ലാറുസ് എന്ന വിശുദ്ധന്‍
ആധുനിക റഷ്യന്‍ സാഹിത്യത്തിലെ ക്ലാസിക്കാണ് യെവ്ഗെനി വൊദലാസ്കിന്‍ എഴുതിയ 'ലാറുസ് എന്ന വിശുദ്ധന്‍'. മദ്ധ്യകാല റഷ്യയിലെ ആര്‍സെനി എന്ന വിശുദ്ധ ശുശ്രൂഷകന്‍റെ കഥയാണീ നോവല്‍. ജീവിതവും രോഗവും മരണവും ആത്മീയതയും ഇഴചേരുന്ന ഈ കൃതി നമ്മെ മറ്റൊരു ലോകത്തെത്തിക്കും. മനുഷ്യജീവിതത്തിന്‍റെ ആഴവും പരപ്പും ഇവിടെ വ്യക്തമാകുന്നു. ഒരു കാലത്തിന്‍റെ ചരിത്രവും സംസ്കാരവും അതോടൊപ്പമുണ്ട്. റഷ്യന്‍ പ്രകൃതിയുടെ ലാവണ്യവും നോവലിനെ ചേതോഹരമാക്കുന്നു. റഷ്യന്‍ ഭാഷയില്‍ നിന്ന് നോവല്‍ നേരിട്ടു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിരിക്കുന്നത് സി. എസ്. സുരേഷാണ്.
മദ്ധ്യകാലഘട്ടത്തില്‍ റഷ്യയില്‍ ധാരാളം ദിവ്യഭ്രാന്തന്മാരുണ്ടായിരുന്നു. അവരിലൊരാളാണ് വൈദ്യശ്രേഷ്ഠനായ ആര്‍സെനി. വ്യത്യസ്ത കാലങ്ങളിലായി നാലു പേരുകള്‍ അദ്ദേഹത്തിനുണ്ട്. "മറ്റെന്തിനേക്കാളും ഉപരിയായി ആധുനികര്‍ക്ക് അയാള്‍ വൈദ്യന്‍തന്നെയായിരുന്നു. വൈദ്യനേക്കാള്‍ ഉപരിയായി ആ മേഖലയിലെ സാദ്ധ്യതകള്‍ക്കുമപ്പുറത്ത് അയാള്‍ മറ്റു പലതും പ്രവര്‍ത്തിച്ചിരുന്നു എന്ന് ഓര്‍ത്തിരിക്കേണ്ടതാണ്" എന്ന് നോവലിസ്റ്റ് കുറിക്കുന്നു. ആര്‍സെനി രോഗിയുടെ നെറ്റിയില്‍ കൈവച്ചു. അല്ലെങ്കില്‍ അവരുടെ മുറിവില്‍ സ്പര്‍ശിച്ചു. അയാളുടെ കൈ തൊട്ടാല്‍ സുഖം പ്രാപിക്കുമെന്ന് നിരവധി ആളുകള്‍ വിശ്വസിച്ചിരുന്നു. ഏതു കാലത്തെയാണ് വര്‍ത്തമാനകാലം എന്നു പറയുക എന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. എല്ലാ പാപങ്ങളുടെയും വേരുകള്‍ അന്ധകാരത്തിലാണുള്ളതെന്ന് ഗുരുവായ ക്രിസ്റ്റഫര്‍ പറഞ്ഞത് ആര്‍സെനി മനസ്സിലാക്കിയിരുന്നു.
