news-details
മറ്റുലേഖനങ്ങൾ

രണ്ടാം ജന്മം

പഴയ നിയമത്തില്‍ ദൈവത്തിന്‍റെ നാമം യാഹ്വേ എന്നാണ്.  തെറ്റുചെയ്താല്‍ കഠിനമായി ശിക്ഷിക്കുന്നവന്‍.  എന്നാല്‍ യേശു ദൈവത്തിന്‍റെ പേര് - സ്നേഹം എന്നാക്കി.  മനുഷ്യന്‍ നിയമത്തിനുവേണ്ടിയല്ല; നിയമം മനുഷ്യനു വേണ്ടിയാണ് എന്നു തിരുത്തുകയും ചെയ്തു.  ഈ രണ്ടു ക്രിസ്തു വാക്യങ്ങളെയും പൂരിപ്പിച്ചുകൊണ്ടാണ് കിസ്ലോവിസ്കി രണ്ടാമത്തെ പ്രമാണത്തെ പുതിയ കാലത്തിലേക്ക് തന്‍റെ ചലച്ചിത്രത്തിലൂടെ പകര്‍ത്തിഴെയുതുന്നത്.

ചെറിയ ഇടുങ്ങിയ ഡക്കാലോഗ് അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന മൂന്നു വ്യക്തികളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍.  ഒരാള്‍ പ്രായമുള്ള ഒരു ഡോക്ടര്‍.  അതേ അപ്പാര്‍ട്ടുമെന്‍റില്‍ താമസിക്കുന്ന ഡോറോട്ട, 30 വയസ്സുകാരിയായ ഒരു വയലിനിസ്റ്റാണ്. അവളുടെ ഭര്‍ത്താവ് ആന്‍റര്‍ജെ കഠിനരോഗിയായി സമീപത്തുള്ള  ആ ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയിലാണ്.

അപ്പര്‍ട്ട്മെന്‍റിന്‍റെ ലിഫ്റ്റില്‍ വച്ച് ഡോറോട്ട ഡോക്ടറോട് ചോദിക്കുന്നു 'എന്നെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?' തീര്‍ച്ചയായും ഡോക്ടര്‍ അവളെ ഓര്‍ക്കുന്നുണ്ട്.  കാരണം കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിവസം ഡോക്ടര്‍ തന്‍റെ നായയുമായി നടക്കാന്‍ പോകുമ്പോള്‍ അവളുടെ കാര്‍ തട്ടിയാണ് ആ നായ മരിച്ചത്.   ഒട്ടും സന്തോഷകരമല്ലാത്ത ആ കൂടിക്കാഴ്ചയില്‍ ഡോറോട്ട പെട്ടെന്നുതന്നെ ചോദിക്കുന്നു, തന്‍റെ ഭര്‍ത്താവ് രക്ഷപ്പെടുമോ എന്ന്.  തന്നെ സന്ദര്‍ശനസമയത്ത് ആശുപത്രിയില്‍ വന്നു കാണൂ എന്ന് ഡോക്ടര്‍ പറയുന്നു. വാതിലടച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്കു തോന്നി അങ്ങനെ പറയേണ്ടായിരുന്നു എന്ന്. ഡോക്ടര്‍ വാതില്‍ തുറന്ന് അവളോട് പറഞ്ഞു ഇന്ന് വൈകിട്ട് ആശുപത്രിയില്‍ വരൂ. ഡോക്ടര്‍ അവളുടെ ഭര്‍ത്താവിന്‍റെ രോഗവിവരങ്ങള്‍ അടങ്ങിയ ചാര്‍ട്ടുവാങ്ങി.  വൈകുന്നേരം ആശുപത്രിയില്‍ വന്ന ഡോറോട്ടയോട് ഡോക്ടര്‍ രോഗിയുടെ രോഗം വളരെ മൂര്‍ധന്യാവസ്ഥയിലാണെന്ന വിവരം പറഞ്ഞു. അവള്‍ക്കറിയേണ്ടത് രോഗം എത്രത്തോളം കൂടുതലാണ് എന്നല്ല,  അദ്ദേഹം ജീവിച്ചിരിക്കാന്‍ സാധ്യതയുണ്ടോ എന്നാണ്. കാരണം അത് അവളുടെ ജീവിതത്തില്‍ അവള്‍ എടുക്കേണ്ട വളരെ പ്രധാനപ്പെട്ട തീരുമാനവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.  അവള്‍ ഡോക്ടറോടു പറയുന്നു അദ്ദേഹം മരിക്കുകയാണെങ്കില്‍ ഞാന്‍ എന്‍റെ ഉദരത്തിലുള്ള ഈ കുഞ്ഞിനെ പ്രസവിക്കും; അല്ല അദ്ദേഹം ജീവിക്കുകയാണെങ്കില്‍ ഞാന്‍ ഈ കുഞ്ഞിനെ അബോര്‍ട്ടു ചെയ്യും. തനിക്കു ലഭിച്ച അവസാനത്തെ സാധ്യതയാണ് ഈ കുഞ്ഞ് എന്നുകൂടി അവള്‍ ഡോക്ടറോട് പറയുന്നു.

