"ലേവീഗോത്രജനും മോശയുടെ സഹോദരനും അവരെപ്പോലെതന്നെ വിശുദ്ധനുമായ അഹറോനെ അവിടുന്ന് ഉയര്‍ത്തി. അവിടുന്ന് അവനുമായി നിത്യഉടമ്പടി ചെയ്യുകയും ജനത്തിന്‍റെ പൗരോഹിത്യം അവനു നല്‍കുകയും ചെയ്തു" (പ്രഭാ 45, 6-7).
ബൈബിളില്‍ കാണുന്ന ആദ്യത്തെ അഭിഷിക്ത പുരോഹിതനാണ് അഹറോന്‍. മെല്‍ക്കിസെദേക്കാണ് പേരെടുത്തു പറയുന്ന ആദ്യപുരോഹിതനെങ്കിലും അയാളെ 'അഭിഷിക്തന്‍' എന്ന് ബൈബിള്‍ വിശേഷിപ്പിക്കുന്നില്ല. ലേവീഗോത്രജരായ അമ്രാം - യോക്കെബെദ് ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് അഹറോന്‍; മിരിയാം മൂത്തസഹോദരി, മോശ ഇളയസഹോദരന്‍(പുറ 6, 20; 15,20). മോശയുടെ സഹായകനായി രംഗപ്രവേശം ചെയ്യുന്ന അഹറോന്‍ ഉപദേഷ്ടാവും പ്രവാചകനും പുരോഹിതനുമായി വര്‍ത്തിക്കുന്നു. 342 തവണ അഹറോന്‍റെ പേര് ബൈബിളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതില്‍ അധികപങ്കും പഞ്ചഗ്രന്ഥത്തിലാണ്. പുതിയ നിയമത്തില്‍ നാലു തവണ മാത്രമേ അഹറോന്‍ പരാമര്‍ശവിഷയമാകുന്നുള്ളൂ (ലൂക്കാ 1, 5; അപ്പ 7, 40; ഹെബ്രാ 5, 4; 7, 11).
ബൈബിള്‍ അവതരിപ്പിക്കുന്ന അഹറോന്‍റെ ചിത്രത്തില്‍ കാലക്രമത്തിലുള്ള വളര്‍ച്ച കാണാം. ഇസ്രായേല്‍ ജനത്തെ ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ച്, മരുഭൂമിയിലൂടെ നയിച്ച്, സീനായ് മലയുടെ അടിവാരത്തെത്തിക്കുകയും അവിടെവച്ച് ഉടമ്പടിയിലൂടെ ദൈവം അവരെ സ്വന്തം ജനമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന ആദ്യ ഘട്ടത്തില്‍ അഹറോന്‍ മോശയുടെ സഹായകനും സഹപ്രവര്‍ത്തകനും വക്താവുമായി പ്രത്യക്ഷപ്പെടുന്നു. സീനായ് ഉടമ്പടിക്കുശേഷം ദൈവാരാധനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പുരോഹിതവസ്ത്രങ്ങള്‍, അഭിഷേകം, ബലിയര്‍പ്പണങ്ങള്‍ മുതലായവ വിവരിക്കുമ്പോള്‍ രാജഭരണകാലത്തും പ്രവാസാനന്തരം നിലവില്‍ വന്ന പുരോഹിതഭരണകാലത്തും ഇസ്രായേലില്‍ രൂപം പ്രാപിച്ചു വളര്‍ന്ന കാഴ്ചപ്പാടിന്‍റെയും ആചാരാനുഷ്ഠാനങ്ങളുടെയും സ്വാധീനം കാണാന്‍ കഴിയും. പൗരോഹിത്യത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച്, പ്രധാനപുരോഹിതനായ അഹറോനുമായി ബന്ധപ്പെട്ട്, ബൈബിള്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ ചുരുക്കമായി വിശകലനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്.
മോശയുടെ സഹായകന്‍ - വക്താവ്
"അപ്പോള്‍ കര്‍ത്താവ് മോശയോടു കോപിച്ചു പറഞ്ഞു: നിനക്ക് ലേവ്യനായ അഹറോന്‍ എന്നൊരു സഹായകനുണ്ടല്ലോ. അവന്‍ നന്നായി സംസാരിക്കും എന്ന് എനിക്കറിയാം... പറയേണ്ട വാക്കുകള്‍ നീ അവനു പറഞ്ഞുകൊടുക്കുക. ഞാന്‍ നിന്‍റെയും അവന്‍റെയും നാവിനെ ശക്തിപ്പെടുത്തും... അവന്‍ നിനക്കുപകരം ജനത്തോടു സംസാരിക്കും. അവന്‍ നിന്‍റെ വക്താവായിരിക്കും" (പുറ. 4, 14-15).
ഇസ്രായേല്‍ ജനത്തെ അടിമത്തത്തില്‍നിന്നു വിട്ടയയ്ക്കണം എന്നു ഫറവോയോട് ദൈവനാമത്തില്‍ കല്പിക്കാനായി വിളിക്കപ്പെട്ട മോശ പല ഒഴിവുകഴിവുകളും പറഞ്ഞു. അവസാനം തനിക്കു സംസാരപാടവമില്ല എന്നു പറയുമ്പോഴാണ് ദൈവം അഹറോനെ സഹായകനായി നല്കുന്നത്. അഹറോന്‍ എന്ന വാക്കിന് 'ശക്തന്‍', 'ഉന്നതന്‍', 'അലറുന്ന സിംഹം', 'കരുത്തിന്‍റെ മല' എന്നൊക്കെ അര്‍ത്ഥമുണ്ട്. രാജാവിന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ ഭയന്നു നില്‍ക്കുന്ന മോശയ്ക്കു സഹായകനായി ദൈവം നല്‍കുന്ന വ്യക്തിക്ക് ആവശ്യമായ ഗുണഗണങ്ങള്‍ ആ പേരില്‍ത്തന്നെ കാണാം. മോശയ്ക്കു പകരം സംസാരിക്കും, മോശയോടു ചേര്‍ന്നുനിന്ന് ശക്തിപകരും. എന്തു പറയണം എന്നു ദൈവം മോശയ്ക്കു വെളിപ്പെടുത്തും; മോശ അത് അഹറോനോടു പറയും. അഹറോന്‍ അതു പരസ്യമായി പ്രഘോഷിക്കും.
മുഖ്യമായും പ്രവാചകദൗത്യമാണ് ഇവിടെ പ്രകടമാകുന്നത്. ദൈവത്തിന്‍റെ വചനം പ്രഘോഷിക്കുക. ഇവിടെ വചനത്തിന്‍റെ രണ്ടു മാനങ്ങള്‍ ദൃശ്യമാകുന്നു. മോശയും അഹറോനും കൂടി ആദ്യം ഇസ്രയേല്‍ ജനത്തെയും തുടര്‍ന്ന് ഫറവോയെയും ദൈവവചനം അറിയിക്കുന്നു. ജനത്തിന് അതു സദ്വാര്‍ത്തയായിരുന്നു, ആസന്നമായിരിക്കുന്ന വിമോചനം. വാക്കു കേള്‍ക്കുകയും അടയാളങ്ങള്‍ കാണുകയും ചെയ്ത ജനം സന്തോഷിച്ചു, കര്‍ത്താവിനു നന്ദി പറഞ്ഞു, തല കുനിച്ച് ആരാധിച്ചു. (പുറ 4, 30). ഇതാണ് അഹറോന്‍റെ പ്രവാചകദൗത്യത്തിന്‍റെ ആദ്യമാനം. ജനത്തെ വിമോചനത്തിന്‍റെ സദ്വാര്‍ത്ത അറിയിക്കുക.
രണ്ടാമത്തേത് ഫറവോയുടെ മുമ്പിലുള്ള ദൗത്യമാണ്. "നീ ഫറവോയോടു പറയണം, കര്‍ത്താവു പറയുന്നു, ഇസ്രായേല്‍ എന്‍റെ പുത്രനാണ്. എന്‍റെ ആദ്യജാതന്‍... എന്നെ ആരാധിക്കാനായി എന്‍റെ പുത്രനെ വിട്ടയയ്ക്കുക. നീ അവനെ വിട്ടയയ്ക്കുന്നില്ലെങ്കില്‍ നിന്‍റെ പുത്രനെ, നിന്‍റെ ആദ്യജാതനെത്തന്നെ ഞാന്‍ വധിക്കും" (പുറ 4, 23). അടിമകള്‍ക്കു മോചനം നല്‍കുക, അതിനായി ജനത്തെ അടിമകളാക്കി വച്ചിരിക്കുന്ന ആധിപത്യശക്തികളെ ദൈവനാമത്തില്‍ നേരിട്ട് ദൈവകല്പന അറിയിക്കുക. അനുസരിച്ചില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചു മുന്നറിയിപ്പു നല്‍കുക. ഇതാണ് പ്രവാചകദൗത്യത്തിന്‍റെ മറുവശം. ആദ്യത്തേത് സന്തോഷകരവും എളുപ്പവുമായിരുന്നു. എന്നാല്‍ രണ്ടാമത്തേത് തികച്ചും അപകടകരമാണ്. അടിമകള്‍ക്കു വിടുതല്‍ നല്‍കാന്‍ ഉടമകള്‍ വിസമ്മതിക്കും. തന്നെയുമല്ല, വിമോചനത്തിനു ശ്രമിക്കുന്നവരെ ഉന്മൂലനം ചെയ്തെന്നും വരും.
എളുപ്പമായിരുന്നില്ല ഈ ദൗത്യം. അടിമകളെ വിട്ടയയ്ക്കാന്‍ ഫറവോ സമ്മതിച്ചു. ഒന്നിനൊന്ന് ശക്തമായ അടയാളങ്ങള്‍ അവര്‍ വഴി ദൈവം പ്രവര്‍ത്തിച്ചു. വടി സര്‍പ്പമാകുന്നതില്‍ തുടങ്ങി പത്തു മഹാമാരികള്‍ ഈജിപ്തിന്‍റെ മേല്‍ ആഞ്ഞടിച്ചു. ഇവിടെയെല്ലാം അഹറോന്‍ ദൈവത്തിന്‍റെ ഉപകരണവും മോശയുടെ സഹായകനുമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഫറവോയുടെ ഹൃദയം കൂടുതല്‍ കഠിനമാകുകയാണ് ചെയ്തത് (പുറ 10,11). പത്താമത്തെ മഹാമാരിയെക്കുറിച്ചുള്ള താക്കീതു കിട്ടിയപ്പോള്‍ ക്രുദ്ധനായ ഫറവോ പറഞ്ഞു: "ഇനി എന്നെ കാണാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. ഇനി എന്നെ കാണുന്ന ദിവസം നീ മരിക്കും"(പുറ 10, 28). വിമോചനത്തിന്‍റെ സദ്വാര്‍ത്ത പ്രഘോഷിക്കുന്ന പ്രവാചകദൗത്യം പ്രവാചകന്‍റെ ജീവഹാനിക്കു കാരണമാകാം എന്നൊരു മുന്നറിയിപ്പ് ഈ ഭീഷണിയില്‍ കാണാം. എന്നാല്‍ ഭയന്നു പിന്മാറുന്നവനല്ല പ്രവാചകന്‍. തന്നെ ദൗത്യം ഏല്പിച്ചയച്ച ദൈവം എന്നും കൂടെ ഉണ്ടായിരിക്കും, സംരക്ഷിക്കും എന്ന് അവന്‍ ഉറച്ചു വിശ്വസിക്കും. ഏല്പിക്കപ്പെട്ട ദൗത്യം പൂര്‍ണവിശ്വസ്തതയോടെ നിറവേറ്റും. ഇപ്രകാരം ഒരു പ്രവാചകനായി അഹറോന്‍ അവിടെ പ്രത്യക്ഷപ്പെട്ടു.
ജനത്തിനു സംരക്ഷണം
ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് മോചിക്കപ്പെട്ട് അത്ഭുതകരമായി കടല്‍ കടന്ന ജനം പ്രവേശിച്ചത് തേനും പാലും ഒഴുകുന്ന വാഗ്ദത്തഭൂമിയിലേക്കല്ല, ചുട്ടുപൊള്ളുന്ന, വഴിയും നിഴലും ഇല്ലാത്ത, മരുഭൂമിയിലേക്കായിരുന്നു. അവര്‍ക്കു വഴികാട്ടാനും സംരക്ഷണം നല്‍കാനും ദൈവം മോശയോടൊപ്പം അഹറോനെയും ഉപകരണമാക്കി. ഏതാനും ചില ഉദാഹരണങ്ങള്‍ എടുത്തു കാട്ടട്ടെ.
മന്ന
വിശന്നുവലഞ്ഞ ജനത്തിന് ദൈവം ആകാശത്തുനിന്ന് അത്ഭുതകരമായി അപ്പം വര്‍ഷിച്ചു. അത് എന്താണെന്ന് അറിയാതിരുന്നവര്‍ അതിനെ മന്ന എന്നു വിളിച്ചു. (പുറ 16, 31). മരുഭൂമിയിലൂടെ യാത്ര ചെയ്ത നാല്പതുവര്‍ഷവും അവര്‍ക്കു മുടങ്ങാതെ മന്ന ലഭിച്ചു. ഇതിന്‍റെ ഓര്‍മ്മയ്ക്കായി ഒരു ഓമര്‍ (നാലര ലിറ്റര്‍) മന്ന എടുത്ത് ഉടമ്പടിയുടെ പേടകത്തിനു മുമ്പില്‍ സൂക്ഷിച്ചുവച്ചു. അഹറോനെയാണ് മോശ വഴി കര്‍ത്താവ് ഈ ദൗത്യം ഏല്പിച്ചത് (പുറ 16, 31-36). ദൈവം നല്‍കിയ, എന്നും നല്‍കുന്ന സംരക്ഷണത്തെക്കുറിച്ച് ജനത്തെ ബോധവാന്മാരാക്കണം, നിരന്തരം അനുസ്മരിപ്പിക്കണം. മന്ന ഒരു ഉദാഹരണമാണ്. മനുഷ്യന്‍റെ എല്ലാ ആവശ്യങ്ങളുടെയും പ്രതീകമാണത് - അപ്പം. ദൈവമാണ് അപ്പം നല്‍കുന്നത് എന്ന കാര്യം മറക്കരുത്. ഉടമ്പടിയുടെ പേടകത്തില്‍ സൂക്ഷിച്ച മന്ന ദൈവം തരാനിരുന്ന നിത്യജീവന്‍റെ അപ്പത്തിലേക്കു വിരല്‍ചൂണ്ടുന്നു. ഇവിടെ അപ്പം സൂക്ഷിക്കുന്ന പുരോഹിതനായ അഹറോന്‍ സ്വയം അപ്പമായി മാറിയ നിത്യപുരോഹിതനായ യേശുവിന്‍റെ മുന്നോടിയും പ്രതീകവുമായി നില്‍ക്കുന്നു.
പാറയില്‍ നിന്നു ജലം
അപ്പംപോലെതന്നെ, ഒരു പക്ഷേ അതിനേക്കാള്‍ കൂടുതല്‍, ജീവന്‍റെ നിലനില്‍പ്പിനാവശ്യമാണു ജലം. മരുഭൂമിയിലൂടെ യാത്ര ചെയ്ത ജനത്തിന് കുടിവെള്ളം കിട്ടാതായി. ഈ സാഹചര്യത്തിലാണ് പാറയില്‍നിന്ന് ജലം പുറപ്പെടുവിച്ച് ജനത്തിനു ദാഹശമനം വരുത്താന്‍ ദൈവം മോശയോടു കല്പിച്ചത്. മോശ കല്പന അനുസരിച്ചു. പാറയില്‍നിന്നു വെള്ളം ഒഴുകി. ജനത്തിനു തൃപ്തിയായി(പുറ 17, 1-7). ഈ സംഭവത്തിന്‍റെ മറ്റൊരു വിവരണം സംഖ്യ 20, 7-12ല്‍ കാണാം. ഇവിടെ മോശയോടൊപ്പം അഹറോനുമുണ്ട്. ഇരുവരും ദൈവകല്പന അനുസരിച്ചു; ജനത്തിനു കുടിക്കാന്‍ വെള്ളം കിട്ടുകയും ചെയ്തു. എന്നാല്‍ ഇരുവരുടെയും പ്രതികരണവും പ്രവര്‍ത്തനവും ദൈവത്തിന് ഇഷ്ടമായില്ല.
"കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഇസ്രായേലില്‍ എന്‍റെ വിശുദ്ധി വെളിപ്പെടുത്തത്തക്കവിധം നിങ്ങള്‍ എന്നില്‍ വിശ്വസിക്കാതിരുന്നതുകൊണ്ട് ഞാന്‍ ഈ ജനത്തിനു കൊടുക്കുന്ന ദേശത്ത് ഇവരെ എത്തിക്കുന്നത് നിങ്ങളായിരിക്കുകയില്ല"(സംഖ്യ 20, 12). എന്തായിരുന്നു അവര്‍ ചെയ്ത തെറ്റ് എന്ന കാര്യത്തില്‍ വ്യാഖ്യാതാക്കളുടെ ഇടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. കര്‍ത്താവില്‍ ഉറച്ചുവിശ്വസിച്ചില്ല അതിന്‍റെ തെളിവാണ് മോശ രണ്ടുപ്രാവശ്യം വടികൊണ്ട് പാറയില്‍ അടിച്ചത്. വെള്ളം പുറപ്പെടുവിക്കാന്‍ പാറയോടു കല്പിക്കണം എന്നായിരുന്നു ദൈവം അവരോട് ആവശ്യപ്പെട്ടത് (സംഖ്യ 20, 7). എന്നാല്‍ ഇവിടെ വടികൊണ്ട് അടിക്കുന്നു; അതും ഒന്നല്ല, രണ്ടു തവണ. ഇതാണ് അവരുടെ തെറ്റ് എന്നു കരുതുന്നവരുണ്ട്.
മറ്റൊരു വ്യാഖ്യാനവും ഇതിനു നല്‍കാറുണ്ട്. അത് മോശയുടെയും അഹറോന്‍റെയും സംസാരത്തില്‍ തെളിയുന്ന അതിരുകടന്ന ആത്മപ്രശംസയാണ്."മോശയും അഹറോനും കൂടി പാറയ്ക്കു മുമ്പില്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടി. മോശ പറഞ്ഞു: ധിക്കാരികളെ കേള്‍ക്കുവിന്‍, നിങ്ങള്‍ക്കുവേണ്ടി ഈ പാറയില്‍നിന്ന് ഞങ്ങള്‍ വെള്ളം പുറപ്പെടുവിക്കണമോ?"(സംഖ്യ 20, 10). ദൈവമാണ് നയിക്കുന്നത്, ആവശ്യമായതെല്ലാം തരുന്നുണ്ട് എന്നു ജനത്തെ ഓര്‍മ്മിപ്പിക്കുന്നതിനു പകരം ഇവിടെ മോശയും അഹറോനും ദൈവത്തിന്‍റെ സ്ഥാനത്തു കയറിനില്‍ക്കുന്നതുപോലെ തോന്നുന്നു. "ഞങ്ങള്‍ പാറയില്‍നിന്ന് ജലം പുറപ്പെടുവിക്കണമോ" എന്ന ചോദ്യത്തിലെ ധ്വനി അതാണല്ലോ. ദാഹിച്ചു വലഞ്ഞ ജനം ജലത്തിനുവേണ്ടി യാചിച്ചത് ധിക്കാരമായി പരിഗണിക്കുമ്പോള്‍ നേതാക്കന്മാര്‍ക്കു വലിയ വീഴ്ച സംഭവിക്കുന്നതായി കാണാം. ജനം ധിക്കാരികള്‍, ഞങ്ങള്‍ പാറയില്‍ നിന്നു ജലം പുറപ്പെടുവിക്കാന്‍ കഴിവുള്ള ശക്തരായ അധികാരികള്‍. അതിന്‍റെ പ്രകടനമായി കാണാം രണ്ടു തവണ വടികൊണ്ട് പാറയില്‍ അടിക്കുന്നത്. തങ്ങളുടെ അടിയുടെ ശക്തികൊണ്ടാണ് പാറ പിളര്‍ന്ന് ജലം ഒഴുകുന്നത് എന്ന സൂചനയും ഇവിടെ കാണാം.
ഇതെല്ലാം ദൈവഹിതത്തിനു വിരുദ്ധമായിരുന്നു. ജലത്തിനുവേണ്ടിയുള്ള ജനത്തിന്‍റെ വിലാപം ന്യായമായ യാചനയായിരുന്നു. അതിന് അവരെ ശാസിക്കുന്നതു ശരിയല്ല. പാറ തുറന്ന് ജലം ഒഴുക്കുന്നത് തങ്ങളല്ല, ദൈവമാണ്, തങ്ങള്‍ ദൈവകരങ്ങളിലെ ഉപകരണങ്ങള്‍ മാത്രമാണ് എന്ന കാര്യവും അവര്‍ മറന്നു. ഇത് ഇരുവരുടെയും വലിയൊരു വീഴ്ചയായി ബൈബിള്‍ അവതരിപ്പിക്കുന്നു. മോശയും അഹറോനും വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കാന്‍ കഴിയാതെ, യാത്രാമധ്യേ, മരുഭൂമിയില്‍ വച്ചു മരിച്ചതിന്‍റെ കാരണം ഈ അവിശ്വസ്തതയായിരുന്നു എന്ന് ഇവിടെ എടുത്തുപറയുന്നു. "കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഇസ്രായേലില്‍ എന്‍റെ വിശുദ്ധി വെളിപ്പെടുത്തത്തക്കവിധം നിങ്ങള്‍ എന്നില്‍ വിശ്വസിക്കാതിരുന്നതുകൊണ്ട് ഞാന്‍ ഈ ജനത്തിനു കൊടുക്കുന്ന ദേശത്ത് ഇവരെ എത്തിക്കുന്നത് നിങ്ങളായിരിക്കുകയില്ല"(സംഖ്യ 20, 12).
പ്രതിനിധികള്‍ സ്വന്തം സ്ഥാനം മറന്ന് അധികാരികളും ഉടമസ്ഥരുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത് വലിയ നാശം വരുത്തിവയ്ക്കും. ഇവിടെ മോശയ്ക്കും അഹറോനും സംഭവിച്ചത് എന്നും പ്രസക്തമായ പാഠമായി നില്‍ക്കുന്നു. പുരോഹിതന്‍ ദൈവമല്ല, ജനത്തിനുമുമ്പില്‍ ദൈവത്തിന്‍റെ പ്രതിനിധി മാത്രം; ദൈവത്തിനു മുന്‍പില്‍ ജനത്തിന്‍റെ പ്രതിനിധിയും. ഈ പ്രാതിനിധ്യസ്വഭാവം മറന്നതാണ് മരുഭൂമിയിലെ പാറയ്ക്കു മുന്നില്‍വച്ച് അഹറോനു സംഭവിച്ച വലിയ വീഴ്ച. അകാരണമായി ജനത്തെ ശാസിക്കുകയും ജനത്തിനു മുമ്പില്‍ വലിയവനെന്നു ഭാവിക്കുകയും ചെയ്യാതിരിക്കാന്‍ പുരോഹിതര്‍ക്കു ദൈവം നല്‍കുന്ന താക്കീതായും ഈ സംഭവത്തെ കാണണം.
യുദ്ധത്തില്‍ ജയം - മാധ്യസ്ഥം
ശത്രുക്കളുടെ ആക്രമണത്തില്‍ ജനത്തിനു സംരക്ഷണം നല്‍കാന്‍ ദൈവത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതാണ് അഹറോന്‍റെ മറ്റൊരു പുരോഹിതധര്‍മ്മം. മരുഭൂമിയിലൂടെയുള്ള യാത്രാമധ്യേ അമലേക്യര്‍ ഇസ്രായേല്‍ജനത്തെ ആക്രമിച്ചു. യുദ്ധം ചെയ്യാന്‍ ജോഷ്വായെ ചുമതലപ്പെടുത്തിയതിനുശേഷം മോശ പ്രാര്‍ത്ഥിക്കാന്‍ മലമുകളിലേക്കു പോയി. കൈകള്‍ വിരിച്ച് മോശ പ്രാര്‍ത്ഥിച്ചപ്പോള്‍ ഇസ്രായേല്‍ക്കാര്‍ക്കായിരുന്നു വിജയം. എന്നാല്‍ കൈകള്‍ കുഴഞ്ഞു താഴ്ന്നപ്പോള്‍ ശത്രുക്കള്‍ മുന്നേറി. ഈ സാഹചര്യത്തില്‍ അഹറോനും ഹൂറും കൂടി മോശയുടെ കൈകള്‍ താഴാതെ ഉയര്‍ത്തിപ്പിടിച്ചു. അങ്ങനെ ജനം യുദ്ധം ജയിച്ചു (പുറ 17, 8-13). യുദ്ധം നയിക്കുന്ന ജോഷ്വായും കൈവിരിച്ചു പ്രാര്‍ത്ഥിക്കുന്ന മോശയും അതിനു സഹായിക്കുന്ന അഹറോനും എന്നും പ്രസക്തമായ മാതൃകകളാണ്. പുരോഹിതന്‍റെ മുഖ്യധര്‍മ്മമാണ് മധ്യസ്ഥ പ്രാര്‍ത്ഥന എന്ന് ഈ സംഭവത്തിലൂടെ പഠിപ്പിക്കുന്നു.
മലമുകളില്‍
"അപ്പോള്‍ കര്‍ത്താവ് മോശയോടു കല്പിച്ചു: നീ ഇറങ്ങിച്ചെന്ന് അഹറോനെയും കൂട്ടി കയറിവരിക" (പുറ 19, 24). ഈജിപ്തില്‍ നിന്നും മോചിപ്പിച്ച ജനത്തെ ദൈവം സീനായ് മലയില്‍വച്ച് ഉടമ്പടിയിലൂടെ സ്വന്തം ജനമായി സ്വീകരിച്ചു. ഉടമ്പടിയുടെ പ്രമാണങ്ങള്‍ സ്വീകരിക്കാനായി മലമുകളിലേക്കു കയറിയ മോശയുടെ കൂടെ അഹറോനും (പുറ 19, 24) മക്കളായ നാദബും അബിഹുവും(പുറ 24, 1) ഉണ്ടായിരുന്നു എന്ന സൂചനയാണ് ഇവിടെ ലഭിക്കുന്നത്. എന്നാല്‍ മോശ മലമുകളില്‍ നാല്പതു ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചപ്പോള്‍ അഹറോന്‍ ജനത്തിന്‍റെ കൂടെ താഴ്വരയിലായിരുന്നു എന്ന് മറ്റൊരു വിവരണത്തില്‍ കാണാം (പുറ 32,1). പഞ്ചഗ്രന്ഥത്തിനു പിന്നിലുള്ള വ്യത്യസ്തലിഖിത പാരമ്പര്യങ്ങളാണ് ഈ വ്യത്യാസങ്ങള്‍ക്കു കാരണം എന്ന് ബൈബിള്‍ വ്യാഖ്യാതാക്കള്‍ കരുതുന്നു. ദൈവത്തിന്‍റെ വചനം സ്വീകരിക്കാനും അതു ജനത്തെ അറിയിക്കാനുമുള്ള പുരോഹിതന്‍റെ ദൗത്യം ഈ വിവരണങ്ങളില്‍ കാണാന്‍ കഴിയും. (തുടരും)
പുരോഹിത വസ്ത്രങ്ങള്‍ - അഭിഷേകം
മോശയുടെ സഹായകനും വക്താവും എന്ന നിലയില്‍നിന്ന് ഇസ്രായേലിലെ പ്രധാനപുരോഹിതന്‍ എന്ന പദവിയിലേക്ക് അഹറോന്‍ ഉയര്‍ത്തപ്പെടുന്നതിന്‍റെ സുദീര്‍ഘമായ വിവരണം പുറ 28-29; 39; ലേവ്യര്‍ 8 അധ്യായങ്ങളില്‍ കാണാം. പ്രഭ 45, 6-22 ല്‍ അഹറോന്‍റെ സമഗ്രമായൊരു ചിത്രം അവതരിപ്പിക്കുന്നുണ്ട്. പ്രവാസാനന്തരം എസ്രായുടെ കാലത്ത്, ബി. സി. അഞ്ചാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍, ലിഖിതരൂപം പ്രാപിച്ച പുരോഹിതപാരമ്പര്യത്തിന്‍റെ ഭാഗമാണ് ഈ വിവരണങ്ങള്‍ എന്നു പൊതുവേ കരുതപ്പെടുന്നു. അഹറോന്‍റെയും പിന്‍തലമുറകളുടെയും പൗരോഹിത്യത്തിന്‍റെ സവിശേഷതകള്‍ ഇവിടെ വ്യക്തമാകുന്നു.
"നിന്‍റെ സഹോദരനായ അഹറോന് മഹിമയും അഴകും നല്‍കുന്നതിന് അവനുവേണ്ടി വിശുദ്ധ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുക. അവര്‍ നിര്‍മ്മിക്കേണ്ട വസ്ത്രങ്ങള്‍ ഇവയാണ്: ഉരസ്ത്രാണം, എഫോദ്, നിലയങ്കി, ചിത്രത്തയ്യലുള്ള അങ്കി, തലപ്പാവ്, അരപ്പട്ട" (28, 1-3). അതിമനോഹരവും ഏറെ വിലപിടിപ്പുള്ളതുമായ ഈ വസ്ത്രങ്ങള്‍ അഹറോന് അഴകും മഹിമയും നല്കും എന്ന പ്രസ്താവന പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.
ദൈവശുശ്രൂഷയ്ക്കായി പ്രത്യേകം മാറ്റിനിര്‍ത്തപ്പെട്ടവനാണ് അഹറോന്‍ എന്ന പുരോഹിതന്‍. ദൈവികമഹത്വം പ്രകടമാക്കുന്നതാകണം അയാള്‍ അണിയുന്ന വേഷവിധാനങ്ങള്‍. മാറില്‍ ധരിക്കുന്ന എഫോദും ഉരസ്ത്രാണവും ഇസ്രായേല്‍ ജനത്തെ ദൈവതിരുമുമ്പില്‍ അനുസ്മരിപ്പിക്കുന്നതിന്‍റെ അടയാളങ്ങളാണ്. അവയില്‍ ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളുടെയും പേരുകള്‍ കൊത്തിയ രത്നക്കല്ലുകള്‍ പതിച്ചിരുന്നു. ജനത്തിന്‍റെ പ്രതിനിധിയായി പുരോഹിതന്‍ ദൈവതിരുമുമ്പില്‍ നില്‍ക്കുന്നു എന്ന് അതു സൂചിപ്പിക്കുന്നു.
ദൈവികസന്നിധിയില്‍ വരുമ്പോള്‍ പുരോഹിതന്‍ തല മറയ്ക്കണം. അതിനുവേണ്ടിയാണ് തലപ്പാവ് അഥവാ തൊപ്പി. തല മൂടാതെ പ്രാര്‍ത്ഥിക്കുന്നത് വലിയ അപരാധമായി കരുതപ്പെട്ടിരുന്നു. തലപ്പാവിന്‍റെ മുമ്പില്‍ ബന്ധിക്കുന്ന സ്വര്‍ണ്ണത്തകിട് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. "തനിസ്വര്‍ണ്ണം കൊണ്ട് ഒരു തകിടുണ്ടാക്കി അതിന്മേല്‍ ഒരു മുദ്രയെന്നപോല്‍ കര്‍ത്താവിനു സമര്‍പ്പിതന്‍ എന്നു കൊത്തിവയ്ക്കുക" (പുറ 28, 36). ഇതാണ് അഹറോന്‍റെ കിരീടം. പുരോഹിതന്‍റെ വ്യക്തിത്വം നിര്‍വ്വചിക്കുന്നതാണ് ഈ ലിഖിതം. കര്‍ത്താവിനു സമര്‍പ്പിക്കപ്പെട്ടവനാണ് പുരോഹിതന്‍. അവന്‍ തന്‍റെ സ്വന്തമല്ല; അവനു സ്വന്തമായി ഒന്നുമില്ല. അവനും അവനുള്ള സമസ്തവും ദൈവത്തിന്‍റേതാണ്. ഈ സത്യം അതു ധരിക്കുന്ന പുരോഹിതനെയും കാണുന്ന ജനങ്ങളെയും അനുസ്മരിപ്പിക്കണം. അഴകിലും മഹത്വത്തിലും മതിമറക്കാതെ, താന്‍ ആരാണെന്നും എന്താണ് തന്‍റെ ദൗത്യമെന്നും അനുസ്മരിപ്പിക്കുന്നതാണ് ഇവിടെ വിവരിക്കുന്ന പുരോഹിതവേഷങ്ങള്‍ എല്ലാം.
ഈ വേഷവിധാനങ്ങള്‍ എല്ലാംതന്നെ ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കാന്‍ കത്തോലിക്കാ പുരോഹിതര്‍ അണിയുന്ന വസ്ത്രങ്ങളില്‍ കാണാം. ഇപ്രകാരമുള്ള വേഷവിധാനങ്ങളോടെയല്ല യേശു വി. കുര്‍ബാന സ്ഥാപിച്ചതും കാല്‍വരിയില്‍ സ്വയം ബലിയായി അര്‍പ്പിച്ചതും. ആ ബലിയുടെ ഓര്‍മ്മ ആചരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുമ്പോള്‍, ആരാധനക്രമത്തിന്‍റെ ഭാഗമായി ഈ വേഷവിധാനങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍ അഹറോനും പിന്‍മുറക്കാരും അര്‍പ്പിച്ചിരുന്ന ബലികള്‍ അല്ല യേശുവിന്‍റെ ബലിയും, അതിന്‍റെ അനുസ്മരണവും പുനരാവിഷ്കരണവുമായ, ഇന്നും നാം അര്‍പ്പിക്കുന്ന വി. കുര്‍ബാനയും എന്നതു മറക്കാനാവില്ല.
വിശുദ്ധ വസ്ത്രങ്ങള്‍ ധരിപ്പിച്ചതിനുശേഷം തലയില്‍ തൈലം ഒഴിച്ച് അവനെ അഭിഷേചിക്കുക (പുറ. 29, 6). ഇതാണ് പുരോഹിതാഭിഷേകം. ദൈവത്തിനു പുരോഹിതശുശ്രൂഷ ചെയ്യാനായി മാറ്റിനിര്‍ത്തുകയും സമര്‍പ്പിക്കുകയും ചെയ്യുന്നതിന്‍റെ അടയാളമാണ് ഈ അഭിഷേകം. ലേവ്യര്‍ 8, 1-36ല്‍ മോശ അഹറോനെ പുരോഹിതനായി അഭിഷേചിച്ചിരിക്കുന്നത് സുദീര്‍ഘമായി വിവരിക്കുന്നുണ്ട്. അവിടെ തലയില്‍ തൈലം പൂശുന്നതിനുപുറമേ ബലിമൃഗത്തിന്‍റെ രക്തം വലതു ചെവിയുടെ അഗ്രത്തിലും വലതുകൈയുടെ തള്ളവിരലിലും വലതു കാലിന്‍റെ തള്ളവിരലിലും പുരട്ടി (ലേവ്യ 8, 23). ദൈവസ്വരത്തിനു കാതോര്‍ക്കാനും കര്‍ത്താവിന്‍റെ വഴിയിലൂടെ നടക്കാനും അവിടുത്തേക്കു ബലിയര്‍പ്പിക്കാനും ദൈവനാമത്തില്‍ ജനങ്ങളെ ആശീര്‍വ്വദിക്കാനുമുള്ള ദൗത്യങ്ങള്‍ക്ക് ഒരുക്കുന്നതാണ് ഈ അഭിഷേകം. തുടര്‍ന്ന് അഭിഷേകതൈലവും ബലിരക്തവും കലര്‍ത്തി അഹറോന്‍റെയും അവന്‍റെ വസ്ത്രങ്ങളുടെയും മേല്‍ തളിച്ചുകൊണ്ട്(ലേവ്യര്‍ 8, 30) അഭിഷേകകര്‍മ്മം പൂര്‍ത്തിയാക്കി, രക്തത്തില്‍ ഉറപ്പിച്ച ഉടമ്പടിയില്‍ പങ്കുചേര്‍ക്കുന്നതുപോലെ.
ബലിയര്‍പ്പണം
അഹറോനില്‍ തുടങ്ങുന്ന പൗരോഹിത്യത്തിന്‍റെ മുഖ്യധര്‍മ്മമായിരുന്നു ബലിയര്‍പ്പണം. "ജനത്തില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാന പുരോഹിതന്‍ ദൈവികകാര്യങ്ങള്‍ക്കുവേണ്ടി നിയമിക്കപ്പെടുന്നത് പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്" (ഹെബ്രാ 5,1) എന്ന പ്രസ്താവന സംശയത്തിനു പഴുതിടുന്നില്ല. ദൈവത്തിനു പൂര്‍ണമായി സമര്‍പ്പിക്കുന്നതിന്‍റെ അടയാളമാണ് ബലി.
പലവിധത്തിലുള്ള ബലികളെക്കുറിച്ച് ബൈബിള്‍ പ്രതിപാദിക്കുന്നുണ്ട്. അര്‍പ്പിക്കുന്ന വസ്തുക്കളുടെ അടിസ്ഥാനത്തില്‍ മൃഗബലി, ധാന്യബലി, പാനീയബലി എന്ന മൂന്നുതരം ബലികളുണ്ട്. അര്‍പ്പിക്കുന്ന വിധത്തെ അടിസ്ഥാനമാക്കി സമ്പൂര്‍ണദഹനബലി, ദഹനബലി, കാഴ്ചസമര്‍പ്പണം, പാനീയബലി എന്നിങ്ങനെ നാലുതരം ബലികള്‍. മൃഗത്തിന്‍റെ മാംസം ദഹിപ്പിക്കുന്നു. ധാന്യങ്ങള്‍ കാഴ്ചയായി സമര്‍പ്പിക്കുന്നു. എണ്ണയും വീഞ്ഞും പാനീയമായി ബലിപീഠത്തില്‍ ഒഴിക്കുന്നു. ബലിയര്‍പ്പിക്കുന്ന വിധത്തിലും വൈവിധ്യമുണ്ട്. ദിവസം തോറും രാവിലെയും വൈകുന്നേരവും അര്‍പ്പിക്കുന്ന അനുദിനബലി, തിരുനാളുകള്‍ ഓര്‍മ്മിപ്പിക്കുന്ന ബലി... എന്നിങ്ങനെ പലതരം ബലികള്‍.
ബലിയര്‍പ്പണത്തിന് പല ലക്ഷ്യങ്ങളുണ്ടാവാം. പാപപരിഹാരമാണ് ഏറ്റം പ്രധാനം. ചെയ്തുപോയ തെറ്റുകള്‍ക്ക് മാപ്പിരക്കാനും പരിഹാരം അനുഷ്ഠിക്കാനുമായി ബലിയര്‍പ്പിക്കുന്നു. ഇതിനെ പാപപരിഹാരബലി എന്നു വിളിക്കുന്നു. ലഭിച്ച അനുഗ്രഹങ്ങള്‍ക്കു നന്ദി പറയാന്‍ കൃതജ്ഞതാബലി, അനുഗ്രഹങ്ങള്‍ പ്രതീക്ഷിച്ചു നേര്‍ന്ന നേര്‍ച്ചകള്‍ നിറവേറ്റാന്‍ അര്‍പ്പിക്കുന്ന സമാധാനബലി... എന്നിങ്ങനെ വിവിധ ബലികള്‍. ലേവ്യരുടെ പുസ്തകത്തിലെ ആദ്യ ഏഴ് അധ്യായങ്ങള്‍ വിവിധങ്ങളായ ബലികളുടെ വിവരണമാണ്. ഈ ബലികള്‍ അര്‍പ്പിക്കുകയാണ് പുരോഹിതന്‍റെ മുഖ്യദൗത്യം.
അനുഗ്രഹം - ആശീര്‍വ്വാദം
ദൈവത്തിനും മനുഷ്യനും ഇടയില്‍ നില്‍ക്കുന്ന മധ്യസ്ഥനാണ് പുരോഹിതന്‍. അവന്‍ മനുഷ്യരുടെ പ്രാര്‍ത്ഥനകളും കാണിക്കകളും ദൈവതിരുമുമ്പില്‍ അര്‍പ്പിക്കുന്നു. ദൈവനാമത്തില്‍ ജനത്തെ ആശീര്‍വ്വദിക്കുന്നു; ജനത്തിന് ദൈവകൃപയുടെ നീര്‍ച്ചാല്‍ ആകുന്നു. എപ്രകാരമാണ് പുരോഹിതന്‍ ജനത്തെ ആശീര്‍വ്വദിക്കേണ്ടത് എന്ന് സംഖ്യ 6, 22-27 കൃത്യമായി പറയുന്നു. കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: "അഹറോനോടും പുത്രന്മാരോടും പറയുക. നിങ്ങള്‍ ഇങ്ങനെ പറഞ്ഞ് ഇസ്രായേല്‍ ജനത്തെ അനുഗ്രഹിക്കണം. കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവ് കരുണയോടെ കടാക്ഷിച്ച് നിനക്ക് സമാധാനം നല്കട്ടെ. ഇപ്രകാരം അവര്‍ ഇസ്രായേല്‍ മക്കളുടെ മേല്‍ എന്‍റെ നാമം ഉറപ്പിക്കട്ടെ. അപ്പോള്‍ ഞാന്‍ അവരെ അനുഗ്രഹിക്കും." കര്‍ത്താവിന്‍റെ കരുണയും പരിപാലനയും ജീവിതത്തില്‍ ഉറപ്പുവരുത്തുന്നതാണ് പുരോഹിതാശീര്‍വ്വാദം. ഈ കൃപയുടെ മനുഷ്യരൂപത്തിലുള്ള അവതാരമാണല്ലോ നിത്യപുരോഹിതനായ യേശു.
ദൈവവിളി - തിരഞ്ഞെടുപ്പ്
"അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല"(ഹെബ്രാ 5,4). അഹറോന്‍റെ പൗരോഹിത്യത്തില്‍ പ്രകടമാകുന്ന സുപ്രധാന ഘടകമാണ് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ്. ഈ സത്യം ആഴത്തില്‍ ബോധ്യപ്പെടുത്തുന്ന സംഭവം സംഖ്യയുടെ പുസ്തകത്തില്‍(16-17) വിവരിക്കുന്നുണ്ട്. അഹറോനും പുത്രന്മാരും മാത്രമേ പുരോഹിതരായി പരിഗണിക്കപ്പെട്ടിരുന്നുള്ളൂ. ബലിയര്‍പ്പിക്കാന്‍ അവര്‍ക്കു മാത്രമായിരുന്നു അധികാരം. എന്നാല്‍ ലേവീഗോത്രത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്കും ബലിയര്‍പ്പിക്കാന്‍ അവകാശമുണ്ടെന്ന് ചിലര്‍ വാദിച്ചു. കോറഹ്, ദാത്താന്‍, അബീറാം എന്നിവര്‍ ഈ പ്രതിഷേധത്തിനു നേതൃത്വം വഹിച്ചു. മോശയ്ക്കും അഹറോനും എതിരെ പ്രതിഷേധിച്ച്, കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ധൂപകലശങ്ങളുമായി 250 പേര്‍ ഒരുമിച്ചുകൂടി. എന്നാല്‍ കോറഹിനെയും കൂട്ടരെയും ഭൂമി വാ പിളര്‍ന്ന് വിഴുങ്ങി. ധൂപകലശവുമായി നിന്നവരുടെ മേല്‍ അഗ്നിയിറങ്ങി. അവര്‍ അഗ്നിയില്‍ ദഹിച്ചു.
ദൈവകോപം ജനത്തിനുമേല്‍ അഗ്നിയായി ആളിപ്പടരാതിരിക്കാന്‍ "മോശ പറഞ്ഞതുപോലെ അഹറോന്‍ ധൂപകലശമെടുത്ത് ജനത്തിന്‍റെ നടുവിലേക്കോടി. ജനത്തെ മഹാമാരി ബാധിച്ചു കഴിഞ്ഞിരുന്നു. അവന്‍ ധൂപാര്‍ച്ചന നടത്തി ജനത്തിനുവേണ്ടി പാപപരിഹാരം ചെയ്തു"(സംഖ്യ 16, 47). ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍, പരിഹാരം അനുഷ്ഠിക്കാന്‍, ദൈവശിക്ഷയില്‍നിന്ന് മോചനം പ്രാപിക്കാന്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവനാണ് അഹറോന്‍.
ദൈവമാണ് അഹറോനെ പ്രധാനപുരോഹിതനായി തിരഞ്ഞെടുത്തത് എന്നു ജനത്തിനു ബോധ്യം വരുത്തുന്ന സംഭവം സംഖ്യ 17, 1-11 ല്‍ വിവരിക്കുന്നുണ്ട്. ദൈവകല്പനയനുസരിച്ച് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രത്തില്‍നിന്നും ഗോത്രത്തിന് ഒന്നു വീതം പന്ത്രണ്ടുവടികള്‍ ഗോത്രത്തലവന്മാരില്‍ നിന്നു വാങ്ങി മോശ സാക്ഷ്യകൂടാരത്തില്‍ ഉടമ്പടിയുടെ പേടകത്തിനു മുന്നില്‍ വച്ചു. പിറ്റേദിവസം നോക്കിയപ്പോള്‍ അഹറോന്‍റെ വടി മാത്രം "മുളപൊട്ടി, പൂത്തു തളിര്‍ത്ത്, ബദാം പഴങ്ങള്‍ കായ്ച്ചുനിന്നു"(സംഖ്യ 17,6). അഹറോനാണ് ദൈവം തിരഞ്ഞെടുത്ത പ്രധാനപുരോഹിതന്‍ എന്നതിന്‍റെ ഓര്‍മ്മയ്ക്കായി ഈ വടി ഉടമ്പടിയുടെ പേടകത്തിനുമുന്നില്‍ സൂക്ഷിച്ചുവയ്ക്കാന്‍ ദൈവം തന്നെ കല്പന നല്‍കി. പൗരോഹിത്യം ദൈവത്തിന്‍റെ പ്രത്യേക തിരഞ്ഞെടുപ്പും ദാനവുമാണെന്ന് ഈ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
പുരോഹിതന്‍റെ അവകാശം
"കര്‍ത്താവ് അഹറോനോട് അരുളിച്ചെയ്തു: ഇസ്രായേല്‍ ജനം എനിക്കു സമര്‍പ്പിക്കുന്ന കാഴ്ചകള്‍ നിങ്ങളെ ഞാന്‍ ഏല്പിച്ചിരിക്കുന്നു. അവ നിനക്കും നിന്‍റെ പുത്രന്മാര്‍ക്കും എന്നേക്കുമുള്ള ഓഹരിയായിരിക്കും" (സംഖ്യ 18,8). കാനാന്‍ ദേശം പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായി വിഭജിച്ചപ്പോള്‍ ലേവീ ഗോത്രത്തിന് സ്വന്തമായി പ്രദേശം നല്‍കിയില്ല. പകരം ജോസഫിന്‍റെ രണ്ടു മക്കള്‍ക്കാണ് നല്‍കിയത്. എന്നാല്‍ ലേവീഗോത്രത്തിന് എല്ലാ ഗോത്രങ്ങളുടെ ഇടയിലും അവകാശമുണ്ടായിരുന്നു. ഇസ്രായേല്‍ ജനം ദൈവത്തിനര്‍പ്പിക്കുന്ന ദശാംശമായിരുന്നു അവരുടെ ഉപജീവനമാര്‍ഗം(സംഖ്യ 18,21). ലേവീഗോത്രജരില്‍ അഹറോനും മക്കളും പുരോഹിതര്‍ എന്ന നിലയില്‍ വേറിട്ടുനില്‍ക്കുന്നു. അവരുടെ ഉപജീവനത്തിനായി ദൈവം നിര്‍ദ്ദേശിച്ചിരിക്കുന്നത് ഇസ്രായേല്‍ ജനം ദൈവത്തിനര്‍പ്പിക്കുന്ന വിവിധ കാണിക്കകളാണ്. ബലിയായി അര്‍പ്പിക്കുന്നതിന്‍റെ ബാക്കിഭാഗം പുരോഹിതരുടെ അവകാശമായിരിക്കും (സംഖ്യ 18,8-20; ലേവ്യര്‍ 10, 2-18).
ദൈവശുശ്രൂഷയ്ക്കായി പ്രത്യേകം തിരഞ്ഞെടുക്കപ്പെടുകയും സ്വയം ഉഴിഞ്ഞുവയ്ക്കുകയും ചെയ്യുന്ന പുരോഹിതരെ ദൈവം തന്നെ പരിപാലിക്കും. ദൈവജനം ദൈവത്തിനു സമര്‍പ്പിക്കുന്ന കാഴ്ചകളായിരിക്കും അവരുടെ ഉപജീവനമാര്‍ഗ്ഗം. മിക്കവാറും എല്ലാ മതങ്ങളിലും ഇന്നും നിലനില്‍ക്കുന്നതാണല്ലോ ഈ നിലപാട്( 1 കൊറി. 9, 12-14). ഇതു സ്വത്തു സ്വരുക്കൂട്ടാനുള്ള അനുവാദവും അവകാശവുമായി പരിഗണിക്കാനാവില്ല. എന്നാല്‍ കാലക്രമത്തില്‍ പലയിടത്തും ഈ അപചയം സംഭവിച്ചു. യേശുവിന്‍റെ കാലത്ത് പാലസ്തീനായിലെ ഏറ്റം വലിയ ധനികരില്‍ ഒരുവനായിരുന്നു പ്രധാന പുരോഹിതനായ അന്നാസ്. വിധവകളുടെ വീടു വിഴുങ്ങുന്നവര്‍ക്കെതിരേ യേശു നല്‍കുന്ന താക്കീത് (മര്‍ക്കോ12, 40-44) ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം. ഈ താക്കീതിന്‍റെ പ്രസക്തി ഇന്നു വര്‍ദ്ധിച്ചിട്ടേയുള്ളൂ.
ഇടര്‍ച്ചകള്‍, വീഴ്ചകള്‍
മോശയുടെ സഹായകനും വക്താവും തുടര്‍ന്ന് പ്രധാനപുരോഹിതനുമായി ദൈവം തിരഞ്ഞെടുത്ത്, വളര്‍ത്തി വലുതാക്കിയ അഹറോന്‍റെ ജീവിതത്തില്‍ വിശ്വസ്തതയും വിജയവും മാത്രമല്ല, ചില പരാജയങ്ങളും വീഴ്ചകളും സംഭവിച്ചതായി ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ രണ്ടു വീഴ്ചകള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു വിഗ്രഹാരാധനയും അധികാരമോഹവും.
വിഗ്രഹാരാധന
"അടിമത്തത്തിന്‍റെ ഭവനമായ ഈജിപ്തില്‍നിന്ന് പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്‍റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെയൊരു ദൈവം നിനക്കുണ്ടാകരുത് (പുറ 20, 1-3). ഉടമ്പടിയുടെ പത്തു പ്രമാണങ്ങളില്‍ ആദ്യത്തേതും മറ്റെല്ലാ പ്രമാണങ്ങള്‍ക്കും അടിസ്ഥാനവുമായി നില്‍ക്കുന്നു ഈ ഒന്നാം പ്രമാണം. എന്നാല്‍ ദൈവപ്രമാണങ്ങള്‍ ജനത്തെ പഠിപ്പിക്കാനും അവയനുസരിച്ച് ജനത്തെ നയിക്കാനുമായി നിയുക്തനായ പ്രധാന പുരോഹിതന്‍തന്നെ ഈ പ്രമാണം ലംഘിക്കുകയും ലംഘിക്കാന്‍ ജനത്തിനു കൂട്ടുനില്‍ക്കുകയും ചെയ്തു എന്നത് ഭീകരമായൊരു ദുരന്തമായിരുന്നു.
"മോശ അഹറോനോടു ചോദിച്ചു: "നീ ഈ ജനത്തിന്‍റെ മേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തു ചെയ്തു?" (പുറ 32,21). സീനായ് മലയുടെ അടിവാരത്താണ് സംഭവം. ഉടമ്പടിയുടെ പ്രമാണങ്ങള്‍ ദൈവത്തില്‍നിന്നും സ്വീകരിക്കാനായി മോശ മലമുകളിലേക്കു കയറിപ്പോയി. ജനത്തിന്‍റെ നിയന്ത്രണം അഹറോനെ ഏല്പിച്ചു. ദിവസങ്ങള്‍ പലതു കഴിഞ്ഞിട്ടും മോശ തിരിച്ചുവന്നില്ല. ജനം അസ്വസ്ഥരായി. അവര്‍ക്ക് ആരാധിക്കണം, ആരാധന ആഘോഷമാക്കണം. അതിന് കാണാനും തൊടാനും എടുത്തുകൊണ്ട് നടക്കാനും കഴിയുന്ന ദൈവങ്ങള്‍ വേണം. "ജനം അഹറോനോടു പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ ദൈവങ്ങളെ ഉണ്ടാക്കിത്തരുക" (പുറ 32). ഈജിപ്തില്‍ വിഗ്രഹാരാധന ശീലിച്ചവര്‍ക്കു സമാനമായ വിഗ്രഹങ്ങള്‍ വേണം. അദൃശ്യനും അഗ്രാഹ്യനും രൂപമില്ലാത്തവനുമായ കര്‍ത്താവിനെ അവര്‍ക്കറിയില്ല. തികച്ചും സ്വാഭാവികമായിരുന്നു അവരുടെ ആവശ്യം.
എന്നാല്‍ അവരെ നേര്‍വഴി നയിക്കാന്‍ നിയുക്തനായിരുന്ന അഹറോന്‍ എന്താണ് ഇവിടെ ചെയ്യുക? കര്‍ത്താവാണ് തങ്ങളെ മോചിപ്പിച്ച് നയിക്കുന്ന ദൈവം; കര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂ എന്നു പറയുന്നതിനു പകരം ജനഹിതത്തിനു വഴങ്ങി, അവരുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി അഗ്നിയില്‍ ഉരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. "അപ്പോള്‍ അവര്‍ വിളിച്ചു പറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തില്‍ നിന്നു നിന്നെ കൊണ്ടുവന്ന ദൈവങ്ങള്‍" (പുറ 32, 4). അദൃശ്യനായ കര്‍ത്താവിനെ കാളയുടെ രൂപത്തില്‍ തൂക്കി, ജനത്തിനു മനസ്സിലാകത്തക്ക വിധത്തില്‍ ആരാധിക്കാന്‍ നല്കി. കാളക്കുട്ടിയുടെ മുമ്പില്‍ ബലിപീഠം പണിതു. ബലിയര്‍പ്പിച്ചു. കര്‍ത്താവിന് ഉത്സവാഘോഷം പ്രഖ്യാപിച്ചു. ജനം ആഘോഷിച്ചു, അഴിഞ്ഞാടി. "ശത്രുക്കളുടെ ഇടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടുന്നതിന് അഹറോന്‍ അവരെ അനുവദിച്ചിരുന്നു" (പുറ. 32, 25).
മോശ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ പറയാനുള്ളതു വികലന്യായങ്ങളായിരുന്നു. "സ്വര്‍ണ്ണം കൈവശമുള്ളവര്‍ അതുകൊണ്ടുവന്നു. ഞാന്‍ അതു തീയിലിട്ടു. അപ്പോള്‍ ഒരു കാളക്കുട്ടി പുറത്തുവന്നു" (പുറ 32, 24). എത്ര എളുപ്പത്തിലാണ് അഹറോന്‍ തന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത്! ജനത്തിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് താന്‍ ഇതു ചെയ്തതെന്ന അഹറോന്‍റെ വിശദീകരണം പക്ഷേ കര്‍ത്താവിനു സ്വീകാര്യമല്ല. ജനത്തെ നേര്‍വഴിക്കു നയിക്കാന്‍ കടപ്പെട്ടവര്‍ അവരുടെ ഹിതത്തിനു വഴങ്ങുന്നത് വിഗ്രഹാരാധനയില്‍ കലാശിക്കുന്നു.
ഇവിടെ ശ്രദ്ധേയമായൊരു കാര്യമുണ്ട്. അഹറോനോ ജനങ്ങളോ കര്‍ത്താവിനെ നിഷേധിക്കുന്നില്ല. മറിച്ച്, തങ്ങള്‍ക്ക് സ്വീകാര്യമായൊരു രൂപത്തില്‍ കര്‍ത്താവിനെ വാര്‍ത്തെടുക്കുകയാണ്. എന്‍റെ ഇഷ്ടം സാധിച്ചു തരുന്ന, എനിക്കു കാണാനും എഴുന്നള്ളിക്കാനും താലോലിക്കാനും പറ്റുന്ന, എന്‍റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഞാന്‍ രൂപപ്പെടുത്തുന്ന ദൈവം, അതിനെ ഞാന്‍ കര്‍ത്താവ് എന്നു വിളിക്കുന്നു. ഇതു തന്നെയാണ് വിഗ്രഹാരാധനയുടെയും കാതല്‍. തന്‍റെ ഹിതം അനുസരിച്ച് എന്നെ നയിക്കുന്ന ദൈവമല്ല അത്, എന്‍റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഞാന്‍ രൂപപ്പെടുത്തുന്ന ദൈവം. അതിനെ ഞാന്‍ കര്‍ത്താവെന്നോ, മറ്റെന്തെങ്കിലും പേരിലോ വിളിച്ചാലും അതു ദൈവമാകില്ല, വിഗ്രഹം മാത്രമായിരിക്കും.
സീനായ് മലയുടെ മുകളില്‍ ദൈവം ഇസ്രായേല്‍ ജനവുമായി ഉടമ്പടി ഉറപ്പിക്കുന്ന അതേസമയത്തുതന്നെ അടിവാരത്ത് അഹറോന്‍ എന്ന പ്രധാനപുരോഹിതന്‍റെ നേതൃത്വത്തില്‍ ജനം വിഗ്രഹമുണ്ടാക്കി ആരാധിച്ചു. ഇസ്രായേലിന്‍റെ 'ആദിപാപം' എന്ന് ഇതിനെ വിശേഷിപ്പിക്കാം. കര്‍ത്താവിനോടുള്ള അവിശ്വസ്തതയുടെയും ഉടമ്പടി ലംഘനത്തിന്‍റെയും മൂര്‍ത്തരൂപമാണ് അഹറോന്‍ വാര്‍ത്തെടുത്ത കാളക്കുട്ടി. എന്നും ഏറെ പ്രസക്തമായൊരു താക്കീത് അഹറോന്‍റെ ഈ വീഴ്ചയിലൂടെ നല്കപ്പെടുന്നു. ജനത്തെ ദൈവത്തിന്‍റെ വഴിയിലൂടെ നയിക്കാന്‍ നിയുക്തനാണ് പുരോഹിതന്‍. അവന്‍ ജനം കൊട്ടുന്ന താളത്തിനൊത്ത് തുള്ളുന്ന കോമരമായിത്തീരരുത്.
തനിക്കു ലഭിച്ചിരിക്കുന്ന ദൗത്യം കഴിവിനൊത്ത് പൂര്‍ണ്ണവിശ്വസ്തതയോടെ നിര്‍വ്വഹിക്കാന്‍ ഓരോരുത്തരും ശ്രമിക്കണം. അഹറോനെ ഏല്പിച്ചിരിക്കുന്ന ദൗത്യം മോശയെ സഹായിക്കുകയും ദൈവതിരുമുമ്പില്‍ പ്രാര്‍ത്ഥനകളും കാഴ്ചകളും അര്‍പ്പിക്കുകയും ആയിരുന്നു. സഹായകന്‍ സ്വന്തം സ്ഥാനം മറന്ന് നായകനാകാന്‍ ശ്രമിക്കുന്നതു ദൈവത്തിനു സ്വീകാര്യമല്ല എന്ന് അഹറോന്‍റെയും മിരിയാമിന്‍റെയും അനുഭവം പഠിപ്പിക്കുന്നു.
രണ്ടുപേരും ഒരേ തെറ്റുചെയ്തിട്ടും എന്തേ മിരിയാം മാത്രം ശിക്ഷിക്കപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല (സംഖ്യ 12). അഹറോന്‍ പുരോഹിതനായിരുന്നതിനാല്‍ ദൈവം അയാളെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിയതാവാം എന്നു കരുതുന്നവരുണ്ട്. മിരിയാമിനു കിട്ടിയ കുഷ്ഠം എന്ന ശിക്ഷ അഹറോന്‍ വലിയൊരു പാഠമായി സ്വീകരിക്കണം. എന്നാല്‍ പുരോഹിതനു നല്‍കുന്ന ഈ പ്രത്യേക പരിഗണനയും സംരക്ഷണവും തെറ്റായി വ്യാഖ്യാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പുരോഹിതന്‍ എന്തു തെറ്റു ചെയ്താലും ദൈവം ക്ഷമിക്കും, ശിക്ഷിക്കുകയില്ല എന്ന പാഠമല്ല ഇതിലൂടെ നല്കപ്പെടുന്നത്. അപ്രകാരം ഒരു ചിന്താഗതി ചരിത്രത്തില്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ അതിശക്തമായ താക്കീതുകളുമായി വന്ന പ്രവാചകന്മാര്‍ ഈ സത്യം ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. (ഉദാ. ഹോസി. 4, 1-10, ഏശ. 1, 4-20)
ചുരുക്കത്തില്‍
ബൈബിളില്‍ കാണുന്ന ആദ്യത്തെ അഭിഷിക്തപുരോഹിതനാണ് ലേവി ഗോത്രജനായ അഹറോന്‍. ലേവി ഗോത്രം മുഴുവന്‍ ദൈവശുശ്രൂഷയ്ക്കായി മാറ്റി നിര്‍ത്തപ്പെട്ടതാണെങ്കിലും അഹറോനും സന്തതികളും മാത്രമായിരുന്നു പുരോഹിതന്മാര്‍. ബൈബിള്‍ വരച്ചുകാട്ടുന്ന പുരോഹിത ചിത്രത്തില്‍ പടിപടിയായുള്ള വളര്‍ച്ച കാണാം. മോശയുടെ സഹായകരായി തുടങ്ങുന്ന പുരോഹിതന്‍റെ ചിത്രം പ്രവാസാനന്തരം നിലവില്‍ വന്ന പുരോഹിത ഭരണകാലത്ത്, പ്രത്യേകിച്ചും എസ്രായുടെ നേതൃത്വത്തില്‍, ബി സി അഞ്ചാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ പൂര്‍ത്തിയാക്കപ്പെട്ടതായി ബൈബിള്‍ വ്യാഖ്യാതാക്കള്‍ കരുതുന്നു.
ദൈവം പ്രത്യേകം തിരഞ്ഞെടുത്ത് അഭിഷേകം ചെയ്ത് തന്‍റെ ശുശ്രൂഷയ്ക്കായി നിയോഗിച്ച ആദ്യപുരോഹിതനാണ് അഹറോന്‍. ജനത്തിനും ദൈവത്തിനും ഇടയില്‍ മധ്യവര്‍ത്തിയായി നില്‍ക്കുക എന്നതാണ് ദൗത്യം. ദൈവത്തിന്‍റെ തിരുഹിതം ജനത്തെ അറിയിക്കണം, അതു വഴി അവരെ നേരായ പാതയില്‍ നയിക്കണം. ജനത്തിന്‍റെ പ്രാര്‍ത്ഥനകളും കാണിക്കകളും ദൈവതിരുമുമ്പില്‍ സമര്‍പ്പിക്കണം. അവരുടെ പാപങ്ങള്‍ക്കു പരിഹാരം അനുഷ്ഠിക്കണം. അവരുടെ ആവശ്യങ്ങള്‍ ദൈവത്തോടു പറയണം. അവര്‍ക്കുവേണ്ടി മാപ്പിരക്കണം. ലഭിച്ച അനുഗ്രഹങ്ങള്‍ക്കു നന്ദി പറയണം. ദൈവനാമത്തില്‍ ജനത്തെ അനുഗ്രഹിക്കണം. ജനം ദൈവത്തോട് വിശ്വസ്തത പുലര്‍ത്താന്‍ പ്രേരിപ്പിക്കണം.
ഈ ദൗത്യം ഏല്പിക്കുന്നതിനുവേണ്ടി തലയില്‍ തൈലം പൂശിയും ദേഹത്തും വസ്ത്രങ്ങളിലും ബലി രക്തം തളിച്ചും അഭിഷേകം ചെയ്തു, ദൗത്യത്തിന്‍റെ സവിശേഷതകള്‍ വിളംബരം ചെയ്യുന്ന വസ്ത്രങ്ങള്‍ അണിയിച്ചു. 'ദൈവത്തിനു സമര്‍പ്പിതന്‍' എന്നു മുദ്രപോലെ കൊത്തിയ, തലപ്പാവിന്‍റെ മുന്‍പില്‍ ബന്ധിക്കുന്ന, തങ്കത്തകിട് ഏറ്റം വ്യക്തമായ ഉദാഹരണമായിരുന്നു. വിശുദ്ധനായി ജീവിക്കാനും ജനത്തെ വിശുദ്ധീകരിക്കാനുമായി അഭിഷിക്തനായ അഹറോന് ദൈവം വലിയ മഹത്വം നല്കി. എന്നാല്‍ മാനുഷിക ബലഹീനതകള്‍ക്കതീതനായിരുന്നില്ല അഹറോന്‍.
അഹറോന്‍റെ വീഴ്ചകള്‍ അതിന്‍റെ പൂര്‍ണഗൗരവത്തോടെ തന്നെ ബൈബിള്‍ വിവരിക്കുന്നുണ്ട്. വിശ്വാസക്കുറവ്, അസൂയ, അധികാരമോഹം എന്നിവയ്ക്കെല്ലാം പുറമേ ജനത്തില്‍നിന്നു സ്വര്‍ണ്ണം വാങ്ങി കാളക്കുട്ടിയെ വാര്‍ത്ത് ജനത്തെ വിഗ്രഹാരാധനയിലേക്കാനയിച്ചത് ഏറ്റം വലിയ വീഴ്ചയായി എടുത്തു കാട്ടുന്നു. ദൈവത്തില്‍ വേണ്ടത്ര ഉറച്ചുവിശ്വസിക്കാതിരുന്നതിന്‍റെ പേരില്‍ മോശയെപ്പോലെ അഹറോനും വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കാന്‍ കഴിയാതെ മരിച്ചു.
അഹറോന്‍ മുന്നോടിയും പ്രതീകവുമാണ്. വരാനിരുന്ന രക്ഷകനും നിത്യപുരോഹിതനുമായ യേശുക്രിസ്തുവിന്‍റെ പ്രതീകം. അഹറോന്‍റെ പ്രാര്‍ത്ഥനകള്‍ക്കും ബലികള്‍ക്കും നല്‍കാന്‍ കഴിയാതിരുന്ന പാപമോചനവും രക്ഷയും യേശുവിലൂടെ ലഭ്യമായി. അഹറോന്‍ അര്‍പ്പിച്ചിരുന്ന നിരവധി ബലികള്‍ യേശുവിന്‍റെ ഏകബലിയിലേക്ക്, മനുഷ്യരക്ഷ സാധ്യമാക്കിയ ആ മഹാബലിയിലേക്ക്, വിരല്‍ ചൂണ്ടുന്നു. ആ ബലിയോടെ അഹറോന്‍റെ സകല ബലികളും പൗരോഹിത്യം തന്നെയും കാലഹരണപ്പെട്ടു. ഇനിയങ്ങോട്ട് ദൈവപുത്രനായ യേശുക്രിസ്തു എന്ന നിത്യപുരോഹിതനും അവന്‍ അര്‍പ്പിച്ച ഏകബലിയും മാത്രമാണ് പ്രസക്തം.