ക്രിസ്റ്റഫര്‍ എഴുതിവച്ച വാക്കുകള്‍ ആര്‍സെനിക്ക് വഴികാട്ടിയായിരുന്നു. എഴുതിവച്ച വാക്കുകള്‍ ലോകത്തെ നിയന്ത്രിക്കുമെന്ന് അയാള്‍ കരുതി. ലോകത്തിന്‍റെ സ്ഥിതിയെ അതു പിടിച്ചുനിര്‍ത്തും എന്നും പിന്നീട് എന്തു സംഭവിച്ചാലും ഒരിക്കല്‍ എഴുതപ്പെട്ട വാക്കുകള്‍ നിലവില്‍ വന്നുകഴിഞ്ഞിരിക്കും എന്നും നാം മനസ്സിലാക്കുന്നു. ആര്‍സെനിയുടെ കൈകളുടെ ചലനങ്ങള്‍ വളരെ അനായാസമായിരിക്കുന്നു. "അവന്‍റെ നോട്ടങ്ങള്‍ ഭാവസാന്ദ്രമായിരുന്നു. മനുഷ്യശരീരം എന്ന അത്ഭുകരമായ വാദ്യോപകരണം സ്വായത്തമായ ഒരു സംഗീതജ്ഞന്‍റെ കൈകളായിരുന്നു അത്." ആ കൈകള്‍ അനേകര്‍ക്ക് ആശ്വാസം നല്കി. ഉസ്ചീനയുടെ മരണശേഷം അവളെക്കുറിച്ചുള്ള ഓര്‍മകളോടൊപ്പം അന്യദേശങ്ങളിലൂടെ ആര്‍സെനി അലഞ്ഞുനടന്നു. അത് ആത്മീയമായ ഒരന്വേഷണം കൂടിയായി മാറുന്നു.
ആര്‍സെനി ഏകാകിയായിരുന്നു. "മരിച്ചവരോടുള്ള ഉത്തരവാദിത്വം കാരണം അനുഭവിച്ച ഹൃദയവേദന മറ്റാരോടും പങ്കുവെയ്ക്കാന്‍ കഴിഞ്ഞുമില്ല. തന്‍റെ ഏകാന്തതയെ ഓര്‍ത്താണ് അയാള്‍ കരഞ്ഞത്. അപ്രതീക്ഷിതമായ ഒരു കൂര്‍മ്മതയോടെ അത് അയാളില്‍ ജ്വലിച്ചുനിന്നു." മരണത്തിലേക്കു നടന്നുപോയവരാരും ആര്‍സെനിയെ വിട്ടുപോകുന്നില്ല. അവരുടെ സാന്നിധ്യം അദ്ദേഹം നിരന്തരം അനുഭവിക്കുന്നു. കാരണം അവരെല്ലാം അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ ഭാഗമായിരുന്നു. ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് തന്‍റെ ഓര്‍മ്മകളുമായി ആര്‍സെനി സഞ്ചരിച്ചു. പ്രകൃതിയുടെ വേഷപ്പകര്‍ച്ചകള്‍ അദ്ദേഹത്തിന്‍റെ പാതകളെ വ്യത്യസ്തമാക്കിയിരുന്നു. പലപ്പോഴും മരണത്തില്‍നിന്ന് ജീവനിലേക്ക് മടങ്ങിവന്നുകൊണ്ടിരുന്ന അദ്ദേഹം ജീവിതത്തെ കൂടുതല്‍ മനസ്സിലാക്കിക്കൊണ്ടിരുന്നു. ആര്‍സെനിയുടെ സത്ത മനുഷ്യനിലും പ്രാര്‍ത്ഥനയിലും നിമഗ്നമായിരുന്നു.
ആര്‍സെനിയും അംബ്രോജിയോയും ഒരുമിച്ചു നടത്തുന്ന യാത്ര നോവലിനെ മറ്റൊരു ലോകത്തേക്കു കൊണ്ടുപോകുന്നു. ആന്തരികമായ അഗ്നിയുടെ വെളിച്ചത്തില്‍ ആ ചങ്ങാതിമാര്‍ യാത്ര ചെയ്തു. ആത്മീയവും ശാരീരികവുമായ അനുഭവങ്ങളുടെ പുതിയ വന്‍കരകള്‍ അവര്‍ കണ്ടെത്തുന്നു. ഇതു നമ്മെ പുതിയ തിരിച്ചറിവുകളിലേക്ക് നയിക്കുന്നു. "പൊതുവായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ യാത്രകള്‍ സ്ഥലങ്ങളുടെ തുടര്‍ച്ചയെക്കുറിച്ച് ലോകത്തിന് ഉറപ്പുകൊടുക്കുകയായിരുന്നു; ചില സംശയങ്ങള്‍ ദൂരീകരിക്കാനുള്ള ആശയങ്ങള്‍ തുറന്നുകൊടുക്കുകയായിരുന്നു"വെന്ന് എഴുത്തുകാരന്‍ കുറിക്കുന്നത് സുപ്രധാനമാണ്. ഓരോ ചുവടുവയ്പും പ്രധാനമാകുന്ന യാത്രയാണിത്. യാത്രയെ ആത്മീയാനുഭവമാക്കുന്ന പ്രക്രിയയാണ് എഴുത്തുകാരന്‍ നിര്‍വഹിക്കുന്നത്.
ഒത്തിരി വേര്‍പാടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ജീവിതമെന്ന് ആര്‍സെനി പറയുന്നുണ്ട്. 'അത് ഓര്‍മ്മിപ്പിച്ചുകൊണ്ട് മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ സന്തോഷിക്കുക' എന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ജീവിതം സന്തോഷപൂര്‍ണ്ണമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഓരോ യാത്രയും അദ്ദേഹത്തിന് കാണിച്ചുകൊടുക്കുന്നു. 'ഒരു വ്യാപ്തിയില്‍ ചുറ്റിക്കറങ്ങുമ്പോള്‍ നമ്മുടെ അനുഭവ സമ്പത്ത് വര്‍ധിക്കും.' കാലം സര്‍വശക്തമല്ല എന്നും ഒരേയൊരു നിമിഷാര്‍ദ്ധത്തില്‍ മാത്രമാണ് താന്‍ സമയനിര്‍ണയം നടത്തിയതെന്നും ആര്‍സെനി അറിയുന്നു. ആ നിമിഷാര്‍ദ്ധത്തിന് ഒരു മുഴുവന്‍ മനുഷ്യജീവിതത്തിന്‍റെ വിലയുണ്ടായിരുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. 'ആവര്‍ത്തനം ലോകത്ത് ഇല്ല, സാദൃശ്യങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്' എന്ന അറിവ് ഏറെ പ്രധാനമാണ്.
'പ്രശാന്തതയുടെ പുസ്തകം' എന്ന ഭാഗമെത്തുമ്പോള്‍ നോവല്‍ കൂടുതല്‍ അഗാധമാകുന്നു. ആര്‍സെനിയുടെ 'വാക്കുകളില്‍ നിശ്ശബ്ദതയുടെ ആഴങ്ങളെ പുല്‍കുന്ന ശാന്തത' നിറയുന്നു. ഭൗതികമായ അന്ധത ആത്മീയമായ കാഴ്ചയെ ഉത്തേജിപ്പിക്കുന്നത് നാം കാണുന്നു. അയാള്‍ ഉത്ഭവങ്ങളിലേക്ക് മടക്കയാത്ര നടത്തുകയായിരുന്നു. രോഗികള്‍ സുഖം പ്രാപിക്കുമ്പോള്‍ ആര്‍സെനിയും സുഖം പ്രാപിക്കും. ഇത് അസാധാരണമായ അനുഭവമായി മാറുന്നു. 'വിശ്വാസമാണ് പ്രയത്നത്തെ ശക്തിപ്പെടുത്തുന്നത്. ജ്ഞാനം നിശ്ചലവും വിശ്വാസം ചലനവുമാണ്' എന്ന് മനസ്സിലാക്കുമ്പോള്‍ അവബോധം കൂടുതല്‍ അഗാധമാകുന്നു. 'വഴി നല്ല മരുന്നായി' മാറുന്നത് നാം കാണുന്നു. പാതയാണ് അറിവിലേക്കു നയിക്കുന്നതും ഔഷധമായി മാറുന്നതും. 'പല കഷണങ്ങളായി ഉടഞ്ഞു പോയ ഒരു മാര്‍ബിള്‍ ഫലകത്തെയാണ് ജീവിതം ഓര്‍മ്മിപ്പിക്കുന്നത്' എന്ന് ആര്‍സെനി തിരിച്ചറിയുന്നു. അനേകം വ്യത്യസ്തതകള്‍ കൂടിച്ചേര്‍ന്ന് ഒരു ജീവിതം രൂപംകൊള്ളുന്നു. ഏകതാനമായ യാത്രയും വാഴ്വുമല്ല ജീവിതം എന്ന പരമസത്യത്തിനു മുമ്പില്‍ അദ്ദേഹം എത്തിച്ചേരുന്നു. തന്‍റെ യാത്രയുടെ അവസാനസ്ഥലത്തെക്കുറിച്ച് സന്ദേഹിക്കുന്നവര്‍ക്ക് യാത്രയുടെ യഥാര്‍ത്ഥ അര്‍ത്ഥം തിരിച്ചറിയാന്‍ സാധിക്കില്ല. മടക്കയാത്രകളും ജീവിതത്തിന്‍റെ പ്രധാന ഭാഗം തന്നെയാണ് എന്നതാണ് സത്യം.
"എല്ലാ സുഖപ്പെടുത്തലുകളും ജനിക്കുന്നത് പ്രധാനമായും അതിലുള്ള വിശ്വാസത്തില്‍ നിന്നാണ്" എന്നു പറയുന്ന ലാറുസ് നടത്തുന്നത് ആന്തരികമായ യാത്രയാണ്. ഈ യാത്രയെ പിന്തുടരുന്നവര്‍ അസാധാരണമായ ലോകത്തിലേക്ക് ഉയര്‍ത്തപ്പെടും. 'ലാറുസ് എന്ന വിശുദ്ധന്‍' നമ്മിലെ സാദ്ധ്യതകളെ തിരിച്ചറിയാനും സഹായിക്കുന്നു. ആധുനിക കാലത്തിന്‍റെ പൊള്ളയായ യാത്രകള്‍ക്കു പകരം ആത്മാവുകൊണ്ടുള്ള യാത്ര നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. ശ്രേഷ്ഠമായ വായനാനുഭവം നല്‍കുന്ന നോവലാണിത് എന്ന് നിസ്സംശയം പറയാം. (ലാറുസ് എന്ന വിശുദ്ധന്‍, യെവ്ഗനെി പൊദലാസ്കിന്‍, വിവ: സി. എസ്. സുരേഷ്, ഗ്രീന്‍ ബുക്സ്)
ആനഡോക്ടര്‍
'കാട്ടിലുള്ളത് സന്തുലിതമായ നിശ്ശബ്ദതയാണ്' എന്ന് ജയമോഹന്‍ എഴുതുന്നു. 'കാട് ധ്യാനത്തിലിരിക്കുന്നു, നഗരം യുദ്ധത്തിലും' എന്നാണ് അദ്ദേഹത്തിന്‍റെ തിരിച്ചറിവ്. 'വേദനകളെ ശ്രദ്ധിക്കുന്നതു പോലെ ധ്യാനം മറ്റൊന്നില്ല' എന്നാണ് ആനഡോക്ടര്‍ പറയുന്നത്. മനുഷ്യന്‍ വെറും കീടമാണ് എന്ന് കാട്ടിത്തരുന്നവയാണ് വേദനകള്‍. മനുഷ്യനാണ് ഏറ്റവും ദുര്‍ബ്ബലനായ മൃഗം എന്നാണ് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. 'ദൈവം നല്ല ക്രിയേറ്റീവ് മൂഢിലിരിക്കുമ്പോള്‍ ഉണ്ടാക്കിയതാവണം' ആനയെ എന്ന് ഡോക്ടര്‍ വിശ്വസിക്കുന്നു. മനുഷ്യന്‍, അവനാണ് വലിയ കേമനെന്ന് കരുതുന്നു' എന്നാണ് ഡോക്ടര്‍ പറയുന്നത്. "മനുഷ്യന്‍ തന്‍റെ വിഡ്ഢിത്തം കൊണ്ട് ഒരു ദൈവത്തെയും സ്വര്‍ഗ്ഗത്തെയും ഉണ്ടാക്കിവെച്ചിട്ടുണ്ടല്ലോ. അവിടെ നായയ്ക്കും പൂച്ചയ്ക്കും ഒന്നും സ്ഥാനമില്ല. അവയെ രക്ഷിക്കാന്‍ ബ്രഹ്മം യുഗേയുഗേ സംഭവിക്കുന്നുമില്ല" എന്ന നിരീക്ഷണം നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കുന്നു.
