news-details
മറ്റുലേഖനങ്ങൾ

മതങ്ങള്‍ക്കപ്പുറം ആത്മീയതയിലേക്ക്

ഇന്നു വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് മതമൗലികത. മതത്തിന്‍റെ മൂലത്തിലേക്കുള്ള പോക്ക് എന്നാണല്ലോ ഈ വാക്കിന്‍റെ അര്‍ത്ഥം. അങ്ങനെയെങ്കില്‍ ഇതു ധന്യമായ ഒരു നീക്കമാണ്. ഏതൊരു മതവും അതിന്‍റെ ആദ്യാനുഭൂതിയില്‍ നിന്നു വേണമല്ലോ ശക്തിയാര്‍ജിക്കാന്‍. പിന്നെയെന്തുകൊണ്ടാണ് മതമൗലികത ഒരു വിവാദവിഷയമായി തീര്‍ന്നിരിക്കുന്നത്. മൂന്നുകാര്യങ്ങള്‍ ഇവിടെ പരിഗണിക്കേണ്ടതുണ്ട്.
ഒന്ന് - മതങ്ങള്‍ അവയുടെ പ്രഭവസ്ഥാനങ്ങളില്‍ സംശുദ്ധമാണ്. മനുഷ്യത്വത്തെ തള്ളിപ്പറയുന്നതായ സാമൂഹിക സാംസ്കാരിക ഘടകങ്ങളില്‍ നിന്ന് മനുഷ്യനെ വിമോചിപ്പിച്ച് ദൈവത്തിന്‍റെ സ്നേഹത്തിലേക്കും ഈശ്വരദത്തമായ മുക്തിയിലേയ്ക്കും ആനയിക്കാനാണ് ഏതൊരു മതസ്ഥാപകനും ശ്രമിച്ചിട്ടുള്ളത്. ഈ പ്രചോദനം ഉള്‍ക്കൊള്ളുകയെന്നത് ഓരോ മതവിശ്വാസിയുടെയും ഉത്തരവാദിത്വമത്രേ. ഈ നിലയില്‍ മതത്തിന്‍റെ വേരിലേയ്ക്ക് മനുഷ്യനെ ഉണര്‍ത്തുന്ന മതമൗലികത ഉദാത്തമായ ഒരു പ്രക്രിയയാണ്.

രണ്ട് - എന്നാല്‍ മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവം ഒരു ഗതകാലയാഥാര്‍ത്ഥ്യമല്ല. ഈശ്വരസാന്നിദ്ധ്യം ഇന്നിന്‍റെ ഉള്‍ക്കരുത്താണ്. ഇന്നു ജീവിക്കുന്ന മനുഷ്യരെ ക്ഷേമത്തിലേക്ക് മുക്തിയിലേക്ക് നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കുന്ന ദൈവാത്മാവിന്‍റെ അനുഭൂതിയിലേക്കാണ് ഉണരേണ്ടത്. ഇന്നിന്‍റെ ദിവ്യമായ ആഴവും മാനവും കണ്ടെത്താനുള്ള അന്വേഷണമാകണം മതമൗലികത.

മൂന്ന് - ഇന്നിലേയ്ക്കു ശ്രദ്ധ  തിരിക്കുമ്പോള്‍ വൈവിദ്ധ്യം അംഗീകരിക്കേണ്ടതായി വരും. ഇന്നു മനുഷ്യര്‍ ജീവിക്കുന്ന കാലം വൈവിദ്ധ്യസമ്പന്നമാണ്. വിഭിന്നങ്ങളായ മതങ്ങള്‍, സംസ്കാരങ്ങള്‍, ഭാഷകള്‍, ആചാരാനുഷ്ഠാനങ്ങള്‍, സര്‍ഗ്ഗാത്മക സംരംഭങ്ങള്‍ ഇവയെല്ലാം വിടര്‍ത്തുന്നതാണ് ഇന്നിന്‍റെ ജൈവസംസ്കൃതി. ഈ വൈരുദ്ധ്യത്തില്‍ ദിവ്യതയുടെ പ്രകാശനം കാണാന്‍ മതവിശ്വാസം തുറവി നല്കണം. ഈശ്വരന്‍ എല്ലാ മതങ്ങളെക്കാളും വലിയവനാണ്. ഐശ്വരചേതന എല്ലാ മതങ്ങളിലും അന്തര്‍ലീനവുമാണ്. ഈ ദിവ്യസാന്നിധ്യത്തിലേക്ക് ഉള്ളുണര്‍ത്താനുള്ള പ്രചോദനമാകണം മതമൗലികത. വൃക്ഷത്തിന്‍റെ വേരറിയുന്നവന്‍  എല്ലാ ശാഖകളെയും ആദരിക്കും. തന്‍റെ മതത്തിന്‍റെ മൂലാനുഭൂതിയില്‍ ദൈവത്തെ കണ്ടെത്തുന്നയാള്‍ എല്ലാ മതങ്ങളുടെയും വികസ്വരപ്രക്രിയയില്‍ ദൈവാത്മാവിന്‍റെ പ്രവര്‍ത്തനം തിരിച്ചറിയും.

മൂന്നാമതു പറഞ്ഞ ഈ ഘടകം ഇല്ലാതെ വരുമ്പോഴാണ് മതമൗലികത സങ്കുചിതത്വത്തിലേക്കും നയിക്കുന്നതും അപകടകരമാകുന്നതും. അങ്ങനെ മതം ഈശ്വരനിഷേധകമായി തീരുന്നു. തന്‍റെ മതത്തിലൂടെ മാത്രമേ ഈശ്വരാനുഭൂതിയുള്ളൂ എന്ന പിടിവാശിയുള്ളയാള്‍ വാസ്തവത്തില്‍ ദൈവത്തെ വിഗ്രഹമാക്കി മാറ്റുകയാണ് ചെയ്യുക  - വ്യവസ്ഥാപിതമായ ഒരു മതത്തിന്‍റെ പാരമ്പര്യത്തിന്‍റെ മൂശയില്‍ സ്വരുക്കൂട്ടിയ വിഗ്രഹം. ഈ സങ്കുചിതചിന്തയില്‍ നിന്നു  മനുഷ്യനെ വിമോചിപ്പിക്കാനാണ് യഹൂദപ്രവാചകന്മാരും ഹൈന്ദവാചാര്യന്മാരും ശ്രീബുദ്ധനും ക്രിസ്തുനാഥനും മുഹമ്മദ്നബിയുമെല്ലാം ശ്രമിച്ചത്. വിമോചനാത്മകമായ അവരുടെ ആദ്ധ്യാത്മികത വിടര്‍ന്നത് വ്യവസ്ഥാപിത മതത്തില്‍നിന്നുള്ള വിമോചനത്തിലൂടെയാണ്. ഈ വിമോചനത്വരകം ചികഞ്ഞെടുക്കുക - അതാണ് മതാത്മകജീവിതത്തില്‍ നടക്കേണ്ടത്. അതിന്‍റെ അഭാവമാണ് ഇന്നു നമുക്ക് നാട്ടില്‍ മതങ്ങള്‍ക്കിടയില്‍ അസഹിഷ്ണുതയും സ്പര്‍ദ്ധയും മത്സരമനോഭാവവും ഭീതിയും ഉണ്ടാക്കുന്നത്.

സഭയിലെ മതമൗലികത

ഈ കാഴ്ചപ്പാടില്‍ ക്രൈസ്തവസഭയിലെ മതമൗലികതയെപ്പറ്റി അല്പം വിചിന്തനം നടത്താം. 'ഉറവിടങ്ങളിലേയ്ക്കു തിരിച്ചുപോകുകക. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ആഹ്വാനമാണിത്. രൂപസംവിധാനങ്ങളിലും ദൈവശാസ്ത്രവിചാരങ്ങളിലും നൂറ്റാണ്ടുകളായി സഭ വളര്‍ത്തിയെടുത്ത ഘടകങ്ങള്‍ക്കും ഘടനകള്‍ക്കും പിന്നിലേയ്ക്കുണരുക; സഭയുടെ ആദ്യാനുഭൂതിയുടെ സാന്ദ്രതയിലേക്ക് ഉള്ളുതുറക്കുക; യേശുവിന്‍റെ ദൈവരാജ്യപ്രഘോഷണത്തിനു കാതോര്‍ക്കുക - ഇതാണ് ഇന്നത്തെ സഭാജീവിതത്തിന്‍റെ ഉള്‍ക്കരുത്ത് എന്നു കൗണ്‍സില്‍ പ്രഖ്യാപിക്കുന്നു. ഒപ്പം ആധുനിക ലോകത്തിലെ സര്‍ഗാത്മക സംവാദങ്ങളിലും മതവൈവിധ്യത്തിലുമെല്ലാം പ്രവര്‍ത്തിക്കുന്ന ദൈവാത്മാവിന്‍റെ ചലനങ്ങള്‍ തിരിച്ചറിയാനും ആദരിക്കാനും പരിപുഷ്ടമാക്കാനും കൗണ്‍സില്‍ ആവശ്യപ്പെടുന്നു. വേരിലേയ്ക്കുണരുന്നത് ശാഖകളിലെ ജീവന്‍റെ തുടിപ്പും പുഷ്പിക്കലും കാണാനുള്ള ഉപാധിയാണ്. ഇന്നലെകളിലേയ്ക്കു തിരിഞ്ഞല്ല, ഇന്നിന്‍റെ ആഴം തേടിയാണ് ക്രൈസ്തവര്‍ ജീവിക്കേണ്ടത്. യേശു എന്ന വ്യക്തിയും ക്രിസ്തുസംഭവം എന്ന രക്ഷാകരപ്രവൃത്തിയും ഇന്നു നമ്മുടെ ലോകത്ത് വിടരുന്ന ദൈവാത്മാവിന്‍റെ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള വെളിച്ചവും പ്രചോദനവുമാണ് തരിക. പാരമ്പര്യത്തില്‍ ഊറ്റംകൊണ്ട് പഴംപുരാണം പറഞ്ഞിരിക്കുന്നതല്ല ക്രൈസ്തവികത. 'ദൈവത്തിന്‍റെ ആത്മാവ് ഇന്നു സഭയോട് എന്തു പറയുന്നു' എന്നതിനു കാതോര്‍ക്കാനുള്ള സിദ്ധിയാണിത്.

ഇന്നിലേയ്ക്കു ക്രൈസ്തവര്‍ ഉണരുമ്പോള്‍ ഇന്നിന്‍റെ മതവൈവിധ്യത്തിലേക്ക് ഉള്ളുണര്‍ത്തണം. കൗണ്‍സില്‍ പ്രഖ്യാപനം ശ്രദ്ധിക്കുക: "ഇതരമതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായ ഒന്ന് കത്തോലിക്കാസഭ തിരസ്കരിക്കുന്നില്ല. മറ്റു മതങ്ങളിലെ പ്രവര്‍ത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും ..... ആത്മാര്‍ത്ഥമായ ആദരവോടെയാണ് സഭ നിരീക്ഷിക്കുന്നത് .... അവയെ അംഗീകരിക്കാനും പരിപോഷിപ്പിക്കാനും അഭിവൃദ്ധമാക്കാനും സഭ പ്രതിജ്ഞാബദ്ധമാണ്" (അക്രൈസ്തവമതങ്ങള്‍ 2). ഇന്ത്യയെപ്പോലുള്ള ഒരു നാട്ടിലെ ധന്യമായ മതവൈവിധ്യം അംഗീകരിച്ചാദരിച്ചുകൊണ്ടു മാത്രമേ ക്രൈസ്തവര്‍ക്ക് 'മൂലാനുഭവത്തിലേയ്ക്ക്' തിരിയാനാകൂ. ഇന്നില്‍ വിടരുന്ന ഈശ്വരന്‍റെ രൂപങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട് ഇന്നലെകളിലേയ്ക്കു തിരിയുന്നത് ഈശ്വരകൃപയെ നിരാകരിക്കുന്നതാകും. 'വചനം മാംസമായത്' ഇന്നും എല്ലാക്കാലത്തും എല്ലായിടങ്ങളിലും നിരന്തരം മാംസമായിക്കൊണ്ടിരിക്കുന്ന വചനത്തിന്‍റെ രൂപഭാവങ്ങള്‍ കണ്ടെടുക്കാനുള്ള വെളിച്ചവും തുറവിയും തരുന്നു. യേശുവിലേയ്ക്ക് സ്വയം തുറക്കുന്നതയാള്‍ യേശുവിലൂടെ അനുഭവവേദ്യമായ ദിവ്യചൈതന്യത്തിന്‍റെ പ്രസരണം എല്ലായിടത്തും കണ്ടെത്തും. എന്തുമാത്രം ആഴത്തില്‍ ക്രിസ്തുരഹസ്യത്തിലേയ്ക്ക് ഉണരുന്നുവോ അത്രമാത്രം വ്യാപ്തിയില്‍ ഇതരമതങ്ങളുടെ അനുഭൂതിമണ്ഡലങ്ങളിലേയ്ക്ക് സ്വയം തുറക്കാനാകും. ആഴത്തില്‍ വേരുതറയ്ക്കുന്ന മരം ശാഖകള്‍ വിടര്‍ത്തി വളരുന്നതുപോലെ യഥാര്‍ത്ഥ ക്രൈസ്തവ മതമൗലികത ഇതരമതങ്ങളുമായുള്ള ആത്മാര്‍ത്ഥമായ സംഭാഷണത്തിനും സഹകരണത്തിനുമുള്ള പ്രചോദനമായിത്തീരണം.

സമന്വയത്തിന്‍റെ സംസ്കാരം

മതസംസ്കാരത്തിന്‍റെ ഒരു നവസംസ്കൃതത്തിന് ഏറെ ഉത്തേജനം നല്കിയ സഭാചാര്യനാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ. അസ്സീസിയില്‍ 1986ല്‍ അദ്ദേഹം സംഘടിപ്പിച്ച പ്രാര്‍ത്ഥനാദിനം ലോകശ്രദ്ധ പിടിച്ചുപറ്റി. വിവിധ മതങ്ങളിലെ ശ്രേഷ്ഠാചാര്യന്മാരുടെ സദസ്സിനെ അഭിസംബോധനചെയ്ത് അന്ന് മാര്‍പാപ്പാ പ്രസ്താവിച്ചു: "മറ്റു മതസ്ഥരോടൊത്ത് ഈശ്വോന്മുഖമായി നീങ്ങുന്ന സഹതീര്‍ത്ഥാടകരാണ് നാമെല്ലാം. ലക്ഷ്യത്തിലേയ്ക്കുള്ള ഈ യാത്രയില്‍ നാം പരസ്പരം വഴികാട്ടികളാകണം. ശാന്തിയിലും സമഭാവനയിലും നാം ഒരുമിച്ചു ചുവടുകള്‍ വച്ചാല്‍ ലോകത്തിന്‍റെ ഭാവി ഭാസുരമായിരിക്കും." അസ്സീസിയിലെ സംഗമത്തില്‍ ആവേശഭരിതനായ അദ്ദേഹം പറഞ്ഞു: "മതങ്ങള്‍ക്കിടയിലുള്ള മൗലികവും അടിസ്ഥാനപരവും നിര്‍ണ്ണായകവുമായ ഐക്യത്തോടു തുലനം ചെയ്യുമ്പോള്‍ അവയ്ക്കിടയിലുള്ള വ്യത്യാസങ്ങള്‍ എത്രയോ അപ്രധാനങ്ങളാണ്."

മതങ്ങള്‍ക്കിടയില്‍ വ്യത്യാസങ്ങളുണ്ട്. അവയെ ആദരിക്കണം, അംഗീകരിക്കണം. വ്യത്യാസം ഉള്ളതുകൊണ്ടുതന്നെയാണ് സംഭാഷണവും സഹവര്‍ത്തിത്വവും ആവശ്യമായി വരുന്നത്. പക്ഷേ, ഇന്നു നാം ഊന്നേണ്ടതു വ്യത്യാസങ്ങിലല്ല, അവയ്ക്കപ്പുറം വിടരുന്ന സമന്വയത്തിലാണ്. ദൈവാത്മാവിന്‍റെ പ്രവര്‍ത്തനത്തില്‍ വിടരുന്ന സമവായത്തില്‍ യേശുതന്നെ പറഞ്ഞല്ലോ: കാറ്റ് അതിനിഷ്ടമുള്ളിടത്തേയ്ക്കു വീശുന്നു. അത് എവിടെനിന്ന് വരുന്നെന്നോ എങ്ങോട്ട് വീശുന്നെന്നോ ആര്‍ക്കും അറിയുകയില്ല. അതുപോലെയാണ് ദൈവാത്മാവില്‍ പിറക്കുന്ന ഏതൊരാളുടെയും അവസ്ഥ(യോഹ. 3:8). ഈ ദിവ്യചൈതന്യത്തിന്‍റെ നേരെയുള്ള നിരുപാധികമായ തുറവിയാണ് വ്യവസ്ഥാപിത മതങ്ങള്‍ക്കപ്പുറം ആത്മീയതയിലേയ്ക്ക് ഇന്നു മനുഷ്യനെ ഉണര്‍ത്തേണ്ടത്.

ക്രൈസ്തവരായ നാം ഈ ദൈവാത്മാവിന്‍റെ പ്രവര്‍ത്തനം തിരിച്ചറിയുന്നത് ക്രിസ്തുനാഥനിലൂടെയാണ്. 'തന്‍റെ ഏകജാതനെ നല്കത്തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു, ക്രിസ്തുവിലൂടെ ദൈവം മനുഷ്യകുലത്തെ തന്നോടു രമ്യപ്പെടുത്തി.' ക്രൈസ്തവമതവിശ്വാസത്തിന്‍റെ അടിസ്ഥാനപ്രമേയമാണിത്. ഇതരമതാനുഭൂതികളില്‍ ദൈവത്തിന്‍റെ സ്നേഹം വിടരുന്നില്ലെന്നോ രക്ഷാകരപ്രക്രിയ നടക്കുന്നില്ലെന്നോ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. ഒരു കൃഷ്ണഭക്തന്‍ ഐശ്വരസ്നേഹം അതീവസാന്ദ്രമായി അനുഭവിക്കുന്നുണ്ട്. ശിവോഹം എന്നു മന്ത്രം ജപിക്കുന്ന സാധകന്‍ പ്രപഞ്ചത്തിലെ എല്ലാത്തിലും നിറയുന്ന ദിവ്യസാന്നിധ്യത്തിലേയ്ക്ക് ആഴമായി ഉണരുന്നുണ്ട്. ബുദ്ധമാര്‍ഗ്ഗത്തില്‍ ധ്യാനിക്കുന്നയാളില്‍ പരമപ്രകടനം വിടരുന്നുണ്ട്. ശ്രദ്ധയോടെ ഖുറാന്‍ വായിക്കുന്നവര്‍ ദൈവവചനം കേള്‍ക്കുന്നുണ്ട്. ഇതൊന്നും നമുക്കു നിഷേധിക്കാനാവില്ല. ക്രിസ്തുവിലുള്ള വിശ്വാസം ഇതരമതങ്ങളിലെ മൗലികാനുഭൂതികളെ നിരാകരിക്കുന്നതോ താഴ്ത്തിക്കെട്ടുന്നതോ വിധിച്ചു തള്ളുന്നതോ ആകരുത്. മറിച്ച്, ക്രിസ്തുവിലൂടെ നാം അനുഭവിക്കുന്ന ദൈവകൃപയുടെ 'വീതിയും നീളവും ഉയരവും ആഴവും' തേടിയുള്ള ആത്മീയ തീര്‍ത്ഥാടനത്തില്‍ ഇതരമതവിശ്വാസികളുടെ ഉദാത്തമായ അനുഭൂതികള്‍ നാം കണ്ടെത്തുന്നു. ഒരേയൊരു ദൈവാത്മാവ് വൈവിധ്യമാര്‍ന്ന രീതികളില്‍ മനുഷ്യഹൃദയങ്ങളില്‍ സ്പന്ദിക്കുന്നതും വ്യത്യസ്തങ്ങളായ മതപ്രതീകങ്ങളിലൂടെ ഈ സാന്നിദ്ധ്യം വിടര്‍ത്തുന്നതും കണ്ട് ദൈവത്തിനു നന്ദിയര്‍പ്പിക്കുകയാണ് വേണ്ടത്. Desu Semper major ദൈവം എല്ലാത്തിലും വലിയവനാണ് - ഇതാണ് ക്രൈസ്തവ ആദ്ധ്യാത്മികതയുടെ കാതല്‍.

ഭാരതത്തില്‍

ഈയൊരു തുറവി ക്രൈസ്തവരായ നമ്മുടെ നിത്യജീവിതത്തിലുണ്ട്, കാരണം ഭാരതീയര്‍ എന്ന നിലയില്‍ നമ്മുടെ മനസ്സ് സഹിഷ്ണുതയ്ക്കിടങ്ങുന്നതാണ്. എന്നാല്‍ അസഹിഷ്ണുതയുടെ വിഷം നമ്മുടെ മനസ്സില്‍ കുത്തിവയ്ക്കുന്ന ചില പ്രവര്‍ത്തനശൈലികള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രൈസ്തവസഭകളിലെ ചില വൃത്തങ്ങളില്‍ ശക്തി പ്രാപിച്ചു കാണുന്നു. ഇവയാണ് അപകടകരമായ 'മതമൗലികത' ഉണ്ടാക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചില ക്രൈസ്തവസ്ഥാപനങ്ങളും വ്യക്തികളും നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ക്ക് ഒരു മുഖ്യകാരണം ഈ മതമൗലികതയുണ്ടാക്കുന്ന പ്രകോപനമാണ്. പ്രകടനാത്മകമായ പരിപാടികളിലൂടെ നാം ഇതരമതസ്ഥരില്‍ ആശങ്കജനിപ്പിക്കരുത്. ഗ്രാമത്തിലൊതുങ്ങാത്ത കൂറ്റന്‍ ദേവാലയങ്ങള്‍, നിറപ്പകിട്ടാര്‍ന്ന കവലക്കപ്പേളകള്‍, ഭീമാകാരമായ സഭാസ്ഥാപനങ്ങള്‍, ആഡംബരം നിറഞ്ഞ തിരുനാളാഘോഷങ്ങള്‍, വഴിമുടക്കുന്ന പ്രദക്ഷിണങ്ങള്‍, പതിനായിരങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള കണ്‍വെന്‍ഷനുകള്‍, സംശയാസ്പദമായ അത്ഭുതരോഗശാന്തി ശുശ്രൂഷകള്‍... ഇതെല്ലാം ഇതരമതസ്ഥരില്‍ ഭീതിയുളവാക്കുന്നുണ്ടെന്ന കാര്യം നാം മറക്കരുത്. യേശുവിന്‍റെ കൂറ്റന്‍ കട്ട്-ഔട്ടുകള്‍ നാല്ക്കവലകളില്‍ ഉയര്‍ത്തിവച്ചാണ് ഈ  പരിപാടികള്‍ക്കും ക്രിസ്തുജയന്തിയാഘോഷങ്ങള്‍ക്കും  പരസ്യം കൊടുക്കുന്നത്. മതം ഇവിടെ ഒരു കച്ചവടച്ചരക്കായി മാറുന്ന കാര്യം വിസ്മരിക്കരുത്. ഈ അപച്യുതിയിലാണ് കക്ഷിരാഷ്ട്രീയക്കാര്‍ മതമേഖലയില്‍ കടന്നുകൂടുന്നത്. അതോടെ മതം പാര്‍ട്ടികളുടെ കളരിയിലെ ആയുധമായിത്തീരുന്നു.

എന്താണിതിന് പരിഹാരം? ഓരോ മതവിശ്വാസിയും തനതായ ആദ്യാനുഭൂതിയുടെ വിമോചനാത്മകമായ ആത്മീയത ചികഞ്ഞെടുത്ത്, വൈവിദ്ധ്യമാര്‍ന്ന ഇന്നത്തെ മതസംസ്കാരമേഖലകളില്‍ വിടരുന്ന ദൈവാത്മാവിലേയ്ക്ക് തുറന്ന്, സഹിഷ്ണുതയോടെ, സഹകരണമനസ്സോടെ ജീവിക്കുക. മതമല്ല പ്രധാനം ആത്മീയതയാണ്. ഏതു മതമാണ് ശരി, ഏതു പള്ളിയിലാണ് പോകേണ്ടത് എന്ന് ഒരു ഗ്രാമീണസ്ത്രീ ചോദിച്ചപ്പോള്‍ യേശു നല്കിയ ഉത്തരം ശ്രദ്ധേയമാണ്: യഥാര്‍ത്ഥമായ ഈശ്വരാനുഭൂതിക്കായി ഈ പള്ളിയിലോ ആ പള്ളിയിലോ പോകണ്ട. അങ്ങനെ പോകരുന്നതിനുകാലം കഴിഞ്ഞു. ആത്മാവിലും സത്യത്തിലും ദൈവത്തെ അനുഭവിച്ചറിയുക, ആരാധിക്കുക (യോഹ. 4:24). വ്യവസ്ഥാപിത മതങ്ങള്‍ക്കുപരി വിടരുന്ന ആത്മീയതയുടെ വിശാലചക്രവാളങ്ങളിലേയ്ക്കാണ് യേശു മനുഷ്യമനസ്സിനെ ഉണര്‍ത്തിയത്. ഈ ദര്‍ശനവും മനോഭാവവുമാണ് ക്രൈസ്തവര്‍ക്കുണ്ടാകേണ്ടത്.

You can share this post!

ഒറ്റപ്പന

ഫാ. ഷാജി സിഎംഐ
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts