news-details
കവർ സ്റ്റോറി

അച്ഛനും അമ്മയും നാലുമക്കളും അടങ്ങുന്ന ശരാശരി മലയാളി കുടുംബത്തിന്‍റേതായ എല്ലാ വിലക്കുകളും ന്യായാന്യായ വേര്‍തിരിവുകളും പാപപുണ്യബോദ്ധ്യങ്ങളും സമൂഹത്തിനു മുമ്പില്‍ എടുത്തണിയേണ്ട മാന്യതാ മുഖംമൂടി സങ്കല്പങ്ങളും നിറഞ്ഞുനിന്ന കത്തോലിക്കാ പാരമ്പര്യ സമൃദ്ധിയിലേയ്ക്കാണ് ഓര്‍മ്മകളുടെ ആദ്യാധ്യായം തുറക്കുന്നത്. ബന്ധുബലത്തിന്‍റെയും അകന്ന ചാര്‍ച്ചക്കാരുടെ വിദേശരാജ്യങ്ങളിലെ ഉദ്യോഗപ്പെരുമയുടെയും വിവരണപ്പൊലിമയില്‍ ഇല്ലായ്മകള്‍ സമര്‍ത്ഥമായി മൂടിവയ്ക്കപ്പെട്ടു.  മക്കളുടെ പഠനമികവ് കുടുംബപ്പെരുമയുടെ തിലകക്കുറിയായി. ഭക്തരായ മുന്‍തലമുറയും ഉദ്യോഗസ്ഥരായ മാതാപിതാക്കളും സമര്‍ത്ഥരായ മക്കളും സമൂഹത്തിനു മുമ്പില്‍ മാതൃകാകുടുംബപരിവേഷം പൂണ്ട് കൃതാര്‍ത്ഥരായി.

പക്ഷേ അകത്തളങ്ങളില്‍ അശാന്തിയും അലോസരങ്ങളും നിറഞ്ഞുനിന്നു. എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങളുടെ സന്ധ്യാപ്രാര്‍ത്ഥന വിഷാദം തിങ്ങിയ ദയനീയ യാചനകളായുയര്‍ന്നു. ആഗ്രഹങ്ങളും ആശങ്കകളും ആകുലതകളും ഞങ്ങളുടെ കണ്ണുകളില്‍ നിന്ന് പുഴകളായി പ്രവഹിച്ചു. അതിനുശേഷം മാത്രം, അതൃപ്തിയും കുറ്റപ്പെടുത്തലുകളും പിറുപിറുക്കലുകളും നിറച്ച ഭക്ഷണത്തിനായി ഞങ്ങള്‍ അച്ഛന്‍റെ വരവ് കാത്ത് വിശന്നും തളര്‍ന്നുമിരുന്നു. മദ്യത്തിന്‍റെ രൂക്ഷഗന്ധം വമിച്ചും വാക്കുകളിഴഞ്ഞും കാലുകളിടറിയും കണ്ണുകളില്‍ കനലെരിഞ്ഞും അച്ഛനെത്തുന്ന നേരത്ത് പേടിയാല്‍ വിറയ്ക്കുന്ന ഹൃദയത്തോടെ ആഹാരത്തിനു മുന്നിലിരുന്നു. അച്ഛന്‍റെയും അമ്മയുടെയും വെറുപ്പും അമര്‍ഷവും നിറഞ്ഞ ഓരോ വാക്കും നോട്ടവും ആഹാരത്തോടൊപ്പം ഉള്ളിലെത്തി വിഷച്ചെടികളായി വളര്‍ന്നു തിങ്ങി ശ്വാസംമുട്ടിച്ചു. അവ എന്നും വളര്‍ന്നുകൊണ്ടേയിരുന്നു - ഞങ്ങളെ വളരാനനുവദിക്കാതെ.

ഞങ്ങള്‍ - ആറ് അപരിചിതര്‍. ഒരു നൂല്‍പ്പാലം കൊണ്ടുപോലും ബന്ധിപ്പിക്കാന്‍ കഴിയാത്ത ആറ് ദ്വീപുകള്‍. ഓരോരുത്തരും അവരവരുടെ ദ്വീപില്‍ മാത്രം ജീവിച്ചു. അവിടെ മാത്രം കരഞ്ഞു, ചിരിച്ചു, പേടിച്ചു, വഴക്കടിച്ചു, അപൂര്‍വ്വമായി സന്തോഷിച്ചു. ആരുമായും പങ്കുവയ്ക്കാന്‍ കഴിയാത്ത വ്യഥകളുടെ ഭാരത്താല്‍ സ്വയം പിടഞ്ഞു. ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഏകാകികളായി. സ്വയം മനസ്സിലാക്കാന്‍ പോലും കഴിയാത്ത വിചിത്രസ്വഭാവികളായി. ചിലപ്പോള്‍ വിഷാദികളായി ഉള്‍വലിഞ്ഞു. അടുത്ത നിമിഷം തന്നെ അകാരണമായ സന്തോഷങ്ങളാല്‍ ഉന്മാദികളായി. ചരടുപൊട്ടിയ പട്ടം കണക്കെ ചപലമതികളായി. സഹോദരന്‍ ഒന്നിലും ശ്രദ്ധിക്കാതെ അലഞ്ഞുനടന്നു. ധിക്കാരിയും താന്തോന്നിയുമായി. കൂട്ടുകാരുമായി ശണ്ഠകൂടി. ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കുന്നുവെന്ന അബദ്ധധാരണയില്‍ അഭിരമിച്ച് അഹങ്കാരിയായി.

ഭര്‍ത്താവിനു നല്കാന്‍ കഴിയാതിരുന്ന സുരക്ഷിതത്വവും കരുതലും സ്നേഹവും അമ്മയെ വഴക്കാളിയാക്കി. അരക്ഷിതത്വബോധത്തിന് ക്രോധത്താല്‍ മറയിട്ടു. എല്ലാ നൈരാശ്യങ്ങളില്‍ നിന്നുമുള്ള വിടുതലായി ദൈവത്തെത്തേടിയലഞ്ഞു. പാപപ്പരിഹാരാര്‍ത്ഥം മലമുകളിലേയ്ക്കും കുരിശിന്‍റെ വഴികളിലേയ്ക്കും മുട്ടിലിഴഞ്ഞു. സ്വന്തം പീഡാനുഭവങ്ങളെക്കുറിച്ചാണെന്ന് തിരിച്ചറിയാതെ കര്‍ത്താവിന്‍റെ പീഡാനുഭവങ്ങളെണ്ണിപ്പറഞ്ഞ് കണ്ണുനീര്‍ തൂവി. പള്ളികളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും വചനപ്രഘോഷണങ്ങളിലും ദൈവത്തോടൊപ്പം ശാന്തിയും കണ്ടെത്തി - അല്ലെങ്കില്‍ കണ്ടെത്തിയെന്ന മിഥ്യാബോധത്തില്‍ സ്വയം ആശ്വസിപ്പിച്ചു.

അച്ഛന്‍മാത്രം ഇതൊന്നുമറിഞ്ഞില്ല. ഒരുപാടുമുമ്പുതന്നെ അച്ഛന്‍ സ്വന്തം പുറംതോടു പണിത് അതിനുള്ളിലേയ്ക്ക് വലിഞ്ഞുകഴിഞ്ഞിരുന്നു. മദ്യക്കുപ്പികള്‍ക്ക് മാത്രം അതിനുള്ളിലേയ്ക്ക് പ്രവേശനം അനുവദിക്കപ്പെട്ടു. അവയുടെ സഹായത്തോടെ മാത്രമാണ് അച്ഛന്‍ പുറത്തുവന്നിരുന്നത്. വിശേഷദിവസങ്ങളിലും വിവാഹ-മരണച്ചടങ്ങുകളിലും പങ്കെടുക്കേണ്ടി വന്നപ്പോഴെല്ലാം അച്ഛന്‍ തന്‍റെ അപകര്‍ഷതാബോധം മറയ്ക്കാന്‍ മദ്യത്തിന്‍റെ സഹായം തേടി. ആരോടെങ്കിലും സംസാരിക്കേണ്ടി വരുമ്പോള്‍ മനസ്സിന്‍റെയും നാവിന്‍റെയും കെട്ടുകളഴിക്കാന്‍ മദ്യം വിശ്വസ്ത സഹായിയായി - അങ്ങനെ നിരന്തര സഹചാരിയായി. അപകര്‍ഷതയും അരക്ഷിതത്വവും ആത്മവിശ്വാസമില്ലായ്മയും ഉല്‍ക്കണ്ഠകളും ഉദ്വേഗങ്ങളും ഉള്‍ഭയങ്ങളും മദ്യം സൃഷ്ടിച്ച മായാലോകത്തിന്‍റെ പിന്നാമ്പുറങ്ങളിലൊളിപ്പിച്ച് സമൂഹത്തിനു മുന്നില്‍ അച്ഛന്‍ ധാരാളിയായി - ഫലിതപ്രിയനും ജനോപകാര തത്പരനുമായി. മദ്യംതന്നെ അച്ഛന് സുഹൃത്തുക്കളെ കണ്ടെത്തിക്കൊടുത്തു. അതിന്‍റെ കപടസുരക്ഷിതത്വത്തില്‍ അച്ഛന്‍ ആഘോഷിച്ചു തിമിര്‍ത്തു. മദ്യത്തിന്‍റെ കവചമില്ലാത്തപ്പോള്‍ അച്ഛന്‍ മൗനിയായി. തോടിനുള്ളിലേയ്ക്കു വലിഞ്ഞ് മുറിവുകള്‍ പ്രതിരോധിച്ചു.

അമ്മയുടെ മടുപ്പും വഴക്കുകളും പരാതികളും പ്രാക്കുകളും ഓരോ നിമിഷവും അച്ഛനെ അകറ്റിക്കൊണ്ടേയിരുന്നു. ഒടുവിലാ പിന്‍വാങ്ങല്‍ ചിറ്റമ്മയിലെത്തി നിന്നു. ആ യാത്രയെക്കുറിച്ച് ആദ്യമറിഞ്ഞതും അമ്മതന്നെ. പിന്നെ എന്തിനെന്നോ എപ്പോഴെന്നോ നിശ്ചയമില്ലാത്ത വിധം കലഹം പൊട്ടിപ്പുറപ്പെട്ടുകൊണ്ടേയിരുന്നു. അമ്മയുടെ നൈരാശ്യവും അപമാനവും പകയായി പരിണമിച്ചു. മദ്യപിച്ചു നിലതെറ്റി വൈകിയെത്തുന്ന അച്ഛനെ യുദ്ധസന്നദ്ധയായി അമ്മ കാത്തുനിന്നു. നീണ്ടു നീണ്ട വാഗ്വാദങ്ങള്‍ കയ്യേറ്റങ്ങളിലെത്തുമ്പോള്‍ നടുങ്ങിയുണര്‍ന്നും പിന്നെ കരഞ്ഞുറങ്ങിയും ഞങ്ങളുടെ അശാന്ത രാവുകള്‍ പുലര്‍ന്നുകൊണ്ടിരുന്നു. എപ്പോഴുമെവിടെയും എടുത്തുപയോഗിക്കാന്‍ കഴിയുന്ന ഇരുതലമൂര്‍ച്ചയുള്ള വാളായി ചിറ്റമ്മ ഞങ്ങളുടെ കനത്തിരുണ്ട ആകാശത്ത് ഭീഷണസാന്നിദ്ധ്യമായി. ഞങ്ങള്‍ക്കിടയില്‍ ആ വാള്‍ ആഴമറിയാത്ത അഗാധ ഗര്‍ത്തങ്ങള്‍ തീര്‍ത്തു.

അച്ഛനുമമ്മയും വെവ്വേറെ മുറികളില്‍ അന്യരെപ്പോലെ കഴിഞ്ഞു. എങ്ങനെയാവാം അമ്മ നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ഇടയായത്? നിത്യേന ആവര്‍ത്തിക്കപ്പെടുന്ന ശണ്ഠകളും അസംബന്ധനാടകങ്ങളും. മദ്യപിച്ചെത്തി കുഴയുന്ന നാവാല്‍ അമ്മയുടെ വളര്‍ത്തുദോഷത്തെപ്പറ്റി അച്ഛന്‍ എണ്ണിയെണ്ണിപ്പറഞ്ഞു. വിവാഹത്തിനുമുമ്പ് അമ്മയെ പെണ്ണുകാണാന്‍ വന്ന ഓരോരുത്തരോടും അമ്മയ്ക്ക് തോന്നിയിരുന്നേക്കാവുന്ന ആഗ്രഹത്തെപ്പറ്റി ഉറക്കെയുറക്കെ ആരോപണങ്ങള്‍ നിരത്തി. അവരോരോരുത്തരും അമ്മയുടെ ജാരന്മാരായി മാറി. അമ്മയാവട്ടെ അച്ഛന്‍റെ വംശാവലിയെ മുഴുവന്‍ പേരെടുത്തു പറഞ്ഞ് ദുര്‍ന്നടപ്പുകാരാക്കി. ജാരസംസര്‍ഗ്ഗങ്ങളുടെയും പരസ്ത്രീ ബന്ധങ്ങളുടെയും അനേകം കഥകള്‍ കെട്ടുകളഴിച്ചു നിരത്തി. വാദപ്രതിവാദങ്ങളില്‍ ആര്‍ക്കും ആരെയും തോല്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഞങ്ങള്‍ നാലു കാഴ്ചക്കാര്‍ എപ്പോഴും തോറ്റുകൊണ്ടിരുന്നു. മാറിമറിയുന്ന ശബ്ദഘോഷങ്ങളോടൊപ്പം താളംതെറ്റി മിടിക്കുന്ന ഹൃദയങ്ങളുമായി ഞങ്ങള്‍ മുറിയുടെ നാലുമൂലകളില്‍ ചുരുണ്ടു. പതിഞ്ഞ താളത്തില്‍ തുടങ്ങി മൂന്നു കാലങ്ങളിലും കൊട്ടിക്കയറി കൂട്ടപ്പൊരിച്ചിലില്‍ അവസാനിച്ച് രണ്ടു മാളങ്ങളിലേയ്ക്ക് പിന്‍വലിയുമ്പോഴും ഞങ്ങള്‍ നാലനാഥര്‍ ഇരുട്ടിലും പേടികളിലും സന്ദേഹങ്ങളിലും തപ്പിത്തടഞ്ഞു വീണുകൊണ്ടേയിരുന്നു.

അച്ഛന്‍ സുഹൃത്തുക്കളോടൊപ്പം എത്തുന്ന ദിവസങ്ങളുടെ എണ്ണം പെരുകി. മദ്യപാനവും അകമ്പടിയായി ചീട്ടുകളിയും അതിലെ തര്‍ക്കങ്ങളും വാശികളും, സിഗരറ്റ് പുകയോടൊപ്പം മുറിയില്‍ നിറഞ്ഞു.  തീരുന്ന മുറയ്ക്ക്, ജഗ്ഗില്‍ വെള്ളം നിറയ്ക്കാന്‍ അച്ഛന്‍ എന്നെ വിളിച്ചുകൊണ്ടിരുന്നു. പതറുന്ന പാദങ്ങളും അതിനെക്കാള്‍ പതറുന്ന മനസ്സുമായി, എന്തെന്നോ ഏതെന്നോ തിരിച്ചറിയാന്‍ കഴിയാത്തൊരു കലമ്പലിലേയ്ക്ക് എടുത്തെറിയപ്പെടുന്നതുപോലെ ഞാനാ മുറിയില്‍ കടക്കുകയും ഏതൊക്കെയോ കരങ്ങളുടെ ലാളനമേറ്റുവാങ്ങി വിങ്ങുന്ന ശരീരവും തകര്‍ന്നുടഞ്ഞ ഹൃദയവുമായി പുറത്തു വരികയും ചെയ്തു. സ്വന്തം ശരീരത്തിലേക്കു പോലും നോക്കാന്‍ കഴിയാത്തത്ര അറപ്പും വെറുപ്പും നിറഞ്ഞ മനസ്സോടെ, പുകയും മദ്യഗന്ധവും വേര്‍തിരിക്കാനാവാത്ത ശബ്ദങ്ങളും നിറഞ്ഞ മുറികളില്‍ നിന്ന് മുറികളിലേക്ക് ഞാനിന്നും കയറിയിറങ്ങിക്കൊണ്ടേയിരിക്കുന്നു.

അച്ഛനും അമ്മയും മക്കളും ഒരുമിച്ച് ആഹാരം കഴിക്കുന്ന ദിവസങ്ങള്‍ വളരെ വിരളമായി. അങ്ങനെ വേണ്ടിവരുന്ന അവസരങ്ങള്‍ ഞങ്ങള്‍ക്ക് പീഡാനുഭവങ്ങളുമായി. ബാഹ്യ ഇടപെടലുകളില്ലാതെ ശണ്ഠ കൂടാനും കുറ്റാരോപണം നടത്താനും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യങ്ങളായി അവ. മദ്യത്തിന്‍റെ ഗന്ധവും അപശബ്ദങ്ങളും അതോടൊപ്പം ചിറ്റമ്മയുടെ നിഴലും ഊണ്‍മേശയില്‍ അടിഞ്ഞുകൂടി വളിച്ചിഴഞ്ഞു.  വിമ്മിട്ടത്തോടെ ഞങ്ങളാ ചവര്‍പ്പുകള്‍ വിഴുങ്ങി. രുചിയറിയുന്നത് നാവിലല്ല എന്ന് ഞങ്ങളുടെ ഊണ്‍മേശ പഠിപ്പിച്ചു. ഭക്ഷണത്തിന്‍റെ രുചിക്കുറവിനെപ്പറ്റി അച്ഛനെന്നും കുറ്റം പറഞ്ഞു. ചുവന്നു കത്തി വിദ്വേഷം വമിക്കുന്ന കണ്ണുകളും ഇഴയുന്ന വാക്കുകളും അമ്മയെ കോപാകുലയാക്കി. പ്രായമായി വരുന്ന പെണ്‍മക്കളെക്കുറിച്ചുപോലും ചിന്തയില്ലാതെ അച്ഛനും ചിറ്റമ്മയും ഊണ്‍മേശയില്‍ വീണ്ടും വീണ്ടും അനാവൃതരാക്കപ്പെട്ടു. ജീവിതം തകര്‍ത്തതിന് അനിയത്തിയെയും അവര്‍ക്ക് ജന്മം കൊടുത്തതിന് സ്വന്തം അമ്മയെത്തന്നെയും പ്രാകി. അച്ഛന്‍ അമ്മയുടെ അറിയപ്പെടുന്നതും അറിയപ്പെടാനിടയില്ലാത്തതുമായ വംശപരമ്പരകളെ മുഴുവന്‍ അസഭ്യം പറഞ്ഞു. കര്‍ത്താവിന് ചുമക്കേണ്ടി വന്നതിനെക്കാള്‍ വലിയ കുരിശു വച്ചു തന്നതിന് കര്‍ത്താവിനെത്തന്നെ പ്രാകി. ഞങ്ങള്‍ ഞങ്ങളുടെ ജന്മങ്ങളെയും.

ഇതെല്ലാം വീടിന്‍റെ ഇത്തിര വട്ടത്തിലാണ് നടക്കുന്നതെങ്കിലും എല്ലാം എല്ലാവര്‍ക്കുമറിയാമെന്നൊരു അകാരണ ഭീതി ഞങ്ങളെ ഭീരുക്കളാക്കി. പരസ്പരം തോല്‍പ്പിക്കാന്‍ മെനഞ്ഞെടുത്തതെങ്കിലും ദുഷ്കര്‍മ്മികളെന്നു മുദ്ര ചാര്‍ത്തപ്പെട്ട വംശപരമ്പരകളെക്കുറിച്ച് ഞങ്ങള്‍ ലജ്ജിതരായി. ആത്മവിശ്വാസത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയാത്ത വിധം അവരുടെ ദുഷ്ചെയ്തികളുടെ ഭാരം ഞങ്ങളുടെ ശിരസ്സുകള്‍ക്കു മുകളില്‍ തൂങ്ങി. ഒന്നിനോടും പ്രതികരിക്കാനാവാത്തവിധം നാവിന്‍റെ ശേഷി നഷ്ടപ്പെട്ടു. പക്ഷേ  ഞങ്ങളുടെയുള്ളില്‍ കലമ്പലുകള്‍ നിറഞ്ഞുകൊണ്ടിരുന്നു. ഒരു പാതിയും മറുപാതിയുമായി പിണങ്ങിപ്പിരിഞ്ഞ മനസ്സില്‍ കലഹങ്ങളും വാദപ്രതിവാദങ്ങളും ഉയര്‍ന്നു പൊന്തുന്ന ഒച്ചകളും പോര്‍വിളികളും നിരന്തരം മുഴങ്ങി. ഒന്നിനും കെടുത്താന്‍ കഴിയാത്ത കനലുകളെരിഞ്ഞും അലര്‍ച്ചകളും ആക്രന്ദനങ്ങളും നിറഞ്ഞും അശാന്തമായ മനസ്സിന് ഒരിക്കലും ഉറങ്ങാന്‍ കഴിയാതായി. അതു ഞങ്ങളെ കട്ടിയുള്ള പുറംതോടിനുള്ളിലേയ്ക്കു വലിച്ചു. അതിനുള്ളിലടച്ചു. പുറംതോടു ഭേദിക്കാന്‍ കഴിയാതെ അതിനുള്ളില്‍ തന്നെ ഇഴഞ്ഞും മുറിവുകളേറ്റും ചോര കിനിഞ്ഞും നീറിയെരിഞ്ഞും പൊള്ളിപ്പിടഞ്ഞും ജീവിക്കുന്ന രക്തസാക്ഷികളായി. അദൃശ്യമായ ചങ്ങലകളാല്‍ ബന്ധിതരായ അടിമകളായി. ഉള്ളില്‍ പഴുത്തൊഴുകുന്ന മുറിവുകള്‍ ചായം തേച്ച മുഖത്താല്‍ മറച്ച് കോമാളികളായി - മാറുന്ന രംഗങ്ങള്‍ക്കൊപ്പം വരച്ചുമായ്ക്കാന്‍ കഴിയുന്ന മുഖത്തെഴുത്തുകള്‍ എടുത്തണിയുന്ന കോമാളികള്‍. 

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts