ഞങ്ങള്‍ക്ക് ഏറെ പരിചിതമായ ദിനചര്യയായിരുന്നു അത്. എങ്കിലും ആഹ്ലാദത്തോടെ ഞങ്ങള്‍ അതിനായി കാത്തിരുന്നു. തിക്കിത്തിരക്കി അസംബ്ലി ഹാളിലെത്തി. നീണ്ട വരികളില്‍ ഇടം പിടിച്ച്, ശ്വാസമടക്കി, ശ്രദ്ധയോടെ ഞങ്ങള്‍ നിന്നു. ഞങ്ങളുടെ കുഞ്ഞുമുഖങ്ങളില്‍ നിഷ്കളങ്കതയും പ്രത്യാശയും മൊട്ടിട്ടുനിന്നു. ഉച്ചഭാഷിണിയില്‍നിന്ന് നേര്‍ത്ത നിശ്വാസംപോലെ പശ്ചാത്തലസംഗീതം ഒഴുകിയെത്തി. ഒപ്പം, സ്വര്‍ഗീയമായ ഏകതയില്‍ ഞങ്ങള്‍ ഒത്തുപാടി;
ഞങ്ങളുടെ പിതാവേ,
ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു
പിന്നിട്ട രാവിന്,
പ്രസന്നമായ പ്രഭാതരശ്മികള്‍ക്ക്
ഭക്ഷണത്തിന്, പരിരക്ഷണത്തിന്
ഈ ദിനത്തിന്‍റെ സൗഭാഗ്യങ്ങള്‍ക്ക്
ഇന്നു ചെയ്യേണ്ട കര്‍മ്മങ്ങളില്‍
ഞങ്ങളെ സഹായിക്കേണമേ
കനിവും സൗമനസ്യവും
ഏവര്‍ക്കുമേകുവാന്‍
ഞങ്ങളെ പ്രാപ്തരാക്കേണമേ
കളിയിലും കാര്യത്തിലും
ഞങ്ങള്‍ ചെയ്യുന്ന കൃത്യങ്ങള്‍
എന്നുമെന്നും പ്രിയമാകുവാന്‍
ഞങ്ങള്‍ക്കു തുണയേകണേ.
ഞാന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ കോണ്‍വെന്‍റ് സ്കൂളായിരുന്നു അത്. പ്രസന്നമായ ആ പ്രഭാതങ്ങളില്‍ ഞങ്ങളോടൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകി പ്രശാന്തമായ മുഖങ്ങളോടെ കന്യാസ്ത്രീകള്‍ നിന്നിരുന്നു. ഞങ്ങള്‍ക്കുമേല്‍ ഇലച്ചാര്‍ത്തുകളുടെ മേലാപ്പു വിരിച്ച് കൂറ്റന്‍ മഹാഗണിമരങ്ങളുണ്ടായിരുന്നു. ആ കാലത്തിന്‍റെയും, കൃതജ്ഞതാസ്തോത്രം പാടുന്ന ആ കുഞ്ഞുങ്ങളുടെയും മുഖങ്ങളില്‍ പ്രതിഫലിച്ച നിഷ്കളങ്കതയ്ക്ക് അവ സാക്ഷികളായിരുന്നു. ചെറുകാറ്റില്‍ മരങ്ങളില്‍നിന്ന് ഇലകള്‍ പാറിവീണിരുന്നു. അന്ന് ഞങ്ങളുടെ മനസ്സുകള്‍ ഇടുങ്ങിയതായിരുന്നില്ല. തിന്മ ഞങ്ങള്‍ക്ക് അന്യമായിരുന്നു. ഞങ്ങളുടെ ഹൃദയങ്ങള്‍ അകന്നിരുന്നില്ല. ഞങ്ങള്‍ക്കിടയില്‍ വൈജാത്യങ്ങളോ കൗശലങ്ങളോ ഉണ്ടായിരുന്നില്ല. മൃഗീയതയും നികൃഷ്ടതയും ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല.
അനുഗൃഹീതമായ സ്വര്‍ലോകവും ആസ്വാദ്യമായ ജീവിതവും ഞങ്ങള്‍ക്ക് നല്‍കിയതിന് നിത്യവും ഞങ്ങള്‍ നന്ദി പറയുന്ന ആ പിതാവിന്‍റെ മതമോ, ജാതിയോ, വര്‍ഗമോ, വര്‍ണമോ, ദേശമോ ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല. രാമനും ജോണും അബ്ദുള്ളയും ആന്‍റണിയും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ആ പ്രാര്‍ത്ഥനാഗീതത്തിനുശേഷം ഞങ്ങള്‍ വര്‍ധിച്ച ഉത്സാഹത്തോടെ ദേശീയഗാനം ആലപിച്ചു.
മതപരിവര്‍ത്തനത്തെക്കുറിച്ചോ, ഘര്‍വാപസിയെക്കുറിച്ചോ അന്ന് അടക്കം പറച്ചിലുകള്‍ ഉണ്ടായില്ല. ആരെങ്കിലുമൊക്കെ ഉച്ചഭക്ഷണത്തോടൊപ്പം കൊണ്ടുവന്നിരുന്ന ബീഫ്കറി കുശുകുശുക്കലുകള്‍ക്ക് കാരണമായിരുന്നില്ല. അത് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ഏതാണ്ട് അര നൂറ്റാണ്ടിനു മുന്‍പ്. അന്ന് ലോകം വ്യത്യസ്തമായിരുന്നു.
ഹിന്ദുകുടുംബങ്ങളില്‍നിന്നു വന്ന ഞങ്ങളെ മതപഠനത്തിന് ആരും നിര്‍ബന്ധിച്ചില്ല. ആരും ഞങ്ങളില്‍ ക്രിസ്തുമതം കുത്തിവെച്ചില്ല. മാതാപിതാക്കള്‍ ഞങ്ങളെ സ്വന്തം ഇഷ്ടപ്രകാരം കോണ്‍വെന്‍റ് സ്കൂളുകളില്‍ അയച്ചു. അപക്വമനസുകളില്‍ വര്‍ഗീയവിഷം കുത്തിവെയ്ക്കുന്ന ഏര്‍പ്പാട് അന്നുണ്ടായിരുന്നില്ല. അതിനാരും ശ്രമിച്ചുമില്ല.
മതപ്രചരണവും മതപരിവര്‍ത്തനവും ക്രിസ്തീയതയുടെ ഭാഗമായി കരുതപ്പെടുന്നുവെന്നത് നേരുതന്നെ. ക്രിസ്തുമതം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തിയതുമുതല്‍ വിവിധ ക്രൈസ്തവസഭകള്‍ മതപരിവര്‍ത്തനം നടത്തിവരുന്നു. എന്നിട്ടും ഇന്ത്യയില്‍ ക്രൈസ്തവര്‍ മൂന്നുശതമാനം മാത്രമാണെന്ന വസ്തുത അവശേഷിക്കുന്നു. രണ്ടായിരം വര്‍ഷം കൊണ്ട് വെറും മൂന്നു ശതമാനം മാത്രം വളര്‍ന്ന കച്ചവടം ഏതു കച്ചവടക്കാരനും പൂട്ടുകയേ ഉള്ളൂ. 80 ശതമാനം വരുന്ന ഭൂരിപക്ഷ സമുദായത്തെ 14 ശതമാനം വരുന്ന രണ്ടാമത്തെ സമുദായം ജനസംഖ്യാപരമായി കടത്തിവെട്ടുമെന്നാണ് ഇപ്പോഴത്തെ കോലാഹലം. ഈ ഭയത്തിന് അടിസ്ഥാനമില്ലെന്നത് തികച്ചും വ്യക്തം. പക്ഷേ സമൂഹമനസ് ഇത്തരത്തിലേക്ക് എന്തുകൊണ്ട് പരുവപ്പെട്ടു എന്നു പഠിക്കേണ്ടിയിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കുനേരേ അവിശ്വാസവും ഭയവും ഉയര്‍ന്നിരിക്കുന്നു? ഞാന്‍ തുടക്കത്തില്‍ വിവരിച്ച ക്രിസ്ത്യന്‍ സ്കൂളിലെ പ്രഭാതപ്രാര്‍ത്ഥനയിലെ ഉദാത്തമായ ആശയം ഉദാരമായി ഉള്‍ക്കൊള്ളാന്‍ ഇന്നാര്‍ക്കും കഴിയുന്നില്ല. കാര്‍മേഘങ്ങള്‍ കണക്കെ അവിശ്വാസം അന്തരീക്ഷത്തില്‍ ഉരുവം കൊള്ളുന്നു.
മികവോടെ ആസൂത്രണം ചെയ്ത്, കൃത്യമായി നടപ്പാക്കിയ ഒരു പള്ളിതകര്‍ക്കലിലൂടെ ആ വമ്പന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ആ കൃത്യത്തെ ന്യായീകരിക്കാന്‍ പുരാണങ്ങളുടെ പിന്‍ബലത്തില്‍ സിദ്ധാന്തങ്ങള്‍ മെനഞ്ഞു. ലക്ഷക്കണക്കിന് നിഷ്കളങ്കമനസ്സുകളില്‍ മതസ്പര്‍ധയും വര്‍ഗീയവിഷവും കുത്തിവെച്ചു. ഭൂരിപക്ഷ ഹിന്ദുസമുദായത്തിനുമേല്‍ ന്യൂനപക്ഷ ഭീഷണിയെന്നത് കല്‍പ്പിതകഥയല്ല, ഉറപ്പായ സാധ്യതയായി പ്രചരിപ്പിക്കപ്പെട്ടു. രാഷ്ട്രീയകക്ഷികളിലെ യഥാര്‍ത്ഥ 'ദേശഭക്തര്‍' അതു പൊറുക്കില്ലെന്ന് ഊറ്റംകൊണ്ടു. പുരാണങ്ങളിലെ ആ ദൈവത്തിനായി ഇതിഹാസവും പുരാണങ്ങളും ഐതിഹ്യങ്ങളും പറയുന്ന ജന്മഭൂമിയില്‍ അമ്പലം പണിയുക കാലഘട്ടത്തിന്‍റെ ആവശ്യമായി. രാജ്യത്തിന്‍റെ എല്ലാ ആതുരതകള്‍ക്കും കണ്‍കണ്ട ഔഷധമാണ് ആ അമ്പലമെന്ന് 'യഥാര്‍ത്ഥ ദേശഭക്തര്‍' പറഞ്ഞുവച്ചു.
രണ്ടുപതിറ്റാണ്ടുകള്‍ കടന്നുപോയി. നിത്യജീവിതയാഥാര്‍ത്ഥ്യങ്ങള്‍ - ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം - അമ്പലമെന്ന സ്വപ്നത്തെ പിന്തള്ളി. അമ്പലംകൊണ്ടുമാത്രം ജീവിക്കാനാവില്ലെന്ന് മനുഷ്യര്‍ക്ക് മനസ്സിലായി. പള്ളി പൊളിച്ചേടത്ത് അമ്പലം എന്ന ആശയം ആളുകള്‍ക്ക് അത്ര ആകര്‍ഷകമല്ലാതായി. വിശപ്പിന് ദൈവംപോലും പകരമല്ല എന്ന ചിന്ത പ്രാമാണ്യം നേടി.
ഭാരതീയ സാംസ്കാരിക പാരമ്പര്യം ഗുരുതര ഭീഷണി നേരിടുന്നുവെന്നായി രണ്ടാം ഘട്ടത്തിലെ പ്രചരണം. വിദേശക്രൈസ്തവമിഷനറിമാര്‍ രാജ്യമെങ്ങും ഓടിനടന്ന് ഹിന്ദുക്കളെ കൂട്ടത്തോടെ മതംമാറ്റുന്നു! മുസ്ലീമുകള്‍ രാജ്യത്തെ ശിഥിലീകരിക്കാന്‍ ഗൂഢാലോചന നടത്തുന്നു! ഇന്ത്യയെ ശുദ്ധീകരിക്കാന്‍ ഘര്‍വാപസിയെന്ന പുതിയ ആയുധം അതോടെ അവതരിപ്പിക്കപ്പെട്ടു. ഹിന്ദുവിശ്വാസം സംരക്ഷിക്കാന്‍ ഗോവധം നിരോധിക്കണമെന്ന് മുറവിളി ഉയര്‍ന്നു. ഹൈന്ദവികതയുടെ സുവര്‍ണ നാളുകളെ തിരിച്ചുപിടിക്കാനുള്ള ആയുധങ്ങളായി അവ വ്യാഖ്യാനിക്കപ്പെട്ടു. വലതുപക്ഷ അജന്‍ഡകളുടെ പൊള്ളത്തരം പൊളിച്ചുകാട്ടിയ പണ്ഡിതര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു. ചരിത്രം പൊളിച്ചെഴുതപ്പെട്ടു. പാരമ്പര്യത്തെക്കുറിച്ചുള്ള പൊങ്ങച്ചങ്ങള്‍ വസ്തുതകളായി വ്യാഖ്യാനിക്കപ്പെട്ടു. വിദേശ അധിനിവേശങ്ങളും, വിദേശിമതങ്ങളും ഹൈന്ദവരോട് ചെയ്ത അനീതിയും അക്രമവും അക്കമിട്ട് നിരത്തി. വിധ്വംസനങ്ങളുടെയും വന്യതയുടെയും ചരിത്രത്തിനുമേല്‍ നിശ്ബദതയുടെ ആവരണമിട്ടു. ചില്ലറ അസ്വാരസ്യങ്ങള്‍ പെരുപ്പിച്ചുകാട്ടി.
ഇരുപതാം നൂറ്റാണ്ടിന്‍റെ കണ്ടുപിടുത്തമായ ഹിന്ദുത്വവാദത്തെ മതത്തെ നിയന്ത്രിക്കാനും ദുര്‍വ്യാഖ്യാനം ചെയ്യാനുമുള്ള പുതിയ മാതൃക രൂപപ്പെടുത്താന്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് ചരിത്രപണ്ഡിതയായ റൊമീല ഥാപ്പര്‍ ചൂണ്ടിക്കാട്ടുന്നു. ആ മാതൃക ചില വ്യക്തികളും ശക്തികളും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുകയാണെന്നും അവര്‍ വിലയിരുത്തുന്നു.
ഹൈന്ദവികതയിലേക്കുള്ള പരിവര്‍ത്തനം തികച്ചും അസംഗതമായ ഒന്നത്രേ. അത് അവസരവാദത്തിന്‍റെ സന്തതിയാണ്. 'ഘര്‍വാപസി' എന്ന പുതിയ പദത്തിനും പുറംപകിട്ടു മാത്രമേയുള്ളു. മതപരിവര്‍ത്തനത്തിലൂടെ ആര്‍ക്കെങ്കിലും ഹിന്ദുവാകാമെന്ന് ശ്രുതികളിലോ സ്മൃതികളിലോ പറയുന്നില്ല. ഹിന്ദുപാരമ്പര്യത്തില്‍ അത്തരം ആചാരങ്ങളോ പ്രക്രിയകളോ കേട്ടുകേള്‍വിയില്‍ പോലുമില്ല. അങ്ങിനെയിരിക്കെ 'ഘര്‍വാപസി' അല്ലെങ്കില്‍ വീട്ടിലേക്കുള്ള മടക്കത്തിന്‍റെ സാംഗത്യമെന്ത്? അത് അസംബന്ധവും കുരുട്ടുബുദ്ധിയും അല്ലാതെ മറ്റെന്താണ്? അങ്ങിനെതന്നെയാണ്. കാരണം അമൂല്യമായ ഘര്‍വാപസിക്കുശേഷം പരിവര്‍ത്തിതന്‍ കഴിയേണ്ടത് പഴയ ജാതിമുദ്രയും പേറിതന്നെ. എന്തുകൊണ്ട് ഹിന്ദുക്കള്‍ മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനത്തിന് തയ്യാറായി എന്ന് കൊട്ടിഘോഷിച്ച് 'ഘര്‍വാപസി' സംഘടിപ്പിക്കുന്ന ഹിന്ദുത്വവാദികള്‍ ആരും അന്വേഷിക്കുന്നതേയില്ല. അതിനുകാരണം അവരുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. ഹിന്ദുമതത്തില്‍ നിലനില്‍ക്കുന്ന കുപ്രസിദ്ധവും ഹീനവുമായ ജാതിസമ്പ്രദായവും തൊട്ടുകൂടായ്മയും തന്നെ.
