news-details
മറ്റുലേഖനങ്ങൾ

നിങ്ങള്‍ ശരിയായും നിങ്ങള്‍ക്കു യോജിക്കുന്ന ആളോടൊപ്പം തന്നെയാണോ എന്ന് സംശയിച്ചിട്ടുണ്ടോ? ആദ്യകാലങ്ങളിലുണ്ടായിരുന്ന ജീവാത്മകതയും അടുപ്പവുമെല്ലാം മങ്ങിപ്പോകുന്നതായി തോന്നിയിട്ടുണ്ടോ? സന്തോഷകരമായി തുടക്കത്തില്‍ അനുഭവപ്പെട്ട പലതും താല്പര്യമില്ലാത്തവയായി മാറിയോ? എങ്കില്‍ ഇത് സ്വാഭാവികം മാത്രം! നിങ്ങള്‍ക്കു നഷ്ടമായി എന്നു കരുതുന്ന ആഹ്ളാദങ്ങളെ തിരിച്ചു പിടിക്കാന്‍ ഒട്ടും അമാന്തിച്ചിട്ടില്ല!
മുന്‍കൂട്ടി പറയാന്‍ സാധിക്കുന്ന ചില ഘട്ടങ്ങളിലൂടെ  വിവാഹ ജീവിതം കടന്നുപോകുന്നുണ്ട്. സന്തുഷ്ട വിവാഹബന്ധങ്ങളില്‍പ്പോലും ഇത്തരം ഘട്ടങ്ങളിലെത്തുമ്പോള്‍ വേണ്ട സഹായങ്ങളും നിര്‍ദ്ദേശങ്ങളും ആവശ്യമായി വന്നേക്കാം. ഇതെല്ലാം സാധാരണമെന്നറിയുക. നാമെവിടെയാണ് നില്‍ക്കുന്നതെന്നും എന്താണ് ഇനി ചെയ്യേണ്ടതെന്നും ഒന്നു മനസിലാക്കാന്‍ ശ്രമിക്കാം. നമുക്ക് ഈ അടിസ്ഥാനഘട്ടങ്ങളുടെ പ്രത്യേകതകളിലൂടെ ഒന്നു കണ്ണോടിക്കാം.

1. പ്രണയാര്‍ദ്ര സ്നേഹത്തിന്‍റെ ഘട്ടം (ഉല്‍പ്പത്തി 29:20)

ഈ ഘട്ടം എന്നും നിലനില്‍ക്കണമെന്നു തോന്നുമാറ് സുന്ദരമായിരിക്കും.  പുതിയ സ്നേഹത്തിന്‍റെ ആരംഭത്തില്‍ എല്ലാം പൂര്‍ണ്ണതയുള്ളതായി കാണപ്പെടുന്നു. മുന്നിലെത്തുന്ന, നിങ്ങള്‍ക്കു തീരെ താല്പര്യമില്ലാത്ത വസ്തുതകള്‍ പോലും നിസ്സാരവത്കരിക്കാനോ സൗമ്യമായി തള്ളിക്കളയാനോ നിങ്ങള്‍ക്കായേക്കാം. പങ്കാളി പ്രതീക്ഷിക്കുന്നതിനും മുകളിലായിരിക്കും അപ്പോഴത്തെ നിങ്ങളുടെ പ്രവര്‍ത്തന രീതികള്‍. നിങ്ങള്‍ ഊര്‍ജ്ജസ്വലരും ജീവസുറ്റവരും പുതുസ്വപ്നങ്ങള്‍ നിറഞ്ഞവരുമായി കാണപ്പെടുന്നു. പ്രണയതീക്ഷ്ണതയാര്‍ന്ന ഈ ഘട്ടത്തില്‍ നിങ്ങളുടെ ഹൃദയം നിറയെ സ്നേഹവും പങ്കാളിയാല്‍ സ്നേഹിക്കപ്പെടുന്നുവെന്ന തിരിച്ചറിവുമായിരിക്കും. ഗവേഷണ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഇക്കാലഘട്ടത്തില്‍ നിങ്ങളുടെ തലച്ചോര്‍ ഡോപാമിന്‍, സെറോടോണിന്‍ തുടങ്ങിയവ ശുഭചിന്താകരമായ രാസവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നു എന്നാണ്.

