ഒരു വിദ്യാഭ്യാസ ഉപദേശക എന്ന നിലയില്‍ അധ്യാപകര്‍ പഠിപ്പിക്കുന്നത് ഞാന്‍ നിരീക്ഷിക്കാറുണ്ട്. തമിഴ്‌നാട്ടിലെ നിരവധി സ്‌കൂളുകളിലെ ക്ലാസ്സ് മുറികളില്‍ നിരവധി മണിക്കൂറുകള്‍ അധ്യയനം നിരീക്ഷിച്ച എന്നെ ഒരു പ്രത്യേക പ്രതിഭാസം ഞെട്ടിച്ചു. നമ്മുടെ കുട്ടികളോട് നാം ചിന്തിക്കാന്‍ ആവശ്യപ്പെടുന്നില്ല.
ഏതാനും മാസം മുന്‍പ് ഞാനൊരു ജീവശാസ്ത്രക്ലാസ് ശ്രദ്ധിക്കുകയായിരുന്നു. വിസര്‍ജന പ്രക്രിയയെക്കുറിച്ച് അധ്യാപിക ക്ലാസെടുക്കുന്നു. ക്ലാസിനുശേഷം ആര്‍ക്കെങ്കിലും സംശയമുണ്ടോ എന്ന് പതിവുചോദ്യം. ഒരു മിടുക്കന്‍ കയ്യുയര്‍ത്തി. ചോദിക്കാന്‍ അധ്യാപികയുടെ അനുമതി. ''മിസ് ഛര്‍ദ്ദിയും വിസര്‍ജ്യമല്ലേ. അത് പാഠപുസ്തകത്തിലില്ലല്ലോ?'' നിരീക്ഷകയെന്ന നിലയില്‍ എനിക്ക് കൗതുകമായി, ഇതാ ചിന്തിക്കുന്ന ഒരുവന്‍.
അധ്യാപികയുടെ പ്രതികരണമറിയുവാന്‍ എനിക്ക് ആകാംക്ഷയായി. അവള്‍ എന്തു പറയും. ''നല്ല ചോദ്യം, അതു സംബന്ധിച്ച് കുറച്ചു കാര്യങ്ങള്‍ കൂടി നമുക്ക് നോക്കാം'' എന്നു പറയുമോ? ഛര്‍ദ്ദി എന്തുകൊണ്ട് പാഠപുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ടില്ല എന്ന് അന്വേഷിക്കാന്‍ അവള്‍ തയ്യാറാകുമോ? വിസര്‍ജ്യങ്ങളെ നാം എങ്ങനെ തരംതിരിക്കുന്നു എന്ന വിഷയത്തില്‍ ഒരു ചര്‍ച്ചക്ക് അവള്‍ തയ്യാറാവുമോ? അക്കാര്യത്തില്‍ അവള്‍ക്കു തന്നെ വ്യക്തതയില്ലെങ്കില്‍ ഒന്നിച്ചൊരു അന്വേഷണത്തിനു തയ്യാറാവുമോ? (കൊള്ളാം നല്ല ചോദ്യം... നമുക്കൊരുമിച്ച് അതെക്കുറിച്ച് ആലോചിക്കാം).
പക്ഷേ ഞാന്‍ നിരാശയായി. പാവം അധ്യാപിക പാഠപുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിക്കുക മാത്രം ചെയ്തു. ''... നമ്മുടെ ശരീരം മൂന്നു തരം വിസര്‍ജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നു. മലം, മൂത്രം, വിയര്‍പ്പ്...'' ശേഷം അവള്‍ പുറത്തേക്കു പോയി. ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥി നിസ്സഹായനായി തലയാട്ടി. അവന്‍ തീര്‍ച്ചയായും ഒരു സന്ദേശം പകരുകയായിരുന്നു. സ്‌കൂള്‍ ചിന്തിക്കാനും ചോദ്യം ചോദിക്കാനും ഉള്ള സ്ഥലമല്ല. പുസ്തകത്തില്‍ പറഞ്ഞത് പഠിച്ച് ഓര്‍മ്മിച്ചെടുക്കുക മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. മൂല്യവത്തായത് ഒന്നുമാത്രം - ഓര്‍മ്മശക്തി.
സംവിധാനത്തിന്റെ വീഴ്ച
കാലഹരണപ്പെട്ട, കുത്സിതമായ പരീക്ഷകള്‍ക്കു ചുറ്റും കറങ്ങുന്ന നമ്മുടെ വിദ്യാഭ്യാസമ്പ്രദായം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ചിന്താശേഷി വിട്ടുകളഞ്ഞ് പാഠപുസ്തകം കാണാതെ പഠിക്കുന്നതിന് പ്രേരിപ്പിക്കുന്നു. അതിനര്‍ത്ഥം രാജ്യത്തെമ്പാടും ആയിരക്കണക്കിന് അധ്യാപകര്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാനും കുട്ടികളെ പരീക്ഷയ്ക്ക് തയ്യാറാക്കാനും നന്നായി 'സ്‌കോര്‍' ചെയ്യാന്‍ അവരെ സന്നദ്ധരാക്കാനും പാടുപെടുന്നു. ഉത്കണ്ഠാകുലരായ കുട്ടികളാകട്ടെ വിവരങ്ങള്‍ ഓര്‍മ്മിച്ചു വയ്ക്കാനും പരീക്ഷാക്കടലാസ്സില്‍ ഛര്‍ദ്ദിച്ചുവയ്ക്കാനും മണിക്കൂറുകള്‍ ചെലവിടുന്നു.
എല്ലാ ക്ലാസുകളിലും അധ്യാപകര്‍ പാഠപുസ്തകത്തിലെ പാഠ്യഭാഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്കുന്നു. വിദ്യാര്‍ത്ഥികളായിരിക്കേ അവര്‍ പഠിച്ചെടുത്ത, ബി. എഡ്. ക്ലാസുകളില്‍ അവര്‍ പരിശീലിച്ചെടുത്ത അതേ പാഠഭാഗങ്ങള്‍. പാഠഭാഗങ്ങള്‍ വിശദീകരിക്കേ അവര്‍ കുട്ടികള്‍ ശ്രദ്ധിക്കുന്നു എന്നും അവര്‍ക്ക് ശരിയായ ഉത്തരം ലഭിച്ചു എന്നും ഉറപ്പുവരുത്താന്‍ പാഠഭാഗത്തെക്കുറിച്ചുതന്നെ ചില ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ക്ലാസിനുശേഷം എന്തെങ്കിലും സംശയമുണ്ടോ എന്നാരായുന്നു. എല്ലാ ക്ലാസുകളിലും ഈ നാടകം ആവര്‍ത്തിക്കുന്നു.
പാഠഭാഗത്തിനു പുറത്തുനിന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന അധ്യാപകരെ അപൂര്‍വ്വമായേ ഞാന്‍ കണ്ടിട്ടുള്ളൂ. 'എന്തുകൊണ്ട്' അല്ലെങ്കില്‍ 'നിങ്ങള്‍ എന്തു വിചാരിക്കുന്നു' എന്ന് ആരംഭിക്കുന്ന ചോദ്യങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല? വ്യത്യസ്തമായ ചിന്തകളെ ഉണര്‍ത്തുന്ന, കുട്ടികളോട് സ്വന്തം തലച്ചോറ് ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്ന ചോദ്യങ്ങള്‍ എവിടെ?
നല്ല ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികള്‍ എന്തുകൊണ്ട് പ്രശംസിക്കപ്പെടുന്നില്ല? 'ചിന്ത' എന്തുകൊണ്ട് ക്ലാസ്മുറികളില്‍ വിലമതിക്കപ്പെടുന്നില്ല? ''കുട്ടികള്‍ പ്രകൃത്യാ ജിജ്ഞാസുക്കളാണ്... അവര്‍ ചോദ്യങ്ങള്‍ ചോദിക്കും. പക്ഷേ തുടര്‍ച്ചയായി ചോദിക്കുന്നത് മുതിര്‍ന്നവരുടെ പ്രതികരണത്തെ ആശ്രയിച്ചായിരിക്കും'' എന്ന് അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് സ്റ്റേണ്‍ബര്‍ഗ് പറയുന്നു.
എന്താണ് കൂടുതല്‍ പ്രധാനം? ശരിയായ ഉത്തരം കിട്ടുന്നതോ? ശരിയായ ചോദ്യം ചോദിക്കുന്നതോ? ചോദ്യങ്ങള്‍ ചിന്തയുടെയും പഠനത്തിന്റെയും പരീക്ഷണത്തിന്റെയും സൃഷ്ടിയുടെയും അടിത്തറയാണെന്ന് ചിന്തകര്‍ പറയുന്നു.
ചോദ്യത്തില്‍ നിന്നാണ് ഇന്നുള്ള അറിവെല്ലാമുണ്ടാകുന്നതെന്ന് എഴുത്തുകാരനും വിദ്യാഭ്യാസവിചക്ഷണനുമായ നീല്‍ പോസ്റ്റുമാന്‍ പറയുന്നു. മനുഷ്യന്റെ ഏറ്റവും പ്രസക്തമായ ബൗദ്ധികസമ്പത്ത് ചോദ്യം ചോദിക്കാനുള്ള ശേഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മാനേജ്‌മെന്റ് ഉപദേശകനും എഴുത്തുകാരനുമായ പീറ്റര്‍ ഡക്കര്‍ ഈ അഭിപ്രായം ശരിവയ്ക്കുന്നു. ശരിയായ ഉത്തരത്തിന്റെ അഭാവമല്ല മാനേജ്‌മെന്റ് പിഴവുകള്‍ക്ക് ഏറെയും കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മറിച്ച് ശരിയായ ചോദ്യങ്ങള്‍ ഉയരാത്തതിനാലത്രേ.
ചോദ്യം ചെയ്യലിന്റെ നീണ്ട പാരമ്പര്യം ഇന്ത്യന്‍ സംസ്‌കാരത്തിനുണ്ട് ഇന്ത്യയുടെ മഹദ്ഗ്രന്ഥങ്ങള്‍ (ഉദാ. ഗീത) പ്രകോപിപ്പിക്കുന്ന, പുരോഗമനാത്മകമായ സംവാദങ്ങള്‍ക്കു ചുറ്റുമാണ് രൂപപ്പെട്ടതെന്ന് 'സംവദിക്കുന്ന ഇന്ത്യന്‍' അമര്‍ത്യസെന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചോദ്യമാണ് പ്രധാനമെന്ന് നമ്മുടെ ചിന്തകര്‍ അറിഞ്ഞിരുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെങ്കില്‍ നാം ചിന്തിക്കുന്നില്ല. ആഴത്തില്‍ മൗലികമായി ചിന്തിക്കാന്‍ ചോദ്യങ്ങള്‍ ചോദിച്ച തീരൂ. സ്വന്തമായി ചിന്തിക്കാനും ശരിയായ ചോദ്യങ്ങള്‍ ചോദിക്കാനും നാം കുട്ടികളെ പഠിപ്പിക്കേണ്ട സമയമായിരിക്കുന്നു.
അധ്യാപകരില്‍ നിന്ന് തുടങ്ങാം
അധ്യാപകരില്‍ നിന്ന് നാം തുടങ്ങേണ്ടിയിരിക്കുന്നു. ചിന്തയിലേക്ക്, ചോദ്യം ചെയ്യലിലേക്ക് നമ്മുടെ അധ്യാപക-വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഷ്‌കരിക്കുന്നതിന് നാം തുടക്കമിടേണ്ടിയിരിക്കുന്നു.
ചില മൗലിക ചോദ്യങ്ങളെ നേരിടാന്‍ നാം അധ്യാപകരെ പ്രേരിപ്പിക്കേണ്ടിയിരിക്കുന്നു. ഞാന്‍ എന്തിനു പഠിപ്പിക്കുന്നു? സ്‌കൂളിന്റെ ഉദ്ദേശ്യമെന്ത്? ഞാന്‍ ഓരോ ദിവസവും എന്തു ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്? ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു വിദ്യാര്‍ത്ഥി പഠിക്കേണ്ടത് എന്ത്? നമ്മുടെ കുട്ടികള്‍ ചിന്തിക്കുന്നു എന്നും പഠിക്കുന്നു എന്നും നാം എങ്ങനെ ഉറപ്പുവരുത്തും?
രണ്ട് പ്രധാനകാര്യങ്ങള്‍ നമുക്ക് ഉറപ്പുവരുത്താം. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന തുറന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ അധ്യാപകരെ നമുക്ക് പ്രോത്സാഹിപ്പിക്കാം. പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകരെ സന്നദ്ധരാക്കാം. അങ്ങനെ നമുക്കു ക്ലാസുമുറികളില്‍ ചിന്തയുടെ സ്ഫുലിംഗങ്ങള്‍ കണ്ടുതുടങ്ങാം.
(വിദ്യാഭ്യാസവിചക്ഷണയും ഗ്രന്ഥകാരിയുമാണ് ലേഖിക. അധ്യാപകരെ പരിശീലിപ്പിക്കുന്ന ട്രീ (Tree) എന്ന സ്ഥാപനത്തിന്റെ സ്ഥാപക.
കടപ്പാട് - ദ ഹിന്ദു