ഞങ്ങള്‍ മൂന്നുപേരിരുന്ന് ചായ കുടിക്കുകയായിരുന്നു. സംസാരം നമ്മുടെ ചുറ്റുവട്ടത്തുള്ളവരുടെ നന്മയെക്കുറിച്ചായിരുന്നു. തിന്മ നമ്മുടെ ശ്രദ്ധയെ പെട്ടെന്ന് ആകര്‍ഷിക്കുന്നതുകൊണ്ട് അതിനു കൂടുതല്‍ പ്രചാരം കിട്ടുന്നുണ്ട്. അത്രകണ്ട് നാടകീയമൊന്നുമല്ലല്ലോ നന്മ. അതുകൊണ്ട് അതിന് അധികം പ്രചാരം കിട്ടുന്നില്ല എന്നേയുള്ളൂ.
സൈമണച്ചന്‍ - വ്യക്തികളുടെ യഥാര്‍ത്ഥ പേരുകളല്ല ഈ ലേഖനത്തിലുള്ളത്- അദ്ദേഹത്തിന്‍റെ ഇടവകയിലെത്തിയ ഒരു സ്ത്രീയെക്കുറിച്ചു പറഞ്ഞു. പാവപ്പെട്ടവര്‍ക്കുവേണ്ടി അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി അവര്‍ ആരാഞ്ഞു. ഒരിക്കല്‍ അവര്‍ ഫോണ്‍ വിളിച്ചു ചോദിച്ചു: "നിങ്ങള്‍ക്ക് എത്ര കാശിന്‍റെ ആവശ്യമുണ്ട്?" തുക പറഞ്ഞപ്പോള്‍, അവരുടെ അടുത്ത ചോദ്യം: "ഏറ്റവും വേഗത്തില്‍ തുക എത്തിക്കാനുള്ള മാര്‍ഗം ഏതാണ്?" അതു പറഞ്ഞയുടന്‍തന്നെ അവര്‍ കാശയച്ചു. കൂട്ടത്തില്‍ ഒരു കുറിപ്പും: "എനിക്കു നിങ്ങളെ വിശ്വാസമാണ്. ഇതെങ്ങനെയാണു ചെലവഴിക്കുന്നതെന്ന് എന്നെ അറിയിക്കേണ്ടതില്ല." കുടുംബസ്വത്തിന്‍റെ പങ്ക് പിന്നീട് അവര്‍ക്കു കിട്ടിയപ്പോള്‍, അതു മുഴുവനും അവര്‍ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി കൊടുത്തു. അമേരിക്കക്കാരിയാണ് അവര്‍. സ്വന്തമായി റേഡിയോയില്ല, റ്റി.വിയില്ല, വീഡിയോ ഇല്ല. അത്രയും വാങ്ങാന്‍ കഴിവില്ലാത്തവരാണ് അവര്‍. അതിനായി അവര്‍ ശ്രമിച്ചിട്ടുമില്ല. അവര്‍ക്ക് അതിലും പ്രധാനം ദരിദ്രരായ കുഞ്ഞുങ്ങളെ പഠിപ്പിക്കുക എന്നതാണ്.
ചെന്നൈയിലുള്ള തങ്ങളുടെ സ്ഥലം വിറ്റ കാശുമായി ഒരു ഭാര്യയും ഭര്‍ത്താവും ഒരച്ചന്‍റെ അടുത്തെത്തി. അദ്ദേഹം ആളുകള്‍ക്കുവേണ്ടി നന്മ ചെയ്യുന്ന, കാശിനോട് ആര്‍ത്തിയില്ലാത്ത ഒരു മനുഷ്യനായിരുന്നു. അവര്‍ അതു മുഴുവന്‍ അച്ചനു കൊടുത്തു.
മധ്യവയസ്കരായ ഒരു ഭാര്യയെയും ഭര്‍ത്താവിനെയും എന്‍റെ സുഹൃത്തായ ഒരച്ചന്‍ പരിചയപ്പെടുത്തിത്തന്നു. അയാള്‍ക്കു ജോലിയുണ്ട്; ഭാര്യ വീട്ടമ്മയാണ്. അവരിരുവരും ചേര്‍ന്ന് ഇരുപതു പാവപ്പെട്ട വൃദ്ധരെ സംരക്ഷിക്കുകയാണ്.
സ്റ്റീഫനച്ചന്‍ തന്‍റെ ഇടവകയില്‍ കുട്ടികള്‍ക്കുവേണ്ടി ആരംഭിച്ച ഒരു സേവിംഗ്സ് പദ്ധതിയെക്കുറിച്ചു പറയുകയുണ്ടായി. ഓരോ കുട്ടിയും ഒരു ദിവസം ഒരു രൂപ കണ്ടെത്തണം. എല്ലാ തിങ്കളാഴ്ചയും ഓരോ കുട്ടിയും ഏഴു രൂപ വീതവുമായി വരണം. സ്കൂള്‍ വര്‍ഷാവസാനം ഓരോ കുട്ടിയുടെയും പേരില്‍ 300 രൂപ വീതമുണ്ടാകും. ഓരോ കുട്ടിയുടെയും വിഹിതത്തില്‍ താനും 300 രൂപ വീതം ഇടുമെന്നാണ് അച്ചന്‍ ഉറപ്പു നല്കിയിരുന്നത്. അങ്ങനെ സ്കൂള്‍ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ഓരോ കുട്ടിക്കും സ്വന്തമായി 600 രൂപയുണ്ടാകും. ആയിരം കുട്ടികള്‍ ഇതില്‍ പങ്കാളികളായി. പക്ഷേ വര്‍ഷാവസാനം എത്തിയപ്പോഴേക്കും അച്ചനു താന്‍ പറഞ്ഞ മുഴുവന്‍ തുകയും കണ്ടെത്താനായില്ല. അദ്ദേഹം അതു കുട്ടികളോടു തുറന്നു പറഞ്ഞു. പലകുട്ടികളും മുന്നോട്ടു വന്ന് അച്ചനോടു പറഞ്ഞു: "എനിക്ക് എന്‍റെ 300 രൂപ ആവശ്യമില്ല. പാവപ്പെട്ട ആര്‍ക്കെങ്കിലും അതു കൊടുത്തോളൂ."
അടുത്തയിടെ ജോലിക്കു പ്രവേശിച്ചവളാണു ഷീല. കുറഞ്ഞശമ്പളം, കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍. തന്‍റെ ശമ്പളം എങ്ങനെയാണ് അവള്‍ ബഡ്ജറ്റ് ചെയ്യുന്നത്? മാസത്തിന്‍റെ ആരംഭത്തില്‍തന്നെ ശമ്പളത്തിന്‍റെ പത്തുശതമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി അവള്‍ മാറ്റിവയ്ക്കും. അവളുടെ വാദം ഇതാണ്: "മാസാവസാനം വരെ നോക്കിയിരുന്നാല്‍ പാവപ്പെട്ടവര്‍ക്കു കൊടുക്കാന്‍ ഒന്നുമുണ്ടാകില്ല."
ധന്യയ്ക്കു പാവപ്പെട്ടവരെ സഹായിക്കണമെന്നുണ്ട്. അവള്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി വന്നു. ഒരു കാര്യത്തിലെ അവള്‍ക്കു നിര്‍ബന്ധമുള്ളൂ: "ഞാന്‍ ചെയ്യുന്നതു മറ്റാരും അറിയാന്‍ പാടില്ല."
ജോര്‍ജ്ജും റീത്തയും യുവദമ്പതികളാണ്. അയല്‍പക്കത്തുള്ള രോഗിണിയായ സ്ത്രീയെ അവരെന്നും സന്ദര്‍ശിച്ചിരുന്നു. ആ സ്ത്രീയുടെ മരണശേഷം ഭര്‍ത്താവ് ഒറ്റയ്ക്കായി. ജോര്‍ജ്ജും റീത്തയും അയാളെ തങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചു. താനുമായി ഒരു രക്തബന്ധവുമില്ലാത്ത അവരുടെ ജീവിതത്തില്‍ അത്രയും ഭാരമാകാന്‍ അയാള്‍ക്കു മനസ്സില്ലായിരുന്നു. ഒരുദിവസം അവര്‍ ഇരുവരും അയാളുടെ വീട്ടിലേക്കു നേരെ കയറിച്ചെന്ന്, പായും തലയണയും എടുത്ത് ഇങ്ങുപോന്നു! അയാള്‍ അവരെ അനുഗമിച്ചു. തങ്ങളുടെ പുതിയ വീട്ടിലെ ഏറ്റവും നല്ല ബെഡ്റൂം അവര്‍ അയാള്‍ക്കു നല്കി. മരിക്കുവോളം അയാളെ അവര്‍ ശുശ്രൂഷിച്ചു. വീട്ടിലെ കുട്ടികളും അയാളെ സ്വന്തമായി കരുതി.
കുട്ടികള്‍ക്കുവേണ്ടി മൂല്യബോധന ക്ലാസുകള്‍ എടുക്കുന്ന ഒരാള്‍ നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക മാത്രമല്ല ചെയ്തത്. ഒരാഴ്ച ഒരു ഭക്ഷണം ഉപേക്ഷിക്കാന്‍ കുട്ടികളെക്കൊണ്ട് അയാള്‍ പ്രതിജ്ഞയെടുപ്പിക്കുന്നു. അങ്ങനെ കിട്ടുന്ന തുകകൊണ്ട് പാവപ്പെട്ടവരെ അവര്‍ സഹായിക്കുന്നു. നമ്മെപ്പോലുള്ള പത്തോനൂറോ പേര്‍ ഇങ്ങനെ ഒരുമിക്കുകയാണെങ്കില്‍ എന്തെല്ലാം കാര്യങ്ങളാണു നമുക്കു ചെയ്യാനാവുക.
വലിയൊരു ക്ലബിലെ അംഗമാണു ജയ. അതിന്‍റെ അംഗങ്ങള്‍ അനാവശ്യമായ ഒരുപാടു കാര്യങ്ങള്‍ക്കുവേണ്ടി പണമൊഴുക്കുന്നതായി അവള്‍ക്കറിയാം. അവള്‍ ഇങ്ങനെ ഒരു നിര്‍ദ്ദേശം വച്ചു: "ഇപ്പോള്‍ നിങ്ങളുടെ കൈയിലുള്ള കാശില്‍ 50 രൂപ നിങ്ങളുടേതല്ലെന്നു നിങ്ങള്‍ കരുതുക. എന്നിട്ടത് പാവപ്പെട്ടവരെ സഹായിക്കാനായിട്ടു നല്കുക." അങ്ങനെ നല്ലയൊരു തുക അവര്‍ ശേഖരിക്കാറുണ്ട്.
വിന്‍സെന്‍റ് ഒരു പാവപ്പെട്ട വീട്ടിലാണു ജനിച്ചത്. ഒരു ശരാശരി കുട്ടി. എന്നിട്ടും ഇന്ന് അവന്‍ ജീവിതത്തില്‍ ഒരുപാട് ഉയര്‍ന്നിരിക്കുന്നു. അതിനു കാരണം, പഠിക്കാനുള്ള ഫീസ് അവനു നല്കാന്‍ ഒരാള്‍ തയ്യാറായതുകൊണ്ടാണ്. കൂടാതെ അവനു ബുദ്ധിമുട്ടുള്ള കണക്കുവിഷയത്തില്‍ അവനെ അയാള്‍ സഹായിക്കുകയും ചെയ്തു.
നമുക്കൊക്കെ -എത്ര പ്രായമേറിയവരാകട്ടെ, എത്ര ചെറുപ്പമാകട്ടെ- എത്ര വേണമെങ്കിലും സ്നേഹിക്കാനാകും; ഒപ്പം എത്ര ക്രൂരരാകാനുമാകും. ഏതു തെരഞ്ഞെടുക്കണമെന്നു തീരുമാനിക്കുന്നത് നാമാണ്. നമ്മുടെ കുഞ്ഞുങ്ങളും വിദ്യാര്‍ത്ഥികളും ഏതു തെരഞ്ഞെടുക്കണമെന്നതും നമ്മെ ആശ്രയിച്ചാണിരിക്കുന്നത്. നാം ഏറ്റവും പ്രാധാന്യത്തോടെ കരുതുന്നവയായിരിക്കും കുട്ടികള്‍ക്കും ഏറ്റവും പ്രധാനപ്പെട്ടവ. ജീവിതത്തില്‍ ഒഴിവാക്കാനാവാത്തവയെന്നു നാം കാണിച്ചുകൊടുക്കുന്നവ കുട്ടികളും നെഞ്ചോടു ചേര്‍ക്കും.