news-details
കവർ സ്റ്റോറി

തല്ലുകിട്ടിയ തിരുനാള്‍

പള്ളിയില്‍വച്ച് എനിക്കു തല്ലുകിട്ടിയ രണ്ട് ഹോസാനതിരുനാളുകള്‍ ഓര്‍മ്മയിലെത്തുന്നു. ഹോസാന എന്ന പദം ഹോസിയാ നാ എന്നീ രണ്ടു ഹീബ്രു വാക്കുകള്‍ കൂട്ടിച്ചേര്‍ത്തതാണ്. രക്ഷിക്കൂ, ഞങ്ങള്‍ യാചിക്കുന്നു എന്നാണ് അര്‍ഥം. കൂടാരത്തിരുനാളില്‍ ഹല്ലെല്‍ സങ്കീര്‍ത്തനങ്ങളിലെ 118-ാം സങ്കീര്‍ത്തനം ആവര്‍ത്തിച്ച് യഹൂദ പുരോഹിതര്‍  ചൊല്ലിയിരുന്നു. 118-ാം സങ്കീര്‍ത്തനത്തിലെ 25-ാം വാക്യത്തിന്‍റെ ആരംഭപദമാണ് ഹോസിയാന. "കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമെ'. അപ്പന്‍റെ തല്ലുകിട്ടിയപ്പോള്‍ അറിയാതെ പറഞ്ഞു, 'രക്ഷിക്കണേ.' അപ്പോള്‍ ചുറ്റിലുമുള്ളവര്‍ ഉച്ചത്തില്‍ 'ഹോസാന' പാടുകയായിരുന്നു. എനിക്കെന്തിനാണ് അഞ്ചാം വയസ്സില്‍ തല്ലുകിട്ടിയത്? മാനിക്കേണ്ടതിനെ മാനിക്കാതിരുന്നതിനാണ്. മത്തായിയുടെ സുവിശേഷം 21ലും ലൂക്കായുടെ സുവിശേഷം 19ലും യോഹന്നാന്‍റെ സുവിശേഷം 12ലും മര്‍ക്കോസിന്‍റെ സുവിശേഷം 11ലും ആദരവോടെ പറയുന്നതാണ് ഹോസാന തിരുനാള്‍. വലിയ ആളുകള്‍ക്ക് അറിയാവുന്നതൊന്നും പിള്ളേര്‍ക്ക് അറിയത്തില്ലല്ലോ. രാജാവ് നീണാള്‍ വാഴട്ടെ എന്ന് ആശംസിക്കുന്നിടത്ത് മനുഷ്യസ്നേഹത്തിനുവേണ്ടി മരിക്കാന്‍ വന്ന ഒരു രാജാവ്. എനിക്ക് ആ രാജാവിനെ അറിയില്ലായിരുന്നു. യൂദാസിന് അറിയാമായിരുന്നു. പക്ഷേ എനിക്കു പറ്റിയതുപോലൊരു അബദ്ധം പറ്റി. സാഹചര്യത്തിനൊപ്പിച്ച് മാന്യത കാട്ടിയില്ല. യോഹന്നാന്‍റെ സുവിശേഷം 12-ാം അധ്യായത്തില്‍ വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നര്‍ദ്ദീന്‍ തൈലം ലാസറിന്‍റെ സഹോദരിയായ മറിയം യേശുവിന്‍റെ പാദത്തില്‍ ഒഴിച്ചു. മുറിയില്‍ നിറഞ്ഞ സുഗന്ധത്തെക്കാള്‍ മനസ്സില്‍ ദുര്‍ഗന്ധമുള്ള ഒരു ചിന്ത കള്ളനായ ശിഷ്യന്‍ യൂദാസില്‍ ഉണ്ടായി. അദ്ദേഹത്തെ കള്ളനെന്ന് ഞാനല്ല വിളിക്കുന്നത്, യോഹന്നാന്‍ സുവിശേഷകനാണ് (യോഹ:12 /6). മുന്നൂറു ദനാറയ്ക്കു വിറ്റ് ദരിദ്രര്‍ക്കു കൊടുത്തിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു, യൂദാസ് നെടുവീര്‍പ്പിട്ടു. പള്ളിയില്‍വച്ച് എല്ലാവരുടെയും കൈയില്‍ കുരുത്തോല കിട്ടി. എന്‍റെ കൈയിലും കിട്ടി. വിനാശകാലേ വിപരീതബുദ്ധി എന്ന പഴഞ്ചൊല്ലുപോലെ ഒരു ചിന്ത എന്‍റെ കഴുതത്തലയില്‍ ഉദിച്ചു. മര്‍ക്കോസിന്‍റെ സുവിശേഷം 12/37ല്‍ പറയുന്നു: ജനക്കൂട്ടം സന്തോഷപൂര്‍വ്വം അവന്‍റെ വാക്കുകള്‍ ശ്രവിച്ചു. മതത്തിന്‍റെ ആചാരങ്ങളുടെ പരിധിവിട്ട് ജനം യേശുവിലേക്കുയരുകയാണ്. ഭാരങ്ങള്‍ സമ്മാനിക്കുന്ന നിയമജ്ഞരെ വിമര്‍ശിക്കുന്നവനെ അവര്‍ സന്തോഷത്തോടെ സ്വീകരിക്കുകയാണ്. മത്താ. 15ല്‍ നിയമജ്ഞര്‍ നിയമം പറഞ്ഞു: 'നിന്‍റെ ശിഷ്യന്മാര്‍ പൂര്‍വ്വിക പാരമ്പര്യം ലംഘിക്കുന്നു. ഭക്ഷണത്തിനുമുന്‍പ് കൈകഴുകിയിട്ടില്ല.' അവന്‍ നിയമത്തിന്‍റെ ഹൃദയം തുറന്നുകാട്ടി പറഞ്ഞു, "നിങ്ങള്‍ പാരമ്പര്യങ്ങളുടെ പേരില്‍ ദൈവത്തിന്‍റെ പ്രമാണം ലംഘിക്കുന്നു. മാനുഷികനിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു.' യേശുക്രിസ്തുവിന്‍റെ വിമര്‍ശനങ്ങള്‍ നാലുതലത്തിലേക്കാണ് നീണ്ടത്.

 

ഒന്നാമതായി, മതം ബാഹ്യമായുള്ളവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ യേശുനാഥന്‍ ഹൃദയത്തിന്‍റെ അന്തര്‍ഗതം ശ്രദ്ധിക്കുന്നു. രണ്ടാമതായി ചെയ്യരുതെന്നു പറയുന്ന അരുതുകളുടെ മേളനമാണ് നിയമങ്ങള്‍. യേശുവാകട്ടെ എന്തെല്ലാം ചെയ്യണമെന്നുള്ള ദിശാബോധം നല്കുന്നു. മൂന്നാമതായി, മതാചാരങ്ങള്‍, വേലിക്കെട്ടുകള്‍ മനുഷ്യര്‍ക്കിടയില്‍ തീര്‍ക്കുമ്പോള്‍, വേലിക്കെട്ടുകള്‍ പൊളിക്കുന്നവനായി യേശുനാഥന്‍ അവതരിച്ചു. ആരും തൊടാത്തവനായ കുഷ്ഠരോഗിയെ തൊട്ട യേശു, വേലി പൊളിച്ചവനാണ്. ദേവാലയത്തില്‍ മുടന്തരെയും കുരുടരെയും സ്വീകരിച്ച യേശു വേലി പൊളിച്ചവനാണ്. നാലാമതായി ആചാരങ്ങള്‍ ദൈവത്തിന്‍റെ വഴിയിലേക്ക് നയിക്കുന്നുവെന്ന് നിയമജ്ഞര്‍ പറയുമ്പോള്‍ ദൈവവഴി താന്‍ തന്നെയാണെന്ന് യേശു പറയുന്നു. "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്. ദരിദ്രരെ  സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.

 

ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു" (ലൂക്കാ 4/18). ഏശയ്യായുടെ പ്രവചനപൂര്‍ത്തീകരണമാണ് താനെന്ന് കര്‍ത്താവ് വ്യക്തമാക്കുന്നു. കര്‍ത്താവ് എല്ലാ കാര്യങ്ങളും പ്രവചനത്തോട്, Scriptureനോട് ചേര്‍ത്താണ് ചെയ്തത്. മനുഷ്യര്‍ പറയുന്ന അഭിപ്രായങ്ങളനുസരിച്ചല്ല അവിടുന്ന് ചെയ്തത്. യോഹന്നാന്‍ 9ല്‍ അന്ധന്‍, കാഴ്ച നല്‍കിയ ദൈവത്തെ സ്തുതിക്കുമ്പോള്‍ യേശുവിനെക്കുറിച്ചുള്ള നിയമജ്ഞരുടെ അഭിപ്രായം യോഹ: 9/24ല്‍ ആ മനുഷ്യന്‍ പാപിയാണെന്ന് ഞങ്ങള്‍ക്കറിയാമെന്നാണ്. ആ അധ്യായത്തില്‍തന്നെ നിയമജ്ഞര്‍ പറയുന്നു: ഇവന്‍ സാബത്ത് ആചരിക്കുന്നില്ല. അവര്‍ പറഞ്ഞു, അവനില്‍ പിശാച് ഉണ്ട്. ഇതെല്ലാം അവരുടെ അഭിപ്രായങ്ങള്‍. പക്ഷേ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു യേശുവിന്‍റെ ദൗത്യം. തല്ലു കൊണ്ടതിനു കാരണം ഞാനിനി പറയാം. പള്ളിയില്‍ കുരുത്തോല കിട്ടിയപ്പോള്‍ കുട്ടികളെല്ലാം അവരുടെ കഴിവുകള്‍ പ്രകടമാക്കി. ചിലര്‍ കുരിശുണ്ടാക്കി. ചിലര്‍ അതില്‍ പൂ കുത്തിവച്ചു. ഞാനാകട്ടെ ഇവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തത്തമ്മയെയും ഒരു വാച്ചും കുരുത്തോല കൊണ്ടുണ്ടാക്കി. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു അപ്പന്‍. ഒരു ബോദ്ധ്യം നല്‍കാനാണ് അപ്പന്‍ തല്ലിയത്. കഴുതയുടെ സ്ഥിതിയായി എന്‍റെ സ്ഥിതി. യേശുനാഥനെന്തിനാണ് കഴുതയെ വാഹനമാക്കിയത്? പ്രവചനങ്ങളിലെ യേശുവിന്‍റെ തനിമ വ്യക്തമാക്കുന്നതിനാണ്. സീയോന്‍ പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെം പുത്രീ ആര്‍പ്പുവിളിക്കുക. ഇതാ നിന്‍റെ രാജാവ് നിന്‍റെ അടുത്തേക്ക് വരുന്നു. അവന്‍ വിനയാന്വിതനായി കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത് കയറിവരുന്നു. (സഖ:9/9).

 

കര്‍ത്താവ് കഴുതയെ വാഹനമാക്കിയത് പ്രവചനപൂര്‍ത്തിക്കായാണ്. രാജാക്കന്മാര്‍ സമാധാനകാലത്താണ് കഴുതപ്പുറത്തേറുന്നത്. യുദ്ധകാലങ്ങളില്‍ കുതിരപ്പുറത്താണ് യാത്ര ചെയ്യുന്നത്. വിധിയാളനാകുന്ന നമ്മുടെ കര്‍ത്താവിനെയും നമ്മള്‍ പ്രതീക്ഷിക്കണം. വെളിപാട് പറയുന്നു: "സ്വര്‍ഗം തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ ഒരു വെളളക്കുതിര. അതിന്‍റെ പുറത്തിരിക്കുന്നവന്‍ വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ നീതിയോടെ വിധിക്കുകയും പട പൊരുതുകയും ചെയ്യുന്നു(വെളി: 19/11).

 

രണ്ടാമതായി തല്ലുകിട്ടിയപ്പോള്‍, ഒരു വലിയ സംഭവമുണ്ടായി. ഞാന്‍ ആദ്യമായി പള്ളിയില്‍ കരഞ്ഞു. ഞാന്‍ പള്ളിയില്‍ കരഞ്ഞെങ്കില്‍ പണ്ട് കര്‍ത്താവ് ദേവാലയത്തെച്ചൊല്ലി കരഞ്ഞു. ലൂക്കാ പറയുന്നു: ജറൂസലേമിലേക്കുള്ള രാജകീയ പ്രവേശത്തെത്തുടര്‍ന്ന് "അവന്‍ പട്ടണം കണ്ടപ്പോള്‍ അതിനെക്കുറിച്ച് വിലപിച്ചുകൊണ്ട് പറഞ്ഞു, സമാധാനത്തിനുള്ള മാര്‍ഗങ്ങള്‍ ഈ ദിവസങ്ങളിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍. എന്നാല്‍ അവ ഇപ്പോള്‍ നിന്‍റെ ദൃഷ്ടിയില്‍ നിന്ന് മറയ്ക്കപ്പെട്ടിരിക്കുന്നു. ശത്രുക്കള്‍ നിനക്കു ചുറ്റും പാളയമടിച്ചു നിന്നെ വളയുകയും എല്ലാ ഭാഗത്തുനിന്നും നിന്നെ ഞെരുക്കുകയും ചെയ്യുന്ന ദിവസങ്ങള്‍ വരും. നിന്നെയും നിന്‍റെ മക്കളെയും നശിപ്പിക്കുകയും കല്ലിന്‍മേല്‍ കല്ലു ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാല്‍ നിന്‍റെ സന്ദര്‍ശനസമയം നീ അറിഞ്ഞില്ല" (ലൂക്കാ 19/41-44). പ്രവചനപൂര്‍ത്തീകരണമായി റോമാക്കാര്‍ ദേവാലയം തീയിട്ടു നശിപ്പിച്ചു. അതിലുണ്ടായിരുന്ന സ്വര്‍ണ്ണം ഉരുക്കി. കല്ലിനിടയില്‍ കയറിയതെടുക്കാനായി കല്ലുകള്‍ ഇളക്കി. അങ്ങനെ കല്ലിന്മേല്‍ കല്ലു ശേഷിക്കാതായി ആ നിര്‍മ്മിതി. ഇക്കാലത്ത് ജെറൂസലേം ദേവാലയത്തിന്‍റെ അവശേഷിപ്പില്ലാതായി. ഉള്ളത് ഒരു മതില്‍ മാത്രം. യഹൂദര്‍ നെറ്റിമുട്ടിച്ച് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുന്ന മതില്‍. അതിന്‍റെ വിടവുകളിലൊക്കെ അവര്‍ പ്രാര്‍ത്ഥനകള്‍ എഴുതി കടലാസുകള്‍ തിരുകിവയ്ക്കും. ഫ്രഞ്ചുകാര്‍ അതിനു പേരിട്ടു 'വിലാപമതില്‍.'
ഹോസാന തിരുനാളില്‍ പങ്കുകൊണ്ട ശിഷ്യരുടെ ഗതിയായിരുന്നു എനിക്ക്. അവര്‍ക്കിതൊന്നും മനസ്സിലായില്ല. എനിക്കും മനസ്സിലായില്ല. അവന്‍ മഹത്വീകൃതനായതിനുശേഷം ഇവയെല്ലാം അവര്‍ക്കു മനസ്സിലായി (യോഹ:12/16). ഒറ്റക്കാരണമേയുള്ളൂ, പ്രവചനങ്ങള്‍ ഉത്ഥിതനായ യേശുനാഥന്‍ അവര്‍ക്കു വ്യക്തമാക്കിക്കൊടുത്തു. "അവന്‍ അവരോടു പറഞ്ഞു മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടു കൂടിയായിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ. വിശുദ്ധ ലിഖിതങ്ങള്‍ തുറക്കാന്‍ തക്കവിധം അവരുടെ മനസ്സ് അവന്‍ തുറന്നു."(ലൂക്കാ: 24/44,45). ഒരിക്കല്‍ തല്ലു കിട്ടിയതിനാല്‍ ആ വര്‍ഷത്തെ ഹോസാന തിരുനാളിന് ഞാന്‍ വാച്ചുണ്ടാക്കിയില്ല. തത്തയെ ഉണ്ടാക്കിയില്ല. എന്നിട്ടും തല്ലുകിട്ടി. കാഴ്ചയും കാഴ്ചപ്പാടും ഹോസാനതിരുനാളിന് പിന്നിലുണ്ട്. ബഥാനിയ ജറുസലേമിന് അരികിലുള്ള പട്ടണമാണ്. ബഥാനിയായിലെ ലാസറിനെ മരിച്ചവരില്‍ നിന്ന് കര്‍ത്താവ് ഉയിര്‍പ്പിച്ചു. ഇതും കൂടി കൂട്ടിവായിക്കുമ്പോള്‍ ഹോസാന തിരുനാളില്‍ അഞ്ചുതരം ആളുകളെ കാണാം.