ഇതിനിടയില്‍ ഡോറോട്ടക്ക് ധാരാളം പ്രശ്നങ്ങള്‍ സ്വയം അഭിമുഖീകരിക്കേണ്ടിവരുന്നു.  എന്തു വന്നാലും വരട്ടെ എന്നു കരുതി അവള്‍ ഒരു ഗൈനക്കോളജിസ്റ്റിനെകണ്ട് അബോര്‍ഷന്‍ തീരുമാനിക്കുന്നു.  ഒരു സംഗീത പരിപാടിയുമായി ദൂരയാത്രയിലായിരുന്ന പിയാനോയിസ്റ്റായ അവളുടെ കാമുകന്‍റെ കൂടെയുണ്ടായിരുന്ന ഒരു സംഗീതജ്ഞന്‍റെ കയ്യില്‍ കാമുകന്‍ അവള്‍ക്ക് അവളുടെ എല്ലാ പ്രശ്നങ്ങളോടുകൂടിതന്നെ തന്നോടൊപ്പം വന്നു താമസിക്കാന്‍ ആവശ്യപ്പെട്ട ക്ഷണക്കത്ത് കൊടുത്തയയ്ക്കുന്നു.  സംഗീതജ്ഞന്‍ അവള്‍ക്കത് നല്‍കുകയും ചെയ്യുന്നു.  എന്നാല്‍ രോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോകാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല.  

വിദഗ്ദ്ധമായ ലാബോറട്ടറി പരിശോധനയ്ക്കുശേഷം ഡോക്ടര്‍ ഒരു തീരുമാനത്തിലെത്തി. ഈ അവസ്ഥയില്‍ നിന്ന് ആന്‍റര്‍ജെ.  അവളുടെ ഭര്‍ത്താവ് രക്ഷപ്പെടാന്‍ സാധ്യതയിലെന്നായിരുന്നു ആ നിഗമനം.  അതുകേട്ട ഡോറോട്ട ഡോക്ടറോട് പറഞ്ഞു എന്തെങ്കിലും കാരണവശാല്‍ അയാള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ ഞാന്‍ ഇന്നുതന്നെ ഗര്‍ഭഛിദ്രം നടത്താന്‍ പോകുകയാണ്.  ഇതു കേട്ട ഡോക്ടര്‍ അവളോട് ഉറപ്പിച്ചു പറയുന്നു,  അയാള്‍ രക്ഷപ്പെടില്ല.  അതിനാല്‍ തന്നെ നിങ്ങള്‍ ഗര്‍ഭഛിദ്രം നടത്തേണ്ട ആവശ്യമില്ല.

എന്നാല്‍ എല്ലാ കിസ്ലോസ്കി ചിത്രങ്ങളിലും എന്ന പോലെ തന്നെ ഇവിടെയും മനുഷ്യന്‍റെ കണക്കൂട്ടലുകള്‍ തെറ്റുന്നു.  ആന്‍റര്‍ജെ പതുക്കെ കണ്ണുതുറക്കുന്നു.  അയാള്‍ കണ്ണുതുറക്കുമ്പോള്‍ ആദ്യം കാണുന്നത് ഡോറോട്ട അയാള്‍ക്കുവേണ്ടി കൊണ്ടുവന്ന സ്റ്റോബറി പഴങ്ങള്‍ വെച്ച പാത്രത്തിലെ വെള്ളത്തില്‍ നിന്ന് ഒരു തേനീച്ച കഷ്ടപ്പെട്ട് നീന്തി രക്ഷപ്പെടുന്നതാണ്.  ഈ രംഗം കാണുന്ന ആന്‍റര്‍ജെ പെട്ടെന്ന് എഴുന്നേറ്റ് ഡോക്ടറുടെ മുറിയിലേക്ക് ചെല്ലുന്നു.  ഡോക്ടര്‍ക്ക് അയാളെക്കണ്ട് അത്ഭുതം തോന്നുന്നെങ്കിലും അതു മുഖത്തുകാണിക്കാതെ അയാളോടു കുശലാന്വേഷണം നടത്തുന്ന രീതിയില്‍ പറയുന്നു നിങ്ങള്‍ രോഗത്തില്‍ നിന്നു രക്ഷപ്പെട്ടത് വലിയ അത്ഭുതമായി തോന്നുന്നു.  ആന്‍റര്‍ജെ അതിനു മറുപടിയായി പറയുന്നത്, "ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഒരു മറുലോകത്തു നിന്നാണ് ഞാന്‍ തിരിച്ചു വന്നിരിക്കുന്നത്. ഞാന്‍ ഇനി ഡോറോട്ടയോടും കുഞ്ഞിനോടുമൊപ്പം സന്തോഷമായി ജീവിക്കും." കഥ ഇവിടെ അവസാനിക്കുന്നു.  

മറ്റൊരു ലോകത്തിന്‍റെ കാഴ്ചകണ്ട് തിരിച്ചുവരുന്ന ആന്‍ര്‍ജെക്ക് ഈ ലോകത്തിന്‍റെ നീതിബോധം തന്നെ അന്യമാണ്. ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ നീതിയാണയാള്‍ കണ്ടത്. ചിത്രത്തിന്‍റെ ആദ്യം മുതല്‍ അവസാനം വരെയുള്ള സംഘര്‍ഷം ഡോറോട്ടാ തന്‍റെ ഉദരത്തിലുള്ള കുഞ്ഞിനെ എന്തു ചെയ്യും എന്നാണ്.  കാമുകനില്‍ നിന്നാണ് അവള്‍ക്കാകുഞ്ഞിനെ ലഭിച്ചത് എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാനോ കാമുകനോടൊത്തുപോകാനോ അവള്‍ തയ്യാറല്ല.  രോഗിയായ ഭര്‍ത്താവിന്‍റെ ജീവനാണ് ആ കുഞ്ഞ് ജനിക്കണോ മരിക്കണോ എന്നു തീരുമാനിക്കേണ്ടത്.  മനുഷ്യനീതി അതാണ്. ഭര്‍ത്താവിനോടൊപ്പം കാമുകനില്‍നിന്നു ഗര്‍ഭം ധരിച്ച ഒരു കുഞ്ഞിനെ പ്രസവിച്ച് ഒരു സ്ത്രീ ജീവിക്കുകയാണെങ്കില്‍ അവള്‍ വഞ്ചകിയാണ്. മനുഷ്യര്‍ക്കു മുന്നിലും ദൈവത്തിനു മുമ്പിലും പാപം ചെയ്തവളാണ്. എന്നാല്‍ ഈ സ്ത്രീയില്‍ പ്രവര്‍ത്തിക്കുന്നത് സ്നേഹം മാത്രമാണ്.  ഭര്‍ത്താവിനോടും കാമുകനോടും അവള്‍ക്കു സ്നേഹം മാത്രമാണ്.  മനുഷ്യ മനസ്സിന്‍റെ ഈ യഥാര്‍ത്ഥമായ സംഘര്‍ഷത്തെ കൃത്യമായും കിസ്ലോസ്കി ഈ സിനിമയില്‍ അവതരിപ്പിക്കുന്നു.  മനുഷ്യന്‍റെ ബുദ്ധിയും ശാസ്ത്രവും ദൈവനീതിക്കുമുന്നില്‍ ഒരുപോലെ പരിമിതപ്പെടുന്നു.  

കിസ്ലോസ്കിയുടെ നായിക പിഴച്ചവളാണ്.  ആ പിഴയുടെ പാപഭാരമാണ് അവള്‍ കൊണ്ടുനടക്കുന്നത്.  ഭര്‍ത്താവിനെ ഉപേക്ഷിക്കാനോ കാമുകനെ സ്വീകരിക്കാനോ കഴിയാതെ അസ്വസ്ഥമാകുന്ന സ്ത്രീക്ക് മരണത്തില്‍നിന്നും ഉയര്‍ത്തെണീറ്റുവന്ന ഭര്‍ത്താവിന്‍റെ വാക്കുകള്‍ ക്രിസ്തുവിന്‍റെ വാക്കുകളാണ്.  വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോട് ക്രിസ്തു പറഞ്ഞത് തന്നെയാണ് കിസ്ലോസ്കി ഇത്രയും വൈകാരികമായ മുഹൂര്‍ത്തത്തില്‍ ആന്‍റര്‍ജനെക്കൊണ്ട് പറയിക്കുന്നത്.  ഇവിടെ ഒരു വിചാരണയും നടത്താതെ അയാള്‍ ആ സ്ത്രീയെയും കുഞ്ഞിനെയും സ്വീകരിക്കുന്നു.  തീര്‍ച്ചയായും ഈ രോഗി മരിക്കുമെന്ന് ഡോക്ടറുടെ ശാസ്ത്രീയമായ അറിവും, എങ്ങാനും അയാള്‍ രക്ഷപ്പെട്ടാലോ എന്നു ഭയന്നുള്ള ഡോറോട്ടേയുടെ ഗര്‍ഭഛിദ്രതീരുമാനത്തെയും ഒഴിവാക്കുന്നതാണ് ദൈവത്തിന്‍റെ വഴി - സ്നേഹത്തിന്‍റെ വഴി.  സാമൂഹ്യമായ നീതിബോധമോ മാറ്റപ്പെടാത്ത കല്പനയോ അല്ല രണ്ടാം പ്രമാണം അനുശാസിക്കുന്നത്.  ദൈവനാമം വൃഥാ ഉച്ചരിക്കാനുള്ളതല്ല.  പ്രവര്‍ത്തിക്കാനുള്ളതാണ് എന്ന് പുതിയ കാലത്തിന്‍റെ ജീവിതസന്ദര്‍ഭത്തില്‍ നിന്നുകൊണ്ട് ഏറെ വൈകാരികതീവ്രമായി സിനിമയില്‍ കിസ്ലോസ്കി കാണിച്ചുതരുന്നു. കഠിനമായ രോഗത്തിലൂടെ, മരണത്തിലൂടെ കടന്നുപോയ ആന്‍റര്‍ജെയാണ് കണ്ണുകള്‍ കാണാത്തതും കാതുകള്‍ കേള്‍ക്കാത്തതുമായ ആ സ്വരം കേട്ടത്.  അതുകൊണ്ടാണയാള്‍ക്ക് മനുഷ്യനീതികള്‍ വെറും ബാലിശമായി തീര്‍ന്നത്.  ഒരാള്‍ തന്‍റെ ജീവിതത്തില്‍ വന്നുചേരുന്ന കഠിനയാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ അത് ജീവനെ നിലനിര്‍ത്തുന്ന തീരുമാനമായിരിക്കണം എന്നുകൂടി ഈ സിനിമ പറയുന്നു.

ഭര്‍ത്താവിന്‍റെ തീരുമാനം തീര്‍ച്ചയായും ഡോറോട്ടയെ മറ്റൊരു സ്ത്രീയാക്കി മാറ്റിയിരിക്കും.  ഈ സിനിമ കാണുന്ന ഓരോരുത്തരിലും ഉണ്ടാകുന്ന വികാരം മരണത്തെ മുഖാമുഖം കണ്ടു തിരിച്ചുവന്ന ആന്‍റര്‍ജെയുടെ വാക്കുകളായിരിക്കും. കണ്ണുകള്‍  കാണാത്തതും കാതുകള്‍ കേള്‍ക്കാത്തതുമായ ദൈവസ്നേഹം അനുഭവിക്കണമെങ്കില്‍ നമ്മള്‍ അതികഠിനമായ വേദനയിലൂടെ നെടുകെ പിളരണം.

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts