സന്ന്യാസത്തിന്‍റെ ഭാരതീയ അര്‍ത്ഥതലങ്ങള്‍ സെമിറ്റിക് ചിന്താരീതികള്‍ മുമ്പോട്ടുവയ്ക്കുന്ന അര്‍ത്ഥങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ഋഗ്വേദകാലം മുതല്‍ ശക്തമായ ഒരു ഋഷി പാരമ്പര്യം ഭാരതീയ ആത്മീയദര്‍ശനങ്ങളുടെ അന്തര്‍ധാരയായി നിലനിന്നിരുന്നതായി കാണാം. സന്ന്യാസവും ധ്യാനവും അതീന്ദ്രിയമായ ഒരു പ്രേമാവസ്ഥയില്‍ ഈശ്വരനുമായി ഒന്നായിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമായിരുന്നു ഈ മഹാഋഷിമാര്‍ക്ക്. Philokalia-അദ്ധ്യാത്മപ്രേമം- എന്നൊക്കെ സെമിറ്റിക് പഠനങ്ങളില്‍ പറയുന്ന ഈ പ്രേമാവസ്ഥയുടെ ഉത്തുംഗതയില്‍ ഒരില കൊഴിയുന്നതിനേക്കാളും സൗമ്യമായി ശരീരം കൊഴിഞ്ഞുപോകുകയും ആത്മം ബ്രഹ്മത്തില്‍ ലയിച്ചുചേരുകയും ചെയ്യുന്നു. ശരീരത്തിന്‍റെ മരണമെന്നത് ഒരു നിശ്വാസംപോലെ അത്രമേല്‍ സാധാരണവും ഞെട്ടില്‍നിന്നടര്‍ന്ന ഒരില കാറ്റിലൊന്നുലഞ്ഞ് സാവധാനം നിലംപതിക്കുംപോലെ അത്രമേല്‍ സൗമ്യവുമാണ്.
വേദകാലത്തിന്‍റെ ഈ ഒരു ഘട്ടം പിന്നിടുമ്പോള്‍ ആശ്രമവ്യവസ്ഥയുടെ ഭാഗമായി സന്ന്യാസം നിര്‍വ്വചിക്കപ്പെടുന്നതും, ഗുഹകളില്‍നിന്നും ഏകാന്തമായ ഇടങ്ങളില്‍നിന്നും പുറത്തുകടന്ന് സന്ന്യാസം വ്യക്തിജീവിതങ്ങളെ സമൂര്‍ത്തമായി സ്പര്‍ശിക്കുന്നതും കാണാം. ജീവിതത്തിന്‍റെ നാലു വ്യത്യസ്തഘട്ടങ്ങളില്‍ അവസാനത്തേതായി സന്ന്യാസം നിര്‍വ്വചിക്കപ്പെടുന്നു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ മൂന്നുഘട്ടങ്ങള്‍ സ്വാഭാവികമായി പിന്നിട്ട ഏതൊരാളും സന്ന്യാസത്തിലെത്തുന്നു. ഇനിമേല്‍ അയാളുടെ പൂര്‍വ്വാശ്രമങ്ങളില്‍നിന്നും വിടുതല്‍നേടി അയാളൊരു സന്ന്യാസിയാണ്. ബ്രഹ്മചര്യം ബാല്യ-കൗമാരങ്ങള്‍ കടന്നുള്ള പരിശീലനകാലമാണ്. ഗുരുചരണങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട വിദ്യാര്‍ത്ഥി വിദ്യ അഭ്യസിക്കുന്ന തീവ്രപരിശീലനത്തിന്‍റെ കാലഘട്ടം. ഈ ലോകത്തില്‍ ജനിച്ച ഏതൊരാളും ഈ ഘട്ടത്തിലൂടെ കടന്നുപോകണം. പഠനം പൂര്‍ത്തിയാക്കി ഗുരുദക്ഷിണയും നല്കി ലോകത്തിലേക്കിറങ്ങുന്ന അയാള്‍ സ്വാഭാവികമായും ഗൃഹസ്ഥാശ്രമത്തിലേക്കു കടക്കുന്നു. മനുവും മറ്റ് സ്മൃതികര്‍ത്താക്കളും ഗൃഹസ്ഥാശ്രമത്തെ മറ്റ് ആശ്രമങ്ങളെക്കാളും ഉത്തമമായി കരുതുന്നു. കാരണം, മറ്റ് മൂന്ന് ആശ്രമങ്ങളിലും ജീവിക്കുന്നവര്‍ക്കു വേണ്ടതെല്ലാം നല്കുന്നത്, നല്കേണ്ടത്, ഗൃഹസ്ഥാശ്രമത്തിലുള്ളവരാണ്. കൃഷിയും കച്ചവടവും രാജ്യസേവനവും ചെയ്ത് ഏറ്റവും പ്രവര്‍ത്തനനിരതമാകേണ്ടതും ഈ ആശ്രമത്തിലാണ്. ജന്മം ലഭിച്ചതിന് ജന്മം നല്കിയും ആരോഗ്യം ലഭിച്ചതിന് അദ്ധ്വാനം നല്കിയും അറിവു ലഭിച്ചതിന് സേവനം നല്കിയും ഈ ലോകത്തോടും പ്രകൃതിയോടും സമസൃഷ്ടങ്ങളോടുമുള്ള കടം തീര്‍ക്കേണ്ട കര്‍മ്മനിരതമായ കാലഘട്ടമാണ് ഗൃഹസ്ഥാശ്രമം. അങ്ങനെ കടമകളെല്ലാം തീര്‍ത്ത് ഗൃഹസ്ഥാശ്രമം വെടിഞ്ഞ് അയാള്‍ കാട്ടിലേക്കു പോകണം. കര്‍മ്മങ്ങളില്‍നിന്നുള്ള വിരമിക്കലും വിശ്രമവും ലോകവുമായുള്ള ബന്ധങ്ങളുടെ പൊക്കിള്‍കൊടി മുറിക്കലും കൂടിയാണ് വാനപ്രസ്ഥം. സ്വത്തുക്കളെല്ലാം മക്കള്‍ക്കു കൊടുത്ത്, അല്ലെങ്കില്‍ ദാനം ചെയ്ത് സ്വന്തമായൊന്നുമില്ലാതെ അയാള്‍ / അവള്‍ പ്രകൃതിയിലേക്കു മടങ്ങുന്നു. സംസാരസാഗരത്തിന്‍റെ ബന്ധനങ്ങളെല്ലാമഴിഞ്ഞ് വാനപ്രസ്ഥത്തിന്‍റെ മഹാസ്വാസ്ഥ്യമറിഞ്ഞ്, വിമലീകരിക്കപ്പെട്ട് അവസാനമയാള്‍ സന്ന്യാസത്തിലേക്കെത്തുന്നു. 70വയസ്സാണ് സ്മൃതികര്‍ത്താക്കള്‍ സന്ന്യാസത്തിന് നിശ്ചയിക്കുന്ന പ്രായം. കയ്യിലൊരു ഭിക്ഷാപാത്രം, ജലം നിറയ്ക്കാനൊരു കമണ്ഡലു- അവയും മുളംതണ്ടുകള്‍കൊണ്ടോ ഫലങ്ങളുടെ തോടുകള്‍കൊണ്ടോ ഉണ്ടാക്കിയവ -, ഒന്നോ രണ്ടോ വസ്ത്രങ്ങള്‍, ഒരു വടി, ഗ്രന്ഥങ്ങള്‍ ഇത്രയുമാണ് സന്ന്യാസി സൂക്ഷിക്കേണ്ട - സൂക്ഷിക്കാന്‍ അനുവദിക്കപ്പെട്ട - വസ്തുക്കള്‍. അവയോടുപോലും മമത പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്നു.
ഭിക്ഷയെടുത്തുവേണം സന്ന്യാസി ജീവന്‍ നിലനിര്‍ത്തേണ്ടത്. സത്കരിക്കപ്പെടരുത്, അതിഥിയായി മാനിക്കപ്പെടരുത്. വീട്ടുകാര്‍ അത്താഴം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകിവച്ചതിനുശേഷം മാത്രം മിച്ചമെന്തെങ്കിലുമുണ്ടെങ്കില്‍ ഭിക്ഷയായി സ്വീകരിക്കാം. വൃക്ഷത്തില്‍നിന്നും കൊഴിഞ്ഞുവീണ ഫലങ്ങള്‍ മാത്രം സ്വീകരിക്കാം. പറിച്ചെടുക്കാനും വിളവെടുക്കാനും അവകാശമില്ലെന്നര്‍ത്ഥം. ജീവന്‍ നിലനിര്‍ത്താന്‍ മാത്രം ഭക്ഷണം. മൗനം, സമചിത്തത, ശാന്തത, ഇന്ദ്രിയങ്ങളുടെമേല്‍ പൂര്‍ണ്ണനിയന്ത്രണം, ധ്യാനം - ധ്യാനത്തിലൂടെ പരമാത്മാവിലേക്കുള്ള സമ്പൂര്‍ണ്ണലയനം. ഈശ്വരനോടുള്ള സമ്പൂര്‍ണപ്രേമത്തില്‍ ഒടുവിലയാള്‍ ബ്രഹ്മത്തില്‍ ലയിച്ച് ഒരു കോസ്മിക് ശൂന്യതയായി മാറുന്നു. ഇതാണ് ഭാരതീയ ചിന്ത മുന്നോട്ടുവയ്ക്കുന്ന സന്ന്യാസസങ്കല്പം.
ജീവിതം തന്നെ സന്ന്യാസമായി കരുതിയ ബുദ്ധചിന്തയിലെ 'സംഘ'വും ജൈന'ഭിക്ഷു' സംസ്കാരവുമെല്ലാം ഭാരതീയ ആത്മീയചിന്തയുടെ ലംബവും തിരശ്ചീനവുമായ വളര്‍ച്ചാഘട്ടങ്ങള്‍തന്നെയാണ്. ജീവിതത്തെ മുഴുവനായി ഒരു ധ്യാനപ്രഹര്‍ഷമായി കാണുന്ന സെന്‍ ബുദ്ധിസം ഈ ചിന്താധാരകളുടെ ഒരു Pivotal point ആണെന്നു പറയാം.
വൈഷ്ണവ-ശൈവ സന്ന്യാസികള്‍ തമ്മിലുണ്ടായ രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളും മുസ്ലീം അധിനിവേശത്തിന് എതിരെ സന്ന്യാസികള്‍ നടത്തിയ ഒളിപ്പോര്‍ യുദ്ധങ്ങളുമെല്ലാം ചരിത്രത്തിലെ കരടുകളായവശേഷിക്കുന്നുണ്ടെങ്കിലും ഭാരതീയ ചിന്തയോളം സമഗ്രമായി ജീവിതാവസ്ഥകളെ കണ്ട മറ്റൊരു ആത്മീയ ചിന്താധാര ലോകത്തിനു ലഭിച്ചിട്ടുണ്ടോ എന്നു സംശയമാണ്. 'താനൊരു സന്ന്യാസിയാണെന്ന് സ്വയം കരുതുന്നയാള്‍ ഒരു സന്ന്യാസിയല്ലെന്നും നിഷ്കാമകര്‍മ്മം ചെയ്യുന്ന ഗൃഹസ്ഥാശ്രമി യഥാര്‍ത്ഥത്തില്‍ സന്ന്യാസിയാണെന്നും' പറഞ്ഞ രമണമഹര്‍ഷിയുടെ വാക്കുകളും കൂടുതല്‍ 'സഹനവും ദാരിദ്ര്യവും അപമാനവും ചോദിച്ചുവാങ്ങി സ്വര്‍ഗ്ഗപ്രാപ്തിക്കായുള്ള യത്നത്തില്‍, മറ്റുള്ളവര്‍ക്കു മുമ്പേ ഓടുന്നവന് സന്ന്യാസമറിയില്ലെന്നുള്ള' വിവേകാനന്ദന്‍റെ വാക്കുകളുംകൂടി ഇതോടൊപ്പം ചേര്‍ത്തുവയ്ക്കണം.
സെമിറ്റിക് ചിന്താധാരകള്‍ ഭാരതീയചിന്താധാരയുമായി പ്രകടമായ വ്യത്യാസങ്ങള്‍ പുലര്‍ത്തുന്നുണ്ടെങ്കിലും അടിത്തട്ടില്‍ അതിശയകരമായ ചില സമാനതകളും അവ തമ്മിലുണ്ട്. യഹൂദമതം സന്ന്യാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ദൈവത്തിന്‍റെ നാവും കരങ്ങളുമായി ദൈവത്തിനും മനുഷ്യനുമിടയില്‍നിന്ന് ധാര്‍മ്മികതയുടെയും വിശുദ്ധിയുടെയും ഏകദൈവവിശ്വാസത്തിന്‍റെയും സംതുലനം നടപ്പാക്കിയിരുന്ന പ്രവാചകന്മാരുടെ ഈറ്റില്ലമാണ് ഇസ്രായേല്‍. ദൈവമനുഷ്യരായ പ്രവാചകന്മാര്‍ പലപ്പോഴും സന്ന്യാസികളുമായിരുന്നു. 'സൈന്യങ്ങളുടെ കര്‍ത്താവിനെക്കുറിച്ചുള്ള തീക്ഷ്ണതയില്‍ ജ്വലിച്ചുകൊണ്ടിരുന്ന' ഏലിയായും 'മാനസാന്തരം' പ്രസംഗിച്ച് മരുഭൂമിയെ ഇളക്കിമറിച്ച സ്നാപകനും മഹാസന്ന്യാസിമാരായിരുന്നു. എന്നിട്ടും സന്ന്യാസം യഹൂദമതത്തില്‍ സ്വീകരിക്കപ്പെട്ടില്ല. ഇതിന്‍റെ തുടര്‍ച്ചയെന്നോണം ഇസ്ലാം സന്ന്യാസത്തെ അംഗീകരിച്ചതേയില്ല - ഇസ്ലാമിന്‍റെ മുഖ്യധാരാ ചിന്തകള്‍ക്കപ്പുറത്ത് സന്ന്യാസത്തിന്‍റെ അതിരുകളില്ലാത്ത ആത്മീയാഹ്ലാദവുമായി സൂഫിസം നിലകൊള്ളുന്നുണ്ടെങ്കിലും.
പ്രവാചകനായ ഏലിയായുടെയും സ്നാപകന്‍റെയും ആത്മീയ പ്രചോദനമാണ് ക്രിസ്ത്യന്‍ സന്ന്യാസത്തിന്‍റെ പ്രചോദനമെന്ന് കരുതപ്പെടുന്നു. അപ്പസ്തോലന്മാരും യേശുവിന്‍റെ ശിഷ്യന്മാരും യേശുതന്നെയും സന്ന്യാസികളായിരുന്നില്ല - ഒരര്‍ത്ഥത്തിലും. എ. ഡി. രണ്ടാം നൂറ്റാണ്ടുമുതല്‍ സന്ന്യാസത്തിന്‍റെ ആദ്യരൂപങ്ങള്‍ ക്രിസ്തുമതത്തില്‍ കാണാം. എങ്കിലും മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച മരുഭൂമിയിലെ മഹാനായ അന്തോണിയാണ് ക്രിസ്ത്യന്‍ സന്ന്യാസത്തിന്‍റെ ആദ്യത്തെ ഐക്കണ്‍ ആയി കരുതപ്പെടുന്നത്. ഈജിപ്തിലെ മരുഭൂമിയിലാണ് താപസനായ അന്തോണി ഏകനായി കഴിഞ്ഞിരുന്നത്. തുടര്‍ന്ന് എ. ഡി. 340കളില്‍ വി. പക്കേമിയൂസ് 3000 അംഗങ്ങളുള്ള ഒരു സംഘടിതസഭ സ്ഥാപിച്ചു. വിവിധ ഹൗസുകളായി തിരിച്ച്, വ്യത്യസ്ത ജോലികള്‍ നല്കി. കൃഷിയും വ്യവസായവും വിപണനവും സ്വന്തമായി കപ്പലുകള്‍പോലുമുള്ള സഭയായിരുന്നു പക്കേമിയൂസിന്‍റേത്. പിന്നീട് എ. ഡി. 370കളില്‍ വി. ബേസിലും 430-ല്‍ ജോണ്‍ കാസിയനും എ. ഡി. 500കളില്‍ സെന്‍റ് ബെനഡിക്ടും സന്ന്യാസസഭകള്‍ക്ക് നിയമങ്ങളും പ്രവര്‍ത്തന രൂപരേഖകളുമുണ്ടാക്കി കൂടുതല്‍ പ്രസ്ഥാനവല്‍ക്കരിക്കുകയുണ്ടായി. ഇക്കാലത്ത് ക്രിസ്ത്യന്‍ സന്ന്യാസസഭകള്‍ ഇസ്രയേല്‍, പലസ്തീന്‍, സിറിയ, ആഫ്രിക്ക, റോമാ സാമ്രാജ്യത്തിന്‍റെ ഇതരഭാഗങ്ങള്‍ തുടങ്ങി ഏഷ്യാമൈനര്‍, ഏഷ്യ എന്നിവിടങ്ങളിലേക്കെല്ലാം വ്യാപിച്ചു.
എ. ഡി. 630നോടടുത്ത് സീനായ് മലയിലെ സന്ന്യാസികള്‍ തങ്ങളുടെ ആശ്രമാധിപനായി തിരഞ്ഞെടുത്ത ജോണ്‍ ക്ലിമാക്കസാണ് 'The Ladder of Divine Ascent' എന്ന പേരില്‍ സന്ന്യാസികള്‍ പാലിക്കേണ്ട നിയമങ്ങളും ജീവിതക്രമങ്ങളും സ്വര്‍ഗ്ഗത്തിലേക്കുള്ള ആരോഹണഘട്ടങ്ങളിലെ 30 പടികള്‍ എന്നു സങ്കല്പിച്ച് 30 നിയമങ്ങളായി എഴുതിയുണ്ടാക്കിയത്. ഏറ്റവും അതിശയകരമായ കാര്യം, ഈ 'സ്വര്‍ഗ്ഗാരോഹണപടികള്‍'ക്ക് ബി. സി. 700ല്‍ രചിക്കപ്പെട്ട 'ധര്‍മ്മസൂത്ര'വുമായുള്ള പ്രകടമായ സാമ്യങ്ങളാണ്. സന്ന്യാസികള്‍ പാലിക്കേണ്ട അവശ്യനിയമങ്ങളും അവര്‍ അനുവര്‍ത്തിക്കേണ്ട ജീവിതരീതികളും 'ധര്‍മ്മസൂത്ര' വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതിലെ മിക്കനിയമങ്ങളും ക്രിസ്തുമതത്തിലെ സ്വര്‍ഗ്ഗസങ്കല്പവുമായി കൂട്ടിച്ചേര്‍ത്ത് ജോണ്‍ ക്ലിമാക്കസ് മനോഹരമായി തന്‍റെ പ്രബോധനഗ്രന്ഥത്തില്‍ വിവരിക്കുന്നു.
സന്ന്യാസം - അതേത് മതവിശ്വാസത്തില്‍നിന്ന് പിറവിയെടുത്തതാണെങ്കിലും, ഏതു സംസ്കാരത്തിന്‍റെ ഭാഗമാണെങ്കിലും - അവശ്യം പാലിക്കേണ്ട ചില നിയമങ്ങളുണ്ടെന്നര്‍ത്ഥം. ലേകത്തെ ഉപേക്ഷിക്കല്‍, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കല്‍, ശാന്തത, മൗനം, ധ്യാനം, സ്നേഹം. ഭാരതീയ ചിന്തയായാലും സെമിറ്റിക് ചിന്തയായാലും ഈ നിയമങ്ങള്‍ ഒരുപോലെ ബാധകമാകുന്നു.
ഒരു വ്യക്തി സന്ന്യാസജീവിതം തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം, ഒരാള്‍ ഈശ്വരവിശ്വാസിയാകുന്നതും മതവിശ്വാസിയാകുന്നതും മിസ്റ്റിക്കാവുന്നതുമൊക്കെ എന്തുകൊണ്ടെന്ന ചോദ്യങ്ങളോട് ചേര്‍ത്തുവയ്ക്കണം. കുടുംബപരവും സാമൂഹികവും വ്യക്തിപരവുമായ കാരണങ്ങളെപ്പറ്റിയല്ല ഇവിടെ പറയാനൊരുങ്ങുന്നത്. വ്യവഛേദിക്കാനാവാത്തതും ഒരിക്കലുമവസാനിക്കാത്തതുമായ ചില ആദിമ ഭയങ്ങള്‍ എല്ലാ മനുഷ്യന്‍റെ ഉള്ളിലുമുണ്ട്. ഗുഹകള്‍ക്കുള്ളിലെ മരവിച്ച ഏകാന്തത, വനാന്തര്‍ഭാഗത്തെ ഇരുട്ടിന്‍റെ അവസാനിക്കാത്ത അടരുകള്‍, ക്രൂരമൃഗങ്ങളുടെ കാതടപ്പിക്കുന്ന അലര്‍ച്ച, ഏതു നിമിഷവും നെഞ്ചിലേക്കാഴ്ന്നിറങ്ങാവുന്ന ദംഷ്ട്രകള്‍, പ്രകൃതിക്ഷോഭങ്ങള്‍, ശബ്ദങ്ങള്‍, നിശ്ശബ്ദതകള്‍ - ഇതെല്ലാം ചേര്‍ന്ന് ചകിതനായ ആദിമ മനുഷ്യന്‍റെ വെറും തുടര്‍ച്ചയാണ് നാം. ഈ ആദിമ ഭയങ്ങളാണ് ഇരുട്ടിലും ഏകാന്തതയിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മെ പിന്‍തുടരുന്നതും ഭയപ്പെടുത്തുന്നതും. ഈ ആദിമ ഭയങ്ങളുടെ കാരണങ്ങളറിയാന്‍ ഇനിയും പിന്നോട്ടുപോകണം.
ഏറ്റവും സജീവവും സചേതനവുമായ ശൂന്യതയുടെ അല്ലെങ്കില്‍ ഊര്‍ജ്ജത്തിന്‍റെ പൂര്‍ണമായൊരു കോസ്മിക് രൂപം - അല്ലെങ്കില്‍ അവസ്ഥ കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു മഹാസ്ഫോടനത്തിലൂടെ പൊട്ടിത്തെറിച്ചാണ് ഈ പ്രപഞ്ചമുണ്ടായത്. ഊര്‍ജ്ജത്തിന്‍റെ ഈ മഹാരൂപം ചിതറിത്തെറിച്ച് ആദ്യത്തെ മൂന്നു നിമിഷങ്ങള്‍ക്കുള്ളില്‍ ഹൈഡ്രജന്‍ എന്ന മൂലകം പിറവിയെടുത്തു. പിന്നീട് അനന്തകോടി വര്‍ഷങ്ങളിലൂടെ മറ്റനേകം മൂലകങ്ങളുണ്ടായി. അവ ദ്രവ്യരൂപം സ്വീകരിച്ച് പൊടിപടലങ്ങളുണ്ടായി. മേഘങ്ങളുണ്ടായി. ഗ്രഹങ്ങളും ഉല്‍ക്കകളും ധൂളികളും നക്ഷത്രങ്ങളുമുണ്ടായി. നക്ഷത്രക്കൂട്ടങ്ങളും ക്ഷീരപഥങ്ങളുമുണ്ടായി. പിന്നീട് നാം അറിയുന്ന ജീവന്‍റെ പൊടിപ്പുകളുണ്ടായി. ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും - ആറ്റങ്ങളാകട്ടെ, ജന്തുക്കളും മനുഷ്യരും ആകാശഗോളങ്ങളുമാകട്ടെ - ഓരോ വസ്തുവും മറ്റൊരു വസ്തുവിന്‍റെ അപൂര്‍ണതയാണ്, മറ്റൊന്നിന്‍റെ പൂര്‍ണതയുമാണ്. ഏകവും സജീവവും സചേതനവും അമൂര്‍ത്തവുമായ ആ കോസ്മിക് ഊര്‍ജ്ജാവസ്ഥയിലേക്ക് മടങ്ങിപ്പോവാനായി നിരന്തരം ശ്രമിക്കുന്ന ഒരു കണിക മാത്രമാണു നാം. അമ്മയുടെ കൈവിരല്‍ത്തുമ്പ് നഷ്ടപ്പെട്ട് പ്രചണ്ഡമായൊരാള്‍കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോയ ഭയചകിതനായൊരു കുട്ടി. അലറിക്കരഞ്ഞുകൊണ്ട് അമ്മയെ തിരയുകയല്ലാതെ ആ കുട്ടിക്ക് മറ്റൊന്നും ചെയ്യാനില്ല. അനാദിയായൊരു നിമിഷസന്ധിയില്‍ ഒരു പൊട്ടിത്തെറിയിലൂടെ ഈ കോസ്മിക് പ്രപഞ്ചത്തിന്‍റെ അനന്തസ്ഥലികളിലെവിടെയോ ഒറ്റപ്പെട്ടുപോയ നാം നമ്മുടെ അപൂര്‍ണ ശകലങ്ങള്‍ കണ്ടെത്തി ആ അനന്തമായ പൂര്‍ണതയിലേക്കു ലയിക്കാനും പ്രപഞ്ചാത്മാവുമായുള്ള ദ്വൈതഭാവം ഇല്ലാതാക്കാനുമായി പ്രജ്ഞ നിറയെ ആദിമഭയങ്ങളും ആക്രമണപരതയും നിസ്സഹായമായ സ്വാര്‍ത്ഥതയും നിഗൂഢമായ ലൈംഗികതയുമായി അവസാനിക്കാത്ത തിരച്ചിലുകളിലാണ്. ചാര്‍ജ്ജ് നഷ്ടപ്പെട്ട ഒരു ബാറ്ററി സ്രോതസ്സില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് റീ-ചാര്‍ജ് ആവുന്നതുപോലെയാണ് നാം നിരന്തരം വായുവും വെള്ളവും ഭക്ഷണവും സ്വീകരിച്ച് ഈ പ്രപഞ്ചാത്മാവിനോട് സമന്വയിച്ചുകൊണ്ട് നമ്മുടെ അപൂര്‍ണ്ണതയ്ക്ക് അര്‍ദ്ധവിരാമങ്ങള്‍ തീര്‍ക്കുന്നത്. അപൂര്‍ണതകളെല്ലാമഴിഞ്ഞ് പ്രപഞ്ചാത്മാവില്‍ ലയിക്കുന്നൊരാള്‍ പിന്നീട് ഭക്ഷണവും പ്രാണവായുവും സ്വീകരിക്കാതിരിക്കുന്നത് അയാള്‍ ഊര്‍ജ്ജസ്രോതസിലേക്കു മടങ്ങിപ്പോയി ആ മഹാസ്രോതസ്സിനോട് ഏകീഭവിക്കുന്നതുകൊണ്ടുമാണ്. ഇനി അയാള്‍ സ്രോതസ് തന്നെയാണ്.
പ്രപഞ്ചാത്മാവുമായുള്ള ദ്വൈതഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ ഒരു പ്രധാന സ്ഥാനമാണ് സന്ന്യാസത്തിനുള്ളത്. ഏകനായി ധ്യാനാവസ്ഥയില്‍ തുടരുന്നതും സംഘമായി സന്ന്യാസജീവിതം നയിക്കുന്നതും - രണ്ടും വിരുദ്ധഭാവങ്ങളെന്നു തോന്നുമെങ്കിലും- ഒരു ലക്ഷ്യത്തിനുവേണ്ടിത്തന്നെയാണ്. ഈശ്വരനില്‍നിന്ന് - പ്രപഞ്ചാത്മാവില്‍നിന്ന് - അന്യവത്കരിക്കപ്പെടുമ്പോഴുള്ള ആദിമഭയങ്ങളെ അതിജീവിച്ച് നേരിട്ടോ സംഘബോധത്തിലൂന്നിയോ ആ പരമമായ പൂര്‍ണതയിലേക്കയാള്‍ മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നു. സഹജീവികളോടും പ്രകൃതിയോടും ഏകീഭവിക്കുന്നതും ലോകത്തില്‍നിന്നു പിന്മടങ്ങി പ്രപഞ്ചാത്മാവിലേക്കൊഴുകാന്‍ ശ്രമിക്കുന്നതും ആ കോസ്മിക് പൂര്‍ണതയില്‍ ലയിക്കാനുള്ള മാര്‍ഗങ്ങള്‍ തന്നെയാണ്. പക്ഷേ പ്രപഞ്ചാത്മാവുമായി ഒന്നാവുന്ന പരമമായ നിമിഷത്തില്‍ സഹജീവികളും പ്രകൃതിയും മറ്റൊന്നുമില്ല. വ്യക്തിയെന്ന ഐഡന്‍റിറ്റി പോലുമില്ലാത്ത കോസ്മിക് പൂര്‍ണതയുടെ ഒരു കണമായ നമ്മുടെ സത്തയും പ്രപഞ്ചാത്മാവ് - ഈശ്വരന്‍ - എന്ന ആ പരമമായ ഏകത്വവും മാത്രമേയുള്ളൂ. അതിനാല്‍ ധ്യാനാത്മകമായി നേരിട്ട് ഈശ്വരനുമായി തന്മയീഭവിക്കാനാവുന്നത് സന്ന്യാസത്തിന്‍റെ ഉദാത്തഭാവമാണ്.
വര്‍ത്തമാനകാല സന്ന്യാസവ്യവസ്ഥയെ വിശകലനം ചെയ്യുമ്പോള്‍ കാതലായ ചില ചോദ്യങ്ങളുയരുന്നുണ്ട്. ഇന്ന് സന്ന്യാസമെന്നത് പൗരോഹിത്യത്തിന്‍റെ പര്യായം മാത്രമായി മറിയോ? പ്രവാചകന്‍റെ തീക്ഷ്ണബോധ്യങ്ങളും അവധൂതന്‍റെ ആന്തരികവിശുദ്ധിയും സന്ന്യാസത്തിനുണ്ടോ? ജോണ്‍ക്ലിമാക്കസിന്‍റെ ഒന്നാം പടിയില്‍ത്തന്നെ പൗരോഹിത്യം ഒരു അവനവന്‍ കടമ്പ തീര്‍ത്ത് തന്നിലെ സന്ന്യാസിയുടെ സ്വര്‍ഗ്ഗാരോഹണ ശ്രമങ്ങളെ നിഷ്ഫലമാക്കികളയുന്നില്ലേ? ക്രിസ്മസ്-ഈസ്റ്റര്‍ രാവുകള്‍ക്ക് തൊട്ടുമുന്‍പ് ഋതുപക്ഷികളെപ്പോലെ ഒഴുകിയെത്തുന്ന 'മഹാപാപി' കളുടെ പാപങ്ങള്‍കേട്ട് തല മരവിക്കാനും 60 പേരുടെ തലവേദനയും 25 പേരുടെ മുട്ടുവേദനയും 11 പേരുടെ ജലദോഷവും കൃത്യമായി മാറുന്ന മഹാകണ്‍വെന്‍ഷനുകളില്‍ ഇന്‍സ്ററന്‍റ് മാനസാന്തരം നേടി വീണ്ടും പാപിയാകും മുന്‍പുള്ള gapല്‍ ഓടിയെത്തുന്ന ധൂര്‍ത്തപുത്രന്മാര്‍ക്ക് പാപമോചനം കൊടുക്കാനും വിശുദ്ധനാട് വിനോദയാത്രക്കു പോകുന്ന വികാരിയച്ചന്മാരുടെ താല്‍ക്കാലിക വേക്കന്‍സിയില്‍ കുര്‍ബാന ചൊല്ലികൊടുക്കാനും സന്ന്യാസി ബാധ്യസ്ഥനാണോ? അഥവാ, സന്ന്യാസത്തിന്‍റെ ഏതൊക്കെ മൂല്യങ്ങളാണ് സന്ന്യാസി ഇതുകൊണ്ട് സാര്‍ത്ഥകമാക്കുന്നത്? കുര്‍ബാന ചൊല്ലുകയും കുമ്പസാരിപ്പിക്കുകയും ചെയ്യുന്ന സന്ന്യാസിയും പൂച്ചെണ്ടു കെട്ടുകയും അള്‍ത്താരയലങ്കരിക്കുകയും ചെയ്യുന്ന സന്ന്യാസിനിയും ചെയ്യുന്നത് വിലയേറിയ ശുശ്രൂഷകള്‍ തന്നെയാണ്. പക്ഷേ, യഥാര്‍ത്ഥ സന്ന്യാസം ഇവയില്‍നിന്നുമെത്രയോ വ്യത്യസ്തമാണ്.
സന്ന്യാസം പൗരോഹിത്യത്തില്‍നിന്നും വ്യത്യസ്തമാണ്. പ്രവാചകത്വത്തോട് അത് കൂടുതല്‍ അടുത്തുനില്ക്കുന്നു എന്നു പറയാം. 'നിത്യപുരോഹിതനായ ഈശോ' എന്നൊക്കെ പ്രാര്‍ത്ഥനകളില്‍ വിശേഷണം നല്കി 'അവനും നമ്മുടെ ആളുതന്നെ' എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടെങ്കിലും യേശു എപ്പോഴെങ്കിലും പൗരോഹിത്യത്തിന്‍റെ ചിഹ്നങ്ങള്‍കൊണ്ട് സ്വയം അടയാളപ്പെടുത്തിയിട്ടുണ്ടോ? പൗരോഹിത്യത്തോട് സന്ധിചെയ്യാന്‍ അവന്‍ എപ്പോഴെങ്കിലും തയ്യാറായിട്ടുണ്ടോ? ഇസ്രായേലിന്‍റെ സ്വകാര്യ അഹങ്കാരമായ അഹറോന്‍ - മോശ ദ്വന്ദ്വത്തില്‍ യേശുവിന് ആരോടാണ് സാമ്യം? പറഞ്ഞും പറയാതെയും എത്ര വട്ടമാണ് താന്‍ ദൈവജനത്തിന്‍റെ രക്ഷകനും വിമോചകനുമാണെന്ന് അവന്‍ വെളിപ്പെടുത്തിയത്. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം ഇസ്രയേല്‍ മക്കളിലൂടെ നടപ്പിലാക്കാനായി എത്ര നിശിതമായാണ് അവന്‍ രാജാധികാരത്തോടും മറ്റെല്ലാ അധികാരസ്ഥാപനങ്ങളോടും കലഹിച്ചത്? ഇസ്രായേലിന്‍റെ പ്രവാചകപരമ്പരയുടെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഒരാള്‍ക്കല്ലാതെ യൂദയായുടെ രാജാവിനെ 'കുറുക്കന്‍' എന്നു വിളിക്കാനാവുമോ?
വ്യവസ്ഥാപിതമായ അര്‍ത്ഥത്തില്‍ യേശു ഒരു സന്ന്യാസിയായിരുന്നില്ല. പക്ഷേ മഹാപ്രവാചകന്മാരും താപസന്മാരുമായ ഏലിയായുടെയും സ്നാപകയോഹന്നാന്‍റെയും അവതാരമെന്നാണ് അവന്‍റെ കാലം യേശുവിനെ അടയാളപ്പെടുത്തിയത്. പ്രസന്നഭാവത്തോടെ അവന്‍ ലോകത്തില്‍ ജീവിച്ചു. വയല്‍പ്പൂവില്‍പോലും സോളമന്‍റേതിനേക്കാള്‍ മഹത്വമുള്ള സൗന്ദര്യം കണ്ടെത്തി. വിരക്തിയുടെ കൃത്രിമ ഗൗരവം യേശുവിനൊട്ടും ചേരുന്നതല്ല (എന്നിട്ടുമെന്തേ ചിരിക്കുന്ന യേശുവിന്‍റെ ചിത്രങ്ങള്‍ നമുക്കില്ലാതെ പോയി?). ലോകത്തിന്‍റെ സന്തോഷങ്ങളെയൊന്നും അവന്‍ നിഷേധിച്ചില്ല. പക്ഷേ ലോകത്തിലായിരുന്നപ്പോഴും ലോകത്തിന്‍റേതല്ല താനെന്ന് അവനറിഞ്ഞിരുന്നു. ഒന്നും സ്വന്തമായി കരുതാതെ, ഒന്നും സമ്പാദിക്കാതെ, ഒന്നിനോടും മമത കാട്ടാതെ, തലചായ്ച്ച് മരിക്കാന്‍ ഒരു പിടി മണ്ണുപോലും ലോകത്തില്‍ നിന്നെടുക്കാതെ അവന്‍ കടന്നുപോയി. കാലം പണിതുവയ്ക്കുന്ന ഒരു വാര്‍പ്പുരൂപങ്ങള്‍ക്കും യേശു വഴങ്ങുന്നില്ല. ഇത്രമേല്‍ വ്യത്യസ്തനായൊരു വിമോചകന്‍, ഇത്രയേറെ നിര്‍വ്വചനങ്ങള്‍ക്ക് വഴങ്ങാത്തൊരു സന്ന്യാസി - താപസന്‍, ഇത്രയധികം പ്രവചനാതീതനായൊരു പ്രവാചകന്‍ - ഇത്രമേല്‍ പൂര്‍ണനായൊരു മനുഷ്യന്‍ ചരിത്രത്തില്‍ മറ്റെവിടെയുമില്ല. അവനിലേക്കുള്ള യാത്രയില്‍ സാമ്പ്രദായിക പൗരോഹിത്യത്തിന്‍റെ എട്ടുവരിപ്പാതയിലെ ആള്‍ക്കൂട്ടങ്ങള്‍ നമ്മെ ചിതറിച്ചുകളയും. പക്ഷേ, സന്ന്യാസത്തിന്‍റെ ഒറ്റയടിപ്പാതകള്‍ അവനിലല്ലാതെ ഒടുക്കം മറ്റെവിടെയാണെത്തിച്ചേരുക?