news-details
മറ്റുലേഖനങ്ങൾ

ലോകം നിശ്ശബ്ദതയെ ഭയക്കുന്നുവോ?

നാമെല്ലാം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ധ്യാനാത്മകജീവിതം നയിക്കുന്നവരാണ്. എങ്കില്‍ ചോദ്യമിതാണ് - നാം എന്തിനെക്കുറിച്ചാണ് ധ്യാനിക്കുന്നത്. ധ്യാനചിന്തയാണോ, അധികാരമോഹമാണോ, മനസ്സിനെ മദിക്കുന്ന സ്ത്രീപുരുഷ സൗന്ദര്യമാണോ, അതോ ദൈവത്തിന്‍റെ അത്ഭുതകരമായ സൃഷ്ടപ്രപഞ്ചത്തെയാണോ? പരിശോധിക്കുക. ധ്യാനം ദൈവികമെങ്കില്‍ തീര്‍ച്ചയായും ഇന്നത്തെ അസ്വസ്ഥത മാത്രം അനുഭവപ്പെടുന്ന ലോകത്തില്‍ നാം ആത്മീയസന്തോഷവും ജീവിതനിര്‍വൃതിയും ആസ്വദിക്കും.

നാമിന്ന് ആചാരത്തിനും ലൗകിക രീതികള്‍ക്കും ഒട്ടേറെ പ്രാധാന്യം കൊടുക്കുന്നുണ്ട്. കാരണം അങ്ങനെയല്ല ഒഴുക്കിനെതിരെയാണ് നാം യാത്ര ചെയ്യുന്നതെങ്കില്‍ നാം വേഗം പുറന്തള്ളപ്പെടും. സമൂഹം നമ്മെ തിരസ്കരിക്കും. ഒറ്റപ്പെടുത്തും. ഭൗതികമായതിനെ ത്യജിച്ച് ജീവിക്കുന്നവര്‍ക്ക് കടുത്ത ഏകാന്തതയും അനുഭവപ്പെടുന്നു. അവര്‍ എല്ലായിടത്തും എല്ലാ രംഗങ്ങളിലും നോട്ടപ്പുള്ളിയാണ്.

കൊച്ചുക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ഓസ്മോസിസ് ശാസ്ത്രരീതിയെക്കുറിച്ച് പഠിക്കുന്നുണ്ട്. ഇതെന്താണെന്നു നോക്കാം. സാന്ദ്രത കുറഞ്ഞ ഒരു ദ്രാവകം സാന്ദ്രത കൂടിയതിലേക്ക് വലിച്ചെടുക്കപ്പെടുന്നു. നാം വില കല്പിക്കുന്ന ആദ്ധ്യാത്മിക മൂല്യങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നു എങ്കില്‍ നാം അവയുടെ യഥാര്‍ത്ഥ പതിപ്പായിരിക്കണം. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നാം ഇതിനെ പ്രതിഫലിപ്പിക്കണം. നമ്മുടെ മനസ്സില്‍ ആദ്ധ്യാത്മിക സാന്ദ്രത കൂടിയിരുന്നാല്‍ ലൗകികമായതിനെ കീഴടക്കാന്‍ മാത്രമല്ല അതിനെ നമ്മിലേക്ക് ആകര്‍ഷിക്കാനും സാധിക്കും. ലൗകിക ശക്തിയെ നേരിടാനുള്ള പ്രതിരോധശക്തി നാം കൈവശമാക്കുന്നു. നമ്മിലുള്ള ആത്മീയ സാന്ദ്രത കുറയാനിടയായാല്‍ ലൗകികശക്തികള്‍ നമ്മെ നിഷ്പ്രയാസം കീഴടക്കും. നമ്മുടെ സ്ഥിതി ആദ്യത്തിനെക്കാള്‍ മോശമായിത്തീരുകയും ചെയ്യും. നാം ആത്മശക്തിയില്‍ നിറഞ്ഞവരാണെങ്കില്‍ ഈ ചുറ്റുപാടിലും അന്തരീക്ഷത്തിലും അത്ഭുതകരമായ സ്വാധീനം ഇതിന് ചെലുത്തുവാന്‍ സാധിക്കും. നേരെ മറിച്ചാണെങ്കില്‍ നാം അവയുടെ സ്വാധീനവലയത്തിലാകുകയും ചെയ്യും. ഈ സ്ഥിതിവിശേഷം ഉണ്ടാകണമെങ്കില്‍ ധ്യാനാത്മകജീവിതത്തിലൂടെയുള്ള പ്രാര്‍ത്ഥന അത്യാന്തപേക്ഷിതമാണ്. ദൈവം കോലാഹലത്തിന്‍റേതല്ല. നിശ്ശബ്ദതയില്‍ മാത്രം സംസാരിക്കുന്ന ദൈവമാണ്.

പ്രവൃത്തി ചിന്തയുടെ ഫലമാണ്. അപ്പോള്‍ നല്ല ചിന്തകളില്‍നിന്ന് നല്ല വാക്കുകളും പ്രവൃത്തിയും ഉടലെടുക്കുന്നു. ഒരു നല്ല വ്യക്തിയായി മാറുവാന്‍ നാം നിരന്തരം ദൈവവഴികളില്‍ കൂടി ചരിച്ചേ മതിയാകൂ. ഇതിനെ നാം ഗൗരമായിട്ടെടുത്താല്‍ ദൈവത്തിന്‍റെ വഴികളെ ഈ സമൂഹത്തിലേക്കു കൊണ്ടുവരാന്‍ സാധിക്കും. അതായത് കാതലായ സത്യങ്ങളായ സ്നേഹം, നീതി, ഐക്യം, സത്യം ഇവയെ നാം നമ്മുടെ ചുറ്റുപാടില്‍ പ്രവൃത്തിപഥത്തിലെത്തിക്കുന്നു.

ദൈവം മനുഷ്യജീവിതത്തിന്‍റെ കേന്ദ്രബിന്ദുവാണ്. ഇത് പുത്തനാശയം ഒന്നുമല്ല. വ്യക്തിജീവിതത്തില്‍ ദൈവത്തിന്‍റെ സ്ഥാനവും അതുപോലെതന്നെ. ഇതാണ് വിശുദ്ധന്മാരുടെ ജീവിതം തെളിയിക്കുന്നത്. ഇതിന്‍റെ ഫലം അത്ഭുതാവഹമാണ്. അവര്‍ക്ക് ദൈവത്തില്‍, ദൈവസാന്നിധ്യത്തില്‍ നിരന്തരം ജീവിക്കാന്‍ സാധിച്ചു. സാന്ദ്രത കുറഞ്ഞതിനൊന്നും അവരെ ആകര്‍ഷിക്കാന്‍ സാധിച്ചില്ല. നാം എന്തിനെക്കുറിച്ച് ചിന്തിക്കുന്നുവോ അതിന്‍റെ പ്രത്യക്ഷഫലമാണ് പ്രവൃത്തി. ദിവസം മുഴുവനുമുള്ള നിന്‍റെ പ്രവൃത്തികള്‍ നിന്‍റെ ചിന്തകളെ കേന്ദ്രീകരിച്ചായിരിക്കും. വി. പൗലോസ് ഫിലിപ്പയര്‍ക്കെഴുതിയ ലേഖനത്തില്‍ നാം ഇതിനെ സംക്ഷേപിക്കുന്നു. "ആകയാല്‍ സഹോദരരെ, സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്നേഹാര്‍ഹവും സ്തുത്യര്‍ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുവിന്‍."

ഞാന്‍ 50 വര്‍ഷക്കാലം എഴുതിയാലും പ്രസംഗിച്ചാലും മതിയാവില്ല നിശ്ശബ്ദതയുടെ പ്രാധാന്യത്തെ വ്യക്തമാക്കാന്‍. ആദ്ധ്യാത്മികജീവിതത്തിന്‍റെ ഒരു പ്രധാന കണ്ണിയാണത്. ഈ കണ്ണി വിട്ടാല്‍ ജീവിതം തകര്‍ന്നതുതന്നെ. നിശ്ശബ്ദതയില്‍ നാം ദൈവത്തെ കണ്ടുമുട്ടുന്നു. ഇതാണ് നമ്മുടെ ജീവിതത്തിലെ രണ്ടു സുപ്രധാന കണ്ടുപിടുത്തങ്ങള്‍. ഇത് വേഗം സാദ്ധ്യമായിത്തീരുന്ന ഒന്നല്ല. സാവകാശം ദൈവം നമ്മളില്‍ പ്രവര്‍ത്തിക്കുന്നു. ഔദാര്യമനസ്സോടെ ദൈവത്തിന് മനസ്സിലിടം കൊടുത്താല്‍ മതിയാവും. കേന്ദ്രസ്ഥാനം ദൈവത്തിനാണ് എങ്കില്‍ ദൈവം നമ്മുടെ പൂര്‍ണ്ണഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ദൈവത്തെ ഇപ്രകാരം കണ്ടുമുട്ടാത്ത ജീവിതത്തില്‍ കടുത്ത നിരാശയും ദുരിതവും ഉണ്ടാകുന്നു. ജീവിതത്തിന്‍റെ അര്‍ത്ഥമെന്താണെന്നു ചോദിച്ചാല്‍ ദൈവത്തെ കണ്ടുമുട്ടുക, ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുക എന്നര്‍ത്ഥം.

ആധുനിക ലോകം കോലാഹലത്തിന്‍റേതാണ്. എവിടെയും  ബഹളം. മാദ്ധ്യമങ്ങളുടെ സ്വാധീനത വര്‍ദ്ധിച്ചതോടെ ആകെ ശബ്ദമുഖരിതമാണ് അന്തരീക്ഷം. രേഡിയോ, റ്റി. വി., ടേപ്പ് റിക്കോര്‍ഡര്‍, വാക്മാന്‍ തുടങ്ങി അനവധി ഉപകരണങ്ങള്‍, ശബ്ദമലിനീകരണം എന്നതുപോലും നാം മറക്കുന്നു. ഇതിനിടയില്‍ ദൈവത്തെ കണ്ടുമുട്ടിക്കൊള്ളുക എന്നു പറഞ്ഞാല്‍ അതില്‍ ആത്മാര്‍ത്ഥത തെല്ലും ഇല്ല.

'ദ ഗാര്‍ഡിയന്‍' എന്ന പത്രത്തില്‍ സി. എസ്. ലൂയിസ് കത്തുകളുടെ പരമ്പര എഴുതിയിരുന്നു. അറുപതു വര്‍ഷം മുന്‍പ് ഒരു പ്രവചനമെന്നോണം അദ്ദേഹം എഴുതിയതാണിവ. ഏതായാലും ഇന്ന് ഈ പ്രവചനം പൂര്‍ത്തിയായിട്ടുണ്ട് എന്നു പറയാം. കത്തുകളുടെ ചുരുക്കമിതാണ്. പിശാചുക്കളുടെ തലവന്‍ തന്‍റെ അനന്തരവനായ ഒരു കൊച്ചുപിശാചിനെ പരിശീലിപ്പിക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും കൂടി നടത്തുന്ന സംഭാഷണമാണ്. മൂത്ത പിശാച് ചോദിച്ചു: മനുഷ്യനെ ദൈവത്തില്‍നിന്നകറ്റാന്‍ നീ എന്തു ചെയ്യും? അപ്പോള്‍ കൊച്ചു പിശാച് പറഞ്ഞു: ഞാന്‍ വലിയ അത്ഭുതശക്തിയാലവരെ ആകര്‍ഷിച്ച് ദൈവത്തില്‍ നിന്നകറ്റും എന്ന്. കലി മൂത്ത വലിയ പിശാച് പറഞ്ഞു: അതല്ല വേണ്ടത്, അവരുടെ സമൂഹത്തിലും അന്തരീക്ഷത്തിലും എല്ലാം ശബ്ദകോലാഹലം അഴിച്ചുവിട്ടാല്‍ ധാരാളം മതിയാവും എന്ന്. ഒ രു കത്തില്‍ മൂത്ത പിശാച് പറയുന്നു: 'അവസാനം ഞാനീ ലോകം മുഴുവനെയും ശബ്ദം കൊണ്ട് കീഴടക്കും' എന്ന്. ഇതില്‍നിന്ന് നാം എത്രമാത്രം നിശ്ശബ്ദതയെ സ്നേഹിക്കണം, വിലമതിക്കണം എന്നു വ്യക്തമാകുന്നുണ്ട്.
ഇന്നത്തെ ലോകത്തിന്‍റെ ഏറ്റവും വലിയ കുറവ് ദൈവവും മനുഷ്യനും തമ്മിലുള്ള അകല്‍ച്ചയാണ്. ദൈവത്തെ കണ്ടുമുട്ടിയാല്‍ മാത്രമേ നാമാരാണ് എന്ന ബോധ്യം ലഭിക്കൂ. ഇതിന്‍റെ പരിണതഫലം വളരെ ഗൗരവമേറിയ ഒന്നാണ്. നാം എല്ലാവരില്‍ നിന്നും അകന്നു ജീവിക്കുന്നത് ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നു. നിസ്സാരകാര്യങ്ങളില്‍പ്പോലും നാം പൊട്ടിത്തെറിക്കുന്നു. ആത്മസംയമനം നഷ്ടപ്പെടുന്നു.

വ്യക്തിജീവിതത്തിലെ നിശ്ശബ്ദത സമൂഹത്തിലേക്കും കുടുംബങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ പരാതി എങ്ങനെ പ്രാര്‍ത്ഥിക്കണം, ധ്യാനിക്കണം എന്നറിയില്ല എന്നാണെങ്കില്‍ അതിനുത്തരമുണ്ട്. വെറുതെ നിശ്ശബ്ദതയിലാകുക, എന്നിട്ട് ദൈവത്തോടു പറയണം എനിക്ക് പ്രാര്‍ത്ഥിക്കാനറിയില്ല എന്ന്. പ്രാര്‍ത്ഥന ആരംഭിച്ചുകഴിഞ്ഞു. ഹൃദയം തുറന്നു ദൈവവുമായി സംഭാഷണത്തിലേര്‍പ്പെടുക. ചോദ്യങ്ങള്‍ ചോദിക്കാം. ദൈവത്തോട് സംശയങ്ങള്‍ പറയാം. നൊമ്പരങ്ങള്‍ പങ്കുവയ്ക്കാം. ഒരു സുഹൃത്തിനോടെന്നപോലെ സന്തോഷങ്ങള്‍ അറിയിക്കാം. ഇനി പ്രാര്‍ത്ഥനാ സമയം കഴിഞ്ഞാലും ഈ ദൈവസാന്നിദ്ധ്യസ്മരണ നിലനിര്‍ത്താം.

ധ്യാനാത്മകജീവിതം എന്നു പറഞ്ഞാല്‍ എന്താണ്? ദൈവം നമ്മെ വിനയപൂര്‍വ്വം സ്നേഹപൂര്‍വ്വം നോക്കുന്നതായി കാണുക. അതില്‍ ലീനമാവുക. വി. ബര്‍ണാദിന്‍റെ 69-ാം പ്രസംഗം ഉത്തമഗീതങ്ങളില്‍ നിന്നാണ്. അദ്ദേഹം പറയുന്നു: "പ്രസംഗം ഞാനവസാനിപ്പിക്കുന്നു. എന്നിരുന്നാലും ഒരു സത്യം ഞാന്‍ ആദ്ധ്യാത്മികത പ്രാപിച്ച ആത്മാക്കളോടു പറയുന്നു. ദൈവം എന്നെ മാത്രം നോക്കുന്നു. മറ്റാരെയും ശ്രദ്ധിക്കുന്നില്ല. ഞാന്‍ മാത്രമാണ് ദൈവത്തിന്‍റെ ശ്രദ്ധാകേന്ദ്രെ. അതുപോലെ ഞാനും ദൈവവും  - മറ്റാര്‍ക്കും ഈ ബന്ധത്തില്‍ പങ്കില്ലെന്നും ധരിക്കുക. "ഇതാണ് ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ധ്യാനാത്മകജീവിതം."

ഇതിന്‍റെയൊരു പ്രതിധ്വനിയാണ് വി. ഇഗ്നേഷ്യസ് ലയോളയുടെ ജീവിതം. ഇഗ്നേഷ്യന്‍ ആധ്യാത്മികതയില്‍ നാം ദൈവത്തെ നോക്കുകയല്ല മറിച്ച് ദൈവത്തിന്‍റെ നോട്ടം, ശ്രദ്ധ ഇവ ഏറ്റുവാങ്ങുക എന്നതാണ്. കാണുകയല്ല കാണപ്പെടുകയാണ്. ദൈവത്തിന്‍റെ നോട്ടത്തില്‍ നാം ബന്ധനസ്ഥരാകുന്നു. ഇവിടെ തോരാത്ത ഭംഗിവാക്കുകള്‍ ആവശ്യമില്ല. കാരണം ദൈവം ഹൃദയം നോക്കുന്നവനാണ്. സ്നേഹിതര്‍ തമ്മില്‍ ചിലപ്പോള്‍ വാക്കുകളുടെ ഒരു പ്രയോഗവും നടത്താറില്ല. പക്ഷേ കണ്ണുകളില്‍ വാചാലതയുണ്ട്. അത് വികാരങ്ങളെയും വിചാരങ്ങളെയും അറിയിക്കുന്നു. ഉദാഹരണമായി, സ്നേഹിതന്‍/ സ്നേഹിത ദുഃഖത്തിലാണെങ്കില്‍, ദുഃഖനിര്‍ഭരമായ ഒരു നോട്ടം മതി ആശ്വസിപ്പിക്കാന്‍. ഇതാണ് ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം. ഈ ബന്ധത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ നാം അന്വേഷിക്കുന്നു, കണ്ടെത്തുന്നു, സ്വീകരിക്കുന്നു. ഈ നോട്ടത്തിന്‍റെ ആഴം, പരപ്പ്, നീളം പരിധിക്കപ്പുറമാണ്. ആവിലായിലെ വി. ത്രേസ്യായുടെ ജീവിതത്തില്‍ നിന്നും ഇതിനുദാഹരണമുണ്ട്. വിശുദ്ധ പറയുന്നതിപ്രകാരമാണ്: "ഈശോ നിന്നെ സ്നേഹപൂര്‍വ്വം, വിനയപൂര്‍വ്വം നോക്കുന്നതായി കാണുക." ഇതാണ് അമ്മത്രേസ്യായുടെ ധ്യാനാത്മകജീവിതത്തിന്‍റെ നിര്‍വ്വചനം. അവസാനമായി നിന്‍റെ ജീവിതത്തിന്‍റെ അളവുകോല്‍ നിന്‍റെ നിശ്ശബ്ദതയും പ്രാര്‍ത്ഥനയും മാത്രമാണ്.    

You can share this post!

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

വിദ്യാര്‍ത്ഥികളിലെ സമ്മര്‍ദ്ദം നേരിടാന്‍

ഡോ. അരുണ്‍ ഉമ്മന്‍
Related Posts