news-details
അക്ഷരം

ബഹുരൂപിയായ ഹിംസ

ഭൗതികമായി ഏറെ പുരോഗമിക്കുമ്പോഴും ലോകത്തില്‍ ഹിംസ പെരുകിവരുന്നതാണ് കാണുന്നത്. ഹിംസയുടെ രൂപഭാവങ്ങള്‍ നിരവധിയാണ്. സത്യാനന്തരകാലത്ത് ഹിംസ ആധിപത്യം ഏറ്റെടുത്തിരിക്കുന്നു. കുടുംബം മുതലുള്ള സാമൂഹ്യസ്ഥാപനങ്ങളെ ഹിംസ ഗ്രസിച്ചിരിക്കുന്നു. അഹിംസ ബലഹീനതയായി വ്യാഖ്യാനിക്കപ്പെടുന്നു. അനേകായിരങ്ങളെ കൊല്ലുന്ന യുദ്ധങ്ങളും കലാപങ്ങളും വര്‍ഗീയലഹളകളും എല്ലാം ഒരുവശത്ത്; വ്യക്തികള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളും മറുവശത്ത്. ചിന്തകളിലും മാധ്യമങ്ങളിലുമെല്ലാം ഹിംസാത്മകത താണ്ഡവമാടുന്നു. ഓരോ ദിവസവും നാം കാണുന്ന കാഴ്ചകളില്‍ ഹിംസ വന്നുനിറയുന്നു. അക്ഷമയും അസഹിഷ്ണുതയും ഏറിവരുന്ന വേഗമാര്‍ന്ന യുഗത്തില്‍ ഹിംസ എല്ലാ രംഗവും കൈയേറിയിരിക്കുന്നു. ഈ ചരിത്ര സന്ദര്‍ഭത്തില്‍ ഹിംസയുടെ ഭിന്നമുഖങ്ങളും സാധുതകളും വിശകലന വിധേയമാക്കുന്ന ആനന്ദിന്‍റെ 'താക്കോല്‍' എന്ന ലഘുനോവല്‍ ഏറെ പ്രസക്തമാണ്. മനുഷ്യന്‍റെ ജീനുകളില്‍ പെരുകിവരുന്ന ഹിംസാത്മകതയാണ് എഴുത്തുകാരന്‍ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നത്.

ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട രഘുനാഥ് റാവു എന്ന ശാസ്ത്രജ്ഞനുമായി നടത്തുന്ന ചര്‍ച്ചയില്‍നിന്ന് ആഖ്യാതാവ് അന്വേഷണത്തിനിറങ്ങുന്നു. സ്കൂളിന് അവധി ലഭിക്കാന്‍ സഹപാഠിയെ കൊല്ലുന്ന കുട്ടികളുടെ വാര്‍ത്ത പഴയ പത്രത്തില്‍ കണ്ടപ്പോള്‍ ആ ഹിംസ നടന്നസ്ഥലത്ത് എത്തി അന്വേഷണം നടത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ അയാളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ഒരിടത്തുനിന്നും ലഭിക്കുന്നില്ല. കാരണങ്ങള്‍ പോലുമില്ലാതെ ഹിംസ കടന്നുവരുന്നതില്‍ അസംബന്ധ സ്വഭാവമുണ്ട്. എന്നാല്‍ എവിടെയും ഹിംസ മുളപൊട്ടാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

"യുക്തിക്കെന്നല്ല, സാമാന്യബുദ്ധിക്കോ മാനവികതയ്ക്കോ നിരക്കാത്ത പുരാതനസമ്പ്രദായങ്ങളിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും എത്ര അനായാസമായാണ് മനുഷ്യന്‍ മടങ്ങിപ്പോകുന്നതെന്ന്" ഒരു സന്ദര്‍ഭത്തില്‍ രഘുനാഥ് റാവു പറയുന്നുണ്ട്. അതില്‍നിന്ന് പലപ്പോഴും അസഹിഷ്ണുതയും ഹിംസയും നാമ്പെടുക്കുന്നുമുണ്ട്. ശാസ്ത്രത്തിന്‍റെ സംഭാവനയായ ടെക്നോളജി പ്രദാനം ചെയ്യുന്ന എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുന്ന ആളുകള്‍ ചിന്തയില്‍ പ്രാകൃതത്വം കാത്തുസൂക്ഷിക്കുന്നു. ഈ വൈരുദ്ധ്യം നമ്മുടെ നാട്ടില്‍ പ്രകടമാണ്. ഭൂതകാലരതിയില്‍ ആണ്ടുമുങ്ങിയ ജനത മധ്യകാലഘട്ടത്തിലെ ഇരുട്ടിനെ ആരാധിക്കാന്‍ മടികാണിക്കുന്നില്ല.
ആചാരങ്ങള്‍ പ്രയോഗിക്കുന്നത് ജീവനുള്ളവരിലാണ്. 'കാലത്തിന്‍റെ പ്രകാശനമോ ചരിത്രമോ ഒന്നും ഇവിടെ സഹായത്തിനെത്തുന്നില്ല.' ചോദ്യം ചോദിക്കാന്‍, സംശയിക്കാന്‍ മറന്നുപോകുന്നവര്‍ അന്ധമായ ആരാധനയിലേക്ക് നിപതിക്കുന്നു. അതോടൊപ്പം ക്രൂരതയും കടന്നുവരുന്നു. എന്തുകൊണ്ടാണ് മനുഷ്യന്‍ ഇക്കാലത്തും ക്രൂരതയില്‍ അഭിരമിക്കുന്നത്? "മുമ്പില്‍ കാണപ്പെടാത്തവരുടെ നേരെയെന്നതുപോലെ , തൊടുക്കുകയും സംസാരിക്കുകയും ചെയ്യാന്‍ കഴിയുന്നവരുടെ നേരെയും മനുഷ്യന്‍ ക്രൂരത കാണിക്കുന്നു. കാരണമൊന്നും കൂടാതെയെന്നതുപോലെ, വികാരലേശമില്ലാതെയും." എത്രയെങ്കിലും ഉദാഹരണങ്ങള്‍ നമുക്കു ചൂണ്ടിക്കാണിക്കാം. "മനുഷ്യനില്‍ ഗഹനമായ ക്രൂരതയുണ്ട്. എല്ലാ ജീവികളിലും ക്രൂരതയുണ്ട്, തീര്‍ച്ച. പക്ഷേ അത് അതിജീവനത്തിന്‍റെ ആവശ്യത്തിനായി പ്രയോഗിക്കപ്പെടുന്നതാണ്. ആ ആവശ്യത്തെക്കാള്‍ കൂടുതലാണ് മനുഷ്യന്‍ കാണിക്കുന്ന ക്രൂരത" എന്ന അഭിപ്രായം ഒരു വസ്തുതയാണെന്ന് സമ്മതിക്കേണ്ടി വരും. ക്രൂരതയെന്നതുപോലെ മനുഷ്യനില്‍ ആര്‍ദ്രതയുമുണ്ട് എന്ന് ആഖ്യാതാവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രൂരതയെ മെരുക്കാനും ആര്‍ദ്രതയെ പോഷിപ്പിക്കാനും വേണ്ട ആരായലുകളും നടക്കേണ്ടതുണ്ട്.

യുക്തി ഉപയോഗിച്ച് പൊതുനന്മയും ഒപ്പം വ്യക്തിനന്മയും മുമ്പില്‍വച്ച്, സ്വരൂപിച്ചെടുക്കുന്ന ഒരു മുന്നേറ്റം അനിവാര്യമാണ്; 'നീതി'യില്‍ ഉറച്ച ഒരു ധാരയുടെ മുന്നോട്ടുള്ള ഒഴുക്ക്. എന്നാല്‍ ഇതിനെ തടയുന്ന ഒരു പ്രതിസംസ്കാരം ശക്തമാണെന്ന് എഴുത്തുകാരന്‍ ചൂണ്ടിക്കാണിക്കുന്നു. "യുക്തിയെ വകഞ്ഞുനീക്കുന്ന മാലിന്യങ്ങളായ വിശ്വാസങ്ങളും ആചാരങ്ങളും ഒന്ന്." "അധികാരവാഞ്ഛ, സ്വാര്‍ത്ഥത എന്നിവ വേറൊന്ന്." അത് എല്ലായിടത്തും വ്യാപരിക്കുന്നു. സംസ്കാരം എന്ന ഇമ്യുണ്‍സിസ്റ്റത്തെ ഹിംസാത്മകമായ പ്രതിസംസ്കാരം വിഴുങ്ങുന്നു. ഇത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. മനുഷ്യനു നേരെ മാത്രമല്ല, പ്രകൃതിക്കും സകല ജീവജാലങ്ങള്‍ക്കും നേരെ ഈ ഹിംസാത്മക പ്രതിസംസ്കാരം തിരിഞ്ഞിരിക്കുന്നു.

ആഖ്യാതാവ് അന്വേഷണം നടത്തുമ്പോള്‍ തൃപ്തികരമായ ഉത്തരം ലഭിക്കുന്നില്ല. 'വാസ്തവത്തില്‍ കുറ്റകൃത്യങ്ങള്‍ കാലാതീതമാണ്' എന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്. ചില ഹിംസകളെ നാം തന്നെ അംഗീകരിച്ചിരിക്കുന്നു. ഓരോ വ്യക്തിയിലും ഹിംസയുടെ പരാഗങ്ങളുണ്ട്. എന്നാല്‍ അതിനെ ഉദാത്തവല്‍ക്കരിക്കാന്‍ കഴിയുമ്പോള്‍ ഹിംസ പിന്‍വാങ്ങുന്നു. ഇതത്ര എളുപ്പമല്ല. പാമ്പ് ഉറയൂരുന്നതുപോലെ വേദനാജനകമായ ഒരു പ്രക്രിയയാണത്. ദുര്‍ബലന്‍റെ മേല്‍ ഹിംസ പ്രയോഗിക്കാനാണ് ഓരോരുത്തരും ഒരുങ്ങുന്നത്.

രഘുനാഥ് റാവു എന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ഉണ്ടോ? അറിയില്ല. സഹപാഠികള്‍ കൊന്നു കെട്ടിതൂക്കിയ കുട്ടിയുടെ വാര്‍ത്ത അസംബന്ധമാണോ? ആര്‍ക്കും ഉത്തരമില്ല. എന്നാല്‍ ഹിംസ കാലാതീതമായ സത്യമായി ഉയര്‍ന്നു നില്‍ക്കുന്നു. എല്ലാം വെറും തോന്നലുകളാണോ എന്ന് ആഖ്യാതാവ് സ്വയം ചോദിക്കുന്നുണ്ട്. ഞരമ്പുകളില്‍ കയറുന്ന ഏകാന്തത അയാളെ പൊതിയുന്നു. ഹിംസകളെല്ലാം ഒരു തരത്തിലുള്ള ബലിയാണെന്നു നാമറിയുന്നു. പലതിന്‍റെയും തുടര്‍ച്ചയാണിത്. ജീനുകളിലൂടെ പകര്‍ന്നുകിട്ടിയ ഹിംസയുടെ സ്വാധീനം.

പഴയ രാജാക്കന്മാര്‍ പോയി, പുതിയ അധികാരികള്‍ വന്നു. എങ്കിലും ഹിംസയ്ക്കു മാറ്റമില്ല. "ഇന്ന് നിങ്ങളുടെ മുമ്പില്‍ പുതിയ രാജാക്കന്മാര്‍ ജനങ്ങളുടെ മുതല്‍ വീതംപറ്റി പുതിയ കൊള്ളക്കാര്‍ക്ക് പതിച്ചു കൊടുക്കുമ്പോള്‍ അത് പതിവെന്ന മട്ടില്‍ നിങ്ങളുടെ ശ്രദ്ധതന്നെ നേടുന്നില്ല. അന്നും അത് പതിവെന്ന മട്ടില്‍ സ്വീകരിക്കപ്പെട്ടു." ഇതിലെല്ലാം ഒതുങ്ങിയിരിക്കുന്ന ഹിംസ ആരും തിരിച്ചറിയുന്നില്ല. 'ചരിത്രം ഒരു വലിയ മതിലാണ്. എപ്പോഴെങ്കിലും ഒരു സംയോഗംപോലെ, ഒരു വാതിലും താക്കോലും കിട്ടുമ്പോള്‍...' എന്ന് ആഖ്യാതാവ് സന്ദേഹിയാകുന്നു. ചരിത്രത്തില്‍ വാതില്‍ തുറക്കാനുള്ള താക്കോലാണ് വേണ്ടത്. എന്നാല്‍ ഹിംസയും ചരിത്രത്തിന്‍റെ ഭാഗമാണ്. "എന്‍റെ കൈയിലിരുന്ന് താക്കോല്‍ക്കൂട്ടം വിറച്ചു. ബൈതുള്‍ ഉലൂമയിലെ ഏഴുവയസ്സുകാരന്‍ അബ്ദുള്‍റഹ്മാന്‍റെ കേസ് ചുരുളഴിക്കുവാനുള്ള താക്കോല്‍ അതില്‍ ഏതാണ്?" എന്നു ചോദിച്ചുനിര്‍ത്തുമ്പോള്‍ വായനക്കാരനെ ചില സന്ദേഹങ്ങള്‍ വന്നു പൊതിയുന്നു.

ഹിംസയുടെ പൊരുള്‍ അന്വേഷിക്കുന്ന കൃതിയാണ് 'താക്കോല്‍.' ഹിംസയെ മറികടക്കാന്‍ ആര്‍ദ്രതയ്ക്കും നീതിബോധത്തിനുമേ സാധിക്കുകയുള്ളൂ. എല്ലാ കാലത്തും അരികിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവരുടെ, പീഡിതരുടെ പക്ഷത്തുനിന്നു ചിന്തിക്കുന്ന ആനന്ദിന്‍റെ അന്വേഷണങ്ങളുടെ തുടര്‍ച്ചയാണ് 'താക്കോല്‍.'

(താക്കോല്‍ - ആനന്ദ് - മാതൃഭൂമി ബുക്സ്)     

You can share this post!

സൂക്ഷ്മ സഞ്ചാരങ്ങള്‍

ഡോ. റോയി തോമസ്
അടുത്ത രചന

ഇറങ്ങിപ്പോക്കുകള്‍

ഡോ. റോയി തോമസ്
Related Posts