news-details
കവർ സ്റ്റോറി

ആദ്യമാരും ശ്രദ്ധിക്കാത്ത ചില തുടക്കങ്ങള്‍

ആദ്യമാരും ശ്രദ്ധിച്ചില്ല
എല്ലാവരുമുണരുന്നതിനു മുമ്പ് ഗ്രാമത്തിലെ കൊല്ലന്‍

 

അവന്‍റെ ഉലയില്‍ തീയൂതി
ഉലയില്‍ തീ ചെമന്നു
ഉലയില്‍ കിടന്നു തീ ചെമന്നു
ഉലയില്‍ കിടന്നു ഇരുമ്പു ചെമന്നു
ഉലയില്‍ കിടന്ന് തീപോലെ പകലും ചെമന്നു

***

പഴുത്ത ഇരുമ്പില്‍ നിന്ന് പകല്‍ വളരുന്നു

പഴുത്ത ഇരുമ്പില്‍നിന്ന് കാലം മാറുന്നു
പഴുത്ത ഇരുമ്പില്‍ കൂടം തട്ടി ആയിരം രൂപങ്ങള്‍ വളരുന്നു
പഴുത്ത ഇരുമ്പില്‍ കൂടം തട്ടി പകല്‍ പകലാവുന്നു
ആദ്യമാരും ശ്രദ്ധിച്ചില്ല

പ്രശസ്ത കവി ഡി. വിനയചന്ദ്രന്‍റെ ചരിത്രം എന്ന കവിതയാണിത്. ഏതൊരു ആശയവും മനുഷ്യമനസ്സിലാണ് രൂപം കൊള്ളുന്നത്. ആ ആശയങ്ങള്‍ മനസ്സില്‍ കിടന്ന് കൂടുതല്‍ തെളിയുന്നു. വിപ്ലവാത്മകമായ ചിന്തകള്‍ സമൂഹവും ഏറ്റുവാങ്ങുന്നു. ആശയം ഉള്‍ക്കൊണ്ട് പാകമായ സമൂഹത്തില്‍ നിന്ന് പുതിയ ഉള്‍ക്കാഴ്ചകള്‍ ജന്മമെടുക്കുന്നു,  അതിലൂടെ ലോകം വളരുന്നു. അങ്ങനെ ആദ്യമാരും ശ്രദ്ധിക്കാത്ത ചില തുടക്കങ്ങളാണ് ലോകത്തിന് വെളിച്ചമാകുന്നത്.

ഈ കവിതയിലൂടെ കടന്നുപോയപ്പോള്‍ ലോകത്തിന് വെളിച്ചമാകുന്ന ചില തുടക്കങ്ങളുടെ ഭാഗമാകുവാന്‍ എനിക്കു കഴിഞ്ഞുവല്ലോ എന്ന ആത്മനിര്‍വൃതി എന്നില്‍ ഉണ്ടായി. 'സ്കൂള്‍സ് ഫോര്‍ റിവര്‍' എന്ന പരിസ്ഥിതി വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി ചാലക്കുടി റിവര്‍ റിസേര്‍ച്ച് സെന്‍റര്‍ വാഴച്ചാലില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു. ആദ്യം ഒന്ന് മടിച്ചെങ്കിലും, ഇത് എന്താണെന്ന് അറിയുവാനുള്ള ആകാംക്ഷ എന്നെ അവിടെ എത്തിച്ചു. ആ തീരുമാനം എന്‍റെ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവം തന്നെയായി എന്നു പറയാം. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ ചാലക്കുടിയില്‍ എത്തുകയുണ്ടായി.

"നിങ്ങള്‍ പുഴയെ അനുഭവിക്കുക, അറിയുക.  അനുഭവിച്ചറിഞ്ഞ പുഴയെപ്പറ്റി നിങ്ങള്‍ക്ക് പറയാനും വരയ്ക്കാനും എഴുതാനുമുള്ളത് എന്താണെന്നറിയാനുള്ള ശ്രമം" - ഇതാണ് ക്യാമ്പ് സംഘടിപ്പിച്ചതിന്‍റെ ഉദ്ദേശ്യം. റിവര്‍ റിസര്‍ച്ച് സെന്‍ററിന്‍റെ സംഘാടകരായ ഡോ. എ. ലതാ (ഞങ്ങളുടെ ലതചേച്ചി), ഉണ്ണിച്ചേട്ടന്‍, സബ്നചേച്ചി, ഗീതചേച്ചി, മീരചേച്ചി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. അവരുടെ ഒപ്പം നില്‍ക്കുമ്പോള്‍ സാമൂഹിക നീതിയുടെ പകല്‍വെളിച്ചം കൂടൂതല്‍ ശക്തമാകുന്നത് ഞങ്ങള്‍ കുട്ടികള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുമായിരുന്നു. ആദ്യമൊക്കെ വിചാരിച്ചു പുഴയെക്കുറിച്ചുള്ള ക്ലാസുകള്‍ മാത്രമായിരിക്കും ഇതെന്ന്. എന്നാല്‍ എനിക്കു തെറ്റി. പുഴകളുടെ വേരുകള്‍ തേടിയുള്ള ഒരു യാത്രയായിരുന്നു അത്. കണ്ടും കേട്ടും വായിച്ചും അറിഞ്ഞും സഞ്ചരിച്ചുമെല്ലാം - എന്താണ് നമുക്ക് പുഴ? എന്ന ചോദ്യത്തിന് ഞങ്ങള്‍ ഉത്തരം കണ്ടെത്തി. പുഴയെപ്പറ്റി എഴുതുവാനും വരയ്ക്കുവാനും ചില മണിക്കൂറുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഇഷ്ടമുള്ള സ്ഥലത്ത് പോയി എഴുതാം. ഞാന്‍ അടുത്തുള്ള പാറക്കെട്ടുകള്‍ക്കടുത്തേക്ക് പോയി. ആദ്യമൊക്കെ ആലോചിച്ചു എന്തു ചെയ്യും? ദൂരെ ചാലക്കുടി പുഴ ഒഴുകുന്ന താളം കേള്‍ക്കാം. ആ താളത്തില്‍ ലയിച്ച് അറിയാതെ എന്നില്‍നിന്ന് കവിത പുറപ്പെട്ടു.

'അണക്കെട്ടുകള്‍ എന്‍ വദനത്തെ
വികൃതമാക്കുമ്പോഴും തടയിടുമ്പോഴും
ഓര്‍ക്കുക എന്‍ പ്രിയ മക്കളേ
എന്‍ ഒഴുക്കിന്‍  സുഗന്ധം മായുന്നുവെന്ന്.
പുഴകള്‍ മരിക്കുന്നുവെന്നുള്ളതാം
ഉപന്യാസങ്ങള്‍ മാത്രമിന്ന് സൃഷ്ടിക്കുമ്പോള്‍
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനതകളെ
മരണമിന്നെന്‍ പിറകെ കാലനെപ്പോല്‍
(തടയിടരുതേ)

ചാലക്കുടി പുഴയില്‍തന്നെ പുഴയുടെ മേല്‍ത്തട്ടില്‍ ആറ് അണക്കെട്ടുകളാണുള്ളത്. ഏഴാമതായി പണിയാന്‍ തീരുമാനിച്ച അണക്കെട്ടായിരുന്നു അതിരപ്പിള്ളി പദ്ധതി. എന്നാല്‍ ഇവിടുത്തെ പ്രദേശവാസികളും ചാലക്കുടിപ്പുഴയെ സ്നേഹിക്കുന്ന നിരവധി ജനങ്ങളും ഒത്തുചേര്‍ന്ന് ഈ പദ്ധതിയെ എതിര്‍ക്കുകയും തടഞ്ഞുവച്ചിരിക്കുകയുമാണ്.
ഇത്രയധികം അണക്കെട്ടുകള്‍ ഉണ്ടായിട്ടും വീണ്ടും പുഴയുടെ ഒഴുക്കിന്‍റെ താളം മായ്ക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് ഇനിയും മനസ്സിലാകുന്നില്ല.

ക്യാമ്പിന്‍റെ രണ്ടാം ദിനം തീര്‍ത്തും എനിക്ക് പുതുമയുള്ളതായിരുന്നു. പുഴയെ തൊട്ടറിഞ്ഞ ദിവസം. ചാലക്കുടിപ്പുഴയില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ പറഞ്ഞ് അറിയിക്കാന്‍ വയ്യാത്ത അനുഭൂതിയായിരുന്നു. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവര്‍ത്തകനും സഞ്ചാരിയുമായ എന്‍. എ. നസീറിന്‍റെ 'വേരുകള്‍ നഷ്ടപ്പെടുത്തുന്നവര്‍' എന്ന ലേഖനത്തിലെ ഒരു വരി ഓര്‍മ്മ വരുന്നു- നദികള്‍ മരിക്കുകയാണോ? അതോ നാം കൊല്ലുകയാണോ? ഒന്നു വിചിന്തനം ചെയ്യുക. സുസ്ഥിരവികസനം വാക്കുകളില്‍ മാത്രമൊതുക്കുന്ന നാം വരുംതലമുറയ്ക്ക് ജീവിക്കുവാന്‍ അപ്രാപ്യമായ ഒരു ഭൂമിയവശേഷിപ്പിച്ച് കാലയവനികയ്ക്ക് ഉള്ളില്‍ മറയുന്നത് ഹൃദയഭേദകമാണ്.

കാട്ടുവൃക്ഷവേരുകളെ തഴുകി ഒഴുകുന്ന അരുവികളില്‍ മുങ്ങി ഉയരുമ്പോള്‍ കാടിന്‍റെ മുഴുവന്‍ ഊര്‍ജ്ജവും മനസിലേക്കും ശരീരത്തിലേക്കും പ്രവഹിക്കുന്ന അനുഭവം. അവിടെ നിന്ന് തിരികെ പോരാനേ തോന്നിയില്ല.

പിന്നീട് അതിരപ്പിള്ളി പദ്ധതിക്കെതിരെ കേസ് കൊടുത്ത, അവിടുത്തെ പ്രദേശവാസിയും പരിസ്ഥിതിപ്രവര്‍ത്തകയും അതിലുപരി കാടര്‍ ആദിവാസി വിഭാഗത്തിലെ വാഴച്ചാല്‍ ഊരുമൂപ്പത്തിയുമായ ഗീതചേച്ചി ഞങ്ങളോട് അല്പനേരം സംസാരിച്ചു. ചേച്ചിയുടെ കണ്ണുകളില്‍ അതിജീവനത്തിന്‍റെ അഗ്നി ജ്വലിക്കുന്നത് ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കുമായിരുന്നു. 'കാടും പുഴയും ഞങ്ങള്‍ക്ക് എല്ലാമാണ്. അതു ഞങ്ങളുടെ ജീവനാണ്. ഇവ ഇല്ലാതായാല്‍ ഞങ്ങള്‍ എവിടെ പോകും?' അതേ, അവര്‍ എവിടെ പോകും? ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ? എന്ന് കവിഹൃദയം ചോദിക്കുന്നത് എത്രമാത്രം പച്ചയായ പരമസത്യമാണെന്ന് ഒരു നിമിഷനേരത്തേക്ക് ഞാന്‍ ചിന്തിച്ചുപോയി. പുഴയുടെ വിരിമാറ് കുത്തിപ്പിളര്‍ന്ന് സകലതും കവരുകയാണ് നമ്മള്‍. ഗീതചേച്ചിയുടെ ഊര്‍ജ്ജം കണ്ടപ്പോള്‍ ചെറിയ ക്ലാസുകളില്‍ ജനകീയ പ്രസ്ഥാനത്തെപ്പറ്റി പഠിച്ചത് ഞാന്‍ ഓര്‍മ്മിക്കുകയുണ്ടായി. 1970കളില്‍ ഉത്തരാഖണ്ഡില്‍ നടന്ന 'ചിപ്കോ' പ്രസ്ഥാനം, ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ മരം മുറിക്കാന്‍ വന്നപ്പോള്‍ മരങ്ങളില്‍ കെട്ടിപ്പിടിച്ചു നിന്നു അവിടുത്തെ സ്ത്രീജനങ്ങള്‍. മാനവപുരോഗതിയുടെ അടിസ്ഥാനശിലകളായ ഈ പുഴയില്‍ പുതുതായി ഒരു അണക്കെട്ട് നിര്‍മ്മിക്കുവാന്‍ ഇവര്‍ സമ്മതിക്കില്ല തീര്‍ച്ച.

ഇനിയും പ്രകൃതിയെ അവരവരുടെ ആശയങ്ങള്‍വച്ച് വരയിലൂടെ കാട്ടുവാന്‍ സമയമായി. എല്ലാവരുടെയും ചാര്‍ട്ട്പേപ്പറില്‍ പച്ചനിറവും നീലനിറവും ഉണ്ട്. ചിലതില്‍ നിശ്ചലമായ പുഴയുടെ അവസ്ഥ. ലതചേച്ചിയും ഉണ്ണിയേട്ടനും ഞങ്ങള്‍ കുട്ടികളൊടൊപ്പം കൂടി. അന്ന് എനിക്കു മനസ്സിലായി ലതചേച്ചി ഒരു ആര്‍ട്ടിസ്റ്റും കൂടിയാണെന്ന്. ഓരോ ചിത്രവും വിവിധ ആശയങ്ങള്‍ സമന്വയിച്ച് വലിയൊരു അത്ഭുതമായി. സബ്നചേച്ചിയുടെ മകള്‍ യോഷിതയും ഞങ്ങളുടെ കൂടെ വരയ്ക്കാനായി കൂടി. കുഞ്ഞുയോഷിയുടെ ബ്രഷ് അവളറിയാതെ തന്നെ ആദ്യം മുങ്ങിയത് നീലനിറത്തില്‍. കുഞ്ഞുങ്ങളുടെ മനസ്സില്‍ പോലും ഒഴുകുന്ന പുഴ നിറഞ്ഞുനില്‍ക്കുന്നു. ആ നീലയും പച്ചപ്പും അവരുടെ മനസ്സില്‍ നിന്നും ദൃഷ്ടിയില്‍ നിന്നും മായ്ക്കുവാന്‍ ശ്രമിക്കുന്നവരോര്‍ക്കുക, ഭൂമി തുരന്ന് വൃക്ഷങ്ങള്‍ കൊത്തിയകറ്റുമ്പോഴും പുഴയുടെ ഒഴുക്കിന് തടയിടുമ്പോഴും ജീവന്‍റെ തുടിപ്പ് നഷ്ടമാകും. ('വലിയ വില കൊടുക്കേണ്ടിവരും' - നാം തമാശയാക്കിയ പരസ്യത്തില്‍ പറയുന്നതുപോലെ).

മിനറല്‍ വാട്ടര്‍ എന്ന പേരില്‍ കുപ്പിയിലടച്ചു കിട്ടുന്ന ജലത്തിനുവേണ്ടി മനുഷ്യര്‍ നെട്ടോട്ടമോടുന്ന കാലമെത്തി. ഇനിയും ഓക്സിജന്‍ നിറച്ചുവച്ച കുപ്പികള്‍ക്കായുള്ള പാച്ചില്‍ നടത്തുവാന്‍ നാം തയ്യാറായിരിക്കുക. ചില സീരിയലുകളില്‍ പരാമര്‍ശിക്കുന്നതുപോലെ 'ഉടന്‍ വരുന്നു'.

ഈയൊരു ക്യാമ്പിന്‍റെ സംഘാടകരായ റിവര്‍  റിസേര്‍ച്ച് സെന്‍ററിന്‍റെ എല്ലാ സംഘാടകര്‍ക്കും വലിയ പ്രണാമം. ഇനിയും അതിരപ്പിള്ളി പദ്ധതിയുമായി തിരികെ വരുന്നവരോട് ഒരു വാക്ക്- ഒന്നല്ല, ഒരായിരം കുട്ടികള്‍ ഈ പദ്ധതിക്കെതിരെ നിലകൊള്ളുന്നു. വെറുതേ ഇതിനായി സമയം പാഴാക്കേണ്ട.

ഈയൊരു ക്യാമ്പിന്‍റെ സംഘാടകരായ റിവര്‍  റിസേര്‍ച്ച് സെന്‍ററിന്‍റെ എല്ലാ സംഘാടകര്‍ക്കും വലിയ പ്രണാമം. ഇനിയും അതിരപ്പിള്ളി പദ്ധതിയുമായി തിരികെ വരുന്നവരോട് ഒരു വാക്ക്- ഒന്നല്ല, ഒരായിരം കുട്ടികള്‍ ഈ പദ്ധതിക്കെതിരെ നിലകൊള്ളുന്നു. വെറുതേ ഇതിനായി സമയം പാഴാക്കേണ്ട.

ആന്‍ മേരി വര്‍ഗീസ്
പ്ലസ് ടു വിദ്യാര്‍ത്ഥിനി,
കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, പത്തനംതിട്ട

You can share this post!

മിതത്വം

ഷൗക്കത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts