ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏതൊരു തിരഞ്ഞെടുപ്പും ഒരു വഴിത്തിരിവാണ്. കാരണം ആ തിരഞ്ഞെടുപ്പുവിധി ആ രാജ്യത്തെ ചരിത്രത്തിന്‍റെ ഗതി തിരിച്ചുവിടാന്‍ കാരണമായിക്കൂടായ്കയില്ല. പക്ഷേ ഇക്കഴിഞ്ഞ പതിനഞ്ചാമതു ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായൊരു വഴിത്തിരിവാണ്. കാരണം അറുപത്തിരണ്ടുവര്‍ഷത്തെ ജനാധിപത്യ ചരിത്രത്തില്‍ വികസനവും രാഷ്ട്രീയ മാന്യതയും ഏറ്റവും വലിയ പ്രശ്നങ്ങളായി ഇന്ത്യന്‍ ജനത എടുത്തത് ഈ തിരഞ്ഞെടുപ്പില്‍ മാത്രമാണ്.
മനഃപൂര്‍വ്വമല്ലെങ്കിലും നാം വിസ്മരിച്ച ഒരു വസ്തുതയുണ്ട് അതു ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷന്‍ ഈ തിരഞ്ഞെടുപ്പിന്‍റെ നടത്തിപ്പുകാര്യത്തില്‍ വഹിച്ച സുപ്രധാനമായ പങ്കാണ്. എഴുപത്തിയഞ്ചു കോടി സമ്മതിദായകരുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് വളരെ അടുക്കും ചിട്ടയോടുംകൂടി നടത്തിയെന്നതു ലോകജനതയ്ക്ക് അവിശ്വസനീയമായ ഒരു കാര്യമാണ്. എന്നുമാത്രമല്ല കാര്യമായ ഒരു പരാതിക്കും ഇടവരാതെ ഒരൊറ്റ ദിവസം കൊണ്ട് തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ജോര്‍ജ്ജ് ബുഷ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് രണ്ടാമത് മത്സരിച്ച തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടത്താന്‍ ദിവസങ്ങള്‍ തന്നെ വേണ്ടി വന്നു എന്നു മനസ്സിലാക്കുമ്പോഴേ നമ്മുടെ ഇലക്ഷന്‍ കമ്മീഷന്‍റെ കാര്യ പ്രാപ്തിയും പ്രതിബദ്ധതയും ആര്‍ക്കും ബോധ്യമാവുകയുള്ളൂ.
അധികം പേരും സവിശേഷമായ പഠനത്തിനു വിധേയമാക്കാതിരുന്ന കാര്യം ഈ തിരഞ്ഞെടുപ്പിന്‍റെ വിധി നിര്‍ണ്ണയിച്ചത് രാജ്യത്തെ യുവവോട്ടര്‍മാരാണെന്നുള്ളതാണ്. രാജ്യത്തെ വോട്ടര്‍മാരില്‍ നാല്പതു ശതമാനവും മുപ്പത്തിയഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള യുവാക്കളാണ്. അവരില്‍ത്തന്നെ പതിനഞ്ചു ശതമാനം പേര്‍ രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തു വലിയ പരിവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച കാലഘട്ടത്തിനുശേഷം ജനിച്ചവരുമാണ്.
ഒരു മെച്ചപ്പെട്ട ജീവിത പരിതസ്ഥിതികളെക്കുറിച്ചു വലിയ വലിയ പ്രതീക്ഷകളുള്ളവരാണ് ഈ പുതിയ തലമുറ. നിഷേധാത്മകമായ രാഷ്ട്രീയ നിലപാടെടുക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും രാജ്യത്തെ ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ കഴിയുകയില്ലെന്ന് ഈ പുതിയ തലമുറയ്ക്കു ബോദ്ധ്യമുണ്ടായിരുന്നു. എന്നുമാത്രമല്ല തങ്ങളുടെ പ്രതീക്ഷ പൂവണിയിക്കാന്‍ കേന്ദ്രത്തില്‍ ഒരുറച്ച സര്‍ക്കാറിനേ കഴിയൂ എന്നും അവര്‍ കണക്കുകൂട്ടി. കാരണം പാര്‍ലമെന്‍റിലെ ഭൂരിപക്ഷം സംബന്ധിച്ചുണ്ടാകുന്ന ഒരു അനിശ്ചിതാവസ്ഥ വ്യക്തമായ ലക്ഷ്യബോധമില്ലാത്ത പാര്‍ട്ടികളുടെ അവസരവാദപരമായ അഴിഞ്ഞാട്ടത്തിനു മാത്രമേ ഇടയാക്കുകയുള്ളൂ എന്ന് അവര്‍ വിലയിരുത്തി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാനസിക നിലയിലും, കാഴ്ചപ്പാടിലും വലിയ മാറ്റങ്ങള്‍ക്കുവിധേയമായവരാണ് ഈ പുതിയ തലമുറ. അതിനടിസ്ഥാനം ലോകത്തിലെ ഗണ്യമായ ശക്തിയായി ഇന്‍ഡ്യ മാറിക്കൊണ്ടിരിക്കുന്നു എന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതാണ്. ലോകം അഭിമുഖീകരിക്കുന്ന ഏതൊരു ഗൗരവമുള്ള പ്രശ്നവും ചര്‍ച്ച ചെയ്യുന്ന വട്ടമേശയില്‍ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്മാരോടൊപ്പം ഇന്നു ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമുണ്ട്. അണ്വായുധ വ്യാപന നിരോധന പ്രശ്നമായാലും, ലോകവാണിജ്യക്കരാറായാലും, ഭീകരാക്രമണ പ്രതിരോധക്കാര്യമായാലും എല്ലാം ശരിതന്നെ. ദേശാന്തരീയ തലത്തില്‍ ഇന്ത്യ കൈവരിച്ച പ്രാധാന്യത്തേയും ബഹുമതിയേയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ മാറ്റം. ചന്ദ്രഗോളത്തില്‍ സ്വന്തം ഉപഗ്രഹമെത്തിക്കുകയും ദേശീയ പതാക നാട്ടുകയും ചെയ്ത ലോകത്തിലെ നാല് രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നോര്‍ക്കണം. ഇതെല്ലാം മന്‍മോഹന്‍ സിംഗിന്‍റെ യുപിഎ സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ കൈവരിച്ച നേട്ടമാണെന്ന് കോണ്‍ഗ്രസ്സുപോലും അവകാശപ്പെടില്ല. പി. വി. നരസിംഹറാവുവിന്‍റെ ഭരണത്തില്‍ നിന്ന് തുടങ്ങി ബിജെപി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണത്തിലൂടെ കടന്നു വന്നപ്പോഴുണ്ടായ വളര്‍ച്ചയുടെ പരിസമാപ്തിയായിരുന്നു ഇതെന്ന് സമ്മതിച്ചേ മതിയാകു.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പു നടന്നത്. ഈ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ മുന്നിലെത്തിയ രണ്ടു പ്രബലകക്ഷികള്‍ കോണ്‍ഗ്രസ്സ് നയിക്കുന്ന യുപിഎയും ബിജെപി നയിക്കുന്ന എന്‍ ഡി എയുമായിരുന്നു. ഇതില്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തിപ്പിടിച്ചത് വികസന പ്രശ്നം മാത്രമായിരുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ വികസനത്തിനും വളര്‍ച്ചയ്ക്കും പരമാവധി വേഗതയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ എന്ന് ബിജെപിക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാതെ പോയി. അതുകൊണ്ട് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണപ്രശ്നവും മറ്റുമാണ് തിരഞ്ഞെടുപ്പിലെ തുറുപ്പുചീട്ടായി ബിജെപി ഉയര്‍ത്തിപ്പിടിച്ചത്. കോണ്‍ഗ്രസ്സിന്‍റെ സാമ്പത്തിക ഉദാരവല്ക്കരണ നയങ്ങളോടും വിദേശ നയങ്ങളോടും പൂര്‍ണ്ണമായി യോജിക്കുന്ന ബിജെപി അമേരിക്കയുമായി ഇന്ത്യയുണ്ടാക്കിയ ആണവക്കരാറിനെ എതിര്‍ത്തതും അത് മന്‍മോഹന്‍സിംഗ് സര്‍ക്കാറിനെതിരായ ഒരു വിശ്വാസപ്രമേയത്തിനു കാരണമാക്കിയതും വലിയ രാഷ്ട്രീയ അബദ്ധമായി എന്ന് പിന്നീട് ബിജെപിക്കു തന്നെ ബോദ്ധ്യമായ ഒരു കാര്യമാണ്. അതുകൊണ്ടാവണം മന്‍മോഹന്‍ സിംഗ് ഒരു ദുര്‍ബ്ബല പ്രധാനമന്ത്രിയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ. അദ്വാനി വിഫല ശ്രമം നടത്തിയത്. എന്തായാലും ബിജെപിയുടെ ഈ നിഷേധനയാവും വികസനത്തേക്കാള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനു പ്രാമുഖ്യം നല്‍കിയതും രാജ്യത്തെ മധ്യവര്‍ഗ്ഗത്തെ മുഴുവന്‍ ബിജെപിക്കെതിരെ തിരിച്ചുവിട്ടു. ദല്‍ഹിയിലെ ഏഴു ലോക്സഭാ മണ്ഡലങ്ങളിലും ബിജെപിക്കുണ്ടായ അതിദയനീയമായ പരാജയം ഇടത്തരക്കാര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സിലേക്ക് ചാഞ്ഞു എന്നതിന്‍റെ പ്രകടമായ തെളിവാണ്. വികസനത്തിനും രാഷ്ട്രീയ മാന്യതയ്ക്കും ജനങ്ങള്‍ കൂടുതല്‍ വില കല്പിച്ചു എന്നാണിത് വ്യക്തമാക്കിയത്.
പശ്ചിമ ബംഗാളിലും കേരളത്തിലുമായി ഒതുങ്ങി നില്‍ക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷസഖ്യം കോണ്‍ഗ്രസ്സിനും ബിജെപിക്കും ബദലായി ഉയര്‍ത്തിക്കാട്ടിയ മൂന്നാം മുന്നണിയെന്നത് ഗര്‍ഭത്തിലേ അലസിപ്പോയ ഒരു രാഷ്ട്രീയ സംവിധാനമായിപ്പോയി. ആരാണ് നേതാവ്, എന്താണ് പരിപാടി എന്നൊക്കെ തീരുമാനിക്കപ്പെട്ടിട്ടില്ലെങ്കിലും. തിരഞ്ഞെടുപ്പുഫലം വന്നു കഴിയുമ്പോള്‍ മൂന്നാം മുന്നണി രൂപമെടുക്കുകതന്നെ ചെയ്യുമെന്നായിരുന്നു സിപിഎം നേതാക്കളുടെ അവകാശവാദം. ഒടുവില്‍ തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ സങ്കല്പ മൂന്നാം മുന്നണിയുടെ ഗര്‍ഭത്തില്‍ നിന്ന് പുറത്തു വന്നതോ ഒരു ചാപിള്ളയുമായിരുന്നു. മായാവതിയുടെ ബി എസ്. പി. യും എച്ച് ഡി ദേവഗൗഡയുടെ ജനതാദളും ഫലംവന്നു കഴിഞ്ഞപ്പോള്‍ മന്‍മോഹന്‍ സിംഗിനു പിന്തുണ പ്രഖ്യാപിച്ചതില്‍ നിന്ന് ഈ പാര്‍ട്ടികള്‍ക്ക് എത്ര ആശയ ദാരിദ്ര്യമാണുണ്ടായിരിക്കുന്നതെന്നു വ്യക്തമാക്കി. നിഷേധ രാഷ്ട്രീയ നയത്തിനു ജനങ്ങള്‍ നല്‍കിയ കനത്ത പ്രഹരമായിരുന്നു ചിന്നിച്ചിതറിപ്പോയ മൂന്നാം മുന്നണി എന്ന സ്വപ്നം.