ജോസഫിന്റെ പണിശാലയുടെ ചിത്രം ശ്രദ്ധിച്ചിട്ടുണ്ടോ? മിക്കവാറും നീണ്ട അങ്കിയുടുത്ത്, അരയില്‍ ഒരു കെട്ടും കെട്ടി, റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ ചുണ്ടില്‍ സ്മിതവുമായി കൈയില്‍ പണിയായുധങ്ങളും നെറ്റിയില്‍ സ്വേദകണവുമൊക്കെയായി കലാകാരന്റെ ഭാവനയില്‍ ആ പണിശാല തിളങ്ങുകയാണ്. അരികെ മകന്‍ ജീസസ് ചെറിയ തടിക്കഷണവുമായി അപ്പനെ സഹായിക്കാന്‍ ഒരുങ്ങി നില്ക്കുന്നു. ജോസഫിന്റെ ഈ ചിത്രമായിരിക്കണം പിന്നെ മകന്‍ തന്റെ പരസ്യജീവിതകാലത്ത് തൊഴിലിന്റെയും തൊഴിലാളിയുടെയും മുദ്രയായി വിളിച്ചുപറഞ്ഞത്. അരമുറുക്കി വിളക്കുകൊളുത്തി ശ്രദ്ധയോടെ തൊഴിലില്‍ ഏര്‍പ്പെടണമെന്ന്. അങ്ങനെ തൊഴിലില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ് മകന് വ്യക്തമായ മേല്‍വിലാസമുണ്ടാക്കിക്കൊടുക്കാന്‍ ജോസഫിനായത്. തച്ചന്റെ മകന്‍ എന്നതായിരുന്നു ക്രിസ്തുവിന് ലഭിച്ച വിശേഷണം. ജോസഫ് ജീവിച്ചിരുന്ന കാലത്ത് അന്നാട്ടില്‍ വേറെയും തച്ചന്മാര്‍ ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ 'തച്ചന്‍' എന്ന വിശേഷണത്തിന് അര്‍ഹനായിരുന്നത് ജോസഫ് മാത്രമാണ്. അതുകൊണ്ടാണ് ജനക്കൂട്ടത്തിലൊരുവന്‍ ഉറക്കെ വിളിച്ചുചോദിക്കുന്നത്, ''ഇവന്‍ ആ തച്ചന്റെ മകനല്ലേ?'' എന്ന്.
ജോസഫ് എന്ന തച്ചനെ മറ്റ് തച്ചന്മാരില്‍നിന്ന് വ്യതിരിക്തനാക്കുന്ന ഘടകങ്ങളെന്തൊക്കെ? ഒന്നാമത് 'വര്‍ക്ക് എത്തിക്‌സ്' എന്നൊക്കെ വിളിക്കാവുന്ന തൊഴിലിന്റെ ധര്‍മ്മശാസ്ത്രം രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും ജോസഫ് കൊളുത്തുന്ന ഒരു വെളിച്ചമാണ്. നമ്മുടെ നാട്ടിലെ പെരുന്തച്ചന്റെ ഐതിഹ്യത്തിലും ഇത്തരമൊരു ധര്‍മ്മശാസ്ത്രം പൂവിടുന്നുണ്ട്. മരം മുറിക്കുന്നതിനുമുമ്പ്, ഇത്രയും കാലം ആ മരത്തെ തന്നോട് ചേര്‍ത്തുനിര്‍ത്തിയ ഭൂമിയോട് നന്ദിപറഞ്ഞും ആ മരത്തില്‍ കൂടുകെട്ടിയ കിളികളോട് അനുവാദം ചോദിച്ചും വെട്ടിവീഴ്ത്തുന്നതില്‍ മരത്തോട് മാപ്പു പറഞ്ഞുമൊക്കെ പണിയാരംഭിക്കുന്ന തച്ചന്മാരുടെ പാരമ്പര്യം നമുക്കു പരിചയപ്പെടുത്തുന്ന തച്ചുശാസ്ത്രത്തിന്റെ ധര്‍മ്മശാസ്ത്രമുണ്ട്. അത് ജോസഫ് എന്ന തച്ചന്‍ നിശ്ചയമായും തന്റെ ജീവിതത്തില്‍ അനുവര്‍ത്തിച്ചിട്ടുണ്ടാകും.
രണ്ടാമത്തെ സൂചന അരമുറുക്കി നില്‍ക്കുക എന്നതാണ്. പട്ടാളക്കാരും പോലീസുകാരുമൊക്കെ തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ ആജ്ഞ കിട്ടിക്കഴിയുമ്പോള്‍ ഉടന്‍തന്നെ ബെല്‍റ്റ് മുറുക്കി, യൂണിഫോം എല്ലാം നേരെയാക്കി എന്തിനും ഏതിനും സജ്ജരാകുന്നത് നമ്മള്‍ ചില സിനിമകളിലെങ്കിലും കണ്ടിട്ടുണ്ടാകും. സദാ സജ്ജരായിരിക്കുക എന്നതിന്റെ അടയാളമാണ് അര മുറുക്കിയിരിക്കുക എന്നു പറയുന്നത്. തന്റെ പണിശാലയില്‍, നീണ്ട അങ്കിയുടെമേല്‍ അരയില്‍ ഒരു കെട്ടോടുകൂടി ജോലിക്ക് തയ്യാറായി നില്‍ക്കുന്ന ജോസഫിന്റെ ചിത്രം മനോമുകുരത്തില്‍ കാണുക. ഒരു പണിയും ഒരിക്കലും പൂര്‍ണമാകുന്നില്ല, ഓരോന്നിനും ഇനിയും വെട്ടലും തിരുത്തലും സാധ്യമാണ്. 'എല്ലാം നന്നായിരിക്കുന്നു' എന്നൊരു റിമാര്‍ക്കിലെത്താന്‍ ഒരു പണിയുടെമേല്‍ എത്ര കാലം പൊരുന്നയിരുന്നാലാണ് സാധിക്കുക. ജിബ്രാന്റെ പ്രവാചകന്‍ അധ്വാനത്തെക്കുറിച്ച് പാടുന്നത് ജോസഫിന് നന്നായി ഇണങ്ങുന്ന ഈരടികളാണ്. ''നീ അധ്വാനിക്കുമ്പോള്‍ കിനാവിന്റെ പിറവിയില്‍ തന്നെ നിനക്കായ് നിയോഗിക്കപ്പെട്ട, ഭൂമിയുടെ വിദൂരസ്ഥമായൊരു കിനാവിന്റെ ഭാഗത്തിന് നീ സാഫല്യമാകുന്നു.''
മൂന്നാമത് വിളക്കുകൊളുത്തി നില്‍ക്കുക എന്നതാണ്. ചെയ്യുന്ന പണികള്‍ക്കു മീതെ ദൈവികചൈതന്യത്തിന്റെ പ്രകാശം തത്തിക്കളിക്കണം. അല്ലെങ്കില്‍ കത്തീഡ്രല്‍ പണിയുന്നവന്‍ വെറും കരിങ്കല്‍ തൊഴിലാളിയായി മാറും. ധൂര്‍ത്തപുത്രന്റെ കഥയിലെ മൂത്തജ്യേഷ്ഠനെപ്പോലെ അടിമവേല ചെയ്ത് ആടിനെപ്പോലെ അലഞ്ഞുവെന്ന് സ്പര്‍ദ്ധയുള്ള വാക്കോതും. 'മനുഷ്യപുത്രനായ യേശു' എന്ന ജിബ്രാന്‍ കൃതിയിലെ നസ്രത്തിലെ ധനികന്‍ യേശുവെന്ന ആശാരിയെ ഓര്‍ക്കുമ്പോള്‍ ഇങ്ങനെ പറയും: അവനുണ്ടാക്കിയിരുന്ന ജനല്‍പ്പഴുതുകള്‍ പ്രാതകാലസൂര്യന്റെ സുവര്‍ണ്ണഛവിയെ ഏറ്റുവാങ്ങി മുറികളില്‍ ആഹ്ലാദം നിറയ്ക്കും വിധമായിരുന്നു. ഒരു പക്ഷേ കിഴക്കിനോട് യേശുവിന് പ്രത്യേകമായ ഒരാഭിമുഖ്യം ഉണ്ടായിരുന്നിരിക്കണം. അവിടെ നിന്നാണല്ലോ ലോകത്തിന്റെ വെളിച്ചം വരുന്നത്. വെളിച്ചത്തെ സ്വാഗതം ചെയ്യാനും ഹൃദയത്തിലുള്‍ക്കൊള്ളാനും ഈ കവാടങ്ങള്‍ക്കു കഴിയണമെന്ന് യേശു കരുതിയിരിക്കാം.'' ഞാന്‍ ലോകത്തിന്റെ പ്രകാശമാണെന്ന് പ്രഘോഷിക്കാനുള്ള ധൈര്യം അവന്‍ സംഭരിച്ചത് അവന്റെ പണിത്തരങ്ങളില്‍ അവന്‍ കുടിയിരുത്തിയ പ്രകാശനാളങ്ങളില്‍ നിന്നാണെന്ന് സുവ്യക്തം.
തച്ചന്റെ മകനെന്ന മേല്‍വിലാസം യേശുവിന് ഉണ്ടാക്കിക്കൊടുക്കുന്നതില്‍ ജോസഫ് നൂറുശതമാനവും വിജയിച്ചു. മേയ് ഒന്ന്. അന്താരാഷ്ട്രതൊഴിലാളി ദിനം. പന്തം കൊളുത്തി അരയും തലയും മുറുക്കി മുഷ്ടികള്‍ വായുവിലേക്കുയര്‍ത്തി തൊഴിലാളികള്‍ ഉറക്കെ വിളിക്കും ഇങ്ക്വിലാബ് സിന്ദാബാദ്. അരമുറുക്കി വിളക്ക് കൊളുത്തുന്നതിന്റെ ജോസഫ് മാര്‍ഗം വഴികാട്ടിയാവട്ടെ. തൊഴിലാളി മദ്ധ്യസ്ഥന്റെ തിരുനാള്‍ ആശംസകള്‍ എല്ലാ തൊഴിലാളികള്‍ക്കും സ്‌നേഹപൂര്‍വ്വം നേരുന്നു.