കവിതയുടെ വഴികള്‍ വ്യത്യസ്തമാണ്. പലമയാണ് കവിതയെ സുന്ദരമാക്കുന്നത്. അനേകം കൈവഴികളുള്ള നദിയാണത്. ഓരോ കവിയും തന്‍റെ വഴി തുറന്നെടുക്കുന്നു. ആഴത്തിലുള്ള അന്വേഷണങ്ങള്‍ കവിതയെ സൂക്ഷ്മവും വിശാലവുമാക്കുന്നു. കെ. ബി. പ്രസന്നകുമാറിന്‍റെ 'എല്ലോറ' എന്ന കവിതാസമാഹാരം സൂക്ഷ്മാനുഭവങ്ങളുടെ ആവിഷ്കാരമാണ്. സാഞ്ചി എന്ന സമാഹാരത്തിന്‍റെ തുടര്‍ച്ചയും വളര്‍ച്ചയും അടയാളപ്പെടുത്തുന്നു 'എല്ലോറ.' ഒരു യാത്രികന്‍റെ ആത്മാന്വേഷണങ്ങള്‍ എന്ന് ഈ കവിതകളെ വിളിക്കാം. സ്ഥൂലമല്ല, സൂക്ഷ്മമാണ് അദ്ദേഹത്തിന്‍റെ കവിതാവഴികള്‍. യാത്രയെ സംസ്കാരമാക്കിയവന്‍റെ തേടലുകളാണിവ. 'ചില കാലമുദ്രകള്‍, ചുവടുകള്‍, നോട്ടങ്ങള്‍' എന്ന് കവി തന്നെ അടയാളപ്പെടുത്തുന്നു.
മുദ്രകള്‍, ചുവടുകള്‍, നോട്ടങ്ങള്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് കവിതകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഭാവപരവും ദര്‍ശനപരവുമായ ചില വ്യത്യാസങ്ങളാണ് ഈ അണിനിരത്തലിനു ഹേതു. എങ്കിലും എല്ലാ കവിതകളെയും കൂട്ടിയിണക്കുന്ന അഗാധശ്രുതി സര്‍വവ്യാപിയാണ്.
ഗ്രീഷ്മത്തില്‍ എല്ലോറയില്‍ നില്‍ക്കുമ്പോള്‍ കാലത്തിലൂടെ പിന്നോട്ടു സഞ്ചരിക്കുംപോലെ.
മഹാവിസ്മയ ദൈവതലത്തിലാണ് താന്‍ എന്ന് തന്‍റെ അനുഭൂതിയെ കവി പകര്‍ത്തുന്നു.
'ഘനീഭൂതസമയമെന്നതുപോല്‍ ഇരുള്‍വെളിച്ചങ്ങള്‍' ചുറ്റും വന്നു നിറയുന്നു. ശില്പമെന്നത് ഉറച്ചുപോയ സമയമാണ്. ഏതോ കാലത്തില്‍നിന്നുള്ള ഉളിനാദവും നൂറ്റാണ്ടുകളുടെ മുഴക്കവും കവി കേള്‍ക്കുന്നു. ജന്മാന്തരകാമനകളാണ് കലാസാന്ദ്രമായി ശില്പാകാരമായി നിലകൊള്ളുന്നത്. കവി ഭൂതവും വര്‍ത്തമാനവും ഐതിഹ്യവിശ്വാസങ്ങളും കൂട്ടിയിണക്കുന്നു. എല്ലോറയില്‍ ചരിത്രത്തിന്‍റെ കടല്‍ വന്നലയ്ക്കുന്നത് നാം കേള്‍ക്കുന്നു. ബുദ്ധശില്പത്തിന്‍റെ ധ്യാനസ്വരം ശ്രവിക്കുന്നു. ഹൃദയശുദ്ധമായ വാക്ക് തെളിഞ്ഞുവരുന്നു. കല്ലില്‍ നന്ദിയുടെ വിരലുകള്‍ തുടിക്കുന്നത് അറിയുന്നു. മഹാകാലസംഗീതത്തിനു മുന്‍പില്‍ കവി വിനമ്രനാകുന്നു.
ജലവും പുഴകളും മാറിപ്പോകുന്ന കാലമാണിത്. 'തിരുനാവായ' എന്ന കവിത പുഴയുടെ മാറ്റത്തിന്‍റെ കഥകൂടിയാണ് പറയുന്നത്.
'ഞാനിന്ന് കണ്ണീര്‍പ്പുഴ
ബലിപിണ്ഡവാഹിനി
മനുഷ്യകഥാസരിതസാഗരം' എന്ന് നദി പറയുന്നു. പുഴകളെല്ലാം കണ്ണീര്‍പ്പുഴകളായി മാറിയിരിക്കുന്നു. ഈ മാറ്റത്തിന് ഹേതു മനുഷ്യനാണ് എന്ന സത്യം നാം കാണാതിരിക്കരുത്.
'ഒഴുകുന്നു ഞാന്‍
മൃതിയില്‍നിന്ന് ബ്രഹ്മാവിലേക്ക്
സ്മൃതിയില്‍ നിന്ന്
ജീവന്‍റെ തളിര്‍വനങ്ങളിലേക്ക്' എന്നതാണ് നദിയുടെ സ്വപ്നം. ഹരിതപത്രങ്ങളിലാണ് ജീവിതം തുടിക്കുന്നത്.
നചികേതസ്സ് മരണത്തിന്‍റെ പൊരുള്‍ അന്വേഷിച്ചവനാണ്. 'നചികേതതാല്‍' കവിയില്‍ ഉണര്‍ത്തുന്ന ചിന്തകള്‍ ഏറെയാണ്. അശാന്തമായ ശാന്തതയോടെ അതു തന്‍റെ നേര്‍ക്കിറങ്ങിവന്നുവെന്ന് കവി.
'അയാളുടെ നോട്ടം
അശരണമായ ചോദ്യമായ്
മലങ്കാറ്റായ് പേമാരിയായ്
ഉള്ളിലേക്കലച്ചെത്തി.'
ഇവിടെ ജീവിതത്തിന്‍റെ പൊരുള്‍ തെളിയുന്നു. അശരണമായ ചോദ്യങ്ങളിലൂടെ ജീവിതത്തിന്‍റെ അര്‍ത്ഥം പൂരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവനെ കാണുന്നു.
'ഫേണ്‍ഹില്‍' എന്ന പേരുതന്നെ നിത്യചൈതന്യയതിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതാണ്.
'ഇലകളില്‍ ഓര്‍മ്മയുടെ തുഷാരം' എന്ന് കവി. കാലം തീവണ്ടിയായി ഇരമ്പിയെത്തുന്നു. ഒരു മഹാസാന്നിധ്യത്തിന്‍റെ മൗനമുദ്രിതമായ അടയാളങ്ങള്‍ കവി വായിച്ചെടുക്കുന്നു. ശബ്ദകലപിലകളില്ല, മൗനമുദ്രിതമായ ഓര്‍മ്മകള്‍ മാത്രം.
സഞ്ചാരത്തിന്‍റെ സംസ്കാരമുദ്രകള്‍ കവിതകളെ അഗാധമാക്കുന്നു.
'ബാദാമിയില്‍ നിന്നുള്ള
പടവുകളിറങ്ങവേ,
കാലമേതെന്നറിയുന്നുമില്ല, ഞാന്‍' കാലത്തിന്‍റെ സഞ്ചാരംപോലും അറിയാതെ മഹാചൈതന്യത്തോടു ചേര്‍ന്നുനില്ക്കുന്ന ഭാവമാണിത്.
'പര്‍വതവഴിയിലൊരേകാന്തദീപത്തിന്‍
ധ്യാനസഞ്ചാരം' എന്ന് അത് തുടരുന്നു. ധ്യാനാത്മകമായി സഞ്ചരിക്കുന്ന യാത്രികനാണ് ഈ കവി. കരുണയുടെ നീള്‍വഴികളാണ് ഈ കണ്ണുകള്‍ കാണുന്നത്. അത് പ്രകൃതിയുടെ, സംസ്കൃതിയുടെ സാന്ത്വനമാണ്. 'ചന്ദ്രനാല്‍' എന്ന കവിതയിലും നിശ്ചലമായ ധര്‍മ്മസരോവരത്തെക്കുറിച്ച് പറയുന്നുണ്ട്. ഭൂമിയും പര്‍വതജീവജാലങ്ങളും കാറ്റും മേഘജാലങ്ങളും എല്ലാം ഒന്നുചേരുന്ന സന്ധ്യയാണ് കവിയില്‍ അനുഭൂതി പടര്‍ത്തുന്നത്. പാരസ്പര്യത്തിന്‍റെ ദീപ്തിയാണിത്. ഈ പാരസ്പര്യം നഷ്ടമാകുമ്പോള്‍ എല്ലാം വിരൂപമാകുന്നുവെന്നതും സത്യം.
'എത്രയോ സങ്കീര്‍ണമീ മനുഷ്യാടനം' എന്ന് കവി തിരിച്ചറിയുന്നുമുണ്ട്. ഈ ലോകത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത് മനുഷ്യരാണ്. അതറിയുന്നതാണ് കവിയുടെ ദര്‍ശനം.
'ഇല ഇലയോടു പറയുന്നത്' എന്ന കവിത ജോണ്‍സി ജേക്കബിനെ ഓര്‍മ്മിക്കുന്നു. ഹരിതദര്‍ശനത്തെ ജീവിതമാക്കിയവനുള്ള വാഴ്ത്ത്. ഈ സ്മൃതികള്‍ നമുക്കിന്ന് പ്രധാനം. കൊടുങ്കാറ്റിനെ ഉള്ളില്‍ ചുമന്ന് പരമശാന്തനായി കടന്നുവന്നു അദ്ദേഹം.
'കാടകങ്ങള്‍ക്കുമേല്‍ ചിറകുകള്‍ നീര്‍ത്തി
ഭൂമിയിലേക്ക് കണ്ണുകള്‍ വിതാനിച്ച്
ഒരു പക്ഷി ഇതാ പറന്നുപോകുന്നു' എന്ന് കവി കുറിക്കുന്നു. അത് ജോണ്‍സിയല്ലാതെ മറ്റാരുമല്ല. കുളിര്‍ന്ന അശാന്തിയില്‍ ശാന്തി കൈവരിക്കുന്ന മനുഷ്യന്‍ സഞ്ചാരിയുടെ അനുഭവമായി മാറുന്നു.
'സമയസരോവരം' തോറോയെ ഓര്‍ക്കുന്ന കവിതയാണ്.
'അവര്‍ അവരുടെ അധികാരം ഉപയോഗിച്ചു
ഞാന്‍ എന്‍റെ സ്വാതന്ത്ര്യവും' എന്നെഴുതുമ്പോള്‍ തോറോയുടെ ദര്‍ശനം തെളിയുന്നു. രാഷ്ട്രീയവും പ്രകൃതിസ്നേഹവും കലര്‍ന്ന ജീവിതമായിരുന്നു തോറോയുടേത്. അതാണ് കവി ഇവടെ അടയാളപ്പെടുത്തുന്നത്. 'വാള്‍ഡന്‍' അനുഭവം സൂക്ഷ്മശ്രുതിയാകുന്ന കവിതയാണിത്. വരള്‍ക്കാലത്തിനൊരു ഹരിതസ്മൃതിയും.
'പുസ്തകം; ദിശാസൂചി' ഡി വിനയചന്ദ്രനെ സ്പര്‍ശിക്കുന്ന കവിതയാണ്. ഈ കവി വാക്കിന്‍റെ അകംകാട് ഉലച്ചവനാണ്. യാത്രപ്പാട്ടിലൂടെ ഉണ്ണിയെ നയിച്ചവനാണ്. കവി വാക്കിന്‍ ചിറകിലാണ് പറക്കുന്നത്. വാക്കിലൂടെ വാക്കിന്‍റെ ആദിമമായ ഉറവയിലേക്ക് നീന്തുകയാണ് ദിശാസൂചിയുടെ കവി എന്ന് പ്രസന്നകുമാര്‍ അറിയുന്നു. കടന്നുപോയ കവിയെ അര്‍ത്ഥപൂര്‍ണമായി ഓര്‍ക്കുകയാണിവിടെ.
'അഭയമേ മണ്ണ്' എന്നറിയാന്‍ കഴിയുന്നു എന്നതാണ് ഈ കവിയുടെ മഹത്വം. മണ്ണില്‍ നിന്ന് സ്വാഭാവികതയില്‍നിന്ന് അകന്നുപോകുന്നതാണ് എല്ലാം സങ്കീര്‍ണമാകാന്‍ കാരണം. തെരുവാണ് അഭയം. അഭയമേ മണ്ണ് എന്നതാണ് യാഥാര്‍ത്ഥ്യം. ആത്മസാനുക്കളില്‍ ഒരു പൂവ് വിടരുന്നു. ആ പൂവിലൂടെ അങ്ങനെ പോകാന്‍ കവി ആഗ്രഹിക്കുന്നു. നാഗരികതയുടെ സങ്കീര്‍ണതയില്‍നിന്ന് പ്രകൃതിയുടെ ലാളിത്യത്തിലേക്കുള്ള മടക്കയാത്രയാണ് അശാന്തിയില്‍നിന്ന് പ്രശാന്തിയിലേക്കുള്ള സഞ്ചാരമായി മാറുന്നത്.
'കാവാലം, കടമ്പ' മഴ, കാറ്റ്, കടമ്മന്‍ എന്നീ കവിതകള്‍ കാവാലം നാരായണപ്പണിക്കരെയും കടമ്മനിട്ടയെയും ഓര്‍ക്കുന്നു. അവനവന്‍ കടമ്പയെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തി കാവാലം. കടമ്മനിട്ട കവി ചൊല്ലുമ്പോള്‍, 'ഇരുള്‍മൂകസമയങ്ങളിലേക്ക്
വാക്കിന്‍റെ കാറ്റും
വെളിച്ചവും ജീവിതാര്‍ത്ഥങ്ങളും' വന്നുനിറയുന്നത് നാം കാണുന്നു. രണ്ടു പ്രതിഭകളെ സൂക്ഷ്മമായി കണ്ടെത്തുകയാണ് പ്രസന്നകുമാര്‍, ഈ കവിതകളില്‍.
'ജലാഭം' വ്യക്ത്യനുഭവങ്ങളും അനുഭൂതികളും കൂടിക്കലരുന്ന കവിതയാണ്.
'ഏതോ മഹാസ്പന്ദനകാലത്തിലേകമാം
താളത്തിലേകാര്‍ദ്രരാഗമായ്
ഏകാന്തധ്യാനവിഷാദമായ്, പെയ്യുന്ന ജീവിതം' എന്ന് ഭാവഗീതാത്മകമാകുന്ന കവിത. ഇരുളിന്‍റെ മുഖത്ത് നറുംതിരിവെളിച്ചം കൊളുത്തുകയാണ് കവി.
'ബാല്‍ക്കണി'യില്‍ നില്‍ക്കുമ്പോള്‍ കവിമനസ്സില്‍ ചിന്തകള്‍ നിറയുന്നു. എന്താണ് ഒരു വീടിന്‍റെ അര്‍ത്ഥം?
സസ്യരഹിതം ഭൂമിപോല്‍
വീട്ടില്‍ തള്ളിനില്‍ക്കും
മുറിവുപോല്‍ ബാല്‍ക്കണി
ആരുമേയില്ലാതെ, അകമേ
തിങ്ങുന്ന ജീവിതം.' എന്നെഴുതുമ്പോള്‍ വലിയ വീടുകള്‍ക്കുള്ളില്‍ പൊലിയുന്ന ജീവിതത്തെയാണ് കവി ഓര്‍ക്കുന്നത്.
'ഒരാള്‍ ഇല്ലാതെ ആകുമ്പോള്‍' എന്താണ് സംഭവിക്കുന്നത്? അറിയില്ല. കുറെ ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. കടന്നുപോയവര്‍ എവിടെയ്ക്കാണ് പോയത്? സമയക്കാറ്റിലുലഞ്ഞ് അവന്‍ എവിടെയെത്തിയെന്നറിയില്ല. മൗനനിലങ്ങളിലേക്ക് പതിച്ചുവെന്നേ അറിയുള്ളൂ. ഈ സന്ദേഹമാണ് മനുഷ്യനെ അന്വേഷിയാക്കുന്നത്.
എല്ലോറായിലെ കവിതകള്‍ സൂക്ഷ്മാനുഭവങ്ങളുടെ ആവിഷ്കാരമാണ്. യാത്രയും ജീവിതവും പ്രകൃതിയും വ്യക്തികളുമെല്ലാം അണിനിരക്കുന്നു. സൂക്ഷ്മവാക്കായ കവിയുടെ ആത്മസഞ്ചാരങ്ങള്‍ കൂടിയാണ് ഈ കവിതകള്‍.
(എല്ലോറ - കെ ബി പ്രസന്നകുമാര്‍ - മഷിക്കൂട് ഇംപ്രിന്‍റ്, കോട്ടയം)