രാമജന്മഭൂമിയില്‍ പണിയാനിരിക്കുന്ന മഹദ്ക്ഷേത്രത്തില്‍ താഴ്ന്ന ജാതിക്കാര്‍ക്ക്, തൊട്ടുകൂടാത്തവര്‍ക്ക് പ്രവേശനമുണ്ടാകുമോ എന്ന് രാമക്ഷേത്രപ്രചാരകര്‍ ദയവായി വ്യക്തമാക്കുക.
വേദകാലഹൈന്ദവര്‍ക്ക് ഗോമാംസത്തോടുള്ള മനോഭാവം എന്തായിരുന്നു എന്ന് വ്യക്തമാക്കാന്‍ വേദങ്ങളെ ഉദ്ധരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹിന്ദുദൈവങ്ങള്‍പോലും ഗോമാംസം ആസ്വദിച്ച് ഭക്ഷിച്ചിരുന്നതായി പുരാണങ്ങള്‍ പറയുന്നു. ഇന്ദ്രന്‍റെ ഭക്ഷണത്തിലെ പ്രധാന വിഭവങ്ങളിലൊന്ന് ഗോമാംസമായിരുന്നുവത്രേ. വേദഗ്രന്ഥങ്ങളിലൊന്നും ഗോമാംസത്തിന് ഭ്രഷ്ട് കല്‍പ്പിച്ചതായി കാണുന്നില്ല. മാത്രവുമല്ല വേദകാലഘട്ടങ്ങളിലും പൗരാണികകാലത്തും ആരാധനകള്‍ക്കും യാഗങ്ങള്‍ക്കുംശേഷം ഗോമാംസവിഭവങ്ങള്‍ വിളമ്പിയിരുന്നുതാനും. വൈദികഹിന്ദുക്കള്‍ ഗോമാതാവിനെ ആരാധിച്ചിരുന്നു എന്നതു ശരിതന്നെ. എന്നാല്‍ കാലികളെ പോറ്റിവളര്‍ത്തുന്ന ഏവരെയുംപോലെ അവരും കന്നുകാലിമാംസം ഭക്ഷിച്ചിരുന്നു. കൗതുകകരമെന്നു പറയട്ടെ, ഹിന്ദുത്വവാദികള്‍ സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കുന്ന മനുസ്മൃതിപോലും ഗോമാംസത്തിന് ഭ്രഷ്ട് കല്‍പ്പിച്ചിട്ടില്ല.
പ്രൊഫസര്‍ ഡി.എന്‍. ത്ധാസാ രചിച്ച 'വിശുദ്ധ പശുവിന്‍റെ കെട്ടുകഥ' (The Myth of Holy cow) ഹിന്ദുത്വശക്തികള്‍ നിരോധിച്ചു. ഇപ്പോള്‍ സ്വയം പ്രഖ്യാപിത ഹിന്ദുപണ്ഡിതന്‍ ദീനാനാഥ് ബെവ്രയെ അവരുടെ തലതിരിഞ്ഞ പ്രത്യയശാസ്ത്രത്തിന് എതിരു നില്‍ക്കുന്ന പഠനങ്ങള്‍ തെരഞ്ഞുപിടിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നു!
ഇത്തരം കുല്‍സിതപ്രവൃത്തികളുടെ കാരണം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. മതത്തിന്‍റെയും സമുദായത്തിന്‍റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുക. ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലത്തു പരീക്ഷിച്ചു വിജയിച്ച, സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ഒസ്യത്തായി കിട്ടിയ പഴയ തന്ത്രം.
വിവിധ വിശ്വാസങ്ങള്‍ സൗഹൃദത്തില്‍ സഹവസിക്കുന്നത് ശാപമായി കരുതുന്ന കാലമാണിത്. അത് രാഷ്ട്രീയകാരണങ്ങളാലാണ്. വിദേശരാജ്യങ്ങളിലെ വിലക്കെടുക്കപ്പെട്ട വേദികളില്‍ ജനാധിപത്യവും മതസൗഹാര്‍ദ്ദവും ഉദ്ഘോഷിക്കുന്നവര്‍, ഇവിടെ ഇന്ത്യന്‍മണ്ണില്‍ വിഭാഗീയതയ്ക്കു വിത്തു പാകുന്നു. ജനങ്ങളുടെ ക്ഷേമ, ആരോഗ്യകാര്യങ്ങളില്‍ സര്‍ക്കാരിനുള്ള വ്യഗ്രത ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. നാം ഏതു മാംസം കഴിക്കണം, ഏതു കഴിക്കരുത് എന്നുപോലും അവര്‍ തീരുമാനിക്കുന്നു. ഗോമാംസം ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍ ഗോവധം നിരോധിച്ചു. പക്ഷേ സിഗരറ്റ് അര്‍ബുദത്തിന് കാരണമാകുമെന്ന ചിന്തയേ സര്‍ക്കാരിനില്ല. സിഗരറ്റ് പാക്കറ്റിന്മേലുള്ള മുന്നറിയിപ്പ് അത്ര കാര്യമാക്കേണ്ട.
പഴയ സ്കൂള്‍ ദിനങ്ങളിലേക്ക് മടങ്ങാം. സ്കൂള്‍ വിടുന്നതിനുള്ള മണി മുഴങ്ങുന്നു. ഇനി പ്രാര്‍ത്ഥനാഗീതത്തിനുള്ള സമയമാണ്. ഇത്തവണ ക്ലാസ്മുറിയാണ് വേദി.
'നല്ലിടയനാം എന്‍ യേശുവേ,
എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
നിദ്രയില്‍ നിന്‍ കുഞ്ഞാടിനെ
കാത്തുരക്ഷിച്ചു കൊള്ളേണമേ,
രാവിന്നിരുള്‍പരപ്പില്‍ എനിക്ക്
കൂട്ടായിരിക്കേണമേ.
പുലരി പൊന്‍കതിര്‍ വീശുംവരെ
എനിക്ക് കാവലാളാകേണമേ.
ഇന്നു മുഴുവന്‍ എന്‍ കരം ഗ്രഹിച്ച്
വീഴാതവിടുന്നെന്നെ നയിച്ചു.
അങ്ങേ അമൂല്യമാം കരുതലിന്
നന്ദിയോതുന്നു ഞാന്‍ ആമോദമോടെ.
അന്നം, അഭയം, വസ്ത്രവുമേകി
അവിടുന്നെന്നെ പരിപാലിച്ചു.
കേള്‍ക്കണേയെന്‍ പ്രാര്‍ത്ഥന
ഈ പ്രദോഷവേളയില്‍.
എന്‍റെ തെറ്റുകള്‍ പൊറുക്കേണമേ
എന്‍ സതീര്‍ത്ഥ്യരെ കാക്കേണമേ
സ്വര്‍ഗഭാഗ്യത്തിലെന്നെയും
ചേര്‍ത്തനുഗ്രഹിക്കേണമേ
മരണശേഷമാ സവിധത്തില്‍
നിത്യജീവന്‍ അരുളേണമേ.
ഞങ്ങളുടെ കുഞ്ഞുമനസ്സുകളില്‍ ക്രിസ്തുമതം കുത്തിവയ്ക്കാന്‍ അന്ന് ആ കന്യാസ്ത്രീകള്‍ എന്തുകൊണ്ട് തയ്യാറായില്ല എന്ന് ഇന്നും എനിക്കറിയില്ല. ഞങ്ങള്‍ ഏതു മാംസം കഴിക്കുന്നു എന്ന് ആരും എന്തുകൊണ്ട് തിരക്കിയില്ല എന്നും എനിക്കറിയില്ല. ഹിന്ദുത്വവാദികള്‍ക്ക് ഒരുപക്ഷേ അറിയാമായിരിക്കും.