2. യാഥാര്‍ത്ഥ്യബോധത്തിലെത്തിച്ചേരലും തുടര്‍നൈരാശ്യവും (പ്രഭാഷകന്‍ 17:9)

അനുയോജ്യമായ പങ്കാളിയെയാണ് നമുക്കു ലഭിക്കുന്നതെങ്കില്‍ പ്രണയം നിറഞ്ഞ കാലഘട്ടം എക്കാലത്തേയ്ക്കും നീണ്ടുനില്‍ക്കുന്നതായിരിക്കും എന്നത് വെറുമൊരു മിഥ്യാധാരണയാണ്. ഇത്തരം വ്യാമോഹങ്ങളാണ് പലപ്പോഴും വേര്‍പിരിയലിലും വിവാഹമോചനത്തിലും കൊണ്ടെത്തിക്കുക. പ്രണയപൂര്‍വ്വമായ സ്നേഹമെന്നാല്‍ സ്വാഭാവികമായി സംഭവിക്കേണ്ടതാണ്, പണിപ്പെട്ടു നേടേണ്ടതല്ല. രണ്ടാം ഘട്ടത്തിലെത്തുമ്പോഴേയ്ക്കും തങ്ങള്‍ ശരിയായ വ്യക്തിയോടൊപ്പമല്ല ജീവിതം തെരഞ്ഞെടുത്തതെന്ന് വ്യക്തികള്‍ ചിന്തിക്കാന്‍ തുടങ്ങുന്നു. ഇതിനെ യാഥാര്‍ത്ഥ്യത്തിലേയ്ക്കുള്ള പ്രവേശനഘട്ടമെന്നു വിളിക്കാം. ഇത്തരം നിരാശാബോധത്തിന്‍റെ ഒരു കാരണം തലച്ചോറില്‍ 'എര്‍ഡോര്‍ഫി'ന്‍റെ ഉല്പാദനം കുറയാനാരംഭിക്കുന്നു എന്നതാണ്. ഇതുമൂലം ഇത്രനാള്‍ സന്തോഷകാരണമായി കണ്ടിരുന്ന വ്യക്തിയെ ഇപ്പോള്‍ നിങ്ങളുടെ അസന്തുഷ്ടിക്കു കാരണമെന്നു കുറ്റപ്പെടുത്തുന്നു. നിങ്ങളുടെ മനോഭാവത്തിലെ വ്യതിയാനങ്ങള്‍ക്കെല്ലാം കാരണം പങ്കാളിയായിത്തീരുന്നു!

യാഥാര്‍ത്ഥ്യത്തിലേയ്ക്കുള്ള തിരിച്ചറിവിലെത്തുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദ ഘട്ടങ്ങളെപ്പറ്റി ഇനി നമുക്ക് വിശകലനം ചെയ്യാം.

1. ആഘാതം - ആദ്യത്തെപടി മാനസികാഘാതമായിരിക്കും. "ഈ വ്യക്തി ഞാനാഗ്രഹിച്ചതുപോലുള്ള ആളല്ല" എന്ന് മനസ്സില്‍ കരുതുന്നതിന്‍റെ ആഘാതം.

2. നിരാകരണം - അടുത്തപടി പങ്കാളിയെ നിരാകരിക്കലാണ്. അവരിലെ നിഷേധാത്മക ഗുണങ്ങളെ കണ്ടെത്താന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. പക്ഷേ ഈ ഘട്ടം ഏറെ നാള്‍ നീണ്ടുനിന്നേക്കില്ല.

3. വിശ്വാസവഞ്ചന -പങ്കാളിയോടുള്ള നിരാകരണം ആ വ്യക്തി തന്നോട് വിശ്വാസവഞ്ചന കാണിക്കുന്നു എന്ന തോന്നലിലേയ്ക്ക് അതിവേഗം കൊണ്ടുചെന്നെത്തിക്കും. 'പങ്കാളി യഥാര്‍ത്ഥ രീതികള്‍ മറച്ചുവച്ച് പെരുമാറി' എന്നോ, 'ഇപ്പോള്‍ വളരെയധികം മാറിയിരിക്കുന്നു' എന്നോ ഉള്ള ചിന്തകള്‍ വേദനയും നിരാശയും നിറയ്ക്കുന്നു.

4. വിലപേശല്‍ - ഉദാഹരണമായി "നിങ്ങള്‍ മദ്യപാനം ഒഴിവാക്കിയാല്‍ നിങ്ങളോട് കൂടുതല്‍ അടുത്ത് ഇടപെടാം." ഇങ്ങനെയുള്ള ഉപാധികള്‍ വയ്ക്കപ്പെടുന്നു.

5. നൈരാശ്യം- ഇതാണ് അവസാനത്തെ അവസ്ഥ. മുന്നോട്ടുള്ള ജീവിതത്തില്‍ ഇനി സന്തോഷം കൈവരിക്കാനാവില്ലെന്ന തോന്നലില്‍ ആളുകള്‍ ഹതാശരാകുന്നു.

ഈ ഒരു സ്റ്റേജിലെത്തുമ്പോഴേയ്ക്കും കുട്ടിക്കാലം മുതലുള്ള ആന്തരനൊമ്പരങ്ങള്‍ ചിറകുവിടര്‍ത്തിത്തുടങ്ങുന്നു. തത്ഫലമായുണ്ടാകുന്ന എല്ലാ ദുഃഖചിന്തകള്‍ക്കും കാരണമായി പങ്കാളിയെയാവും കാണുക. തുടര്‍ന്നുണ്ടാവുന്ന കുറ്റപ്പെടുത്തല്‍ മത്സരമാകട്ടെ ദാമ്പത്യ ബന്ധത്തെ ദുര്‍ബലമാക്കിക്കൊണ്ടുമിരിക്കും.

ഈ ഘട്ടത്തില്‍ വച്ചാണ് വളരെയധികം ദമ്പതികളും വേര്‍പിരിയലിലും വിവാഹമോചന നടപടികളിലും ചെന്നെത്തുന്നത്. മറ്റു ചിലരാകട്ടെ സമാന്തര ബന്ധങ്ങളിലേയ്ക്ക് വഴുതി നീങ്ങുകയും ദാമ്പത്യജീവിതത്തില്‍ ലഭിക്കാതിരുന്ന എല്ലാ സന്തോഷങ്ങളും ഈ ബന്ധത്തിലൂടെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഉത്കണ്ഠയും കടുത്ത നൈരാശ്യബോധവും ഇക്കാലയളവില്‍ നിറഞ്ഞു നില്‍ക്കും. പണ്ടൊരിക്കല്‍ പങ്കാളിയില്‍ നിങ്ങളിഷ്ടപ്പെട്ടിരുന്ന പല ഗുണങ്ങളും ഇപ്പോള്‍ നിങ്ങളില്‍  ഇച്ഛാഭംഗവും മുറിവുകളും സൃഷ്ടിക്കാന്‍ മാത്രം ഉതകുന്നതായിത്തീരും. അവന്/അവള്‍ക്ക്/ ഞങ്ങള്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന സ്വയം ചോദ്യത്തിലേയ്ക്ക് മെല്ലെ എത്തിച്ചേരുന്നു. ചിലര്‍ക്കാകട്ടെ വഞ്ചിക്കപ്പെട്ടതായോ നല്ല ഒരു പങ്കാളിയെ നഷ്ടപ്പെട്ടതായോ ഒക്കെ തോന്നിയേക്കും. ദമ്പതികള്‍ സഹകാരികളായി മാറുന്നതിനു പകരം എതിരാളികളായി മാറുന്ന കാഴ്ച! 'നിങ്ങള്‍ ഇത്രമാത്രം ചെയ്തിരുന്നെങ്കില്‍ എല്ലാം നന്നായി വന്നേനെ,' അല്ലെങ്കില്‍ 'കാര്യങ്ങളിങ്ങനെ പോയാല്‍ എന്‍റെ മുന്നോട്ടുള്ള ജീവിതം എങ്ങനെയായിത്തീരും' ഇങ്ങനെയൊക്കെ ചിന്തിച്ചും പറഞ്ഞും മുന്നോട്ടു നീങ്ങുന്നു. മെല്ലമെല്ലെ പങ്കാളികള്‍ പരസ്പരം കുറ്റപ്പെടുത്തല്‍, വിമര്‍ശിക്കല്‍, കുത്തുവാക്കുപറയല്‍, അടിച്ചമര്‍ത്തല്‍,  പിന്‍വലിയല്‍, മൗനം അവലംബിക്കല്‍ ഇവയൊക്കെ പ്രയോഗായുധങ്ങളാക്കുന്നു.

 

ചില ദമ്പതികളാകട്ടെ ഈ നിരാശാഘട്ടമെത്തുമ്പോഴേയ്ക്കും പ്രതിസന്ധി തരണം ചെയ്യാന്‍  തങ്ങാളാലാവുന്നതെല്ലാം ചെയ്തുമടുത്ത്, തല്കാലത്തേയ്ക്കോ, സ്ഥിരമായോ അകന്നു കഴിയുക എന്നതുമാത്രമേ ഇവിടെ ഹിതകരമാകൂ എന്ന് കരുതിപ്പോകാറുണ്ട്. ഏറെപ്പേരും പ്രതീക്ഷയറ്റവരായി മാറുന്ന ഈ സാഹചര്യത്തില്‍,  ഉറ്റ സുഹൃത്തുക്കളോ കുടുംബാംഗങ്ങള്‍ പോലുമോ ഈ ബന്ധം ഉപേക്ഷിക്കാന്‍ ഉപദേശിക്കുകയും ചെയ്തേക്കാം. വേറെ ചില ദമ്പതികളാകട്ടെ ഈ സാഹചര്യങ്ങളോട് എങ്ങനെയും ചേര്‍ന്നുനിന്ന് വെറുമൊരു മുറപോലെ ജീവിച്ചുപോവുകയും ചെയ്യുന്നു. കുറേപ്പേരാകട്ടെ കുട്ടികളെ പ്രതിയോ, മറ്റുള്ളവര്‍ എന്തു കരുതുമെന്നു ഭയന്നോ സാമ്പത്തിക സുസ്ഥിതി മാനിച്ചോ ഒക്കെ പരസ്പരബന്ധങ്ങളില്ലാതെ ഒരുമിച്ചു കഴിയുന്നു. ഇങ്ങനെ ഒരുമിച്ചു കഴിയുമ്പോഴും പങ്കാളിയെ ആവുന്നത്രയും ഒഴിവാക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

 

ഉദാഹരണമായി, ജോലികള്‍ കൂടുതല്‍ ചെയ്യുക, മുഴുവന്‍ ശ്രദ്ധയും സമയവും കുട്ടികള്‍ക്കായി ചെലവഴിക്കുക, ഏറെ സമയം ടി.വി. കാണുക, സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ഏര്‍പ്പെടുക, മദ്യവും മയക്കുമരുന്നും ഉപയോഗിക്കുക, ജോഗിംഗ്, ഹോബികള്‍ ഇവയ്ക്കൊക്കെ ഏറെ സമയം  കണ്ടെത്തുക എന്നിങ്ങനെ. ഇതെല്ലാം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് പങ്കാളിയില്‍നിന്നും നിങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ പാളിച്ചകളില്‍നിന്നും മാറിനില്‍ക്കുക എന്നതുതന്നെയാണ് എന്ന് ഒരാള്‍ മനസ്സിലാക്കാത്തിടത്തോളം കാലം പ്രശ്നങ്ങളില്‍നിന്ന് തങ്ങള്‍ രക്ഷപെടാനുള്ള വഴികളെല്ലാം തീര്‍ച്ചയായും സാവധാനം അടച്ചുകളയുകയായിരിക്കും.

ശുഭവാര്‍ത്ത!

നിങ്ങള്‍ക്ക് ഈ ഉല്‍ക്കടവ്യഥയോടെ കഴിയേണ്ട കാര്യമില്ല! അതിനായിട്ടല്ലല്ലോ നിങ്ങള്‍ വിവാഹിതരായത്.  യഥാര്‍ത്ഥ സ്നേഹത്തിലെത്തിച്ചേരാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളെ മനസിലാക്കാനായാല്‍ ഈ ഘട്ടത്തിലൂടെത്തന്നെ നിങ്ങളുടെ അടുപ്പവും ബന്ധവും ഊട്ടിയുറപ്പിക്കാനുള്ള ഒന്നാംതരം വഴിതന്നെ തുറന്നു കിട്ടുന്നതാണ്.

വ്യക്തികളെന്ന നിലയിലും പങ്കാളികളെന്ന നിലയിലും നിങ്ങളുടെ സാമര്‍ത്ഥ്യം തിരിച്ചറിയേണ്ട, അങ്ങനെ നിങ്ങളെ വളര്‍ത്താനുതകുന്ന അവസരങ്ങളാണ് ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍. വ്യക്തിത്വവളര്‍ച്ചയിലേയ്ക്കും സൗഖ്യപ്പെടലിലേയ്ക്കുമുള്ള വാതിലുകളാണിവ. സംഘര്‍ഷങ്ങള്‍ ഫലത്തില്‍ പ്രശ്നങ്ങളാകേണ്ടവയല്ല. എന്നാല്‍ ഇവിടെ എന്താണ്  ചെയ്യേണ്ടത് അല്ലെങ്കില്‍ അരുതാത്തത് എന്നതാണ് പ്രധാനപ്രശ്നം. പുതിയൊരു വിവാഹം ഇവിടെ ഒരിക്കലും പരിഹാരമാകാത്തതിനും കാരണങ്ങളുണ്ട്. അത് വീണ്ടും നിങ്ങളെ തുടക്കം മുതലുള്ള ഘട്ടങ്ങളിലൂടെ അവസാനഘട്ടം വരെ എത്തിച്ചേക്കും. വീണ്ടും നിങ്ങള്‍ സമാനാവസ്ഥയില്‍ത്തന്നെ എത്തിച്ചേരാന്‍ മാത്രമേ ഇത് ഇടയാക്കൂ. ഇപ്പോഴുള്ള നിങ്ങളുടെ വിവാഹബന്ധത്തില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ബന്ധത്തിന്‍റെ പുനരുദ്ധാരണത്തിനുള്ള അവസരങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിക്കൂടാ.

വിവാഹബന്ധത്തിലെ തുടര്‍ന്നുള്ള ഘട്ടങ്ങളെക്കുറിച്ച് അടുത്തലക്കത്തില്‍ പ്രതിപാദിക്കാം.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts