ആധുനിക യുഗത്തിലെ ഫ്രാന്‍സിസ്കന്‍ മൂന്നാംസഭാംഗങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന വൈദികനാണ് ആര്‍സിലെ വികാരി എന്നറിയപ്പെടുന്ന വി. ജോണ്‍ മരിയ വിയാന്നി. അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനാചൈതന്യവും, ലളിതജീവിതവും, വൈദികശുശ്രൂഷയിലുള്ള തീക്ഷ്ണതയും എന്നെ ചെറുപ്പം മുതല്‍ ആകര്‍ഷിച്ചിരുന്നു. അദ്ദേഹം ദീര്‍ഘകാലം ജീവിച്ച ഫ്രാന്‍സിലെ കുഗ്രാമം സന്ദര്‍ശിക്കുവാന്‍ ഞാന്‍ വളരെ ആഗ്രഹിച്ചത് ഇക്കാരണത്താലാണ്. ഈ ആഗ്രഹം സാക്ഷാത്കരിക്കാന്‍ ഒരിക്കല്‍ അവസരം ലഭിച്ചത് ഈശ്വരകൃപയായി ഞാന്‍ കാണുന്നു.
പ്രസിദ്ധമായ റോണ്‍ നദീതീരത്തുകൂടിയുള്ള യാത്ര ഒട്ടേറെ ഹൃദ്യമായ അനുഭവമായിരുന്നു. ശാന്തമായി ഒഴുകുന്ന റോണ്‍ നദി, ഇരുകരകളും ഫലഭൂയീഷ്ഠമായ കൃഷിയിടങ്ങള്‍. അധികം വൈകാതെ ആര്‍സില്‍ എത്തി. ജോണ്‍മരിയ വിയാന്നി വികാരിയായിരുന്ന കൊച്ചു ദേവാലയവും താമസസ്ഥലവും ഉപയോഗിച്ചിരുന്ന വസ്തുക്കളുമെല്ലാം അതുപോലെ സൂക്ഷിക്കപ്പെടുന്നു. എന്തിനേറെ ആ കൊച്ചുപള്ളിയില്‍ നിത്യസന്ദര്‍ശകനായിരുന്ന, ഈശോയെ നോക്കി നിമിഷങ്ങള്‍ ചെലവഴിച്ച എളിയ കര്‍ഷകന്‍റെ മണ്‍കോരിയും കുട്ടയും വരെ അവിടെ കാണാം. എന്നും കണ്ടുമുട്ടുന്ന ഈ കൃഷീവലനോടു വിശുദ്ധന്‍ ഒരിക്കല്‍ ചോദിച്ചുപോലും ഇപ്പോള്‍ പള്ളിയില്‍ എന്തു ചെയ്യുന്നു എന്ന്. മറുപടി ഇങ്ങനെ ആയിരുന്നു: 'കുറെ സമയം ഈശോ എന്നെ നോക്കും. ഞാന്‍ ഈശോയേയും, അത്രമാത്രം' ഇതല്ലേ പ്രാര്‍ത്ഥന? പ്രാര്‍ത്ഥനയുടെ സുഗന്ധം.
ലിയോണ്‍ നഗരത്തിന്‍റെ പ്രാന്ത പ്രദേശമായ ഡാര്‍സില്ലി എന്ന സ്ഥലത്ത് ഒരു ചെറുകിട കര്‍ഷകന്‍റെ മകനായി 1786 മേയ് 8- ന് ജോണ്‍ ബാപ്റ്റിസ്റ്റ് വിയാന്നി ഭൂജാതനായി. കുഞ്ഞു വിയാന്നി പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വൈദികനാകുവാന്‍ അതിയായി ആഗ്രഹിച്ചു 1806-ല്‍ സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരിയില്‍ പഠനത്തില്‍ തീരെ പിന്നിലായിരുന്നു വിയാന്നി. എന്നാല്‍ ഈ ചെറുപ്പക്കാരന്‍റെ ആദ്ധ്യാത്മിക ചൈതന്യവും, ഭക്തിതീക്ഷ്ണതയും, സന്മനസ്സും സ്ഥലത്തെ മെത്രാനെ ആകര്‍ഷിച്ചു. എല്ലാവരും 'മണ്ടന്‍' എന്ന മുദ്രകുത്തിയെങ്കിലും 1815-ല്‍ മെത്രാന്‍ അദ്ദേഹത്തിനു തിരുപ്പട്ടം നല്കി. 1818-ല്‍ ഒറ്റപ്പെട്ട കുഗ്രാമമായ ആര്‍സില്‍ വിയാന്നിയെ വികാരിയായി ബിഷപ്പ് നിയമിച്ചു.
ഇടവകയിലെ ജനത്തിന്‍റെ ആത്മീയത പൊതുവെ ശുഷ്കമായിരുന്നു. ഏതാണ്ട് ഏകാന്തജീവിതമായി ആദ്യം തോന്നിയെങ്കിലും ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് വിയാന്നി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കൂടുതല്‍ സമയം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച ഈ എളിയ ദൈവമനുഷ്യന്‍റെ ജീവിതം സാവധാനം ആര്‍സിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. ദരിദ്രരേയും രോഗികളെയും അദ്ദേഹം സ്നേഹിച്ചു. ബലിയര്‍പ്പണം ഭക്തിസാന്ദ്രമായിരുന്നു. എളിയ ജീവിതശൈലിയും സൗമ്യമായ വാക്കുകളും അനേകരെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. ഗ്രാമീണര്‍ക്കു മനസ്സിലാകുന്ന വിധത്തില്‍ അദ്ദേഹം വചനം പ്രസംഗിച്ചു. ജനം അദ്ദേഹത്തിന്‍റെ ബലിയില്‍ പങ്കെടുക്കുവാന്‍ ഓടിക്കൂടി. വിയാന്നി പുണ്യവാളന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് അനുരഞ്ജന കൂദാശയുടെ പരികര്‍മ്മത്തിലാണ്. ദിവസവും പതിനെട്ടു മണിക്കൂറിലേറെ കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ച് അദ്ദേഹം ജനത്തിന് ആശ്വാസം നല്കി.
ജീവിതകാലത്ത് സഹവൈദികര്‍ അദ്ദേഹത്തെ തെറ്റിധരിക്കുകയും 'വിവരമില്ലാത്തവ' നെന്നും വിളിച്ചാക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ ബിഷപ്പ് ഡേവി നല്ലി തക്കമറുപടിയാണ് ഈ വൈദികര്‍ക്കു നല്കിയത്. 'ഈ വിവരമില്ലായ്മയുടെ ചെറിയൊരംശമെങ്കിലും എന്‍റെ എല്ലാ വൈദികരിലും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു. വിയാന്നിയുടെ സാന്ത്വന വചനങ്ങള്‍ കേള്‍ക്കാന്‍, പാപസങ്കീര്‍ത്തനത്തിനും പ്രാര്‍ത്ഥനാ സഹായത്തിനുമൊക്കെയായി അനേകായിരങ്ങള്‍ ആര്‍സ് ഗ്രാമത്തില്‍ തടിച്ചുകൂടി. ആള്‍ക്കൂട്ടത്തില്‍നിന്നും രക്ഷപെടാന്‍ അല്പം അകലെയുള്ള ആശ്രമത്തില്‍ അദ്ദേഹത്തിന് അഭയം തേടേണ്ടിവന്നു. ഓരോ പ്രാവശ്യവും നിര്‍ബന്ധത്തിനു വഴങ്ങിയാണ് തിരിച്ചുവന്നത്. 1859 ആഗസ്റ്റ് 4-ാം തീയതി തളര്‍ന്നുവീണ് എഴുപത്തിനാലാം വയസ്സില്‍ മരിക്കുന്നതുവരെ അദ്ദേഹത്തിന്‍റെ വിശ്രമരഹിതമായ ജീവിതം തുടര്‍ന്നു.