news-details
കവർ സ്റ്റോറി

അന്വേഷി (ക്രിസ്തുമസ്സില്‍ നീത്ഷെയ്ക്കൊപ്പം)

18-ാം നൂറ്റാണ്ടിന്‍റെ ഉത്തരഘട്ടത്തില്‍ പേര്‍ഷ്യന്‍ രാജ്യത്തെ ഫോന്തായിലെ സ്കൂളില്‍ ഒരു വിദ്യാര്‍ത്ഥിയുണ്ടായിരുന്നു. ഹാജര്‍ പുസ്തകം ഫ്രഡറിക് നീത്ഷേ എന്ന് അവനെ അടയാളപ്പെടുത്തി. ശാന്തനും സൗമ്യനുമായവന്‍. വലിയ കണ്ണുകളുള്ളവന്‍. കണ്ണീരോടെ ബൈബിള്‍ വായിച്ചവന്‍. ചീത്തക്കുട്ടികളെ പേടിച്ചവന്‍. കുട്ടിക്ക് ഒരു സ്വപ്നമുണ്ടായി. അന്ന് അയാള്‍ക്ക് 15 വയസ്സ്. ഇരുണ്ട് നീലിമയാര്‍ന്ന കാട്ടിനുള്ളിലാണ് അവന്‍. ഒറ്റയ്ക്ക്. പേടിച്ചരണ്ട്. അടുത്തെവിടെയോ നിന്ന് ഹൃദയം കീറിയ ഒരു കരച്ചില്‍ മുഴങ്ങി. മനസ്സില്‍ ബോധനിലാവ് കെട്ടുപോയവര്‍ പാര്‍ത്ത വീട്ടില്‍നിന്നാണ് ആ നിലവിളി വന്നത്. കണ്ണുകളില്‍ ക്രൗര്യം നിറഞ്ഞ ഒരു വേട്ടക്കാരന്‍ ദാ, തൊട്ടുമുന്‍പില്‍. അയാള്‍ ചുണ്ടില്‍ ചേര്‍ത്തുവച്ചു മുഴക്കിയ വിസിലിന്‍റെ ഭ്രാന്തമായ ഒച്ച അവന്‍റെ ചങ്കു തുളച്ചു. ഉറക്കം ഞെട്ടി. സ്വപ്നത്തില്‍ അവന്‍ ലൂഥറിന്‍റെ പട്ടണമായ എല്‍സെബേനിലെയ്ക്കുള്ള വഴിയിലായിരുന്നു. വേട്ടക്കാരന്‍റെ കണ്ണുകള്‍ അവനെ റ്റ്യൂട്ട് ഷെന്താനെന്ന താഴ്വാരത്തിലേയ്ക്കോടിച്ചു. ലൂഥറിന്‍റെ പട്ടണത്തില്‍നിന്ന് വിജാതീയാഘോഷത്തിന്‍റെ പുല്‍മേട്ടിലേക്ക്. 'എച്ചേഹോമോ' എന്ന് പേരിട്ട ധൈഷണികതയുടെ തീ പടര്‍ത്തുന്ന തന്‍റെ പുസ്തകത്തില്‍ പില്‍ക്കാലത്ത് ആ കുട്ടി ഈ സ്വപ്നത്തെക്കുറിച്ചെഴുതി.

സ്വപ്നത്തില്‍ മാത്രമല്ല അയാള്‍ അലഞ്ഞത്. ഞെട്ടിയത്, തകര്‍ന്നത്. അലച്ചിലിന്‍റേതായിരുന്നു നീത്ഷേയുടെ ജീവിതം. ധിഷണയ്ക്ക് തീ പിടിച്ചവന്‍. 25-ാമത്തെ വയസ്സില്‍ ബെയ്സില്‍ യൂണിവേഴ്സിറ്റിയില്‍ ഭാഷാശാസ്ത്രവിഭാഗത്തിന്‍റെ തലവന്‍. പേരെടുത്ത പ്രൊഫസ്സര്‍. ഗ്രീക്കടക്കമുള്ള പ്രാചീന ഭാഷകളിലും സംസ്കാരവൈവിധ്യങ്ങളിലും നിപുണന്‍. സംഗീതപ്രതിഭയായ റിച്ചാര്‍ഡ് വാഗ്നറുടെ അടുത്ത സുഹൃത്ത്. സംഗീതത്തിന്‍റെ ആഴം ആത്മാവ് കൊണ്ടറിഞ്ഞവന്‍. സംഗീതത്തെക്കുറിച്ചുള്ള വിചിത്രമായ ദര്‍ശനങ്ങള്‍കൊണ്ട് സമ്പന്നമായ പുസ്തകമെഴുതി വാഗ്നറെയടക്കം ഞെട്ടിച്ചയാള്‍. വിമര്‍ശനങ്ങളുടെ ശരശയ്യയില്‍ മുറിഞ്ഞു പോയവന്‍. അല്ലെങ്കില്‍ത്തന്നെ ആരല്ലായിരുന്നു നീത്ഷെ എന്നെഴുതുന്നതല്ലേ എളുപ്പം!

തീക്ഷ്ണമായ വാക്കുകള്‍കൊണ്ട് എല്ലാ അതിര്‍ത്തികളെയും അയാള്‍ നിര്‍ഭയം കടന്നുപോയി. കാന്‍റിനെപ്പോലൊരു ബുദ്ധിജീവിയെ 'ഭ്രാന്തന്‍ എട്ടുകാലി'യെന്നും 'അസ്സല്‍ വിഡ്ഢി'യെന്നും വിളിച്ച് 'ആന്‍റി ക്രൈസ്റ്റ്' എന്ന പുസ്തകത്തെ അയാള്‍ ഭര്‍ത്സനങ്ങളുടെയും ശകാരത്തിന്‍റെയും ലുത്തിനിയാക്കി. ക്രിസ്ത്യാനികളെയും ക്രിസ്തീയതയെയും കൊഞ്ഞനം കുത്തി. തത്ത്വചിന്തകന്‍റെ എഴുത്തുശീലങ്ങളെ കാറ്റില്‍ പറത്തി. ഭാഷയ്ക്കെത്തിപ്പിടിക്കാനാകാത്ത ചിന്തയുടെ ആഴങ്ങള്‍ കാണിക്കാന്‍ ഭാഷയുടെ കഴുത്തൊടിച്ചു. നീത്ഷെയെ വായിക്കുക എളുപ്പമല്ല. വായിച്ചവര്‍ക്ക് അറിയാമത്. അയാള്‍ പറയാനാഗ്രഹിച്ചതെല്ലാം പറച്ചിലിന്‍റെ നടപ്പുശീലങ്ങള്‍ക്കെതിരായിരുന്നു. 'സത്യത്തിന്‍റെ വീട്' ഭാഷയാണെന്നെഴുതിയപ്പോള്‍ ഹൈഡഗറെപ്പോലൊരു ചിന്തകന്‍ തന്‍റെ ധിഷണാ ജീവിതത്തെ ഭാഷയുടെ അപ്രമാദിത്വത്തിന് അടിയറവുവയ്ക്കുകയായിരുന്നു. നീത്ഷെ തന്‍റെ ജീവിതംകൊണ്ട് ഭാഷയെ തച്ചുടച്ചു. വെല്ലുവിളിച്ചു. ചിന്തയുടെ തീകൊണ്ട് അതിനെ ഉരുക്കി വാര്‍ത്തു. അവസാനനാളുകളില്‍ ബോധത്തിന്‍റെ ഇരുണ്ട സ്ഥലികളില്‍ മറഞ്ഞുനിന്ന് ഭാഷയുമായി ഒളിച്ചുകളിച്ചു. കാലത്തിന്‍റെ നിഘണ്ടുവില്‍ അയാളുടെ ഈ ശീലത്തിന് കൊടുക്കാന്‍ ഒരു വാക്കേയുണ്ടായിരുന്നുള്ളൂ -ഭ്രാന്ത്! തന്നെ അളക്കുന്നതില്‍പ്പോലും ഭാഷയെതോല്‍പ്പിച്ചവന്‍റെ ചിരിയോടെ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉഷസ്സിനോടൊപ്പം അയാള്‍ കടന്നുപോയി.

