news-details
ഫ്രാൻസിസ്കൻ വിചാര ധാര

ഗുബിയോയിലെ ചെന്നായ

വനങ്ങള്‍ ഫ്രാന്‍സിസിനെ ഏറെയാകര്‍ഷിച്ചിരുന്നു. ബാഹ്യലോകത്തുള്ളവയെയെല്ലാം അവയുടെ നന്മ തിന്മകള്‍ നോക്കാതെതന്നെ ഫ്രാന്‍സിസ് സ്നേഹിച്ചു. ഒരു ചെന്നായ ചെന്നായ തന്നെയാണെന്നും അതിനെ വളര്‍ത്തുനായയെപോലെ കാണാനാവില്ലെന്നും അദ്ദേഹത്തിനറിയാമായിരുന്നു.

ഗുബിയോയിലെ  ചെന്നായയെക്കുറിച്ചുള്ള വാര്‍ത്ത അദ്ദേഹത്തിന്‍റെ കാതുകളിലുമെത്തി. എന്തു കൊണ്ടോ അതിനോടദ്ദേഹത്തിന് സഹതാപമാണ് തോന്നിയത്. ഇവിടെ നിത്യവും കാണുന്നതെല്ലാം ആ ചെന്നായിലുമുണ്ട്. ഒരിക്കലും ശമിക്കാത്ത വിശപ്പ്, ഇരയുടെ പിന്നാലെയുള്ള വിശ്രമരഹിതമായ ഓട്ടം, പല്ലിറുമ്മല്‍ തുടങ്ങി നമ്മളിലെല്ലാമുള്ള കാടത്തത്തിന്‍റെ ഒരു പ്രതീകം തന്നെയാണതും. എന്നാല്‍ ഒരു ചെന്നായ പാത്തും പതുങ്ങിയും ഇരയെ പിന്‍തുടരുന്ന ഒരു നായാട്ടുകാരന്‍റെ മുഖംമൂടി മാത്രമല്ലെന്നും ഫ്രാന്‍സിസ് മനസ്സിലാക്കി. ചെന്നായ്ക്കളെ എല്ലാവരും ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്നു. ചെന്നായ്ക്കളുടെ കണ്ണുകളില്‍ ഫ്രാന്‍സിസ് ദര്‍ശിച്ചതെന്താണെന്നൊ? വിട്ടുമാറാത്ത ഒരു ഭയം, എല്ലാറ്റിനെയും കടന്നാക്രമിക്കണമെന്ന ഒരാവേശം. താന്‍ വേട്ടയാടപ്പെടുന്നതിനു മുമ്പു തന്നെ കണ്‍മുമ്പില്‍ കാണുന്നവയെയെല്ലാം വിഴുങ്ങണമെന്ന ഒരുദ്വേഗം. അക്കാരണത്താല്‍ തന്നെ കോപവും വെറുപ്പും. മനുഷ്യരെപ്പോലെ തന്നെയാണ് ചെന്നായ്ക്കളും. അവയെ നിങ്ങള്‍ ഭയപ്പെടുകയും അവയ്ക്കു ഭ്രഷ്ടു കല്പിച്ച് ഒഴിവാക്കുകയും ചെയ്താല്‍ അവ നിങ്ങള്‍ ഭയപ്പെടുന്നതു പോലെ തന്നെ ആയിത്തീരും.

ഗുബിയോയിലെ ആ ചെന്നായയുടെ കാര്യം പല കാരണങ്ങളാലും ഫ്രാന്‍സിസില്‍ ഏറെ കൗതുകം  ജനിപ്പിച്ചു. സുരക്ഷിതത്വത്തിനും കരുത്തിനും വേണ്ടി സംഘം ചേര്‍ന്ന ചെന്നായ്ക്കളല്ലത്. ഒറ്റയാന്‍! കൂട്ടത്തില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ടവനാവാം. മറ്റെല്ലാറ്റിനേയും അവന്‍ തന്നെ ഓടിച്ചതുമാവാം. ആ ഒറ്റപ്പെടല്‍ അവനെ കോപാക്രാന്തനും അക്രമിയുമാക്കി മാറ്റി. ഏദന്‍ തോട്ടത്തില്‍ നിന്ന് ഓടിപ്പോകേണ്ടി വന്ന കായേനെ ഫ്രാന്‍സിസ് ഓര്‍ത്തു.
ആ ചെന്നായയുമായി ഒരാശയവിനിമയം നടത്തുന്നതിനായി താന്‍ ഗുബിയോയില്‍ ചെല്ലേണ്ടതുണ്ട് എന്ന് ഫ്രാന്‍സിസിന് സ്വയം ബോദ്ധ്യപ്പെട്ടു.  പക്ഷെ കോപംകൊണ്ട് ഭ്രാന്തു പിടിച്ചു നില്‍ക്കുന്ന  ആ ജന്തുവിന്, ഫ്രാന്‍സിസ് തന്നെ അംഗീകരിക്കുന്നു എന്നു ബോദ്ധ്യപ്പെടണം. അതിനെയെങ്ങനെ ബോദ്ധ്യപ്പെടുത്തും? ധീരസാഹസികതയെ അതിഷ്ടപ്പെടുന്നു. അന്ധകാരം സൃഷ്ടിക്കുന്ന ഏകാന്തതയിലാണതിന്‍റെ വാസം. ഏതായാലും ഫ്രാന്‍സിസ് ഗുബിയോയിലേയ്ക്ക് യാത്ര പുറപ്പെട്ടു.

ആ പട്ടണത്തില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ചെന്നായെക്കുറിച്ചുള്ള കെട്ടുകഥകള്‍ ഫ്രാന്‍സിസിന്‍റെ കാതുകളിലുമെത്തി. ആ കഥകള്‍ മാത്രം മതി ഏതു ജന്തുവിനേയും പ്രകോപിപ്പിക്കുവാന്‍! അവരുടെ സംസാരം ആ ചെന്നായ്ക്ക് മനസ്സിലാവില്ലല്ലൊ എന്നോര്‍ത്ത്  ഫ്രാന്‍സിസ് സന്തോഷിച്ചു. താന്‍ തന്‍റെ പുതിയ ജീവിതപ്പാത തെരഞ്ഞെടുത്തപ്പോള്‍ കൂടെയുള്ളവര്‍ പോലും തന്നെ ഒറ്റപ്പെടുത്തിയതും പരിഹസിച്ചതുമെല്ലാം അദ്ദേഹമോര്‍മ്മിച്ചു. തന്‍റെ വേഷവും തന്‍റെ താടിയും അശ്രദ്ധമായ ബാഹ്യരൂപവുമെല്ലാം അവരുടെ ആക്ഷേപങ്ങള്‍ക്കു കാരണമായി. ഭീതിയുടെ നിഴലില്‍ കഴിയുന്ന ഗുബിയോയിലെ ഈ മനുഷ്യരേക്കാള്‍ സൗഹൃദം ആ ചെന്നായ്ക്ക് കണ്ടേക്കും എന്നദ്ദേഹം വിശ്വസിച്ചു.

ഈ നുണക്കഥകള്‍ കൂടുതല്‍ ഭയവും വിദ്വേഷവും കോപവുമൊക്കെ ആളിക്കത്തിക്കുന്നതിനു മുമ്പ് തനിക്ക് നാടകീയമായി എന്തെങ്കിലും ചെയ്യണമെന്ന് ഫ്രാന്‍സിസ് തീരുമാനിച്ചു. അതുകൊണ്ടദ്ദേഹം ആളുകളെ ബോധവല്‍ക്കരിക്കാനാരംഭിച്ചു. ദൈവസൃഷ്ടികളായ എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കണമെന്ന യേശു വചനത്തിലൂടെ അവരില്‍ ഭയരാഹിത്യവും കാരുണ്യവും വളര്‍ത്തി. ഇത്തരം ചടങ്ങുകള്‍ക്കിടയില്‍ ഒരു ദിവസം  അദ്ദേഹം ആ ചെന്നായയെക്കുറിച്ചും അത് പട്ടണത്തിലെത്തി കുട്ടികളെ പിടിച്ചു കൊണ്ടുപോകുന്നു എന്നിങ്ങനെയുള്ള കഥകളെപ്പറ്റിയുമെല്ലാം അവരോടു പറഞ്ഞു. അതെല്ലാം ശരിയാണെന്ന് ആളുകള്‍ പറഞ്ഞു.

ആ ചെന്നായ ഒളിച്ചിരിക്കുന്ന സ്ഥലം ഏതാണെന്ന് തനിക്കൊന്നു പറഞ്ഞു താരമൊ എന്ന് ഫ്രാന്‍സിസ് അവരോടു ചോദിച്ചു. സ്നേഹത്തിന്‍റെ മുമ്പില്‍ ഭയത്തിന് ഒന്നും ചെയ്യുവാനാവില്ലെന്ന് തനിക്ക് ആ ചെന്നായയെ ഒന്നു ബോദ്ധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ ഫ്രാന്‍സിസിനെ തുറിച്ചു നോക്കി. അവര്‍ അവിടെ മരവിച്ചു നിന്നു. ചിലര്‍ അദ്ദേഹത്തെ പരിഹസിച്ച് ഉച്ചത്തില്‍ ചിരിച്ചു. ഈ പരിഹാസച്ചിരിയൊന്നും ഫ്രാന്‍സിസിന് പുതുമയുള്ള കാര്യമായിരുന്നില്ലല്ലൊ! പൊക്കം കുറഞ്ഞ ഒരു സ്ത്രീ പെട്ടെന്നു മുമ്പോട്ടു വന്ന് ആ ചെന്നായ വസിക്കുന്നിടത്തേയ്ക്ക് ഫ്രാന്‍സിസിനെ കൂട്ടിക്കൊണ്ടുപോയി. അവര്‍ നടന്നു നടന്ന് ഉബാള്‍ഡൊ ദേവാലയത്തിലെത്തി. ആ ജനാവലിയും അവരെ പിന്‍തുടര്‍ന്നു.

എന്തുകൊണ്ടൊ ആ യാത്രയ്ക്കു ഒരു തീര്‍ത്ഥയാത്രയുടെ പരിവേഷം കൈവന്നു. ചെന്നായയെ കാണുകയെന്ന ഈ വെല്ലുവിളി പെട്ടെന്നു സ്വീകരിച്ചതില്‍ ഫ്രാന്‍സിസിന് അല്പം വിഷമമുണ്ടായി. എങ്കിലും എല്ലാം മറന്ന് അദ്ദേഹം പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. മറ്റുള്ളവരും അതില്‍ പങ്കാളികളായി.

അവര്‍ ഒരു വളവിലെത്തി. അങ്ങുയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പാറചൂണ്ടിക്കാണിച്ചിട്ട് അവള്‍ പറഞ്ഞു, ചെന്നായ അതിനടിയിലാണ് ജീവിക്കുന്നതെന്ന്. ആ സംഘത്തിനു നേതൃത്വം വഹിക്കുന്നത് താനാണെന്ന ഒരു ചെറിയ അഹന്ത ആ സ്ത്രീയുടെ മനസ്സിലുണ്ടായി. ആ പദവി ഫ്രാന്‍സിസിനു കൈമാറരുത് എന്നും അവള്‍ തീരുമാനിച്ചു. ആ പ്രത്യേക സ്വഭാവക്കാരിയെ ഫ്രാന്‍സിസ് ആദരിച്ചു. അംഗീകരിച്ചു. അതുകൊണ്ട് ഗുഹയിലേയ്ക്കുള്ള യാത്രയില്‍ അദ്ദേഹം അവളേയുംകൂട്ടി.

അവള്‍ ഒരു വൈമനസ്യവും പ്രകടിപ്പിച്ചില്ല. അവര്‍ രണ്ടുപേരും കൂടി നടന്നു. ആള്‍ക്കൂട്ടം ഉല്‍ക്കണ്ഠയിലായി. ഫ്രാന്‍സിസും ആ സ്ത്രീയും പാറയുടെയടുത്തെത്തി. അവരുടെ പിറകില്‍ നിന്ന് ചെന്നായയുടെ മുരള്‍ച്ച! അവരുടെയടുത്തേയ്ക്കു തന്നെ ചെന്നായ വരുന്നു! ആദ്യം പേടിച്ചരണ്ടു നില്‍ക്കുന്ന ആ സ്ത്രീക്കുവേണ്ടിയും പിന്നീട് ആ ചെന്നായ്ക്കു വേണ്ടിയും ഫ്രാന്‍സിസ് കുരിശു വരച്ചു. ഒരു ദീര്‍ഘശ്വാസവും വിട്ടുകൊണ്ട് ഫ്രാന്‍സിസ് ആ ചെന്നായയുടെ അടുത്തേയ്ക്ക് അടിവച്ചടിവച്ചു നടന്നു. ചെന്നായ അതിന്‍റെ വേഗത കുറച്ചു. പിന്നീടത് അവിടെത്തന്നെ നിന്നു.

എന്നാല്‍ ഫ്രാന്‍സിസ് മുമ്പോട്ടു തന്നെ നടന്നു. ചെന്നായ മുരളുന്നുണ്ട്. ആള്‍ക്കൂട്ടം സ്തംഭിച്ചു നിന്നു. ഫ്രാന്‍സിസ് അല്പമകലെ നിന്നുകൊണ്ട് ആ ജന്തുവിനെ കാരുണ്യത്തോടെ നോക്കി. ചെന്നായയുടെ കണ്ണുകളില്‍ കോപം കത്തിജ്ജ്വലിച്ചു. നഖങ്ങള്‍ കൊണ്ട് മണ്ണില്‍ മാന്തി. ഫ്രാന്‍സിസും ചെന്നായയും മുഖാമുഖം നില്‍ക്കുകയാണ്! അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ വിളിച്ചു."ചെന്നായ സഹോദര!" ആ സംബോധനയുടെ പ്രതികരണം ചെന്നായയിലുണ്ടായി. അതിന് ഒരു ശാന്തത കൈവന്നു. ഫ്രാന്‍സിസിനേയും, ഇതെല്ലാം കണ്ട് വാ പിളര്‍ന്നു സ്തംഭിച്ചു നില്‍ക്കുന്ന ആ സ്ത്രീയേയും ചെന്നായ മാറി മാറി നോക്കി. ഒരു പ്രാര്‍ത്ഥനയ്ക്കെന്നവണ്ണം അവള്‍ കൈകൂപ്പി. അതോ പ്രതിരോധത്തിനോ!

ഫ്രാന്‍സിസ് വീണ്ടുമിങ്ങനെ പറഞ്ഞു: "ചെന്നായ് സഹോദരാ, യേശുവിന്‍റെ നാമത്തില്‍ ഞങ്ങളുടെ സഹോദരാ, ഞാന്‍ വന്നത് നിന്നെ കാണാനാണ്. നിനക്കുവേണ്ടിയാണ്. നിന്നെ ഞങ്ങള്‍ക്ക് ഞങ്ങളുടെ പട്ടണത്തില്‍ വേണം. ഗുബിയോ പട്ടണത്തിന്‍റെ സംരക്ഷകനും രക്ഷിതാവുമൊക്കെയാകുവാന്‍ നിനക്കു സാധിക്കുമോ എന്ന് നിന്നോട് ചോദിക്കുവാനാണ് ഇവരെല്ലാവരും എന്നോടൊത്തു വന്നിരിക്കുന്നത്. അതിനുപകരമായി ഞങ്ങള്‍ നീ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിന്നെ സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്തുകൊള്ളാം. പ്രതിജ്ഞയെടുക്കുന്നതിനായി ഇതാ ഞാന്‍ എന്‍റെ കരം നീട്ടുന്നു."

ചെന്നായുടെ നേര്‍ക്ക് ഫ്രാന്‍സിസ് കൈ നീട്ടി. ചെന്നായ ശാന്തനായിനിന്നു. ജനങ്ങളുടെ നേര്‍ക്ക് നോക്കിക്കൊണ്ട് യാതൊരു ചലനവുമില്ലാതെയാണതു നില്‍ക്കുന്നത്. താമസിയാതെ അത് സാവധാനം ഫ്രാന്‍സിസിന്‍റെയടുത്തേയ്ക്കു നടന്നു. അത് അതിന്‍റെ നഖമുള്ള മുന്‍പാദം അദ്ദേഹത്തിന്‍റെ നേര്‍ക്കു നീട്ടി. അങ്ങനെയവര്‍ കുറെ നേരം നിന്നു. അവര്‍ തമ്മില്‍ എന്താണു സംസാരിച്ചതെന്ന കാര്യം മാത്രം ഫ്രാന്‍സിസ് ഒരിക്കലും ആരോടും പറഞ്ഞില്ല.

ഫ്രാന്‍സിസ് വാത്സല്യത്തോടെ തന്‍റെ കൈകൊണ്ട് ചെന്നായയുടെ കഴുത്തില്‍ പിടിച്ചു. അദ്ദേഹം തന്‍റെ പുതിയ സഹോദരനുമൊത്ത് ആ ധീരവനിതയുടെയടുത്തേയ്ക്കു നടന്നു. അവര്‍ മൂന്നുപേരുംകൂടി മരവിച്ചു നില്‍ക്കുന്ന ആ ജനക്കൂട്ടത്തേയും കൊണ്ട് ഗുബിയോ പട്ടണത്തിലേയ്ക്കു നടന്നു!

You can share this post!

ഫ്രാന്‍സിസ് സുല്‍ത്താന്‍ സംഗമത്തിന്‍റെ ചരിത്രപരമായ സാഹചര്യം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

ദൈവസന്നിധിയിലേക്കുള്ള യാത്ര ഫ്രാന്‍സീസിന്‍റെ, ക്ലാരയുടെ പിന്നെ എന്‍റെയും

ഡോ. ജെറി ജോസഫ് OFS
Related Posts