news-details
കവർ സ്റ്റോറി

എന്‍റെ ഉള്ളിലൊരു പുണ്യവാളന്‍

പൂ അറിഞ്ഞാണോ പൂ വിടരുന്നത്? പൂമണം പൊഴിക്കുന്നത്? പൂവിനുള്ളില്‍ പൂന്തേന്‍ നിറയുന്നത്? അതൊക്കെ അങ്ങനെ സംഭവിക്കുന്നു. നമ്മുടെ ഉള്ളിലും അങ്ങനെ ചിലതൊക്കെ സംഭവിക്കുന്നു. അത് നാമറിയാതെ നമ്മുടെ ജീവിതത്തിന്‍റെ സംഗീതമാകും. നമ്മെ നിരന്തരം നയിക്കുന്ന വെളിച്ചവുമാകും.

എന്‍റെ ഉള്ളില്‍ പ്രകൃതിബോധം വളര്‍ന്നതും അങ്ങനെയായിരുന്നു. ദൈവബോധത്തോടോ ധര്‍മ്മബോധത്തോടോ ഒപ്പം അതും വളര്‍ന്നു. ആ അവബോധങ്ങളുടെ സംഗീതത്തില്‍ ഒരു രാഗമായി, നാദമായി, താളമായി എന്നോ എങ്ങനെയോ ഫ്രാന്‍സിസ് പുണ്യവാളനും കൂടി. ദിവ്യമായ സംഗീതം പൊഴിച്ച് എന്നെ ആനന്ദിപ്പിച്ചു. ദിവ്യമായ ഒരു ഭ്രാന്തിനുമാത്രം കഴിയുന്ന നിഷ്ക്കളങ്കമായ പൊട്ടിച്ചിരിയും നൃത്തവും കലഹവും പ്രേമവും കൊണ്ട് എന്നെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എന്‍റെ ജീവിതപാതയ്ക്ക് ദിശാബോധവും നല്‍കി. അതെപ്പറ്റി യുക്തിയുക്തമായി വിവരിച്ച് ഒരു പ്രബന്ധമെഴുതാനുള്ള ശേഷി സത്യമായും എനിക്കില്ല.

അമ്മയെ അറിയാന്‍ അമ്മയുടെ മുലകുടിച്ചു വളരണം. അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കണം. അമ്മയുടെ ചൂടും ചൂരും ചിരിയും പരിഭവവും ദേഷ്യവും വേവലാതിയും കണ്ണീരും സ്വപ്നങ്ങളും മനസ്സിലാക്കണം. അമ്മയോട് അടുത്തിടപഴകണം. പ്രകൃതിയമ്മയെ അറിയാനും ആ അമ്മയുടെ മടിത്തട്ടിലേയ്ക്ക്  ഇറങ്ങണം, പ്രകൃതിയെ കാണണം, അറിയണം, അനുഭവിക്കണം, അത്ഭുതപ്പെടണം, ആനന്ദിക്കണം. കമ്പ്യൂട്ടറും ടിവിയുമൊന്നുമില്ലാതിരുന്ന കാലത്ത് ജീവിക്കാന്‍ ഭാഗ്യമുണ്ടായതിനാല്‍ ഞാനും ബാല്യകാലത്ത് പ്രകൃതിയമ്മയെ അറിഞ്ഞു വളര്‍ന്നു. ചെരിപ്പിടാതെ മണ്ണിലിറങ്ങി ഓടിച്ചാടി തലകുത്തിമറിഞ്ഞ് കളിച്ചപ്പോള്‍ മണ്ണ് എന്തെന്നറിഞ്ഞു. മണ്ണിന്‍റെ മാര്‍ദ്ദവവും തണുപ്പുമറിഞ്ഞു. മണ്ണപ്പം ചുടാന്‍ മണ്ണു മാന്തിയെടുത്തപ്പോള്‍ മണ്ണിന്‍റെ ഉള്ളറിഞ്ഞു. മണ്ണിനടിയിലും ജീവികളുണ്ടെന്നറിഞ്ഞു. പൊടിമണ്ണിലൂടെ തിരക്കിട്ടു പോകുന്ന ഒരു സുന്ദരനായ പുഴുവിനെ ചൂണ്ടി ആരോ പറഞ്ഞുതന്നു, കണ്ടോ ദൈവത്തിന് എണ്ണയും കൊണ്ടുപോകുന്ന എണ്ണപ്പുഴു. ഞാന്‍ അന്ന് എന്‍റെ കുഞ്ഞുവിരലുകളിലൊന്നുകൊണ്ട് എണ്ണപ്പുഴുവിന്‍റെ മുകളിലൊന്നു തൊട്ടു. ഹായ്! വിരലിലൊരിറ്റ് എണ്ണ. ഞാന്‍ ഭക്തിപൂര്‍വ്വം എണ്ണപുരണ്ട വിരല്‍ നെറ്റിയില്‍ തൊട്ടു. പിന്നെ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു: "ദൈവമേ പിണങ്ങല്ലേ. ഞാന്‍ ഒരിറ്റ് എണ്ണയേ എടുത്തുള്ളൂ." പിന്നെ ഞാനൊരു കള്ളച്ചിരി ചിരിച്ചു. ദൈവത്തിന്‍റെ എണ്ണ നെറ്റിയില്‍ പറ്റിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു ചിരി. ദൈവമേ നിന്‍റെ എണ്ണ എന്‍റേയും എണ്ണ. ഞാനതെടുക്കും; ട്ടോ. അതായിരുന്നു അന്ന് എന്‍റെ ഭാവം. അക്കാലത്തായിരുന്നു ഞാന്‍ സൃഷ്ടിയുടെ അത്ഭുതവും കണ്ടറിഞ്ഞത്. മുറ്റത്തും പറമ്പിലുമായി എത്രയെത്ര സസ്യങ്ങള്‍. മുക്കുറ്റി മുതല്‍ ബലിക്കറുക വരെ. കുറുന്തോട്ടി മുതല്‍ ചങ്ങലംപരണ്ട വരെ. പിന്നെ എത്രയോ ഇനങ്ങള്‍. കാട്ടുറുമ്പും കടിയനുറുമ്പും പുളിയുറുമ്പും മുതല്‍ നെയ്യുറുമ്പുവരെ എത്രയെത്ര ഉറുമ്പുകള്‍. തേന്‍കിളിയും ആറ്റക്കുരുവിയും ഇരട്ടത്തലച്ചിയും കാക്കയും കുയിലും ഓലേഞ്ഞാലിയും പൊന്മാനും മുതല്‍ പ്രാവും തത്തയും വരെ. എല്ലാം ദൈവത്തിന്‍റെ മക്കള്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കിയത് ഒരു ഓണനാള്‍ ആയിരുന്നു. അന്ന് അമ്മ ചോറും പരിപ്പും പപ്പടവും നെയ്യും കൂടി കുഴച്ചെടുത്തു. അമ്മയുടെ സഹായിയായി അമ്മ എന്നെ അടുത്തുനിര്‍ത്തിയിരുന്നു. കൈയില്‍ കുറെ ഇലക്കീറുകളും ഏല്പിച്ചിരുന്നു. വീടിനു ചുറ്റും വരാന്തയുണ്ടായിരുന്നു. അവിടെ ഇടയ്ക്കിടെയായി ഇലക്കീറുകള്‍ വയ്ക്കാന്‍ അമ്മ  പറഞ്ഞു. ഞാന്‍ ഇലകള്‍ നിലത്തുവച്ചു. അമ്മ ഓരോ ഇലയിലും ഓരോ ഉരുള വച്ചു. ചോറു, പരിപ്പു, പപ്പട, നെയ്യുരുളകള്‍. "ഇതെന്തിനാ അമ്മേ?" ഞാന്‍ ചോദിച്ചു. "മോനേ ഓണമല്ലേ. ഓണത്തിന് ഉറുമ്പിനും കൊടുക്കണം. ഉറുമ്പുപോലും ഓണനാള്‍ പട്ടിണികിടക്കരുത്. കിടന്നാല്‍ ഓണം ഓണമാകില്ല. പാവം. അതും ദൈവത്തിന്‍റെ മക്കള്‍. നിന്നേപ്പോലെ. എന്നേപ്പോലെയും."  

എന്‍റെ ദൈവമേ നിനക്കു മക്കള്‍ കുറെ ഉണ്ടല്ലോ. ഞാന്‍ അന്ന് അതോര്‍ത്ത് അത്ഭുതപ്പെട്ട് ദൈവത്തോടു ചോദിച്ചുപോയി. പിന്നീടൊരുനാള്‍ ഫ്രാന്‍സിസ് എന്ന ദൈവഭ്രാന്തന്‍ പക്ഷികള്‍ക്കു സുവിശേഷം കൊടുത്ത കഥ വായിച്ചപ്പോള്‍ എനിക്ക് ആ പുണ്യവാളനെ ഒന്നു കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കാന്‍ തോന്നിപ്പോയി. അമ്മ ഉറുമ്പിന് ചോറുകൊടുത്തു. പുണ്യവാളന്‍ പക്ഷികള്‍ക്ക് സുവിശേഷവും കൊടുത്തു. രണ്ടുപേരും ദൈവത്തിന്‍റെ മക്കളെ സ്നേഹിച്ചു. ഒരാള്‍ ചോറുകൊടുത്ത് ശരീരത്തിന്‍റെ വിശപ്പടക്കാന്‍ സഹായിച്ചു. മറ്റേയാള്‍ സുവിശേഷം നല്‍കി മനസ്സിന്‍റെ വിശപ്പു മാറ്റാന്‍ ശ്രമിച്ചു. രണ്ടുപേരും അവരവരുടെ പ്രവൃത്തികള്‍ വഴി ദൈവത്തെ അറിഞ്ഞു. ആദരിച്ചു. സ്നേഹിച്ചു. പക്ഷേ രണ്ടുപേരുടെയും ഭക്തി എത്ര വ്യത്യസ്തം. അമ്മയുടേത് ശാന്തം. ഫ്രാന്‍സിസിന്‍റേതോ ശക്തം. ദിവ്യമായ ഭ്രാന്തിന്‍റെ മാസ്മരിക പ്രഭാവത്തില്‍ ജ്വലിക്കുന്ന സുവിശേഷാഘോഷം! അപ്പോള്‍ ദൈവത്തെ അറിയാന്‍ വഴിയേറെ. അമ്മയുടേത് നിശ്ശബ്ദമായ ഈശ്വര(പ്രകൃതി) സേവ. പുണ്യവാളന്‍റേതോ കാനനച്ചോലയുടെ കുത്തൊഴുക്കുപോലെ വികാരവിസ്ഫോടന പ്രവാഹം.

അക്കാലത്തുതന്നെ ഞാന്‍ യേശുവിനേയും അറിഞ്ഞു. കുരിശിലെ യേശുവിനെ അറിയും മുന്‍പ് ഞാനറിഞ്ഞത് കാലിത്തൊഴുത്തില്‍ വൈക്കോല്‍ മെത്തയില്‍ കിടന്ന്, പുഞ്ചിരിയുടെ നിലാവ് പരത്തിയ ഉണ്ണിയേശുവിനെ. കാലിത്തൊഴുത്തില്‍ കടന്ന് കുഞ്ഞു പശുക്കുട്ടികളെ എടുത്തു മാറോടുചേര്‍ത്ത് ഓമനിച്ചു പരിചയിച്ചിരുന്ന എനിക്ക് കാലിത്തൊഴുത്തിലെ ഉണ്ണിയേശുവിനെ ഇഷ്ടമായത് സ്വഭാവികം. വെണ്ണ കട്ടുതിന്നുന്ന കണ്ണനേയും കാലിത്തൊഴുത്തില്‍ പുഞ്ചിരിച്ചു കിടക്കുന്ന ഉണ്ണിയേശുവിനേയും ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി. ഡിസംബര്‍ മാസത്തിലെ തണുപ്പ് അനുഭവിച്ച ഒരുനാള്‍ ഞാന്‍ അറിയാതെ ഉണ്ണിയേശുവിനെ ഓര്‍ത്തുപോയി. പാവം. ഡിസംബറിലെ മരം കോച്ചുന്ന മഞ്ഞില്‍ ഒരു കഷണം പുതപ്പുപോലുമില്ലാതെ കാലിത്തൊഴുത്തില്‍ ദൈവപുത്രന്‍!

പിന്നെപ്പിന്നെ ആ ചിത്രത്തിനു മിഴിവേറി. അര്‍ത്ഥമേറി. വായനയിലൂടെ, ചിന്തയിലൂടെ അര്‍ത്ഥം മനസ്സിലാക്കി. യേശു ദൈവപുത്രന്‍. വേണമെങ്കിലൊരു കൊട്ടാരത്തില്‍ ജനിക്കാമായിരുന്നു. കൊട്ടാരത്തിലെ പട്ടുമെത്തയില്‍ കമ്പിളിപ്പുതപ്പും പുതച്ചുകിടന്നു പുഞ്ചിരിക്കാമായിരുന്നു. സര്‍വ്വ സുഖസൗകര്യങ്ങളോടെയും ജീവിക്കാമായിരുന്നു. അതൊന്നും വേണ്ട എന്നുവച്ച് ഒരു കാലിത്തൊഴുത്തില്‍ ജനിച്ചു. ആ ജനനം കാണാന്‍ മിണ്ടാപ്രാണികള്‍ക്കു ഭാഗ്യം നല്‍കി. വൈക്കോല്‍ മെത്തയില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന് ഉണ്ണിയേശു ചിരിച്ചു. ലാളിത്യത്തിന്‍റെ മാതൃക മനുഷ്യനു കാണിച്ചുതന്നു. പ്രകൃതിയോട് ചേര്‍ന്നു ജീവിക്കേണ്ടതെങ്ങനെയെന്നും കാണിച്ചുതന്നു. ആ യേശുവില്‍ സ്വയമര്‍പ്പിച്ചു ജീവിച്ച  ഫ്രാന്‍സിസെന്ന ദൈവദാസന്‍ ചെരുപ്പില്ലാതെ തന്നെ നടക്കണം. മണ്ണിനെ അറിയാന്‍ മണ്ണില്‍ നടക്കേണ്ടേ? മനുഷ്യനെ അറിയാന്‍ മനുഷ്യര്‍ക്കിടയില്‍ ജീവിക്കുകയും വേണം. കൊട്ടാരത്തിലോ മണിമാളികയിലോ ജനിക്കാതിരിക്കുകയും പച്ചയായ സാധാരണ മനുഷ്യര്‍ക്കിടയില്‍ ജീവിക്കുകയും ചെയ്തു മാതൃക കാട്ടിയ യേശുവിന്‍റെ ദാസന്‍ അച്ഛന്‍റെ കട ഉപേക്ഷിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ. തെരുവില്‍ നൃത്തം വച്ചു ദൈവത്തെ സ്തുതിച്ചു പാടിയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ.

യേശു ഒന്നും സമ്പാദിച്ചില്ല. വെറു കൈയുമായി ജീവിച്ചു. മരപ്പണിക്കാരും മീന്‍പിടുത്തക്കാരും കൂട്ടുകാരായി. ശിഷ്യരുമായി. വിതയ്ക്കാതെ, കൊയ്യാതെ, സമ്പാദിക്കാതെ, വെട്ടിപ്പിടിക്കാതെ ദൈവപുത്രന്‍ ഒരു സ്നേഹസാമ്രാജ്യം സ്ഥാപിച്ചു. ആ ദൈവപുത്രന്‍റെ ദാസനും നിസ്വനായിത്തന്നെ ജീവിച്ചു. ഈ കാര്യങ്ങളൊക്കെ ഏറെക്കാലം കഴിഞ്ഞാണ് ഞാന്‍ പഠിച്ചത്. ബാല്യകൗമാരകാലത്ത് ഉണ്ണിയേശുവിനെ പരിചയപ്പെട്ടതിനുശേഷം ഞാന്‍ പരിചയപ്പെട്ടത് ആട്ടിന്‍കുട്ടിയെ മാറോടുചേര്‍ത്തു നടന്നുവരുന്ന യേശുവിനെയായിരുന്നു. ആ ചിത്രം അക്കാലത്ത് എനിക്ക് ആവേശമായി. ആട്ടിന്‍കുട്ടിയേയും കോഴിക്കുഞ്ഞിനേയും നെഞ്ചോടുചേര്‍ത്തു നടന്നിരുന്നവനായിരുന്നു അന്നു ഞാനും. പശുക്കുട്ടികളെ എടുത്തുപൊക്കാന്‍ പറ്റാത്തതിനാല്‍ പിടിച്ചുനിര്‍ത്തി കെട്ടിപ്പിടിച്ച് സംതൃപ്തിയടഞ്ഞു ജീവിച്ചിരുന്ന കുട്ടി. നെഞ്ചോടു ചേര്‍ക്കുമ്പോഴും കെട്ടിപ്പിടിക്കുമ്പോഴും ആ മിണ്ടാപ്രാണികളുടെ നെഞ്ചിടിപ്പും എന്‍റെ നെഞ്ചിടിപ്പും ഒന്നിച്ചുചേര്‍ന്ന് ഒരു താളമായി മാറുന്നത് ഞാന്‍ അനുഭവിച്ചിരുന്നു. ആ എനിക്ക് ദൈവപുത്രന്‍ ആട്ടിന്‍കുട്ടിയെ നെഞ്ചോടു ചേര്‍ത്തു നടന്നുവരുന്നത് ഇഷ്ടപ്പെട്ടുപോയതില്‍ അത്ഭുതമില്ല. ആട്ടിന്‍കുട്ടി മുതല്‍ 'കോഴിക്കുട്ടി' വരെ ദൈവക്കുട്ടികളാണല്ലോ എന്ന് ആരും പഠിപ്പിക്കാതെ ഞാനന്ന് അറിഞ്ഞു.

പിന്നീടായിരുന്നു കുരിശിലെ യേശുവിനെ പരിചയമാകുന്നത്. ആ കൗമാരപ്രായത്തില്‍ കുരിശേറിയ യേശുവിന്‍റെ മഹത്വം എനിക്ക് ഉള്‍ക്കൊള്ളാനായില്ല. ദൈവപുത്രന്‍ എന്തിന് കുരിശുമരണം വരിക്കണം? അന്ന് അതിനുത്തരം ആരും പറഞ്ഞുതന്നില്ല.

പിന്നീടായിരുന്നു ഭ്രാന്തമായ ഒരു വായനയുടെ കാലം. അപ്പോള്‍ മഹാഭാരതവും രാമായണവും ബൈബിളും ഖുറാനും മുതല്‍ ഗീതാഞ്ജലി വരെ വായിച്ചു. കൃഷ്ണനേയും ക്രിസ്തുവിനേയും ബുദ്ധനേയും ആഴത്തിലറിയാനുള്ള ശ്രമമുണ്ടായി. അക്കാലത്ത് വി. ഫ്രാന്‍സിസിനെക്കുറിച്ചും കൂടുതലറിഞ്ഞു. കുരിശിന്‍റെ മഹത്വവും മനസ്സിലാക്കി. മനുഷ്യര്‍ക്കായി ദൈവപുത്രന്‍ കുരിശുവരിച്ച കഥയിലെ മഹത്വം മനസ്സിലാക്കി. സഹനത്തിന്‍റെ മഹാസാഗരമാണ് യേശു. കരുണയുടെയും കരുതലിന്‍റെയും കൂടി മഹാസാഗരം. ആ യേശുവിനെ അറിയാന്‍ യേശുവിന്‍റെ മുറിപ്പാടുകള്‍ പ്രാര്‍ത്ഥിച്ചു, യാചിച്ചു വാങ്ങി വേദനയുടെ ലഹരിയില്‍ ഈശ്വരസാക്ഷാത്കാരം സാധിച്ച ദിവ്യമായ ഭ്രാന്തിനു മുന്നില്‍ എന്‍റെ മുട്ടും മനസ്സും വിറച്ചു.

അക്കാലത്തായിരുന്നു പരിസ്ഥിതിശാസ്ത്രവും പ്രചാരത്തിലാകുന്നത്. കോളേജില്‍ രസതന്ത്രം പഠിപ്പിച്ചുകൊണ്ട് എന്‍റെ മനസ്സിന്‍റെ ആത്മീയ വിശപ്പകറ്റാന്‍ ഞാന്‍ ഇക്കോളജിയും പഠിച്ചു. മൈക്രോബു മുതല്‍ മനുഷ്യന്‍ വരെ നീണ്ടുപരന്നു കിടക്കുന്ന ജൈവവൈവിദ്ധ്യത്തിന്‍റെ അത്ഭുതസുന്ദരലോകം കണ്ട്  ആവേശം കൊണ്ടപ്പോള്‍ അറിയാതെ സൃഷ്ടിയുടെ മഹത്വത്തെപ്പറ്റി ഓര്‍ത്തുപോയി. സൃഷ്ടിച്ചവന്‍റെ ഭാവനാവിലാസത്തെ വാഴ്ത്തിപ്പോയി. നാനാതരം ജീവജാലങ്ങളും ഒരു വലയിലെ കണ്ണികളെന്നപോലെ പരസ്പരം ബന്ധപ്പെട്ടുകൊണ്ട് കൊടുത്തും സഹകരിച്ചും സന്തോഷിച്ചും ജീവിക്കാനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മധുരമനോഹര ലോകമാകുന്നു ഇക്കോളജി വെളിപ്പെടുത്തുന്നത്. ആ സത്യം അറിഞ്ഞപ്പോള്‍ ഓണത്തിന് ഉറുമ്പിനു കൊടുക്കുന്ന അമ്മയെ മനസ്സിലായി. പാറയേയും മണ്ണിനേയും സൂര്യനേയും ജലത്തേയുമെല്ലാം സ്വന്തം സഹോദരങ്ങളായി കാണുന്ന വി. ഫ്രാന്‍സിസിന്‍റെ ഉള്‍ക്കാഴ്ചയുടെ ആഴവും സൗന്ദര്യവും അപ്പോള്‍ ശരിക്കു മനസ്സിലായി.

ഇതൊക്കെ പഠിച്ചപ്പോഴാണ് ഞാന്‍ ഞാനറിയാതെ ഇക്കോളജിയിലൂടെ ഇക്കോസ്പിരിച്വാലിറ്റിയിലേക്ക് ഒഴുകിപ്പോയത്. ഇക്കോളജി പഠിപ്പിക്കുന്ന രണ്ടു സത്യങ്ങള്‍ ഉണ്ട്. ഒരു ജീവിക്കും ഒറ്റയ്ക്ക് നിലനില്പില്ല. നിലനില്ക്കാന്‍, വളരാന്‍ മറ്റ് അനേകം ജീവികളുടെയും ജീവനില്ലാത്ത ഘടകങ്ങളുടെയും സഹായം വേണം. എന്നു പറഞ്ഞാല്‍ 'ഞാന്‍' ഇല്ല. നമ്മളേയുള്ളൂ. നമ്മള്‍ എന്ന കുടുംബം. രണ്ടാമത്തെ സത്യമെന്ത്? സഹകരണത്തിലൂടെയാണ് ലോകം നിലനില്‍ക്കുന്നത്. ജീവന്‍ നിലനില്‍ക്കുന്നത്, നാനാതരം ജീവികള്‍ക്ക് ജീവിക്കാനാവുന്നത്. ജീവന്‍റെ സംഗീതം സംഘഗാനമാണ്. ജീവലോകം കൂട്ടായ്മയുടെ സുവിശേഷമാണ് വിളംബരം ചെയ്യുന്നത്. അറിയുക: മനുഷ്യക്കുട്ടി അമ്മയുടെ വയറ്റില്‍നിന്നു പുറത്തുവരുമ്പോള്‍ തന്നെ ഉള്ളിലേക്ക് സൂക്ഷ്മജീവികളായ മൈക്രോബുകള്‍ കയറി ഉള്ളില്‍ താമസിക്കുന്നു. അങ്ങനെ പ്രിയസുഹൃത്തേ! നിങ്ങളുടെ ആമാശയത്തില്‍ മാത്രം രണ്ടായിരം കോടിയിലേറെ മൈക്രോബുകള്‍ താമസിക്കുന്നു. വായിലുമുണ്ട് അഞ്ഞൂറുകോടി. കക്ഷത്തിലും തലയോട്ടിയില്‍ പോലുമുണ്ട് താമസക്കാര്‍. മനുഷ്യശരീരം മഹാത്ഭുതം. അത് കോടാനുകോടി മൈക്രോബുകള്‍ക്കു താമസിക്കാനുള്ള ഒരു വീടാണ്. അങ്ങനെ അതും കൂട്ടായ്മയുടെ സുവിശേഷം ഘോഷിക്കുകയാണ്! പ്രകൃതിയുടെ ഒരു പ്രതീകമായി നിലനില്ക്കുകയാണ്.

ഇങ്ങനെ അനേകമനേകം ഇക്കോളജീയ സത്യങ്ങള്‍ പഠിച്ചപ്പോള്‍ ഫ്രാന്‍സിസിന്‍റെ പ്രസക്തി കൂടുതല്‍ക്കൂടുതല്‍ തെളിഞ്ഞുവരുന്നതായി ഞാന്‍ മനസ്സിലാക്കി. മണ്ണിനേയും കല്ലിനേയും സൂര്യനേയും ജലത്തേയും മുയലിനേയും പറവകളേയുമൊക്കെ സ്വന്തം കുടുംബാംഗമായിത്തന്നെ കാണുമ്പോള്‍ സഹോദരാ എന്നോ സഹോദരീ എന്നോ തന്നെയല്ലേ സംബോധന ചെയ്യേണ്ടത്? അമിതമായ ഭോഗാസക്തി മൂലം ആധുനിക മനുഷ്യന്‍ പ്രകൃതിയെ മലിനമാക്കുമ്പോള്‍ ചെരിപ്പുപോലും വേണ്ടെന്നുവച്ച്, പ്രകൃതിയില്‍ നിന്നും ഏറ്റവും കുറച്ചുമാത്രം സ്വീകരിച്ച് ജീവിച്ചുകാണിക്കുന്ന ഫ്രാന്‍സിസ് ലോകത്തിന് അത്യുജ്ജലമായ ഒരു മാതൃക കാണിച്ചു തരുക തന്നെയല്ലേ? കാലം കഴിയുംതോറും ഫ്രാന്‍സിസിന്‍റെ പ്രസക്തി കൂടുതല്‍ക്കൂടുതല്‍ ആവുക തന്നെയല്ലേ?

ഇങ്ങനെ ഫ്രാന്‍സിസിനെ കൂടുതല്‍ മനസ്സിലാക്കിവരുന്ന കാലത്തായിരുന്നു അദ്ദേഹത്തെപ്പറ്റി ഒരു ഗ്രന്ഥമെഴുതണമെന്ന ഒരു ആശ എന്‍റെയുള്ളിലുണ്ടായത്. കസന്‍ദ് സക്കീസിന്‍റെ 'ദൈവത്തിന്‍റെ നിസ്വന്‍' വായിച്ചതോടെ ആ ആഗ്രഹം തീവ്രവുമായി. എന്നാല്‍ എഴുതാനിരുന്നപ്പോള്‍ ഞാന്‍ അമ്പരന്നുപോയി. പാരാവാരം പോലൊരു കഥ. അതിതീവ്രമായ വേദന സ്വയം സ്വീകരിച്ച് അതില്‍ത്തന്നെ പിടിച്ചുനിന്ന് ദൈവപുത്രനെ, ദൈവത്തെ അറിയുക. കൃഷ്ണാ നീ എനിക്കു ദുഃഖം തരൂ; അപ്പോഴെ ഞാന്‍ നിന്നെ ഓര്‍ക്കൂ എന്നു പ്രാര്‍ത്ഥിച്ച കുന്തിയുടെ സഹോദരന്‍ തന്നെ വി. ഫ്രാന്‍സിസ്. ലോകം കൂടുല്‍ക്കൂടുതല്‍ സുഖങ്ങള്‍ അന്വേഷിച്ച് പായുമ്പോള്‍, എത്ര സുഖങ്ങള്‍ ലഭിച്ചാലും തൃപ്തിപ്പെടാതെ കൂടുതല്‍ സുഖസൗകര്യങ്ങള്‍ക്കായി പ്രകൃതിയെ പീഡിപ്പിക്കുമ്പോള്‍, രാക്ഷസീയമായ ഭാവത്തോടെ പ്രകൃതിയെ പിളര്‍ന്നു ചോരയും മാംസവും തിന്നു മദിക്കുമ്പോള്‍, പ്രകൃതിയമ്മ തളര്‍ന്നുതകര്‍ന്നു വീഴാന്‍ പോകുമ്പോള്‍, വി. ഫ്രാന്‍സിസേ അങ്ങ് ഉടുവസ്ത്രവും ചെരിപ്പും പോലും വേണ്ടെന്നു വച്ചും ജീവിക്കാമെന്നു കാണിച്ചുതന്നു. സ്വാദുള്ള ഭക്ഷണത്തിനടിമയാകാതിരിക്കാന്‍ കൂട്ടത്തില്‍ ചാരവും വാരി വായിലിട്ട്, എങ്ങനെ പ്രലോഭനങ്ങള്‍ക്കടിമപ്പെടാതെ ജീവിക്കാമെന്നും കാണിച്ചു തന്നു. ആത്മാവിനെപ്പോലും കീറിപ്പറിക്കുന്നത്ര കടുത്ത വേദനകള്‍ കടിച്ചമര്‍ത്തി ജീവിക്കുന്നതെങ്ങനെയെന്നു കാണിച്ചു തന്നു. സുഖസമൃദ്ധമായ വീടും വിജയിച്ചു നിന്നിരുന്ന ബിസിനസും, മദ്യവും മദിരയും എന്തിന്; യൗവനത്തിലെ തീവ്രവും തീക്ഷ്ണവുമായ പ്രേമബന്ധവും എല്ലാം ത്യജിച്ച്, സ്വന്തം നാഥനെ സ്തുതിച്ച്, തെരുവില്‍ ആടിപ്പാടാന്‍ തയ്യാറായി ആ നിസ്വന്‍! വെട്ടിപ്പിടിക്കലല്ല, ത്യാഗമാണ് ആത്യന്തികമായ ആനന്ദം നല്‍കുകയെന്നും, ആത്മാവിന്‍റെ ദാഹത്തിനു വേണ്ടത് ത്യാഗത്തില്‍ തിളങ്ങുന്ന നിഷ്കാമ പ്രേമമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്തു - അല്ല കൊടുത്തുകൊണ്ടു നില്ക്കുന്നു- ദിവ്യമായ ഭ്രാന്തില്‍ നൃത്തം ചെയ്യുന്ന ആ പുണ്യവാളന്‍. പ്രകൃതി പിടഞ്ഞു പ്രാണവേദനയോടെ കേഴുന്ന ആധുനികകാലത്ത്, മണ്ണും വെള്ളവും വായുവും പോലും വിഷമയമായി മാറിക്കൊണ്ടിരിക്കുന്ന ഈ കലിയുഗത്തില്‍, കാലാവസ്ഥ തകിടം മറിഞ്ഞുകൊണ്ടിരിക്കുന്ന ഈ ലോകത്തില്‍, ത്യാഗത്തിന്‍റെ, സ്നേഹത്തിന്‍റെ, കരുണയുടെ, കരുതലിന്‍റെ ജീവവായുവായി ഫ്രാന്‍സിസിന്‍റെ ജീവിതസന്ദേശം ലോകമെങ്ങും വീശിയടിച്ചടിച്ച്, ഓരോ ഹൃദയത്തിന്‍റെയും ഓരോ അറയിലും കയറി, മരണാസന്നയായ ഭൂമിക്ക് ജീവവായുവായി മാറും; മാറണം.

ഒരു നാള്‍ പതിവുപോലെ വെളുപ്പിനുണര്‍ന്നു. മുഖം കഴുകിയിട്ട് എഴുത്തു മേശക്കരികില്‍ ഇരുന്നു. ജനാലയിലൂടെ കുളിര്‍കാറ്റു കടന്നുവന്ന് എന്നെ തഴുകി ആശ്വസിപ്പിച്ചു. അണ്ണാന്‍കുന്നിലെ കിളികള്‍ പ്രഭാതത്തെ വരവേല്‍ക്കാന്‍ പാടുന്നു. ആ നാനാതരം പാട്ടില്‍, സ്വര്‍ഗ്ഗീയരാഗത്തില്‍, ലയിച്ച് ഞാനിരുന്നപ്പോള്‍ പെട്ടെന്ന് ആ പാട്ടുകള്‍ പണ്ടെന്നോ കേട്ടതുപോലെ. ഫ്രാന്‍സിസിനെ കേള്‍പ്പിക്കാന്‍ പക്ഷികള്‍ പാടിയ പാട്ടുപോലെ. ആ സ്വര്‍ഗ്ഗീയ നിമിഷം എന്‍റെ ഉള്ളില്‍ ഒരു ചിത്രം മിഴിവോടെ തെളിഞ്ഞു വന്നു. ഞാന്‍ പേന തുറന്നു. ഞാന്‍ ഏതോ കാട്ടിലായിക്കഴിഞ്ഞിരുന്നു. അവിടെ പാതിരാവായിരുന്നു. ഒരു മരത്തിനു മുകളില്‍ ഒരു കൂട്ടില്‍, ഒരു അമ്മക്കിളി ഇരുന്നിരുന്നു. അവളുടെ ചിറകിനടിയിലൊരു കുഞ്ഞിക്കിളി. അവള്‍ ഉറങ്ങുന്നു. പെട്ടെന്ന് അവളുടെ സ്വപ്നത്തിലേക്ക് പുണ്യവാളന്‍ കടന്നുവരുന്നു. ഒരു കാറ്റില്‍ പറന്നെന്നവണ്ണം. ഒരു ഒച്ചയോ അനക്കമോ ഉണ്ടാക്കാതെ പുണ്യവാളന്‍. അദ്ദേഹം തന്‍റെ മൃദുലമായ കൈകള്‍കൊണ്ട് ആ കിളിയമ്മയെ തലോടുന്നു. അവളെ ഉണര്‍ത്തുന്നു. ഉണര്‍ത്തിക്കൊണ്ടു പറയുന്നു: പാടൂ. പാടൂ. നിനക്കോര്‍മ്മയില്ലേ ഞാന്‍ കിളികള്‍ക്ക് സുവിശേഷം നല്‍കിയ ദിനം. ആ ദിനമാണ് നാളെ പുലരുന്നത്. അതേ തീയതി. അതിനാല്‍ ഇപ്പോഴേ പാടൂ. പാതിരാവു കഴിഞ്ഞല്ലോ. ഇനി പാടാം. നേരം വെളുക്കുന്നതു വരെ പാടാം. ഞാന്‍ സുവിശേഷം നല്‍കിയതിന്‍റെ ഓര്‍മ്മ പുതുക്കി പാടാം...

പെട്ടെന്ന് കിളിയമ്മ കണ്ണു തുറക്കുന്നു. അവളുടെ ഉള്ളില്‍ ആവേശം. ആഹ്ലാദം. അവള്‍ പാടുന്നു. അതുകേട്ടു മറ്റു കിളികളും പാടുന്നു. പാതിരാവില്‍, കാട്ടില്‍, പാട്ടു നിറയുന്നു. നേരം വെളുത്തിട്ടും പാട്ടു തുടരുന്നു. പാട്ടു കേട്ട് അത്ഭുതപ്പെട്ട് മകള്‍ കാര്യം തിരക്കുന്നു. അപ്പോള്‍ അമ്മ ആ കഥ പറഞ്ഞു തുടങ്ങുന്നു: 'കിളിമകളുടെ പുണ്യവാളന്‍' അങ്ങനെ ഞാന്‍, ഞാനറിയാതെ എഴുതാന്‍ തുടങ്ങി.