'മനുഷ്യന്‍റെ അല്പത്തം ഓരോ ദിവസവും കാണണമെങ്കില്‍ കാട്ടില്‍ കഴിയണം' എന്ന് നോവലിസ്റ്റ് കുറിക്കുന്നു. കാടിനെ അപമാനിക്കുന്ന മനുഷ്യന്‍ തന്‍റെ അഹങ്കാരം വെളിപ്പെടുത്തുകയാണ്. 'കാട്ടുമൃഗങ്ങള്‍ക്ക് മനുഷ്യന്‍റെ അധികാരം മനസ്സിലാവുകയില്ല. അധികാരമാണ് മനുഷ്യന്‍റെ ജീവിതത്തെ തിരക്കുള്ളതാക്കുന്നത്' എന്നും നാം മനസ്സിലാക്കുന്നു. 'ആദര്‍ശങ്ങള്‍ മുഴുവന്‍ തോറ്റു പോയ' കാലത്ത് ഡോക്ടര്‍ ആദര്‍ശദീപ്തമായ ജീവിതം നയിക്കുന്നു. ആദര്‍ശത്തില്‍ വലിയൊരു സന്തോഷമുണ്ട് എന്നാണ് അദ്ദേഹം കരുതുന്നത്. ആദര്‍ശം നഷ്ടപ്പെട്ട തലമുറയുടെ മുമ്പില്‍ ഡോക്ടറെ നിര്‍ത്താനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്.
"കാട്ടില്‍ ധ്യാനം സംഭവിക്കണം. നാം നമ്മുടെ ചിന്തകള്‍ കൊണ്ട് കാടിന്‍റെ പ്രകൃതി ഉണ്ടാക്കിയെടുക്കുകയാണ്. കാട് നമ്മുടെ ഉള്ളിലേക്കു കടന്ന് സ്വയം രൂപപ്പെടണം. അതാണ് ശരിക്കും കാട്" എന്നു ഡോക്ടര്‍ പറയുന്നുണ്ട്. മനുഷ്യസംസ്കാരത്തിന്‍റെ വളര്‍ച്ചയില്‍ മൃഗങ്ങള്‍ക്കു വലിയ പങ്കുണ്ട് എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
ആനയ്ക്കും സന്തോഷത്തിന്‍റെ നിമിഷങ്ങളുണ്ടെന്ന് മനുഷ്യന്‍ പലപ്പോഴും മനസ്സിലാക്കാറില്ല. "ആനയുടെ കണ്ണില്‍ എപ്പോഴും പച്ചയും വെള്ളയും കാണണം. ചുറ്റിലും ഇലകളുടെ ഗന്ധമുണ്ടാവണം. എങ്കിലേ അത് സന്തോഷമായിട്ടിരിക്കുകയുള്ളു" എന്ന് ഡോക്ടര്‍ പ്രസ്താവിക്കുന്നു. ആനയുടെ പക്ഷത്താണ് അദ്ദേഹം നില്‍ക്കുന്നത്.
ആനഡോക്ടര്‍ ആനയെക്കുറിച്ചും കഴിവിനെക്കുറിച്ചും നമുക്കു നഷ്ടപ്പെട്ട ആദര്‍ശനിഷ്ഠമായ ജീവിതത്തെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നു. "നോവല്‍ വായിച്ചുതീരുമ്പോള്‍ മനുഷ്യരുടെ അഹങ്കാരത്തെക്കുറിച്ചും ആര്‍ത്തിയെക്കുറിച്ചും അധികാരത്തെക്കുറിച്ചും ബുദ്ധിശൂന്യതയെക്കുറിച്ചും ഒക്കെ കൂടുതല്‍ തെളിഞ്ഞുവരുന്നു. ഇതില്‍ ഒരു ധ്യാനമുണ്ട്. സെന്‍ ഗുരുവുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്‍റെ സത്തയുണ്ട്. കാട് എത്രത്തോളം നമ്മളില്‍ അനുഭവ്യമാകണം എന്ന ചിന്താധാരയുണ്ട്. തീര്‍ച്ചയായും എല്ലാ പരിസ്ഥിതി സ്നേഹികളും വനസംരക്ഷകരും സാധാരണക്കാരും വായിച്ചിരിക്കേണ്ട പുസ്തകം തന്നെ" എന്ന എന്‍. എ. നസീറിന്‍റെ അഭിപ്രായം ശരിയാണെന്ന് നാമറിയുന്നു. നമുക്കു നഷ്ടപ്പെടുന്നത് എത്ര വിലപ്പെട്ടതാണെന്ന യാഥാര്‍ത്ഥ്യം ജയമോഹന്‍ സൂക്ഷ്മമായി കാണിച്ചു തരുന്നു (ആനഡോക്ടര്‍: ജയമോഹന്‍,മാതൃഭൂമി ബുക്സ്).
നമ്മുടെ ആവാസവ്യവസ്ഥ
'പ്രകൃതിനിയമ'ത്തിലൂടെ അന്വേഷണത്തിന്‍റെ പുതിയ വഴികള്‍ തുറന്നിട്ട പ്രതി ഭയാണ് സി. ആര്‍. പരമേശ്വരന്‍. ശക്ത വും നിശിതവുമായ രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ അദ്ദേ ഹം വര്‍ത്തമാന കാലത്തെ കീറിമുറിക്കുന്നു. എന്തിനോടും പൊരുത്തപ്പെട്ട് ജീവിക്കുന്ന മലയാളികളുടെ സ്വഭാവം അദ്ദേഹം തുറന്നുകാണിക്കുന്നു. 'നമ്മുടെ ആവാസവ്യവസ്ഥ' 13 രാഷ്ട്രീയ സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ്. നാം സുരക്ഷിതമെന്നു കരുതി മാറിനില്‍ക്കുമ്പോള്‍ പരമേശ്വരന്‍ സാഹസികമായി ചിന്തിക്കുന്നു. ഇടതുപക്ഷവും വലതുപക്ഷവും ബുദ്ധിജീവികളുമെല്ലാം ഇവിടെ വിമര്‍ശവിധേയമാകുന്നു. ഒരു പ്രത്യയശാസ്ത്രത്തിന്‍റെയും പരിമിതിയില്ലാതെ കാര്യങ്ങളെ നേരിട്ടുകാണാന്‍ ശ്രമിക്കുകയാണ് പരമേശ്വരന്‍. നിഷ്പക്ഷത എന്ന കാപട്യം അദ്ദേഹത്തിനില്ല. കൃത്യമായ പക്ഷം അദ്ദേഹത്തിനുണ്ട് എന്ന കാര്യവും പ്രധാനമാണ്.
കമ്യൂണിസ്റ്റു രാജ്യങ്ങള്‍ ഒന്നൊന്നായി തകര്‍ന്നടിഞ്ഞതും തുടര്‍ന്നു കടന്നുവന്ന ആഗോളീകരണങ്ങളുമെല്ലാം സി. ആര്‍. ചര്‍ച്ചാവിഷയമാക്കുന്നു. മതഗോത്ര ഭാഷാസ്വത്വങ്ങള്‍ ലോകമെങ്ങും ഉയര്‍ന്നു വരുന്നത് അദ്ദേഹം കാണുന്നു. ആഗോളവല്‍ക്കരണത്തിന്‍റെ വികൃതമുഖം കാണാന്‍ ഇന്ത്യയിലേക്കു നോക്കിയാല്‍ മതിയെന്നാണ് ഗ്രന്ഥകാരന്‍റെ നിരീക്ഷണം. ഇന്ത്യ അല്പത്തം നിറഞ്ഞ കങ്കാണി മുതലാളിത്തത്തിലേക്കു നിപതിച്ചത് അദ്ദേഹം തിരിച്ചറിയുന്നു. ഇതിനോട് ബന്ധപ്പെട്ട് കേരളത്തിലുണ്ടായ പരിവര്‍ത്തനങ്ങളും അദ്ദേഹം അടയാളപ്പെടുത്തുന്നു. സാര്‍ത്ഥകതയുള്ള അന്വേഷണങ്ങളുടെ അഭാവം നമ്മെ എത്രമാത്രം വന്ധ്യമാക്കുന്നുവെന്ന് സി. ആര്‍. മനസ്സിലാക്കുന്നു. നമ്മുടെ പ്രതിരോധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നിലുള്ള സ്വാര്‍ത്ഥതയുടെ ലോകം അദ്ദേഹം തുറന്നിടുന്നു.
എല്ലാവരും സ്വന്തം അത്താഴത്തിന് അടുപ്പു കൂട്ടുമ്പോള്‍ മറ്റു പലതും കാണാന്‍ കഴിയാതെ വരുന്നു. മുതലാളിത്തത്തിന്‍റെ ഏകമുഖലോകങ്ങളുമായി നാം പൊരുത്തപ്പെട്ടു കഴിഞ്ഞു. 'ഇന്നത്തെ ലോകവ്യവസ്ഥയ്ക്ക് സമീപഭാവിയിലൊന്നും ബദലുകള്‍ ഉണ്ടാവില്ല' എന്നാണ് സി. ആര്‍. പറയുന്നത്. വര്‍ധിച്ചു വരുന്ന അസമത്വവും അഴിമതിയും സമഗ്രാധിപത്യത്തിലേക്കുള്ള മാറ്റങ്ങളുമെല്ലാം അദ്ദേഹത്തിന്‍റെ വിമര്‍ശനത്തില്‍ കടന്നുവരുന്നു. ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വ്യത്യാസം നേര്‍ത്തു വരുന്ന സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മതത്തിന്‍റെ ലോകവും ജീര്‍ണ്ണതയുടെ വഴിയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. ലോകം അപകടകരമായി പിന്തിരിഞ്ഞു നടക്കുകയാണ് എന്നാണ് സി. ആര്‍. പരമേശ്വരന്‍ കണ്ടെത്തുന്നത്.
'നമ്മുടെ ജനാധിപത്യം ഏറ്റവും വലിയ പരാജയമാകുന്നത് എഴുപതാണ്ടുകള്‍ക്കു ശേഷവും ദളിതര്‍ക്കും ആദിവാസികള്‍ക്കും അന്തസ്സുള്ള ഒരു ജീവിതം അതു കൊടുത്തിട്ടില്ല എന്നിടത്താണ്" എന്നാണ് ഗ്രന്ഥകാരന്‍റെ അഭിപ്രായം. നമ്മുടെ പൗരബോധത്തിന്‍റെയും പൗരാവകാശബോധത്തിന്‍റെയും നിലവാരത്തില്‍ അദ്ദേഹം സംശയാലുവാണ്. പൊതു സമൂഹത്തിന്‍റെ ധാര്‍മ്മിക മണ്ഡലവും വിപുലമാകണം. നീതിബോധവും പൗരബോധവും ഉയരണം. ഇടതുപക്ഷത്തെയാണ് സി. ആര്‍. കൂടുതല്‍ കടന്നാക്രമിക്കുന്നത്. കാരണം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല സംഭവിക്കുന്നത്. 'മാനവികതയും സാധുക്കളോട് കാരുണ്യവും ഉള്ള ഒരു ഇടതുപക്ഷക്കാരനെപ്പോലെ സൗന്ദര്യമുള്ള ഒരാള്‍ ലോകത്താരുമില്ല' എന്നാണ് അദ്ദേഹം പറയുന്നത്.
ജീവസന്ധാരണത്തിനുള്ള അത്യാവശ്യം വകയുണ്ടെങ്കില്‍ സത്യം പറയാമെന്നാണ് സി. ആര്‍. പരമേശ്വരന്‍റെ വിശ്വാസം. നിലനില്‍ക്കുന്ന സമൂഹത്തെക്കുറിച്ചുള്ള സമഗ്രമായ വിമര്‍ശനത്തിനാണ് അദ്ദേഹം മുതിരുന്നത്. രാഷ്ട്രങ്ങളുടെയും സംഘങ്ങളുടെയും വ്യക്തികളുടെയും മൂല്യബദ്ധതയില്‍ ശൈഥില്യം വരുന്നതിനെക്കുറിച്ചാണ് അദ്ദേഹം എപ്പോഴും ചിന്തിക്കുന്നത്. നമ്മുടെ മരവിച്ച നീതിബോധത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ജനങ്ങള്‍ സ്വയം പരാജയപ്പെടുത്തുന്നതിനു കാരണം മൂല്യവത്തായ എല്ലാ ഓര്‍മ്മകളെയും മുന്‍പത്തെക്കാള്‍ വേഗത്തില്‍ തുടച്ചു നീക്കുന്ന നിയോ ലിബറല്‍ ഘട്ടത്തിലെ കണ്‍സ്യുമറിസമാണ് എന്നാണ് സി. ആര്‍. അഭിപ്രായപ്പെടുന്നത്.
ഇന്ന് ലോകം നേരിടുന്ന വിപത്തുകള്‍ വിവിധവും സങ്കീര്‍ണ്ണവുമാണ്. ഇന്നത്തെ സങ്കീര്‍ണ്ണാവസ്ഥയില്‍ ഒരിടത്തെ ഇര മറ്റൊരിടത്തെ വേട്ടക്കാരനാണ് എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. "മുഴുവന്‍ ലോകവും നുണയോടൊപ്പം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന കാലത്ത് എല്ലാ ആരവങ്ങള്‍ക്കുമിടയില്‍ നിങ്ങള്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ലെങ്കില്‍ കൂടി ഒരു മര്‍മ്മരം പോലെയെങ്കിലും സത്യം പുറത്തു പറയണം. നേരിനെയും ഭാഷയെയും വാക്കിനെയും അപമാനിക്കുന്ന ഇടങ്ങളില്‍ കൈയ്യും കെട്ടി നില്‍ക്കരുത്. ചുരുങ്ങിയത്, പീഡകന്‍റെയും ചൂഷകന്‍റെയും ശക്തന്‍റെയും സമര്‍ത്ഥന്‍റെയും കൂടാരങ്ങളില്‍ എന്ത് പ്രലോഭനമുണ്ടായാലും ആ മരണം നിങ്ങള്‍ കാണപ്പെടരുത് എന്നാണ് തന്‍റെ നിലപാട് സി. ആര്‍. വ്യക്തമാക്കുന്നത്.
നമ്മുടെ കാലത്തെ ഏറ്റവും ഉണര്‍ന്ന മനസ്സാണ് സി. ആറിന്‍റേത്. ഒരു ടോട്ടല്‍ ക്രിട്ടിക്കാണ് അദ്ദേഹം. സി. ആറിന്‍റെ അഭിപ്രായത്തോട് നമുക്കു വിയോജിക്കാം. എന്നാല്‍ അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളെ തളളിക്കളയാന്‍ സാധിക്കില്ല. എല്ലാ രംഗങ്ങളിലുമുള്ളവര്‍ പ്രകടിപ്പിക്കുന്ന കാപട്യങ്ങളെ സി. ആര്‍. കടന്നാക്രമിക്കുന്നു. നാം തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് അദ്ദേഹം നമ്മെ നയിക്കുന്നത്. (നമ്മുടെ ആവാസവ്യവസ്ഥ - സി. ആര്‍. പരമേശ്വരന്‍. ഡി. സി. ബുക്സ്)