അനുസരണയോടും ആത്മനിയന്ത്രണത്തോടും കൂടെ പെരുമാറുന്നവനെ നാം അച്ചടക്കം ഉള്ളവന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. അച്ചടക്കം എന്നത് ഏതു തുറയില്‍ ആയാലും വെറുമൊരു വാക്ക് മാത്രം അല്ല, അത് ഒരു ജീവിതശൈലിയാണ്. ഒരുവന്‍റെ ചിന്തകളില്‍ ഉത്ഭവിക്കുന്ന വ്യക്തിഗതമായ അച്ചടക്കം അവന്‍റെ പ്രവൃത്തികളില്‍ പ്രകടമാകുന്നു. അപ്പോള്‍ പിന്നെ
നമ്മുടെ ചിന്താവിഷയം ആയ 'സാമ്പത്തിക അച്ചടക്കം' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
നിയമങ്ങള്‍ അനുസരിച്ചും, സമൂഹത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കാതെയും ലക്ഷ്യത്തില്‍ എത്തുന്നു എന്നതുകൊണ്ട് മാത്രം ഒരു പദ്ധതിയും സാമ്പത്തികമായി അച്ചടക്കത്തോടെ നിറവേറ്റപ്പെട്ടു എന്ന് പറയാനാവില്ല. മറിച്ച്, ഒഴിവാക്കപ്പെടാനാവാത്തതും എന്നാല്‍ പലപ്പോഴും ഓര്‍മ്മിക്കപ്പെടുകപോലും ഇല്ലാത്ത കുറെ കാര്യങ്ങള്‍ കോര്‍ത്തിണക്കിച്ചേര്‍ത്ത് വയ്ക്കുമ്പോഴാണ് സാമ്പത്തിക അച്ചടക്കത്തിന്‍റെ മനോഹാരിത അനുഭവവേദ്യമാകുന്നത്.
സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ എന്‍റെ ചിന്തകളില്‍ ഓടിയെത്തുന്നത് ഈ സമയങ്ങളില്‍ ഏറ്റവും അധികം മാധ്യമശ്രദ്ധ ആകര്‍ഷിച്ച ഇടുക്കിയിലെ ജിജോ കുര്യന്‍ എന്ന കപ്പൂച്ചിന്‍ വൈദികന്‍റെ ക്യാമ്പിന്‍ ഹൗസ് പ്രൊജക്ടിനെക്കുറിച്ചാണ്. വളരെ അധികം ചിന്തിച്ചും കണക്കുകൂട്ടിയും, ഗുണിച്ചും ഹരിച്ചും ചെത്തിയും മിനുക്കിയും രൂപഭാവനചെയ്ത മനോഹരവും കൈപ്പിടിയില്‍ ഒതുങ്ങുന്നതുമായ ഒരു അച്ചടക്ക ശൈലി അച്ചന്‍റെ ക്യാമ്പിന്‍ ഹൗസില്‍ രൂപവത്കരിക്കപ്പെട്ടിരിക്കുന്നു. അച്ചന്‍റെ ക്രിയാത്മകമായ ചിന്തകള്‍ക്ക്, ജീവന്‍ പകരാന്‍ സമാനചിന്താഗതിക്കാരായ അച്ചന്‍റെ ഒരു കൂട്ടം സുഹൃത്തുക്കളും ഒത്തുചേര്‍ന്നപ്പോള്‍, ആ ചിന്തകള്‍ക്ക് ചിറകുമുളച്ചത് സാക്ഷാത്ക്കരിക്കപ്പെട്ടു.
ആ സ്വപ്നസാക്ഷാത്കാരത്തിന്‍റെ മുഖമുദ്ര സാമ്പത്തിക അച്ചടക്കം തന്നെയാണ്. ജിജോ അച്ചന്‍റെ രൂപകല്‍പ്പനയില്‍ ഇന്നുവരെ പണികഴിക്കപ്പെട്ട 17 ക്യാമ്പിന്‍ ഹൗസുകളില്‍ ഏതാനും ചില വീടുകള്‍ കാണുവാനും അതിന്‍റെ ഗുണവിശേഷങ്ങള്‍ കണ്ടറിയുവാനും അതിന്‍റെ നിര്‍മ്മാണ അച്ചടക്കത്തെക്കുറിച്ച് അച്ചനില്‍ നിന്ന് തന്നെ അറിയുവാനും സാധിച്ചതിന്‍റെ വെളിച്ചത്തില്‍ അവ നിങ്ങളോട് പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുകയാണ്.
2018-ലെ പ്രളയം അലങ്കോലപ്പെടുത്തിയ കുറെ ഹൃദയതാളങ്ങള്‍, അവരുടെ ഉപേക്ഷിക്കപ്പെട്ട സ്വപ്നങ്ങള്‍ ഇവയെ സ്വന്തം ഹൃദയതാളവും സ്വപ്നവും ആയി ജിജോ അച്ചന്‍ ചേര്‍ത്തുവച്ചപ്പോള്‍ ക്യാമ്പിന്‍ ഹൗസിന്‍റെ ഹൃദയമിടിപ്പുകള്‍ കേട്ടു തുടങ്ങി. ഈ വിജയത്തിന്‍റെ പിന്നിലെ നിശ്ചയദാര്‍ഢ്യം കഠിനപ്രയത്നവും അച്ചടക്കവും ഏവര്‍ക്കും പ്രചോദനകരമാണ്. ആ പടവുകള്‍ അച്ചനോടൊപ്പം നമുക്കും കയറിക്കാണാം.
പദ്ധതിയുടെ ഉദ്ദേശം
* ആദ്യമായിത്തന്നെ എന്താണ് ഇവിടെ ചെയ്യാന്‍ ആഗ്രഹിച്ചത്.
* അതിലേക്കായി കൈയില്‍ ഉള്ള വിഭവസാധ്യതകള്‍ എന്തൊക്കെയാണ്. മുഖ്യഘടകം സാമ്പത്തിക സാധ്യതതന്നെയാണ്. ക്യാമ്പിന്‍ ഹൗസിന്‍റെ നിര്‍മ്മാണത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ മനോഹരവും പൂര്‍ണ്ണവും ആയ ഒരു പദ്ധതിയാണ് സാമ്പത്തികമായി ഏറെ അച്ചടക്കത്തോടെ പൂര്‍ത്തീകരിക്കപ്പെട്ടത്.
യാഥാര്‍ത്ഥ്യബോധം
* ചിട്ടയോടെ കാര്യങ്ങള്‍ പഠിച്ചും, ചെറുതും വലുതുമായ ഓരോ ചെലവുകളും തിട്ടപ്പെടുത്തി ഒരു നിര്‍മ്മാണ ചെലവ് കണക്കാക്കല്‍ തയ്യാറാക്കി.
* ഒരു വീട്ടില്‍ താമസിക്കുന്ന ആളുകളുടെ എണ്ണം, ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കായി ഒരു ബെഢ്റൂം, കിച്ചന്‍, ടോയ്ലെറ്റും, വരാന്തയും മാത്രം ഉള്ള കൊച്ചുവീട്. വെള്ളത്തിന്‍റെ സാധ്യത എല്ലാം പരിഗണിക്കപ്പെട്ടു.
തയ്യാറാക്കിയ നിര്‍മ്മാണ ചെലവിനോട് 20% കൂടെ മുന്നോട്ട് കണക്ക് കൂട്ടിയാണ് അച്ചന്‍ രൂപരേഖ തയ്യാറാക്കിയത്. എത്ര നന്നായി രൂപപ്പെടുത്തിയാലും നാം മറന്നുപോകുന്നതും, നിര്‍മ്മാണത്തിനിടയില്‍ മാത്രം വെളിപ്പെടുന്നതുമായ പല കാര്യങ്ങളും സാധ്യമാക്കുന്നതിനുവേണ്ടിയാണ് ഈ 20% കൂട്ടി വിഭാവനം ചെയ്തത്.
പിന്നീട് അച്ചന്‍റെ ചിന്ത, ഈ വിഭാവനം ചെയ്ത നിര്‍മ്മാണ ചെലവിലും കുറഞ്ഞ ചെലവില്‍ എങ്ങനെ പദ്ധതി പൂര്‍ത്തീകരിക്കും എന്നായിരുന്നു.
വിഭാവനം
നിര്‍മ്മാണത്തിനു മുന്‍പ് തന്നെ ഉപഭോക്താവിന്‍റെ ആവശ്യങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു സാധിക്കുന്നത് സാധ്യമാക്കി കൊടുത്തു. അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സാമ്പത്തിക അച്ചടക്കത്തിന്‍റെ പരിധിയില്‍ നിര്‍ത്തി. നിര്‍മ്മാണം തുടങ്ങിയതിനുശേഷം ഉപഭോക്താവിന്‍റെ ആവശ്യങ്ങള്‍ ആരായാന്‍ സമയതാമസവും. സാമ്പത്തികബുദ്ധിമുട്ടുകളും ഉണ്ടാവാന്‍ സാധ്യത ഉള്ളതുകൊണ്ടാണ് നേരത്തെ തന്നെ അതൊക്കെ ചോദിച്ചറിഞ്ഞത്.
ചെറുതാണ് മനോഹരം
ഈ മനോഭാവം ഉപഭോക്താവിന് മനസ്സിലാക്കാന്‍ സാധിച്ചതാണ് മറ്റൊരു വിജയം.
60 ലക്ഷത്തിന് വീടുപണിയണം എന്ന് ആഗ്രഹിച്ച് പണികഴിഞ്ഞപ്പോള്‍ ഒരു കോടിയില്‍ കൂടുതലായി എന്ന് പരിഭവിച്ച ഒരു സുഹൃത്തിനെ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ സാധിക്കാത്തതിന്‍റെ പരാധീനതയാണ് ഈ അവസ്ഥ
യൂറോപ്പ് പോലെയുള്ള രാജ്യങ്ങളില്‍ പുറമേയുള്ള ആര്‍ഭാടങ്ങളും മോടികളും ഒഴിവാക്കി അകമേ അഴകാര്‍ന്ന ഭവനങ്ങളും സ്ഥാപനങ്ങളും മാത്രമാണ് കാണുക. അതുകൊണ്ട് തന്നെ സാധാരണക്കാരനും ഇത്തരം അവസരങ്ങള്‍ സാധ്യമാക്കാന്‍ കഴിയുന്നു.
വിഭവസാധ്യതകളുടെ പുനരുപയോഗം
പഴയ വീടിന്‍റെ ജന്നല്‍, തടികള്‍, കതകുകള്‍ തുടങ്ങി ഉപയോഗപ്രദമായതെല്ലാം പുനരുപയോഗിക്കപ്പെട്ടു. അതുപോലെ തന്നെ ഉപഭോക്താവിന്‍റെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും നിസ്വാര്‍ത്ഥമായ സഹായം, അതായത് മാനുഷികശേഷി പ്രയോജനപ്പെടുത്തിയതിലൂടെ സാമ്പത്തികമായി വളരെ ലാഭം ഉണ്ടായി.
രണ്ടോ അതിലധികമോ നിര്‍മ്മാണപദ്ധതികള്‍ ഒരേ സമയത്ത് ചെയ്തതും സാമ്പത്തികമായി വളരെ ചെലവ് കുറയ്ക്കാന്‍ സാധിച്ചു.
നിശ്ചയദാര്‍ഢ്യം
ഇത്ര ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കും എന്നുള്ള നിശ്ചയദാര്‍ഢ്യം പ്രവര്‍ത്തനങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സ്വപ്നസാക്ഷാത്കാരത്തിന്‍റെ നല്കുന്നതോടൊപ്പം ഇതുപോലെയുള്ള ദൗത്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാനുള്ള പ്രചോദനം കൂടെയാണ്. നാളെ, നാളെ എന്ന് ചിന്തിക്കാതെ ഇന്ന് ചെയ്യേണ്ടത് ഇന്നുതന്നെ ചെയ്ത് തീര്‍ത്ത അച്ചടക്കം, സാമ്പത്തിക അച്ചടക്കത്തിന് ഒത്തിരി സഹായിച്ചിട്ടുണ്ടെന്ന് ജിജോ അച്ചന്‍ പറയുന്നു.
ടീം വര്‍ക്ക് (കൂട്ടായ്മ)
ക്യാമ്പിന്‍ ഹൗസിന്‍റെ വര്‍ക്കില്‍ ഉടനീളം കാണാന്‍ സാധിക്കുന്ന മനോഹരമായ ഒരു കാഴ്ചയാണ് ടീം വര്‍ക്ക്. പ്രതിഫലേച്ഛ കൂടാതെയുള്ള അഭ്യുദയകാംക്ഷികളുടെ നിസ്വാര്‍ത്ഥ സേവനമാണ് ഇവിടെയെല്ലാം നാം കാണുന്നത്. എല്ലാം നഷ്ടപ്പെടുന്നവരോടുള്ള അച്ചന്‍റെ കരുതലും സര്‍വ്വോപരി ദൈവത്തിന്‍റെ കരുണയും ആണ് അടിസ്ഥാനം.
വീടുകളുടെ പണികള്‍ നടന്നപ്പോള്‍ കമലാമ്മച്ചിയുടെ വീടുകാണാന്‍ പോയത് ഓര്‍ക്കുകയാണ്. വീടുപണിസമയം മുഴുവന്‍ അവിടെയെല്ലാം ഓടി നടന്ന് എല്ലാവരേയും സഹായിക്കുന്ന കമലാമ്മച്ചി. അവരുടെ ക്ഷീണിച്ച കണ്ണിലെ നന്ദിയുടെ നനവ് മറക്കാനാവുന്നില്ല.
ഇതുപോലെയുള്ള സംരംഭങ്ങളും ആശയങ്ങളും സാക്ഷാത്കരിക്കാന്‍ ജിജോ അച്ചനെ ദൈവം വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ. സ്വപ്നം നഷ്ടപ്പെട്ടവര്‍ക്ക് സ്വപ്നങ്ങളും ഹൃദയതാളങ്ങള്‍ മറന്നുപോയവര്‍ക്ക് പുതിയ താളവും ലഭ്യമാകാന്‍ സര്‍വ്വശക്തനായ ദൈവം ജിജോ അച്ചനിലൂടെ ഇനിയും ഇടവരുത്തട്ടെ.
2018-ലെ പ്രളയം അലങ്കോലപ്പെടുത്തിയ കുറെ ഹൃദയതാളങ്ങള്‍, അവരുടെ ഉപേക്ഷിക്കപ്പെട്ട സ്വപ്നങ്ങള്‍ ഇവയെ സ്വന്തം ഹൃദയതാളവും സ്വപ്നവും ആയി ജിജോ അച്ചന്‍ ചേര്‍ത്തുവച്ചപ്പോള്‍ ക്യാമ്പിന്‍ ഹൗസിന്‍റെ ഹൃദയമിടിപ്പുകള്‍ കേട്ടു തുടങ്ങി. ഈ വിജയത്തിന്‍റെ പിന്നിലെ നിശ്ചയദാര്‍ഢ്യം കഠിനപ്രയത്നവും അച്ചടക്കവും ഏവര്‍ക്കും പ്രചോദനകരമാണ്. ആ പടവുകള്‍ അച്ചനോടൊപ്പം നമുക്കും കയറിക്കാണാം.