news-details
കവർ സ്റ്റോറി

ഭാരതപ്പുഴയും പ്രാഞ്ചിപുണ്യാളനും

നദികള്‍ കൂടിച്ചേരുന്ന ദേശങ്ങള്‍ അപാരമായ പ്രപഞ്ചമൂലികകളുടെ അക്ഷയഖനികളാണ്. ഭൂമിയിലെ വിശ്രുതമായ മഹാസംസ്കാരങ്ങളുടെ വിളനിലങ്ങള്‍ നദികളാണ്. നദീജലത്തില്‍നിന്ന് കൃഷി ചെയ്ത് ജനങ്ങള്‍ അന്നം വിളയിച്ചു. അവ നല്‍കുന്ന അനുഭൂതികളില്‍നിന്ന് മാസ്മരികത, അതീത സൗഖ്യം, ജീവിതഹര്‍ഷം, അമൃതനൈര്‍മല്യം, അതിരറ്റ ആമോദം, ഉത്സവഭരിതമായ സാമൂഹികബന്ധങ്ങള്‍ എന്നിവ ഉറവയെടുത്തു. അവനില്‍ വിത്തു പൊട്ടിയ പ്രാരാബ്ധങ്ങള്‍, സങ്കടങ്ങള്‍, ആത്മസംഘര്‍ഷങ്ങള്‍, ദാരിദ്ര്യദുഃഖങ്ങള്‍ എന്നിവ നദിയുടെ ഒഴു ക്കിലൂടെ കടന്നുപോയി. നദിയുടെ സുകൃതത്തെ മനുഷ്യന്‍റെ ആത്മാവുകൊണ്ട് സ്പര്‍ശിച്ചപ്പോള്‍ അവന്‍റെ  ഭാഷ നദീലാവണ്യത്തില്‍നിന്ന് പകര്‍ത്ത പ്പെട്ടതായി.നദിയുടെ നൈര്‍മല്യത്തില്‍നിന്ന് വാക്കുകളെ വശീകരിച്ചുകൊണ്ട് അവന്‍ എഴുതി.

നദിയുടെ ഓളങ്ങളാണ് കഥാപാത്രങ്ങളുടെ ആത്മാവിനെ ആവേശിച്ചത്. നദീഗര്‍ഭ മധുര ശൈത്യത്തില്‍നിന്നാണ് കവിത ഉറവ പൊട്ടിയത്. അന്നവും അനുഭൂതിയും വാരിവിതറി നദി ഒഴുകുമ്പോഴും, ശമനമില്ലാത്ത ജന്മകാമനകളുടെ പൊരിച്ചില്‍ നദീതീര മനുഷ്യരെ നായാടി. ഒരു നദി മഹാനദിയായി തീരുന്നത് വലുപ്പം കൊണ്ടോ, ജലവിഭവശേഷികൊണ്ടോ അല്ല. നദി നല്‍കുന്ന ആന്തരിക സുഖം കൊണ്ടാണ്.

ഇങ്ങനെ അന്നവും അനുഭൂതിയും സമവികാരത്തില്‍ പുളകം വിതച്ച നദീതീരജീവിതത്തിന്‍റെ മധുരപ്രവാഹത്തില്‍ കിളിത്തൂവല്‍ മുക്കി എഴുതിയ കവിയാണ് ഇടശ്ശേരി. ഭാരതപ്പുഴയ്ക്കു കുറുകേ, പഴയ കുറ്റിപ്പുറംപാലത്തിനു സമാന്തരമായി പുതിയ പാലം പണിതീര്‍ന്നുവരുന്നു. 1953-ലായിരുന്നു പഴയ പാലം പണി കഴിഞ്ഞ് ഗതാഗതയോഗ്യമായത്. അതിലൂടെ ആദ്യമായി കടന്നുപോയ ഇടശ്ശേരി, 'കുറ്റിപ്പുറംപാലം' എന്ന കവിതയെഴുതിയത് 1954-ല്‍ ആയിരുന്നു. 2024-ല്‍ ആ കവിതയ്ക്ക് എഴുപതാണ്ടു തികയുമ്പോഴാണ് പുതിയ പാലത്തിന്‍റെ വരവ്. പാലങ്ങള്‍ പുരോഗതിയുടെയും ആധുനികതയു ടെയും അടയാളമായി ഗണിക്കപ്പെട്ടിരുന്ന സമയമായിരുന്നു അത്. ഇന്ന് പുരോഗതി എന്ന വാക്ക് തന്നെ റദ്ദായി പോയി, വികസനം ഒരു സാര്‍വത്രിക മുദ്രാവാക്യമായി മാറി. കുറ്റിപ്പുറം പാലം എന്ന കവിതയുടെ ഒത്ത നടുക്ക് ഒരു ഈരടി കാണാം

'അകലു കയാണിവ മെല്ലെ മെല്ലെ
അണയുകയല്ലോ ചിലതു വേറെ.' അതു കവിതയെ രണ്ടായി പകുക്കുന്നുണ്ട്. അഭിമാനത്തിന്‍റെയും അനുതാപത്തിന്‍റെയും പാതികളാണിവ. ആദ്യമായി പാലം കടന്നപ്പോള്‍ തനിക്ക് അഭിമാനവും ആഹ്ലാദവും വിമ്മിട്ടവും ഉണ്ടായി എന്ന് കവി എഴുതുന്നുണ്ട്.
'ഇരുപത്തിമൂന്നോളം ലക്ഷം ചെലവാക്കി
നിര്‍മ്മിച്ചപാലത്തിന്മേല്‍
അഭിമാനപൂര്‍വ്വം ഞാന്‍ ഏറിനില്‍പ്പാണ്
അടിയിലെ ശേഷിച്ച പേരാര്‍ നോക്കി'.
പാലത്തിന്‍റെ വരവോടെ മനുഷ്യന്‍ മേലെയും പുഴ താഴെയും ആയിരിക്കുന്നു.  ഈ സ്ഥാനകയറ്റത്തിലുള്ള അഭിമാനത്തോടെയാണ് ഇപ്പോള്‍ അയാള്‍ പേരാറിനെ നോക്കുന്നത്. കരുത്തനായ കവിയുടെ കാഴ്ചയുടെയും നോട്ടത്തിന്‍റെയും വ്യത്യാസമാണ് ഇത്. പണ്ട് പുഴയോട് ഒപ്പമായിരുന്നു അയാള്‍. പുഴയോരത്തെ പൂഴിയില്‍ കുട്ടിയും കോലും കളിക്കുകയും, കുളിരോളത്തില്‍ മുങ്ങികുളിക്കുകയും ചെയ്ത ബാല്യം. അന്ന് പൊന്മയും, കൊക്കും,  കാക്കയും,  കുരുവിയും പൊങ്ങിപറന്ന വിതാനത്തില്‍ ആണ് അവന്‍റെ നില്‍പ്പ്. നോട്ടം മുകളില്‍നിന്നു താഴേക്ക് ആയിരിക്കുന്നു. ഇപ്പോള്‍ പുഴ മെലിഞ്ഞിരിക്കുന്നു. പാലത്തിന്‍റെ വലിയ കാലുകള്‍ക്കിടയില്‍ നാണംകെട്ട് കിടക്കുന്ന തോല്‍വിക്കാരിയായിരിക്കുന്നു പുഴയിപ്പോള്‍. വളരെ പെട്ടെന്ന് തന്നെ കളിത്തോഴിയെ നഷ്ടപ്പെട്ട ഒരു യുവാവിന്‍റെ നഷ്ടബോധം പോലെ പുഴ മെലിഞ്ഞൊഴുകി.

'അകലുകയാണിവ മെല്ലെ മെല്ലെ / അണയുകയല്ലോ ചിലതു വേറേ' എന്ന വരി ഇടശ്ശേരി കവിയില്‍ അനുതാപവും അഭിമാനവും ആണ് ഉണര്‍ത്തിയതെങ്കില്‍ അസ്സീസിയിലെ ഫ്രാന്‍സിസ് എന്ന കവിയില്‍ സൂര്യചന്ദ്രന്മാരും ജലവും ഉണര്‍ത്തിയത് കീര്‍ത്തനങ്ങളും സ്തോത്രഗീതങ്ങളുമാണ്. പ്രകൃതിയെ ദൈവത്തിന്‍റെ കണ്ണാടിയായിട്ടാണ് ഫ്രാന്‍സീസ് കണ്ടത്. സര്‍വ്വചരാചരങ്ങളിലും അദ്ദേഹം ദൈവത്തിന്‍റെ പ്രതിഛായ കണ്ടു. തന്‍റെ പ്രസിദ്ധമായ 'സൂര്യകീര്‍ത്തന'ത്തില്‍ സൂര്യന്‍ തന്‍റെ സഹോദരനും ചന്ദ്രന്‍ സഹോദരിയും ഭൂമി അമ്മയുമാണ്.

അഭിമാനപൂര്‍വ്വം കുറ്റിപ്പുറം പാലത്തിന്മേല്‍ നിന്നുകൊണ്ട് പ്രാഞ്ചിപുണ്യാളന്‍  ഭാരതപ്പുഴയെ നോക്കുകയാണെങ്കില്‍ അദ്ദേഹം നദിയെയും അവളുടെ ഒഴുക്കിനെയും ഇങ്ങനെയായിരിക്കും നോക്കിക്കാണുക. 'പര്‍വ്വതങ്ങളില്‍ നിന്ന് നിര്‍ഗ ളിക്കുന്ന കളകളം പാടും ജലമേ, പുതുജന്മത്തിന്‍റെ സമൃദ്ധിയില്‍ ആനന്ദിക്കുന്നോളെ, ഒഴുകുന്ന രൂപാ ന്തരീകരണത്തിനു നീരുറവയേ,  സ്വര്‍ഗംമണ്ണിലി റക്കുന്ന പ്രവാഹമേ, പിതാവ് മൊഴിഞ്ഞ വാക്കില്‍ നിന്ന് പുറപ്പെട്ട നീ ആകാശത്തിന്‍ കീഴില്‍ ജീവനും ആനന്ദവും ജനിപ്പിച്ച് മരുഭൂമിയില്‍ തളരാതെ,  തകരാതെ ദാഹാര്‍ത്തയാകാതെ ദൈവമക്കളെ പോറ്റി. ക്രിസ്തുവിന്‍റെ പിളര്‍ക്കപ്പെട്ട വിലാവില്‍ നിന്നൊഴുകി ഞങ്ങളുടെ ശുദ്ധിക്കും ജീവനും ജോര്‍ ദാനായി. അരൂപിയുടെ ജ്വലിക്കുന്ന ചുടുനിശ്വാസ ങ്ങള്‍കൊണ്ട് ഞങ്ങളുടെ പോരാട്ടങ്ങളിലെ ആശ്വാ സമായി ഞങ്ങളില്‍, ഞങ്ങള്‍ക്കിടയില്‍,  ഞങ്ങള്‍ക്കു ചുറ്റുമൊഴുകി ശുദ്ധീകരിച്ച്, പുനരുജ്ജീവിപ്പിച്ച്  ഞങ്ങളുടെ തകര്‍ന്ന ബന്ധങ്ങളെ സുഖപ്പെടുത്തുക.' (ദൈവത്തിന്‍റെ ഭോഷന്‍ - ക്രിസ്റ്റഫര്‍ കൊയ്ലോ OFM )

ഫ്രാന്‍സിസ് അസ്സീസിക്ക്  കവിത ഒരു കൂടിക്കാഴ്ചയായിരുന്നു. ക്രിസ്തുവുമായി കൂടിക്കാഴ്ച്ച നടത്താന്‍ ഫ്രാന്‍സിസ് ഉപയോഗിച്ച ഏറ്റവും ചെറിയ ഒരു മാധ്യമമാണ് കവിത.  മഴയും പുഴയും പുഴുവും പൂവും നോക്കിയിരിക്കവേ അവയെല്ലാം അക്ഷരക്കടലൊഴുകിയ ഓരോ കവിതയായി മാറി ഫ്രാന്‍സിസ്പുണ്യവാളന്. പേരിട്ടു വിളിക്കാനാവാത്ത ഒരു പറ്റം വിശുദ്ധലിപികളുടെ കാമുകനാണ് ഫ്രാന്‍സിസ്. അവനെ ക്രിസ്തുവിനോട് ചേര്‍ത്തു നിര്‍ത്തിയ ഏറ്റവും ചെറിയ മാധ്യമം കവിതയാണ്. ഉള്ളില്‍ കവിതയില്ലാത്തവന്‍ വലിയ ഭീകരനാണെന്ന് തിരിച്ചറിഞ്ഞ 'കൊടുംഭീകരനാ'ണവന്‍. ക്രിസ്തുവിനും ഫ്രാന്‍സിസിനുമിടയിലുള്ള കവിതയുടെ ചില പൊന്‍പരാഗങ്ങള്‍ തേടിയുള്ള ഒരു ചിത്രശലഭത്തിന്‍റെ അപൂര്‍ണ്ണമായ ഒരു പറക്കലായിരുന്നു ഇത്. ശലഭം കണ്ടതോ, പൂത്തിറങ്ങുന്ന വിശ്വസ്നേഹവും ക്രിസ്തുസ്നേഹവും.

You can share this post!

ഫ്രാന്‍സിസ്കന്‍ മിസ്റ്റിസിസം

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts