news-details
മറ്റുലേഖനങ്ങൾ

ധ്യാനം മാറ്റത്തിലേക്കു നയിക്കുന്നു

('വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്' മത്താ. 7:1).

നിങ്ങള്‍ക്കു ചെയ്യാനാവുന്ന സ്നേഹത്തിന്‍റെ ഏറ്റവും നല്ല പ്രവൃത്തി സേവനമല്ല, ധ്യാനമാണ്, കാഴ്ചയാണ്.

നിങ്ങള്‍ ആളുകള്‍ക്കുവേണ്ടി സേവനം ചെയ്യുമ്പോള്‍ നിങ്ങള്‍ സഹായിക്കുകയും പിന്തുണ നല്കുകയും ആശ്വസിപ്പിക്കുകയും വേദന കുറയ്ക്കുകയും ഒക്കെയാണ്. എന്നാല്‍, നിങ്ങള്‍ക്ക് ആളുകളുടെ അകത്തെ നന്മയും സൗന്ദര്യവും കാണാനായാല്‍ നിങ്ങള്‍ അവര്‍ക്കു കരുത്തേകും, പുതിയതായി അവരെ സൃഷ്ടിക്കും.

1. നിങ്ങള്‍ക്ക് ഇഷ്ടമുള്ള, നിങ്ങളെ ഇഷ്ടമുള്ള കുറച്ചുപേരെക്കുറിച്ച് ഒന്നു ചിന്തിക്കുക.

ഇനി, നിങ്ങളുടെ പഴയകാല അറിവിന്‍റെയോ നല്ലതോ മോശമോ ആയ അനുഭവത്തിന്‍റെയോ സ്വാധീനം കൂടാതെ, ആദ്യം കാണുകയാണെന്ന രീതിയില്‍ അവരെയൊന്നു കാണാന്‍ ശ്രമിക്കുക.

ചിരപരിചയംകൊണ്ട് നിങ്ങള്‍ ശ്രദ്ധിക്കാതെ പോയ ഏന്തെങ്കിലും കാര്യം അവരിലുണ്ടോ എന്നു നോക്കുക. ചിരപരിചയംകൊണ്ട്, എന്നും ഒരേ രീതിയില്‍ മാത്രം നോക്കിയിരുന്നതുകൊണ്ട് ചില കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകാനിടയുണ്ട്. എന്നും ഒരേ കാര്യങ്ങള്‍തന്നെ കണ്ടാല്‍ നമുക്കു ബോറടിക്കും. പുതുമയോടെ കാര്യങ്ങള്‍ കാണാന്‍ ആയില്ലെങ്കില്‍ നിങ്ങള്‍ക്കു സ്നേഹിക്കാനാവില്ല. ഒരാളില്‍ പുതിയതായി എന്തെങ്കിലും എന്നും കണ്ടെനായില്ലെങ്കില്‍, അയാളെ നിങ്ങള്‍ക്കു സ്നേഹിക്കാനാവില്ല.

2. ഇനി നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഒന്നു കാണുക. അവരിലെ ഏതെല്ലാം കാര്യങ്ങളാണ് നിങ്ങള്‍ക്ക് അരോചകമായത് എന്നു കാണുക. നിഷ്പക്ഷമായും നിര്‍മ്മമമായും ആ കുറവുകളെക്കുറിച്ചു പഠിക്കുക.

അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്കു പിന്നെ ചില ലേബലുകള്‍ -അഹങ്കാരി, മടിയന്‍, സ്വാര്‍ത്ഥന്‍, തലക്കനമുള്ളവന്‍ തുടങ്ങിയവ- മനുഷ്യരുടെമേല്‍ ഒട്ടിച്ചുവയ്ക്കാന്‍ സാധിക്കില്ല. ഓരോ ലേബലും മാനസികമായ നിങ്ങളുടെ അലസതയെയാണു കാണിക്കുന്നത്. കാരണം, ഒരു ലേബല്‍ ഒട്ടിച്ചുകഴിഞ്ഞാല്‍, അതനുസരിച്ച് അയാളോട് ഇടപെട്ടാല്‍ മതിയല്ലോ. ഒരാളെ അയാളുടെ തനിമയില്‍ കാണുക എന്നത് ബുദ്ധിമുട്ടേറിയതും വെല്ലുവിളി നിറഞ്ഞതുമാണ്.

അന്യരിലെ അപാകതകളെ നിങ്ങള്‍ ക്ലിനിക്കല്‍ സൂക്ഷ്മതയോടെ പഠിക്കണം. അതായത്, നിങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ച് നിങ്ങള്‍ ഉറപ്പുവരുത്തിയിരിക്കണം.

എ. അപരനില്‍ നിങ്ങള്‍ കാണുന്ന കുറവ് ചിലപ്പോള്‍ ഒരു കുറവേ അല്ലായിരിക്കാം എന്നൊരു  സാധ്യതയെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുക. നിങ്ങള്‍ വളര്‍ന്ന സാഹചര്യവും നിങ്ങള്‍ രൂപപ്പെടുത്തിയെടുത്ത ചിലധാരണകളും നിമിത്തം നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ഒരിഷ്ടക്കേടാകാം അത്.

ബി. ഇങ്ങനെ ചിന്തിച്ചിട്ടും അയാളിലെ കുറവ് കുറവായിത്തന്നെ നിങ്ങള്‍ കാണുന്നുവെങ്കില്‍, ഇപ്പറയുന്നതൊന്നു മനസ്സിലാക്കാന്‍ നോക്കുക: ആ കുറവ് അയാളുടെ  കുഞ്ഞുന്നാളിലെ അനുഭവങ്ങള്‍കൊണ്ടും അയാളെ രൂപപ്പെടുത്തിയെടുത്ത സാഹചര്യങ്ങള്‍കൊണ്ടും അബദ്ധധാരണകള്‍ കൊണ്ടും സംഭവിച്ചതാകാം. ഒരാളിലെ കുറവ് അവബോധമില്ലാത്തതുകൊണ്ട് സംഭവിക്കുന്നതാണ്; മനഃപൂര്‍വ്വം സംഭവിക്കുന്നതല്ലത്.

ഇങ്ങനെ കാണാനാകും തോറും നിങ്ങളില്‍ ക്ഷമയും സ്നേഹവും നിറയും. കാരണം കാണുക, നിരീക്ഷിക്കുക, മനസ്സിലാക്കുക എന്നുവച്ചാല്‍ ക്ഷമിക്കുക എന്നാണര്‍ത്ഥം.
സി. ഒരാളിലെ കുറവുകളെക്കുറിച്ച് ശരിയായി മനസ്സിലാക്കിയതിനുശേഷം, നിങ്ങളുടെ അനിഷ്ടം മൂലം നിങ്ങള്‍ ഇതുവരെ കാണാതിരുന്ന അയാളിലെ നന്മകളെ ഒന്നു കണ്ടെത്തുക.

ഡി. ഇങ്ങനെ നിങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ മനോഭാവങ്ങളില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുന്നുവോ എന്നു സ്വയം നിരീക്ഷിക്കുക.

നിങ്ങള്‍ക്കു പരിചയമുള്ള, നിങ്ങളുമായി ബന്ധപ്പെടുന്ന ഓരോ വ്യക്തിയെയും നിങ്ങള്‍ ഈ രീതിയില്‍ നിരീക്ഷിച്ച് പഠിക്കുക. അവര്‍ ഓരോരുത്തരും നിങ്ങളുടെ മുമ്പില്‍ പുതിയ രൂപത്തില്‍ അവതരിച്ചു തുടങ്ങും.

ഇങ്ങനെ അവരെ കാണുക എന്നതാണ്, അവര്‍ക്കു ചെയ്തു കൊടുക്കുന്ന ഏതു സഹായത്തേക്കാളും വലിയ കാര്യം. കാരണം, നിങ്ങള്‍ അവര്‍ക്ക് നിങ്ങളുടെ ഹൃദയത്തില്‍ ഇടം നല്കുകയാണ്; അത് അവരെ സ്വയം മാറാന്‍ പ്രേരിപ്പിക്കുകയാണ്.

3. ഇനി ഇതേരീതിയില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ഒന്നു കാണുക. മറ്റുള്ളവരെ നോക്കിയ അതേ രീതിയില്‍ നിങ്ങളെ നിങ്ങള്‍ നിരീക്ഷിക്കുക: നിങ്ങളിലെ ഒരു കുറവിനെയും ഒരു പ്രശ്നത്തെയും വിധിക്കുകയോ പഴിക്കുകയോ അരുത്. മറ്റുള്ളവരെ വിധിക്കാതിരുന്ന നിങ്ങള്‍ക്കു, സ്വയം വിധിക്കാതെ നിരീക്ഷിക്കാനാകും.

നിങ്ങളിലെ കുറവുകളെ നിരീക്ഷിച്ച്, വിശകലനം ചെയ്ത്, പഠിച്ച് നിങ്ങള്‍ക്കു നിങ്ങളെത്തന്നെ കൂടുതല്‍ മനസ്സിലാക്കാനാകും. അതോടെ നിങ്ങള്‍ക്കു നിങ്ങളോടുതന്നെ ക്ഷമിക്കാനും സ്നേഹിക്കാനുമാകും. അതു നിങ്ങളെ തനിയേ മാറ്റിയെടുക്കും. ആനന്ദകരമായ മാറ്റമായിരിക്കും അത്. ബലപ്രയോഗങ്ങളില്ലാത്ത മാറ്റം. അതു ജീവനുള്ള എല്ലാറ്റിലേക്കും നിങ്ങളിലൂടെ പരക്കുകയും ചെയ്യും.

You can share this post!

സാഹസം

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts