മണുക്കൂസ്...!
നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല. അവര്‍ നിങ്ങളിലൂടെ വന്നുവെന്നു മാത്രം. നിങ്ങളുടെ സ്വപ്നങ്ങള്‍ അവര്‍ക്കു നല്‍കരുത് പകരം അവരുടെ സ്വപ്നങ്ങള്‍ നിങ്ങളുടെ സ്വപ്നങ്ങളാക്കി മാറ്റുക"
-ഖലീല്‍ ജിബ്രാന്‍.
ബുദ്ദൂസ്, മണ്ടൂസ്, ഉഴപ്പന്‍, മടിച്ചി, പൊട്ടന്‍... കുറഞ്ഞ പക്ഷം, 'മണുക്കൂസ്' എന്നെങ്കിലുമാണ് വിടര്‍ന്ന കണ്ണുകളോടെ അതിശയംകൊണ്ടു വായ് അല്‍പംതുറന്ന് എല്ലാം പുതുമയോടെ വീക്ഷിക്കുന്ന, കാര്യപ്രാപ്തിയില്‍ സാധാരണയിലും അല്‍പം പുറകോട്ട് നില്‍ക്കുന്ന കുട്ടികളെ നാം പൊതുവേ വിശേഷിപ്പിക്കുന്നത്.
മണിയടിയുടെ മുഴക്കത്തില്‍ കൃത്യമായി പാഠപുസ്തകങ്ങള്‍ തുറക്കുകയും പഠനമെന്ന പാല്‍പ്പായസത്തില്‍ മുങ്ങിക്കുളിച്ച് പഠിക്കേണ്ടവ കൃത്യമായി പഠിച്ച് മിടുക്കന്‍മാരും മിടുമിടുക്കികളും ആകുന്ന, സാറുമ്മാരുടെ കണ്ണിലുണ്ണികളുടെ ഈ ലോകത്ത് പാഠം പഠിക്കേണ്ടതിന്‍റെ നൂലാമാലകളില്‍ ശ്രദ്ധിക്കാതെ, നമ്മുടെ സാധാരണ വീക്ഷണകോണുകള്‍ക്ക് പിടിതരാതെ, അസാധാരണമായ ചുവടുകള്‍ ചവിട്ടുന്ന ചില മണുക്കൂസുകള്‍ക്കു വേണ്ടിയാണീകുറിപ്പ്. എന്‍റെ കാഴ്ചയുടെ ഇത്തിരിവട്ടങ്ങളില്‍ ഒത്തിരി വെട്ടം തന്ന അഭ്രപാളിയിലെ ചില വേറിട്ട ആവിഷ്കാരങ്ങളെ ഒന്നു നമസ്കരിക്കുന്നു. 'റ്റു സര്‍ വിത്ത് ലവ്' എന്ന ചലച്ചിത്രം മുതല്‍ 'താരേ സമീന്‍ പര്‍', 'ചിത്രശലഭങ്ങളുടെ വീട്', '3 ഇഡിയറ്റ്സ്' വരെ എത്തിനില്‍ക്കുന്ന ചില ചലച്ചിത്രങ്ങള്‍ പ്രദാനം ചെയ്യുന്ന നന്മയും സുകൃതവും സ്വീകരിക്കാന്‍ എനിക്കു ത്രാണിയുണ്ടോ എന്ന സംശയത്തോടുകൂടിത്തന്നെയാണ് ഇതെഴുതുന്നത്.
നമ്മുടെ നാട്ടില്‍ ജൂണിലെ പെരുമഴയില്‍ ഒരു മഴപെയ്ത്തുപോലെ ഒത്തിരി ആഗ്രഹങ്ങളും പ്രതീക്ഷകളുമായി വിദ്യാലയത്തിന്‍റെ പടിചവിട്ടുന്ന ഓരോ കുട്ടിയും വിരഹത്തിന്‍റെ വേദനയോ വരണ്ട മാര്‍ച്ചിന്‍റെ ദുഃഖങ്ങളോ ഇല്ലാതെ അതിരറ്റ ആഹ്ലാദത്തോടെയാണ് വേനലവധിക്ക് കോപ്പുകൂട്ടുന്നത്. അതെ, എന്‍റെ വിദ്യാലയങ്ങളും അധ്യാപകരും തിരികെചെല്ലാന്‍ കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍ ഒന്നുംതന്നെ എനിക്കു സമ്മാനിച്ചിട്ടില്ല. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങള്‍ ഒഴിച്ചാല്‍ 99% കുട്ടികളുടേയും അവസ്ഥ ഇതുതന്നെ.
ഇന്ന് വിദ്യാലയങ്ങള്‍ എന്‍ജിനിയര്‍മാരെയും ഡോക്ടര്‍മാരെയും മാത്രം പ്രോത്സാഹിപ്പിക്കുന്ന, അതിനായി പടയൊരുക്കം നടത്തുന്ന ഫാക്ടറികള്‍ മാത്രമായി മാറുമ്പോള്‍ വിദ്യാര്‍ത്ഥി വെറും ഒരു product അഥവാ ഉല്‍പ്പന്നമായി തരംതാഴുന്നു. 'An IIT product' തുടങ്ങിയ പ്രയോഗങ്ങള്‍ അതു ശരിവയ്ക്കുകയാണ്. ഇപ്രകാരം വിദ്യാഭ്യാസം 'ചരക്കും' അദ്ധ്യാപകന്‍ 'ഉല്‍പ്പാദകനും' ആകുമ്പോള്‍ വിദ്യാര്‍ത്ഥി വെറും 'ഉല്‍പ്പന്നം' മാത്രമാവുന്നു. ഉയര്‍ന്ന ഗുണനിലവാര മാനദണ്ഡങ്ങളുടെ ബാറില്‍തട്ടി താഴെവീഴുന്ന പൊട്ടും പതിരുമുള്ളവര്‍ സെക്കന്‍ഡ് ഹാന്‍ഡുകളുടെപോലും മാര്‍ക്കറ്റില്ലാത്ത ഉണങ്ങിയ ഉല്‍പ്പന്നമായി പുറന്തള്ളപ്പെട്ടു കഴിയുമ്പോള്‍ സമൂഹം നാസി ഭരണകാലത്തേക്കാളും അപചയത്തിലേക്കാണു നീങ്ങുന്നതെന്ന് ആരും അറിയുന്നില്ല. അപകടകരമായ സ്ഥിതിവിശേഷം ഇവിടെ നിലനില്‍ക്കേതന്നെ, ഈ അപകടത്തിന്‍റെ വരുംവരായ്കകളെപ്പറ്റിയുള്ള വിചിന്തനങ്ങള്‍ ഒരു വരേണ്യവര്‍ഗ്ഗത്തിനു മാത്രം സ്വായത്തമാക്കാവുന്ന ബദല്‍ശൈലികളായി മാറിപ്പോകുന്നു. വരേണ്യവര്‍ഗ്ഗം എന്നതുകൊണ്ട് സമ്പന്നവര്‍ഗ്ഗത്തെ മാത്രമല്ല ഉദ്ദേശിക്കുന്നത്, വേറിട്ടു ചിന്തിക്കുന്ന, സാംസ്കാരിക തലങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താനാവുന്ന ഒരുപറ്റം സ്വപ്നാടകരെക്കൂടിയാണ്. അന്നത്തിനും ജീവിതത്തിനുമിടയില്‍ ഈ ലോകത്തിലെ വേഷങ്ങളെല്ലാം ആടിത്തീര്‍ക്കേണ്ടി വരുന്നവന്‍റെ ഗതികേടിനു മുന്‍പില്‍ അധികം ബദലുകളില്ല. ബദലുകളെ സൃഷ്ടിച്ച്, ആ ബദലുകള്‍ അന്നത്തിനും ഉപകരിക്കും എന്നു കാട്ടികൊടുക്കാന്‍ ഇവിടെ ആളുകളുമില്ല.
സപ്തവര്‍ണ്ണങ്ങളും പീലിവിരിച്ചാടുന്ന നിറക്കൂട്ടുകളുടെ ആകാശത്തെ സ്വപ്നം കാണുന്ന വിടര്‍ന്ന കുരുന്നു കണ്ണുകള്‍, ഇന്ന് മുതിര്‍ന്നവന്‍റെ കണ്ണാടിയിലെ ലോകത്തിന്‍റെ പ്രതിബിംബങ്ങള്‍ കണ്ട് നിറംകെട്ട് കുഴിയിലേക്ക് ആണ്ടുപോയിരിക്കുന്നു. കുഞ്ഞുങ്ങളുടെ പ്രതീക്ഷകള്‍ ചോര്‍ന്നുപോയ ലോകത്തുനിന്ന് അപ്രതീക്ഷിതമായ പലതും കേള്‍ക്കുന്നു. ആത്മഹത്യകള്‍, വിഷാദരോഗങ്ങള്‍... അങ്ങനെ പലതും. താരതമ്യപ്പെടുത്തലുകളും അളവുകോലുകളും വേഗതയുടെ, കാര്യപ്രാപ്തിയുടെ ഗ്രാഫില്‍ കുതിച്ചുചാട്ടങ്ങള്‍ നടത്തുന്നവരെ മാത്രം തേടുമ്പോള്‍ കണക്കുകള്‍ കഥപറയും: ഇന്‍ഡ്യയില്‍ ഓരോ രണ്ടു മണിക്കൂറിലും സംഭവിക്കുന്നുണ്ട്, ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ!
'മണുക്കൂസുകള്‍' പുറന്തള്ളപ്പെടലിന്‍റെ, അവഗണനയുടെ വേദനകള്‍ പേറുന്നവരാണ്. വലിയ മുന്‍പല്ലുകളും വിടര്‍ന്ന കണ്ണുകളുമുള്ള 'ഇഷാന്‍' (താരേ സമീന്‍ പര്‍ എന്ന ചിത്രത്തിലെ കഥാപാത്രം) പേറുന്ന അവഗണന നമ്മുടെ ഉള്ളില്‍ വേദനയായി വിങ്ങുന്നുവെങ്കില്‍ മനസ്സിലാകും, കാര്യപ്രാപ്തിയുടെ, അമിത വേഗതയുടെ പൊള്ളത്തരങ്ങളെ!
വീടുകളിലും വിദ്യാലയങ്ങളിലും താരതമ്യേന പിറകിലായി പോകുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് വിശ്വാസത്തോടെ നോക്കി കഥപറയാന്‍, അവരുടെ ലോകത്തിലെ കഥകള്‍ പറയാന്‍ ഒരാളെ ആവശ്യമാണിന്ന്. കണക്കുകൂട്ടലുകളുടെ പെരുമഴയില്‍ നാളെ ഇവന്‍ ആരായിത്തീരണം എന്നു തീരുമാനിച്ചുറപ്പിക്കുന്ന വ്യവസ്ഥാപിത സാമൂഹിക ചുറ്റുവട്ടങ്ങളില്‍ പുറന്തള്ളപ്പെട്ടുപോകുന്ന, ശല്യക്കാരനെന്നു പൊതുവേ മുദ്രകുത്തപ്പെടുന്ന ഓരോ കുഞ്ഞിനും അവനെ/അവളെ മുഴുവനായും കേള്‍ക്കാനും അവരുടെ ലോകത്തിലേക്കിറങ്ങി ചെല്ലാനും ഒരു കൈത്താങ്ങ് (അത് മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങി ആരുടെ രൂപത്തിലെങ്കിലും) പ്രതീക്ഷിക്കാമോ?
മുന്‍പു ഞാന്‍ നമസ്കരിച്ച അഭ്രപാളിയിലെ ഓരോ കാവ്യസൃഷ്ടിയിലും ഓരംചേര്‍ന്നു പോയ കുഞ്ഞുങ്ങളുടെ മനസ്സിനെ കൈ പിടിച്ചു യര്‍ത്താന്‍ മനസ്സുകാണിച്ച അധ്യാപകര്‍ ഉണ്ടായിരുന്നു. അതെ, ഈ കഥകളോരോന്നും കുഞ്ഞുങ്ങളുടെ വേദനകളെപറ്റി മാത്രമല്ല, അവരുടെ മിടുക്കരായ അദ്ധ്യാപകരെകുറിച്ചുകൂടിയാണ്. ഇന്നീ കഥകളോരോന്നും വീണ്ടും കാണുമ്പോഴുള്ള സങ്കടം അപ്രകാരം ഒരദ്ധ്യാപകന്‍ എന്‍റെ വിദ്യാഭ്യാസകാലഘട്ടത്തിന് അന്യമായിരുന്നല്ലോ എന്നതാണ്.
അനന്തമായ ആകാശത്തിലേക്ക് ചിറകുവിരിച്ച് പറന്നകലുന്ന ആകാശപ്പറവയെപോലെ സ്വപ്നങ്ങളുടെ അതിരുകളെ മായിച്ച് മായിച്ച് പറന്നുയരാന്‍ മോഹിക്കുന്ന വിടര്‍ന്ന കുഞ്ഞിക്കണ്ണുകളുടെ മുമ്പില്‍ ആദരവോടെ നില്‍ക്കാന്‍, എനിക്കും നിങ്ങള്‍ക്കും ഒരിക്കലും മനസ്സിലാവാത്തത്ര ഔന്നത്യമുള്ള അവരുടെ ലോകത്തിലേക്ക് ഒന്നെത്തിനോക്കാന്‍, സമാധിയിലുള്ള അവരുടെ ഉള്ളില്‍ നിന്ന് വര്‍ണ്ണങ്ങള്‍ നിറഞ്ഞ ചിത്രശലഭങ്ങളെ പുറത്തെടുക്കാന്‍, സ്വാതന്ത്ര്യത്തിന്‍റെ തുറന്ന വിഹായസ്സിലേക്ക് പറത്തിവിടാന്‍, കുറഞ്ഞപക്ഷം 'മണുക്കൂസ്' എന്ന ലേബലില്‍നിന്ന് മാറിച്ചിന്തിക്കാന്‍ എങ്കിലും എനിക്കാവുമോ?