ഒരു ദിവസം യേശുവും ശിഷ്യന്മാരും വഞ്ചിയില്‍ കയറി. നമുക്ക് തടാകത്തിന്‍റെ മറുകരയിലേക്കു പോകാം എന്നവന്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു. അവര്‍ തുഴഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവന്‍ ഉറങ്ങുകയായിരുന്നു. അപ്പോള്‍ കൊടുങ്കാററ് ഉണ്ടായി. വഞ്ചിയില്‍ വെളളം കയറി. അവര്‍ അപകടത്തിലായി. അടുത്തുവന്ന് ഗുരോ ഞങ്ങള്‍ നശിക്കുന്നു എന്നു പറഞ്ഞ് അവനെ ഉണര്‍ത്തി. അവന്‍ എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു. അവ നിലച്ചു. ശാന്തതയുണ്ടായി. (ലൂക്കാ 8:22-25)

ജീവിതവഴി ഒരു 'യു-ടേണ്‍' തിരിഞ്ഞ കാലത്തില്‍ ഒരാള്‍ ഇങ്ങനെ എഴുതി: "ദൈവനാമത്തില്‍ ബന്ധങ്ങള്‍ ഉപേക്ഷിച്ചവന് എല്ലാവരും സ്വന്തം, ഏതു വീട്ടിലും അത്താഴം... എന്തൊരു ആത്മവിശ്വാസമായിരുന്നു അന്ന്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ ഇപ്പോള്‍ ആ ബലം അനുഭവിക്കുന്നില്ല. ഗോവര്‍ദ്ധന്‍റെ യാത്രകളില്‍ ത്യാഗരാജസ്വാമികള്‍ ഒരു ഗണികയോടു കുമ്പസാരിക്കുന്നതുപോലെ. "നീ എന്തൊക്കെയോ ധരിച്ചുവച്ചിരിക്കുന്നു- എല്ലാം തപ്പ്. നീ എങ്ങനെ പ്രേമത്തെ ഒരു തൊഴിലാക്കിയോ അതുപോലെ തന്നെ ഞാനെന്‍റെ ഭക്തിയേയും തൊഴിലാക്കി. ഞാന്‍ എന്‍റെ ഭക്തിയെ വിറ്റ് ഓരോ ദിവസത്തേയ്ക്കുള്ള അരിയാക്കി..." ആത്മനിന്ദയിലേക്ക് വഴുതിപ്പോകുന്ന ജീവിതം.

കുമ്പസാരക്കൂട് ശരിക്കും ഒരു ചുമടുതാങ്ങി തന്നെ. അതിലേയ്ക്ക് അപരാധങ്ങളുടെ ഭാരം ഇറക്കിവെച്ച് ഞാന്‍ മന്ത്രിക്കുന്നു: "ദൈവനാമത്തില്‍ ജീവിക്കുന്ന ഒരാളാണ് എന്നിട്ടും എന്‍റെ നെഞ്ചില്‍ ദൈവത്തിനല്ല ഒന്നാമിടം." കമ്പിവലക്കപ്പുറത്ത് വൃദ്ധപുരോഹിതന്‍ പരിഹാസമില്ലാതെ പുഞ്ചിരിക്കുന്നു. അതിരിക്കട്ടെ ദൈവത്തിനുണ്ടോ രണ്ടാമിടം. ഇല്ല. മൂന്നോ? ഇല്ല. എണ്ണിയെണ്ണി ചുരുങ്ങുമ്പോള്‍ ആരറിയുന്നു ജീവിതത്തിലെ രണ്ടു ഡസന്‍ കാര്യങ്ങളില്‍ ഒന്നുപോലും ആകുന്നില്ല ദൈവം. എന്നിട്ടും ഞാന്‍ പല താളങ്ങളില്‍ അവന്‍റെ സങ്കീര്‍ത്തനം പാടുന്നു എന്നുള്ളതാണ് ദൈവനിന്ദ. ഞാന്‍ ദൈവത്തെ അത്ര ഗൗരവമായൊന്നും എടുത്തിട്ടില്ല. പലപ്പോഴും അവനെന്‍റെ തൊലിപ്പുറത്തെ ദൈവമാണ്. അപൂര്‍വ്വം ചില നിമിഷങ്ങളില്‍ അവന്‍ മാംസത്തിലേക്ക് പ്രവേശിക്കുന്നു. കുറച്ചൊക്കെ അനാസക്തമായും സ്നേഹപൂര്‍വ്വകവുമൊക്കെ നില്‍ക്കാനാകുന്നുണ്ടാകാം. എന്നാലും ഒരിക്കലും അവനെന്‍റെ മജ്ജയുടെ ഭാഗമായിരുന്നില്ല. തമ്പുരാനെ നീ എപ്പോഴാണ് എന്‍റെ തൊലിക്കു താഴെ മാംസത്തെ വിമലീകരിച്ച് ഒടുവിലെന്‍റെ മജ്ജയെ കീഴ്പ്പെടുത്തുക?

ദൈവത്തെ ആരാണ് ഇത്ര ഗൗരവത്തിലെടുക്കുന്നത്? ശരിയാണ് ദൈവത്തിന് ഇപ്പോള്‍ പൊതുവേ നല്ല രാശിതന്നെ! പള്ളികളില്‍ ആളു കുറയുന്നുവെന്ന പരാതിയേ ഇല്ല. എല്ലാത്തരം ഭക്തികളും പരസ്യത്തിലെന്നപോലെ ആരോഗ്യം മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ജനായത്ത നാട്ടിലെ പഴയ നാട്ടുരാജാവിന്‍റെ സദൃശ്യതയുമായി ദൈവം. പഴയൊരു ഉടവാളൊക്കെ പിടിച്ച് വൃദ്ധനും സാത്വികനുമായ അദ്ദേഹം നടന്നുപോകുമ്പോള്‍ വശങ്ങളില്‍ ആയിരങ്ങള്‍ കൈകൂപ്പി നില്‍പ്പുണ്ട്. പക്ഷേ, ആര്‍ക്കാണ് അദ്ദേഹത്തെ ഇത്ര പേടി. ദൈവം എനിക്കാരാണെന്ന് ചില ആത്മശോധന വേണം ഈ തപസ്സുകാലത്ത്.

എനിക്കു തോന്നുന്നു ദൈവം ഒരു ആഭരണമാണെന്ന്. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും കൃത്യമായി അണിയുകയും ബാക്കിയുള്ള ആറു ദിവസം അതിനേക്കാള്‍ കൃത്യമായി അഴിച്ചുവയ്ക്കുകയും ചെയ്യേണ്ട ഒരാഭരണം. മറ്റുചിലര്‍ക്കാകട്ടെ ദൈവം സൗകര്യങ്ങളുടെ തമ്പുരാനാണ്. ഗോഡ് ഓഫ് കണ്‍വീനിയന്‍സ്. എന്‍റെ ഇഷ്ടങ്ങള്‍ക്കും ഇച്ഛയ്ക്കും സ്വാര്‍ത്ഥതയ്ക്കും ഉചിതമായ രീതിയില്‍ ഞാന്‍ രൂപപ്പെടുത്തിയ ദൈവം. കുട്ടികളോട് പറഞ്ഞുകൊടുക്കുന്ന കഥ പഴയ മറഡോണയുടേതാണ്. കളിക്കളത്തിലെ ഏറ്റവും വലിയ ഭക്തരിലൊരാള്‍. ഒരു പെനാല്‍റ്റി അടിക്കുന്നതിനു മുമ്പുതന്നെ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്നു. ഗോള്‍ വലയം അനങ്ങുമ്പോള്‍ നിലത്തുകിടന്നു പ്രാര്‍ത്ഥിക്കുന്നു. കുരിശെടുത്ത് ഉയര്‍ത്തി പ്രദക്ഷിണം ചെയ്യുന്നു. ലോകകപ്പിലെ നിര്‍ണായകമായ ഒരവസരത്തില്‍ കൈകൊണ്ട് തട്ടി ഒരു പന്ത് ഗോളാക്കുന്നു അയാള്‍. റഫറി അത്  ഗോളായിത്തന്നെ വിധിക്കുകയും ചെയ്തു.  പിന്നീട് പത്രക്കാര്‍ ഈ കള്ളക്കളിയെക്കുറിച്ചു മറഡോണയോടു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, നിങ്ങള്‍ കണ്ട കൈ എന്‍റേതല്ല, ദൈവത്തിന്‍റേതാണ്! അപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ്. ചെറുപ്പത്തില്‍ പറഞ്ഞിട്ടില്ലേ കള്ളക്കളിക്ക് ഈശ്വരന്‍ കൂട്ടില്ലെന്ന് ഇപ്പോള്‍ അദ്ദേഹം തന്നെ കള്ളക്കളി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നു.

 

നമ്മുടെ സ്വാര്‍ത്ഥതയെ സംരക്ഷിക്കുവാന്‍ കാറ്റത്തു വളയുന്ന ഞാങ്കണ പോലെയൊരു ദൈവം വേണം, നമുക്ക്. നമ്മുടെ പ്രാര്‍ത്ഥനകള്‍ തെല്ലൊന്നു മാറിക്കാണാമോ-ഫലിതമായി മാറാവുന്ന സ്വാര്‍ത്ഥത തന്നെ. പരീക്ഷ കഴിഞ്ഞ് അമേരിക്കയുടെ തലസ്ഥാനം ലണ്ടന്‍ ആക്കി മാറ്റണമേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന കുട്ടിയെപ്പോലെയാണ് നമ്മുടെ ഭക്തി. മറ്റുചിലര്‍ക്ക് ദൈവം ഒരു ശീലത്തിന്‍റെ ഭാഗം മാത്രം. കവര്‍ച്ചമുതല്‍ പങ്കിട്ടു ഭക്ഷിക്കുന്നതിനു മുമ്പുപോലും കുരിശുവരയ്ക്കുന്നവരെക്കുറിച്ച് എന്തുപറയാന്‍.

 

മുമ്പൊരിക്കല്‍ സൂചിപ്പിച്ചതുപോലെ പള്ളിക്കവകാശപ്പെട്ട കിളിന്തുമത്തങ്ങായുടെ പുറത്തു വരച്ച കുരിശടയാളം തണ്ണിമത്തന്‍ വളരുന്നതോടൊപ്പം വികാസം പ്രാപിക്കുന്നതല്ലാതെ മറ്റൊരത്ഭുതവുമില്ല. നമ്മുടെ മതചര്യയില്‍ ഒറ്റവാക്കില്‍ ആഭരണമായാലും സൗകര്യമായാലും ആചാരമായാലും ദൈവം വെറുതെ തൊലിയുടെ മാത്രം പാവം അവകാശി.

ദൈവത്തോട് മൂന്നു തലത്തിലുള്ള സമീപനങ്ങളാകാമെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ പിറവിയില്‍ സംഭവിച്ച കാര്യങ്ങളൊക്കെ അവന്‍റെ രണ്ടാം വരവോളം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കും. ആ രാത്രിയില്‍ സംഭവിച്ചതെന്തെന്ന് ഒന്നോര്‍ത്തെടുത്തേ.

 

ഒരു കൂട്ടര്‍ സമൃദ്ധമായ ആരാധനയിലേക്ക് സങ്കീര്‍ത്തനങ്ങളുമായി എത്തി. ജ്ഞാനത്തിന്‍റെ വിനയമുള്ളവരും ഹൃദയസുതാര്യതയുള്ള കുറച്ചു ദരിദ്രരും. നൂറുഭക്തരില്‍ ഒന്നോരണ്ടോ പേര്‍ അത്തരം ഒരനുഭവത്തിലേക്ക് പ്രവേശിച്ചേക്കും. രണ്ടാമത്തേത് ഹേറോദേസിനും കൊട്ടാരത്തിനും സംഭവിച്ച മനോഭാവമാണ്. ക്രിസ്തു പിറന്നുവെന്ന സുവിശേഷത്തില്‍ അവള്‍ ഭയക്കുകയും അസ്വസ്ഥരാകുകയും ചെയ്തുവെന്ന് നമ്മള്‍ വായിക്കുന്നു. ചിലരങ്ങനെയാണ് രക്ഷകന്‍ തങ്ങളുടെ ജീവിതത്തിന് കുറെയധികം ക്രമീകരണങ്ങള്‍ ആവശ്യപ്പെടുന്നതുകൊണ്ട്, പ്രിയമുള്ള പലതും ഹൃദയപൂര്‍വ്വം ത്യജിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നതുകൊണ്ട്, എന്‍റെ ബലങ്ങളെ കുറവായി വ്യാഖ്യാനിച്ചു തരുന്നതുകൊണ്ട്, പലതും ആംമ്പ്യൂട്ട് ചെയ്യണമെന്ന് ശഠിക്കുന്നതുകൊണ്ട് ഞാനവനെ ഭയപ്പെടുന്നു.

 

അവനോട് എന്‍റെ സ്വകാര്യതകളുടെ അതിര്‍ത്തികളുടെ അപ്പുറത്തേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്നു. അത്തരമൊരു സംഭവം ബൈബിളില്‍ വായിക്കുന്നുണ്ടല്ലോ. ജനസറത്ത് തടാകക്കരയിലെത്തിയ ക്രിസ്തു ഒരു പിശാചുബാധിതനെ സൗഖ്യപ്പെടുത്തി. അവനില്‍ നിന്ന് പുറത്തേക്ക് വന്ന അശുദ്ധാത്മാവ് മേഞ്ഞു നടന്ന പന്നിക്കൂട്ടങ്ങളിലേക്ക് ആവസിച്ചു. തിന്മയുടെ ആഘാതം അതിശക്തമായിരുന്നതിനാല്‍ അതു താങ്ങാനാവാതെ പന്നിക്കൂട്ടം കടലില്‍ ചാടി ചാവുകയും ചെയ്തു. അതു കേട്ട മാത്രയില്‍ ഒരു ഗ്രാമം മുഴുവന്‍ ക്രിസ്തുവിനെത്തേടിയെത്തി. രക്ഷ തങ്ങളുടെ പൂമുഖത്ത് എത്തിയതിന് സ്തോത്രഗീതങ്ങള്‍ ആലപിക്കാനല്ല മറിച്ച്, ഒരേ സ്വരത്തില്‍ അവര്‍ അവനോടു പറഞ്ഞു: നീ ഞങ്ങളുടെ ഗ്രാമത്തിന്‍റെ അതിരുകള്‍ വിട്ടുപോവുക. അതിനര്‍ത്ഥം ഞങ്ങള്‍ക്ക് പ്രിയങ്കരം ഞങ്ങളുടെ പന്നിക്കൂട്ടങ്ങള്‍ തന്നെ.

മൂന്നാമത്തെ കൂട്ടരാവട്ടെ, ഇതിനേക്കാള്‍ മോശപ്പെട്ട തലത്തിലത്രേ. ക്രിസ്മസ് കഥയില്‍ ക്രിസ്തുവിനെക്കുറിച്ച് പൂര്‍ണ്ണവ്യക്തതയുള്ള ഒരു ചെറിയ ശതമാനം മനുഷ്യരുണ്ടായിരുന്നു. അത് അറിവിന്‍റെ ബലവും അഹന്തയും ഉണ്ടായിരുന്ന മനുഷ്യരാണ്. അവരെയാണ് വ്യക്തതയ്ക്കായി ഹേറോദോസ് തിരഞ്ഞെടുത്തത്. ചുരുളുകളൊക്കെ എടുത്ത് വ്യാഖ്യാനിച്ച് പിറന്നത് സത്യമായിട്ടും ദൈവം തന്നെയെന്ന് അവര്‍ ഉറപ്പിച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ആ രാത്രിയില്‍ അവര്‍ രക്ഷകനെ തേടി പോയതൊന്നുമില്ല. അറിവ് കൃപയുടെ നിമിത്തം ആയതുമില്ല. ആരാധനയിലേക്കോ അസ്വസ്ഥതയിലേക്കോ ക്രിസ്തു അവരെ കൂട്ടിക്കൊണ്ടുപോയതുമില്ല. ഒരു പക്ഷെ, അറിവിന്‍റെ ചുരുളുകളൊക്കെ തലയണയാക്കി ആ രാത്രിയില്‍ അവര്‍ സുഖമായി ഉറങ്ങിയിട്ടുണ്ടാകാം.

ശിഷ്യരില്‍ ഭൂരിപക്ഷവും ഈ പാരമ്പര്യത്തിന്‍റെ അവകാശികള്‍ തന്നെ -ആരാധനയിലേക്കോ, അസ്വസ്ഥതയിലേക്കോ പ്രവേശിക്കാത്തവര്‍. നിസ്സംഗതയെന്ന കറുപ്പ് ഭക്ഷിച്ചവര്‍. വെളിപാടിന്‍റെ പുസ്തകത്തില്‍ ഇതുതന്നെ ഏറ്റവും വലിയ അപരാധം -ലവോദീക്യായിലെ സഭയോടാണ്- നിന്നില്‍ ചൂടോ, തണുപ്പോ ഇല്ല അതുകൊണ്ട് നിന്നെ ഞാന്‍ പുറത്തേക്ക് ഛര്‍ദ്ദിച്ചുകളയും. വ്യക്തമായ നിലപാടുകളില്ലാത്ത ശിഷ്യരാണ് ഗുരുവിന്‍റെ ഏറ്റവും വലിയ വേദന. കല്ലെറിയുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കല്ലെന്ന നാട്യത്തില്‍ പൂവിതളെറിഞ്ഞ ഒരാളെ ഓര്‍ത്ത് ഗുരു ഉറക്കെ കരഞ്ഞതുപോലെ, സത്യമായിട്ടും ഇപ്പോളാണെനിക്ക് നൊന്തത്, ഇപ്പോള്‍ മാത്രം.

ദൈവത്തെ ഗൗരവമായി അഭിമുഖീകരിക്കുന്നതിന്‍റെ അര്‍ത്ഥം അവനുവേണ്ടി വലിയ വില നല്‍കാന്‍ തയ്യാറാകുക എന്നതുതന്നെ. ഒരു വിലയും കൊടുക്കാതെ സ്വന്തമാക്കാനാകുന്ന ഒരാളായിട്ടാണ് ചെറുപ്പം തൊട്ടേ നാം ദൈവത്തെ പരിചയിച്ചത്. എപ്പോള്‍ വേണമെങ്കിലും ഇടവഴികളില്‍ നിന്ന് ഡ്രൈവ് ചെയ്തു കേറാവുന്ന അതിവിശാലമായ രാജവീഥി, കത്തീഡ്രല്‍ പള്ളിയുടെ വാതില്‍പോലെ ഏതു രാത്രിയിലും മലര്‍ക്കെ തുറന്നു കിടക്കുന്ന കവാടം എന്നൊക്കെ നമ്മള്‍ ദൈവത്തെ ധരിച്ചുപോയി. അന്വേഷിച്ച് കണ്ടെത്തേണ്ട വീഥിയും മുട്ടിത്തുറക്കേണ്ട വാതിലുമാണ് ദൈവമെന്ന് പഠിപ്പിക്കാനാണ് ക്രിസ്തു മാംസം ധരിച്ചത്. പണ്ടേ, ചവിട്ടി മെതിഞ്ഞ പാതയല്ല ദൈവം. നീ കണ്ടെത്തേണ്ട ഒറ്റയടിപ്പാത.

ബലമുള്ളവര്‍ മുഷ്ടികൊണ്ട് തള്ളിത്തുറക്കേണ്ട വാതില്‍. ഒരു വിലയും കൊടുക്കാതെ സ്വന്തമാക്കാനാകുന്ന ദൈവസങ്കല്പത്തെ നിഷേധിക്കാനാവണം ഈ തപസ്സില്‍. ഏറ്റവും ചെറിയവയ്ക്കുപോലും എത്ര വലിയ വിലകളാണ് നമ്മള്‍ നല്കിയത്. ഒരു ചെറിയ ഉദാഹരണത്തിന് എസ്. എസ്. എല്‍. സി. പരീക്ഷയ്ക്കു ജയിച്ച ആ മഹാസംഭവം ഒന്നോര്‍ത്തുനോക്കൂ. എത്ര മെഴുകുതിരികളാണ് മുനിഞ്ഞു കത്തിയത് - എത്ര ഉറക്കമില്ലാത്ത രാവ്. എന്നാല്‍ ഇന്ന് ജീവിതത്തില്‍ ആയിരം പ്രധാനപ്പെട്ട  കാര്യങ്ങളൊക്കെ ഒന്നെണ്ണിയെടുക്കുമ്പോള്‍ അതില്‍ ഒടുവിലത്തേതുപോലുമായി മാറുന്നില്ല, ആ പഴയ സംഭവം. ഒത്തിരി ആത്മപീഡനങ്ങളിലൂടെ കടന്നുപോകുന്ന ഒരു യുവവൈദികനെ അദ്ദേഹത്തിന്‍റെ സുഹൃത്ത് നീ ഇത്ര നുകങ്ങളൊന്നും ഏറ്റുവാങ്ങേണ്ട എന്ന് ആശ്വസിപ്പിക്കുമ്പോള്‍ അയാള്‍ പറഞ്ഞു: My God is not that Cheap. എന്‍റെ ദൈവം അത്ര വില കുറഞ്ഞതല്ലെന്ന്. നെഞ്ചില്‍ കൈവച്ച് നിനക്കാവര്‍ത്തിക്കാനാകുമോ. ഒത്തിരി സാധന, ചര്യ, ക്രമീകരണങ്ങള്‍, ആന്തരികസംഘര്‍ഷങ്ങള്‍, അലച്ചിലുകള്‍ ഒക്കെത്തന്നെ നിന്‍റെ തമ്പുരാനുവേണ്ടി നല്‍കേണ്ട വില - ഒറ്റവാക്കില്‍ തപസ്സുതന്നെ.

 

കുറെക്കൂടി ആന്തരിക ലോകത്തിലേക്കു സഞ്ചരിക്കാനാകണം. ബുദ്ധമതത്തിലെ ഏറ്റവും അവബോധം നിറഞ്ഞ ധ്യാനചര്യയാണ് സെന്‍. അതിന്‍റെ ഒന്നാം പാഠം ഇങ്ങനെയാണ് - നിനക്കെതിരെ ഒരു ബുദ്ധന്‍ വന്നാല്‍ അയാളെ കൊന്നുകളയുക. നടുങ്ങേണ്ട, അതിന്‍റെ അര്‍ത്ഥം അല്ലെങ്കില്‍ പുറത്തുള്ള ഈ ബുദ്ധന് കുന്തിരിക്കം പുകച്ച് താമരയിതളുകള്‍ വര്‍ഷിച്ച്, ശരണം പാടി നീ നിന്‍റെ ഉള്ളിലെ ബുദ്ധനെ കാണാതെ ഒരുനാള്‍ മടങ്ങിപ്പോകേണ്ടി വരുമെന്ന്.

 

ദൈവദൂഷണം എന്നു പറയരുത് - എതിരെ ഒരു ക്രിസ്തുവിനെ കണ്ടാലും അപ്രകാരം തന്നെ ചെയ്തുകൊള്ളുക. ഉള്ളിലെ ക്രിസ്തുവിനെ തിരയാനാവണം ഈ നോമ്പുകാലത്ത്. ക്രിസ്തു എന്‍റെ ഉള്ളിലെ ഏറ്റവും എളുപ്പമുള്ള സാധ്യതയാണ്. ജോര്‍ജ് തോമസ് എന്ന ഒരാത്മീയ സുഹൃത്ത് തന്‍റെ കല്ലേറുദൂരം എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുമ്പേ വായിക്കാന്‍ തന്നു. 'കല്ലേറുദൂര' ത്തിന്‍റെ തലക്കെട്ട് എന്നെ മോഹിപ്പിക്കുന്നു. കുരിശുമരണത്തിന്‍റെ തലേന്നാള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിച്ച ക്രിസ്തുവും ഉറക്കത്തിലേക്ക് വഴുതിപ്പോയ ശിഷ്യരും തമ്മില്‍ ഒരു കല്ലേറു ദൂരമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ സാരമായ ഒരു വ്യത്യാസമുണ്ട്.

 

ഗുരു ഉണര്‍ന്നവനാണ്, ശിഷ്യനാവട്ടെ ഉറക്കത്തില്‍ നിന്ന് കുതറി നില്‍ക്കുവാന്‍ ആന്തരികബലം ഇല്ലാത്തൊരാള്‍. അറുപതോ എഴുപതോ സംവത്സരം നീളുന്ന ഈ വാഴ്വിലെ ജീവിതം കൊണ്ട് ഈ കല്ലേറുദൂരം താണ്ടാന്‍ എനിക്കായില്ലെങ്കില്‍ സഫലമല്ല എന്‍റെ ജന്മം. ദൈവരാജ്യം നിനക്കു പുറത്തല്ല. നിന്‍റെ ഉള്ളിലാണെന്നാണല്ലോ ആ പൂര്‍ണഗുരു പഠിപ്പിച്ചത്. ക്രിസ്തു ഓരോരുത്തരുടെയും മനസ്സിന്‍റെ അമരങ്ങളില്‍ ഉറങ്ങുന്നുണ്ട്. അവനെ കൊട്ടി ഉണര്‍ത്തുക. അവനോടു പറയുക, നീ എന്‍റെ ജീവനിലേക്ക് പ്രവേശിക്കുക, ചിന്തയെ ശുദ്ധീകരിക്കുക, വാക്കിനെ വചനമാക്കുക, കര്‍മ്മത്തെ കൂദാശയും. ഇത് കാറ്റും കോളും പിടിച്ച യാമങ്ങളാണ്. ഉത്തമപുരുഷാ, നീ എന്നെ കീഴ്പ്പെടുത്തുക.

 

വിഭൂതി ബുധന്‍ -ഒരു നുള്ള് ഭസ്മം നെറ്റിയില്‍ ചാര്‍ത്തി പുരോഹിതന്‍ മന്ത്രിക്കുന്നു: മനുഷ്യാ നീ മണ്ണാണ് മണ്ണിലേക്കു തന്നെ മടങ്ങണം. കൊട്ടാരം ഉപേക്ഷിച്ച ബുദ്ധനോട് നിലാവില്‍ കുളിച്ചു നില്‍ക്കുന്ന വെണ്ണക്കല്‍ കൊട്ടാരം ഒരിക്കല്‍കൂടി നോക്കാന്‍ ആവശ്യപ്പെട്ട സാരഥിയോട് ബുദ്ധന്‍ പറഞ്ഞതുപോലെ, ഞാന്‍ നോക്കി പക്ഷേ, കൊട്ടാരത്തിനു പിന്നില്‍ തീയാളുന്നു. അതുമാത്രമേ ഞാന്‍ കാണുന്നുള്ളൂ. അതു മാത്രമേ കാണാവൂ. എന്തിനു പിന്നിലും ഒരുനുള്ള് ഭസ്മത്തിന്‍റെ വിധി കാത്തിരിപ്പുണ്ട്. അര്‍ത്ഥപൂര്‍ണമായ ഒരു തപസ്സ് പ്രാര്‍ത്ഥിച്ചുകൊണ്ട്...

(കടപ്പാട്: അസ്സീസി മാസിക 2003 മാര്‍ച്ച് ലക്കം)

You can share this post!

കറുപ്പിന്‍റെ രാഷ്ട്രീയം

ആരതി എം. ആര്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts