news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

ചില കാഴ്ചകള്‍ വല്ലാതെ കലിപ്പിക്കാറുണ്ട്. ഈ കഴിഞ്ഞദിവസവും കണ്ടു അത്തരത്തിലൊന്ന്. വൈകുന്നേരം നടക്കാന്‍ പോയതാണ്. പുഴക്കടവിലേയ്ക്കാണ് സ്ഥിരംയാത്ര. കടവിനോട് അടുക്കുംതോറും അട്ടഹാസവും തെറിവിളിയും ബഹളവും. ഒരു പത്തിരുപതുപേര്‍ കാണും, കടവിന്‍റെ അക്കരയില്‍. അവര്‍ ആഘോഷത്തിലാണ്. വലിയ താമസമില്ലാതെ പ്രതീക്ഷിച്ചതുപോലെതന്നെ അവരില്‍ രണ്ടുപേര്‍ കൈയാങ്കളി ആരംഭിച്ചു. അത് മൂത്തുവന്നപ്പോഴേക്കും രണ്ട് കാലില്‍ നില്ക്കാന്‍ പറ്റിയവര്‍ ഒരുവിധം വന്ന് അവരെ തള്ളിനിരക്കി മാറ്റി. പിന്നെ എല്ലാം ശാന്തം. കുറച്ചുകഴിഞ്ഞപ്പോള്‍ പിരിഞ്ഞുപോകാന്‍ എല്ലാവരും വട്ടംകൂട്ടി. വൃത്തിയും വെടിപ്പും ഉള്ളവര്‍ ആണെന്ന് തോന്നുന്നു. കാരണം കൂട്ടത്തിലെ മാന്യര്‍ കടവ് വൃത്തിയാക്കല്‍ ആരംഭിച്ചു. ഒരു പ്ലാസ്റ്റിക് ബോട്ടിലും പിന്നെ കുറച്ച് സഞ്ചികളും ഒന്നുരണ്ട് പൊതിക്കെട്ടുകളും ആ മാന്യര്‍ വാരിയെടുത്ത് ഇത്രയുംനേരം തങ്ങളെ സഹിച്ച പുഴയിലേക്ക് മെല്ലെ ഒഴുക്കിവിട്ടിട്ട് വേച്ചുവേച്ച് നടന്ന് കടന്നുപോയി. മറുകരയില്‍ നിന്ന് വെറുതെ കലിപ്പിച്ച് നോക്കാനേ എന്നേക്കൊണ്ട് പറ്റിയുള്ളു.

കേരളത്തില്‍ അങ്ങോളം ഇങ്ങോളം പ്രകൃതിയാത്രകള്‍ നടക്കുകയാണ്.  Plastic Campaign, പ്രകൃതിസംരക്ഷണം, നദീതടപരിപാലനം എന്നുവേണ്ട എല്ലാ കസര്‍ത്തുകളും ഒന്നിനുപുറകേ ഒന്നായി നടക്കുന്നുണ്ട്. പക്ഷേ നമ്മുടെ മലയാളി മാലോകര്‍ ഇതൊന്നും അറിയുന്നമട്ടേ ഇല്ല. ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല എന്നാണ് ഒരു ശരാശരി കേരളീയന്‍റെ വയ്പ്പ്.

മനുഷ്യന്‍ പ്രകൃതിയോട് അവഗണന നടത്തുന്നത് കണ്ടപ്പോള്‍ ഇക്കണ്ടകാലം മുഴുവന്‍ കരുതി വിദ്യാഭ്യാസത്തിന്‍റെ കുറവാണ് കാരണമെന്ന്. പക്ഷേ കൊച്ചി കണക്കേ ഒരു നഗരത്തില്‍ വിദ്യാസമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് മുന്തിയ ഇനം കാറുകളില്‍ വന്ന് മാലിന്യം വലിച്ചെറിയുന്നത് വാര്‍ത്തയായും, മുമ്പിലത്തെ ഫ്ളാറ്റിലെ ടീച്ചറായ വീട്ടമ്മ മിക്കദിവസവും ഫ്ളാറ്റിനുമുന്നില്‍ മാലിന്യം കത്തിക്കുന്നത് നേരിട്ടും കാണാന്‍ തുടങ്ങിയതുകൊണ്ട് വിദ്യാഭ്യാസത്തിന് ഈ കാര്യത്തില്‍ വലിയ പ്രസക്തി ഇല്ലായെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു.

ഞാന്‍ ജീവിക്കുന്ന എന്‍റെ ചുറ്റുപാട്, അതിലെ സകലതും, എനിക്കുവേണ്ടിമാത്രം ഉള്ളതാണ്; അതിനെ എനിക്ക് എങ്ങനെയും ഉപയോഗിക്കാം എന്ന ഉപഭോഗത്തിന്‍റെ സംസ്കാരം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് എങ്ങോട്ട് എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗം അല്ല എന്ന് സ്വയം സമര്‍ഥിക്കുകയാണ്.

പ്രകൃതിയെയും മനുഷ്യനെയുംപറ്റി പറയുമ്പോള്‍ സച്ചിദാനന്ദന്‍റെ 'ആറാം നാള്‍' എന്ന കവിത ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. കാലം കഴിയുന്തോറും വീഞ്ഞിന് വീര്യം കൂടുന്നതുപോലെതന്നെ സച്ചിദാനന്ദന്‍റെ വാക്കുകള്‍ക്ക് അര്‍ഥവും ആഴവും കൂടുകയാണ്. മനുഷ്യര്‍ പ്രകതിയുടെ ഭാഗമല്ല എന്ന് പ്രഖ്യാപിക്കുന്നതിന്‍റെ നേര്‍ക്കാഴ്ചയാണ് ഇത്.

മനുഷ്യന്‍ എന്നാല്‍
വിനയമില്ലാതെ പ്രാര്‍ഥിക്കുകയും
പ്രണയമില്ലാതെ പ്രാപിക്കുകയും
തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന
ഏക ജീവി.
അവന്‍റെ വരവോടെ
പുഴകള്‍ കടക്കേണ്ടവയായും
മലകള്‍ കയറേണ്ടവയുമായി.
കളങ്കമേശാത്ത മാനും മുയലും
വേട്ടയാടപ്പെടേണ്ടതായി.
സിംഹവും കടുവയും ഹിംസ്രമൃഗങ്ങളായി
പശുവും നായയും വീട്ടടിമകളായി
വൃക്ഷങ്ങള്‍ വെട്ടിത്തള്ളപ്പെടേണ്ടവയായി.
ഈയത്തിന് വിലയിടിഞ്ഞു
സ്വര്‍ണത്തിന് വിലയേറി
ഇരുമ്പും വെള്ളിയും ഉരുകി
കുന്തവും വാളും ആകേണ്ടവയായി
ഇങ്ങനെ എല്ലാം മാറിമറിയുകയാണ്. വേദപുസ്തകത്തിലെ ആദ്യതാളുകള്‍ മറിച്ചുനോക്കുക. എല്ലാം ഒന്നിന് പുറകേ ഒന്നായി രൂപപ്പെടുത്തിയിട്ട് ദൈവം പറയുന്ന വാക്ക് 'എല്ലാം നന്നായിരിക്കുന്നു' എന്നാണ്. എല്ലാം നന്നായിരിക്കുന്നു എന്ന് ഉടയവന്‍ പറഞ്ഞ ഒന്നിനെപ്പോലും ഉടയവന്‍ കാണുന്നതുപോലെ നോക്കിക്കാണാന്‍ പറ്റാത്തവിധം മനുഷ്യന്‍റെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചിരിക്കുകയാണ്. പണംകൊണ്ടുവന്ന തിമിരം. ഇത്രയും നല്ല സൃഷ്ടിയുടെ വിവരണം വേദഗ്രന്ഥത്തില്‍ കൊടുത്തിട്ടും ഇന്നേവരെ ഒരു വേദപാഠടീച്ചറും ഒരു കുഞ്ഞിനോടും  പ്രകൃതിയെ ബഹുമാനിക്കണം എന്നും ഒരു ജീവിയെയും നശിപ്പിക്കരുത് എന്നും പറഞ്ഞു കൊടുക്കുന്നത് കേട്ടിട്ടില്ല. പറഞ്ഞ് കൊടുത്തതാകട്ടെ പഴംതിന്ന കഥയും.

ഒരു പണിയാവശ്യത്തിനുവേണ്ടി മരം മുറിക്കുന്നതിനുമുമ്പ് തച്ചന്‍ മരത്തോട് അനുവാദം ചോദിച്ചിരുന്ന ഒരു പൈതൃകം ഈ നാട്ടില്‍ ഉണ്ടായിരുന്നു എന്ന കാര്യം വിസ്മരിക്കേണ്ട. ആസ്ത്രേലിയന്‍ ഭൂഖണ്ഡത്തില്‍ പപ്പുവാ ന്യൂഗിനിയ എന്ന ദേശത്ത് എത്തിച്ചേര്‍ന്ന ഒരു മിഷനറിയുടെ അനുഭവം ഓര്‍ക്കുന്നു. ആഘോഷമായ വരവേല്പ്പാണ് ലഭിച്ചത്. ആളുകളുടെ ഇടയില്‍ ജീവിക്കാന്‍വേണ്ടി ഒരു കുടില്‍ കെട്ടണമായിരുന്നു, അയാള്‍ക്ക്. ആവശ്യം ഉന്നയിച്ചപ്പോള്‍ ആളുകള്‍ ഒപ്പം കൂടി. 'വിശാലമായ കാട്ടില്‍ എന്തിനാണ് സ്ഥലം അന്വേഷിക്കുന്നത്, രണ്ട് മരം വെട്ടിമാറ്റിയാല്‍ അവിടെ തന്‍റെ കുടില്‍ കെട്ടിക്കോളം' എന്ന മിഷനറിയുടെ വാക്കുകളെ ഒരുതരം അവിശ്വസനീയതയോടെയാണ് അവര്‍ ശ്രദ്ധിച്ചത്. കാരണം അന്നേവരെ അവിടെ കുടില്‍കെട്ടാന്‍ വേണ്ട സ്ഥലത്തിനുവേണ്ടി ആരും മരം മുറിച്ചിട്ടില്ലത്രേ. വെട്ടിമാറ്റി സ്ഥലംഒരുക്കല്‍ നമ്മുടെ മാത്രം ശൈലിയാണ്.

പറഞ്ഞുവരുന്നത് ആധുനിക മനുഷ്യന്‍റെ സത്തയ്ക്ക് കാര്യമായ എന്തോ ഒരു കേടുപാട് സംഭവിച്ചിരിക്കുന്നു എന്നാണ്. ഒരുവന്‍റെ സത്ത എന്നത് അവന്‍റെ ആത്മീയതയില്‍നിന്ന് ഉരുത്തിരിയുന്നതാണ്. നല്കപ്പെട്ടിരിക്കുന്ന ചുറ്റുപാടില്‍നിന്ന് ഉരുത്തിരിയേണ്ട ഒരു ആത്മീയത ഇല്ലാതായിരിക്കുന്നു എന്നതാണ് ഇന്നിന്‍റെ ഏറ്റവും വലിയ ശാപം. ഇത് ഒരു തിരിച്ചറിവായി പതിയെപ്പതിയെ വളരുന്നുണ്ട്.

I.S. ഭീകരതയും ലൈംഗികവൈകൃതവും പൈശാചിക ആരാധനയുടെ മൂര്‍ത്തരൂപമായ കറുത്ത കുര്‍ബാനയും ലോകത്തെ വരിഞ്ഞ് മുറുക്കുന്നു എന്ന് മാലോകര്‍ നിലവിളിക്കുമ്പോള്‍ എന്തുകൊണ്ടാണ് റോമിലെ ആ വലിയ മുക്കുവന്‍ തന്‍റെ തൂലിക എടുത്ത് പ്രകൃതിയെപ്പറ്റി എഴുതാന്‍ ആരംഭിച്ചത്. അത് ഒരു തിരിച്ചറിവിന്‍റെ ഭാഗമാണ്. മനുഷ്യന്‍റെ എല്ലാ ജീര്‍ണതയ്ക്കും കാരണം പ്രകൃതിയുടെ സ്വാഭാവികതയില്‍നിന്നുള്ള അകല്ച്ചയാണ് എന്ന ദര്‍ശനം ആ വലിയ മുക്കുവന് ഉണ്ടായിരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രകൃതിയുടെ താളത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്കായി Laudato Si കാണപ്പെടേണ്ടിയിരിക്കുന്നു.

ഒരുവന്‍റെ ആഴമേറിയ ആത്മീയതയുടെ രൂപീകരണത്തില്‍ പ്രകൃതിയോളം സഹായം നല്കാന്‍ പറ്റിയ മറ്റൊന്നും ഇനിയും ഉരുവായിട്ടില്ല. ഈ തിരിച്ചറിവ് ഫ്രാന്‍സിസിന് ഉണ്ടായിരുന്നു. 24 വയസ്സുവരെ എങ്ങനെ ഒക്കെ ജീവിക്കാമോ അങ്ങനെ ഒക്കെ ജീവിച്ചിട്ട് അല്പം വെളിച്ചം കിട്ടുമ്പോള്‍ അവന്‍ ഇറങ്ങുന്നത് പ്രകൃതിയുടെ മടിത്തട്ടിലേക്കാണ്. Br. Sun, Sr. Moon എന്ന ചിത്രത്തില്‍ മനോഹരമായ ഒരു രംഗം ഉണ്ട്. അപ്പന്‍റെയും അമ്മയുടെയും കൂടെ ദേവാലയത്തില്‍ പോകുന്ന ഫ്രാന്‍സിസ്, മടുപ്പുളവാക്കുന്ന പൂജാകര്‍മങ്ങള്‍ക്കിടയില്‍നിന്ന് വല്ലാതെ വീര്‍പ്പുമുട്ടുകയാണ്. ഒട്ടും സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ അയാള്‍ ചീ എന്ന് അലറിവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുന്നു. അവിടെ ദേവാലയത്തിനു പുറത്തുനിന്നു നിറപുഞ്ചിരിയോടെ കുരിശുവരയ്ക്കുന്നു. വളരെ ഗൗരവത്തോടെ വേണം ഈ മാറ്റത്തെ നമ്മള്‍ കാണുവാന്‍.

ഒരു ശരാശരി ക്രിസ്ത്യാനിയുടെ ആത്മീയത സ്വന്തം ശരീരത്തെ ചുറ്റിപ്പറ്റിയും കല്ലും മണ്ണുംകൂട്ടി ഉണ്ടാക്കിയ ദേവാലയത്തില്‍ നടക്കുന്ന പൂജകളെ കേന്ദ്രീകരിച്ചും മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ ആത്മീയതയ്ക്ക് ജീവിക്കുന്ന ചുറ്റുപാടിനോട് വലിയ ബന്ധം കാണുന്നില്ല. ആഴ്ചയിലെ കടമുള്ള ദിവസം 'പള്ളിയില്‍ പോയില്ല,' അയല്‍ക്കാരനെതിരെ തിന്മ വിചാരിച്ചു എന്ന് പറഞ്ഞ് വിലപിക്കുമ്പോഴും ജീവിതത്തില്‍ ഇന്നോളം ഒരു മരം നട്ടിട്ടില്ല, തന്‍റെ ചുറ്റുപാടിനെ താന്‍ വേണ്ടത്ര പരിഗണിച്ചില്ല എന്നുള്ള വസ്തുതകള്‍ ഇവരില്‍ ഒരു തരത്തിലുമുള്ള ഭാരം സൃഷ്ടിക്കുന്നില്ല.  

വലിയ ചുവരുകള്‍ പണിയുന്നതിലൂടെയും തൂണുകള്‍ക്കു സ്വര്‍ണംപൂശുന്നതിലൂടെയും വലിയ കമാനങ്ങള്‍ പണിയുന്നതിലൂടെയും തങ്ങളുടെ ആത്മീയജീവിതം ഉത്തുംഗശൃംഗത്തിലേയ്ക്ക് വളരുന്നു എന്ന കാഴ്ചപ്പാടാണ് ഇവര്‍ക്ക് ഉള്ളത്. പക്ഷേ ഫ്രാന്‍സിസ് അങ്ങനെ ആയിരുന്നില്ല. ദൈവാന്വേഷണവുമായി ബന്ധപ്പെട്ട് അയാള്‍ അലഞ്ഞത്  മലഞ്ചെരുവുകളിലും ഗുഹകളിലും വിജനതകളിലും ആയിരുന്നു. മഞ്ഞും മഴയും വെയിലും കൊടുംതണുപ്പും അയാളുടെ അധ്യാപകരായി. പൂക്കളും മരങ്ങളും കിളികളും മൃഗങ്ങളും അയാള്‍ക്ക് ആത്മീയ ഉപദേശകര്‍ ആയി.

ഫ്രാന്‍സിസിന്‍റെ ആത്മീയതയെ രൂപപ്പെടുത്തിയത് പ്രകൃതിയായിരുന്നു. അതുകൊണ്ടുതന്നെ  അയാള്‍ക്ക് മലകള്‍ കീഴടക്കേണ്ടവയോ കുന്നുകള്‍ കടക്കേണ്ടവയോ നദികള്‍ താണ്ടേണ്ടവയോ ആയിരുന്നില്ല. ഫ്രാന്‍സിസ് സൂര്യകീര്‍ത്തനം രചിക്കുന്നത് ശ്രദ്ധിക്കുക. അവിടെ അയാള്‍ ചുറ്റിലും കാണുന്നത് സഹോദരങ്ങളെ ആണ്. പ്രകാശവര്‍ഷങ്ങള്‍ അകലെ ഉള്ള നക്ഷത്രവും കാല്‍ചുവട്ടിലെ പുല്‍നാമ്പും ഫ്രാന്‍സിസിന് ഒരുപോലെയാണ്. പ്രപഞ്ചത്തിലെ ചെറുതും വലുതുമായ എല്ലാറ്റിലും ദൈവത്തിന്‍റെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നത് ഫ്രാന്‍സിസിന്‍റെ കണ്ണുകള്‍ കണ്ടു. ഈ ഒരു തെളിമ ആധ്യാത്മികതയില്‍ നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. ഞാന്‍ പ്രകൃതിയുടെ ഭാഗമാണ്.

മനുഷ്യനായിത്തീര്‍ന്ന ദൈവവും തന്‍റെ ആത്മീയതയില്‍ സ്വീകരിക്കുന്ന പാത പ്രപഞ്ചത്തോട് ചേര്‍ന്ന് ഉള്ളതായിരുന്നു. ക്രിസ്തു പ്രപഞ്ചത്തോട് താദാത്മ്യപ്പെട്ടതുപോലെ അത്രത്തോളം വേറൊരുവനും താദാത്മ്യപ്പെട്ടിട്ടില്ലായിരിക്കണം. സ്വര്‍ഗത്തിന്‍റെ ചെറുതും വലുതുമായ എല്ലാ രഹസ്യങ്ങളും അവിടുന്ന് മാലോകര്‍ക്ക്  പറഞ്ഞുകൊടുത്തത് പ്രകൃതിയെ ചൂണ്ടിക്കാട്ടിയായിരുന്നു. താന്‍ സൃഷ്ടിച്ചതിലൂടെ മാത്രം ലോകത്തെ പഠിപ്പിക്കാന്‍ അവന്‍ ശ്രമിച്ചു. ചട്ടക്കൂടുകളുടെ സിനഗോഗുകള്‍ ക്രിസ്തുവിന് അരോചകം  ആയിരുന്നു. ദൈവത്തെ ആബാ എന്നു വിളിക്കാന്‍ മാത്രം ക്രിസ്തുവിന്‍റെ മനസ്സ് പാകം വന്നതും ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ടിവൈഭവം കണ്ട് മതിമറന്നാകണം. ഒടുവില്‍ അവന്‍റെ മരണത്തില്‍ ഏറ്റം കൂടുതല്‍ ബഹളം ഉണ്ടാക്കിയതും ഇതേ പ്രകൃതിതന്നെ. പ്രകൃതിയെ ഗൗരവപൂര്‍വം എടുക്കാമോ എങ്കില്‍ പ്രകൃതിയും നിങ്ങളെ ഗൗരവപൂര്‍വം നോക്കിക്കാണും.

ഇത്രയും കാലം പ്രകൃതിയില്‍നിന്ന് അകന്ന ഒരു ആധ്യാത്മികത ഉണ്ടാക്കുകയായിരുന്നില്ലേ നമ്മള്‍. എന്നിട്ട് എന്തുണ്ടായി? കലഹങ്ങളും നശീകരണങ്ങളും കൂടിയതല്ലാതെ എന്തെങ്കിലും ഒരു മെച്ചം ഉണ്ടായോ? ഇനിയെങ്കിലും സത്യത്തിന്‍റെ നേരെ കണ്ണുതുറക്കാം. ഒരു പുല്‍നാമ്പിനെ നോക്കിക്കൊണ്ട് ഹല്ലേലൂയ്യാ പറയാന്‍ നമുക്ക് ശ്രമിക്കാം. അഴുകുന്ന ഒരു ഇലയെനോക്കി 'ഞാനും ഒരിക്കല്‍ ഇതുപോലെ' എന്നോര്‍ത്ത് 'ദൈവമേ നന്ദി' എന്നുപറയാന്‍ ഒരു പ്രയത്നം.

ഓര്‍മിക്കാം: ആത്മീയത രൂപപ്പെടേണ്ടത്   കോണ്‍ക്രീറ്റ് ചുവരുകള്‍ക്കും തകരമേല്ക്കൂരയ്ക്കും കീഴെ അല്ല,  പ്രപഞ്ചത്തിലെ വിശാലമായ ആകാശം എന്ന മേല്ക്കൂരയ്ക്കും വായുവാകുന്ന ചുവരുകള്‍ക്കും ഇടയിലാണ്.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts