നന്മയുടെ പച്ചപ്പുകളാല്‍ സമൃദ്ധമായ ഒരു നവലോക സൃഷ്ടിക്കുവേണ്ടി ഞങ്ങളെ (ഒരു കൂട്ടം കൗമാരക്കാരെ) ഒന്നിച്ചു ചേര്‍ത്ത ഞങ്ങളായിരിക്കുന്ന സാഹചര്യങ്ങളില്‍ പ്രകാശം പരത്തുന്നവരാക്കി മാറ്റാന്‍ പത്തനംതിട്ട സെന്‍റ് ബേസില്‍ കപ്പൂച്ചിന്‍ ആശ്രമത്തില്‍ സംഭവിച്ചതാണ് Kaleidoscopic teens എന്ന ക്യാമ്പ്. പിന്നിട്ട നാലു വര്‍ഷങ്ങളിലും പരിചയപ്പെട്ട നന്മയുടെയും സ്നേഹത്തിന്‍റെയും വ്യത്യസ്ത ഉറവുകള്‍ ഒക്കെയും ഞങ്ങളുടെ ഹൃദയത്തെ നന്നായി തണുപ്പിച്ചും പൊള്ളിച്ചും മുന്നോട്ടു പോകുന്നുണ്ട്. ഇതിനിടയില്‍ ഞങ്ങള്‍ നേടിയ അറിവുകളുടെയും എത്തിച്ചേര്‍ന്ന ബോദ്ധ്യങ്ങളുടെയും വെളിച്ചത്തില്‍ സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുവാനായി Microunitകള്‍ (4/5 കുട്ടികളുടെ ചെറുകൂട്ടം) ആയി തിരിഞ്ഞ് സമീപപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാം എന്ന തീരുമാനത്തിലെത്തി.
അതനുസരിച്ച് പത്തനംതിട്ട ടൗണില്‍ പൊതിച്ചോറു വിതരണം ഞങ്ങള്‍ ആരംഭിച്ചു. മാസത്തില്‍ രണ്ടു ദിവസമെങ്കിലും ഉച്ചഭക്ഷണം പൊതികളാക്കി മറ്റു സുഹൃത്തുക്കളുടെ ഭവനങ്ങളില്‍ നിന്ന് ശേഖരിച്ച് ടൗണിനുള്ളില്‍ ഞങ്ങള്‍ വിതരണം നടത്തി.
"സഹായമര്‍ഹിക്കുന്ന ഒരാളെ ദൈവം നമ്മുടെ മുമ്പില്‍ കൊണ്ടുവരുന്നത് അയാള്‍ക്കുവേണ്ടി നാം എന്തെങ്കിലും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുമ്പോഴാണ്. അത് യാദൃച്ഛികമല്ല. ദൈവത്തിന്‍റെ മുന്‍പദ്ധതി പ്രകാരമാണത്. അയാളെ സഹായിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു."
"പാവപ്പെട്ടവന് നമ്മുടെ സഹതാപം ആവശ്യമില്ല, മറിച്ച് അവനു വേണ്ടത് നമ്മുടെ കരുണയും സ്നേഹവുമാകുന്നു."
വി. മദര്‍ തെരേസായുടെ ഈ വാക്കുകള്‍ എന്നെ വളരെയധികം സ്പര്‍ശിച്ചിരുന്നു. അതനുസരിച്ച് തന്നെ ഒരിക്കലും സഹതാപം എന്ന കണ്ണിലൂടെ ഞങ്ങള്‍ ആരെയും നോക്കിയില്ല. ഞങ്ങളുടെ പൊതിച്ചോറു വിതരണത്തിന്‍റെ മാനദണ്ഡങ്ങളില്‍ ഒന്നാമത്തേത് ഇതായിരുന്നു.
ആദ്യവിതരണദിനം ഞങ്ങള്‍ക്ക് നല്ല ഭയമുണ്ടായിരുന്നു. ആളുകള്‍ വാങ്ങുമോ, പൊതിച്ചോറു വെയ്സ്റ്റാകുമോ എന്നൊക്കെ. ഞങ്ങളുടെ കോ-ഓര്‍ഡിനേറ്റേഴ്സില്‍ ഒരാളായിരുന്ന ബിജു അങ്കിളിനെ വിളിച്ച് ഈ ഭയത്തെപറ്റി പങ്കുവച്ചപ്പോള്‍ ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു:"നിങ്ങള്‍ തിരികെവരുമ്പോള്‍ നിങ്ങളുടെ കൈയില്‍ ഒരു പൊതിച്ചോറുപോലും ബാക്കികാണുകയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്."
ടൗണില്‍ ഇറങ്ങിയതും വളരെ വേഗം തന്നെ ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പൊതികളെല്ലാം തന്നെ തീര്‍ന്നു. അന്നു ഞങ്ങള്‍ക്ക് മനസ്സിലായി ദൈവം എപ്രകാരമാണ് ഞങ്ങളുടെ ആശങ്കകളെ അകറ്റുന്നതെന്ന്.
ഭക്ഷണപൊതികളുമായുള്ള ഞങ്ങളുടെ ആദ്യയാത്രയില്‍ തന്നെ കണ്ണുനിറയുന്ന പല അനുഭവങ്ങള്‍ കാണുവാനിടയായി. ഭക്ഷണം കാണുമ്പോള്‍ തന്നെ ആര്‍ത്തിയോടെ ഓടിവരുന്നവര്‍, മക്കള്‍ക്കും കൂടെപ്പിറപ്പുകള്‍ക്കും വേണ്ടി ഭക്ഷണപ്പൊതി യാചിക്കുന്നവര്‍, നിവൃത്തികേടുകൊണ്ട് സ്വീകരിക്കുന്നവര്‍ അങ്ങനെ പല മുഖങ്ങള്‍. ആദ്യം ഞങ്ങള്‍ അവരുടെ കഥകള്‍ കേട്ടു, അവരുടെ വേദനകളറിഞ്ഞു. അവരോടൊപ്പം അവരിലൊരാളായി കൂടെ ഇരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പലപ്പോഴും ചന്തയിലാണ് ഞങ്ങള്‍ ഭക്ഷണം കൊടുക്കുവാനായി പോകുന്നത്. അവിടെ തീരെ നിവൃത്തിയില്ലാത്തവരെ, ഒരു നേരത്തെ അന്നത്തിനുപോലും വകയില്ലാത്തവരെ കാട്ടിത്തരുന്ന ഒരു കച്ചവടക്കാരന്‍ ചേട്ടന്‍ ഞങ്ങള്‍ക്കുണ്ട്. എല്ലാ ആഴ്ചകളിലും അദ്ദേഹം ഞങ്ങളുടെ വരവ് കാത്തിരിക്കും. ഒരാഴ്ച മുടങ്ങിയാല്‍ ഞങ്ങള്‍ രണ്ടുകൂട്ടര്‍ക്കും വലിയ വിഷമമാണ്.
"എന്താ മക്കളെ കഴിഞ്ഞയാഴ്ച വരാഞ്ഞത്?" എന്ന് ചോദിക്കുമ്പോള്‍ ഞങ്ങളുടെ മനസ്സ് വിങ്ങിപ്പൊട്ടും. അവിടെ തന്നെ ഞങ്ങളുടെ വരവ് കാത്തിരിക്കുന്ന മറ്റൊരു അപ്പച്ചന്‍ ഉണ്ട്. മാനസികരോഗമുണ്ടെങ്കിലും ഞങ്ങളെ അപ്പച്ചന് തിരിച്ചറിയാന്‍ സാധിക്കും. ആദ്യമൊക്കെ ധാരാളം ചീത്തവിളിച്ചെങ്കിലും പിന്നീട് രാഹുല്‍ അപ്പച്ചന്‍ (ഞങ്ങള്‍ ഇട്ട പേര്) ഞങ്ങളോട് നന്നായി അടുത്തു. ഭക്ഷണം ആര്‍ത്തിയോടെ ഞങ്ങളുടെ കൈയില്‍ നിന്ന് വാങ്ങിക്കഴിക്കുമ്പോള്‍ അവിടെ കണ്ണു നിറയാത്തവര്‍ ആരും തന്നെ ഇല്ല.
പൊതിച്ചോറു തീര്‍ന്നു കഴിഞ്ഞു നടക്കുമ്പോള്‍ വീണ്ടും ചോദിച്ചു വരുന്നവരുണ്ട്. കൈയില്‍ ഒന്നുമില്ലാതെ വരുന്ന ഈ അവസരത്തില്‍ ഞങ്ങളുടെ കൈയിലുള്ള കൊച്ചു കാശെടുത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കും. ഇപ്രകാരം ഒരു വര്‍ഷത്തോളം ഞങ്ങള്‍ പൊതിച്ചോറു വിതരണം നടത്തി.
എന്നാല്‍ ഈ പൊതിച്ചോറു വിതരണം നിന്നിട്ടഇപ്പോള്‍ ഒരു വര്‍ഷമായി. എന്തുകൊണ്ട് ഇത് നിന്നുപോയി എന്ന് ഞങ്ങള്‍ സ്വയം അവലോകനം നടത്തിയപ്പോള്‍ അതിന് ഞങ്ങള്‍ക്ക് ലഭിച്ച കാരണങ്ങള്‍ പലതാണ്. പഠനത്തിനു കൂടുതല്‍ പ്രാധാന്യം വന്നപ്പോള്‍ (ട്യൂഷന്‍, സ്പെഷ്യല്‍ ക്ലാസുകള്‍, അസൈന്‍മെന്‍റ് എന്നീ കാരണങ്ങളാല്‍) പൊതിച്ചോറുവിതരണത്തിനായി ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതിനാല്‍ തന്നെ ഞങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ കുറഞ്ഞുവന്നു. പഠനത്തിനായി ഞങ്ങളില്‍ ചിലര്‍ വിദൂരസ്ഥലങ്ങളിലേക്ക് യാത്രയായി.
എങ്കിലും മേല്പറഞ്ഞ കാരണങ്ങളേക്കാള്‍ ഉപരി ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാരണം എന്നു ഞങ്ങള്‍ മനസ്സിലാക്കിയത് മറ്റൊന്നാണ്. ആദ്യമൊക്കെ പൊതിച്ചോറു സ്വീകരിക്കുന്നവരെ ഞങ്ങള്‍ നന്നായി കേള്‍ക്കുമായിരുന്നു. അവരുടെ വേദനകള്‍ ഞങ്ങളുമായി പങ്കുവച്ചിരുന്നു. അങ്ങനെ അവര്‍ക്ക് ഞങ്ങളുമായി ഒരു ആത്മബന്ധം രൂപപ്പെട്ടു. പോകെ പോകെ മറ്റുള്ളവര്‍ ഞങ്ങളെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുതുടങ്ങിയപ്പോള്‍ ഞങ്ങളും പൊതിച്ചോറു സ്വീകരിക്കുന്നവരും തമ്മിലുള്ള സംഭാഷണം കുറഞ്ഞു വരികയും ആത്മബന്ധം നഷ്ടമാവുകയും ചെയ്തു. അവിടെ സംഭവിച്ചത് പൊതിച്ചോറു സ്വീകരിക്കുന്നവരുടെ പ്രശ്നങ്ങളും അവരുടെ വേദനകള്‍ കേള്‍ക്കാനുളള മനസ്സും ഞങ്ങള്‍ കൂടെ ഉണ്ട് എന്ന് ഉറപ്പു നല്കുന്ന വാക്കുകളും ഞങ്ങള്‍ക്ക് ഇല്ലാതായി എന്നതാണ്. ചുറ്റുമുള്ളവരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുവാന്‍ തുടങ്ങിയപ്പോള്‍ ഈ പൊതിച്ചോറു വിതരണം തികച്ചും യാന്ത്രികമായി.
"ഉച്ചയ്ക്കു ഭക്ഷണം കഴിച്ചുവോ?"
"ഇല്ല"
"എങ്കില്‍ ഇതാ" ഇപ്രകാരം ഞങ്ങള്‍ ഭക്ഷണം വിതരണം ചെയ്തു. ഒരു ഔദാര്യം പോലെ ആയിരിക്കരുത് എന്ന ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് വിപരീതമായി സംഭവിക്കുവാന്‍ തുടങ്ങി.
അതെ... ഇന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. സ്നേഹത്തിന്‍റെ പങ്കുവയ്പാണ് വേണ്ടത്. ഒരിക്കലും സഹതാപമല്ല. തിരികെ ഒന്നും പ്രതീക്ഷിക്കാതെ, അഭിനന്ദനങ്ങളാല്‍ ഉള്‍ക്കാഴ്ച മങ്ങാതെ വീണ്ടും ഇത് തുടരണം എന്ന് ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു. അത് തീര്‍ച്ചയായും ഞങ്ങള്‍ ഓരോരുത്തരുടെയും കടമയാണ്.
വി. ഫ്രാന്‍സിസ് അസ്സീസി പറഞ്ഞതുപോലെ "ആശ്വസിപ്പിക്കുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കുന്നതിനേക്കാള്‍ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാല്‍ കൊടുക്കുമ്പോഴാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്."
ഓരോരുത്തരും സ്വന്തം തീരുമാനങ്ങളനസരിച്ചുവേണം പ്രവര്‍ത്തിക്കുവാന്‍. വൈമനസ്യത്തോടെയോ നിര്‍ബന്ധത്തിനു കീഴ്വഴങ്ങിയോ ആകരുത്. സന്തോഷപൂര്‍വ്വം നല്കുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത് (2. കോറി. 9:7)
ലെജിന്‍ വര്‍ഗ്ഗീസ് ജോണ്‍
XII,, മേരിമാതാ ഹയര്‍സെക്കണ്ടറി, സ്കൂള്‍, പത്തനംതിട്ട