news-details
സഞ്ചാരിയുടെ നാൾ വഴി

നമ്മുടെ വീട്ടിലുള്ളവര്‍ക്ക് ഒരു പ്രശ്നമുണ്ട്. ലോകത്തുള്ള മുഴുവന്‍ പേരുടെയും സങ്കടങ്ങള്‍ സ്വന്തം സങ്കടങ്ങളായെണ്ണുക. പിന്നെ അതില്‍ ജീവിതകാലം മുഴുവന്‍ വെന്തുരുകുക - അടുത്തയിടെ കണ്ട ഒരു ചലച്ചിത്രത്തില്‍ ജ്യേഷ്ഠന്‍ അനുജനോട് പറയുകയാണ്, കണ്ണിലെ നനവ് ആരും കാണുന്നില്ലെന്ന് ഞാനുറപ്പ് വരുത്തി. അപ്പോള്‍ അങ്ങനെയും ചില മനുഷ്യരുണ്ട് ഭൂമിയില്‍. ചിലപ്പോള്‍ ദൈവത്തോട് അമര്‍ഷംപോലും തോന്നാറുണ്ട് ഇത്തരം ചില സാധുജന്മങ്ങളെ  പടച്ചതിന്‍റെ പേരില്‍. പരസഹസ്രം അദൃശ്യനൂലുകളാല്‍ അവരീ പ്രപഞ്ചത്തോട് ബന്ധപ്പെട്ടിരിക്കുന്നു. ഏതു നാരുമുറുകിയാലും അവരുടെ ചെറിയ പ്രാണന്‍ വലിഞ്ഞുമുറുകും. എന്നിട്ടും അവരിലാണ് ദൈവത്തിന്‍റെയും ഭൂമിയുടെയും കണ്ണ്. അവര്‍ ഇല്ലാതിരുന്നെങ്കില്‍ ഈ നീലഗ്രഹത്തിന്‍റെ നിലനില്‍പ്പ്തന്നെ അപകടത്തിലായേനെ. ക്രിസ്തുവിന്‍റെ ഭാഷയില്‍ ഭൂമിയുടെ പുളിമാവ്. അവരാണ് ഭൂമിയുടെ അപ്പക്കഷണങ്ങളെ ഇത്രമേല്‍ സൗമ്യവും മൃദുലവുമാക്കുന്നത്. ദോസ്തോവ്സ്കിയുടെ അലോഷ്യയുടെ മനസ്സാണവര്‍ക്ക് - All of us are responsible for everything and I even more  എല്ലാവര്‍ക്കും എല്ലാത്തിനോടും ഉത്തരവാദിത്വമുണ്ട്, എനിക്കാവട്ടെ കുറച്ചേറെയും എന്ന് കുമ്പസാരിക്കുന്ന ആള്‍.  

എല്ലായിടത്തും കാര്യങ്ങള്‍ അങ്ങനെയല്ല താനും. തങ്ങള്‍ക്ക് നേരിട്ട് ഉത്തരവാദിത്വമുള്ള കാര്യങ്ങളില്‍പ്പോലും ഒരു വീണ്ടുവിചാരത്തിന്‍റെ സാദ്ധ്യത അവശേഷിപ്പിക്കാതെ മനുഷ്യര്‍ ആഘോഷമായി കൈകഴുകി മാറുകയാണ്, ആ പഴയ റോമന്‍ ഗവര്‍ണറെപ്പോലെ: പൊന്തിയോസ് പീലാത്തോസ്! എനിക്ക് ഈ നീതിമാന്‍റെ രക്തത്തില്‍ പങ്കില്ല. അയാള്‍ക്ക് മാത്രം നിയന്ത്രിക്കാനാവുമായിരുന്ന ഒരു നാടകത്തിന്‍റെ ഭരതവാക്യം! അങ്ങനെ വരുമ്പോള്‍ മാനവരാശിയുടെ മുമ്പില്‍ രണ്ടുപാത തെളിയുന്നു- അലോഷ്യയുടെയും, പൊന്തിയൂസ് പീലാത്തോസിന്‍റെയും.

പൊതുവെ പഴയനിയമത്തെക്കുറിച്ചുള്ള ഒരു നിരീക്ഷണമതാണ്. ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്വത്തിന്‍റെ ബാറ്റണ്‍ മറ്റാര്‍ക്കോ കൈമാറി ഒരു റിലേ ഓട്ടത്തിലെന്നപോലെ സ്വസ്ഥരാവുന്നുവെന്നത്. ആ കളി ഉല്‍പ്പത്തിപുസ്തകത്തില്‍ നിന്നാരംഭിക്കുന്നു. വിലക്കപ്പെട്ട കനി സ്ത്രീ നല്കിയതുകൊണ്ട് ഭക്ഷിച്ചുവെന്ന് ആദവും സര്‍പ്പം പറഞ്ഞതുകൊണ്ട് പാളിപ്പോയെന്ന് ഹവ്വയും പറയുന്നു. അടുത്ത തലമുറയില്‍ ആ ഒഴിഞ്ഞുമാറല്‍ കുറേക്കൂടി കഠിനവും സങ്കീര്‍ണ്ണവുമാകുന്നു. നിന്‍റെ സഹോദരന്‍ എവിടെ എന്ന് ആരാഞ്ഞ ദൈവത്തെ ഞാനാണോ അവന്‍റെ കാവല്‍ക്കാരന്‍ എന്ന മറുചോദ്യംകൊണ്ട് കായേന്‍ നേരിടും. അവനല്ലെങ്കില്‍ പിന്നെ ആരാണ് ആബേലിന്‍റെ കാവല്‍ക്കാരന്‍? അതില്‍നിന്ന് വ്യത്യസ്തമായി പുതിയനിയമം തന്‍റേതല്ലാത്ത ഉത്തരവാദിത്വങ്ങള്‍പോലും ഏറ്റെടുക്കാനുള്ള ക്ഷണവുമായിട്ടാണ് ആരംഭിക്കുന്നത്. ഒരാള്‍ മറ്റൊരാളെ ചൂണ്ടിക്കാണിച്ച് സ്വസ്ഥമാകുന്ന ഈ കളി അവസാനിക്കണം. സ്വന്തം ജീവിതപാഠം വഴിയാണ് ക്രിസ്തു അത് ചെയ്തത്. അങ്ങനെയാണവന്‍ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്ടിന്‍ കുട്ടിയായത്. തന്‍റെ സഹനത്തെ ആ ഉത്തരവാദിത്വത്തിന്‍റെ ഭാഗമായിട്ടാണ് അവന്‍ പരിഗണിച്ചത്. ആരോ ചോദിക്കുന്നു, നിങ്ങളല്ലല്ലോ അത് ചെയ്തത്. അതിനെന്ത്? കളിച്ചുകൊണ്ടിരിക്കുന്ന രണ്ടു കുഞ്ഞുങ്ങള്‍, ചേട്ടായിയും അനിയത്തിക്കുട്ടിയും. ഒരു പൂപ്പാത്രം നിലത്തുവീണ് ഉടഞ്ഞു. അമ്മ ചോദിച്ചു, നീയല്ലേ അത് ചെയ്തത്?  അല്ലെന്നു പറയാവുന്നതേയുള്ളു. അതാണ് സത്യവും. എന്നാല്‍ അങ്ങനെ പറഞ്ഞാല്‍ തന്‍റെ അനിയത്തിക്കുട്ടിയെ അപകടത്തില്‍ ചാടിക്കുകയാണെന്ന് അവന് അറിയാം. അതുകൊണ്ട് അവന്‍ ഒന്നും മിണ്ടാതെ നില്ക്കും. ഏതാണ്ട് അതുപോലെ അയാളും. ക്രിസ്തുവിനെ സംവത്സരങ്ങള്‍ക്ക് മുമ്പേ അകക്കണ്ണില്‍കണ്ട് ഏശയ്യാ നെടുവീര്‍പ്പിടുന്നുണ്ട്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. നമ്മുടെ രോഗങ്ങളാണ് അവന്‍ വഹിച്ചത്. നമുക്ക് വേണ്ടിയവന്‍ ബലിക്കുഞ്ഞാടായി.

സ്നേഹിക്കുകയെന്നാല്‍ ചില ഉത്തരവാദിത്വങ്ങളുടെ നുകം ചുമലിലും നെഞ്ചിലും ഏറ്റുവാങ്ങുകയാണെന്ന് ക്രിസ്തു ഭൂമിയെ ഓര്‍മ്മിപ്പിച്ചു. ഒരാളുടെ ജീവന് അവസാനത്തോളം കൂട്ടുപോകുക. അതിന് ദൈവസന്നിധിയില്‍ കണക്കു പറയുക. അതുകൊണ്ടാണയാള്‍ കൂട്ടം തെറ്റിയ ആടിനെത്തേടി പോകുന്നത്. കളഞ്ഞുപോയ നാണയത്തെ തിരികെ കിട്ടുവോളം ആ ദരിദ്ര സ്ത്രീയോടൊപ്പം പരിഭ്രമിക്കുന്നത്.

നമ്മളുടേത്കണക്ക് സാധാരണ മനുഷ്യര്‍ തന്നെയായിരുന്നു അവന്‍റെ ശിഷ്യന്മാര്‍. ചില കടമകളില്‍നിന്ന് വളരെ വേഗത്തില്‍ വിദഗ്ദ്ധമായി പുറത്ത് കടക്കാന്‍ കെല്‍പ്പുള്ളവര്‍! സുവിശേഷത്തിലെ ഒരു സംഭവമെടുക്കട്ടെ. ദീര്‍ഘമായ ഒരു പ്രഭാഷണത്തിനൊടുവില്‍ ശിഷ്യന്മാര്‍ ക്രിസ്തുവിനോട് പറയുകയാണ്, അവരെ ഗ്രാമങ്ങളിലേക്ക് പറഞ്ഞ് അയക്കുക. അവര്‍ ക്ഷണം തിരയട്ടെ. അത് കരുണയില്ലാത്ത ഒരു പോംവഴിയാണ്. മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ വളരെവേഗത്തിലാണ് ഇരുട്ട് വീഴുന്നത്. ഒപ്പം വളരെ കുറച്ച് ഗ്രാമങ്ങളും, അവയ്ക്കിടയിലാകട്ടെ ദീര്‍ഘമായ അകലങ്ങളും. രാത്രിയുടെ അസന്ദിഗ്ധതകളിലേക്ക് അവരെ തള്ളിയിടുകയാണെന്ന് സാരം. നേരം വൈകുന്നു എന്ന ശിഷ്യന്‍മാരുടെ കണ്ടെത്തല്‍ അതില്‍ത്തന്നെ ഒരു നുണയാണെന്ന മറ്റൊരു നിരീക്ഷണം കൂടിയുണ്ട്. കാരണം പിന്നെയും കുറേ കാര്യങ്ങള്‍ കൂടി രേഖപ്പെടുത്തിയതിനുശേഷമാണ് - അപ്പം വര്‍ദ്ധിപ്പിക്കല്‍, ശിഷ്യരെ നൗകയില്‍ കയറ്റി അക്കരയ്ക്ക് വിടുക, ആള്‍ക്കൂട്ടത്തോട് വിടപറഞ്ഞ് മലമുകളിലേക്ക് പ്രാര്‍ത്ഥിക്കാന്‍ പോവുക - മര്‍ക്കോസ് ഇങ്ങനെ എഴുതുന്നത്, അങ്ങനെ സന്ധ്യയായി (6:47). എന്നാല്‍ ക്രിസ്തു അവരോട് പറഞ്ഞു: നിങ്ങള്‍ തന്നെ അവര്‍ക്കെന്തെങ്കിലും ഭക്ഷിക്കാന്‍ കൊടുക്കുക. ശിഷ്യരുടെ പ്രശ്നം അവര്‍ അവരോട് തന്നെ മതിപ്പ് പുലര്‍ത്തില്ലായെന്നതാണ്. ക്രിസ്തു അവരെ ഗൗരവമായി എടുക്കുന്നതുപോലെ അവര്‍ അവരെത്തന്നെ ഗൗരവമായി എടുക്കുവാന്‍ അഭ്യസിച്ചിട്ടില്ല. ഇപ്പോള്‍ അവര്‍ മറ്റൊരു നിര്‍ദ്ദേശം വെച്ചു നീട്ടുന്നു. ഇരുന്നൂറ് ദനാറ ശേഖരിച്ച് അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കട്ടെ. എന്തിനും ധനവും, കമ്പോളവും ഉത്തരമായി കരുതുന്ന നമ്മുടെ വര്‍ത്തമാന കാലത്തിന്‍റെ നിഴല്‍ അതില്‍ വീണു കിടപ്പുണ്ട്. ആ പരിഹാരത്തെ ബോധപൂര്‍വ്വം അവഗണിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്, സ്വന്തം സാദ്ധ്യതകളെ മാത്രം ഉപയോഗപ്പെടുത്തി നമുക്ക് പരിഹരിക്കാനാവുന്ന ചില പ്രതിസന്ധികളുണ്ട്. ചില കാര്യങ്ങളുടെ വ്യാപ്തിയും ബാഹുല്യവും കണ്ട് പകച്ചുനില്‍ക്കുകയല്ല വേണ്ടത്. ചെറുതെങ്കിലും സൃഷ്ടിപരമായ ചില ഇടപെടലുകളാണവ.

നല്ല സമരിയാക്കാരന്‍റെ കഥ റെസ്പോണ്‍സബിള്‍ സ്നേഹത്തിന്‍റെ ഉപമയാണ്. വളരെ വേഗത്തില്‍ څഭൂമിയിലെ പരുക്കേറ്റവരെ നിങ്ങള്‍ക്ക് ഒഴിവാക്കാവുന്നതേയുള്ളൂ. ദേവാലയവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന രണ്ടു പേരാണത് ചെയ്തതെന്ന് ക്രിസ്തു പറയുമ്പോള്‍ അപരനെ ശ്രദ്ധിക്കാതെ അവനവന്‍റെ ആത്മീയാനുഷ്ഠാനത്തില്‍ മാത്രം മുഴുകി സ്വസ്ഥരാവുന്ന എല്ലാ കാലത്തിലെയും څഭക്തരെ ഓര്‍ത്തുള്ള നെടുവീര്‍പ്പുണ്ടാകണം. ഓരോരോ കാര്യങ്ങളില്‍ ഇടപെട്ടാല്‍ തങ്ങള്‍ക്കെന്തു പറ്റുമെന്ന ഭയമാണവരെ ഭരിക്കുക. സമരിയാക്കാരനാവട്ടെ, അവനെ താന്‍ അവഗണിച്ചാല്‍ അവനെന്തു സംഭവിക്കുമെന്ന് തന്നോട് തന്നെ ചോദിക്കാന്‍ പ്രകാശമുള്ളയാളാണ്. സ്വാഭാവികമായും അത്തരം ഒരു ശ്രദ്ധയില്‍ ചെറുതല്ലാത്ത വില അയാള്‍ക്ക് നല്കേണ്ടതായി വരും. യാത്ര വൈകുന്നു. മടിശ്ശീലയുടെ കനം കുറയുന്നു. ഏതാണ്ട് ഒരു കടക്കാരനെപ്പോലെയാണയാള്‍ ആ ഉപമയില്‍ നില്ക്കുന്നത്. ഞാന്‍ തിരികെ വരുമ്പോള്‍ അധികമായി ചെലവഴിച്ചതൊക്കെ നിശ്ചയമായും വീട്ടാം. ഇതാണ് ക്രിസ്തു പറയുന്ന രണ്ടാം മൈല്‍. ഒരു കാതം നടക്കാന്‍ ആവശ്യ പ്പെടുന്നവരോട് രണ്ടു കാതം നടക്കുക. എന്‍റേതല്ലാത്ത ചില നുകങ്ങള്‍ ക്ളേശങ്ങള്‍ സഹിച്ചുപോലും ചുമലിലേറ്റാനുള്ള ക്ഷണമാണത്. മിക്കവാറും എല്ലാവരും തന്നെ ഇപ്പോള്‍ ഒന്നാം കാതം നന്നായി ജീവിച്ചുതീര്‍ക്കുന്നുണ്ട്. ഇല്ലാതെ പോകുന്നത് ആ രണ്ടാം മൈലാണ്. കണ്ണന്‍ എന്നൊരു സഹപാഠിയുണ്ട്. ബാംഗ്ളൂരില്‍ ഐ.റ്റി സെക്റ്ററിലാണ് ജോലി. നാല്പതിനായിരം രൂപ ശമ്പളമുണ്ട്. എന്നിട്ടും കഴിഞ്ഞ പത്തുവര്‍ഷങ്ങളായെങ്കിലും മെട്രോനഗരത്തില്‍ തന്‍റെ ജീവിതച്ചെലവ് രണ്ടായിരം രൂപയ്ക്ക് താഴെയായി നിര്‍ത്തുന്നുണ്ടവന്‍. കുറച്ച് അവില്‍ വിളയിച്ചതാണ് മൂന്നുനേരങ്ങളിലായി അവന്‍റെ ഭക്ഷണം. പെരുന്നാളും ഉത്സവവുമൊക്കെ അവന്‍ ആഘോഷിക്കുന്നത് ഒരു ചെറുപഴം കൂടി വാങ്ങി. ഇങ്ങനെയവന്‍ അരിഷ്ടിച്ച് ജീവിച്ച് അതേ നഗരത്തിലെ ആറോളം കുട്ടികളെ പ്രൊഫെഷണല്‍ കോഴ്സ് പഠിപ്പിക്കുന്നുണ്ട്. അവര്‍ക്ക് മാസാവസാനം മെസ് ഫീ കെട്ടാനാണ് കണ്ണന്‍ ഭഗവാനെപ്പോലെ അവിലു മാത്രം څഭക്ഷിക്കുന്നത്. ക്രോണിക്ക് ബാച്ചിലറായ കണ്ണന്‍ തന്‍റെ ഒന്നാം മൈല്‍ ഒരിക്കലും ജീവിച്ചതായി തോന്നുന്നില്ല. കണ്ണന് രണ്ടാം മൈല്‍ മാത്രമേയുള്ളു. അവനോടൊപ്പം ഏതാനും ദിവസങ്ങള്‍ ചെലവഴിച്ചു മടങ്ങി വന്നപ്പോള്‍ ചോറിന് രണ്ടോ മൂന്നോ തരം കറികള്‍ കാണുമ്പോള്‍ത്തന്നെ കുറ്റബോധം തോന്നി. ദൈവം സഹായിച്ചിട്ട് അത് അധികകാലം നീണ്ടില്ല. ഞാന്‍ ഓക്കെയായി. കണ്ണന്‍ അവിലുതിന്ന്, അവിലുതിന്ന് കടന്നുപോകട്ടെ.

ഏറ്റവും അടുത്തവരില്‍ കുറെക്കൂടി ശ്രദ്ധപുലര്‍ത്തിയാണ് ഉത്തരവാദിത്വത്തിന്‍റെ ഈ ജീവിതക്രമം ആരംഭിക്കേണ്ടതെന്ന് ക്രിസ്തു കരുതി. അതുകൊണ്ടാണ് തന്‍റെ സ്നേഹിതരോട് ചിതറപ്പെട്ട ഇസ്രയേലില്‍ നിന്ന് ആരംഭിക്കുവാന്‍ ക്രിസ്തു ആവശ്യപ്പെട്ടത്. പതുക്കെ പതുക്കെ ആ സ്നേഹവലയത്തിന്‍റെ വ്യാസം വര്‍ദ്ധിച്ചുകൊള്ളും. ഒരധ്യാപകന് ക്ലാസ്സ് മുറിയാണ് അയാളുടെ ഇസ്രയേല്‍. വീട്ടമ്മയ്ക്ക് അത് വീടാവാം. വൈദികന് തന്‍റെ ഇടവക. കൂടെ നില്ക്കുന്നവരെ പ്രകാശിപ്പിക്കാനുള്ള ക്ഷണമാണ് ആരംഭത്തില്‍. ശരിയാണ്, ഉറ്റവരുടെ ഭൗതികമായ കാര്യങ്ങളില്‍ അസാധാരണ ശ്രദ്ധ പുലര്‍ത്തുന്നു നമ്മള്‍. വിശേഷപ്പെട്ട ഒരു ഭക്ഷണം പാകപ്പെടുത്തുമ്പോള്‍പ്പോലും വീട്ടില്‍ ഇല്ലാത്ത ഒരാള്‍ക്കുവേണ്ടി ഒരു കോപ്പ മാറ്റിവെയ്ക്കുന്ന അത്രയ്ക്ക് സാധുമനുഷ്യരാണ് നമ്മള്‍. എന്നാല്‍ ആ പരിഗണനയോ ശ്രദ്ധയോ പരസ്പരം നമ്മുടെ  ആന്തരിക ജീവിതത്തില്‍ പുലര്‍ത്തുന്നതായി തോന്നുന്നില്ല. സഹോദരന്‍റെ കാവല്ക്കാരന്‍ എന്നു പറയുമ്പോള്‍ അവന്‍റെ ശരീരത്തിന്‍റെ മാത്രം കാവല്ക്കാരനാണെന്ന്  ആരെങ്കിലും കരുതുന്നുണ്ടോ. പരസ്പരം തിരുത്താനുള്ള ഉത്തരവാദിത്വവും നമുക്കുണ്ടെന്ന് സൗകര്യപൂര്‍വ്വം നാം മറന്നുകളയുന്നു. അതുകൊണ്ടാണ് എസെക്കിയേല്‍ ഇങ്ങനെ കുറിച്ചത്: "ആരെങ്കിലും ഒരാള്‍ തെറ്റില്‍ ജീവിച്ചിട്ട് നീ അവനെ തിരുത്താതെ അവന്‍റെ തെറ്റില്‍ അവന്‍ മരണമടഞ്ഞാല്‍ ആ മരണത്തിന് നീ കൂടെ ഉത്തരവാദിയാണ്." ജീവന്‍റെ കാവല്‍ക്കാരായില്ലെങ്കില്‍ പിന്നെ പലതലങ്ങളിലുള്ള മരണങ്ങള്‍ക്ക് ഉത്തരവാദിയായി തലകുനിച്ചു നില്‍ക്കുക എന്ന സാദ്ധ്യതയേ അവശേഷിക്കുന്നുള്ളു...

ഒന്നോര്‍ത്താല്‍ എന്താണ് പാപം? ഒരാള്‍ അയാളുടെ ഉത്തരവാദിത്വത്തെ മറന്നുപോകുന്നു. സ്വാഭാവികമായും ചെറിയ ചെറിയ പ്രലോഭനങ്ങളുടെ ചൂണ്ടക്കൊളുത്തില്‍ അയാള്‍ കുരുങ്ങിപ്പോകും. കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോളും നിരത്തിലൂടെ വണ്ടി ഓടിക്കുമ്പോഴുമൊക്കെ അതു ബാധകമാണ്.

You can share this post!

ആലിംഗനം

ഫാ.ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts