ചില മനുഷ്യര്‍ നടത്തുന്ന യാത്രകള്‍ വിസ്മയം ജനിപ്പിക്കുന്നതാണ്. ഈ പ്രപഞ്ചത്തിന്റെ വിശാലതകളിലൂടെ അവര്‍ സഞ്ചരിക്കുന്നു. സാധാരണക്കാരുടെ ജീവിതത്തെ ത്വരിപ്പിക്കുന്നതല്ല പ്രതിഭകളെ പ്രലോഭിപ്പിക്കുന്നത്. അവര്‍ നടക്കുന്നത് അനന്യമായ രഥ്യകളിലൂടെയാണ്. അത്തരത്തില്‍ സഞ്ചരിച്ചു പ്രതിഭയാണ് സാലിം അലി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ പക്ഷിനിരീക്ഷകനായ അദ്ദേഹത്തിന്റെ ജീവിതം വരച്ചിടുന്ന വിശിഷ്ടഗ്രന്ഥമാണ് 'ഒരു കുരുവിയുടെ പതനം'. അദ്ദേഹം നടത്തിയ ജീവിതയാത്ര പ്രകൃതിയിലേക്കുള്ള സഞ്ചാരമായിരുന്നു. എല്ലാറ്റിനെയും അണച്ചുപിടിക്കുന്ന പാരസ്പര്യത്തിന്റെ മഹാഗാഥയാണ് സാലിം അലി വിരചിക്കുന്നത്. വിവര്‍ത്തകനും യാത്രികനുമായ കെ.ബി. പ്രസന്നകുമാറാണ് സാലിം അലിയുടെ വാങ്മയങ്ങള്‍ മലയാളത്തിലാക്കിയിരിക്കുന്നത്.
പക്ഷികളെ വേട്ടയാടി നടന്നവന്‍ പ്രകൃതിസ്‌നേഹിയും പക്ഷിനിരീക്ഷകനുമായി മാറുന്നതാണ് ഈ ആത്മകഥയില്‍ നിന്ന് വ്യക്തമാകുന്നത്. ഒരു കുരുവിയുടെ പതനം അദ്ദേഹത്തിന്റെ ജീവിതം മാറ്റിവരയ്ക്കുന്നു. തുടര്‍ന്ന് അദ്ദേഹം സംസാരിക്കുന്നത് എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ്. മനുഷ്യകേന്ദ്രിതമല്ല അദ്ദേഹത്തിന്റെ ദര്‍ശനം. മനുഷ്യന്‍ ഭൂമിയിലെ ഒരംഗം മാത്രമാണ്. സവിശേഷാധികാരിയല്ല മാനവര്‍ എന്ന് സാലിം അലി മനസ്സിലാക്കുന്നു. മനുഷ്യകേന്ദ്രിതദര്‍ശനങ്ങള്‍ പ്രകൃതിയില്‍ ആവശ്യത്തില്‍കൂടുതല്‍ ക്ഷതങ്ങള്‍ ഏല്പിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു തിരുത്തലിന്റെ പാതയാണ് സാലിം അലി തുറന്നിടുന്നത്. 'ഒരു കുരുവി മുറിവേറ്റ് പതിച്ചപ്പോള്‍, ഒരു വലിയ ജീവിതം ചിറകുവിടര്‍ത്തിയതിന്റെ കഥയാണിത്' എന്ന് വിവര്‍ത്തകന്‍ എടുത്തു പറയുന്നു. ''ഒരു കാര്യം ഞാന്‍ നിസ്സംശയം പറയാം, ആ മഞ്ഞത്താലിക്കുരിവിയാണ് പക്ഷികളിലുള്ള എന്റെ താല്പര്യത്തെ ഗൗരവമാക്കിയത്. തുടര്‍ന്നുള്ള എല്ലാ സംഭവപരമ്പരകള്‍ക്കും കാരണമായത്, മുറിവേറ്റു പതിച്ച ആ മഞ്ഞക്കിളിതന്നെ'' എന്ന് സാലിം അലി പറയുന്നു.
'ജന്തുശാസ്ത്രം, വിശേഷിച്ചും പക്ഷിപഠനശാസ്ത്രം പഠിച്ച് അചഞ്ചലനായ ഗവേഷകനായി, പഠിതാവായി മാറുക' എന്ന ആഗ്രഹമാണ് സാലിം അലിയെ കുട്ടിക്കാലം മുതല്‍ പ്രലോഭിപ്പിച്ചത്. തന്റെ വഴിയില്‍ അദ്ദേഹം ഉറച്ചു നിന്നു. വലിയൊരു സഞ്ചാരമായി സാലിം അലിയുടെ ജീവിതം മാറുകയായിരുന്നു. പ്രകൃതിയിലേക്കുള്ള തീര്‍ത്ഥാടനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് നാമറിയുന്നു. 'പഠിക്കുവാന്‍ വിഷമമുള്ളത് പഠിക്കുന്നത് കൗതുകകരമാണ്. എത്രമേല്‍ സങ്കീര്‍ണ്ണമാണ് ആ പഠനപ്രക്രിയയെങ്കിലും അതൊടുവില്‍ ആനന്ദകരമാകും. അറിവ് നിലനില്ക്കുകയും ചെയ്യും'' എന്ന് അദ്ദേഹത്തിന്റെ അനുഭവംകൊണ്ട് മനസ്സിലാകുന്നു. ലോകത്തിന്റെ വിഭിന്നഭാഗങ്ങളില്‍ സഞ്ചരിച്ച് സാലിം അലി പഠനം തുടര്‍ന്നു. പക്ഷിനിരീക്ഷണത്തിലെ ആധികാരികശബ്ദമായി അദ്ദേഹം മാറിയത് നിസ്ത...മായ അന്വേഷണത്തിലൂടെയാണ്. സാലിം അലിയുടെ ഉള്‍ക്കാഴ്ചകള്‍ പ്രകൃതിസ്‌നേഹത്തിന്റെ ദര്‍ശനമായി വികസിക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ പരിമിതചട്ടക്കൂടുകള്‍ മറികടന്നു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ വിജ്ഞാനം. പകരംവയ്ക്കാനാവാത്ത അറിവിന്റെ ലോകമാണ് അദ്ദേഹം തുറന്നിടുന്നത്. തന്റെ സ്‌നേഹദര്‍ശനത്തെ പ്രപഞ്ചത്തോളം വിശാലമാക്കുകയാണ് അദ്ദേഹം ചെയ്തത്. പ്രകൃതിമനുഷ്യദ്വന്ദ്വത്തെ അതിലംഘിക്കുന്ന പാരസ്പര്യം നാം തിരിച്ചറിയുന്നു. 'ദക്ഷിണേന്ത്യന്‍ പര്‍വതങ്ങളുടെ അനുപമസൗന്ദര്യം, സഹ്യാദ്രി എന്നു വിളിക്കുന്ന പശ്ചിമഘട്ടനിരകള്‍, അവിടുത്തെ പുരാതനമായ നിത്യഹരിതവനങ്ങളുടെ സാന്ദ്രഹരിതവും ജൈവഹരിമയും - ഇവ കൂടാതെതന്നെ ഈ ഭാഗത്തെ സസ്യ-ജന്തു ജീവിതത്തിന് എന്തോ സവിശേഷതയുണ്ട്' എന്ന നിരീക്ഷണം സാലിം അലിയുടെ കാഴ്ചകളിലെ സവിശേഷത വ്യക്തമാക്കുന്നു. കേവലം പക്ഷിനിരീക്ഷണത്തിനപ്പുറം പ്രകൃതിസ്‌നേഹത്തിന്റെ അതിവിശാലലോകമാണ് സാലിം അലിയെ മുന്നോട്ടു നയിച്ചത്. 'സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയക്കാരും ചേര്‍ന്ന് അനാഘ്രാതമായ നിത്യഹരിതമേഖലയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു' എന്ന് അദ്ദേഹം തിരിച്ചറിയുന്നു. പശ്ചിമഘട്ടമലനിരകള്‍ നേരിടുന്ന ഭീഷണി നാം ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ട്. സാലിം അലി ഇക്കാര്യം വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞിരുന്നു.
'ഓരോ മേഖലയും അതാതിന്റെതായ തനിമയുള്ള സസ്യജാലങ്ങളും പക്ഷിജാലങ്ങളും ഒരുക്കിയിരിക്കുന്നു. വളരെ നാടകീയമാണ് ഈ പരിണാമങ്ങള്‍'. ഈ പരിണാമങ്ങളാണ് സാലിം അലി നിരീക്ഷിച്ചുകണ്ടെത്തുന്നത്. സവിശേഷതകളിലേക്ക് അദ്ദേഹത്തിന്റെ മിഴികള്‍ വേഗമെത്തുന്നു. തനിമയാര്‍ന്ന മുഖങ്ങള്‍ പ്രകൃതിയില്‍, ജീവജാലങ്ങളില്‍ കണ്ടെത്തുകയാണ് അദ്ദേഹം. ''മനുഷ്യന്റെ ആര്‍ത്തിക്കും മദത്തിനും ഒരിടത്തും കുറവുവരില്ലല്ലോ. അപഹാസ്യവും ദയനീയവുമാണത്. നാളെ എന്ന പ്രതീക്ഷയ്‌ക്കോ ഗുണത്തിനോവേണ്ടി മനുഷ്യന്‍ കഷ്ടപ്പെടുകയാണ്. അല്ലെങ്കില്‍ മോക്ഷത്തിനായി പരിശ്രമിക്കുന്നു. ഈയൊരു ജീവിതത്തില്‍ നിന്ന് ഗുണമുള്‍ക്കൊണ്ട് മനുഷ്യന് തൃപ്തിസമ്പാദിച്ചു കൂടേ? അതവന്റെ നിയന്ത്രണത്തിലൂടെതന്നെ നടക്കും. അവന് ഒരു നിയന്ത്രണവുമില്ലാത്ത ഭാവിയെ, അതിന്റെ പാട്ടിനു വിടുകയല്ലേ നല്ലത്?'' എന്ന സാലിം അലിയുടെ ചോദ്യം എന്നും പ്രസക്തമാണ്. മനുഷ്യന്റെ ആര്‍ത്തിയാണ് ഈ പ്രപഞ്ചത്തെ കൊന്നുകൊണ്ടിരിക്കുന്നത്.
മൃദുലമായ കിടക്കയില്‍ അമര്‍ന്നു കിടക്കുന്നതിനു പകരം സാലിം അലി കൂര്‍ത്ത കല്ലിനുമീതെ നടന്നു. ഇതാണ് സാഹസികരുടെ വഴി എന്ന് അദ്ദേഹം കാണിച്ചു തരുന്നു. ഇത്തരം സാഹസികര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ വിവിധങ്ങളാണ്. വെല്ലുവിളികളെ അതിജീവിച്ചാണ് സാലിം അലിയെപ്പോലുള്ളവര്‍ സ്വന്തം ലോകം സൃഷ്ടിക്കുന്നത്. യഥാര്‍ത്ഥജ്ഞാനത്തിലേക്കുള്ള വഴി ക്ലേശപൂരിതമാണെന്ന് അദ്ദേഹത്തിന്റെ യാത്ര തെളിയിക്കുന്നു.
'എത്തുക എന്നതിനേക്കാള്‍ നല്ലത് യാത്ര ചെയ്യുക'യാണെന്ന് തിരിച്ചറിഞ്ഞ അന്വേഷകനാണ് സാലിം അലി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മുന്നില്‍ ഉള്‍ക്കാഴ്ചയുടെ ജ്ഞാനത്തിന്റെ വെളിച്ചം കടന്നുവന്നത്. 'നല്ലൊരു ക്യാമറയെക്കാള്‍ പ്രധാനമായി ചിലതുണ്ടെങ്കിലേ നല്ല ഒരു ചിത്രം ലഭിക്കൂ' എന്നറിഞ്ഞവന്‍ വിസ്മയനിമിഷങ്ങളാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. 'എന്റെ പക്ഷിസ്‌നേഹം വികാരപരമായ പ്രശ്‌നം മാത്രമല്ല. അത് സൗന്ദ്യര്യാത്മകമാണ്. ശാസ്ത്രീയവുമാണ്. പ്രായോഗികവും ഫലകാംക്ഷിയുമാണ്' എന്നാണ് സാലിം അലി പ്രസ്താവിക്കുന്നത്. 'ജനനമരണങ്ങള്‍ക്ക് പ്രത്യേകപ്രതിവിധികളില്ലാത്തതിനാല്‍ ഇടവേളകളെ ആനന്ദകരമാക്കുക' എന്ന സന്റായനയുടെ ചിന്തയ്‌ക്കൊപ്പമാണ് സാലിം അലി മുന്നേറിയത്.
ഡില്ലന്‍ റിപ്പി സാലിം അലിയെക്കുറിച്ചെഴുതിയത് അര്‍ത്ഥപൂര്‍ണ്ണമാണ്. ''ഓ സാലിം, വീരനായകാ, അറിവിന്റെ തെളിനീരേ, അതുല്യനാം മനുഷ്യാ, കാലങ്ങളിലൂടെ പ്രകാശിക്കും നിന്റെ അറിവുകള്‍. അണയുകയില്ല, നീയാം ദീപം''. അതുല്യജ്ഞാനപ്രഭാമയ സാലിം അലിയുടെ സംഭാവനകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
(ഒരു കുരുവിയുടെ പതനം - സാലിം അലി - പരിഭാഷ: കെ.ബി. പ്രസന്നകുമാര്‍ - മാതൃഭൂമി ബുക്‌സ്)