ്ധനായ ഒരു സാമുറായ് തന്‍റെ ഒരനുഭവം പങ്കിടുന്നുണ്ട്: "ഞാനൊരു കുഞ്ഞായിരിക്കുമ്പോള്‍ ഒരു സാമുറായ് എന്നോടു പറഞ്ഞു: മരണത്തെ ഒരിക്കലും ഭയപ്പെടരുത്!  ഞാനന്നുതൊട്ട് മരണത്തെപ്പറ്റിയുള്ള നേര്‍ത്ത ഉത്കണ്ഠപോലും ഇല്ലാതാകുംവരെ പാടുപെട്ടു. ആയുധകലയുടെ പരമമായ രഹസ്യം മരണഭയത്തില്‍നിന്ന് മുക്തനാകുക എന്നതാണ്. അതിന് നിങ്ങള്‍ക്ക് ഒരു പരിശീലനവും വേണ്ട."

ഒരിക്കലൊരാള്‍ അപസ്മാരം വന്ന് പുഴയില്‍ വീണു. ബോധമുണര്‍ന്നപ്പോള്‍ അയാള്‍ വിസ്മയിച്ചുപോയി. കാരണം, അയാള്‍ പുഴയുടെ കരയില്‍ കിടക്കുകയായിരുന്നു. അപസ്മാരമാണ് അയാളെ പുഴയിലേക്കു വീഴ്ത്തിയത്. അതുതന്നെ അയാളുടെ ജീവന്‍ രക്ഷിച്ചു. കാരണം, ബോധമില്ലാത്തതുകൊണ്ട് അയാള്‍ ഭയന്നില്ല. അപ്പോള്‍ സഹജമായി ശരീരം പതുക്കെപ്പതുക്കെ ജലത്തില്‍നിന്നുയര്‍ന്നു വന്നു.

ബോധോദയത്തിലെത്താത്തവര്‍ സദാ ഉത്കണ്ഠയിലാണ്. നദിയില്‍ വീണു നീന്താനറിയാത്ത ഒരാളെപ്പോലെയാണയാള്‍. അയാള്‍ ഭയന്നു പോകുന്നു. അതുകൊണ്ടാണയാള്‍ മുങ്ങിപ്പോകുന്നത്. അതുകൊണ്ട് പൊന്തിനില്ക്കാനയാള്‍ പാടുപെടുന്നു. അതുകൊണ്ടയാള്‍ ആഴത്തിലാഴത്തില്‍ താണുപോകുന്നു. അയാള്‍ തന്‍റെ ഭയം വെടിഞ്ഞ് മുങ്ങാനനുവദിക്കുകയാണെങ്കില്‍ അയാളുടെ ദേഹം ജലത്തിനുമീതെ പൊന്തിവരാന്‍ തുടങ്ങും.

"മരണഭയമുള്ളവര്‍ക്ക് ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍, നിറവോടെ, ആഘോഷിക്കാനാകില്ല" എന്ന് മുഴുവന്‍ യോഗികളും.

"ലോകം മരണത്തെ ഭയക്കുന്നു. എനിക്കാകട്ടെ അത് ഏറെ സന്തോഷകരവും!" എന്ന് ഗുരുനാനാക്ക്.

നന്നായി മരിക്കാന്‍, ഭയമില്ലാതെ മരിക്കാന്‍, സന്തോഷത്തോടെ മരിക്കാന്‍, നന്നായി ജീവിക്കുകയും, ഭയമില്ലാതെ ജീവിക്കുകയും, സന്തോഷപൂര്‍വ്വം ജീവിക്കുകയും, ചെയ്യുകയെന്ന് യോഗികള്‍.

മരണമില്ലാതെ ജീവിതമില്ല
ജീവിതമില്ലാതെ മരണവും!

മരണമില്ലാത്ത ജീവിതം ഒരു ഭാരമായിരിക്കും. മരണമില്ലായിരുന്നുവെങ്കില്‍ ജീവിതം വഴിമുട്ടിയതും വിരസവും  വിവരിക്കാനാവത്തത്ര ഭാരമേറിയും ആയേനേ. തന്‍റെ മരണത്തെപ്പറ്റി ഓരോ മനഷ്യനും ഒരു ഉള്‍ക്കാഴ്ചയുണ്ടായിരുന്നെങ്കില്‍ അവനിന്ന് ജീവിക്കുന്നതിനെക്കാള്‍ തീര്‍ത്തും ഭിന്നമായ ഒരു ജീവിതം ജീവിച്ചു മരിക്കുമായിരുന്നു.

'നിങ്ങളിലെ നിങ്ങള്‍ മരിക്കുമ്പോള്‍ അവിടെ ഈശ്വരന്‍ ജനിക്കുന്നു' എന്നതു പറയാത്ത ഒരു മതവുമില്ല. അതുകൊണ്ട് മരണവും സ്നേഹവും ധ്യാനവും ഒരേ അനുഭവങ്ങളാണെന്ന് യോഗികള്‍ ഓര്‍മ്മിപ്പിക്കുന്നു. മരണം സദാ വര്‍ത്തമാനകാലത്തിലാണ്. സ്നേഹവും ധ്യാനവും അതുപോലെതന്നെ. മരണത്തെ ഭയന്നാല്‍ ഒരാള്‍ക്കു സ്നേഹിക്കാനാവില്ല.  സ്നേഹത്തെ ഭയന്നാല്‍ ഒരാള്‍ക്ക് ധ്യാനിക്കാനാവില്ല. ധ്യാനത്തെ ഭയന്നാല്‍ അയാളുടെ ജീവിതം പാഴാകുന്നു. അതുകൊണ്ട്, ഇവയിലൊന്നില്‍ ഒരാള്‍ എത്തുമ്പോള്‍ ബാക്കിയുള്ള രണ്ടിലും അയാള്‍ ചെന്നെത്തുന്നു.

ജീവിതത്തെ നിത്യവും വന്ദിച്ചുകൊണ്ട് ജീവിച്ചിരുന്ന ഒരു കവി, രവീന്ദ്രനാഥ ടാഗോര്‍, തനിക്കു ജീവിതം തന്ന മുഴുവന്‍ അനുഭവങ്ങളുടെയും നേരെ കൃതജ്ഞനാവുകയും മരിക്കുന്നതിനു രണ്ടു നാള്‍മുമ്പ് ഇങ്ങനെ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്:

"പ്രഭോ, ഞാനെത്ര മഹിതനാണ്!
ഞാനെങ്ങനെയാണെന്‍ നന്ദി പറയുക?
ഇതു കൈക്കൊള്ളുവാന്‍ ഒരു യോഗ്യതയുമില്ലാത്ത എനിക്ക്
അങ്ങീ ജീവിതം തന്നു!
ശ്വസിക്കുവാനുള്ള ഒരവകാശവും ഇല്ലാതിരുന്ന എനിക്കങ്ങ്
ശ്വാസം തന്നു!
ഞാനൊരിക്കലും നേടിയിട്ടില്ലാത്ത സൗന്ദര്യത്തിന്‍റെ,
ആനന്ദത്തിന്‍റെ
അനുഭൂതി അങ്ങെനിക്കു തന്നു.
ഞാന്‍ നന്ദിയുള്ളവനാണ്.
അങ്ങയുടെ അനുഗ്രഹത്താല്‍ ഞാന്‍ മതി മറന്നവനാണ്.
ഈ ജീവിതത്തില്‍ ഏതെങ്കിലും വേദനയോ കഷ്ടതയോ
അസ്വാസ്ഥ്യമോ ഉണ്ടായിട്ടുണ്ടെങ്കില്‍
അതെന്‍റെ തെറ്റുകൊണ്ടാണ്.
അതുകൊണ്ട് ഒരിക്കലും ഈ ജീവിതത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍
ഞാന്‍ അങ്ങയോട് പറയില്ല.
എന്നെ കൊള്ളാമെന്ന് അങ്ങേയ്ക്ക് തോന്നുന്നുണ്ടെങ്കില്‍ മാത്രം
ഈ ജീവിതത്തിലേയ്ക്ക് എന്നെ വീണ്ടും വീണ്ടും അയയ്ക്കുക."

ജോലിസ്ഥലത്തേയ്ക്ക് യാത്രപോകുന്ന അച്ഛന്‍റെ മുന്നില്‍ കരഞ്ഞ് ബഹളംവെച്ച്, 'അച്ഛനെ പോകാന്‍ ഞാന്‍ വിടില്ല' എന്നു പറയുന്ന പിഞ്ചുകുഞ്ഞിനെപ്പറ്റി കവിതയെഴുതിയ ടാഗോര്‍ ഭൂമിയില്‍നിന്നു വിട്ടുപോകുമ്പോള്‍ അദ്ദേഹം ജീവിച്ച് പൂര്‍ത്തിവരാത്ത ആ ജീവിതം, അത് വിരിയിച്ച കവിതയുടെ പൂവുകള്‍ മരണത്തിന്‍റെ മുന്നില്‍ നിരത്തിവെച്ച് 'ഇനിയും ഇതുപോലുള്ള പൂക്കളുമായി ഞാന്‍ തിരിച്ചുവരും' എന്ന് മരണത്തിനോട് പുഞ്ചിരിയോടെ പറഞ്ഞിരിക്കണം.

മൃത്യു വരുമ്പോള്‍ രണ്ട് ചോദ്യങ്ങളുയരുമത്രെ: 'എത്ര മൗനം എടുത്തു? എത്ര സ്നേഹം കൊടുത്തു? എന്ന്. ഈ രണ്ടു ചോദ്യ ങ്ങള്‍ക്കും 'നൂറു ശതമാനം' എന്നുത്തരം പറയാവുന്ന ഒരു മഹായോഗി, ശ്രീ ദാദാ ലേഖരാജ് അബു പര്‍വ്വതത്തില്‍ മൗനത്തിന്‍റെ ഈശ്വരീയ മഹാമന്ദിരം പണിതുകൊണ്ട്, മനുഷ്യരാശിക്ക് മുഴുവന്‍ കൈമോശം വന്നുപോയ  ആത്മസ്മരണ ഊട്ടിയുറപ്പിക്കാനായി 'സ്നേഹത്തിന്‍റെ കല', ധ്യാനം പരിശീലിപ്പിക്കാനായി ജീവിച്ചത്, "ആകാശത്തിനും അപ്പുറത്താണ് നമ്മുടെ യഥാര്‍ത്ഥ വസതി" എന്ന് പറഞ്ഞ് 'ജീവിച്ചുകൊണ്ട് മരിച്ചത്,' ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പാണ്.

മരണത്തെപ്പറ്റി അതിസുന്ദരമായ ഒരു കവിതയെഴുതിയത് അജ്ഞാതനായ ഒരു കവിയാണ്. അദ്ദേഹം ഇങ്ങനെയെഴുതി:
"എന്‍റെ ചുടലയ്ക്ക് അടുത്ത് വന്നുനിന്ന് കരയരുത്
ഞാന്‍ ഇവിടെയില്ല
ഞാന്‍ ഉറങ്ങുകയല്ല...
ഞാന്‍ ആഞ്ഞുവീശുന്ന ആയിരമായിരം കാറ്റുകളാകുന്നു.
ഞാന്‍ മഞ്ഞില്‍ തിളങ്ങുന്ന വജ്രമാകുന്നു.
ഞാന്‍ വിളഞ്ഞ ധാന്യമണികള്‍ക്ക് മീതെയുള്ള സൂര്യവെളിച്ചമാകുന്നു.
ഞാന്‍ വസന്തകാല മഴയാകുന്നു.
ഞാന്‍ രാത്രിയില്‍ തിളങ്ങുന്ന നക്ഷത്രങ്ങളാകുന്നു.
എന്‍റെ ചുടലയില്‍ വന്നു നിന്ന് കരയരുത്
ഞാനവിടെയില്ല
ഞാനുറങ്ങുന്നില്ല."
നാം ഈ നിമിഷത്തില്‍ എങ്ങനെ ജീവിക്കുന്നുവോ അതിനനുസരിച്ചാണ് നാം രൂപപ്പെടാന്‍ പോകുന്നത്. നമ്മുടെ ഇപ്പോഴത്തെ ദേഹം, മനസ്സ്, വിധി, മുന്‍കാലകര്‍മ്മങ്ങളിലൂടെ രൂപമെടുത്താണ് ഈ നിലയില്‍ വന്നത്. നാമിനി ജീവിക്കുന്ന ജീവിതം നമ്മുടെ ഭാവി ജീവിതത്തിന്‍റെ 'ബ്ലൂ പ്രിന്‍റാ'യി മാറുന്നു.

മരണത്തിനു നേരെ, ജീവിതത്തിനു നേരെ, ജിദ്ദു കൃഷ്ണമൂര്‍ത്തി വിസ്മയകരമായൊരു നവ്യരീതിയില്‍ നോക്കുകയും പറയുകയുമുണ്ടായി. അദ്ദേഹത്തിനു മരണമെന്നത് ജീവിതത്തില്‍നിന്ന് ഭിന്നമായ ഒന്നല്ല. ജീവിച്ചിരിക്കുന്നതും മരിക്കുന്നതും ഒന്നിച്ചുപോകുന്നു. ദേഹത്തിന്‍റെ നാശം എന്നത് അന്തിമമായിരിക്കും. അതില്ലാതാക്കാനാവില്ലെന്നിരിക്കെ 'ജീവിച്ചുകൊണ്ടിരിക്കെത്തന്നെ മരിക്കുക' എന്ന് കൃഷ്ണമൂര്‍ത്തി ഒരു ബദല്‍ചിന്ത അവതരിപ്പിക്കുകയുണ്ടായി: "മനസ്സില്‍ സന്തോഷമുണ്ടാക്കിയതും കയ്പ്പുനിറഞ്ഞതുമായ മുഴുവന്‍ അനുഭവങ്ങളോടും ഒരാള്‍ മരണമടയണം. കഴിഞ്ഞുപോകുന്ന ഓരോ ദിവസത്തിനോടും മരിക്കുവാനും അപ്രകാരം ഓരോ പ്രഭാതവും പുതിയതും അതുല്യവും ആയി കാണുവാനും സാധിക്കില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. അപ്പോള്‍ മരണമെന്നത് ഒടുവില്‍ ഒരിക്കല്‍ നേരിടേണ്ട ഒന്നല്ലാതായി മാറുന്നു. 'ഓരോ ദിവസവും ഓരോ മണിക്കൂറും ഓരോ മിനിട്ടും കഴിഞ്ഞുപോയതിനോടൊക്കെയും മരിക്കുക.' നമ്മുടെ ഭാവിയോടും നമ്മുടെ സ്വന്തമായവയോടും ബന്ധങ്ങളോടുമൊക്കെ ഒരാള്‍ ഉള്ളില്‍ സൂക്ഷ്മമായി മരിക്കുമ്പോള്‍ ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും അനശ്വരമായി മാറുന്നുവെന്നും ഈ ഒരു അവബോധത്തിലെത്താന്‍ ഭൂതഭാവികള്‍ പൂര്‍ണ്ണമായും മനസ്സില്‍നിന്ന് പോകണമെന്നും ഇവിടെ, ഇപ്പോള്‍ ഈ അന്തരീക്ഷം പൂര്‍ണ്ണ ശ്രദ്ധയോടെ ജീവിക്കാന്‍ കഴിയണമെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.

മരണത്തില്‍ യഥാര്‍ത്ഥത്തില്‍ മരിക്കുന്നതും മരിക്കാത്തതുമായ രണ്ടു സത്യങ്ങളുണ്ടെന്ന് ഓഷോ കണ്ടെത്തുകയുണ്ടായി. അദ്ദേഹം പറഞ്ഞു: "മരിക്കുന്നത് ജീവിക്കുന്നതിന്‍റെതന്നെ ഒരു ഭാഗമാകുന്നു. മരണം കൂടാതെ ഒരാള്‍ക്ക് ജീവിക്കാനാവില്ല. മരണമെന്നത് ഒരു നിമിഷം, വലിയൊരു സത്യംതന്നെ. നാം നമ്മുടേതെന്നു കരുതുന്നതെല്ലാം മരിക്കും. ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍, അച്ഛന്‍, അമ്മ, സുഹൃത്ത് എല്ലാം മരിക്കും. എന്നിരുന്നാലും മരണം ഒരു സത്യമാണ്. കാരണം മകന്‍റെ ഹൃദയത്തില്‍ മകനല്ലാത്ത ആരോ ഉണ്ട്. അതു മരിക്കില്ല. പിതാവിന്‍റെ ഹൃദയത്തില്‍ പിതാവല്ലാത്ത ആരോ ഉണ്ട്. അതു മരിക്കില്ല. പിതാവ് മരിച്ചുപോകാം. പക്ഷേ പിതാവിന്‍റെ ഹൃദയത്തില്‍ പിതാവല്ലാത്ത ഒരു ജീവനുണ്ട്. അതു പിതാവില്‍നിന്ന് ഭിന്നമാണ്. അതു ബന്ധങ്ങളില്‍നിന്ന് ദൂരെയാണ്. അതിനു മരണമില്ല. ശരീരം മരിക്കും. പക്ഷേ ശരീരത്തിനുള്ളിലുള്ളതായ ആരോ ഒരിക്കലും മരിക്കുന്നില്ല." ഈ രണ്ടു കാര്യങ്ങളും ഒരുപോലെ സത്യം. അതുകൊണ്ട് മരണത്തെപ്പറ്റി മനസ്സിലാക്കണമെങ്കില്‍ ഈ രണ്ടു കാര്യങ്ങള്‍ ഓര്‍ക്കണം എന്ന് ഓഷോ ഓര്‍മ്മിപ്പിക്കുന്നു.
ഓരോ ഭയവും അടിസ്ഥാനപരമായി മരണഭയമാണെന്ന് പറയുന്ന ലാവോത്സു 'താവോയോഗ' വഴി മൃത്യുഭയത്തില്‍നിന്നു മുക്തനാകുമെന്നു പറയുന്നു. "നിങ്ങള്‍ മരണഭയമുള്ളവനാണെന്നു സ്വയം അറിയുന്നില്ല. പക്ഷേ മരണം എവിടെയെന്ന് നിങ്ങളുടെ ശരീരം അറിയുന്നു." ആ വഴിക്കു പോകരുത്. നിങ്ങളുടെ ദേഹം വിവേകശാലിയാണ്, മനസ്സിനേക്കാള്‍ വിവേകമുണ്ട് ആ ശരീരത്തിന്. കാരണം, മനസ്സ് തീര്‍ത്തും ഒരു നവാഗതനാണ്. ശരീരം മനസ്സിനെക്കാളേറെ നിലനിന്നു. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ ശരീരം നിലനിന്നു. അപ്രകാരം ശരീരം വിവേകശാലിയായി."

ഉദരം വഴി ഒരാള്‍ അഗാധശ്വസനം ശീലിക്കുകയാണെങ്കില്‍ ഭയം മുഴുവനായി മറയുന്നു എന്ന് ലാവോത്സു കണ്ടെത്തി. ജപ്പാന്‍കാര്‍ ഇതു ശീലിച്ചതുകൊണ്ടാണ് ഭയരഹിതരായി അവര്‍ 'ഹരാകിരി' ചെയ്യുന്നതെന്ന് ഓഷോ.

അഗാധമായി, സുദീര്‍ഘമായി ശ്വസിക്കുമ്പോള്‍ ദേഹമാകെ വിശ്രമം വ്യാപിക്കുന്നതായി അനുഭവപ്പെടുന്നു. ഒരു വിശ്രാന്തി, സംഘര്‍ഷമില്ലാത്ത അവസ്ഥ. ഒരു കുഞ്ഞ് നെഞ്ചുകൊണ്ടല്ല വയറുകൊണ്ടാണ് ശ്വസിക്കുന്നത്. ലാവോത്സു പറയുന്നത് എല്ലാവരും ഇപ്രകാരം ശ്വസിക്കണമെന്നാണ്. ഇതിന് 'താവോയോഗ' എന്നു പറയുന്നു. ഇതു ചെയ്യുമ്പോള്‍ വയര്‍ താഴുകയും ഉയരുകയും ചെയ്യുന്നു, നെഞ്ചില്ലാത്തതുപോലെ.

സൂഫിയതികളും മരണഭയമുക്തിക്കായി ലളിതമായൊരു ഉദരശ്വസനാഭ്യസം പറയുന്നുണ്ട്:
"അല്ലാഹു---ഹ! - ഹ!-ഹ!
അല്ലാഹു---ഹ! - ഹ!-ഹ!
അല്ലാഹു---ഹ! - ഹ!-ഹ!"
ഈ ക്രമത്തില്‍ ഒരാള്‍ അരമണിക്കൂര്‍ വീതം രാവിലെയും രാത്രിയിലും 41 ദിവസങ്ങള്‍ കൃത്യതയോടെ പരിശീലിക്കുകയാണെങ്കില്‍ ഒരു വ്യക്തിയുടെ ഉള്ളില്‍നിന്ന് സൂക്ഷ്മമായ മരണഭയം പോകാന്‍ തുടങ്ങുന്നു.

ഇപ്രകാരം മൃത്യുഭയം പോയൊരു മനസ്സോടെ ഒരാള്‍ ജീവിക്കുമ്പോള്‍ അയാള്‍ക്കു ജീവിതത്തിലുള്ള ചെറുതും വലുതുമായ മുഴുവന്‍ ഭയങ്ങളും ഉത്കണ്ഠകളും അഗാധമായ അലച്ചിലുകളും ആര്‍ത്തികളും പൂര്‍ണ്ണമായി ഒടുങ്ങുന്നു. അപ്പോള്‍ അയാള്‍ക്കും ജീവിതം 'ഹാ, എത്ര മധുരം, മഹനീയം, സുന്ദരം' എന്ന തോന്നല്‍ തുടങ്ങുന്നു. ഒരു കാരണവുമില്ലാതെ അയാള്‍ ഈ വിശ്വത്തോടു മുഴുവന്‍ പ്രേമമുള്ളവനായി മാറുന്നു. അപ്പോള്‍ ഒരാളില്‍ ജീവിതത്തിന്‍റെ ഉള്‍ക്കാഴ്ചകള്‍ മിന്നല്‍വെളിച്ചംപോലെ വന്നുമറയുന്നു. നിങ്ങളുടെ ജന്മദിനമെന്നു പറയപ്പെടുന്ന ആ പ്രത്യേക ദിവസമല്ല നിങ്ങള്‍ നിലനില്ക്കാനാരംഭിച്ചത് എന്നും നിങ്ങള്‍ അതിനും എത്രയോ മുന്‍പുതന്നെ ഉണ്ടായിരുന്നുവെന്നും നിങ്ങള്‍ക്കു തോന്നാന്‍ തുടങ്ങുന്നു. ഒടുവിലായി നിങ്ങളുടെ മാതാപിതാക്കളില്‍, അതിനുമുമ്പായി പൂര്‍വ്വപിതാക്കളുടെ ഒരു നിരയില്‍ നിങ്ങളുണ്ടായിരുന്നു. മരണശേഷം ഭൂമിയുടെ ഭാഗമായി നിങ്ങളുണ്ടാകും. മേഘങ്ങളിലും മണ്‍പൊടിയിലും നിങ്ങളുടെ രക്തബന്ധമുള്ള പിന്‍തുടര്‍ച്ചക്കാരിലും നിങ്ങളുടെ ആത്മീയ പിന്‍ഗാമികളിലുമൊക്കെ നിങ്ങള്‍ ജീവിച്ചിരിക്കുമെന്ന് അപ്പോള്‍ സഹജമായി നിങ്ങള്‍ക്കു തോന്നാന്‍ തുടങ്ങുന്നു.

വൈരാഗ്യത്തിലൂടെ ഭയമുക്തരാക്കാനും അങ്ങനെ മനുഷ്യരെ ജ്ഞാനികളാക്കാനുമാണ് മതങ്ങള്‍ ശ്രമിച്ചത്. എല്ലാ മതങ്ങളിലെയും ആരാധനാലയങ്ങള്‍ ശ്മശാനങ്ങള്‍ക്കടുത്തുതന്നെ ഉണ്ടാക്കിയത് മരണത്തെപ്പറ്റിയുള്ള ബോധത്തില്‍നിന്ന് ഒരാള്‍ക്ക് എളുപ്പത്തില്‍ ജീവിതത്തിന്‍റെ അപ്പുറത്തേക്ക് പോകാനാവുന്നതിനാണ്. ശിവന്‍റെ വാസസ്ഥാനം കൈലാസപര്‍വ്വതത്തിലും ശ്മശാനത്തിലും ആയിരുന്നുവല്ലോ. കൈലാസം ആഘോഷം മാത്രമുള്ള സ്ഥലം, ശ്മശാനം ശൂന്യത മാത്രമുള്ള സ്ഥലം.

രണ്ട്

'ശാശ്വതമായ ജീവിതം ജീവിക്കാന്‍ മരണം നിങ്ങളെ പിടികൂടുംമുമ്പ് എങ്ങനെ മരിക്കണമെന്നു പഠിക്കുക' എന്ന് ജലാലുദ്ദീല്‍ റൂമി പറയുന്നു.

മരണം വരുമ്പോള്‍ നാമൊക്കെയും മരിക്കുന്നു. ആദ്യം നമ്മുടെ കാലടികള്‍ മരവിക്കുന്നു. പിന്നീട് കാലുകള്‍. തുടര്‍ന്ന് മെല്ലെ മെല്ലെ ദേഹമാകെ മരവിക്കുന്നു. ആത്മാവ് നവദ്വാരങ്ങളില്‍നിന്നും പിന്‍വാങ്ങുമ്പോള്‍ ഭ്രൂമധ്യത്തിലേക്ക് നീങ്ങുമ്പോള്‍ അതു ദേഹം വിടുന്നു. ദിവസവും മരിക്കുകയെന്നാല്‍ ഓരോ ദിവസവും ഇരുകണ്ണുകള്‍ക്കു നടുവിലുള്ള ആ പ്രത്യേക ബിന്ദുവിലേക്ക് ബോധത്തെ പിന്‍വലിക്കുക എന്നത്രേ. ഇപ്രകാരമുള്ള ധ്യാനം മരിക്കുവാനുള്ള ദൈനംദിന പരിശീലനമാണ്. അപ്രകാരം എങ്ങനെ മരിക്കണം, എപ്പോള്‍ മരിക്കണം എന്നതിന്‍റെ പൂര്‍ണ്ണതയിലെത്തുകയാണ്. യഥാര്‍ത്ഥത്തില്‍ ധ്യാനമെന്നത് മരിക്കുന്നതിനുമുമ്പ് മരിക്കുവാനുള്ള ഒരു തയ്യാറെടുപ്പാണ്.

ഓരോ ധ്യാനവും ഓരോ മരണവും പുനരുത്ഥാനവുമാകുന്നു.

ധ്യാനത്തില്‍ എന്‍റെ തെറ്റായ കാഴ്ചകളുടെ മരണം അനുഭവിക്കുന്നതോടെ ഞാന്‍ പിന്നെയൊരിക്കലും മൃതിയെ ഭയക്കുകയില്ല.

ധ്യാനത്തിനു മാത്രമേ മരണഭയത്തിനപ്പുറത്തേക്ക് ഒരാളെ കൊണ്ടുപോകാനാവൂ.

ധ്യാനം മരണമില്ലാത്ത മരണമത്രേ. സ്വച്ഛന്ദ മരണം. ഒരു ധ്യാനി, യോഗി, യഥാര്‍ത്ഥമായി മരിക്കുന്നതിനുമുമ്പ് നിരവധി തവണ മരിക്കുന്നു. അയാള്‍ എല്ലാ ദിവസത്തിലും മരിക്കുന്നു. എപ്പോഴെല്ലാം ധ്യാനിക്കുന്നുവോ അപ്പോഴെല്ലാം അയാള്‍ മരിക്കുന്നു. ഓരോ നിമിഷവും ഒരു ഭൂതകാലവുമായി മരിക്കുകയാണ്. പുതുമയോടെയിരിക്കുകയാണ്. കാരണം ഭൂതകാലവുമായി മരിക്കുന്നതോടെ ഒരാള്‍ വര്‍ത്തമാനകാലത്തില്‍ ജീവിക്കുകയാണ്.  അതുകൊണ്ട് യഥാര്‍ത്ഥമായ മരണം വരുമ്പോള്‍ അയാള്‍ക്ക് ഭയപ്പെടാനൊന്നുമില്ല. കാരണം, അയാള്‍ ഒരായിരം വട്ടം ഇതനുഭവിച്ചതാണ്.

ധ്യാനം അഗ്നിപോലെയാണ്. അതു നമ്മുടെ ചിന്തകളെ, ആഗ്രഹങ്ങളെ, ഓര്‍മ്മകളെ കത്തിക്കുന്നു. അത് ഭാവിയെ, ഭൂതത്തെ ചാമ്പലാക്കുന്നു. അത് നമ്മുടെ മനസ്സിനെ, 'അഹം'ബോധത്തെ ചുട്ടുകരിക്കുന്നു. അതുകൊണ്ട് ധ്യാനം ഒരു മരണമാണ്. പുനര്‍ജന്മവും ഒരു കുരിശാരോഹണവും ഉയിര്‍ത്തെഴുന്നേല്പ്പുമാണത്.

വൈകിയോ ഉടനെയോ ഒരാള്‍ മരിക്കുമെന്നതു തീര്‍ച്ച. മരണം വരുംമുമ്പ് ധ്യാനത്തിലെങ്ങനെ മരിക്കണം എന്ന് നമുക്കു പഠിക്കാം. മരണം എല്ലാം എടുത്തു കളയുന്നു. പക്ഷേ അതിനു നമ്മുടെ ധ്യാനത്തെ എടുത്തുകളയാനാവില്ല. നാം നമ്മുടെ സത്തയില്‍ വേരാഴ്ത്തിയവരാണെങ്കില്‍ ഉണര്‍വ്, ബോധം, ശ്രദ്ധ ഉള്ളവരാണെങ്കില്‍ നാം ദേഹമല്ലെന്നു നാമറിയുന്നു. മനസ്സല്ലെന്ന്, ഹൃദയമല്ലെന്ന്. നാം സാക്ഷിയായിരിക്കുന്ന ആത്മാവാകുന്നു. ആ സാക്ഷിയാവല്‍ നമുക്കൊപ്പം വരുന്നു. അപ്പോള്‍ നമ്മുടെ മരണത്തപ്പോലും ഒരു സാക്ഷിയായി കാണാന്‍ നമുക്കു കഴിയുന്നു.

ധ്യാനത്തില്‍ നമ്മുടെ ആഗ്രഹങ്ങളെല്ലാം വിട്ടുപോവുകയാണ്. ഇതു മരണത്തെ ആഘോഷിക്കാനുള്ള ഒരു തയ്യാറെടുപ്പാണ്. കാരണം എല്ലാം പൂര്‍ത്തിയായി. ഒന്നും ബാക്കിയില്ല. നമ്മുടെ ധ്യാനാത്മകമായ അവബോധത്തിലേക്ക് നാം ഒതുങ്ങിക്കഴിഞ്ഞു. മരണം അപ്രത്യക്ഷമായി. വെളിച്ചമെത്തിയപ്പോള്‍ ഇരുട്ടു നീങ്ങിയതുപോലെ.

മൃത്യുഃമൊഴികള്‍
1. ജനിക്കുമ്പോള്‍ ഒരാള്‍ ഒന്നും കൊണ്ടുവരുന്നില്ല.
മരിക്കുമ്പോള്‍ ഒരാള്‍ ഒന്നും കൊണ്ടുപോകുന്നില്ല.
(ചീനപ്പഴമൊഴി)
2. എങ്ങനെ മരിക്കണമെന്നു പഠിക്കുക
അപ്പോള്‍ എങ്ങനെ ജീവിക്കണമെന്നു നിങ്ങള്‍ പഠിക്കുന്നു.(തോമസ് അകൊമ്പിസ്)
3. നിങ്ങളുടെ മരണത്തിനു മുമ്പായി മരിക്കുക
(ഖുറാന്‍: മുഹമ്മദ് നബി)
4. സുഹൃത്തേ നിങ്ങള്‍ക്കു ജീവിക്കാനാഗ്രഹമുണ്ടെങ്കില്‍
മരിക്കും മുമ്പുതന്നെ മരിക്കുക
(മസ്നവി: ജലാലുദ്ദീന്‍ റൂമി)
5. മരിക്കൂ, അല്ലയോ സാധകരെ മരിക്കൂ
മരണം മധുരമാണ്
പക്ഷേ, അത്തരത്തിലുള്ള മരണം മരിക്കുക
ഞാനതിന് സാക്ഷിയായിട്ടുണ്ട്
(ഗോരക് വാണി: ഗോരക് നാഥ്)
6. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മരിച്ചുകൊണ്ട്
മരണശേഷം നിങ്ങളെത്തിച്ചേരേണ്ട വീട്ടിലേക്ക്
നിങ്ങളെത്തിച്ചേരുന്നു.
(ആദിഗ്രന്ഥ്: ഗുരു നാനാക്ക്)
7. ലോകര്‍ മുഴുവന്‍ മരണശേഷമാണ് മരിക്കുന്നത്
ആരും യഥാര്‍ത്ഥമരണം മരിക്കുന്നില്ല
കബീര്‍ ഒരു മരണം മരിച്ചിട്ടുണ്ട്.
ഒരിക്കലും മരിക്കാതിരിക്കാന്‍ അതവനെ അര്‍ഹനാക്കി. (ബീജക്: കബീര്‍)
8. കണ്ണുകളില്ലാതെ കാണുക, കാതുകളില്ലാതെ കേള്‍ക്കുക
കാലുകളില്ലാതെ നടക്കുക, കൈകളില്ലാതെ പ്രാര്‍ത്ഥിക്കുക
നാക്കില്ലാതെ സംസാരിക്കുക, അപ്രകാരം ജീവിച്ചിരിക്കെ മരിക്കുക
അപ്പോള്‍മാത്രം നിങ്ങള്‍ പ്രിയതമനെ കണ്ടുമുട്ടുന്നു. (ഗുരുനാനാക്ക്: വര്‍ ഒഫ് രാഗ)
9. മനുഷ്യന്‍റെ ദേഹം പൊടിയായി മാറുന്നു.
എന്നാല്‍ അയാളുടെ പേര്, സ്വാധീനം നിലനില്‍ക്കുന്നു. (ധര്‍മ്മപഥ്: ബുദ്ധന്‍)
10. നമുക്കു മുന്നിലൂടെ മരണത്തിന്‍ വാതില്‍ തുറന്നുപോയവര്‍ ഒരാള്‍പോലും അവിടേക്കുള്ള വഴി പറഞ്ഞുതരാന്‍ തിരിച്ചുവന്നില്ല.
(ഒമര്‍ഖയ്യാം)
11. ഭൂമിയില്‍ ഓരോ വസ്തുവുമായുള്ള അടുപ്പം, ബന്ധം നിങ്ങള്‍ക്കു മുറിക്കാനായേക്കാം. എന്നാല്‍ നിങ്ങളും നിങ്ങളുടെ ദേഹവും തമ്മിലുള്ള ബന്ധം മുറിക്കാനാവുമ്പോഴാണ് നിങ്ങള്‍ ശരിയായ യോഗിയാകുന്നത്.
(ദാദാ ലേഖരാജ്)
12. ഒരു ദേവാലയമുണ്ടാക്കണം. അതിന്‍റെ ചുമരുകളില്‍ മരണത്തിന്‍റെയും, അകത്ത് ജീവന്‍റെയും ദേവതയെ പ്രതിഷ്ഠിക്കണം. (ഓഷോ) 
13. ആരുടെയെങ്കിലും മരണവാര്‍ത്ത കേട്ടാല്‍ ഒരു മംഗളവാര്‍ത്ത കേട്ട പ്രതീതിയാണെനിക്ക്.
(വിനോബഭാവെ)
14. മൂന്നു പ്രപഞ്ചസത്യങ്ങള്‍ സദാ ഓര്‍ക്കുക: ഒന്ന്, അസ്ഥിരം; രണ്ട് , യാതന; മൂന്ന് , ശൂന്യത.
(ഗൗതമ ബുദ്ധന്‍)
15. നിങ്ങളുടെ കഴിഞ്ഞ ജന്മങ്ങളെയോര്‍ത്ത് വിസ്മയപ്പെടേണ്ടാ
നിങ്ങളുടെ ഇപ്പോഴത്തെ ഈ ദേഹത്തെമാത്രം നോക്കൂ
നിങ്ങളുടെ വരാനിരിക്കുന്ന ജന്മങ്ങളെയോര്‍ത്ത് വിസ്മയപ്പെടേണ്ട
നിങ്ങളുടെ ഈ സമയത്തുള്ള മനസ്സിനെ നിരീക്ഷിക്കൂ. (പുരാതന തിബറ്റ് പഴമൊഴി)

You can share this post!

ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം

പ്രൊഫ. എം. കെ. സാനു
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts