"രണ്ടു ദിവസായിട്ട് മോള്‍ക്ക് നല്ല പനിയായിരുന്നു. ആസ്പത്രിയില്‍ പോയി മരുന്നൊക്കെ വാങ്ങി. പണിക്കൊന്നിനും പോകാതിരുന്നതിനാല്‍ കയ്യില്‍ പൈസയും ഒന്നും ഇല്ലായിരുന്നു. കുഞ്ഞിനു കഴിക്കാന്‍ എന്നെ കിട്ടുമോന്നു നോക്കാന്‍ ഞാന്‍ പണിചെയ്യുന്ന വീട്ടിലേക്കു ഒന്നു പോയതാ. ആ നേരം നോക്കി അവന്മാരു പനിച്ചു വിറച്ചു കിടന്ന എന്‍റെ കുഞ്ഞിനെ" ആ അമ്മയ്ക്ക് വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല. തിരുവോണനാളില്‍ കൂട്ട ബലാല്‍സംഗത്തിനു ഇരയായ ആ പെണ്‍കുട്ടിക്കു പതിമുന്നു വയസെ പ്രായം ഉണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ 53 പെണ്‍കുട്ടികളാണ് പീഡനത്തിനു ഇരയായത്. വഴിവക്കിലോ ഹോട്ടല്‍ മുറികളിലോ അല്ല ഇവര്‍ പീഡിപ്പിക്കപ്പെട്ടത്; സ്വന്തം കൂരയ്ക്കുള്ളില്‍ വെച്ചാണ്. തകരപ്പാട്ടയുടെയും പോളിത്തീന്‍ ഷീറ്റിന്‍റെയും സഹായത്തോടെ കെട്ടിപ്പൊക്കിയ കൂരയ്ക്കു ആ പെണ്‍കുട്ടികളെ സംരക്ഷിക്കാനായില്ല.
ഞാനും അത്തരത്തിലുള്ളൊരു കൂരയിലാണ് ജനിച്ചത്. മണ്‍ചുമരുകളും ഓലകൊണ്ട് മേഞ്ഞ മേല്‍ക്കൂരയും ശക്തിയായി കാറ്റടിച്ചാല്‍ തുറന്നു പോകുന്ന കതകുമെല്ലാം ഉള്ള ഒരു കൊച്ചു വീട്. എന്‍റെ ഉള്ളിലെ പേടി മാറ്റുന്നതിനു വേണ്ടി ഉറങ്ങുമ്പോള്‍ അമ്മ എന്നെ കെട്ടിപ്പിടിക്കുമായിരുന്നു. പക്ഷെ ഞാന്‍ വളരുന്നതിനൊപ്പം എന്‍റെ ഭയവും വളര്‍ന്നു. രാത്രികളില്‍ സ്വപ്നത്തില്‍ കതകുകള്‍ ഉടച്ചെത്തുന്ന കാലുകള്‍ എന്നെ പേടിപ്പിച്ചുകൊണ്ടേ ഇരുന്നു. പേടി മാറ്റാന്‍ ഒരു പായ കൊണ്ട് ഞാന്‍ എന്നെ തന്നെ മൂടും. ഇരുട്ടു കൂടുമ്പോള്‍ അമ്മയ്ക്കു ഞാനും ഞാന്‍ അമ്മയ്ക്കും കാവലിരിക്കും. എന്‍റെ ബാല്യകാലം എനിക്ക് സമ്മാനിച്ച ഈ സുരക്ഷിതത്ത്വമില്ലായ്മയും പേടിയും എന്‍റെ ഉള്ളില്‍ നിന്നും മാറ്റിയെടുക്കാന്‍ എനിക്ക് ഏറേക്കാലം വേണ്ടി വന്നു. ഇന്ന് എന്‍റെ സഹോദരിമാര്‍ ഇതേ ഭയത്തോടെയാണ് വളര്‍ന്നു വരുന്നത്.
എന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവമായിരുന്നു ജിഷയുടെ കൊലപാതകം. രണ്ടു മുറി മാത്രമുള്ളതായിരുന്നു അവരുടെ വീട്. ഒരു പക്ഷെ നമ്മുടെ ഒക്കെ ശൗചാലയങ്ങള്‍ക്കു അതിനേക്കാള്‍ വിസ്താരമുണ്ടായിരിക്കും.
അത്രയ്ക്കു ഇടുങ്ങിയതാണ് ആ മുറികള്‍. ഒരു മുറിയുടെ തറ കുഴിച്ച് അതില്‍ പലക നിരത്തി കര്‍ട്ടണ്‍ ഇട്ട് മറച്ചാണ് അവര്‍ ശൗചാലയം നിര്‍മ്മിച്ചത്. തടിക്കഷ്ണങ്ങള്‍ ചേര്‍ത്തു വെച്ച വാതില്‍ മാത്രമായിരുന്നു ആ വീടിനുണ്ടായിരുന്നത്. നീണ്ട 29 വര്‍ഷം ജിഷ ആ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. അവള്‍ക്കു ഈ ദാരുണാന്ത്യം ഉണ്ടാകുന്നതു വരെ ആരും അവരെ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല. ആ ജീവന്‍ പിടഞ്ഞു തീര്‍ന്നപ്പോള്‍ അവള്‍ക്കു വേണ്ടി യോഗങ്ങളും പ്രകടനങ്ങളും പ്രതിക്ഷേധ റാലികളും നടത്താന്‍ ആയിരങ്ങള്‍ നിരത്തിലിറങ്ങി. സോഷ്യല്‍ മീഡിയ യിലും വാര്‍ത്താ മാധ്യമങ്ങളിലും ചൂടേറിയചര്‍ച്ചകള്‍ നടന്നു. ഇവക്കെല്ലാം വേണ്ടി നാം ചെലവാക്കിയ തുകയുടെ നാലിലൊന്നുണ്ടായിരുന്നെങ്കില്‍ ഉറപ്പുള്ളൊരു വീട് അവള്‍ക്ക് സമ്മാനിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ ജിഷ ഇന്നും ജീവനോടെ നമുക്കൊപ്പം ഉണ്ടായിരുന്നേനേ. ശബ്ദമില്ലാത്തവരുടെ ശബ്ദമായി, ഒരു അഭിഭാഷകയായി...
കേരളത്തിലെ 35 ലക്ഷം ദളിതരിലും 4.75 ലക്ഷം ആദിവാസികളിലും 20 ലക്ഷം വരുന്ന പരിവര്‍ത്തിത ക്രിസ്ത്യാനികളിലും ഭൂരിഭാഗം പേരും ഭൂരഹിതരാണ്. ഇതു കൂടാതെ തോട്ടം മത്സ്യ തൊഴിലാളികളിലും ഭൂരിപക്ഷം പേരും സ്വന്തമായി ഒരു കൂരയോ, ചവിട്ടി നില്‍ക്കാന്‍ ഒരുപിടി മണ്ണോ ഇല്ലാത്തവരാണ്.
സര്‍ക്കാര്‍ കണക്കില്‍ 3 ലക്ഷം പേര്‍ മാത്രമാണ് ഭൂരഹിതര്‍. പക്ഷേ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ കേരളത്തില്‍ ജീവിക്കുന്ന 37 ലക്ഷം പേര്‍ തല ചായ്ക്കാന്‍ സ്വന്തമായി ഒരു വീടില്ലാത്തവരാണ്. ഒരു കാലത്ത് അടിയാളന്‍ - ജന്മി സമ്പ്രദായത്തില്‍ പോലും തല ചായ്ക്കാന്‍ ഒരിടം എല്ലാവര്‍ക്കും ലഭിച്ചിരുന്നു. പിന്നെ എന്നു മുതലാണ് ഭൂരഹിതര്‍ സൃഷ്ടിക്കപ്പെട്ടത്? എന്നു മുതലാണ് വീടെന്ന സുരക്ഷിതത്വം അന്യമായത്? ഭൂമിയില്ലാത്തവനു സ്വന്തമായി ഭൂമി നല്‍കുന്നതിനു വേണ്ടിയാണ് ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ആര്‍ക്കാണ് അതു കൊണ്ട് ലാഭം ഉണ്ടായത്!!
പട്ടിണി കിടന്നും, പകലന്തിയോളം പണിയെടുത്തും മണ്ണിനെ പൊന്നാക്കിയത് ദളിത് പണിയാളുകളാണ്. ഭൂപരിഷ്കരണ നിയമം കൊണ്ട് ഇവരില്‍ എത്ര പേര്‍ക്ക് ചവിട്ടി നില്‍ക്കാനുള്ള ഭൂമി ലഭിച്ചു? അന്ന് ജന്മിയുടെ കീഴില്‍ ആയിരുന്നു പണിയാളരെങ്കില്‍ ഇന്ന് അതേ ജന്മികള്‍ തന്നെ രൂപം കൊടുത്ത സാമൂഹികഅയിത്തത്തിന്‍റെ കീഴിലാണ്. പണിയാളര്‍, പുലയര്‍ അല്ലെങ്കില്‍ പുലയന്‍ എന്നു പറയുന്നത് ഇന്നൊരു അസഭ്യവാക്കാണ്. അതു കൊണ്ടാണല്ലോ കമ്മട്ടിപാടത്തിലെ പല വാക്കുകളും സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തത്. ആരാണ് ഞങ്ങളുടെ സമുദായത്തിന്‍റെ പേര് ഒരു അസഭ്യമായി ഉള്‍പ്പെടുത്തിയത്? ഇത്തരത്തിലുള്ള സാമൂഹിവും സാമ്പത്തികവുമായ അയിത്തം നിലനില്ക്കുന്നിടത്തോളം കാലം തല ചായ്ക്കാനൊരിടം എന്ന ഞങ്ങളുടെ സ്വപ്നത്തിന് ഒരു വിലയും ആരും കല്പിക്കില്ല.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ ചാലയില്‍ 3000 ത്തോളം കുടുംബങ്ങളാണ് ചേരിയില്‍ താമസിക്കുന്നത്. ഭൂപരിഷ്ക്കരണ നിയമത്തിന്‍റെ പേരിലും വികസനത്തിന്‍റെ പേരിലുമെല്ലാം കുടിയിറക്കപ്പെട്ടവരാണ് ആ ചേരികളില്‍ താമസിക്കുന്നത്. ഒരുകാലത്ത് എല്ലാം ഉണ്ടായിരുന്നവര്‍ പില്‍ക്കാലത്ത് ഒരു ഒറ്റമുറിക്കുടിലില്‍ ശൗചാലയം പോലുമില്ലാതെ ജീവിക്കേണ്ടി വരുമ്പോള്‍ എന്തായിരിക്കും അവരുടെ മാനസികാവസ്ഥ? ചീഞ്ഞു നാറുന്ന, മലിന ജലം നിറഞ്ഞൊഴുകുന്ന ഒരു കനാലിന്‍റെ കരയില്‍ 3000 ത്തോളം കുടുംബങ്ങള്‍ അവരുടെ ജീവിതം തള്ളിനീക്കുന്നു. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന മലിനജലത്തില്‍ അവര്‍ക്കാകെയുള്ള വീട്ടുസാമാനങ്ങളും തുണിയും പുസ്തകവുമെല്ലാം ഒലിച്ചു പോകുന്നു. വീണ്ടും ഉറുമ്പ് അരിമണി ശേഖരിക്കുന്നതുപോലെ ജീവിതം കരുപിടിപ്പിക്കുന്നതിനു വേണ്ടതെല്ലാം ഒന്നൊന്നായി അവര്‍ ശേഖരിക്കുന്നു.
ഇതിനേക്കാളേറെ ഭയാനകമായ ഒന്നാണ് രാത്രി കാലങ്ങളില്‍ ആ കോളനികളിലെ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നത്. കഞ്ചാവിന്‍റെ ലഹരിയില്‍ ആടിയാടി എത്തുന്ന കാമഭ്രാന്തന്മാര്‍ ഈ ചേരിയിലെ ഓരോ പെണ്‍കുട്ടികള്‍ക്കും പേടി സ്വപ്നമാണ്. ഒന്ന് ആഞ്ഞു തള്ളിയാല്‍ തുറന്നു വീഴുന്ന വാതിലിനു പിന്നില്‍ ഭയപ്പാടോടു കൂടി അവര്‍ ഒളിച്ചു നില്‍ക്കും. ശല്യം സഹിക്കവയ്യാതായപ്പോള്‍ ഒരു നാള്‍ ഞാന്‍ ആ കുട്ടികളോടൊപ്പം അവരുടെ കുടിലില്‍ ഉറങ്ങി. രാത്രിയുടെ യാമത്തില്‍ മദ്യത്തിന്‍റെയും, കഞ്ചാവിന്‍റെയും ലഹരിയില്‍ ഈ കുടിലിനു മുന്നില്‍ എത്തുന്ന സമൂഹത്തിലെ മാന്യന്മാരുടെ നാവില്‍ നിന്നും ഉതിര്‍ന്നു വീണ 'സരസ്വതീ ജപം' ഏതു ഗംഗയില്‍ കുളിച്ചാലും കാതില്‍ നിന്നും മായത്തത്ര അറപ്പാര്‍ന്നതാണ്. പോലീസിന്‍റെ സഹായത്തോടെ ഇതുവരെ പതിനേഴു പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ ചേരിയില്‍ കുറച്ചു വീടുകള്‍ക്ക് ചേര്‍ന്ന് ഒരു ശൗചാലയം മാത്രമാണുള്ളത്. രാത്രിയില്‍ ഒരു മൂത്രശങ്ക വന്നാല്‍ തന്നെ അഞ്ചോ ആറോ വീടുകള്‍ താണ്ടി വേണം പോകാന്‍. അതിനാല്‍ തന്നെ രാത്രിയില്‍ പെണ്‍കുട്ടികള്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നു. മാനത്തിനേക്കാള്‍ വലുതല്ലല്ലോ ഒരു മൂത്രശങ്കയും. ഭരണ സിരാകേന്ദ്രത്തിന്‍റെ മൂക്കിന്‍ കീഴില്‍ ദളിതരുടെ അവസ്ഥ ഇതാകുമ്പോള്‍. മറ്റിടങ്ങളിലെ അവസ്ഥ ഇതിലും ഭയാനകമായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
രണ്ടാഴ്ച മുമ്പ് വയനാട്ടിലെ ആദിവാസിക്കുടിലില്‍ ഒരു മംഗലം/വിവാഹം നടന്നു. 5000 രൂപ ചിലവു വന്ന ആ വിവാഹത്തില്‍ 200 മുതിര്‍ന്നവരും 30 കുട്ടികളും ചോറും സാമ്പാറുമടങ്ങുന്ന വിവാഹ സദ്യ സ്വാദോടെ കഴിച്ചു. മണിക്കൂറുകള്‍ക്കകം ചെക്കനും പെണ്ണിനും താമസിക്കാനുള്ള പുത്തന്‍ കുടിലും കെട്ടി. മരക്കഷണങ്ങള്‍ നാട്ടി അതില്‍ മണ്ണു പൊത്തി ചുവരുണ്ടാക്കി മുകളില്‍ പുല്ലു വിരിച്ച് മേല്‍ക്കൂര പണിത് ചാണകം തളിച്ച് തറ മിനുക്കി ഒരു സുന്ദരന്‍ വീട്. ഈ വീടിന് എത്ര നാള്‍ ആയുസ്സുണ്ടെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ അടുത്ത മഴക്കാലം വരെ ആയിരിക്കും. അതുമല്ലെങ്കില്‍ പെരിഞ്ചാംകുട്ടിയില്‍ സംഭവിച്ചതു പോലെ സര്‍ക്കാരിന്‍റെ വനഭൂമി കയ്യേറി കുടില്‍ കെട്ടി എന്ന 'മഹത്തായ തിരിച്ചറിവ്' ഉണ്ടാകുന്നതു വരെ ആകാം. എന്തു തന്നെ ആയാലും തലയ്ക്കു മീതേ കൂര എന്ന അത്താഴപഷ്ണിക്കാരന്‍റെ സ്വപ്നം ഇപ്പോഴും സ്വപ്നമായി തന്നെ അവശേഷിക്കുന്നു.
എന്തു കൊണ്ടാണ് മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ ദളിതര്‍ക്കും ഭൂരഹിതരായ ആദിവാസികള്‍ക്കും ഭൂമി നല്‍കുന്നതില്‍ ഇത്ര ദാരുണമായി പരാജയപ്പെട്ടത്? ഈ ചോദ്യത്തിന് ഉത്തരമായി എനിക്ക് ഒന്നു മാത്രമാണ് തോന്നുന്നത്.
ഇന്ത്യയില്‍ ജനാധിപത്യം സ്ഥാപിതമായ നാള്‍ തൊട്ട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വാഗ്ദാനമാണ് 'ഭൂരഹിതരായ, ഭവനരഹിതരായ' ശവമടക്കാന്‍ ആറടി മണ്ണില്ലാത്ത മുഴുവന്‍ പേര്‍ക്കും അഞ്ചു കൊല്ലത്തിനകം ഭൂമിയും വീടും നല്‍കും.'ڔഓരോ പാര്‍ട്ടിയുടെ ഈ വാഗ്ദാനത്തില്‍ വിശ്വസിച്ച് നമ്മള്‍ വോട്ടു ചെയ്യും. വീണ്ടും കബളിപ്പിക്കപ്പെടും. ഈ നാടകം സ്വാതന്ത്ര്യത്തിന്‍റെ നാള്‍ തൊട്ടു തുടര്‍ന്നു കൊണ്ടിരിക്കുന്നു. എന്തു കൊണ്ടാണ് അവര്‍ക്ക് ഈ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാത്തത്? എനിക്ക് തോന്നുന്നത്, ഒരു വിഭാഗത്തിന്‍റെ ഉന്നമനത്തിനു വേണ്ടിയാണ് ഞങ്ങളുടെ പൂര്‍വ്വികര്‍ ഈ ഭൂപരിഷ്ക്കരണ നിയമത്തിലൂടെ ചേരികളിലേക്ക് കുടിയിറക്കപ്പെട്ടത്. ഇന്ന് അതേ വിഭാഗത്തിന്‍റെ പിന്‍തലമുക്കാരുടെ ഉന്നമനത്തിനു വേണ്ടിയാണ് ഞങ്ങളെ ചേരികളില്‍തന്നെ തളച്ചിട്ടിരിക്കുന്നത്. അവര്‍ക്ക് ഞങ്ങള്‍ വോട്ടുപെട്ടികള്‍ ആണ്; മനുഷ്യരല്ല.
എനിക്ക് ഈ സമൂഹത്തോടു ചോദിക്കാന്‍ കുറേയേറെ ചോദ്യങ്ങള്‍ ഉണ്ട്. ഇതുവരെ ഉത്തരം കണ്ടെത്താന്‍ സാധിക്കാത്ത ചോദ്യങ്ങള്‍ . അവയില്‍ചിലതു മാത്രമാണ് ഞാന്‍ നിങ്ങളുമായി പങ്കുവെച്ചത്. ഭുരഹിതര്‍ക്കും ഭവനരഹിതര്‍ക്കുമായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പല പദ്ധതികളും ഞങ്ങളെ വീണ്ടും കോളനിവല്‍ക്കരണത്തിലേക്കു തള്ളിവിടുന്നതാണ്. ഇവിടെ നായര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീമിനുമൊക്കെ പ്രത്യേകം പ്രത്യേകം കോളനികള്‍ ഉണ്ടോ? ഇല്ലല്ലോ. പിന്നെ എന്തിനാണ് ഞങ്ങള്‍ക്കു മാത്രമായി നിങ്ങള്‍ ദളിത് കോളനികള്‍ നിര്‍മ്മിക്കുന്നത്? ഞങ്ങളുടെ ശരീരത്തിലും നിങ്ങളുടെ ശരീരത്തിലും ഓടുന്ന രക്തത്തിന്‍റെ നിറം ചുമപ്പു തന്നെയാണ്. ഒരു ദളിത് അല്ലെങ്കില്‍ ഒരു ആദിവാസി പെണ്‍കുട്ടി ചൂഷണത്തിനു വിധേയയാകുമ്പോള്‍, അത് ഒറ്റ കോളം വാര്‍ത്തയായി ഒതുങ്ങി പോകുന്നു. അതേ സ്ഥാനത്ത് ഒരു സവര്‍ണ്ണന്‍റെ മകളുടെയോ പെങ്ങളുടെയോ നേരെയുള്ള തെറ്റായ ഒരു നോട്ടത്തിനെ പോലും ചോദ്യം ചെയ്യാന്‍ ഇവിടെ ആയിരക്കണക്കിനു ആളുകള്‍ ഉണ്ട്, പോലീസുണ്ട്. ഞങ്ങളും അവരെ പോലെ തന്നെ എല്ലാ വികാരങ്ങളും വിചാരങ്ങളും നിറഞ്ഞ പെണ്‍കുട്ടികള്‍ തന്നെയാണ്. അല്ലാതെ ആര്‍ക്കു വേണമെങ്കിലും ഉപദ്രവിക്കാവുന്ന മരപ്പാവകള്‍ അല്ല.
കൂടുതല്‍ ഒന്നും ആഗ്രഹിക്കുന്നില്ല. സുരക്ഷിതമായി തല ചായ്ക്കാന്‍ ഒരിടം. ചവിട്ടി നില്‍ക്കാന്‍ ഒരു പിടി മണ്ണ്. അന്തസ്സോടെ കുടുംബം പുലര്‍ത്താന്‍ മാന്യമായ ഒരു തൊഴില്‍. മറ്റുള്ളവരെപ്പോലെ സാധാരണമായ ഒരു ജീവിതം. ഇത്രയും മതി. ഈ ഭൂമിയില്‍ നമുക്കെല്ലാവര്‍ക്കും ഒരുമയോടെ രാപാര്‍ക്കാം.