"ഓരോ പുഴയ്ക്കും ഓരോ താരാട്ടു പാട്ടുണ്ട്.
ഓര്‍മ്മകളില്‍നിന്നും ചിലപ്പോഴൊക്കെ
അവ നമ്മെ തേടി എത്തും.
അപ്പോള്‍ നാം ആ പുഴയോരത്ത് പതിപ്പിച്ചിട്ടു-
പോയ കാല്പാടുകളെ കുറിച്ചോര്‍ക്കും."
ഒരു പാതിരാവില്‍ ഈ പുഴയോരത്ത് ഏതാനും ആദിവാസി കൂട്ടുകാരുമായി തങ്ങുകയുണ്ടായി. ആ ഓര്‍മ്മകളില്‍ സഹ്യന്‍റെ മക്കളുടെ കണ്ണുനീരിന്‍റെ നനവുകള്‍ പുരണ്ടിരുന്നു. നിലാവില്‍ കുളിച്ചുനില്ക്കുകയായിരുന്നു കാടും പുഴയും. പുഴയ്ക്കന്ന് വല്ലാത്തൊരു സൗന്ദര്യമായിരുന്നു. കല്ലുകളില്‍ തട്ടിച്ചിതറുന്ന വെള്ളത്തുള്ളികളിലോരൊന്നിലും നിലാവ് നിറഞ്ഞുനിന്നു. റോഡ് മുറിച്ചുകടന്ന് പുഴയിലേക്കിറങ്ങിയ ഒരാനക്കൂട്ടം. കൊടും വേനലിന്‍റെ കാഠിന്യത്തില്‍ ഒരു തുള്ളി ദാഹനീരിനായി പകല്‍ മുഴുവന്‍ റോഡിനപ്പുറമുള്ള തേക്കിന്‍ത്തോട്ടത്തില്‍ നില്ക്കുകയായിരുന്നു. ചീറിപ്പായുന്ന ടൂറിസ്റ്റ് വാഹനങ്ങളെ മറികടക്കാനറിയാതെ നിസംഗരായി തൊണ്ട വരണ്ട് ഇരുള്‍ വീഴുന്നതുവരെ ആ ചൂടില്‍ കാത്തുനിന്നു. അവയില്‍ പലതിന്‍റെയും വാരിയെല്ലുകള്‍ തെളിഞ്ഞുനിന്നിരുന്നു. തീരെ അവശതയിലായ ഒരു കുട്ടിക്കൊമ്പനേയും അക്കൂട്ടത്തില്‍ കണ്ടിരുന്നു. മുറിവുകളേറ്റ് അവന്‍ പരിക്ഷീണനായിരുന്നു. ഇലകള്‍ കൊഴിഞ്ഞ തേക്കു മരത്തില്‍ ചാരി അവന്‍ കണ്ണുകളടച്ച് നിന്നു. റോഡിനപ്പുറമുള്ള പുഴയെ കൊതിയോടെ നോക്കിനില്ക്കുന്ന ആനക്കൂട്ടം. ആ ഓര്‍മ്മ തീരാനൊമ്പരമാണ്.
സൈലന്‍റ്വാലിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ഉത്സവമാക്കിമാറ്റുമ്പോള്‍ ഈ പുഴയോരത്താണ് ഒരു കാട്ടുകൊമ്പന്‍ വെടിയേറ്റുവീണത്. ഇല്ലാത്ത പരിവേഷങ്ങള്‍ ചാര്‍ത്തി ഒരു കാടിനെ പൊലിപ്പിച്ചു കാണിക്കുമ്പോള്‍, വേണ്ടത്ര കാവല്‍ക്കാരൊ, പരിചരണമൊ ലഭിക്കാതെ അതിനേക്കാള്‍ എത്ര മികച്ചകാടുകളാണ് നമ്മള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.
പുഴയിലേക്കിറങ്ങി ഒരു കുമ്പിള്‍ ജലം കോരിയെടുത്തപ്പോള്‍ അതില്‍ കരിയും ഓയിലുമൊക്കെ.
'പുഴവെള്ളം ചൂടാക്കി കുടിച്ചാല്‍ മതി' വാഴച്ചാലില്‍ നേച്ചര്‍ ക്യാമ്പിനു വന്ന കുഞ്ഞുങ്ങളോട് ചായക്കടക്കാരന്‍ സുകുചേട്ടന്‍ ഓര്‍മ്മപ്പെടുത്തി.
വാഴച്ചാലിനു മുകളില്‍ സിനിമാ ഷൂട്ടിങ്ങുകാരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. അങ്ങോട്ടു നടന്നപ്പോള്‍ സിനിമാക്കാര്‍ തടഞ്ഞു. പുഴയും ഈ കാടും ഇപ്പോള്‍ അവരുടെ നിയന്ത്രണത്തിലാണ്. ഒരു ചെറിയ ടൗണ്‍ഷിപ്പ്. പുഴയുടെ നടുവില്‍ ഒരു കെട്ടിടം ഉയര്‍ന്നിരിക്കുന്നു. പ്ലാസ്റ്റര്‍ ഓഫ് പാരിസിന്‍റേതാണത്. ഇപ്രാവശ്യം ഷൂട്ടിങ്ങിനായി കൊണ്ടുവന്ന കൊമ്പന്‍ പാപ്പാനെ കൊന്നിരിക്കുന്നു. ആ കാട് കണ്ടപ്പോള്‍ അവന്‍റെ പൂര്‍വ്വകാലത്ത് നഷ്ടപ്പെട്ട പച്ചവര്‍ണ്ണം ഓര്‍മ്മയില്‍ വന്നിരിക്കാം. എത്ര വര്‍ഷമായിരിക്കും ആ പാവം വിലങ്ങുകളോടെയും വിലക്കുകളോടെയും നടന്നിരുന്നത്.
കഴിഞ്ഞ മാസം കുറച്ചു കുരുന്നുകളോടൊപ്പം ആതിരപ്പിള്ളി ജലപഥത്തിലേക്കുള്ള ഗെയിറ്റിലെത്തി. പ്ലാസ്റ്റിക് നിരോധനത്തിന്‍റെ തീവ്രമായ ചെക്കിംഗ്, ഗെയിറ്റില്‍. പക്ഷേ കാടിനകത്തളം മുഴുവന്‍ പ്ലാസ്ററിക്കും ഭക്ഷ്യാവശിഷ്ടങ്ങളുമായിരുന്നു. പുഴയോരം കുപ്പിച്ചില്ലുകളും. വിശുദ്ധതയാര്‍ന്ന ഇത്തരം ആരണ്യങ്ങള്‍ ടൂറിസത്തിന്‍റെയും വികസനത്തിന്‍റെയുമൊക്കെ പേരും പറഞ്ഞു നമ്മള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. കുടിക്കുന്ന ജലത്തിനു ദുര്‍ഗന്ധം. ശ്വസിക്കുന്ന വായുവില്‍ ടൂറിസ്റ്റു വണ്ടികളുടെ പുക. കാടിന്‍റെ ഹരിതവര്‍ണ്ണത്തിനുമേല്‍ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണങ്ങളോടെ ആര്‍ത്തട്ടഹസിച്ചു വന്നിറങ്ങുന്ന ടൂറിസ്റ്റുകള്‍.
എന്‍റെ ഇങ്ങോട്ടുള്ള യാത്രയിലുടനീളം പുഴയുടെ പൊട്ടിച്ചിരിക്ക് കാതോര്‍ക്കുകയാണ്. പക്ഷേ, കരച്ചിലാണ് കാതില്‍ വന്നണയുന്നത്. ആമാശയം നിറയെ പ്ലാസ്റ്റിക് നിറഞ്ഞു ചത്ത ഒരു പുള്ളിമാന്‍. പുഴയുടെ മാറില്‍ തോട്ട എറിഞ്ഞു മീന്‍ പിടിക്കുന്ന പുതിയ ആദിവാസി തലമുറ. കുടിവെള്ളത്തില്‍ ചായം പുരട്ടുവാന്‍ എത്തിയവര്‍. പാതിരാവില്‍ പുഴയിലെ മണല്‍ ചാക്കില്‍നിറച്ചു വിറ്റു കാശാക്കുന്നവര്‍. പകലന്തിയോളം തൊണ്ട വരണ്ട് പുഴയെ നോക്കിനില്ക്കുന്ന ഒരാനക്കൂട്ടം. ഇനിയും ഈ പുഴയെ തടവിലിട്ട് എല്ലാത്തിനേയും മുക്കിക്കൊല്ലാം എന്ന പദ്ധതികളുമായി മുന്നോട്ട് പോകുന്നവര്‍.
നമ്മുടെ വികസനമാണിത്.
ഓര്‍മ്മയിലേക്കൊരു പാവം പക്ഷിക്കുഞ്ഞ് കടന്നുവരുന്നു. അമ്മയേയും കാത്തിരിക്കുകയാണത്. അമ്മക്കിളി ഏതോ ടൂറിസ്റ്റു ചവച്ചു തുപ്പിയ ചുയിംഗം എന്തോ തീറ്റയാണെന്നു കരുതി, കൊത്തിയെടുത്ത് മരക്കൊമ്പിലേക്കു പറന്നു. കൊക്കില്‍ കുരുങ്ങിയ ആ പശ പുറത്തുകളയുവാന്‍ പലകുറി മരക്കൊമ്പിലുരക്കുകയും തല കുടയുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ അതിന്‍റെ ശരീരം ജീവനറ്റ് അതേ മരത്തിനു കീഴെ കിടന്നിരുന്നു. വെള്ളം കുടിക്കുവാനൊ ഇരപിടിക്കുവാനൊ കഴിയാതെ....
അമ്മയെ കാത്ത് വിശക്കുന്ന വയറോടെ ഇരിക്കുന്ന കിളിക്കുഞ്ഞിനെ നമുക്ക് മറക്കാം...
വികസനം... ഇതും വികസനമാണ്...