മുറിഞ്ഞും ചിലപ്പോള്‍ മുടന്തിയും പിന്നെ കുതിച്ചുപാഞ്ഞും വരുന്ന നീത്ഷെയന്‍ എഴുത്തുകളില്‍ ദൈവാന്വേഷണമുണ്ടോ? ദൈവനിഷേധിക്കും അന്വേഷണത്തിനവകാശമുണ്ടല്ലോ? തീര്‍ച്ചയായും. 'മറഞ്ഞിരിക്കുന്ന ദൈവത്തിന്' എന്ന പേരില്‍ 24-ാമത്തെ വയസ്സില്‍ അയാള്‍ കവിതയെഴുതി:
"ഹാ മറഞ്ഞിരിക്കുന്നവനേ, ഞാന്‍ നിന്നെ അറിയും.
എന്‍റെ ആത്മാവിന്‍റെ ആഴങ്ങളില്‍ ഊളിയിടുന്നവനേ,
ജീവനിലൂടെ കൊടുങ്കാറ്റായിപ്പായുന്നവനേ,
അജ്ഞാതനെങ്കിലുമെന്‍റെ കൂടപ്പിറപ്പേ,
നിന്നെയറിയണം ഞാന്‍ -പാദപൂജചെയ്വാന്‍" (സ്വതന്ത്രവിവര്‍ത്തനം-ബാരറ്റിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനത്തോട് കടപ്പാട്).

പിന്നെ എപ്പോഴാണ് അയാള്‍ ദൈവത്തോട് പിണങ്ങിയത്? ദൈവത്തിന്‍റെ മരണം പ്രഖ്യാപിച്ചത്? നീത്ഷേ എന്നും 'യാബോക്ക്' കടവത്തായിരുന്നു. ഓര്‍ക്കുന്നില്ലേ ദൈവത്തോട് മല്ലിട്ടവന്‍റെ കഥ. യാക്കോബ്, ഇസ്രായേല്‍ ആയ കഥ. നേരംപുലരുവോളം നീളുന്ന മല്ലയുദ്ധത്തിന്‍റെ പിരിമുറുക്കം അയാള്‍ അറിയുന്നു. എളി ഉളുക്കുന്നു. നീത്ഷെയുടെ ഒപ്പ് അവസാനനാളുകളില്‍ 'ക്രൂശിക്കപ്പെട്ടവന്‍' എന്നായിരുന്നല്ലോ? നിരന്തരം അയാള്‍ ദൈവവുമായി മല്ലിടുകയായിരുന്നു. ഭാഷയും സംസ്കാരവും ചിന്തകളും ചേര്‍ന്ന് വാര്‍ത്തുണ്ടാക്കുന്ന ദൈവസങ്കല്പങ്ങളെയാണ് നീത്ഷെ വെല്ലുവിളിച്ചത്. 'നിര്‍മ്മിക്കപ്പെടുക' യെന്ന ദുരന്തത്തിനപ്പുറം 'സത്യമുണ്ടോ' എന്നതായിരുന്നു നീത്ഷെയന്‍ അന്വേഷണത്തിന്‍റെ കുന്തമുന. ക്രിസ്തുവെന്ന ക്രിസ്തീയദൈവത്തെ അയാള്‍ പരിഹാസപ്പൂക്കള്‍കൊണ്ട് കിരീടമണിയിച്ചു. ക്രിസ്തുവിനെ അന്വേഷിച്ച് ചിന്തയുടെ മലകളും പുഴകളും മരുക്കാലവും താണ്ടി. സരതുഷ്ട്രയെക്കൊണ്ട് പാപക്കറ കലര്‍ന്ന വാക്കുകള്‍ പറയിച്ചു:

"പുലരിത്തുടുപ്പില്‍ വിളക്കുമായി നടന്ന ഉന്മാദിയെക്കുറിച്ച് കേട്ടിട്ടില്ലേ? ചന്തയിലോടിനടന്ന് അയാള്‍ അലറി: ദൈവാന്വേഷണം! ദൈവാന്വേഷണം! പറയട്ടെ ഞാന്‍: നമ്മള്‍ - നീ, ഞാന്‍! അവനെ നമ്മള്‍ കൊന്നു! അവന്‍റെ ഘാതകര്‍ നമ്മള്‍! ഹാ, ദൈവം മരിച്ചു! അവന്‍ മരിച്ചവന്‍! നമ്മള്‍ ദൈവഘാതകര്‍! ഇതിലുപരിയൊരു മഹത് കര്‍മ്മമേത്? ഇളം തലമുറ ദൈവമരണത്തിന്‍റെ മഹച്ചരിത്രത്തിലിനി പങ്കാളികള്‍" (ദസ്സ്പെയ്ക്ക് സരതുഷ്ട്ര - സ്വതന്ത്രവിവര്‍ത്തനം ടെറി ഈഗിള്‍ട്ടന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനത്തോട് കടപ്പാട്).

നീത്ഷെ തച്ചുടച്ചത് ക്രിസ്തീയ ദൈവത്തെ മാത്രമല്ല. തത്ത്വചിന്തയുടെ ആദര്‍ശലോകത്തെയാണ് അയാള്‍ കീറിമുറിച്ചത്. ധാര്‍മ്മികചിന്തയുടെ അവകാശവാദങ്ങളെ അയാള്‍ വെല്ലുവിളിച്ചു. സത്യത്തെ വലയിലാക്കി എന്ന അന്വേഷിയുടെ അഹങ്കാരങ്ങള്‍ക്കെതിരെ അയാള്‍ കരച്ചിലും പല്ലുകടിയുമായി. എന്നാല്‍ നീത്ഷെയന്‍ വായനക്കാരില്‍ പലരും കഥയറിയാതെ ആട്ടം കാണുന്നവരായപ്പോള്‍, അയാളുടെ കൃതികളിലെ പ്രതീകങ്ങളും ബിംബങ്ങളും ലാവയൊലിപ്പിച്ച വാക്കുകളും അക്ഷരംപ്രതി വായിക്കപ്പെട്ടു. നിന്ദ്യനും അഹങ്കാരിയും ധാര്‍മ്മികബോധമില്ലാത്തവനും ദൈവനിഷേധിയും ക്രിസ്തീയതയുടെ ശത്രുവുമായി അയാള്‍ ചരിത്രത്തില്‍ ക്രൂശാരോഹണം ചെയ്തു. എല്ലാവര്‍ക്കും വേണ്ടി അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവരുടെ അടിസ്ഥാന ബോധ്യങ്ങളില്‍ വിള്ളലുകളുണ്ട് എന്നു ചൂണ്ടിക്കാണിക്കാനാണ് നീത്ഷെ ശ്രമിച്ചത്. ധാര്‍മ്മികതയെക്കുറിച്ചുള്ള അയാളുടെ പ്രബന്ധങ്ങള്‍ ശ്രദ്ധയോടെ വായിച്ചാല്‍ അത് മനസ്സിലാകും.

എന്തായിരുന്നു നീത്ഷെയുടെ തത്ത്വചിന്ത? ജാമ്യമായിപ്പറയട്ടെ - നീത്ഷെയുടെ ചിന്ത ഇന്നതാണ് എന്ന് നമ്മുടെ ഭാഷയില്‍ പറയുന്നത് അയാളെ ഇല്ലാതാക്കല്‍ തന്നെയാണ്. എന്നിട്ടും ഹാ, കഷ്ടം! ഭാഷയുടെ അപ്പംകൊണ്ടും ചരിത്രത്തിന്‍റെ ജലംകൊണ്ടും നമ്മുടെ അന്വേഷണങ്ങളെ നമുക്ക് തീറ്റിപ്പോറ്റേണ്ടിവരുന്നു. രണ്ടു നിലപാടുകള്‍ നീത്ഷേയ്ക്കുണ്ട്: 1. ചരിത്രത്തിലൂടെ നെയ്യപ്പെടുന്നതാണ് എല്ലാ ആശയങ്ങളും ആദര്‍ശങ്ങളും. 2. ചരിത്രത്തിന്‍റെ വലക്കണ്ണിയിലൊതുങ്ങാത്ത മൃഗമാണ് മനുഷ്യന്‍. ചരിത്രം പിളര്‍ത്തിക്കൊണ്ട് ഈ മൃഗം കുതിക്കുന്നു. ആശയചരിത്രം, ധാര്‍മ്മികചരിത്രം, മതചരിത്രം, സാംസ്കാരികചരിത്രം-എല്ലാം. ഉദാഹരണമായി -ഫുട്ബോള്‍ കളിയാണെന്നു കരുതുക. നീത്ഷേ ചോദിക്കും: ഈ കളിയുടെ നിയമങ്ങള്‍ നമ്മുടെ ഭാഷയാല്‍ നെയ്തെടുക്കപ്പെട്ടതല്ലേ? നമ്മള്‍ പറയും: അതേ. നീത്ഷെ ചോദിക്കും: ഫുട്ബോള്‍ കൈകൊണ്ട് എടുത്താലെന്താ? നമ്മള്‍ പറയും: അത് ഫൗളാണ്. നീത്ഷെ ചോദിക്കും: നമുക്കതിന് സ്വാതന്ത്ര്യമുണ്ടല്ലോ? നമ്മള്‍ പറയും: ഉണ്ട്; പക്ഷേ, പിന്നെ അതെങ്ങനെ ഫുട്ബോളാകും? നീത്ഷെ ചോദിക്കും: നിങ്ങള്‍ പറയുന്ന രീതിയില്‍ത്തന്നെ ഇത് ഫുട്ബോള്‍ ആകണമെന്ന് ആര്‍ക്കാ ശാഠ്യം? ആപേക്ഷികതയുടെ വാള്‍മുന തിളങ്ങുകയാണ്. ഏതു ചരിത്രത്തിന്‍റെയും കണ്ണികള്‍ പൊട്ടിച്ച് കുതിച്ചോടുന്ന ഈ സ്വാതന്ത്ര്യത്തിന്‍റെ കുതിപ്പു കണ്ട് നമ്മള്‍ അമ്പരക്കും. കണ്ടെത്താനായി നിഷേധിക്കുന്നവന്‍ നീത്ഷെ. ഗ്രീക്ക് പുരാണനായകന്‍ ഡയനീഷ്യസ് ദേവന്‍റെ ഉന്മാദംകൊണ്ട് ഈ സ്വാതന്ത്ര്യത്തിന് ലഹരി പിടിച്ചിട്ടുണ്ട്.

ക്രിസ്തുവേ ഞാനും നീയും തമ്മിലെന്തെന്ന് അയാള്‍ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. കത്തോലിക്കാസഭയുടെ നിലപാടനുസരിച്ച് ദൈവത്തെ യുക്തിക്ക് അന്വേഷിക്കാം. "ദൈവം ഉണ്ടെന്ന് യുക്തികൊണ്ട് അറിയാന്‍ മനുഷ്യനു കഴിയും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയുള്ളവനാണെന്ന് അറിയാനാവാകുകയില്ല. എന്നാലും താന്‍ അറിയപ്പെടാന്‍ ദൈവം ഏറെ ആഗ്രഹിച്ചതുകൊണ്ട് അവിടുന്ന് സ്വയം വെളിപ്പെടുത്തി" (യു ക്യാറ്റ്. 7. പേ. 16). "ദൈവത്തെപ്പറ്റി പറഞ്ഞതിനെല്ലാം മുന്‍വ്യവസ്ഥയായി ദൈവത്താല്‍ പറയപ്പെട്ട എന്തെങ്കിലുമുണ്ട്" (ഈഡിത്ത് സ്റ്റെയിന്‍). നമ്മള്‍ അവനെക്കുറിച്ചു പറഞ്ഞുതുടങ്ങിയ കലമ്പലുകളില്‍ അവന്‍ പറഞ്ഞത് കേള്‍ക്കാതായോ? നീത്ഷെ തിരക്കിയോടിയത് ദൈവത്തിന്‍റെ, കേള്‍ക്കാതെ പോകുന്ന സ്വരമായിരുന്നോ? ചരിത്രത്തിന്‍റെയും ഭാഷയുടെയും കറവീഴാത്ത ദൈവസ്വരം? കലമ്പലുകളുടെ കടല്‍ താണ്ടിപ്പോകാന്‍ ചങ്കുറപ്പുള്ളവനെ 'അതീത മനുഷ്യനെ'ന്ന് അയാള്‍ വിളിച്ചു - 'യ്യൂബെര്‍മെന്‍ഷ്.'

ഉള്ളതുപേക്ഷിച്ച് ഇറങ്ങിവരുന്ന ദൈവം പുല്‍ക്കൂട്ടില്‍ കിടക്കുന്ന ക്രിസ്തുമസ്സ്കാലം നീത്ഷെയന്‍ ചിന്തയെ ഓര്‍മ്മപ്പെടുത്തുന്നുണ്ടോ? ഒരു കൂടാരവും തന്‍റേതല്ലെന്നറിഞ്ഞ് പെരുവഴിയിലലഞ്ഞ തത്ത്വചിന്തകനാണ് നീത്ഷെ. (അക്ഷരാര്‍ത്ഥത്തില്‍ അലച്ചിലിന്‍റെ മനുഷ്യന്‍. ഒറ്റപ്പെട്ടവന്‍). ഇല്ലായ്മയുടെ ഇങ്ങേത്തലയ്ക്കലേക്കെത്തുന്ന ദൈവം, കുരിശില്‍ മരിക്കുന്ന ദൈവം ഏതു യുക്തിക്കാണ് വഴങ്ങുന്നത്? 'സ്വതന്ത്രാത്മാവ്' എന്ന് ക്രിസ്തുവിനെ 'ആന്‍റി ക്രൈസ്റ്റില്‍' നീത്ഷെ വിളിക്കുന്നത് ബോധപൂര്‍വ്വമല്ലേ? ആയിരിക്കാം.

ആശയങ്ങളുടെയും ചിന്തയുടെയും കനത്തകവാടങ്ങള്‍ തുറന്ന് നീത്ഷെ പോയി. അവയിലെ ഇരുട്ടുകൊണ്ടടച്ച ഓട്ടകളെ പരിഹസിച്ചു. ഒടുവില്‍ അബോധത്തിന്‍റെ, അന്ധതയുടെ, രോഗത്തിന്‍റെ ഇരുള്‍ക്കാട്ടിലയാള്‍ മറഞ്ഞു. അവിടെ ഒരു ക്രിസ്തുമസ്സ്കാലം ദൈവം അയാള്‍ക്കായി ഒരുക്കിയിട്ടുണ്ടാകുമോ? നക്ഷത്രങ്ങള്‍ തിളങ്ങുന്ന, ആട്ടിടയര്‍ കാത്തുനില്‍ക്കുന്ന, അന്വേഷികള്‍ കാഴ്ചസമര്‍പ്പിക്കുന്ന, ഉണ്ണിത്തമുള്ള ദൈവത്തിന്‍റെ ചിരിയില്‍ അയാള്‍ സത്യം കണ്ടെത്തിയിരിക്കുമോ? ദൈവത്തിന്‍റെ  മടിയിലുറങ്ങി ദൈവമില്ലായെന്ന് സ്വപ്നംകണ്ട ആ കോമാളി മനസ്സിനെ തീര്‍ച്ചയായും ദൈവം ഹൃദയത്തോട് ചേര്‍ത്തുപിടിച്ചിട്ടുണ്ടാകണം. ലൂഥറന്‍ പുരോഹിതനായ അപ്പന്‍റെ കൈവിരലില്‍ തൂങ്ങിനിന്ന് പള്ളിയില്‍ കണ്ട ഉണ്ണിക്കാഴ്ചയുടെ ക്രിസ്തുമസ് അയാള്‍ അവിടെ കണ്ടിട്ടുണ്ടാകും.

You can share this post!

ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം

പ്രൊഫ. എം. കെ. സാനു
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts