ഈശോ പറഞ്ഞു: 'ഫിലിപ്പോസേ എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു' (യോഹ. 14/ 9) 'വഴിയും സത്യവും ജീവനും ഞാനാണ്' (യോഹ. 14 /6). പിതാവിലേക്ക് കൈചൂണ്ടി നില്‍ക്കുന്ന വഴികാട്ടിയായിരുന്നു ക്രിസ്തു. ദൈവത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു അവന്‍റെ മുഴുവന്‍ ജീവിതവും. അതുകൊണ്ട് കൂടിയാണ് അവന്‍റെ വാക്കുകള്‍ക്ക് ഇപ്പോഴും ഇത്രയും മുഴക്കം. സുവിശേഷം പ്രഘോഷിക്കാനും അതിനു സാക്ഷികള്‍ ആകാനും അവന്‍ മനുഷ്യരെ തന്നിലേക്ക് ക്ഷണിക്കുകയും ശിഷ്യരെ നിയോഗിക്കുകയും ചെയ്തു. 'എന്നെ സ്നേഹിക്കുന്നവൻ എന്നിലും ഞാന്‍ അവനിലും വസിക്കും' (യോഹ. 14 /21) എന്ന വാഗ്ദാനം പൂര്‍ത്തിയാക്കിക്കൊണ്ട് അവനിപ്പോഴും മനുഷ്യരില്‍ വസിക്കുകയും മനുഷ്യരിലൂടെ ജീവിക്കുകയും ചെയ്യുന്നു. ചിലരെ കാണുമ്പോള്‍, ചിലരുടെ ജീവിതം ഓര്‍ക്കുമ്പോള്‍ നമുക്ക് ക്രിസ്തുവിനെ ഓര്‍മ്മ വരുന്നത് അതുകൊണ്ടാണ്.
പതിവുപോലെ ഒരുപാട് വിശുദ്ധ ജന്മങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് ഒക്ടോബര്‍ മാസം. അതില്‍ വളരെ പ്രിയപ്പെട്ട അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്. ഭൂമിയിലൂടെ ക്രിസ്തുവിന്‍റെ പരിമളമായി ഫ്രാന്‍സിസ് കടന്നുപോയി. ദുര്‍ഗമമായ പാതയിലൂടെ നടന്നും ഓടിയും ക്രിസ്തുവിലേക്കുള്ള തന്‍റെ യാത്രയിലെ വിയര്‍പ്പും കണ്ണീരും ചേര്‍ത്തുവച്ച ക്രിസ്തുവിന്‍റെ പരിമളമായിരുന്നു വിശുദ്ധ ഫ്രാന്‍സിസ്. അങ്ങനെ ആയിരുന്നുവല്ലോ വിശുദ്ധ പൗലോസും കൂട്ടരും സ്വയം അടയാളപ്പെടുത്തിയിരുന്നത്. 'ഞങ്ങള്‍ ദൈവത്തിന് ക്രിസ്തുവിന്‍റെ പരിമളമാണ്'(2കോറി.2/15). ഫ്രാന്‍സിസ് പോയ വഴികളിലും കണ്ടുമുട്ടിയ മനുഷ്യരിലേക്കും ആ സുഗന്ധം താനറിയാതെ തന്നെ പരത്തികൊണ്ടിരുന്നു. അങ്ങനെ ഫ്രാന്‍സിസിനെ കണ്ടവരൊക്കെ ക്രിസ്തുവിനെ അനുസ്മരിച്ചു. താനോ ദൈവമോ എന്ന് തെരഞ്ഞെടുക്കേണ്ട ജീവിതത്തിന്‍റെ ഒരു ദശാസന്ധിയില്‍ അദ്ദേഹം ദൈവത്തെ opt ചെയ്യുന്നു. ഈശോയുടെ സ്നേഹത്തെ പിഞ്ചെല്ലാന്‍ തീരുമാനിച്ച നിമിഷം മുതല്‍ ജീവിതം അയാളോട് വളരെ കഠിനമായി പെരുമാറുന്നുണ്ട്. അതോ കഠിനമെന്ന് നമുക്ക് തോന്നുന്ന ജീവിതത്തെ അദ്ദേഹം തിരഞ്ഞെടുക്കുകയായിരുന്നോ? ഒരുപക്ഷ അതായിരിക്കും കൂടുതല്‍ ശരി. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ പരിശ്രമിക്കുവിനെന്നാണല്ലോ ഗുരുമൊഴി. തീരെ നിസ്സാരമെന്ന് തോന്നുന്ന ഒരു ജീവിതത്തിലൂടെ ചുറ്റുമുള്ള പരിസരങ്ങളെ വളരെ ചലനാത്മകമായി അദ്ദേഹം സ്പര്‍ശിച്ചു.
വിശുദ്ധ ഫ്രാന്‍സിസിനെ രണ്ടാം ക്രിസ്തു എന്ന് വിശേഷിപ്പിക്കാറുണ്ട്. അത് ഫ്രാന്‍സിസിന് പഞ്ചക്ഷതങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് ചാര്‍ത്തി കിട്ടിയ ഒരു ഓമന പേരല്ല. മറിച്ച്, ഈശോയെ അടുത്തറിയാനും അനുഗമിക്കാനും ഫ്രാന്‍സിസ് പരിശ്രമിച്ചിരുന്നത് കൊണ്ടും അതില്‍ അദ്ദേഹം നന്നായി വിജയിച്ചതുകൊണ്ടുമാണ്. ഈശോയെപ്പോലെ ജീവിക്കാന്‍ പരിശ്രമിച്ചു എന്നതിനര്‍ത്ഥം ഈശോ ചെയ്ത എല്ലാ പ്രവര്‍ത്തികളും ഫ്രാന്‍സിസും ചെയ്തു എന്നല്ലല്ലോ. ജീവിച്ചിരുന്നപ്പോഴും മരിച്ച ശേഷവും ഫ്രാന്‍സിസ് എന്തെങ്കിലും കാര്യമായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ഉറപ്പില്ല; അത്തരം ചില കഥകളൊക്കെ ഉണ്ടെങ്കിലും. ഇപ്പോഴും എന്തെങ്കിലും ഒരു അത്ഭുതം ചെയ്യാന്‍ ഒരാളും ഫ്രാന്‍സിസിനോട് പ്രാര്‍ത്ഥിക്കാന്‍ പോകില്ല. അപ്പോള്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടല്ല ഫ്രാന്‍സിസ് രണ്ടാം ക്രിസ്തു എന്ന് നമ്മള്‍ പറയുന്നത്. മിക്കപ്പോഴും വാക്കുമുട്ടുമ്പോള്‍ പാട്ടു പാടിയും നൃത്തം ചെയ്തും കരഞ്ഞും ചിലപ്പോള്‍ മൗനം പൂണ്ടും ഒക്കെയാണ് അദ്ദേഹം പ്രസംഗങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നത്. കയ്യടിയേക്കാള്‍ കല്ലേറുകള്‍ ആയിരുന്നല്ലോ സമ്മാനമായി കിട്ടിയിരുന്നത്. ചുരുക്കത്തില്‍ അദ്ദേഹം ഈശോയെപ്പോലെ നല്ല പ്രഭാഷകന്‍ ആയിരുന്നില്ല. സാമൂഹികമായ ഇടപെടലുകളോ ചോദ്യം ചെയ്യലുകളോ നടത്തിയ ഒരാളായി ഫ്രാന്‍സിസിനെ കാണാനും കഴിയില്ല. കുരിശുയുദ്ധത്തിന് പോയപ്പോഴും രൂപതയും നഗരാധിപന്മാരും തമ്മിലുള്ള പ്രശ്നത്തിലും ഒക്കെയും സമാധാനം പ്രസംഗിക്കാനും സന്ധി സംഭാഷണങ്ങള്‍ക്കുമാണ് അദ്ദേഹം മുന്‍കൈയെടുത്തിരുന്നത്. പുഴുക്കത്തേറ്റ, അന്ധകാരാവൃതമായ ഒരു സഭാന്തരീക്ഷത്തിലും അദ്ദേഹം ഒരിക്കലും സഭാധികാരികളോട് പരസ്യമായി കലഹിച്ചിട്ടില്ല. മറിച്ച് സ്വന്തം ജീവിതം വിശുദ്ധീകരി ച്ചുകൊണ്ട് അവരെ ചലഞ്ച് ചെയ്യുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന് സാമൂഹിക തിന്മകളെ ചോദ്യം ചെയ്യുന്ന, ദേവാലയത്തിലെ കച്ചവടത്തെ പുറത്താക്കിയ, മതാധികാരികളുടെ അനീതിയെ എതിര്‍ത്ത ക്രിസ്തുവിന്‍റെ പ്രവാചക ഗുണങ്ങളെ കണ്ടെത്താനും പ്രയാസമാണ്.
അപ്പോള്‍ പിന്നെ എന്താണ് ഫ്രാന്‍സിസില്‍ ക്രിസ്തുവിന്‍റെതായിട്ടുള്ളത്. ഒരുപാട് കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും പ്രധാനമായും രണ്ടുകാര്യങ്ങളെ നമുക്ക് വിചിന്തനം ചെയ്യാം. ഒന്ന്, എപ്പോഴും ദൈവഹിതം നിറവേറ്റുക എന്നതായിരുന്നു ഫ്രാന്‍സിസിന്‍റെ ജീവിത നിയമം. അതിന് സഹായകമാകുന്ന വചനങ്ങള്‍ സുവിശേഷങ്ങളില്‍ നിന്ന് കണ്ടെത്തി അദ്ദേഹം തനിക്കും കൂട്ടുകാര്‍ക്കുമുള്ള നിയമാവലിയുണ്ടാക്കുന്നു. ദൈവത്തെ ഗൗരവമായി എടുത്തു തുടങ്ങിയ നിമിഷം മുതല്‍ ഫ്രാന്‍സിസ് ശ്രമിച്ചത് തന്നെക്കുറിച്ചുള്ള ദൈവഹിതം എന്തെന്നറിയാനും അത് പരിപൂര്‍ണ്ണമായി പ്രാവര്‍ത്തികമാക്കാനും ആയിരുന്നു. ക്രിസ്തുവിനെപ്പോലെ ഓരോ നിമിഷത്തിലും പിതാവിന്‍റെ ഇഷ്ടം നിറവേറ്റാനുള്ള വ്യഗ്രതയോടെ ഫ്രാന്‍സിസ് ജീവിച്ചു. ഇനിയെന്ത് എന്നുള്ള ഓരോ പ്രതിസന്ധിഘട്ടത്തിലും ഫ്രാന്‍സിസ് തന്നെ കുറിച്ചുള്ള പിതാവിന്‍റെ ഇഷ്ടം എന്തെന്ന് ആരാഞ്ഞു. പലപ്പോഴും സുവിശേഷങ്ങള്‍ അതിനുത്തരം നല്‍കി. ചിലപ്പോള്‍ ക്ലാര, മറ്റു ചിലപ്പോള്‍ ബര്‍ണാഡിനെപ്പോലെയുള്ള സഹോദരങ്ങള്‍. തന്‍റെ ഉള്ളില്‍ മുഴങ്ങുന്ന ദൈവസ്വരം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ് എപ്പോഴും അത് ദൈവഹിതം ആണോ തന്‍റെ തന്നെ അഹന്തയുടെ ശബ്ദമാണോ എന്ന് വിവേചിച്ചറിയാന്‍ നന്നായി ശ്രദ്ധിച്ചിരുന്നു. അത്തരം ചില വേരിഫിക്കേഷന്‍ (verification) ആയിരുന്നു മറ്റ് സഹോദരങ്ങളുടെ നടത്തിയിരുന്നത്.
രണ്ടാമതായി ദൈവ പരിപാലനയിലുള്ള പരിപൂര്‍ണ്ണമായ ആശ്രയം. 'യാത്രയ്ക്ക് സഞ്ചിയും വടിയും ചെരിപ്പും ഉടുപ്പുമൊന്നും എടുക്കേണ്ട' (ലൂക്ക 9/3) എന്ന് പറഞ്ഞ് ശിഷ്യരെ അയച്ച ക്രിസ്തുവിന്‍റെ കയ്യില്‍ കയ്യിലും അവ ഉണ്ടായിരുന്നില്ല. ഗുരു പാലിക്കാത്ത ഒരു കാര്യവും ശിഷ്യനോട് ആവശ്യപ്പെടാന്‍ കഴിയില്ലല്ലോ. ദൈവഹിതം നിറവേറ്റാനുള്ള തന്‍റെ യാത്രയില്‍ തനിക്ക് ആവശ്യമായവ പിതാവ് നോക്കിക്കൊള്ളും എന്ന പരിപൂര്‍ണ്ണമായ വിശ്വാസവും ആശ്രയവും ആയിരുന്നു ക്രിസ്തുവില്‍ ഉണ്ടായിരുന്നത്. ഇതേ ഒരു ആശ്ര യമനോഭാവമായിരുന്നു ഫ്രാന്‍സിസിനും ഉണ്ടായിരു ന്നത്.
പിതാവിന്‍റെ ഇഷ്ടം നിറവേറ്റുക, ദൈവരാജ്യം പ്രഘോഷിക്കുക ബാക്കിയെല്ലാം അവിടുന്ന് ക്രമീകരിക്കുമെന്ന് ബോധ്യം. അതുകൊണ്ടുതന്നെ ആശ്രമങ്ങളും വസ്തുവകകളും സ്വന്തമായി വേണ്ട എന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. കാശ് കരുതേണ്ടതില്ല, അതു വെറും ചാണകമാണ് എന്നൊക്കെ വളരെ റാഡിക്കലായി പറഞ്ഞു. ഈ കാലത്ത് നിന്നും നോക്കുമ്പോള്‍ അതൊരു മണ്ടത്തരമായി തോന്നുമെങ്കിലും ഈശോ പറഞ്ഞ വാക്കിനെ 100% വിശ്വസിക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി മാത്രം അതിനെ മനസ്സി ലാക്കിയാല്‍ മതി. '...അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണ് നിങ്ങള്‍' (മത്താ. 6 /26). 'നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.' (മത്താ. 10/30). അത്രയും കരുതലുള്ള ഒരു ദൈവമാണ് തന്‍റെ പിതാവെന്നും, അവിടുന്ന് എപ്പോഴും കൂടെയുണ്ടെന്നുമുള്ള ഒരു ബോധ്യം ക്രിസ്തുവിനെ പോലെ ഫ്രാന്‍സിസിനും ഉണ്ടായിരുന്നു.
ഫ്രാന്‍സിസിനെ രണ്ടാം ക്രിസ്തു എന്ന് വിളിക്കുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും ഈ രണ്ടു കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടവ എന്ന് തോന്നിയതി നാല്‍ ഓര്‍മ്മിച്ചു എന്ന് മാത്രം. പരസ്യജീവിതകാലത്തെ ഈശോയെ മാത്രമേ നാം പലപ്പോഴും ഓര്‍ക്കാറുള്ളു. അതിനുമുമ്പുള്ള 30 വര്‍ഷത്തെ അവന്‍റെ സാധാരണ ജീവിതവും ഇതുപോലെ പ്രധാനപ്പെട്ടത് തന്നെ. അക്കാലത്തും ഈശോ തന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുകയും ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിച്ചുമുള്ള വളരെ സാധാരണമായ ഒരു ജീവിതമായിരുന്നു. ഒരുപക്ഷേ ഫ്രാന്‍സിസ് കൂടുതലായി അനുകരിക്കാന്‍ ശ്രമിച്ചത് ആ കാലത്തിലുള്ള ഈശോയുടെ ജീവിതത്തെ ആയിരിക്കാം.