ഭൂമിയെ നമുക്ക് ദൈവത്തിന്‍റെ സ്വന്തം ഗ്രഹമെന്നു വിളിക്കാം, കാരണം, അനേകകോടി ഗോളങ്ങളില്‍നിന്നും ഭൂമിയെയാണല്ലോ ജീവന്‍ സൃഷ്ടിക്കുവാന്‍ ദൈവം തിരഞ്ഞെടുത്തത്. പ്രപഞ്ചോത്പത്തിയില്‍ സകലചരാചരങ്ങളെയും വാക്കുകളാലും നോക്കുകളാലും സൃഷ്ടിച്ചു. മനുഷ്യന് മുമ്പേ വാക്കുകളാല്‍ സൃഷ്ടിക്കപ്പെട്ട മണ്ണില്‍നിന്നു രൂപംനല്കി അവനെ മെനഞ്ഞെടുത്തു. അവനുമുമ്പേ സൃഷ്ടിക്കപ്പെട്ട വായു നല്കി ജീവന്‍ പകര്‍ന്നു. ഉത്തരവാദിത്വം ഉണ്ടാകുവാന്‍വേണ്ടി അവന് ഇണയെക്കൂടി അവനില്‍നിന്നും സൃഷ്ടിച്ചു. ഒന്നുരണ്ട് ചോദ്യങ്ങള്‍ ബാക്കി: എന്തിനാണ് മനുഷ്യനെ വാക്കുകളാല്‍ സൃഷ്ടിക്കാതെ മണ്ണില്‍നിന്നു മെനഞ്ഞെടുത്തത്? മനുഷ്യന്‍ സ്വന്തമെന്നു കരുതുന്ന, ദൈവത്തിന്‍റെ ഛായയുണ്ടെന്ന് വിശ്വസിക്കുന്ന സ്വന്തം ശരീരം ഭൂമിയുടെ -മണ്ണിന്‍റെ- ഭാഗമാണെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണോ? സകല സൃഷ്ടികളെക്കാള്‍ ഏറ്റവും മുന്തിയവന്‍ താനാണെന്ന്, സ്രഷ്ടാവിന്‍റെ രൂപവും സ്വഭാവവും ലഭിച്ചത് തനിക്കു മാത്രമാണെന്ന് മനുഷ്യന്‍ അഹങ്കരിക്കാതിരിക്കാനാണോ? എന്തിനാണ് മനുഷ്യന് മാത്രം ഉത്തരവാദിത്വം ഉണ്ടാകുവാന്‍വേണ്ടി ഒരു ഇണയെക്കൂടി അവനില്‍നിന്നു സൃഷ്ടിച്ചത്. മറ്റുള്ള ജീവിതരങ്ങള്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെടുന്നതിനു മുമ്പുതന്നെ ആണും പെണ്ണുമായി വേര്‍തിരിഞ്ഞിരുന്നു എന്നാണോ അര്‍ഥമാക്കേണ്ടത്? എന്തിനോടുള്ള ഉത്തരവാദിത്വമായിരുന്നു മനുഷ്യനില്‍നിന്നും ദൈവം പ്രതീക്ഷിച്ചിരുന്നത്. ആദം മാത്രമുണ്ടായിരുന്ന അവസ്ഥയില്‍ മനുഷ്യകുലത്തിന്‍മേലുള്ള ഉത്തരവാദിത്വമായിരിക്കില്ല അത്. മറിച്ച് മനുഷ്യനുമുമ്പേ സൃഷ്ടിക്കപ്പെട്ട അനേകകോടി സസ്യജന്തുതരങ്ങളിന്മേലുള്ള ഉത്തരവാദിത്വമായിരിക്കുമോ അത്? ആണെന്ന് തത്കാലം കരുതാം. ഒരു കാര്യം പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്. സകല ജീവജാലങ്ങള്‍ക്കും അവയ്ക്കൊക്കെ യഥേഷ്ടം പെറ്റുപെരുകി, മുളച്ചുവളര്‍ന്ന് പടരുവാനുള്ള സ്ഥലങ്ങളും - മണ്ണ് - ആകാശം- ജലം- ഒരുക്കിയതിനുശേഷമാണ് മനുഷ്യസൃഷ്ടി നടന്നത്. അതായത്, പ്രപഞ്ചം മുഴുവനും - സകലജീവജാലങ്ങളും - സകല ജൈവവ്യവസ്ഥകളും ആകാശവും ഭൂമിയും ജലങ്ങളും മനുഷ്യന്‍റെ നിലനില്പിന് ആവശ്യമാണെന്ന വസ്തുതയാണ് ഇവിടെ വെളിവാകുന്നത്. തീരെ നിസ്സാരമെന്നുതോന്നുന്ന പുഴുക്കള്‍ മുതല്‍ നമ്മള്‍ കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന ഭക്ഷ്യപാനീയങ്ങള്‍വരെ എല്ലാം ജീവന്‍റെ നിലനില്പിന് ആവശ്യമാണ്. ഓരോന്നിന്‍റെയും സാന്നിധ്യവും കടമയും അളവുകള്‍ക്ക് അതീതമാണ്. മനുഷ്യജീവന്‍റെ ഓരോ പ്രവര്‍ത്തനങ്ങളും അവന്‍റെ ചുറ്റും കാണുന്ന സകല ജീവവസ്തുക്കളോടും ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഓരോ പദാര്‍ഥങ്ങളും - മണ്ണും വായുവും ജലവും - മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളെ ക്രിയാത്മകമായി നിയന്ത്രിക്കുന്നു. ഇതുകൊണ്ടുതന്നെയാവണം എല്ലാറ്റിന്‍റേയും നിയന്ത്രണം - ആധിപത്യം- അവയുടെയൊക്കെ വിലയറിയാവുന്ന മനുഷ്യനെത്തന്നെ ഏല്പിച്ചതും. ഈ വലിയ ഉത്തരവാദിത്വമായിരിക്കുമോ നരോത്പത്തിയില്‍ ദൈവം ഉദ്ദേശിച്ചത്.
ഒരിക്കല്‍ ഈ ഉത്തരവാദിത്വം മറന്ന് മനുഷ്യകുലം വഴിപിഴച്ചപ്പോള്‍ ജീവന്‍റെ നിലനില്‍പ്പ് ജീവനില്‍ത്തന്നെയാണ് എന്നാണ് വെളിപ്പെട്ടത്. സകലപാപികളെയും ഭൗമപ്രളയത്തില്‍ ദൈവം നശിപ്പിച്ചു. പ്രളയത്തിന് ശേഷം ഒരു മനുഷ്യജനത ഉയര്‍ന്നുവരണമെന്നുണ്ടെങ്കില്‍ അപ്പോഴും നിശ്ചയമായും എല്ലാ ജീവജാലങ്ങളും ഉണ്ടായേ സാധ്യമാകൂ എന്ന് നേരത്തെതന്നെ തീരുമാനിക്കപ്പെട്ടതുമൂലമാണ് സകല വിത്തുകളും സകല ജീവികളും ഒരു പെട്ടകം വഴി പ്രളയത്തെ അതിജീവിക്കാന്‍ ഇടയാക്കിയത്. അത് ദൈവത്തിന്‍റെ ഓരോ ജന്തുവിനോടും ഓരോ സസ്യത്തോടുമുള്ള അഗാധമായ സ്നേഹമാണ് കാണിക്കുന്നത്. ലോകത്തെ ആദ്യത്തെ ജൈവവൈവിധ്യോദ്യാനം നോഹയുടെ പെട്ടകമായിരിക്കണം.
ഒരു മഹാനായ ചിത്രകാരന്‍. താന്‍ രചിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നത് അദ്ദേഹത്തിന് വലിയ താത്പര്യമാണ്. ചിത്രങ്ങള്‍ വച്ചിരിക്കുന്ന ചിത്രശാലയ്ക്കു മുന്നില്‍തന്നെ അയാളിരിക്കും. ചിത്രങ്ങള്‍ കാണുന്നവരെയും ആസ്വദിക്കുന്നവരെയും ചിത്രശാലയുടെ മുമ്പിലൂടെ കടന്നുപോകുന്നവരെയും നിരീക്ഷിക്കും. ചിത്രശാലയില്‍ പ്രവേശിച്ച് ചിത്രങ്ങള്‍ താത്പര്യത്തോടെ കാണുന്നവരോട് അയാള്‍ അടുത്തുചെന്ന് സംസാരിക്കും. ചിത്രങ്ങള്‍ കാണാന്‍ താത്പര്യം കാണിക്കാത്തവരെ അയാള്‍ ഗൗനിക്കാറുപോലുമില്ല.
ഒരിക്കല്‍ ചിത്രങ്ങള്‍ കണ്ട് ആസ്വദിച്ചുനിന്ന ഒരാളുടെ അടുത്തേക്ക് ചിത്രകാരന്‍ ചെന്നു. പരിചയപ്പെടുത്തുന്നതിനുമുമ്പേ ആസ്വാദകന്‍ പറഞ്ഞു: "പരിചയപ്പെടുത്തേണ്ട, ഈ ചിത്രങ്ങള്‍ വരച്ചത് നിങ്ങളാണെന്ന് എനിക്കറിയാം. കാരണം, ഈ ചിത്രങ്ങളുടെയെല്ലാം സൗന്ദര്യം എനിക്ക് നിങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്." ശരിയാണ് കലാരൂപത്തിലൂടെ അത് മെനഞ്ഞ കലാകാരന്‍റെ ഭംഗി ആസ്വദിക്കുക ഒരു അംഗീകാരം തന്നെയാണ്. ഇവിടെ ചിത്രകാരന്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇരുന്നില്ലായെങ്കിലും അയാളുടെ ഭംഗി സങ്കല്പിച്ച് അംഗീകരിക്കാനും ആസ്വദിക്കുവാനും ചിത്രങ്ങളെയും ചിത്രരചനയെയും ഇഷ്ടപ്പെടുന്നവര്‍ക്ക് കഴിയും. ഇങ്ങനെതന്നെയാണ് സൃഷ്ടികളിലൂടെ സ്രഷ്ടാവിന്‍റെ കഴിവും ഭംഗിയും - അതിന്‍റെ പതിനായിരത്തിലൊരംശമെങ്കിലും -അറിയുവാന്‍ കഴിയുന്നത്. ഒരു ക്രിസ്ത്യന്‍ ഭക്തിഗാനത്തില്‍ ഇങ്ങനെ പാടുന്നുണ്ട്: "ആയിരം സൂര്യഗോളങ്ങളൊന്നിച്ചുദിച്ചാലും ആകുമോ നിന്‍ മുഖകാന്തിപോലെ." അതുപോലെ ആയിരം റോസാപ്പൂക്കള്‍ ഒന്നിച്ച് വിടര്‍ന്നാലും ആയിരം മുല്ലപ്പൂക്കള്‍ ഒന്നിച്ച് സൗരഭ്യം പകര്‍ന്നാലും ഇതൊക്കെ മെനഞ്ഞെടുത്ത സ്രഷ്ടാവിന്‍റെ സൗന്ദര്യത്തിന്‍റെ ലക്ഷത്തിലൊന്നുപോലുമാവില്ല. പക്ഷേ നമുക്ക് അവയൊക്കെ സൃഷ്ടികളുടെ സൗന്ദര്യത്തിലൂടെയും സൗരഭ്യത്തിലൂടെയും സങ്കല്പിക്കാനും അംഗീകരിക്കുവാനും ആരാധിക്കുവാനും സാധിക്കും.
ജീവന്‍ ലോകത്ത് രണ്ടു തരമുണ്ട്. ഒരുവന്‍ (ഒരു ജീവി) ജനിച്ച്, വളര്‍ന്ന് മരിച്ചുപോകുന്നതുവരെയുള്ള കാലഘട്ടങ്ങളില്‍ അവനില്‍ കാണുന്ന പ്രതിഭാസം. ഇതില്‍ ആ ജീവിയുടെ സകല അവസ്ഥകളും വിദ്യാഭ്യാസവും ജോലിയും സ്ഥാനമാനങ്ങളും പ്രവര്‍ത്തനങ്ങളും എല്ലാം ഉള്‍പ്പെടുന്നു. മലയാളികള്‍ ഇതിനെ ജീവിതം എന്നു വിളിക്കുന്നു. ഈ ജീവിതം അതിന്‍റെ മരണത്തോടെ തീരുന്നു. എന്നാല്‍ ആ ജീവിയിലും അതുപോലെ മറ്റ് ജീവികളിലും കാണപ്പെടുന്ന ജീവന്‍ എന്ന പ്രതിഭാസമുണ്ട്. അത് എല്ലാ ജീവികളിലും ഒന്നുതന്നെയാണ്. മനുഷ്യരിലും മറ്റ് സസ്യ-ജന്തുതരങ്ങളിലും ഈ ജീവന്‍റെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. ഒരു ജീവി മരിച്ചുകഴിഞ്ഞാലും ഈ ജീവന്‍ അവസാനിക്കുന്നില്ല. ഇത് ഭൂമിയില്‍ സകലമാന ജീവജാലങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനമാണ്. ഈ ജീവനില്ലാത്ത ഒരു ജീവികളുമില്ല. ഈ സാര്‍വത്രികജീവനാണ് സകലജീവജാലങ്ങളും ഒന്നിച്ച് രമ്യതയില്‍ ഈ ഭൂമിയില്‍ നിലനില്‍ക്കുന്നതിന്‍റെ രഹസ്യം. ജീവനാണ് ജീവികളെ - ജൈവവൈവിധ്യങ്ങളെ - രമ്യതയില്‍ ഒന്നിച്ചുകൂട്ടുന്നത്. ജീവികള്‍ രമ്യതയില്‍ ഒന്നിച്ചുകൂടുന്നിടത്ത് ജീവന്‍ (ദൈവം) ഉണ്ടുതാനും.
ജൈവവൈവിധ്യത്തിന്‍റെ നിലനില്പും ഇതിനെ ആസ്പദമാക്കിയാണ്. അനേകകോടി ജൈവവൈവിധ്യങ്ങള്‍ക്കിടയിലും സാര്‍വത്രികജീവന്‍ എന്ന ഏകത്വം നിലനില്‍ക്കുന്നു. ഈ ഏകത്വത്തിന്‍റെ നിലനില്പാണ് എല്ലാ ജീവികളും തങ്ങളുടെ വംശത്തിന്‍റെ നിലനില്പിനുവേണ്ടി തങ്ങള്‍ക്കിടയിലും മറ്റുള്ളവര്‍ക്കിടയിലും സഹായിച്ചും സഹകരിച്ചും പ്രതികരിച്ചും പ്രതിയോഗിച്ചും ഏറ്റുമുട്ടിയും മത്സരിച്ചും ജീവിക്കുന്നതിന്‍റെ സാരം.
ഇവിടെ കിട്ടിയ മാനിനെ വേട്ടയാടി ഭക്ഷിക്കുന്ന കടുവ തങ്ങളുടെ വംശത്തെമാത്രമല്ല, കൊന്നുതിന്ന് ജനസംഖ്യ നിയന്ത്രിക്കുക വഴി മാനിന്‍റെ വംശത്തെയുംകൂടി കൂടുതല്‍ കരുത്തുനേടി നിലനില്ക്കുവാന്‍ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. കടുവായിലും മാനിലും കാണപ്പെടുന്നത് ജീവന്‍ എന്ന ഭൂമിയില്‍ മാത്രമുള്ള പ്രതിഭാസമാണ് എന്ന സനാതനസത്യത്തിലേക്കാണത് വിരല്‍ചൂണ്ടുന്നത്. ജീവന്‍ ഉത്ഭവിച്ചത് (സൃഷ്ടിക്കപ്പെട്ടത്) സസ്യങ്ങളും സസ്യഭുക്കുകളും മാംസഭുക്കുകളും ബാക്ടീരിയകളുമായിട്ടല്ല. പദാര്‍ഥങ്ങളും ബലങ്ങളും (ആകര്‍ഷണവും വികര്‍ഷണവും) സമന്വയിപ്പിച്ച ജീവതന്തുവായിട്ടാണ്. ആരംഭം മുതല്‍തന്നെ ആ ജീവതന്തുവില്‍ രൂഢമൂലമായ ഒരു സ്വഭാവമായിരുന്നു തന്നെപ്പോലെതന്നെ ഒന്നുകൂടി ഉണ്ടാവുക (പുനരുത്പാദനം), അതുവഴി നിലനില്ക്കുക എന്നത്. ഈ നിലനില്പിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ആദ്യത്തെ ജീവതന്തുവിനെ ഇത്രയും വിശാലമായ ഒരു ജൈവവൈവിധ്യമാക്കി മാറ്റി ഈ പ്രപഞ്ചത്തില്‍ നിലനിര്‍ത്തുന്നത്. പ്രപഞ്ചോത്പത്തിയില്‍ ഒരു ഗോളം പൊട്ടിത്തെറിച്ച് രണ്ടും രണ്ടില്‍ കൂടുതലും ഗോളങ്ങള്‍ ഉണ്ടായപ്പോള്‍ ജീവോത്പത്തിയില്‍ ഒന്നില്‍നിന്ന് അതുപോലെതന്നെയുള്ള ഒന്നും അതില്‍ക്കൂടുതലും പുനരുത്പാദനം വഴി ഉണ്ടായി.
ജീവന്‍റെ നിലനില്പിനുള്ള ശ്രമങ്ങള്‍ എല്ലാ ജീവജാലങ്ങളിലുമുണ്ട്. മാനിനെ ഭക്ഷിച്ച് വിശപ്പടക്കി പട്ടിണി മാറ്റുന്ന കടുവയിലും കടുവയില്‍നിന്നു രക്ഷപ്പെട്ട് ഓടാന്‍ ശ്രമിക്കുന്ന മാനിലും ഇത് ഒരേ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. രണ്ടിനും - ഇരയ്ക്കും ഇരപിടിയനും - ലക്ഷ്യം സ്വന്തം വര്‍ഗത്തിന്‍റെ - ജീവന്‍റെ - നിലനില്പ്പുതന്നെ. ഇങ്ങനെ കൊല്ലുന്നതിലും രക്ഷപെടുന്നതിലും തിന്നുന്നതിലും തിന്നപ്പെടുന്നതിലും കാണുന്ന ഈ പൊതുസ്വഭാവത്തെ, 'നിലനില്പ്പ് എന്ന തൃഷ്ണയെ', നിത്യജീവന്‍ (നിലനില്ക്കുന്ന ജീവന്‍) എന്നോ ആത്മാവ് എന്നോ വിളിക്കാമോയെന്ന് എനിക്കറിയില്ല.
അല്പംകൂടി വിശദമാക്കാം. മനുഷ്യന്‍ (ജീവിതം) തന്‍റെ ആഗ്രഹസംപൂര്‍ത്തിക്കുവേണ്ടി ഒരിക്കലും ലക്ഷ്യം നേടാത്ത പ്രയാണം നടത്തുമ്പോള്‍ ഏതെങ്കിലും ജീവികളുടെ നിലനില്‍പ്പിന് വിഘാതമാകുകയാണെങ്കില്‍ അത് മനുഷ്യന്‍ നടത്തുന്ന വംശനാശമാണ്. ഇവിടെ ദൈവം സൃഷ്ടിച്ച ജീവന്‍ എന്ന പ്രതിഭാസത്തിന്‍റെ ആ ജീവികളിലൂടെയുള്ള നിലനില്‍പ്പിനുള്ള യത്നത്തെയാണ് മനുഷ്യന്‍ ഇല്ലാതാക്കുന്നത്. വംശനാശം എന്നത് ഒരു ജീവിതത്തിന്‍റെ അന്ത്യമാണ്, ജീവന്‍റെ അന്ത്യമല്ല. എന്നാല്‍ പുനരുത്പാദനം നിന്നുപോകലാണ് വംശനാംശം. പുനരുത്പാദനംവഴി മാത്രമേ ഒരു ജീവിക്ക് തന്‍റെ വംശം നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. ഭൂമുഖത്തുള്ള ഏതാണ്ടെല്ലാ ജീവജാലങ്ങള്‍ക്കും ഈ പുനരുത്പാദനപ്രക്രിയ പ്രകൃത്യാ നടത്തണമെന്നുണ്ടെങ്കില്‍ അതിനുവേണ്ടുന്ന പ്രത്യേക കാലാവസ്ഥാവിശേഷങ്ങള്‍ കൂടിയേ തീരൂ. ഓരോ ജീവിക്കും ഓരോ പ്രത്യേകതയാണുള്ളത്. ലോകത്ത് 31/2 കോടിയോളം സസ്യ ജന്തുതരങ്ങളില്‍പ്പെട്ട ജീവികളുണ്ടെങ്കില്‍ 31/2 കോടി വഴികളിലൂടെ ആദ്യം ഉത്ഭവിച്ച (സൃഷ്ടിക്കപ്പെട്ട) ജീവന്‍ ഇന്നും പ്രയാണം നടത്തുകയാണെന്നര്‍ഥം. അപ്പോള്‍ മനുഷ്യന്‍ മൂലം ഒരു ജീവിക്കെങ്കിലും വംശനാശം വന്നുപോയാല്‍ - പുനരുത്പാദനം നിന്നുപോയാല്‍ - ആദിയില്‍ ഉണ്ടാകട്ടെ എന്ന് ഉച്ചരിച്ച് ദൈവം സൃഷ്ടിച്ച ഒരു ജീവനെ മനുഷ്യന്‍ അകാലത്തില്‍ കൊന്നൊടുക്കി എന്ന് വരുന്നു. അത് തീര്‍ച്ചയായും ദൈവത്തിനെതിരായ പ്രവൃത്തിതന്നെയല്ലേ?
മനുഷ്യന് ഒരു പ്രത്യേകത കൂടിയുണ്ട്. മനുഷ്യന്‍ മാത്രമാണ് ലോകത്ത് പാപം ചെയ്യുന്ന ഏക ജീവി. മറ്റുള്ള സകലജീവജാലങ്ങളും ഒന്ന് വേറൊന്നിനെ കൊല്ലുന്നതും (മാംസഭുക്കുകള്‍) തിന്നുന്നതും (സസ്യഭുക്കുകള്‍) സ്വന്തം വംശത്തിന്‍റെ നിലനില്പിനുവേണ്ടി മാത്രമാണ്. അത് സൃഷ്ടിസമയത്ത് ദൈവം അവര്‍ക്കു നല്കിയ അലംഘനീയനിയമംകൂടിയാണ്. അവയെല്ലാം അത് അക്ഷരംപ്രതി ഇന്നും അനുസരിക്കുകയും ചെയ്യുന്നു. മരങ്ങള്‍ പൂവണിയുന്നത് അവയ്ക്ക് കാലം (ദൈവം) കല്പിച്ചുകൊടുത്തിരിക്കുന്ന സമയത്തുമാത്രം. വന്യമൃഗങ്ങള്‍ ഇണചേരുന്നത് അവയ്ക്ക് പ്രകൃതി(ദൈവം) നിശ്ചയിച്ച് നല്കിയിരിക്കുന്ന കാലങ്ങളില്‍ മാത്രം.
മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞും ദൈവം അവന് അലംഘനീയമായ ഒരു നിയമം നല്കി. ആ നിയമം -ഏദന്‍തോട്ടത്തിലെ നന്മതിന്മകളുടെ ഫലം അറിയരുത് - ലംഘിച്ചതുമൂലമായിരിക്കും മനുഷ്യന്‍ മാത്രം ലോകത്ത് പാപം ചെയ്യുന്നത്. ഒരു നെഗറ്റീവ് എനര്‍ജിയില്‍ (സാത്താന്‍) നമ്മള്‍ കുറ്റമാരോപിക്കുന്നുണ്ടെങ്കിലും ശരി ചെയ്യുവാനും തെറ്റ് ചെയ്യുവാനുമുള്ള ഒരു സ്വഭാവം ഈ അനുസരണക്കേട് വഴി മനുഷ്യനില്‍ വന്നുചേര്‍ന്നു എന്ന് സമ്മതിക്കേണ്ടിവരുന്നു.
നന്മ-തിന്മയുടെ ഫലം അറിഞ്ഞ മനുഷ്യന്‍ മാത്രം ലോകത്ത് പാപംചെയ്യുന്ന ജീവിയായി ശേഷിക്കുമ്പോള്‍ അവനുമാത്രമേ പറുദീസായുടെ പരിപാവനതയുള്ള പ്രകൃതിയെ - സൃഷ്ടിയുടെ ഈറ്റില്ലങ്ങളെ - ദ്രോഹിക്കുവാന്‍ കഴിയൂ. പറുദീസായില്‍നിന്നു പുറത്താക്കപ്പെട്ടവന്‍ പ്രകൃതിയുടെ ഭാഗമല്ല ഞാന്‍ എന്ന് സ്വയം വിശ്വസിപ്പിച്ച് പ്രകൃതിയെയും മറ്റ് ജീവികളെയും വെറും ഭോഗവസ്തുക്കളായി മാത്രം കാണുന്നതില്‍ ഞാന്‍ തെല്ലും അത്ഭുതപ്പെടുന്നില്ല. ഇവിടെ മനുഷ്യനെ മാത്രമേ അനുസരണക്കേട് കാട്ടിയതുകൊണ്ട് പറുദീസായില്‍നിന്ന് പുറത്താക്കിയിട്ടുള്ളൂ. മനുഷ്യന്‍ ഇറങ്ങിപ്പോന്ന പറുദീസായില്‍ - പ്രകൃതിയില്‍- മറ്റ് ജീവികള്‍ ഇന്നും ശരിയും തെറ്റും തിരിച്ചറിയാത്തതുകൊണ്ട് ശരിമാത്രം ചെയ്ത് ജീവിക്കുന്നു. അവ കൊല്ലുന്നത് തിന്നാന്‍വേണ്ടി മാത്രം! അവ ഇണചേരുന്നത് പുനരുത്പാദനത്തിനുവേണ്ടി മാത്രം!
ജീവന്‍ രണ്ടുതരത്തിലുണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞുകഴിഞ്ഞു. ജീവനും ജീവിതവുമാണവ. ഓരോരുത്തരുടെയും അളന്ന് നിര്‍ണയിക്കപ്പെട്ടിട്ടുള്ള ജീവിതത്തിന്‍റെ അഭിലാഷപൂര്‍ത്തീകരണത്തിനുവേണ്ടി മനുഷ്യന്‍ ചെയ്തുകൂട്ടുന്നത് ഒരു ജീവിയുടെയെങ്കിലും വംശനാശത്തിന് ഇടയായാല്‍ - വംശനാശത്തിനിടവരുത്തും വിധം പരിസ്ഥിതിയെ നാശമാക്കിയാല്‍ - അത് പ്രകൃതിക്കെതിരെയുള്ള, പറുദീസായ്ക്കെതിരെയുള്ള - സ്വര്‍ഗത്തിനെതിരെയുള്ള തെറ്റായി മാറുന്നു.
ഓരോ ജീവിയെയും ദൈവം സൃഷ്ടിച്ചത് മനുഷ്യന്‍ എന്ന കേന്ദ്രസൃഷ്ടിയുടെ നിലനില്പിനുവേണ്ടിയാണെങ്കില്‍ ഓരോ ജീവിയുടെയും വംശനാശം ആത്യന്തികമായി മനുഷ്യന്‍റെ തന്നെ വംശനാശത്തിലേക്കാണ് എത്തിച്ചേരുന്നത്. (നി.കൊ. ഞാ. ചാ. - നിന്നെ കൊല്ലും ഞാനും ചാകും - എന്ന പേരിട്ട ഒരു സിനിമയാണ് ഓര്‍ക്കുന്നത്). ഇവിടെ വംശനാശം എന്നത് പുനരുത്പാദനം നിന്നുപോകലാണെങ്കില്‍ മനുഷ്യന്‍ എന്ന ജീവിയിലൂടെ (സൃഷ്ടിയിലൂടെ) ജീവന്‍റെ പ്രയാണത്തിന് - സൃഷ്ടികര്‍മത്തിന്‍റെ തുടര്‍ച്ചയ്ക്ക്- മനുഷ്യന്‍ തന്നെ വിഘാതമാകുകയാണ്. ഇതാണ് ഇനിയുള്ള (ജനിക്കാത്ത) തലമുറകള്‍ ശപിക്കുന്ന ഇന്നത്തെ തലമുറ ചെയ്തുകൂട്ടുന്ന ആത്മാവിനെതിരെയുള്ള മഹാപാപം.
ജീവികളുടെ വംശനാശം ഇവിടെ പ്രകൃതിനാശത്തിന്‍റെ ഒരു അടയാളം മാത്രമാണ്. ദൈവസൃഷ്ടികളില്‍ ഏതാണ്ട് 5 ശതമാനത്തിനടുത്ത് മാത്രമേ മനുഷ്യന് തന്‍റെ ശാസ്ത്രാന്വേഷണം വഴി മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുള്ളൂ. നമ്മള്‍ വരവുവച്ചിരിക്കുന്ന വംശനാശം നമ്മള്‍ കണ്ടുപിടിച്ചിട്ടുള്ളതില്‍ മാത്രം ഒതുങ്ങിനില്ക്കുമ്പോള്‍ ദൈവസൃഷ്ടികളുടെ യഥാര്‍ഥവംശനാശം നമ്മള്‍ കരുതുന്നതിലും എത്രയോ ഇരട്ടിയാണ്. നമുക്ക് ഒരു ജീവിതമുള്ളതുകൊണ്ട് മാത്രമാണ് നമുക്കു ചുറ്റും കാണുന്ന നിരവധി ജീവികളുടെ ജീവനെ നാം ഒരിക്കല്‍ക്കൂടി തിരികെവരാത്തവിധം കൊന്നൊടുക്കുന്നത്. ഇന്ന് ഭൂമുഖത്ത് ഉണ്ടെന്നു കരുതുന്ന ജീവികള്‍ ഏകദേശം 31/2 കോടിയോളം വരും. അതിലെ 18 ലക്ഷത്തിനു താഴെ മാത്രമേ നമുക്ക് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ. ഈ മൂന്നരക്കോടിയോളം വരുന്ന ജീവികള്‍ - സസ്യങ്ങളും ജന്തുക്കളും- 35- കോടിയോളം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവന്‍ സൃഷ്ടിക്കപ്പെട്ടതുമുതല്‍ ഭൂമുഖത്ത് ഉരുവിച്ച് സ്വാഭാവികവംശനാശം സംഭവിച്ചു മരിച്ചുപോയതിന്‍റെ 0.5 ശതമാനമേ വരൂ എന്നറിയുമ്പോഴാണ് യഥാര്‍ഥത്തില്‍ ദൈവത്തിന്‍റെ സൃഷ്ടിവൈഭവത്തിനുമുന്നില്‍ നാം വാപൊളിച്ചു നിന്നുപോകുന്നത്. നമ്മുടെ പ്രകൃതിദ്രോഹപ്രവര്‍ത്തനങ്ങള്‍ വഴി നമുക്ക് അറിയാവുന്നതിലും എത്രയോ അധികമായിട്ടാണെന്നോ നമുക്ക് ഇനിയും മനസ്സിലാക്കുവാനും കണ്ടുപിടിക്കാനും കഴിഞ്ഞിട്ടില്ലാത്ത ജീവികളുടെ വംശനാശം. നമുക്ക് അറിയില്ലെങ്കിലും അവയും ദൈവത്തിന്‍റെ സൃഷ്ടികള്‍തന്നെയാണ്.
ഇവയൊന്നും നാം തിരഞ്ഞുപിടിച്ച് വെട്ടിക്കളഞ്ഞും കൊന്നുകളഞ്ഞും നശിപ്പിക്കുന്നില്ല; മറിച്ച്, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വഴി പ്രകൃതിക്ക് കാതലായ മാറ്റം വരികയും (കാലാവസ്ഥാവ്യതിയാനം, ഭൗമതാപനം, അമ്ലത്വം മുതലായവ) ജീവികള്‍ക്ക് സ്വതവേയുള്ള രീതിയില്‍ പുനരുത്പാദനം നടത്താന്‍ സാധിക്കാതെ വരികയും ചെയ്യും. നിശ്ചിതസമയങ്ങളിലും (സീസണ്‍) നിശ്ചിതസ്ഥലങ്ങളിലും (മത്സ്യങ്ങളും ദേശാടനക്കിളികളും) മാത്രം പുനരുത്പാദനം നടത്താന്‍ പ്രകൃതിയുടെ, ദൈവത്തിന്‍റെ, കല്പന കിട്ടിയിട്ടുളള ജീവികള്‍ക്ക് കാലാവസ്ഥാവ്യതിയാനവും പ്രകൃതിശോഷണവും മലിനീകരണവും മൂലം പുനരുത്പാദനം നടത്താനാകാതെ കൂടുതലായും വംശനാശം വന്നുപോകുന്നു. വംശനാശം എന്നത് ജീവികളുടെ മരണമല്ല, മറിച്ച് ജനനം നിന്നുപോകലാണെന്ന് ഞാന്‍ ഇതിനുമുമ്പും സൂചിപ്പിച്ചിട്ടുണ്ട്. ജീവന്‍റെ സൃഷ്ടിമുതല്‍ ഇന്നുവരെയും പ്രകൃത്യാ നടന്നിട്ടുള്ള വംശനാശങ്ങളിലെയും കാരണം മറ്റൊന്നായിരുന്നില്ല. കാലാകാലങ്ങളായി സംഭരിച്ച പരിസ്ഥിതിയുടെ മാറ്റങ്ങള്‍ ഓരോ ജീവിക്കും അവയുടെ വംശവര്‍ധനവിനുള്ള സാഹചര്യം നഷ്ടപ്പെടുത്തുന്ന തരത്തിലായാല്‍ അത് വംശനാശത്തിന് കാരണമായിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെയും പരിസ്ഥിതിമാറ്റങ്ങള്‍ സാവധാനത്തിലായിരുന്നതിനാല്‍ (കുറഞ്ഞത് 35,000 വര്‍ഷങ്ങള്‍) പുതിയ പുതിയ ജീവികള്‍ - തീര്‍ച്ചയായും നേരത്തെ നിലനിന്നിരുന്നതില്‍ കൂടുതല്‍ - ഉണ്ടാകുവാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് ജൈവവൈവിധ്യത്തിന്‍റെ ഒരു കാരണം. എന്നാല്‍ മനുഷ്യഇടപെടല്‍ കൊണ്ടുണ്ടാകുന്ന മാറ്റങ്ങള്‍ പ്രകൃത്യാ കാണുന്നതില്‍നിന്ന് അനേകമടങ്ങ് അധികം വേഗതയിലാണ്. ഒരിക്കല്‍ ജീവികളുടെ മൂക്കില്‍കൂടി മാത്രം അശുദ്ധവായു പുറത്തുവന്നിരുന്നെങ്കില്‍ ഇന്ന് അതു മനുഷ്യന്‍ കണ്ടുപിടിച്ച അനേകം യന്ത്രങ്ങളില്‍കൂടിയും പുറത്തുവരുന്നു. എത്രയും പെട്ടെന്ന് ഏറ്റവും കൂടുതല്‍ ധനം - അത് കൃഷിയിലൂടെയാണെങ്കിലും വ്യവസായത്തിലൂടെയാണെങ്കിലും വ്യവഹാരത്തിലൂടെയാണെങ്കിലും വേണ്ടില്ല എന്ന ധനസ്നേഹിയുടെ ലക്ഷ്യമാണ് ഈ അതിവേഗതയുടെ കാരണം. പരിസ്ഥിതിമാറ്റത്തിന്‍റെ വേഗത കൂടുന്നതിനനുസരിച്ച് ജീവികളുടെ പുനരുത്പാദനത്തിന്‍റെ രീതികളോ വേഗതയോ മാറുന്നില്ല.
പാറമേല്‍ മണ്ണുനിറച്ച് പുല്ലുകളെയും മരങ്ങളെയും മണ്ണില്‍ നട്ട് വേരുകള്‍ക്ക് മണ്ണിനെയും മരങ്ങളെയും പിടിച്ചുനിര്‍ത്താനും പരസ്പരം കൂട്ടിയിണക്കുവാനും വേണ്ട ബലങ്ങള്‍ നല്കിയതും സൃഷ്ടികര്‍മത്തിന്‍റെ ഭാഗംതന്നെയാണ്. ഇവിടെ മരമില്ലാതെ മണ്ണില്ല, മണ്ണില്ലാതെ മരങ്ങളുമില്ല; രണ്ടിനെയും ഒരുപോലെ താങ്ങിനിര്‍ത്തുന്ന ഭൂമിയുടെ കുതിഞരമ്പുകള്‍ എന്നുവിളിക്കാവുന്ന പാറകളില്ലാതെ ഭൂമിക്ക് ഉറപ്പുമില്ല. പാറകള്‍ പൊടിച്ച് മണ്ണ് നിര്‍മിച്ചതും മണ്ണിന് മീതെ മഴ പെയ്യിച്ചതും മഴയില്‍ കുതിര്‍ന്ന മണ്ണില്‍ താമസംവിനാ മരങ്ങളും പുല്‍വര്‍ഗങ്ങളും നട്ടതും അവയിലെല്ലാം മൃഗങ്ങളെയും പക്ഷികളെയും മണ്ണിരകളെയുമെല്ലാം യഥേഷ്ടം വളരാനനുവദിച്ചതും സ്രഷ്ടാവുതന്നെയാണ്. മണ്ണില്‍ മഴപെയ്തപ്പോള്‍ പുഴകള്‍ ഉണ്ടായതും മലകളിലെ മണ്ണ് ഒഴുകിയെത്തി താഴ്വരകള്‍ കൃഷിക്കനുയോജ്യമായ വിധം ഫലഭൂയിഷ്ഠമായതും പുഴകളിലെല്ലാം ധാരാളമായി മീനുകള്‍ പെറ്റുപെരുകിയതും ആ വലിയ ആര്‍ക്കിടെക്ടറിന്‍റെ നിയന്ത്രണത്തില്‍തന്നെയാണ്. ഇങ്ങുതാഴെ കടല്‍ത്തീരത്ത് കരയെ കടലെടുക്കാതെ, കടലിലേക്ക് കര ഇറങ്ങിച്ചെല്ലാതെ തീരങ്ങള്‍തോറും പച്ച അതിരുപോലെ കണ്ടല്‍വനങ്ങള്‍ മെനഞ്ഞുവച്ചതും അവയ്ക്കാകെ ഉപ്പുവെള്ളത്തില്‍ വളരാന്‍ കഴിവുള്ള നിരവധി വേരുകള്‍ നല്കിയതും ദൈവത്തിന്‍റെ നിര്‍ദേശപ്രകാരമാണ്. കണ്ടല്‍വനങ്ങള്‍ക്കിടയിലെല്ലാം സമുദ്രജലം വേലിയേറ്റങ്ങള്‍ വഴി കയറിയിറങ്ങുന്നതും കണ്ടല്‍സസ്യവേരുകള്‍ക്കിടയില്‍ സമുദ്രജലം നിശ്ചലമായി നില്‍ക്കുന്നതും അവിടെയെല്ലാം കടല്‍മീനുകള്‍ക്ക് മുട്ടയിടുവാനും പ്രജനനം നടത്തുവാനുമുള്ള സൗകര്യമൊരുക്കിയതും ദൈവമല്ലാതെ മറ്റാരാണ്!
തന്‍റെ ജീവന്‍റെ ഭാഗം നല്കി ഓരോ ജീവിക്കും രൂപവും ഭംഗിയും നല്കിയ സ്രഷ്ടാവ് ഓരോന്നിനും ജീവിക്കുവാനുള്ള - പുനരുത്പാദനം നടത്താനുള്ള - സ്ഥലവും നല്കി. ഓരോ സൃഷ്ടിയുടെയും രൂപവും ഭംഗിയും കണ്ട സ്രഷ്ടാവ് 'നന്നായിരിക്കുന്നു' എന്ന് ഓരോന്നിന്‍റെയും മുഖത്തുനോക്കി പറഞ്ഞെങ്കില്‍ തുടര്‍ന്ന് ഈ ഭൂമിയില്‍ പുനരുത്പാദനം നടത്തി ജീവിക്കാനുള്ള - നിലനില്‍ക്കുവാനുള്ള - പ്രചോദനം കൂടിയാണ് നന്നായിരിക്കുന്നു എന്ന വചനം വഴി ഓരോ ജീവിക്കും നല്‍കിയിരിക്കുന്നത്.
ഇങ്ങനെ ദൈവേഷ്ടം നടപ്പാക്കുന്ന ഒരു ജീവിയുടെ നിലനില്പിന് - പുനരുത്പാദനപ്രക്രിയയ്ക്ക് - മറ്റൊരു ജീവി (മനുഷ്യന്‍) വിഘാതമായി വന്നാല്‍ അത് ദൈവേഷ്ടത്തിന് എതിരായ പാപമല്ലേ?
ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിലും എളുപ്പം ഒട്ടകം സൂചിക്കുഴയില്‍കൂടി കടക്കുന്നതാണെന്ന് യേശു പറഞ്ഞത് മനുഷ്യന്‍റെ ധനത്തോടുള്ള ആര്‍ത്തികണ്ടതുകൊണ്ടുതന്നെയാണ്. ധനത്തെ മാത്രം സ്നേഹിക്കുന്നവനെയാണ് ഇവിടെ ധനവാന്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ധനസ്നേഹിക്ക് ലോകത്തു മറ്റൊന്നിനെയും സ്നേഹിക്കുവാന്‍ കഴിയില്ല. അവന്‍റെ ശ്രദ്ധയില്‍ സകലജീവജാലങ്ങളും സകല ജൈവവ്യവസ്ഥകളും ധനം സമ്പാദിക്കുവാനുള്ള ഉപഭോഗവസ്തുക്കള്‍ മാത്രമാണ്. ധനനിര്‍മാണത്തിന്‍റെ ത്വരിതയാത്രയില്‍ അവന് കുട്ടികള്‍പോലും കുറവായിരിക്കും. വിവാഹം എന്ന കൂദാശവഴി പുനരുത്പാദനം നടത്തി സൃഷ്ടികര്‍മത്തില്‍ പങ്കാളിയാകാം എന്ന ദൈവവുമായുള്ള ഉടമ്പടിയാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
സസ്യങ്ങളും മൃഗങ്ങളും മണ്ണും പാറയും താഴ്വരകളും കുന്നുകളും പുഴകളും എന്നുവേണ്ട കണ്ണ് കണ്ടിട്ടുള്ളതും കാത് കേട്ടിട്ടുള്ളതും ഹൃദയം അനുഭവിച്ചിട്ടുള്ളതുമായ സകലതും ധനസ്നേഹിക്ക് പണത്തിനുവേണ്ടിയുള്ള അസംസ്കൃതവസ്തുക്കളാണ്.
വംശവര്‍ധനവ് - പുനരുത്പാദനം - ഓരോ ജീവിയിലും അനുസ്യൂതം നടക്കുവാന്‍വേണ്ടി ലൈംഗികബന്ധത്തിന് ഒരു സുഖംകൂടി ദൈവം പ്രദാനം ചെയ്തു. ആ സുഖവും കൂടി അവന്‍ പണമാക്കി മാറ്റി (പെണ്‍വാണിഭം). ഇങ്ങനെ മറ്റൊന്നിനെയും സ്നേഹിക്കാത്ത ധനമോഹികളെയാണ് യേശു ഒരു കാരണവശാലും സ്വര്‍ഗരാജ്യത്തിന് അര്‍ഹരല്ലാതാക്കിയത്. ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം, എത്ര പണമുണ്ടെങ്കിലും ആവശ്യപ്പെടുന്ന വസ്തു പണം കൊടുത്താല്‍ ലഭിക്കാതെ വന്നാല്‍ പണം ലോകത്തെ ഏറ്റവും ഉപയോഗശൂന്യമായ വസ്തുവാണ്. പിതൃക്കളെ ബഹുമാനിക്കാത്ത, മക്കളെ സ്നേഹിക്കാത്ത ധനസ്നേഹിക്ക് ഒരിക്കലും പരിസ്ഥിതിയെ അവയിലൊളിഞ്ഞിരിക്കുന്ന ജീവന്‍റെ അടിസ്ഥാനത്തെ കാണാന്‍ കഴിയില്ല.
പരിസ്ഥിതിശാസ്ത്രജ്ഞനായ ഇ. ഒ. വില്‍സണ്‍ പറഞ്ഞതുപോലെ, 1990-കളില്‍ നാം പരിസ്ഥിതിയെ നശിപ്പിച്ചതാണ് ഇനിയുള്ള തലമുറകള്‍ നമ്മോട് ക്ഷമിക്കാത്ത നാം ചെയ്യുന്ന ദ്രോഹം.
തലമുറകളിലൂടെ പകര്‍ന്നുകൊടുക്കുന്നത് വിശ്വാസമാണ് - പുനരുത്പാദനത്തിന്‍റെ പവിത്രതയാണ്, നിലനില്ക്കുന്ന ജീവനാണ്. ആ ജീവനെതിരെ ചെയ്യുന്ന തെറ്റുകള്‍ നമുക്ക് ആരോടും ഏറ്റുപറഞ്ഞ് കുമ്പസാരിക്കാന്‍ കഴിയില്ല. കാരണം തെറ്റുചെയ്യുന്നത് വരുന്ന തലമുറയോടാണ്. ആരോടും ഏറ്റുപറയുവാന്‍ കഴിയാത്ത തെറ്റായതിനാല്‍ ആരും അത് ക്ഷമിക്കുകയില്ല. അത് ആത്മാവിനെതിരായ പാപമായി മാറുന്നു.