 

ഒന്നാമതായി, ശിഷ്യര്‍. കാര്യമായിട്ടൊന്നും മനസ്സിലാകാത്തവര്‍, യേശുവിന്‍റെ ഉത്ഥാനശേഷം എല്ലാം മനസ്സിലാകുന്നവര്‍. രണ്ടാമതായി ലാസറിനെ ഉയിര്‍പ്പിച്ചപ്പോള്‍ അവരോടൊപ്പം ഉണ്ടായിരുന്നവര്‍, ദൃക്സാക്ഷികള്‍(യോഹ:12/17).  മൂന്നാമതായി ഈ അടയാളത്തെക്കുറിച്ച് കേട്ടറിഞ്ഞവര്‍(യോഹ:12/18). നാലാമതായി ഫരിസേയര്‍. ഭയത്തോടെ അവര്‍ പറയുന്നു: നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നു കാണുന്നില്ലേ. നോക്കൂ, ലോകം അവന്‍റെ പിന്നാലെ പോയിക്കഴിഞ്ഞു(യോഹ.12/19). അഞ്ചാമതായി ആര്‍ത്തുവിളിക്കുന്ന കുട്ടികള്‍.

 

ഇവരെല്ലാം അവരുടേതായ തലങ്ങളിലാണ് ഹോസാനതിരുനാളിനെ കാണുന്നത്. ശിഷ്യരെക്കുറിച്ചും ഫരിസേയരെക്കുറിച്ചും പറഞ്ഞതിനാല്‍ 'കണ്ടവരെക്കുറിച്ചും കേട്ടവരെക്കുറിച്ചും' ഇനിയല്പം ചിന്തിക്കാം. അത്ഭുതങ്ങളൊന്നും കണ്ടവരെയും കേട്ടവരെയും ക്രിസ്തുവിലെത്തിക്കില്ല. അത്ഭുതങ്ങള്‍ക്ക് പിന്നാലെയെത്തുന്നത് വിചാരണ നിറയുന്ന ചിന്തകളാണ്. അല്ലാതെ ധ്യാനങ്ങളല്ല. യേശു ദേവാലയത്തില്‍ സോളമന്‍റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍ യഹൂദര്‍ അവന്‍റെ ചുറ്റും കൂടി ചോദിച്ചു:  നീ ഞങ്ങളെ എത്രനാള്‍  ഇങ്ങനെ സന്ദിഗ്ദ്ധാവസ്ഥയില്‍ നിര്‍ത്തും. നീ ക്രിസ്തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോടു പറയുക. യേശു പ്രതിവചിച്ചു: "ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്‍റെ പിതാവിന്‍റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല. കാരണം, നിങ്ങള്‍ എന്‍റെ ആടുകളില്‍ പെടുന്നവരല്ല."(യോഹ:10/23). മൂന്നാണികളില്‍ പിടയുന്ന യേശുവിന്‍റെ കുരിശു കാണുന്നവര്‍, അതിലെ കടന്നുപോയവര്‍ അവനെ ദുഷിച്ചു പറഞ്ഞു: "ദേവാലയം നശിപ്പിച്ച് മൂന്നുദിവസം കൊണ്ട് പണിയുന്നവനേ നിന്നെത്തന്നെ രക്ഷിക്കുക. നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍ നിന്നിറങ്ങിവരിക" (മത്താ:27/40). ഓര്‍ക്കുക, യേശുവിനെ സ്വന്തമാക്കാന്‍ വചനത്തിന്‍റെ പരിശോധനകളല്ല, വചനത്തിലെ വിശ്വാസമാണ് ആവശ്യം. മത്താ. 21/15. അവന്‍ ചെയ്ത വിസ്മയകരമായ പ്രവൃത്തികളെയും ദാവീദിന്‍റെ പുത്രന് ഹോസാന എന്ന് ഉദ്ഘോഷിച്ച് ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ നിയമജ്ഞര്‍ രോഷാകുലരായി. അപ്പോള്‍ യേശുനാഥന്‍ സങ്കീര്‍ത്തനത്തിലേക്ക് നിയമജ്ഞരെ നയിക്കുന്നു. "ശത്രുക്കളെയും  രക്തദാഹികളെയും നിശ്ശബ്ദരാക്കുവാന്‍ അവിടുന്ന് ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍ കൊണ്ടു സുശക്തമായ കോട്ടകെട്ടി"(സങ്കീ. 8/2). പിഞ്ചുഹൃദയങ്ങള്‍ ദൈവം വസിക്കുന്ന ആലയങ്ങളാണ്. നിഷ്കളങ്കഹൃദയര്‍ ദൈവത്തെ കാണുന്നു. ബുദ്ധിമാന്‍മാരില്‍ നിന്നും വിവേകികളില്‍ നിന്നും മറച്ചവ ദൈവം ശിശുക്കള്‍ക്ക് വ്യക്തമാക്കുന്നു(മത്താ. 11/29).

അന്നു ഞാന്‍ കുരുത്തോലയില്‍ ചിത്രപ്പണികളൊന്നും ചെയ്തില്ല. പക്ഷേ എന്‍റെ കുരുത്തോല കൂട്ടുകാരനെടുത്ത് തത്തയെ ഉണ്ടാക്കി. കലികയറിയ ഞാന്‍ പ്രാര്‍ത്ഥനക്കിടയില്‍ അവനെ ഉച്ചത്തില്‍ ശകാരിച്ചു. പ്രാര്‍ത്ഥനയ്ക്കു മുകളില്‍ ചീത്ത മുഴങ്ങി. ഇതു കേട്ട സമൂഹത്തിനു വേണ്ടി എന്നെ തല്ലിച്ചത് കപ്യാരാണ്. കര്‍ത്താവ് കരഞ്ഞ തിരുനാളില്‍ ഞാനും കരഞ്ഞു. പീഡാനുഭവ നാളിലേക്കുള്ള കരച്ചില്‍. ജനങ്ങള്‍ക്ക് തിരുനാളും ഹോസാനയും ആഘോഷവുമെങ്കില്‍ ജറുസലേം യാത്ര യേശുവിന് കുരിശിലേക്കുള്ള നടപ്പാതയാണ്. അവിടുന്ന് പാനപാത്രം പിതാവിന്‍റെ ഹിതത്തിനു സമര്‍പ്പിക്കുന്നു. കാരണം ഇതില്‍ നിന്നു മാത്രമേ കല്ലറ തുറക്കുന്ന വിജയം മനുഷ്യകുലത്തിനു ലഭിക്കുകയുള്ളൂ. നമ്മുടെ ഏതു സങ്കടക്കല്ലറകളും മൂന്നുദിനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്പായി വിരിയും. ദുഃഖശനിയിലും തന്‍റെ പുത്രന്‍, ദൈവപുത്രന്‍ എന്ന് മൗനത്തിലെഴുതിയ ദൈവമാതാവ് പ്രകാശദര്‍ശനത്തിലേക്ക് പരിശുദ്ധാത്മനിറവിലെ വിശ്വാസഎണ്ണ പകരുന്നു. നമുക്കു പ്രാര്‍ത്ഥിക്കാം. രക്ഷിക്കൂ, ഞങ്ങള്‍ യാചിക്കുന്നു. ഹോസിയാനാ. ഇന്നിപ്പോള്‍ ഞാന്‍ കര്‍ത്താവിന്‍റെ കഴുതയായ പുരോഹിതനാണ. ദൈവത്തിനു നന്ദി.  

 
 

You can share this post!

കറുപ്പിന്‍റെ രാഷ്ട്രീയം

ആരതി എം. ആര്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts