news-details
കവർ സ്റ്റോറി

ഉറങ്ങാതിരിക്കാൻ ചില സമർപ്പിത ചിന്തകൾ

ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച സമര്‍പ്പിതവര്‍ഷത്തിന് ഉടനെ തിരശ്ശീല വീഴുകയാണ്. അത്തരമൊരു വര്‍ഷം ആചരിച്ചതു നിമിത്തം ഇവിടുത്തെ കടകളില്‍നിന്നു ഫയലുകളും പേനകളും കുറെയേറെ വിറ്റുതീര്‍ന്നിട്ടുണ്ട്, ഏറെ ചായക്കോപ്പകള്‍ കാലിയായിട്ടുണ്ട്, പൊടിപിടിച്ചു കിടന്ന കുറെ ഡോക്യുമെന്‍റുകള്‍ക്ക് ഇത്തിരി വെട്ടം കാണാന്‍ പറ്റിയിട്ടുണ്ട്. സമ്മേളനങ്ങള്‍ക്കും സെമിനാറുകള്‍ക്കും ആദരിക്കലുകള്‍ക്കും ഒടുക്കം സമര്‍പ്പിതര്‍ താന്താങ്ങളുടെ ഇടങ്ങളിലേക്ക് പിന്മടങ്ങി തുടങ്ങിയിരിക്കുന്നു. ഒരു വര്‍ഷത്തിലേറെക്കാലമായി നടക്കുന്ന വിചിന്തനങ്ങളും ചര്‍ച്ചകളും സമര്‍പ്പിതരെ ക്ഷീണിതരാക്കാന്‍ ഇടയുള്ളതുകൊണ്ട്, ഈ പിന്മടക്കം ഒരു മയക്കത്തിലേക്ക് അവരെ കൊണ്ടുചെന്നെത്തിച്ചേക്കാം. അത്തരമൊരു മയക്കത്തെ അലോസരപ്പെടുത്തുക എന്നതാണ് ഈ ലേഖനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം.

ചെറിയ ക്രിസ്തുവും വലിയ സന്ന്യാസികളും

'രക്ഷകന്‍റെ' അടയാളമായി ലൂക്കാ സുവിശേഷകന്‍ പറയുന്നത് പിള്ളക്കച്ചയും കാലിത്തൊഴുത്തുമാണ്. അരക്ഷിതവും അശക്തവുമായ അടയാളങ്ങള്‍. ക്രിസ്തുവിനെക്കുറിച്ച് സ്നാപകന്‍ പറയുന്നത് അവന്‍ ആടുകണക്കെയാണ് എന്നാണ്. "യൂദയായുടെ സിംഹം" എന്നൊരു സങ്കല്പനം നിലനിന്ന കാലത്ത് ക്രിസ്തുവിനെ അടയാളപ്പെടുത്താന്‍ അതൊരിക്കല്‍പോലും ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നു നാമോര്‍ക്കണം. യേശു നസ്രായനായിരുന്നു എന്ന് മര്‍ക്കോസ് പലവുരു പറയുന്നുണ്ട്. യഹൂദഗ്രന്ഥങ്ങളായ ഹെബ്രായ ബൈബിള്‍, മിഷ്ന, താല്‍മുദ്  തുടങ്ങിയ ഏതെങ്കിലും ഗ്രന്ഥത്തിലോ, അക്കാലത്തെ റോമാസാമ്രാജ്യത്തിന്‍റെ ചരിത്രമെഴുതിയ ഫ്ളാവിയുസ് ജൊസേഫുസിന്‍റെ ഏതെങ്കിലും പുസ്തകത്തിലോ ഒരൊറ്റ പരാമര്‍ശംപോലും ലഭിക്കാതെപോയ ഇടമാണ് നസ്രത്ത്. യേശുവിന്‍റെ വേരുകള്‍ എത്തിനില്ക്കുന്നത് എവിടെയാണെന്ന് വായനക്കാരന്‍ മറക്കരുതെന്ന് മര്‍ക്കോസിനു നിര്‍ബന്ധമുണ്ടെന്നു തോന്നുന്നു. അസാധാരണത്വത്തെയോ, വലിപ്പത്തെയോ ദ്യോതിപ്പിക്കുന്ന വിദൂരമായ സൂചനകളില്‍നിന്നുപോലും ക്രിസ്തു ബോധപൂര്‍വ്വം അകലം പാലിച്ചുവെന്നു വേണം അനുമാനിക്കാന്‍. ഉത്ഥിതനായതിനുശേഷവും അവന്‍ കാണപ്പെടുന്നത് ഒരു തോട്ടക്കാരന്‍ കണക്കെയോ, ഒരു വഴിപോക്കന്‍ കണക്കെയോ, ഒരു പാചകക്കാരന്‍ കണക്കെയോ ഒക്കെയാണ്. ഈ മണ്ണില്‍ കുട്ടികളുടെയും കുഷ്ഠരോഗികളുടെയും പെണ്ണുങ്ങളുടെയും കൂട്ടത്തില്‍ നടന്നവന്‍, ഉത്ഥാനത്തിനുശേഷവും കാണപ്പെടുന്നത് മാലാഖമാരുടെ അകമ്പടിയോടെയല്ല.

അത്തരമൊരു ക്രിസ്തു തന്‍റെ ശിഷ്യസമൂഹത്തെക്കുറിച്ചു കണ്ട സ്വപ്നങ്ങളും ചെറുതുമായി ബന്ധപ്പെട്ടതാണ്. വരാന്‍ പോകുന്ന ദൈവരാജ്യത്തെ മലമുകളിലെ വന്‍വൃക്ഷമായ ദേവദാരുവിനോട് ഉപമിച്ച എസെക്കിയേലിന്‍റെ പാരമ്പര്യത്തില്‍നിന്നു വരുന്ന യേശു പക്ഷേ, ദൈവരാജ്യത്തെ ഉപമിക്കുന്നത് കടുകുമണിയോടാണ്. ലവണമാകാനും വിളക്കാകാനും പുളിമാവാകാനും കഴിയണമത്രേ അവനെ അനുധാവം ചെയ്യുന്ന 'ചെറിയ' അജഗണത്തിന്. അവന്‍ അവര്‍ക്കായി ഒരൊറ്റ മാതൃകയാണ് മരണത്തലേന്ന് നല്കിയത്: കാലുകഴുകലിന്‍റെ മാതൃക.

"സുവിശേഷത്തിന്‍റെ സന്തോഷം" എന്ന സമര്‍പ്പിതര്‍ക്കുള്ള പ്രബോധനത്തില്‍ മാര്‍പ്പാപ്പ പറയുന്നത് "സഭ വളരേണ്ടത് ആകര്‍ഷണത്തിലൂടെയാണ്" എന്നാണല്ലോ. നമുക്ക് ഒരു വ്യക്തിയോടോ, പ്രസ്ഥാനത്തോടോ ആകര്‍ഷണം തോന്നുന്നത് അയാളുടെയോ, അതിന്‍റെയോ വലിപ്പം കണ്ടിട്ടല്ലല്ലോ. ആര്‍.എസ്.എസുകാര്‍ കുറുവടിയുമായി നടത്തുന്ന പട്ടാളചലനങ്ങളോ, മറ്റേതെങ്കിലും വിഭാഗം നടത്തുന്ന ശക്തിപ്രകടനങ്ങളോ നമ്മെ അവരിലേക്ക് നാളിതുവരെ ആകര്‍ഷിച്ചിട്ടില്ലല്ലോ. ഇന്നാട്ടിലെ ഒരു മെത്രാനെ അധിക്ഷേപിച്ചതിന്‍റെ പേരില്‍ നടന്ന വലിയ പ്രതിഷേധറാലികൊണ്ട് ക്രൈസ്തവസഭയോട് ആകര്‍ഷണം കൂടുകയാണോ കുറയുകയാണോ ചെയ്തത്? അതേസമയം, നീട്ടിപിടിച്ച കൈയിലേക്ക് മുറുക്കാന്‍ തുപ്പിയൊഴിച്ച കടക്കാരനോട് "ഇതെനിക്കുള്ളതാണ്, ഇനി എന്‍റെ കുട്ടികള്‍ക്കെന്തെങ്കിലും തരിക" എന്നു പറഞ്ഞ് മറ്റേ കൈ നീട്ടിപ്പിടിച്ച മദര്‍തെരേസ എക്കാലത്തേക്കുമായി അയാളെ കീഴ്പ്പെടുത്തി എന്നും നാമറിയുന്നു. ഇതിന്‍റെയൊക്കെ പശ്ചാത്തലത്തില്‍വേണം പിള്ളക്കച്ചയുടെയും കാലുകഴുകലിന്‍റെയും ലോജിക് വിലയിരുത്താന്‍.

നമുക്കു സമര്‍പ്പിത ജീവിതങ്ങളിലേക്കും സന്ന്യാസസഭകളിലേക്കും വരാം. "അവനില്‍ വസിക്കുന്നവന്‍ അവന്‍ നടന്ന വഴിയേ നടക്കണം" എന്നു 1 യോഹന്നാന്‍ 2:6. അപ്പോള്‍ ക്രിസ്തുവിനെ പ്രഘോഷിച്ചാല്‍ മാത്രം പോരാ, ക്രിസ്തുവിനെപ്പോലെ അവനെ പ്രഘോഷിക്കേണ്ടതുണ്ട്. മാര്‍ഗം, ലക്ഷ്യം പോലെതന്നെ ശുദ്ധമാകണം. അതിനര്‍ത്ഥം കാലിത്തൊഴുത്തില്‍ പിറന്നവനെ ലുലുമാളിന്‍റെ വലിപ്പമുള്ള പള്ളികള്‍ക്ക് പ്രഘോഷിക്കാനാകില്ല എന്നുകൂടിയാണ്. അങ്ങനെയെങ്കില്‍ കാലുകഴുകിയവനെ ഇവിടുത്തെ തലയെടുപ്പുള്ള സന്ന്യാസസഭാപ്രസ്ഥാനങ്ങള്‍ക്കു പ്രഘോഷിക്കാനാകുമോ? വിയര്‍പ്പിന്‍റെ ഗന്ധവും മണ്ണിന്‍റെ നിറവും അഞ്ചു മുറിവുകളുമുള്ള ക്രിസ്തു സൃഷ്ടിച്ച ഒരാകര്‍ഷണവലയം സൃഷ്ടിക്കാന്‍ ചുളിവുവീഴാത്ത ഉടയാടകളും ബോഡിസ്പ്രേയുടെ ഗന്ധവും കനത്ത പോക്കറ്റുകളുമുള്ള സന്ന്യാസികള്‍ക്കാകുമോ?

ദരിദ്രദൈവവും സമ്പന്ന സമര്‍പ്പിതരും

'ക്രിസ്തുവിന്‍റെ മണവാട്ടിമാര്‍' എന്നാണ് കന്യാസ്ത്രീകള്‍ സ്വയം വിശേഷിപ്പിക്കുന്നത്. സഭ മുഴുവനും ക്രിസ്തുവിന്‍റെ മണവാട്ടിയാണെന്നാണ് സഭാപ്രബോധനം. അതിനര്‍ത്ഥം സ്ത്രീ-പുരുഷഭേദമെന്യേ ഇവിടെല്ലാവരും ക്രിസ്തുവിന്‍റെ മണവാട്ടിമാരാണ് എന്നാണല്ലോ. ഇവിടെയൊരു കല്യാണം നടക്കുന്നതായി സങ്കല്പിക്കുക: വള്ളിച്ചെരുപ്പും ധരിച്ച്, പാറിപ്പറക്കുന്ന തലമുടിയുമായി, മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും ഉടുത്തു നില്ക്കുന്ന വരന്‍. സര്‍വാഭരണ വിഭൂഷിതയായി നില്ക്കുന്ന വധു. ഇതൊരുവിധത്തിലും പൊരുത്തമുള്ള ഒരു ബന്ധമല്ലല്ലോ.

ഈയൊരു ഇമേജറിയുടെ പശ്ചാത്തലത്തില്‍ വേണം സമര്‍പ്പിതരുടെ ദാരിദ്ര്യവ്രതത്തെപ്പറ്റി ചിന്തിക്കാന്‍. സുവിശേഷം മുമ്പോട്ടുവയ്ക്കുന്ന ദാരിദ്ര്യമെന്താണെന്ന് ഇന്നും ഇവിടൊരു വ്യക്തതയുമില്ല. അതിനൊരു പ്രധാനകാരണം 'ആത്മീയ ദാരിദ്ര്യ'മെന്ന ഒരു പൊള്ളയായ പുണ്യം മെനഞ്ഞെടുക്കപ്പെട്ടതാണ്. അത്തരമൊരു പുണ്യത്തെപ്പറ്റി ബൈബിള്‍ ഒരൊറ്റ പരാമര്‍ശംപോലും നടത്തുന്നില്ല എന്ന് ഏതു ബൈബിള്‍ പണ്ഡിതനും പറഞ്ഞുതരും. അതു വിശദീകരിക്കാന്‍ സ്ഥലപരിമിതിമൂലം ഇവിടെ തുനിയുന്നില്ല. നമുക്ക് ഇക്കാര്യത്തെ വളരെ മൂര്‍ത്തമായ രീതിയില്‍ സമീപിക്കാം. ഈ മണ്ണിലൂടെ നടന്ന യേശു എങ്ങനെയാണ് അന്നാളിലെ ആളുകള്‍ക്ക് കാണപ്പെട്ടത്? അവന്‍റെ ദാരിദ്ര്യം അവര്‍ക്ക് തൊട്ടും കണ്ടും മനസ്സിലാക്കാനാവുന്നതായിരുന്നു. ഇവിടുത്തെ സമര്‍പ്പിതര്‍ക്കിടയിലെ എത്രപേര്‍ അവന്‍ കാണപ്പെട്ടതുപോലെ കാണപ്പെടുന്നു? സുവിശേഷങ്ങളില്‍ ദൈവത്തിനു ബദലായി പ്രതിഷ്ഠിക്കപ്പെടുന്നത് പണമാണ്. ധനികനായ യുവാവിന് യേശുവിനെ പിഞ്ചെല്ലാനാകാതെ പോയതിനു കാരണമായി പറയപ്പെടുന്ന ഒരേയൊരു കാര്യം അവന്‍റെ കൈയിലെ പണമാണ്. ഒരു കക്ഷത്തില്‍ ദൈവവും മറ്റേകക്ഷത്തില്‍ പണവും (പിന്നെ, ആത്മീയദാരിദ്ര്യമെന്ന പുണ്യവും!) എന്ന പരിപാടി ഒരു വിധത്തിലും പറ്റില്ല എന്ന് ലളിതവും കണിശവുമായിട്ടാണ് അവന്‍ പറയുന്നത്. ദരിദ്രര്‍ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞവന്‍തന്നെ സമ്പന്നര്‍ക്കു ദുരിതം എന്നും പ്രഖ്യാപിച്ചു. അന്നവനെ കേട്ടവര്‍ക്കെല്ലാം അവന്‍റെ കൃത്യമായ നിലപാട് സുവ്യക്തമായിരുന്നു. അതുകൊണ്ടാണ് അവനെ കേട്ട പണക്കൊതിയരായ ഫരിസേയന്മാര്‍ അവനെ പുച്ഛിച്ചത് (ലൂക്കാ. 16:14). പക്ഷേ ഇവിടുത്തെ സമര്‍പ്പിതര്‍ക്ക് അതൊന്നും വിഷയമല്ല. ആത്മീയദാരിദ്ര്യം പാലിക്കുന്നവരാണല്ലോ മിക്കവരും!

കീശനിറയെ കാശും യേശുവില്‍ വിശ്വാസവും എന്നതിന് സത്യത്തിന്‍റെ വിദൂരസ്പര്‍ശംപോലുമില്ലെന്നതിന് കുറച്ചുതെളിവുകള്‍ നിരത്തുകയാണ്. കൊല്ലംകാരന്‍ ഒരു സൈക്കിള്‍റിപ്പയറര്‍. അഞ്ചാറുകൊല്ലം മുമ്പ് പരിചയപ്പെട്ടതാണ്. അന്നയാള്‍ റയില്‍വേസ്റ്റേഷന് അടുത്തുള്ള ഒരു ചേരിപ്രദേശത്താണു താമസം. സംഭാഷണമധ്യേ അയാള്‍ വെളിപ്പെടുത്തി: "അച്ചോ, ഞാന്‍ പള്ളീല്‍ പോക്കുനിര്‍ത്തി" കാരണം ആരാഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് ഏകദേശം ഇതാണ്: അയല്‍പക്കത്തുള്ള ഒരു സ്ത്രീക്ക് ഒരു വൈകുന്നേരം പൊടുന്നനെയൊരു പ്രസവവേദന. ആളുകള്‍ ഓട്ടോയില്‍ അവളെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്ററായ സിസ്റ്ററിനെയും മഠത്തിലെ മറ്റുള്ളവരെയും ഒക്കെ നന്നായി അറിയാം അവര്‍ക്കൊക്കെ. പക്ഷേ അഡ്മിനിസ്ട്രേറ്റര്‍ മുന്‍കൂറായി പണമടയ്ക്കാന്‍ ആവശ്യപ്പെടുന്നു. ചേരിക്കാര്‍ തൊട്ടടുത്തുള്ള ഓട്ടോറിക്ഷാസ്റ്റാന്‍ഡിലേക്കോടി, കുറെ പണം വാങ്ങി സിസ്റ്റര്‍ക്കു കൊടുക്കുന്നു. (ഓട്ടോറിക്ഷക്കാരും പരിചയക്കാര്‍തന്നെ). സിസ്റ്റര്‍ അത് എണ്ണിനോക്കി, കുറവുള്ള തുകയുംകൂടി കൊണ്ടുവരാന്‍ ശാഠ്യം പിടിക്കുന്നു. ബാക്കിയുള്ള തുക പിന്നീട് നല്കിക്കൊള്ളാം എന്ന് പലവുരു അപേക്ഷിച്ചിട്ടും ആ അഡ്മിനിസ്ട്രേറ്റര്‍ ആ ഗര്‍ഭിണിയെ അഡ്മിറ്റു ചെയ്യാന്‍ കൂട്ടാക്കിയില്ല. ഒടുക്കം ആ സൈക്കിള്‍ റിപ്പയറര്‍, അവരുടെ കഴുത്തിനു പിടിച്ച്, ഭീഷണിപ്പെടുത്തി അഡ്മിറ്റു ചെയ്യിക്കുകയാണ്. ആ സംഭവത്തോടെയാണ് അയാള്‍ പള്ളിയില്‍പോകുന്നത് അവസാനിപ്പിച്ചത്. ഈ സിസ്റ്ററും ആത്മീയദാരിദ്ര്യമെന്ന പുണ്യം അഭ്യസിക്കുന്നവളും മാസത്തിലൊന്നെങ്കിലും കുമ്പസാരിക്കുന്നവളും ദരിദ്രനും വിനീതനും ക്രൂശിതനുമായ ക്രിസ്തുവിന്‍റെ മുഖത്തേയ്ക്കു നോക്കി അരമണിക്കൂറെങ്കിലും ഇരിക്കുന്നവളുമാകണം. എങ്കില്‍പോലും യേശുവിന്‍റേതുപോലുള്ള ഒരു നിലപാടും സ്വീകരിക്കാന്‍ അവള്‍ക്കാകാതെ പോകുകയാണ്. അത് അവളുടെ പ്രാര്‍ത്ഥനക്കുറവിന്‍റെ പ്രശ്നമല്ല, ഇരിക്കുന്ന കസേരയുടെ പ്രശ്നമാണ്. ആ കസേരയില്‍ ആരിരുന്നാലും അത് ഇരിക്കുന്നയാളുടെ ശിഷ്യത്വത്തെ, സമര്‍പ്പിത ജീവിതത്തെ സ്വാധീനിക്കുകതന്നെ ചെയ്യും. ആ കസേരയും ആ കസേരയുടെ നിര്‍ബന്ധങ്ങളും ആ കസേരയില്‍ ഇരിക്കുമ്പോള്‍ തനിയേ മസ്സിലേക്ക് ഇരച്ചുവരുന്ന ലാഭനഷ്ടകണക്കുകൂട്ടലുകളും സുവിശേഷമൂല്യങ്ങളെ വല്ലാതെ ഞെരുക്കിക്കളയുന്നു. ക്രിസ്തുവിനു ബദല്‍ പണമാണെന്നു സാരം. കൈയില്‍ ഒരുപാടു കാശുണ്ടെങ്കില്‍ ബൈബിള്‍ പറയുന്ന കാര്യങ്ങള്‍ അതേപടി മനസ്സിലാക്കാന്‍പോലും നമുക്കാകില്ല എന്നതാണു വസ്തുത. ഉദാഹരണത്തിന് ധനവാന്‍റെയും ലാസറിന്‍റെയും ഉപമയെടുക്കുക. ധനവാന് എതിരായി പറഞ്ഞത് ലാസറിനുള്ള ഉപദേശമാക്കി ഇവിടുത്തെ വ്യാഖ്യാതാക്കള്‍ മാറ്റിത്തീര്‍ത്തു. ഇന്നു പറയപ്പെടുന്നതുപോലെ ലാസറിനോട് "സഹിച്ചോ, സഹിച്ചോ, സഹിച്ചോ" എന്നയുപദേശമാണു ക്രിസ്തു നല്കിയിരുന്നതെങ്കില്‍, അവനെ പണക്കാര്‍ പുച്ഛിക്കില്ലായിരുന്നല്ലോ. പണമുള്ള സന്ന്യാസികള്‍ പക്ഷേ ആ ബൈബിള്‍ഭാഗം തങ്ങള്‍ക്കുനേരെയുള്ള നീട്ടിപ്പിടിച്ച ചൂണ്ടുവിരലായി കാണാതിരിക്കാന്‍ വാക്കുകള്‍കൊണ്ടു പുകമറ നിര്‍മ്മിക്കുന്നു.

സുവിശേഷദാരിദ്ര്യത്തിന്‍റെ സാമ്പത്തികമാനം ജീവിക്കുന്ന സമര്‍പ്പിതര്‍ ഉണ്ട് എന്നുള്ളത് മറക്കുന്നില്ല. എന്നാല്‍ വൈരുദ്ധ്യങ്ങള്‍ അവരുടെ നിലപാടിലും ധാരാളമുണ്ട്. അവര്‍ വ്യക്തിപരമായ ദാരിദ്ര്യത്തെ ഊന്നിപ്പറയുമ്പോള്‍തന്നെ സമൂഹതലത്തില്‍ ഇഷ്ടംപോലെ പണമുള്ളതില്‍ ഒരു അസ്വാഭാവികതയും കാണുന്നില്ല. എന്‍റെയും നിന്‍റെയും കൈയില്‍ പണമുണ്ടെങ്കില്‍ പ്രശ്നമുണ്ട്; എന്നാല്‍ നമ്മള്‍ പത്തുപേര്‍ ഒരുമിച്ചുകൂടിയാല്‍ എത്രവേണമെങ്കിലും ആസ്തിയാകാമത്രേ. അങ്ങനെയാണ് കഞ്ഞിയും അച്ചാറും മാത്രം കഴിച്ചു ജീവിക്കുന്നവരുടെ പൊതുഅക്കൗണ്ടില്‍ കോടികള്‍ കുമിഞ്ഞുകൂടുന്നത്. അതിനെ വിളിക്കേണ്ടത് സുവിശേഷദാരിദ്ര്യമെന്നല്ല, പിശുക്ക് എന്നാണ്.

ക്രിസ്തു നടന്നുപോയ വഴിയേ പോയാലേ അവനെന്ന ലക്ഷ്യത്തിലെത്താനാകൂ. അതുകൊണ്ടാകണം താന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ മൂന്നാംനാള്‍ "നമ്മുടേത് പാവപ്പെട്ടവരുടെ സഭയാകണം" എന്ന് മാര്‍പ്പാപ്പ പറഞ്ഞത്. ശിഷ്യത്വവുമായി ബന്ധപ്പെടുത്തി പ്രാര്‍ത്ഥനയെക്കുറിച്ചു പറയുന്നതിന്‍റെ നാലിരട്ടി തവണ പണത്തെക്കുറിച്ചാണ് സുവിശേഷങ്ങളില്‍ പരാമര്‍ശം എന്നത് ശിഷ്യത്വത്തെ പുണ്യാഭ്യാസങ്ങളില്‍ തളച്ചിടുന്ന സമര്‍പ്പിതര്‍ ഓര്‍ക്കുന്നത് കുറച്ചുകൂടി സത്യസന്ധമായ നിലപാടുകളിലേക്ക് അവരെ നയിച്ചേക്കാം.

അലഞ്ഞുനടന്നവനും നിധികാക്കുന്ന ഭൂതങ്ങളും

ഇരിക്കപ്പൊറുതിയില്ലാത്തവനായിരുന്നല്ലോ യേശു. സ്വന്തമായൊരു കുടുംബംപോലും വേണ്ടെന്നുവെച്ചത് അതുകൊണ്ടുകൂടിയാവണം. മാത്രമല്ല, അവന്‍റെ സ്വന്തക്കാര്‍പോലും അവന്‍റെ ബോധമില്ലായ്മയെ അസഹിഷ്ണുതയോടെ കാണുന്നവരാണ് (മര്‍ക്കോസ്. 3:21). ആരോടും ബാധ്യതയില്ലാതിരുന്ന അവന് അതുകൊണ്ടാണ് അധികാരകേന്ദ്രങ്ങള്‍ക്കുനേര്‍ക്ക് വിരലും സ്വരവും ഉയര്‍ത്താനാകുന്നത്. അവനാകെ സ്വന്തമായുണ്ടായിരുന്നത് ധരിച്ച ഉടുപ്പു മാത്രമായിരുന്നല്ലോ. ഒന്നും നഷ്ടപ്പെടാനില്ലാത്തവന് അങ്ങനെ തനിയേ ഒരു നെഞ്ചൂക്കം ലഭിക്കുകയാണ്. അതുകൊണ്ടാണ് അവന്‍റെ ചുറ്റുമുള്ളവര്‍ അവനില്‍ പ്രഥമദൃഷ്ട്യാ ഒരു പ്രവാചകനെ കണ്ടുമുട്ടുന്നത്. യഹൂദസമൂഹത്തിലെ ആരോടെങ്കിലും എന്തെങ്കിലും പൊരുത്തം അവനുണ്ടെങ്കില്‍ അത് പ്രവാചകരോടു മാത്രമായിരുന്നു.

ഇനി പോപ്പ് ഫ്രാന്‍സീസ് 'ലാ ചിവില്‍ത്താ കത്തോലിക്ക'യെന്ന ഇറ്റാലിയന്‍ പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തിലെ ഒരു ഭാഗം ശ്രദ്ധിക്കൂ: "സന്ന്യാസികള്‍ പ്രവാചകരാണ്... അതിനാല്‍ അവര്‍ തങ്ങളുടെ പ്രവാചകദൗത്യം ഒരിക്കലും ഉപേക്ഷിക്കാന്‍ പാടില്ല. വി. ആന്‍റണി മുതല്‍ ഇങ്ങോട്ട് അനേകം വിശുദ്ധരും സന്ന്യാസികളും ചെയ്തത് നമുക്ക് ഓര്‍മ്മിക്കാം. പ്രവാചകരാകുകയെന്നാല്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നവരാകുക എന്നാണര്‍ത്ഥം. അതെങ്ങനെയാണു വിശദമാക്കേണ്ടതെന്ന് എനിക്കറിയില്ല. പ്രവാചകര്‍ ശബ്ദമുണ്ടാക്കിയേക്കാം, അലറിവിളിച്ചേക്കാം. ആളുകള്‍ അതിനെ അലങ്കോലമെന്നൊക്കെ വിളിച്ചേക്കാം. സത്യത്തില്‍ സന്ന്യസ്തരുടെ സിദ്ധി പുളിമാവിനു സമമാണ്"

ചലനങ്ങള്‍ സൃഷ്ടിക്കാനാകണമെങ്കില്‍ പാഞ്ഞുനടക്കാനാകണം. കസേരകളും ഓഫീസുകളും പ്രസ്ഥാനങ്ങളും നിമിത്തം ഇവിടുത്തെ ഏതു സന്ന്യാസിക്കാണ് അതിനാകുന്നത്? അലറിവിളിക്കേണ്ടവരാണു സന്ന്യാസികള്‍. നഷ്ടപ്പെടാന്‍ ഏറെയുണ്ടെങ്കില്‍പിന്നെ അതിനുമാകില്ല, നിധി കാക്കുന്ന ഭൂതങ്ങളെപ്പോലെ ചില കുംഭങ്ങള്‍ക്കു ചുറ്റും ഒഴുകിനടന്ന് തീര്‍ന്നുപോകുന്നു സന്ന്യാസം. സമര്‍പ്പിതര്‍ കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കൊക്കെ അതിന്‍റേതായ ഒരു ഡൈനമിസം ഉണ്ട്. മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ മത്സരിച്ചേ മതിയാകൂ. മത്സരത്തില്‍ വിജയിക്കാന്‍ ആരേയെങ്കിലും കൂട്ടുപിടിക്കുകയേ നിവൃത്തിയുള്ളു. അങ്ങനെയാണ് ബഹളമുണ്ടാക്കാനുള്ള കഴിവ് കളഞ്ഞുകുളിക്കുന്നത്. പിന്നെ ആകെ ചെയ്യാനുള്ളത് സ്വരമാധുരിയോടെ പാടുക, പൂച്ചെപ്പുകള്‍ നല്ല പൂക്കള്‍കൊണ്ട് അലങ്കരിക്കുക, വെളുത്ത തുണികള്‍ ഉജാലയില്‍ മുക്കിത്തേച്ചെടുക്കുക, പ്രദക്ഷിണങ്ങള്‍ക്കു കൊഴുപ്പേകുക, കല്ല്യാണങ്ങള്‍ക്ക് അള്‍ത്താരകളിലെ നിറസാന്നിദ്ധ്യമാകുക തുടങ്ങിയ ചില കാര്യങ്ങളാണ്. തീക്ഷ്ണനയനങ്ങളും പൊള്ളുന്ന അധരങ്ങളും ഉള്ള ഒരു സന്ന്യാസിയെ കണ്ടിട്ട് കാലമേറെയായി.

ഒടുക്കം

സുഖശയനത്തിലേക്കു വഴുതിവീഴാതിരിക്കാന്‍ കണ്ണില്‍ ഒരു കരടിടുക എന്നതാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യമെന്ന് തുടക്കത്തിലേ സൂചിപ്പിച്ചിരുന്നല്ലോ. "മലര്‍ന്നു കിടന്നു തുപ്പുന്നതെന്തിന്?" എന്ന ന്യായമായ സംശയത്തിനു മറുപടി, അതേറ്റവും കൂടുതല്‍ ഇന്നു നടത്തുന്നത് അമരത്തിരുന്നു നയിക്കുന്ന മാര്‍പ്പാപ്പയാണ് എന്നതു മാത്രമാണ്. ആത്മവിമര്‍ശനം നടത്താത്ത എന്തും ജീര്‍ണ്ണിക്കുമെന്നതിന് ചരിത്രം സാക്ഷി. സ്വപ്നങ്ങള്‍ കാണുന്നവരും നെഞ്ചില്‍ കനലുള്ളവരും സമര്‍പ്പിതജീവിതങ്ങള്‍ക്കിടയിലുണ്ട്. ഇരച്ചുകയറുന്ന ഇരുട്ടില്‍ ഉള്ളിലെ കനലുകളെ ഊതിയൂതി ജ്വലിപ്പിച്ചുനിര്‍ത്തുകയെന്ന അവരോടുള്ള അപേക്ഷയോടെ അവസാനിപ്പിക്കുന്നു.

You can share this post!

ഫ്രാന്‍സിസിന്‍റെ അസ്സീസിയില്‍

സക്കറിയ
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts