പഴമക്കാര്‍ പറയും 'ഈ ലോക ജീവിതം എന്നത് ഒരു വാടക ഭവനത്തിനു തുല്യം'. ഈലോക ജീവിതങ്ങള്‍ക്കുമപ്പുറം മറ്റൊരു ജീവിതം ഉണ്ട് എന്ന അവര്‍ക്കുള്ള ആ തിരിച്ചറിവാണ് അവരെയും നാം ഓരോരുത്തരെയും തമ്മില്‍ വ്യത്യസ്തരാക്കുന്നത്. ഭൗമികതയുടെ നിദ്രയില്‍നിന്ന് ഉണര്‍വ്വിന്‍റെ പ്രകാശത്തിലേയ്ക്കുള്ള ഒരു പ്രയാണമാണ് നാം ഓരോരുത്തരുടെയും ജീവിതം. അതുകൊണ്ടാവണം ക്രിസ്തുവിന് ജായ്റോസിന്‍റെ മകള്‍ മരണമടഞ്ഞു എന്നിരിക്കയെങ്കിലും അവള്‍ ഉറങ്ങുകയാണ് എന്ന് പറയുവാന്‍ സാധിച്ചത്. ഒരിക്കല്‍ ഒരു കല്ലറയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത് വായിക്കാന്‍ ഇടയായി, "ഞാന്‍ നേടിയതും ഞാന്‍ സമ്പാദിച്ചതും എനിക്ക് നഷ്ടമായിരിക്കുന്നു. എന്നാല്‍ നല്‍കിയത് മാത്രമാണ് അനശ്വരതയില്‍ എനിക്ക് സമ്പാദ്യമായി തീര്‍ന്നത്". "യേശുവിന്‍റെ നാമത്തില്‍ എല്ലാം ഉപേക്ഷിക്കുന്നവനാണ് നൂറിരട്ടിയായി തിരികെ കിട്ടുക". മരണം എന്നത് നിത്യതയിലേക്കുള്ള കവാടമാണ്. സങ്കീര്‍ത്തകന്‍ പറയുന്നതുപോലെ "പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഞാന്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു" എന്ന് പറയുവാന്‍ ഒരു ക്രിസ്ത്യാനി എന്ന നിലയിലും ഒരു ക്രിസ്തുശിഷ്യനെന്ന നിലയിലും നാം ഓരോരുത്തര്‍ക്കും കഴിയണം. മൃതിയടഞ്ഞ തന്‍റെ പൂര്‍വ്വികരെ ഓര്‍ക്കുവാനും അവര്‍ക്കായുള്ള ബലിയര്‍പ്പണതുക കൊടുക്കുമ്പോള്‍ നഷ്ടമാകുന്ന തുകകള്‍ക്കായി ജീവിതത്തില്‍ അവര്‍ നല്‍കുന്ന സഹായം വലുതായിരിക്കും എന്ന സത്യം നാം മനസിലാക്കേണ്ടിയിരിക്കുന്നു. കാരണം ഭൗമിക ഭവനത്തിലായിരുന്നുകൊണ്ട് ആത്മാക്കളെ നേടുമ്പോള്‍ സ്വര്‍ഗ്ഗം ആനന്ദത്താല്‍ നിറയുന്നു എന്ന് വിശുദ്ധര്‍ പറയുന്നത് എത്രയോ ശരിയാണ്. അതുകൊണ്ട് തന്നെയാകണം പൗലോസ് അപ്പസ്തോലനും മരണത്തെ ഒരു നേട്ടമായി കാണാന്‍ കഴിഞ്ഞത്. ഭൗമിക ജീവിതത്തില്‍ നിന്ന് നിത്യതയാര്‍ന്ന ജീവിതത്തിലേക്കുള്ള പാതയാണ് മരണം. മരണം എന്നത് മയക്കത്തില്‍നിന്ന് നിത്യതയാര്‍ന്ന പ്രഭാതത്തിലേക്കുള്ള പ്രത്യാശയെ ആണ് ചൂണ്ടിക്കാണിക്കുക.
ആ പ്രത്യാശയിലാവണം അസ്സീസിയിലെ ഫ്രാന്‍സിസിനു മരണത്തെ സോദരി എന്ന് സംബോധന ചെയ്യാന്‍ സാധിച്ചത്. ഓര്‍ക്കുക, ഭൗമികതയുടെ ജീവിതത്തില്‍നിന്ന് പ്രത്യാശയാര്‍ന്ന പ്രകാശത്തിലേക്ക് കാലമാം ജീവിതത്തിന്‍റെ വഴിയെ മരണം നിന്നെ വിളിക്കുമ്പോള്‍, ഇന്നു നാം ഭൂമിയില്‍ കൂട്ടിവയ്ക്കുന്നതൊക്കെയും പാഴായി മാറുന്നു.