വാക്കുകള്‍ വരുന്നു. വാചകങ്ങള്‍ രൂപപ്പെടുന്നു. വാക്കുകളുടെ നൃത്തം. വാക്കുകള്‍ പൂക്കുന്നു. വാചകങ്ങള്‍ ഒഴുകിവരുന്നു. ഞാന്‍ ഒന്നും ചിന്തിക്കുന്നില്ലായിരുന്നു. ഉള്ളില്‍ താനെ രൂപപ്പെട്ടു വന്ന കഥ, കിളി പറയുന്നപടി എഴുതിയപ്പോള്‍ എഴുത്ത് എത്ര എളുപ്പം! അതിനായി ഒരു ഭാഷ അപ്പോള്‍ താനെ ഉണ്ടാവുകയായിരുന്നു.

അമ്മക്കിളി മകളോടു പുണ്യവാളന്‍റെ കഥ പറയുന്ന രീതിയില്‍ എഴുതിയെഴുതിപ്പോയി. അങ്ങനെയങ്ങനെ കിളിമകളുടെ പുണ്യവാളന്‍ എഴുതിയെഴുതി തീര്‍ത്തു. ആ ദിവസങ്ങളില്‍ ഞാന്‍ മറ്റാരോ ആയിരുന്നു. എനിക്കു വിശപ്പില്ലായിരുന്നു. ദാഹമില്ലായിരുന്നു. രാത്രി ഏറെ നേരം കഴിഞ്ഞായിരുന്നു കട്ടിലിലേക്ക് മറിഞ്ഞിരുന്നത്. കിടന്നാലുടന്‍ വാടിയ ഒരു ചേനത്തണ്ടുപോലെ തളര്‍ന്നുകിടന്നുറങ്ങും. സുമ ടീച്ചര്‍ എന്‍റെ അവസ്ഥ കണ്ടു ഭയപ്പെട്ടു. ഞാന്‍ പക്ഷേ ഭയപ്പെട്ടില്ല. ഭയപ്പെടാന്‍ പോലും എനിക്കു കഴിഞ്ഞിരുന്നില്ല. ഞാന്‍ മറ്റേതോ ലോകത്തായിരുന്നു. ഞാന്‍ എഴുതുകയായിരുന്നില്ല. എന്നെ ആരോ പിടിച്ചെഴുതിക്കുകയായിരുന്നു.

പുസ്തകം പുറത്തിറങ്ങിക്കഴിഞ്ഞിട്ടും എന്‍റെ മനസ്സില്‍ നിന്നും പുണ്യവാളന്‍ വിട്ടുനിന്നില്ല. എനിക്ക് മറ്റൊന്നും എഴുതാനാകാതെ കുറെ നാള്‍ ഞാന്‍ ജീവിച്ചു. പിന്നെ സുമടീച്ചറുമൊത്ത് ദുബായ് വരെ പോയി. അവിടെ കാണാത്ത കാഴ്ചകള്‍ കണ്ടു. കേള്‍ക്കാത്ത പാട്ടുകള്‍ കേട്ടു. അങ്ങനെ പുണ്യവാളനെ മറന്നു. മനസ്സില്‍ നിന്നും മാറ്റി. പിന്നെ അവിടെ ഇരുന്ന് മറ്റൊരു പുസ്തകം എഴുതിത്തീര്‍ത്തു. എന്നിട്ട് സന്തോഷത്തോടെ പ്രഖ്യാപിച്ചു: പുണ്യവാളന്‍ എന്നെ വിട്ടുപോയി!

എന്നാല്‍ ഞാനൊരു വിഡ്ഢിയാണെന്ന് പിന്നീടായിരുന്നു ഞാനറിഞ്ഞത്. വീട്ടിലെ ഒരു മുറിയില്‍ ആവശ്യമില്ലാതെ ഒരു ബള്‍ബു കത്തുന്നതു കണ്ടപ്പോള്‍ ഞാന്‍ ഓടിച്ചെന്ന് അതു കെടുത്തും: അയ്യോ പുണ്യവാളന്‍ കണ്ടാല്‍ അദ്ദേഹത്തിനു സങ്കടം വരും. അങ്ങനെ ഞാന്‍ ഓര്‍ത്തുപോകും. എന്‍റെ ബനിയനുകളിലെല്ലാം ദ്വാരങ്ങള്‍. പഴയതായി എല്ലാം. പുതിയത് മൂന്നുനാലെണ്ണം വാങ്ങാം. അങ്ങനെ ചിന്തിക്കുമ്പോള്‍ ഉള്ളിലിരുന്ന് പുണ്യവാളന്‍ വിലക്കും. ഒരു മാസം കഴിഞ്ഞു വാങ്ങിയാല്‍ പോരേ? എല്ലാം കീറിയിട്ടില്ലല്ലോ. ഞാന്‍ അനുസരിക്കും. വീട്ടിലെത്തിയ ബന്ധു സിറ്റിങ്ങ് റൂമും വരാന്തയുമൊക്കെ നോക്കിയിട്ട് മൂക്കത്തു വിരല്‍വച്ചു പറയുന്നു: "ഇങ്ങനെ ദാരിദ്ര്യം കാണിക്കണോ. ഇപ്പോള്‍ ഇങ്ങനെ റെഡ്ഓക്സൈഡിട്ട തറ ഏതെങ്കിലും വീട്ടിലുണ്ടോ? ഇതൊക്കെ തല്ലിപ്പൊട്ടിച്ചു കളയണം. നല്ല ടൈല്‍സിടണം. ഞാന്‍ ആളെ കൊണ്ടുവരാം. ഒന്നു മൂളിയാല്‍ മതി." ഞാന്‍ മൂളാനാകാതെ ഇരുന്നു പുഞ്ചിരിക്കും. ഉള്ളിലിരുന്ന് പുണ്യവാളന്‍ ചോദിച്ചുകഴിഞ്ഞു, "ആ തറയ്ക്ക് എന്താ കുഴപ്പം? വെറുതെ അതു തല്ലിപ്പൊളിച്ചു കളയേണ്ട." പറമ്പില്‍ പണിക്കു വന്ന വൃദ്ധനായ പണിക്കാരന് അറുനൂറു രൂപ കൊടുക്കുന്നതു തന്നെ നഷ്ടം. പാവത്തിന് വേറെ വഴിയില്ലാത്തതല്ലേ എന്നു കരുതി അത്രയുമെടുക്കുമ്പോള്‍ ഉള്ളിലിരുന്ന് പുണ്യവാളന്‍ പറയുന്നു: "അദ്ദേഹത്തിന്‍റെ വീട് പട്ടിണിയിലാണ്. നൂറു രൂപ കൂടി കൊടുക്ക്." ഞാന്‍ നൂറു രൂപ കൂടി കൊടുക്കുമ്പോള്‍ ഞാനറിയാതെ എന്‍റെ ഷര്‍ട്ടും കൂടി കൈയ്യിലെടുത്തുപോകുന്നു. തേച്ചുമടക്കി വച്ച ഷര്‍ട്ടിനു മുകളില്‍ രൂപായും വച്ചു കൊടുക്കുമ്പോള്‍ അപ്പൂപ്പന്‍ അമ്പരക്കുന്നു. "സാര്‍ തരുന്നതല്ലേ. മേടിച്ചോളൂ." സുമടീച്ചര്‍ പറയുന്നു. ഞാന്‍ മറ്റാരും കേള്‍ക്കാതെ മന്ത്രിക്കുന്നു. 'ഞാനല്ല തരുന്നത്: പുണ്യവാളന്‍.' പിന്നെ ഉള്ളിലിരിക്കുന്ന പുണ്യവാളനെ സ്നേഹപൂര്‍വ്വം നോക്കുന്നു. ഞാന്‍ ഷര്‍ട്ടും കൂടി കൊടുത്തതു കണ്ടോ എന്ന ഭാവത്തോടെ ഞാന്‍ നോക്കുന്നതു കാണുമ്പോള്‍ പുണ്യവാളന്‍ ചിരിച്ചുകൊണ്ട് ചോദിക്കുന്നു: "ഒരു ഷര്‍ട്ടു കൂടി കൊടുക്കാന്‍ വയ്യായിരുന്നോ?" ഞാന്‍ തോറ്റു എന്ന് സമ്മതിച്ച് പുഞ്ചിരിക്കുന്നു.  

അങ്ങനെ അണ്ണാന്‍കുന്നില്‍ ഉള്ളിലൊരു പുണ്യവാളനെയും വഹിച്ചുകൊണ്ടു ജീവിക്കുമ്പോള്‍, അനന്തമായ സ്പേസില്‍ അലസം ഗമിക്കുന്ന ഭൂമി എന്ന കൊതുമ്പുവള്ളത്തെപ്പറ്റിയും ചിന്തിച്ചുപോകുന്നു. സൃഷ്ടിച്ചവന്‍ മഹത്വമുള്ളവന്‍. കോടിക്കണക്കിനു നക്ഷത്രങ്ങള്‍ നിറഞ്ഞ പ്രപഞ്ചം. കോടിക്കണക്കിനു ഗ്രഹങ്ങളുള്ള നക്ഷത്രം. ആ നക്ഷത്രങ്ങളിലൊന്നായ സൂര്യന്‍റെ പല ഗ്രഹങ്ങളിലൊന്നായ ഭൂമി. അവിടെ മാത്രമാണ് നമ്മുടെ അറിവില്‍ ജീവന്‍റെ തുടിപ്പ്. ജീവന്‍റെ ആനന്ദനൃത്തം. മഹാനാടകം. അമീബ മുതല്‍ മനുഷ്യന്‍ വരെ. സൃഷ്ടിച്ചവന്‍ അതില്‍ മനുഷ്യനു മാത്രം വിവേകം തന്നു. അവനെക്കൊണ്ട് മറ്റുള്ളവരുടെ പേരുകള്‍ വിളിപ്പിച്ചു. അവനെ മറ്റുള്ളവരുടെ രക്ഷാകര്‍ത്താവാക്കി. അവന് എല്ലാ സൗഭാഗ്യങ്ങളും നല്‍കി. ഈ ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടാക്കാനുള്ള അവസരം നല്‍കി.

എന്നാല്‍ ദൈവമേ! അവന്‍ എന്തു ചെയ്യുന്നു? അവന്‍ ഭൂമിയുടെ നാശത്തിനു വേണ്ടി യത്നിക്കുന്നോ? അവന്‍ ഭൂമി എന്ന കൊതുമ്പുവള്ളത്തിനു ദ്വാരങ്ങള്‍ ഉണ്ടാക്കി രസിക്കുന്നോ? വി. ഫ്രാന്‍സിസേ രക്ഷിക്കണേ. അങ്ങ് എല്ലാ മനുഷ്യരുടെയും മനസ്സിലേക്കു കയറൂ. സഹനത്തിന്‍റെ, ത്യാഗത്തിന്‍റെ, എളിമയുടെ, ലാളിത്യത്തിന്‍റെ, ഒരുമയുടെ, കരുണയുടെ, കരുതലിന്‍റെ ഗാനം പാടൂ. ദൈവപുത്രന്‍റെ വഴി, ദൈവവഴി, രക്ഷയുടെ വഴി, ലോകത്തിന് വെളിവാക്കിക്കൊടുക്കൂ. അതാകട്ടെ നമ്മുടെ പ്രാര്‍ത്ഥന. നമ്മുടെ യാചന. നമ്മുടെ സ്വപ്നം.

ദൈവമേ! ഉള്ളില്‍ ഒരു പുണ്യവാളനെയും വഹിച്ചുകൊണ്ടു നടക്കുന്ന ഞാന്‍ എന്തൊരു ഭാഗ്യവാന്‍. എനിക്ക് ഇവനില്‍നിന്നു മോചനം വേണ്ട. ഇവന്‍ എന്‍റെ പ്രിയ പുണ്യവാളന്‍. പ്രകൃതിയുടെ മധ്യസ്ഥന്‍. ഇവന്‍ എന്‍റേയും എല്ലാവരുടെയും ഉള്ളിലിരിക്കാന്‍ അങ്ങ് അനുഗ്രഹിക്കേണമേ. അങ്ങനെ ലോകത്തെ രക്ഷിക്കണമേ.

ആമേന്‍. 

You can share this post!

മകന്‍റെ ദൈവശാസ്ത്രം

ജോസ് സുരേഷ്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts